പത്താം ക്ലാസ്സിലെ സ്റ്റഡി ലീവ് സമയം മുഴുവൻ ഞാനീ പെണ്ണിനേം തോളത്തിട്ടു നടപ്പായിരുന്നു…

എഴുത്ത്: വൈശാഖൻ

===========

നിങ്ങളറിഞ്ഞോ ?? എന്റെ ചിന്നു ഒരു വലിയ പെൺകുട്ടി ആയത്രേ..എന്താ പറയാ..വല്ലാത്തൊരു സന്തോഷം..മുൻപെങ്ങും ഉണ്ടാവാത്ത എന്തോ ഒന്ന്..എങ്ങനാ ഞാനിപ്പോ പറയാ അത്…എനിക്കറിയില്ല..

എന്റെ കയ്യിൽ കിടന്നു വളർന്ന കുട്ടിയാ..എന്തിനും ഏതിനും അവൾക്കു അഖി മാമൻ തന്നെ വേണം..ശോ എത്ര പെട്ടെന്നാ വർഷങ്ങൾ പോകുന്നെ..

പത്തു വർഷങ്ങൾക്കു മുൻപൊരു അഷ്ടമി രോഹിണി ദിനത്തിൽ വെള്ള തുണിയിൽ പൊതിഞ്ഞൊരു ചോരകുഞ്ഞ്..എല്ലാരും ഒരു കള്ള കൃഷ്ണനെ ആണ് പ്രതീക്ഷിച്ചിരുന്നത്..പക്ഷെ വന്നത് ആ കുസൃതിയും വികൃതിയും ഉള്ള കൃഷ്ണനെ പോലെ തന്നെ ഉള്ള ഈ ചിന്നുക്കുട്ടി…..

ഓ പറയാൻ മറന്നു..ഈ ചിന്നു ആരാ എന്നല്ലേ..പറയാൻ അങ്ങനെ രക്ത ബന്ധം ഒന്നൂല്ല..പക്ഷെ അതിനേക്കാൾ ഏറെ അടുപ്പം ഉള്ള ബന്ധങ്ങൾ വേറെയും ഉണ്ടല്ലോ..

ഞങ്ങടെ വേണു ചേട്ടന്റെയും ശ്യാമ ചേച്ചിയുടെയും ഒരേ ഒരു സന്താനം..

അടുത്തടുത്ത കുടുംബങ്ങൾ..പക്ഷെ ഒന്ന് പോലെ തന്നെ..ചേട്ടൻ ഗൾഫിൽ ആണ്..അതുകൊണ്ട് തന്നെ ചേച്ചിക്ക് എന്തിനും ഏതിനും ഞങ്ങളെ ഉണ്ടാവാറുള്ളൂ..ചേച്ചിക്കും ജോലി ഉള്ളത് കൊണ്ട് ചിന്നു ഞങ്ങളുടെ വീട്ടിൽ തന്നെ വളർന്നു. പെൺ മക്കൾ ഇല്ലാത്ത സങ്കടം അമ്മയ്ക്കും അങ്ങനെ മാറി കിട്ടി…

ഇങ്ങനൊരു വികൃതിയെ ഞാൻ കണ്ടിട്ടില്ല..ഇങ്ങനേം കാണോ പെൺകുട്ടികൾ??..മാമാ എന്ന് വിളിക്കുമെങ്കിലും പലപ്പോഴും ഒരു അച്ഛന്റെ സ്നേഹം ഞാൻ കൊടുത്തിരുന്നു..അത് കൊണ്ടൊക്കെ ആവാം എനിക്കിപ്പോ ഇത്ര സന്തോഷം..

