എന്റെ മോനത് ആവശ്യത്തിൽ കൂടുതൽ ഉള്ളത് കൊണ്ട് ദൈവം കാവലുണ്ടെന്നു പറഞ്ഞു അമ്മ യാത്രയാക്കുമ്പോൾ….

നന്മ

Story written by Arun Karthik

============

എന്റെ പതിമൂന്നാമത്തെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനായി മടി പിടിച്ചിരുന്ന എന്നെ ഉന്തിതള്ളി അമ്മ യാത്രയാക്കുമ്പോൾ എനിക്ക് ഒരു പ്രതീക്ഷയുമില്ലായിരുന്നു ജോലി കിട്ടുമെന്ന്..

കാരണം, പത്തു് ഇന്റർവ്യൂകളും അറ്റൻഡ് ചെയ്യാനായി പോയെങ്കിലും സമയത്തു എത്തിച്ചേരാൻ എനിക്ക് അപ്പോഴൊന്നും സാധിച്ചിരുന്നില്ല..

ആദ്യ ഇന്റർവ്യൂവിന് പോകാനായി ബസ് കാത്തു നിൽക്കുമ്പോഴാണ്, സ്റ്റോപ്പിൽ നിർത്തുന്നതിനു മുൻപേതന്നെ ബസ്സിന്റെ ഡോർ പുറത്തേക്കു ശക്തിയായി തുറന്നു വരുന്ന കാഴ്ച ഞാൻ കണ്ടത്.

അവിടെ നിന്ന പ്രായമേറിയ ഒരമ്മയുടെ മുഖം ലക്ഷ്യമാക്കി വന്ന ഡോർ മുന്നും പിന്നും നോക്കാതെ ഞാൻ എന്റെ കയ്യുടെ ഒരംകൊണ്ടു തടയുമ്പോൾ ആ അമ്മയുടെ ദേഹത്ത് തട്ടരുതേ എന്നായിരുന്നു എന്റെ മനസ്സിൽ..

പക്ഷേ, ഇടിയുടെ ആഘാതത്തിൽ തെറിച്ചു ചെന്ന് ഞാൻ വീഴുമ്പോഴും കയ്യുടെ ഒരം വേദന കൊണ്ടു പുളഞ്ഞു ഇന്റർവ്യൂ നഷ്ടമായി പോകുമ്പോഴും കരുണയോടെ ഉള്ള ആ അമ്മയുടെ ഒരു നോട്ടം മതിയായിരുന്നു എന്റെ മനസ്സിന് സാന്ത്വനമേകാൻ …

അങ്ങനെ പത്തു തവണയോളം സമയനിഷ്ഠ പാലിക്കാതെ പോയപ്പോൾ രണ്ടു തവണയാണ് സമയത്തു ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ സാധിച്ചത്. പക്ഷേ അതിലൊന്നും വിജയിക്കുവാനും സാധിച്ചിരുന്നില്ല..

സെർട്ടിഫിക്കേറ് എടുത്തു എന്റെ കൈകളിലേക്ക് വച്ചു നീട്ടുമ്പോൾ അമ്മയോട് ഞാൻ പറയുന്നുണ്ടായിരുന്നു. ഇതെങ്കിലും സമയത്തു എത്തിചേർന്നു ജോലി കിട്ടിയാൽ മതിയായിരുന്നുവെന്ന്..

എന്റെ സ്വഭാവം നല്ലതു പോലെ അറിയാവുന്നതു കൊണ്ടു എന്നെ നോക്കി മൃദുവായി പുഞ്ചിരി തൂകികൊണ്ട് അമ്മ പറയുന്നുണ്ടായിരുന്നു… മനസ്സിൽ ഒരു നെന്മണിയോളം നന്മ മതി വിജയം പിന്നാലെ വരുമെന്ന്..

എന്റെ മോനത് ആവശ്യത്തിൽ കൂടുതൽ ഉള്ളത് കൊണ്ട് ദൈവം കാവലുണ്ടെന്നു പറഞ്ഞു അമ്മ യാത്രയാക്കുമ്പോൾ എന്നിൽ ചെറിയൊരു പ്രതീക്ഷയോക്കെ ഉടലെടുക്കുന്നുണ്ടായിരുന്നു..

ടൗണിൽ ബസ് ഇറങ്ങി ഇന്റർവ്യൂ ഓഫീസിലേക്ക് ഒരു പത്തു മിനിറ്റ് നടന്ന് ചെല്ലാനുള്ള ദൂരമുണ്ടെങ്കിലും ഒരു ഓട്ടോ വിളിച്ചു പോയികളയാമെന്നു കരുതി നിൽക്കുമ്പോഴാണ് ഒരു കാർ വന്ന് റോഡ് മുറിച്ചു കടക്കാനായി നിന്നിരുന്ന പ്രായമേറിയ ഒരമ്മയെ തട്ടി തെറിപ്പിച്ചു പോകുന്ന കാഴ്ച കാണാനിടയായത് .

