ഇപ്പോൾ തേക്കുന്ന പെണ്ണുങ്ങളുടെ കല്യാണത്തിനു കാമുകനെ വിളിക്കുമ്പോൾ ഉള്ള സ്ഥിരം ഡയലോഗ് അല്ലെ അത്….

എഴുത്ത്: മഹാ ദേവൻ

=============

ബാറിന്റെ ഇരുണ്ട മൂലയിലിരുന്ന് ഗ്ളാസ്സിലേക്ക് മ ദ്യം പകർത്തുമ്പോൾ മനസ്സിൽ ചിന്ത ഒന്നുമാത്രമായിരുന്നു

‘നാളെ നടക്കാനിരിക്കുന്ന അവളുടെ വിവാഹം നടക്കരുത്. ഇത്രകാലം കൂടെ നടന്ന് ആശ തന്നിട്ട് നാളെ വേറൊരുത്തന്റെ മുന്നിൽ താലിചാർത്താൻ തല നീട്ടുമ്പോൾ ഇവിടെ ഇങ്ങനെ ഒരുത്തനുണ്ടെന്ന് ചിന്തിക്കാത്ത അവളെങ്ങനെ സുഖിക്കണ്ട ‘ എന്ന തീരുമാനത്തോടെ കുപ്പിയിൽ ഉണ്ടായിരുന്ന ബാക്കിയും ഗ്ലാസ്സിലേക്ക് പകർത്തി ഒറ്റ വലിക്ക് കുടിച്ച് ബാറിൽ നിന്നും പുറത്തേക്കിറങ്ങി നടക്കുമ്പോൾ പോക്കറ്റിൽ കിടക്കുന്ന ഫോൺ റിങ് ചെയ്യുന്നുണ്ടായിരുന്നു.

മറുതലക്കൽ അവളാണെന്നറിഞ്ഞപ്പോൾ ആദ്യം ഉള്ളൊന്നു പിടച്ചു. പക്ഷെ നാളെ തന്നെ തേച്ചിട്ട് മറ്റൊരുത്തന്റെ കൂടെ പൊരുതിക്ക് പോകുന്നവളാണെന്ന് ഓർത്തപ്പോൾ ഉള്ളിൽ രോഷം ആളിക്കത്തി.

ഫോൺ ഓഫ്‌ ചെയ്ത് പോക്കറ്റിലിട്ട് വഴിയരികിലെ ഇലക്ട്രിക്പോസ്റ്റ്‌ ലക്ഷ്യമാക്കി മൂ ത്രമൊഴിക്കുമ്പോൾ വീണ്ടും ഫോൺ റിങ് ചെയ്യാൻ തുടങ്ങിയിരുന്നു.

“വീണ്ടും അവൾ…. താടക… തേപ്പുകാരി.. ഇവളെന്തിനാണ് പിന്നേം വിളിക്കുന്നത്. ഓഹ്.. നാളെ കല്യാണത്തിന് ഒരു ആങ്ങളയുടെ സ്ഥാനത്ത്‌ മുന്നിൽ തന്നെ കാണണമെന്ന് പറയാനാകും.. ഇപ്പോൾ തേക്കുന്ന പെണ്ണുങ്ങളുടെ കല്യാണത്തിനു കാമുകനെ വിളിക്കുമ്പോൾ ഉള്ള സ്ഥിരം ഡയലോഗ് അല്ലെ അത് .. ന്റെ പൊന്നു മോളെ.. അത് എന്റെ അടുത്ത് നടക്കില്ല… ” എന്നൊക്കെ മനസ്സിൽ ചിന്തിച്ച് എടുക്കണോ വേണ്ടേ എന്ന് ഒരുപാട് വട്ടം ആലോചിച്ചു. പിന്നെ എടുക്കാമെന്ന തീരുമാനത്തിൽ ഫോണിലെ പച്ച ലൈറ്റിൽ വിരലമർത്തുമ്പോൾ അപ്പുറത്ത് നിന്ന് അവളുടെ സ്വരം കാതിൽ വന്ന് മുട്ടി,

” ഹരി . നാളെ വിവാഹത്തിന് നീ ഉണ്ടാകണം… എന്റെ സ്വന്തം സഹോദരന്റെ സ്ഥാനത്തു നീ ഉണ്ടാകണം.. പ്രതീക്ഷിക്കും ഞാൻ “

മനസ്സിൽ കരുതിയ പോലെ തന്നെ.. ഇവളും വിളഞ്ഞ വിത്താണല്ലോ ! ഒറ്റ ദിവസം കൊണ്ട് കാമുകനെ സഹോദരനാകുന്ന മായാജാലം… നടക്കൂല്ലേടി…

