പുറകിലെ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവൾ തരുന്ന വില എന്താണെന്നു എനിക്കപ്പോൾ മനസ്സിലായി…

പരിഹാരം

Story written by Suja Anup

===========

മുന്നിലെ സീറ്റിൽ അവൻ്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കുന്ന മകളെ കണ്ടപ്പോൾ എനിക്ക് ആദ്യമായി എന്നോട് തന്നെ പുച്ഛം തോന്നി.

പുറകിലെ സീറ്റിൽ ഇരിക്കുന്ന എനിക്ക് അവൾ തരുന്ന വില എന്താണെന്നു എനിക്കപ്പോൾ മനസ്സിലായി .

ഉരുളി കമഴ്ത്തി, ഒത്തിരി അമ്പലങ്ങൾ കയറിയിറങ്ങി പ്രാർത്ഥിച്ചിട്ടു കിട്ടിയതാണ് എനിക്ക് എൻ്റെ മകളെ.

എല്ലാം എൻ്റെ തെറ്റാണ്. ഒരു കുട്ടിയെ കിട്ടണമെന്ന് മാത്രമല്ലെ ഞാനും ഭാര്യയും പ്രാർത്ഥിച്ചുള്ളൂ. അതിനെ നന്നായി വളർത്തുവാൻ അനുഗ്രഹിക്കണേ എന്ന് പ്രാർത്ഥിക്കുവാൻ ഞാനും ഭാര്യയും മറന്നു പോയി.

തലയിൽ വച്ചാൽ പേനരിക്കും, തറയിൽ വച്ചാൽ ഉറുമ്പരിക്കും. അങ്ങനെയാണ് അവളെ വളർത്തിയത്. ഒന്ന് തല്ലിയിട്ടു പോലുമില്ല. ഉള്ള സ്വത്തു മുഴുവൻ അവൾക്കുള്ളതാണ്. അതറിഞ്ഞിട്ടാണ് അവൻ പുറകേ കൂടിയിരിക്കുന്നത്.

വയസ്സ് പതിനെട്ടേ ആയിട്ടുള്ളൂ മകൾക്ക്.

****************

അനന്തരവനാണ് പറഞ്ഞത്

“മീനൂട്ടിക്ക് ഒരു ലൈൻ ഉണ്ട്. അവൻ ആളു ശരിയല്ല. കുറെ പെണ്ണുങ്ങളെ അവൻ പി ഴപ്പിച്ചിട്ടുണ്ട്.”

ആദ്യം ഞാൻ അത് വിശ്വസിച്ചില്ല. എൻ്റെ മകളെ എനിക്ക് അത്രയ്ക്ക് വിശ്വാസമാണ്. അവൾ ഒരിക്കലും ചതിയിൽ പെടില്ല. നന്നായി പഠിക്കുന്ന കുട്ടിയാണ്. വെറുതെ ആളുകൾ ഓരോന്ന് പറഞ്ഞു എൻ്റെ കുഞ്ഞിനെ നശിപ്പിക്കുവാൻ നോക്കുകയാണ്.  ഞാൻ സ്വയം സമാധാനിച്ചു. പിന്നീട് അന്വേഷിച്ചപ്പോൾ മനസ്സിലായി. ഇതറിയുവാൻ ഈ ലോകത്തിൽ ഞാനും അവളുടെ അമ്മയും മാത്രമേ ഇനി ബാക്കിയുള്ളൂ.

മകളോടുള്ള സ്നേഹം അതിരു കവിഞ്ഞപ്പോൾ അവളെ അന്ധമായി വിശ്വസിച്ചു. അന്ന് വൈകുന്നേരം കോളേജ് വിട്ടു വന്ന അവളോട് ഞാൻ പതിയെ കാര്യം തിരക്കി. ഒരു കൂസലും കൂടാതെ അവൾ പറഞ്ഞു.

“എനിക്ക് പ്രണവിനെ ഇഷ്ടമാണ്. അവൻ്റെ ഒപ്പം ജീവിക്കുവാനാണ് എനിക്കിഷ്ടം. എന്നെ ഇതിൽ നിന്നും പിന്തിരിപ്പിക്കുവാൻ നോക്കേണ്ട.”

ഞാൻ ഒത്തിരി അവളെ പറഞ്ഞു മനസ്സിലാക്കുവാൻ നോക്കി. അവൾക്കു അതൊന്നും കേൾക്കുവാൻ താല്പര്യമില്ല. അവളെ തല്ലുവാൻ എൻ്റെ കൈ പൊങ്ങി. ആ കൈയ്യിൽ അവൾ കയറി പിടിച്ചു. ആദ്യമായി ഞാൻ അവളുടെ മുൻപിൽ പതറി.

ഇനി എന്ത് ചെയ്യണം എന്ന് എനിക്കറിയാം. ഞാൻ പിന്നെ ഒന്നും മിണ്ടിയില്ല.