പത്താം ക്ലാസ്സിലെ സ്റ്റഡി ലീവ് സമയം മുഴുവൻ ഞാനീ പെണ്ണിനേം തോളത്തിട്ടു നടപ്പായിരുന്നു..അന്ന് ആറു മാസം ആയിട്ടുള്ളൂ..ചേച്ചി ജോലിക്ക് പോയ്‌ തുടങ്ങിപ്പോ അമ്മയാ പറഞ്ഞെ ഇവിടെ നിർത്തിക്കോ എന്ന്..പാടത്തും പറമ്പിലും അങ്ങനെ ചിന്നുനേം കൊണ്ട് ഞാൻ പോവാത്ത സ്ഥലം ഇല്ല..കുഞ്ഞിലെ ഓരോരോ സംശയങ്ങൾ ചോദിച്ചു കൊണ്ടെന്നെ എത്ര ബുദ്ധിമുട്ടിക്കുമായിരുന്നെന്നോ ..

അവൾക്കു കഥകൾ പറഞ്ഞു കൊടുത്തു പിൽക്കാലത്ത് ഞാനും പഠിച്ചു കഥകൾ എഴുതാൻ..

പുറത്തിറങ്ങിയാ നാട്ടുകാർ ചോദിക്കും വേതാളം എവിടെ പോയെന്നു..ഇപ്പൊ മനസ്സിലായി കാണുമല്ലോ ഞങ്ങടെ കാര്യം..

ഇടയ്ക്കു ലീവിന് വരുമ്പോ വേണു ചേട്ടന് പരാതിയാ ..മോൾ അങ്ങേരോട് അടുപ്പം കാണിക്കുന്നില്ലാന്ന്..ഞാൻ പറയും കുട്ട്യോൾക്ക് അവരുടെ അച്ഛനെ കളി പ്രായത്തിലാ വേണ്ടേ അല്ലാതെ കെട്ടിക്കാൻ പ്രായം ആവുമ്പോ അല്ലാന്ന്..പാവം…കുറെ കടം ഉണ്ട്…അതാ ഇങ്ങനെ അവിടെ തന്നെ..

ഇടക്കൊരു ദിവസം ആ പെണ്ണൊരു പണി ഒപ്പിച്ചു..ചൂണ്ട ഇടാൻ കൊതി ആണെന്ന് പറഞ്ഞു എന്നെ കൊണ്ട് ചൂണ്ട വാങ്ങിപ്പിച്ചു പുഴയിൽ ഒരു മഴക്കാലത്ത്‌ മീൻ പിടിക്കാൻ പോയി..എന്റെ ശ്രദ്ധ ഒന്ന് മാറിയപ്പോ ദാ കിടക്കുന്നു വെള്ളത്തിൽ..ഹോ അന്നൊന്നും ഓർത്തില്ല..നേരെ അങ്ങ് ചാടി..കുറെയേറെ വെള്ളം കുടിച്ചെങ്കിലും രക്ഷപ്പെട്ടു…

അമ്മയാ വിളിച്ചു പറഞ്ഞെ കുഞ്ഞു വലിയ പെണ്ണായ കാര്യം…എന്താ ഇപ്പൊ വാങ്ങുക..ആകെ കൺഫ്യൂഷൻ..

ഒരു നല്ല ഉടുപ്പ് വാങ്ങി വേഗം വീട്ടിലെത്തി..മധുര പലഹാരങ്ങൾ തട്ടിയിട്ടു നടക്കാൻ വയ്യ..ബന്ധുക്കൾ ഒക്കെ വന്നു പോയത്രേ..

എന്നെ കണ്ടതും അഖിമാമാ എന്നും വിളിച്ചോടി വന്നു കെട്ടിപിടിച്ചു.. വിശ്വസിക്കാൻ വയ്യ..ഒരു വല്ല്യ കുട്ടിയെ കണ്ട കാഴ്ച..വാ മാമാ ഇതൊക്കെ തിന്നോട്ടോ..എനിക്ക് മടുത്തു..എല്ലാം കൂടെ ഇന്നെങ്ങനാ തിന്നാ..കേടായി പോവാത്തത്‌ മാത്രം തിന്നാ മതിട്ടോ..ബാക്കി ഞാൻ പയ്യെ തിന്നു തീർത്തുകൊള്ളാം …

ഡീ ചിന്നൂ..ഇങ്ങു വന്നേ..

