പിന്നെ വെളുത്ത കവറിൽ നിന്നും നാലായി മടക്കിയ ഒരു എഴുത്ത് പുറത്തേക്ക് എടുത്തു. ഭംഗിയുള്ള കൈയക്ഷരം….

പാഥേയം

Story written by Medhini Krishnan

===========

പതിവ് പോലെ അയാൾ അന്നും മോഷ്ടിച്ചു കിട്ടിയ ബാഗുമായി ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് നടന്നു..അവിടെ പൊട്ടിയടർന്നു വീഴാറായ ഒരു മതിലിന്റെ താഴെ കിതപ്പോടെ ചാരിയിരുന്നു. കറുത്ത ഷർട്ട്‌ വിയർപ്പിൽ കുതിർന്നു. കൈയിൽ ചുറ്റി കെട്ടിയിരുന്ന കറുത്ത ചരടിൽ  മണി പോലെ എന്തോ തൂങ്ങി കിടക്കുന്നത് അപ്പോഴാണ് ശ്രദ്ധിച്ചത്. ആ പെൺകുട്ടിയുടെ ഷാളിന്റെ തുമ്പ് ചരടിൽ കുടുങ്ങി പൊട്ടിയിരിക്കുന്നു.

അയാൾ ആ മുഖമൊന്നു ഓർത്തെടുക്കാൻ ശ്രമിച്ചു..റെയിൽവേ സ്റ്റേഷനിൽ  പ്ലാറ്റ് ഫോമിലെ തിരക്കിനിടയിൽ..ചിരിയില്ലാത്ത വിളറി വെളുത്ത മുഖം. ഇരുപത്തിയഞ്ചു വയസ്സിനു താഴെ പ്രായം..അവൾ വേറെ ഏതോ ലോകത്തായിരുന്നു. അങ്ങനെയുള്ളവരുടെ മനശ്ശാസ്ത്രം  അയാൾക്ക് അറിയാം. അവർ കൈയിലുള്ള ബാഗോ പേഴ്സോ അത്രക്കൊന്നും ശ്രദ്ധിക്കില്ല. ഒരു പക്ഷേ നഷ്ടപ്പെട്ടു കഴിഞ്ഞാലും ഏറെ നേരം കഴിഞ്ഞാലേ അവർക്കു അത് മനസ്സിലാവുകയുള്ളൂ. പുറത്തെ തിരക്കിനിടയിൽ സ്വയം നിശബ്ദത സൃഷ്ടിച്ചു ശൂന്യതയിൽ ഒതുങ്ങി കൂടുന്നവർ. പ്ലാറ്റ് ഫോമിൽ നല്ല തിരക്കുണ്ടായിരുന്നു..തിരക്കിനിടയിൽ ബാഗ് നഷ്ടപ്പെട്ടത് അവൾ അറിഞ്ഞിരിക്കില്ല. ഇടയ്ക്കു അയാളൊന്നു തിരിഞ്ഞു നോക്കിയിരുന്നു. എന്തിനെന്നു അയാൾക്കും അറിയില്ല. ആ മുഖം…ഒരു കനൽ പോലെ ഉള്ളിൽ എവിടെയോ പൊള്ളിയിരിക്കുന്നു.

അയാൾ ബാഗ് തുറന്നു. താഴെ കുടഞ്ഞു. അതിൽ അരികു പൊട്ടി തുടങ്ങിയ ഒരു പഴയ പേഴ്സ്..വാഴയിലയിൽ പൊതിഞ്ഞെടുത്ത ഒരു പൊതിച്ചോറ്..ഒരു വെളുത്ത കവർ..വേറെ ചെറിയൊരു പ്ലാസ്റ്റിക് പൊതി..ചെറിയ ഒരു ഫോൺ. അയാൾ പേഴ്സ് തുറന്നു നോക്കി. അതിനുള്ളിൽ വളരെ കുറച്ചു പൈസ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പൊതി ചോറിൽ നിന്നും വറുത്ത മത്തിയുടെ മണം വന്നു. അയാൾ അത് കൈയിലെടുത്തു ഒരു നിമിഷം ഇരുന്നു. ഒന്ന് മണപ്പിച്ച ശേഷം താഴെ വച്ചു. ആ ഗന്ധം അയാളുടെ വായിൽ രുചിയുടെ മുകുളങ്ങൾ ഉണർന്നു. അയാൾക്ക് അമ്മയെ ഓർമ്മ വന്നു. കട്ടിലിൽ വേദന തിന്നു ചുരുണ്ടു കൂടി കിടക്കുന്ന മെലിഞ്ഞ രൂപം.