നേരെ ഞാൻ പ്രണവിനെ കാണുവാൻ ചെന്നൂ. “മോനെ അവളെ നീ വെറുതെ വിടണം. എനിക്ക് ഒരു കുട്ടിയെ ഉള്ളൂ. നിനക്ക് വേണ്ട പണം ഞാൻ തരാം.” അവൻ്റെ കാലു പിടിക്കുവാൻ വരെ ഞാൻ തയ്യാറായിരുന്നൂ.

യാതൊരു കൂസലും കൂടാതെ അവൻ പറഞ്ഞു. “എനിക്ക് നിങ്ങളുടെ പണമൊന്നും വേണ്ട. ഞാൻ നഷ്ടകച്ചവടത്തിനൊന്നും ഇല്ല. പിന്നെ നിങ്ങളുടെ മകൾ എന്നെ വിട്ടു പോകില്ല. നിങ്ങൾക്ക് കൊടുക്കുവാൻ പറ്റാത്ത ആ സുഖം പല പ്രാവശ്യം അവൾക്കു  ഞാൻ കൊടുത്തിട്ടുണ്ട്. ഫോട്ടോ കാണണോ.”

അവനെ തല്ലുവാൻ എൻ്റെ കൈ പൊങ്ങിയില്ല. കണ്ണ് നിറഞ്ഞു ഞാൻ അവിടെ നിന്നും പോന്നൂ. പിറ്റേന്ന് മുതൽ അവളുടെ ഒപ്പം കോളേജ് വരെ പോകുവാൻ ഞാൻ തീരുമാനിച്ചു.

***************

അവൾക്കൊപ്പം അങ്ങനെ ഞാനും ബസ്സിൽ കയറി. എന്നെ ഒട്ടും വക വയ്ക്കാതെ അവൾ അവൻ്റെ നെഞ്ചിൽ ചാരി ബസ്സിൽ ഇരുന്നു.

****************

അവളുടെ അമ്മയെ എന്നും മീനൂട്ടി എന്നേ ഞാൻ വിളിച്ചിട്ടുള്ളൂ. വൈകീട്ട് വീട്ടിൽ മകൾ എത്തിയപ്പോൾ ഞാൻ മീനൂട്ടിയെ അടുത്തേക്ക് വിളിച്ചു.

“മോളെ എനിക്ക് നിന്നോട് ദേഷ്യം ഒന്നുമില്ല. ഞങ്ങളെ സംബന്ധിച്ച് നിന്നോടുള്ള എല്ലാ കടമകളും നിറവേറ്റിയിരിക്കുന്നൂ. നിന്നെ പഠിപ്പിച്ചു വലിയ നിലയിൽ എത്തിക്കണം എന്നൊക്കെ ഞാൻ ആശിച്ചിരുന്നൂ. ഇനി അത് വേണ്ട. നീ അവൻ്റെ കൂടെ ഇറങ്ങി പൊക്കോളൂ. ആ മാനക്കേട് ഞങ്ങൾ അങ്ങു സഹിച്ചു.”

“അതല്ല പഠിക്കുവാൻ താല്പര്യം ഉണ്ടെങ്കിൽ അവനോടു പഠിപ്പിക്കുവാൻ പറയൂ. പാരമ്പര്യമായി എനിക്ക് കിട്ടിയത് രണ്ടു സെൻറ് സ്ഥലവും ആ കോളനിയിലെ വീടുമാണ്. അത് നിൻ്റെ പേർക്ക് എഴുതി വച്ചിട്ടുണ്ട്. ഈ കാണുന്ന സ്വത്തൊക്കെ ഞാൻ ഉണ്ടാക്കിയതാണ്. അതിൽ നിനക്ക് അവകാശം ഒന്നുമില്ല. ഞാനും നിൻ്റെ അമ്മയും ചോര നീരാക്കി ഉണ്ടാക്കിയതാണ് എല്ലാം. ഇതുവരെ ഞങ്ങൾ നിനക്കായി ജീവിച്ചു. ഇനി അത് വേണ്ട. ഞങ്ങൾ ഒരു യാത്ര പോകുന്നൂ.”

“തിരിച്ചു വന്നു കഴിഞ്ഞാൽ നിൻ്റെ ഇളയമ്മയുടെ മകനെ ഞങ്ങൾ ദത്തെടുക്കുവാൻ തീരുമാനിച്ചു. ഇപ്പോൾ നിനക്ക് കാര്യങ്ങൾ മനസ്സിലായി കാണുമല്ലോ.”

“അച്ഛാ ഞാൻ..”

“നീ ഒന്നും മിണ്ടരുത്. അച്ഛൻ എന്ന സ്ഥാനത്തു എന്നെ കണ്ടിരുന്നെങ്കിൽ ആ ബസ്സിലെ മൊത്തം ആളുകളുടെ മുൻപിൽ നീ എന്നെ നാണം കെടുത്തില്ലായിരുന്നൂ. എനിക്കതിൽ പരാതിയില്ല. അതെൻ്റെ വളർത്തുദോഷം ആണ്.”

“മീനൂട്ടി എല്ലാം നാളെ തന്നെ പാക്ക് ചെയ്യണം.”