” എന്തോ…… എങ്ങനെ….. മനസ്സിലായില്ല… ഒന്ന് പോടീ… നിനക്കൊക്കെ പന്ത് തട്ടി കളിക്കാനുള്ളതാണോ എന്നെ പോലെ ഉള്ള ചെറുപ്പക്കാരുടെ ജീവിതം.. ആദ്യം പ്രണയിക്കുക. പിന്നെ സഹോദരനാക്കുക… എത്ര എളുപ്പം അല്ലെ.. മോളെ നിനക്ക് ആള് തെറ്റി. “

മറുതലക്കൽ എല്ലാം കേൾക്കുന്ന എന്ന ഉറപ്പോടെ അവനിലെ രോഷം അണപൊട്ടിയൊഴുകിയപ്പോൾ അവൾ എല്ലാം ശാന്തമായി കേൾക്കുകയായിരുന്നു.
എല്ലാത്തിനുമവസാനം അവൾക്ക് ചോദിക്കാൻ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ..

” ഹരി…. താനിങ്ങനെ ഇമോഷണൽ ആകാനും ഇത്രയൊക്കെ പറയാനും മാത്രം ഞാൻ തന്നോട് എന്നെങ്കിലും പറഞ്ഞിട്ടുണ്ടോ എനിക്ക് നിന്നോട് പ്രണയമാണെന്ന്? അല്ലെങ്കിൽ നീ എന്നോട് പറഞ്ഞിട്ടുണ്ടോ എന്നോട് നിനക്ക് പ്രണയമുണ്ടെന്ന് ?ഇല്ല…..പിന്നെ ഒന്ന് ചിരിച്ചാലോ കൂടെ നടന്നാലോ സംസാരിച്ചാലോ കുറച്ചു ഇഷ്ട്ടം കാണിച്ചാലോ അതിനെ വേറെ ഒരു രീതിയിലും ചിന്തിക്കാതെ പ്രണയം എന്ന് സ്വയം കരുതുന്നത് എന്തിനാണ്.ഒരു പ്രണയിനി എന്ന രീതിയിൽ ഞാൻ നിങ്ങളോട് എന്നെങ്കിലും പെരുമാറിയിട്ടുണ്ടോ..? “

അവളുടെ ഓരോ ചോദ്യങ്ങൾക്കും എന്ത് ഉത്തരം നല്കണമെന്നറിയാതെ കുഴങ്ങി നിൽക്കുന്ന അവന്റെ കാതിലേക്ക് പിന്നെയും അവളുടെ സ്വരം ഒഴുകിയെത്തി,

” ഹരിക്കറിയോ… നിങ്ങൾക്ക് എന്നോട് പ്രണയമാണെന്ന് അറിഞ്ഞ മുതൽ ആണ് ഞാൻ നിങ്ങളിൽ നിന്നും അകലാൻ തുടങ്ങിയത്. അല്ലാതെ വേറെ ഒരാളെ കിട്ടിയപ്പോൾ നിങ്ങളെ ചതിച്ചെന്നത് ഒരു തെറ്റിധാരണ മാത്രമാണ്… അന്ന് വേണമെങ്കിൽ എനിക്കത് പറയാമായിരുന്നു, ഹരി എനിക്ക് സഹോദരനെ പോലെ ആണെന്ന്.. പക്ഷെ, അന്ന് ഞാൻ അത് പറഞ്ഞാൽ എന്നോടുള്ള പ്രണയം മനസ്സിൽ കൊണ്ട് നടക്കുന്ന ഹരിയുടെ പ്രതികരണം എന്താകുമെന്ന് പേടിയായിരുന്നു… ഇപ്പോൾ തോന്നുന്നു, ഞാൻ അന്ന് പിൻവാങ്ങുന്നതിന് പകരം എന്റെ മനസ്സിൽ ഹരിയുടെ സ്ഥാനം വെളിപ്പെടുത്തിയിരുന്നെങ്കിൽ ചിലപ്പോൾ ഇത് ഇത്രത്തോളം എത്തില്ലായിരുന്നു.”

അവൾ പറയുന്നതിലും കാര്യമുണ്ട്.. ഒരുപാട് സംസാരിക്കുമായിരുന്നു. പക്ഷെ ഒരിക്കലും പ്രണയത്തെ കുറിച്ച് പറഞ്ഞിട്ടില്ല… അവളും.. പിന്നെ എല്ലാം ഒരു കണക്കുകൂട്ടൽ ആയിരുന്നു.. അവൾ ചിരിക്കുമ്പോഴും സംസാരിക്കുമ്പോഴും കയ്യിൽ പിടിക്കുമ്പോഴും എല്ലാം പ്രണയമാണെന്ന് ധരിച്ചു.