തട്ടിയിട്ട വാഹനത്തിന്റെ പുറകെ ഒരു കൂട്ടം ആളുകൾ ഓടുമ്പോൾ മറ്റൊരു കൂട്ടർ വീണു കിടക്കുന്ന അമ്മയെ മാറിനിന്ന് വീക്ഷിക്കാനും ഫോട്ടോയെടുക്കാനുമുള്ള തിരക്കിലായിരുന്നു .

അവിടേക്ക് പോയാൽ അവസാനഇന്റർവ്യൂകൂടി നഷ്ടമാവുമെന്നറിയാവുന്നതു കൊണ്ട് ഞാൻ ഓട്ടോയിലേക്ക് കയറി ഇന്റർവ്യൂ നടക്കുന്ന ഓഫീസിന്റെ പേര് പറയുമ്പോഴും പോകരുതെയെന്ന് മനസ്സ് പിന്നിലേക്ക് വലിക്കുന്നുണ്ടായിരുന്നു.

ഓട്ടോ കുറച്ചു ദൂരം മുന്നോട്ടു ചെന്നപ്പോളും ഒരാളും ആ അമ്മയെ ആശുപത്രിയിൽ കൊണ്ടു പോകാൻ തയാറാകാതെ കാഴ്ചക്കാരായി നിൽക്കുന്നത് കണ്ട് സഹിക്കാനാവാതെ ഞാൻ ഓട്ടോ നിർത്തിയിറങ്ങി തിരിച്ചു നടക്കാൻ തുടങ്ങി.

ആ അമ്മയെ വാരിയെടുത്തു ഞാൻ ആശുപത്രിവരാന്തയിലെ സ്ട്രെക്ച്ചറിൽ കൊണ്ടു കിടത്തുമ്പോൾ കാലു പൊട്ടി രക്തം താഴേക്ക് ഒലിച്ചു ചാടുന്നുണ്ടായിരുന്നു .

പ്രായം ചെന്നവശനായ ഒരു വൃദ്ധൻ എന്റെ സമീപത്തു വന്ന് നിന്ന് അയാളുടെ ഭാര്യയാണ് ആ അമ്മയെന്നും സഹായിച്ചതിന് നന്ദിയെന്ന് പറഞ്ഞു എന്റെ കരങ്ങൾ കൂട്ടി പിടിക്കുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.

സമയത്തു എത്തിച്ചത്കൊണ്ടു കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞത് കേട്ട് ആശ്വസിക്കുമ്പോഴും,അവശേഷിക്കുന്ന സമയമെങ്കിലും ഒരു അവസാന ശ്രെമമെന്നോണം എന്റെ ഇന്റർവ്യൂ അറ്റൻഡ് ചെയ്യാനുള്ള അനുമതി കൂടി ഞാൻ അവിടെ നിന്നും ചോദിച്ചു വാങ്ങിയിരുന്നു..

ഇന്റർവ്യൂവിനായി ഓടിപ്പാഞ്ഞെത്തിയ എന്നെ അവിടെയുള്ള സെക്യൂരിറ്റി സമയം കഴിഞ്ഞെന്നു പറഞ്ഞു പിടിച്ചു മാറ്റുമ്പോൾ ഓഫീസിനുള്ളിലെ ഉദ്യോഗസ്ഥർ ആ കാഴ്ച അകത്തെ ഗ്ലാസ്സിനിടയിലൂടെ കാണുന്നുണ്ടായിരുന്നു..

അയാളെ ഇങ്ങോട്ട് കയറ്റി വിട്ടേക്കെന്നു ഉദ്യോഗസ്ഥർ വിളിച്ചു പറയുമ്പോൾ എന്റെ മനസ്സിൽ വീണ്ടും ജോലിയെന്ന പ്രേതീക്ഷ പൊട്ടിമുളയ്ക്കുന്നുണ്ടായിരുന്നു .

അകത്തേക്ക് കയറി ചെന്ന എന്നോട് സമയനിഷ്ഠ പാലിക്കാത്ത നിങ്ങൾക്ക് ഇവിടെ ജോലിയില്ലെന്ന് അവർ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞാൻ ഞെട്ടിപോയി.

എന്റെ നിസ്സഹായാവസ്ഥ കണ്ടതു കൊണ്ടാവാം അവർ ചോദിക്കുന്ന അഞ്ചു ചോദ്യങ്ങൾക്ക് ഉത്തരം പറഞ്ഞാൽ എനിക്ക് ജോലി തരുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് അവർക്ക് പറയാൻ തോന്നിയത്.

1.ഈ കമ്പനിയിൽ 2nd ഫ്ലോറിലേക്ക് താഴെ നിന്നും എത്ര സ്റ്റെപ്പുകൾ ഉണ്ട്?