ചേച്ചിയാണ്…എന്തെങ്കിലും തല്ലുകൊള്ളിത്തരം ഒപ്പിച്ചു കാണും..ഹോ ഈ അമ്മയെ കൊണ്ടു തോറ്റു ഞാൻ എന്നു പറഞ്ഞു ചാടി തുള്ളി പോയിട്ടുണ്ട് അകത്തേക്ക് ..

എന്തിനാണാവോ…അടിയാണേൽ പിടിച്ചു മാറ്റാൻ മിക്കവാറും ഞാൻ വേണ്ടി വരും..ഇതടിയല്ല..ശബ്ദം ഒന്നൂല്ല..പിന്നെന്താണോ എന്തോ..

ഞാൻ മെല്ലെ അകത്തേക്ക് നടന്നു..

“നിന്നോട് പറഞ്ഞു തന്നാ മനസ്സിലാവുല്ലേ, ബാക്കി ഉള്ളോനെ തീ തീറ്റിക്കാൻ ആയിട്ട്..മാമൻ ഒക്കെ പണ്ട്..എത്രയൊക്കെ ആയാലും അവൻ വേറൊരു ആളാ..നിന്റെ സ്വന്തം മാമൻ ഒന്നും അല്ല..നീ ഇപ്പൊ വലിയ പെണ്ണാ..മര്യാദക്കു നോക്കീം കണ്ടും നടന്നോണം..ആരോടും അധികം അടുപ്പത്തിന് പോകണ്ട..അത് അഖി ആയാലും..ആരായാലും..ആണുങ്ങളുടെസ്വഭാവം എപ്പോഴാ മാറുക എന്നാർക്കും അറിയില്ല..ഇനി ഏതു നേരോം കെട്ടി കേറി അങ്ങോട്ട്‌ പോവേം വേണ്ട..പറഞ്ഞത് മനസ്സിലായല്ലോ അല്ലേ…”

ചിന്നു കരയുകയാണ്…ഈശ്വരാ എന്റെ കുഞ്ഞ്….

“ഇങ്ങനൊക്കെ ആയിരുന്നെങ്കിൽ എനിക്ക് വലുതാവണ്ടായിരുന്നു അമ്മേ…മാമനോട് എങ്ങനാ അമ്മെ ഞാൻ..” ഏങ്ങലടിച്ചു കരഞ്ഞുകൊണ്ടിരിക്കുന്നു

“വേണ്ട ഇനി അവിടെ നിന്നാൽ…ഉള്ളിൽ പുറത്തേക്കു ചാടാൻ തയ്യാറായി നിൽക്കുന്ന കണ്ണുനീർ കടൽ ഞാൻ പണിപെട്ട് ഉള്ളിൽ തന്നെ ഒതുക്കി..ശരിയാണ്..അവൾ ഇനി എനിക്ക് അന്യയാണ്..”

സ്വന്തം പിതാക്കളിൽ നിന്ന് തന്നെ കുട്ടികൾ പീ ഡനം ഏറ്റു വാങ്ങുന്ന ഈ കാലത്ത് എന്റെ ഈ സ്നേഹത്തിനു എന്ത് പ്രസക്തി…ഇനി ആ പഴയ ചിരിയോടും കളിയോടും കൂടി എനിക്കാ വീട്ടിൽ ചെല്ലാൻ ആവില്ല..ചില സത്യങ്ങൾ വേദനയോടു കൂടി ചിലപ്പോൾ നമുക്ക് അംഗീകരിക്കേണ്ടി വരും..ഇതും അതിൽ ഒന്ന് മാത്രം..പഴയ ആ നല്ല ഓർമ്മകളെ എല്ലാം അവിടെ പടിയിറക്കി ഞാൻ തിരികെ നടന്നു….

~ വൈശാഖൻ