“രാമാ… ന്തേലും കഴിച്ചോ..”

വേദനക്കിടയിലും അമ്മ പിറുപിറുക്കും. അയാൾക്ക് കണ്ണു വേദനിച്ചു. കണ്ണൊന്നു തിരുമ്മി.

പിന്നെ വെളുത്ത കവറിൽ നിന്നും നാലായി മടക്കിയ ഒരു എഴുത്ത് പുറത്തേക്ക് എടുത്തു. ഭംഗിയുള്ള കൈയക്ഷരം.

അയാളത് വായിക്കാൻ തുടങ്ങി….

ഉണ്ണിയേട്ടാ….കഴിഞ്ഞ തവണ മോള് കാണാൻ വന്നപ്പോൾ എന്നെ അന്വേഷിച്ചുവെന്ന് അവൾ പറഞ്ഞു..എനിക്ക് എത്ര സന്തോഷമായി അറിയോ..മോള് മുത്തപ്പന്റെ അമ്പലത്തിൽ പോയി കരഞ്ഞു. സന്തോഷം വന്നിട്ട്..ഉണ്ണിയേട്ടന്റെ അസുഖമെല്ലാം മാറി വേഗം തിരിച്ചു വരാൻ പറ്റും..ഇപ്പൊ എനിക്ക് നല്ല വിശ്വാസണ്ട്..പഴയ പോലെ ഒന്നും ഉണ്ടാവില്ല. ഉണ്ണിയേട്ടൻ ഒട്ടും വിഷമിക്കരുത്. ഞാനും മോളും സുഖമായി തന്നെ ഇരിക്കുന്നു.  അമ്മിണി പശു ഗർഭിണിയാണ്. പറമ്പിലെ പ്ലാവ് കായ്ച്ചു..മുറ്റത്തെ പേരമാവ് നിറയെ പൂത്തിട്ടുണ്ട്..അടുത്തും എല്ലാവർക്കും സുഖം. പതിവ് പോലെ ഇന്നും ചോറ് കൊടുത്തു വിടുന്നുണ്ട്. ഉണ്ണിയേട്ടന് ഇഷ്ടമുള്ള മത്തി വറുത്തു വച്ചിട്ടുണ്ട്. മുതിര ചമ്മന്തിയും. മോള് വായിൽ തരും. മുഴുവനും കഴിക്കണം. അവൾക്കും വായിൽ ഒരു ഉരുള കൊടുക്കണം. വലിയ സന്തോഷാവും നമ്മടെ കുട്ടിക്ക്. ഉണ്ണിയേട്ടന് ഇഷ്ടമുള്ള പുഴുങ്ങിയ അടയും വച്ചിട്ടുണ്ട്. അതും കഴിക്കണം. ഈ എഴുത്ത് അവള് വായിച്ചു കേൾപ്പിക്കും. മുഴുവൻ കേൾക്കണം. അവളോട് നിറയെ സംസാരിക്കണം. അവളുടെ മുൻപിൽ കരയരുത്. വിഷമങ്ങൾ കാട്ടരുത്. എനിക്ക് വരാൻ പറ്റില്ലെന്ന് അറിയാലോ..ന്നാലും ന്റെ മനസ്സ് അവിടെണ്ട്..ന്റെ ഉണ്ണിയേട്ടന്റെ അടുത്ത്..ഉണ്ണിയേട്ടൻ സമാധാനമായിരിക്കണം അസുഖം മാറി വേഗം തിരിച്ചു വരാൻ പറ്റും….

എന്ന് ഉണ്ണിയേട്ടന്റെ സ്വന്തം സുജാത….

അയാളുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു. എഴുത്ത് മടക്കി അയാൾ കവറിൽ ഇട്ടു. പ്ലാസ്റ്റിക് പൊതിയിൽ നിന്നും വാഴയിലയിൽ പുഴുങ്ങിയെടുത്ത അടയുടെ ഗന്ധം. അയാൾക്ക് ദേഹം പൊള്ളുന്ന പോലെ തോന്നി..എന്തോ ഒരു അസ്വസ്ഥത. ആ പെൺകുട്ടിയുടെ മുഖം ഓർമ്മ വന്നു. നനഞ്ഞ കണ്ണുകളും.അടർന്ന മതിലിനുള്ളിൽ നിന്നും തലയുയർത്തി നോക്കുന്ന അരണയെ അയാൾ കണ്ടു. അയാൾ കണ്ണടച്ച് പിടിച്ചു എന്തോ മറക്കാൻ ശ്രമിച്ചു. ബാഗ് വഴിയിൽ എവിടെയെങ്കിലും വലിച്ചെറിഞ്ഞു കളഞ്ഞു കടന്നു പോവാം. ഇതിലുള്ള ഭക്ഷണം തനിക്ക് വേണമെങ്കിൽ കഴിക്കാം..അല്ലെങ്കിൽ അതും കളയാം. താനൊരു കള്ളനാണ്..നുണയനാണ്. അയാളുടെ കണ്ണുകൾ വീണ്ടും അരണയുടെ മുഖത്തു പതിഞ്ഞു. ശൂന്യതയിൽ ലയിച്ചു ചേർന്ന നനഞ്ഞ കണ്ണുകൾ.. അയാൾ പിടഞ്ഞെഴുന്നേറ്റു. എല്ലാം ബാഗിൽ തിരിച്ചു വച്ചു. അയാൾ റെയിൽവേ സ്റ്റേഷനിലേക്കു നടന്നു..

അമ്മയുടെ വേദന നിഴലിക്കുന്ന രണ്ട് കണ്ണുകൾ അയാളെ പിന്തുടർന്നു. വർഷങ്ങൾക്ക് മുൻപ്..അമ്മക്ക് ഗർഭപാത്രത്തിലായിരുന്നു കാൻസർ.. ഓപ്പറേഷന് അടക്കാനുള്ള പണത്തിന്റെ ബില്ലുമായി പുറത്തെ മഴയിലേക്ക് ഇറങ്ങി നടന്ന ഒരു രാമനുണ്ടായിരുന്നു. അമ്മയുടെ പ്രിയപ്പെട്ട രാമൻ. അന്ന് കനത്തു മഴ  പെയ്ത ആ ദിവസം..അന്നായിരുന്നു രാമൻ ആദ്യമായി കള്ളനായത്. അമ്മക്ക് വേണ്ടി..അനിയത്തിമാർക്ക് വേണ്ടി ജീവിക്കാൻ വേണ്ടി പിന്നെ കെട്ടിയാടിയ വേഷം കള്ളന്റെതായി പോയി..വിശപ്പിനു മുൻപിൽ സ്വയം കള്ളം പറഞ്ഞു പഠിച്ചു. കള്ളനായി അവതരിച്ചു. കുറ്റബോധം തോന്നിയിട്ട് കാര്യമില്ലായിരുന്നു..പക്ഷേ ഇവിടെ എന്തോ താൻ തോറ്റു പോവുന്നു..ഒരു കനൽ..പൊള്ളുന്നു..അയാളുടെ കാലുകൾക്ക് വേഗതയേറി.

റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ രാമൻ കണ്ടു. അവിടെ ഒരു ചാരുബെഞ്ചിൽ ആ പെൺകുട്ടി ഇരിക്കുന്നുണ്ടായിരുന്നു. അലക്ഷ്യമായി പാളങ്ങളിൽ കണ്ണും നട്ട്..ആ ഇരുപ്പ് അയാളെ തെല്ലു വിഷമിപ്പിച്ചു. അയാൾ മെല്ലെ അവൾക്കരികിലേക്ക് നടന്നു. അരികിലിരുന്നു. അവൾ അയാളെ ശ്രദ്ധിച്ചതേയില്ല. കണ്ണുകൾ പാളങ്ങളിൽ കുരുങ്ങി പോയത് പോലെ. അയാൾ പതിയെ അവളെ തട്ടി വിളിച്ചു. ആ ബാഗ് അവൾക്കു നേരെ നീട്ടി. അവൾ ആ ബാഗിലേക്ക് നോക്കി. പിന്നെ അയാളുടെ കണ്ണുകളിലേക്കും..അവളുടെ മുഖത്തെ നിർവികാരമായ ഭാവം..അയാൾക്ക്‌ മുഖത്തൊരു അടിയേറ്റ പോലെ തോന്നി. അവൾ ബാഗ് വാങ്ങി.

“എന്നോട്.. ക്ഷമിക്കണം..” അയാൾ മടിച്ചു മടിച്ചു പറഞ്ഞു..അവൾ നിശബ്ദയായിരുന്നു.  ബാഗ് തുറന്നു ആ പൊതിച്ചോറിൽ മെല്ലെ കൈവച്ചു..ആ കണ്ണുകളിൽ നനവ് പടർന്നു. അയാൾക്ക് എന്ത് ചെയ്യണമെന്നറിയില്ലായിരുന്നു. നിശ്ചലനായി അവൾക്കരുകിൽ…

“അച്ഛന് എന്താ അസുഖം..” രാമൻ ചോദിച്ചു..