പക്ഷേ, എവിടെയോ പിഴച്ചുപോയി .. അവളുടെ ചിരിയുടെ അഴകിൽ ഭ്രമിച്ചുപോയി. അവൾ തൊടുമ്പോൾ ഒരു കാമുകിയുടെ സ്പർശ്ശനം പോലെ തോന്നിപ്പോയി . തല്ല് പിടിക്കുമ്പോൾ, പിണങ്ങുമ്പോൾ, ഒരു രാത്രിദൈർഗ്യത്തിനപ്പുറം പിണക്കം മാറ്റി വിളിക്കുമ്പോൾ എല്ലാം എന്നിൽ പ്രണയം അനുദിനം വർദ്ധിക്കുകയായിരുന്നു. പക്ഷേ, അതിനടക്ക് ഒന്ന് മാത്രം മറന്നു പോയി.നിനക്ക് എന്നോട് പ്രണയമുണ്ടോ എന്ന് ചോദിക്കാൻ…അല്ലെങ്കിൽ നിന്നെ ഞാൻ പ്രണയിക്കുന്നു എന്ന് പറയാൻ…”

അവനറിയില്ലായിരുന്നു അവളോട് എന്ത് പറയണമെന്ന്…തന്നെ അവൾ വിഡ്ഢിയാക്കി എന്നതിനേക്കാൾ താൻ സ്വയം വിഡ്ഢിയായി എന്ന് മനസ്സിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചുകൊണ്ടിരുന്നു.

അതിനിടയിൽ മറുതലക്കൽ അവളുടെ ശബ്ദം വീണ്ടും അവനിലേക്ക് ഒഴുകിയെത്തി.

“ഇനി എനിക്കൊന്നും പറയാനില്ല… എന്നെ മനസ്സിലാക്കാൻ പറ്റുമെങ്കിൽ, എന്റെ സ്നേഹത്തെ നിങ്ങൾ തെറ്റിദ്ധരിച്ചതാണെന്ന് തോന്നുന്നെങ്കിൽ, എന്നോടുള്ള ഇഷ്ടം ഇതിന്റെ പേരിൽ ഒട്ടും കുറഞ്ഞിട്ടില്ലെങ്കിൽ നാളെ വിവാഹത്തിന് മുന്നിൽ ഉണ്ടാകണം എന്റെ സഹോദരനായിട്ട് “

ഫോൺ കട്ടായിട്ടും അതെ നിൽപ്പ് നിന്നു ഒരുപാട് നേരം.. കഴിച്ച മ ദ്യമെല്ലാം ആവിയായിപ്പോയത് പോലെ. ഇനിയും കഴിക്കണമെങ്കിൽ സമയം പതിനൊന്നു കഴിഞ്ഞു.. ഇനി എവിടുന്ന് കിട്ടാൻ.അവൾ അവസാനം പറഞ്ഞ വാക്കുകൾ വല്ലാതെ അലട്ടുന്നു..എന്ത് ചെയ്യണം.. നാളെ പോകണോ വേണ്ടേ…തന്നെ അലട്ടുന്ന ചിതയുമായി വീട്ടിലേക്കു നടക്കുമ്പോൾ ഫോണിൽ ഒരു മെസ്സേജ് വന്നു കിടപ്പുണ്ടായിരുന്നു അവളുടെ.

“നാളെ ഹരി വന്നില്ലെങ്കിൽ എനിക്ക് ഒരുപാട് മിസ്സ്‌ ചെയ്യും.. വരണം.. മിസ്സ്‌ യൂ….”

രാവിലെ മുഹൂർത്തത്തിൽ കെട്ടും കഴിഞ്ഞു ഫോട്ടോ എടുക്കുബോൾ അവനെ അരികിൽ ചേർത്തു നിർത്തി അവൾ, പിന്നെ കെട്ടിയവനെ നോക്കി പറഞ്ഞു,

” ഇതാണ് എന്റെ ബ്രദർ. ഞാൻ അഖിലേട്ടനോട് പറയാറുള്ള എന്റെ കൂടെ പിറക്കാത്തഎന്റെ പ്രിയപ്പെട്ട സഹോദരൻ.. “

അവളുടെ പരിചയപ്പെടുത്തൽ വല്ലാത്തൊരു അത്ഭുതത്തോടെ കേൾക്കുമ്പോൾ അവൾ അവന്റെ കയ്യിൽ പിടിച്ചൊന്നു നുള്ളി, പിന്നെ അവനെ നോക്കി പുഞ്ചിരിച്ചു.

അവൻ പണ്ട് തെറ്റിദ്ധരിക്കാൻ കാരണമായ അതെ പിച്ചും ചിരിയും.പക്ഷേ, ഇപ്പോൾ അത് പെങ്ങളുടെ ആണെന്ന ബോധ്യത്തോടെ അവൻ അവളുടെ പുഞ്ചിരിയിൽ പങ്കുചേർന്നു.

സ്നേഹത്തിന്റെ അർത്ഥങ്ങൾ പലതാണെന്ന തിരിച്ചറിവോടെ !

~ ദേവൻ