സർ.. 32

2.ഈ റൂമിനു പുറത്ത് വലതു വശത്തെ നിരയിലായി എത്ര കസേരകൾ ഇട്ടിട്ടുണ്ട്?

സർ.. 12

3.താങ്കളെ തടഞ്ഞു നിർത്തിയ സെക്യൂരിറ്റി ഓഫീസറുടെ പേര് എന്ത്‌?

സർ കെ. ഗോപാലകൃഷ്ണൻ

4.സമയത്തിനാണോ മനുഷ്യനാണോ പ്രാധാന്യം?

മനുഷ്യൻ

എന്റെ ഉത്തരങ്ങളെല്ലാം ശരിവച്ചുകൊണ്ട് മുഖാമുഖം നോക്കിയതിനു ശേഷം, അവർ അവസാന ചോദ്യം എന്നോടായി ചോദിച്ചു..

5.ഞങ്ങളുടെ കൂട്ടത്തിൽ എത്ര പേർ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്ലിമും ഉണ്ടെന്നു പറയാൻ പറ്റുമോ?

ഒരു നിമിഷത്തെ ആലോചനയ്ക്കു ശേഷം അറിയില്ലെന്ന് പറഞ്ഞു ഞാനെന്റെ ഫയലിനായി അവർക്ക് നേരെ കൈകൾ നീട്ടി.

ഫയൽ മേടിച്ചു തിരിച്ചു നടക്കാനിറങ്ങിയ എന്നോട് അവർ അത്ഭുതത്തോടെ ചോദിച്ചു.

ഇവിടെയുള്ള ഓരോ ചോദ്യത്തിനും വളരെ നിരീക്ഷണപാടവത്തോടെ സമർത്ഥമായി ഉത്തരം പറഞ്ഞ താങ്കൾക്ക് അവസാനഉത്തരം വളരെ ലളിതമായിരുന്നല്ലോ, പ്രത്യേകിച് കൊന്തയും ചന്ദനകുറിയുമൊക്കെ കാണുമ്പോൾ….. പിന്നെന്താണ് താങ്കൾ അതിനു മുതിരാതിരുന്നത്?

ക്ഷെമിക്കണം സർ, മനുഷ്യൻ എന്നൊരു മതം മാത്രമേ ഉള്ളുവെന്നാണ് എന്നെ അമ്മ പഠിപ്പിച്ചിരിക്കുന്നത്. അതിനെ ജാതിയുടെയോ മതത്തിന്റെയോ പേരിൽ വിഭജിച്ചാൽ പിന്നെ നന്മയുള്ള ഒരു മുഖവും നമുക്ക് ചുറ്റും എനിക്ക് കാണാൻ സാധിച്ചെന്നു വരില്ല..

തിരിച്ചു ജോലി ലഭിക്കാത്ത നിരാശയോടെ വീട്ടിൽ വന്നു കയറിയ എന്നോട് അമ്മയ്ക്ക് പറയാനുണ്ടായിരുന്നതും മറിച്ചായിരുന്നില്ല. ഞാൻ വളർത്തിവലുതാക്കിയത് നന്മയുള്ള മനുഷ്യനായി ജീവിക്കാൻ വേണ്ടിയാ.. നീ വിഷമിക്കേണ്ട മോനേന്ന്..

ഏതു തൊഴിലും മഹനീയമാണെന്ന് നമ്മെ പഠിപ്പിച്ച രാഷ്ട്രപിതാവിന്റെ നാട്ടിൽ തന്നെയാ ഞാനും ജീവിക്കുന്നതെന്നമ്മയോട് പറഞ്ഞ് മുളങ്കമ്പിൽ തൂക്കിയിട്ടിരുന്ന തൂമ്പയെടുത്ത പറമ്പിലേക്ക് ഇറങ്ങുമ്പോൾ എനിക്ക് അല്പം പോലും കുറച്ചിൽ അനുഭവപ്പെട്ടില്ല.

പക്ഷേ, ഒരാഴ്ചയ്ക്ക് ശേഷം ജോലിയിൽ ജോയിൻ ചെയ്യാനായി പോസ്റ്റ്‌മാൻ കൊണ്ടു തന്ന കാർഡ്ന്റെ പുറത്തു ഒരു വരി കൂടെ എഴുതിയിരുന്നു. ഞങ്ങളുടെ കമ്പനിയിൽ ഒരു ‘മനുഷ്യനെ’ ആവശ്യമുണ്ട്. അതെല്ലാം കണ്ട് അത്ഭുതപെട്ടുനിൽക്കുന്ന എന്നെ നോക്കി അമ്മ പറഞ്ഞു.

“”മനസ്സിൽ ഒരു നെന്മണിയോളം നന്മ മതി വിജയം പിന്നാലെ വരുമെന്ന് “”

~ കാർത്തിക്

01/09/2018