ഇത്തവണ അവളുടെ ചുണ്ടുകളിൽ വേദന നിറഞ്ഞ ഒരു ചിരി തെളിഞ്ഞു..അയാളുടെ കണ്ണുകളിലേക്കു നോക്കി അവൾ പറഞ്ഞു.. “ഭ്രാന്ത്..”

അയാളൊന്നു ഞെട്ടി. ആൾക്കൂട്ടത്തിനിടയിൽ താൻ അലിഞ്ഞു ഇല്ലാതെയാവുന്ന പോലെ..അവളുടെ ഉഷ്ണ വായു അയാളെ പൊള്ളിച്ചു. താനിരിക്കുന്നത് ഒരു തീജ്വാലക്ക് അരികിലെന്ന് തോന്നി..അവൾക്ക് പോകാനുള്ള ട്രെയിൻ പോയിരിക്കുമോ.. ഒന്നും അറിയില്ല.. അയാൾക്ക്‌ വല്ലാത്ത കുറ്റബോധം തോന്നി.

“ഞാൻ കൊണ്ടു വിടട്ടെ..”

അവൾ ഒന്നും പറഞ്ഞില്ല.

“എന്നെ വിശ്വസിക്കാം..” രാമന്റെ സ്വരമിടറി.

അവൾ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ സമയം അയാൾക്ക്‌ തോന്നി.. ഒരു കനൽ പോലെ തിളങ്ങുന്ന സുന്ദരമായ മുഖം. അവളിൽ എവിടെയോ താൻ ദഹിക്കുന്നു.

“എനിക്കു വിശ്വാസമാണ്..” അവൾ പെട്ടെന്ന് പറഞ്ഞു.

അയാൾക്ക് ശ്വാസം നേരെ വീണു. അവൾ എഴുന്നേറ്റു..അയാളും…

ഇയാളുടെ പേരെന്താ..രാമൻ ചോദിച്ചു..

രാധ.. അവൾ നേർത്ത ചിരിയോടെ പറഞ്ഞു..

രാമനും രാധയും…അയാൾ സ്വരം താഴ്ത്തി പിറുപിറുത്തു..അവൾ അത് കേട്ടുവോ..?

വെളുത്ത ആവണക്കിൻ പൂക്കൾ കാടു പിടിച്ചു നിൽക്കുന്ന ആ ഭ്രാന്താശുപത്രിയുടെ ഇരുണ്ട ഇടനാഴിയിലൂടെ നടക്കുമ്പോൾ അവൾ എന്തിനോ അയാളുടെ കൈകളിൽ മുറുകെ പിടിച്ചു. അവളുടെ ഭാരം മുഴുവൻ തന്റെ കൈക്കുള്ളിൽ അനുഭവപ്പെട്ടു. മനസ്സു കൊണ്ടു അയാൾ സന്തോഷിച്ചു. പിന്നെ ആ മുറിക്കുള്ളിൽ അയാൾ അവളുടെ അച്ഛനെ കണ്ടു. നിർജീവമായ ഒരു രൂപം.. നരച്ച കണ്ണുകളിൽ കൊഴുത്ത ദ്രവം..മെലിഞ്ഞ കൈകൾ..വരണ്ട ചുണ്ടുകൾ  പൊട്ടിയിരുന്നു.

രാധയുടെ ചുണ്ടുകൾ വിറച്ചു. കണ്ണുകൾ നിറഞ്ഞൊഴുകി. അച്ഛന് മുന്നിൽ കരയരുതെന്ന് അമ്മ പറഞ്ഞിട്ടും..താൻ കരയുന്നു. അവൾ താഴെയിരുന്നു..പൊതിച്ചോറ് പുറത്തെടുത്തു തുറന്നു. പിന്നെ അച്ഛനെ അരികിലിരുത്തി വായിൽ ചോറ് ഉരുട്ടി കൊടുത്തു.

ഒരു നിമിഷം..ഭ്രാന്തില്ലാത്ത വാത്സല്യത്തോടെ രാധേ എന്ന് വിളിക്കുന്ന അച്ഛനെ അവൾ ഓർത്തു. അവളൊന്നും ചോദിച്ചില്ല അച്ഛനോട്..അച്ഛനും ഒന്നും പറഞ്ഞില്ല. അയാൾ   നിശബ്ദനായി അനുസരണയോടെ അവൾ കൊടുക്കുന്ന ഭക്ഷണം കഴിച്ചു. കണ്ണുകൾ ഇരുട്ടിൽ എന്തോ തിരയുന്ന പോലെ പിടച്ചു കൊണ്ടിരുന്നു.

മകൻ കണ്മുന്നിൽ ലോറി കയറി മരിക്കുന്ന കാഴ്ച കണ്ടു സമനില തെറ്റിയ അച്ഛനാണ്..എല്ലാവരെയും ഉപദ്രവിക്കാനൊക്കെ തുടങ്ങിയപ്പോഴാണ് ഇവിടെ കൊണ്ട് വന്നു ആക്കിയത്..രാധ പറഞ്ഞത് രാമൻ ഓർത്തു. അതിനു ശേഷം അമ്മ തളർന്നു കിടപ്പായതും ജീവിതത്തിൽ അവൾ ഒറ്റപ്പെട്ടു പോയ കഥയും.. അവരെ നോക്കിയിരുന്നപ്പോൾ രാമന്റെ നെഞ്ചൊന്നു പിടഞ്ഞു..

ഭക്ഷണം കൊടുത്തു കഴിഞ്ഞു അവൾ അമ്മയുടെ എഴുത്ത് അച്ഛനെ വായിച്ചു കേൾപ്പിച്ചു. അതിലെ വരികൾ..നെഞ്ചിലെ മുറിവിൽ ആരോ കടിച്ചത് പോലെ..രാമൻ പുറത്തേക്കിറങ്ങി നിന്നു..

ആ കെട്ടിടത്തിനുള്ളിൽ അടക്കിപ്പിടിച്ച ഒരു കൊടുങ്കാറ്റിന്റെ മൂളലുണ്ടെന്ന് അയാൾക്ക്‌ തോന്നി. അവ്യക്തമായ സ്വരങ്ങൾ..നിലവിളികൾ.. ചങ്ങല പൊട്ടിച്ചെറിഞ്ഞു കുതറിയോടുന്ന മനസ്സിന്റെ പരാക്രമങ്ങൾ.. മുറിവേൽക്കുന്നതും ചോരയൊഴുകുന്നതും കാണാത്ത മനസ്സിന്റെ അടിവാരത്തിൽ എവിടെയോ..

ഏറെ നേരം…പിന്നിൽ ഒരു കരച്ചിലിന്റെ ചീളുകൾ..രാമൻ കണ്ടു. തനിക്കു മുന്നിൽ നിന്നും അവൾ കരയുന്നു. അടക്കി പിടിച്ച ഒരു മഴയെ ആരാണ് തനിക്ക് മേലെ കുടഞ്ഞെറിഞ്ഞത്..

ഇവൾ എനിക്കു ആരാണ്.. വെറും മണിക്കൂറുകൾ മാത്രമുള്ള ബന്ധം. എന്നിട്ടും എന്തേ വിട്ടു പോവാൻ തോന്നാതെ..ആരോ ആണ്..ആ തോന്നലിൽ ഒരു നിമിഷം അയാൾ അവളുടെ കണ്ണുകൾ തുടച്ചു. മഴ നനഞ്ഞ ഒരു ഇല പോലെ അവൾ..

രാധ അയാളുടെ കൈകളിൽ അമർത്തി പിടിച്ചു. ഒരു ആശ്രയമെന്ന പോലെ. അയാൾ അറിഞ്ഞു..അവൾക്കു സ്നേഹം നിറച്ച ആ പൊതിച്ചോറിന്റെ ഗന്ധം..

“ഞാൻ നിന്നെ മോഷ്ടിച്ചിരിക്കുന്നു.. ” അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു.

അവൾ അയാളുടെ മുഖത്തേക്ക് നോക്കി.

“ഇനിയൊന്നും ഈ ജന്മത്തിൽ മോഷ്ടിക്കാൻ രാമന് കഴിയില്ല..ശരിയല്ലേ..”

അതേ..അയാളുടെ സ്വരം ഉറച്ചതായിരുന്നു..ആവണക്കിന്റെ മണമുള്ള കാറ്റിലൂടെ നടന്നു നീങ്ങുമ്പോൾ ആ പൊതിച്ചോറിന്റെ ഗന്ധം ഒരു നിമിത്തം പോലെ അയാളെ ചൂഴ്ന്നു നിന്നു.

Medhini Krishnan