***************

പിറ്റേന്ന് രാവിലെ മകൾ കാമുകനൊപ്പം ഇറങ്ങി. മീനൂട്ടി അവളുടെ കാലിൽ വീണു കരഞ്ഞു. അത് തട്ടി മാറ്റി അവൾ പോയി.

അന്ന് വൈകിട്ട് ഞാനും ഭാര്യയും ഞങ്ങളുടെ യാത്രയ്ക്ക് തയ്യാറായി.

കുറച്ചു പുണ്യ സ്ഥലങ്ങൾ സന്ദർശിക്കണം. മകൾ ചെയ്ത പാപത്തിനുള്ള പരിഹാരം. ഒരു മാസത്തെ യാത്ര കഴിഞ്ഞു ഞങ്ങൾ തിരിച്ചെത്തിയപ്പോൾ വാതിൽക്കൽ സ്വീകരിക്കുവാൻ മകൾ ഉണ്ടായിരുന്നൂ.

യാത്ര തിരിക്കുമ്പോൾ തന്നെ എന്ത് ചെയ്യണം എന്ന് എനിക്ക് അറിയാമായിരുന്നൂ. ഇപ്പോഴത്തെ കുട്ടികൾ ഒന്നും കണ്ടും കേട്ടും പഠിക്കില്ല. അവർ കൊണ്ടേ പഠിക്കൂ. അതുകൊണ്ടു തന്നെയാണ് അവനൊപ്പം അവളെ ഞാൻ ഇറക്കി വിട്ടത്.

അവൾക്കിനി നഷ്ടപ്പെടുവാൻ ഒന്നുമില്ല എന്നൊരു തോന്നൽ അവളുടെ മനസ്സിൽ ഉണ്ട്. ജീവിതം വലുതാണെന്നും, ഒന്നും കുളിച്ചാൽ പോകുന്ന തെറ്റേ അവൾ ചെയ്തിട്ടുള്ളൂ എന്നും അവൾ മനസ്സിലാക്കണം. അതിനു ആ പ്രണയത്തിൻ്റെ പിടിയിൽ നിന്നും അവൾ രക്ഷപ്പെടണം. സ്വത്തെല്ലാം ഞാൻ ദത്തെടുക്കുന്ന കുട്ടിക്കാണ് കൊടുക്കുക എന്നുള്ളത് അവളെയും ചുമന്നു കൊണ്ട് പോയതിനു ശേഷം ആണ് അവനു മനസ്സിലായത്. സ്വത്തില്ലാത്ത അവളെ അവനും വീട്ടുകാർക്കും വേണ്ടല്ലോ. പട്ടു മെത്തയിൽ നിന്നും കുഴിയിലേക്കാണ് വീണതെന്ന് അവിടെ ചെന്ന് കയറിയപ്പോഴേ അവൾക്കു മനസ്സിലായി.

അവരുടെ അടുക്കളയിൽ കിടന്നു ചാകുവാനുള്ള തീവ്രതയൊന്നും ആ പ്രേമത്തിന് ഉണ്ടാകില്ല എന്ന് എനിക്ക് അറിയാമായിരുന്നൂ.

ഞാൻ വിചാരിച്ചതു പോലെ തന്നെ സംഭവിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ അവൾ അനന്തരവനെ വിളിച്ചു സഹായം ചോദിച്ചു. അവൻ അവളെ അവൻ്റെ വീട്ടിലേക്കു കൂട്ടികൊണ്ടു പോയി. കാര്യങ്ങൾ എല്ലാം അവൻ മുറപോലെ  എന്നെ അറിയിച്ചുകൊണ്ടിരുന്നൂ. പക്ഷേ ഞങ്ങൾ യാത്ര പൂർത്തിയാക്കിയിട്ടേ തിരിച്ചു വന്നുള്ളൂ. അപ്പനും അമ്മയും കൊടുക്കുന്ന സ്നേഹം എത്ര വലുതാണെന്ന് അവൾ മനസ്സിലാക്കേണ്ടേ. യാതൊരു മടിയും കൂടാതെ അന്യൻ്റെ മുന്നിൽ തുണി അഴിച്ചിട്ടപ്പോൾ അവൾ ഞങ്ങളെ ഓർത്തില്ലല്ലോ.

**************

നാളെ ഞങ്ങൾ ഒരു പുതിയ ജീവിതം തുടങ്ങുന്നൂ.

എൻ്റെ മകൾ പുതിയ കുട്ടിയായി എൻ്റെ വീട്ടിലേക്ക് വന്നൂ. ഇനി അവൾ നന്നായി പഠിക്കും എന്നെനിക്കു അറിയാമായിരുന്നൂ.

പിന്നെ ഉണ്ടായ ഒരു ചീത്തപ്പേര്. അത് സാരമില്ല.

ഒരു ജന്മം മുഴുവൻ എൻ്റെ കുട്ടി പാഴാക്കുന്നതിലും നല്ലതല്ലേ. എല്ലാം തിരിച്ചറിഞ്ഞു സ്വയം മാറുന്നത്. ഞാൻ ചെയ്തത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷേ എന്നെ സംബന്ധിച്ച് ഇതാണ് എൻ്റെ രീതി.

“തെളിച്ച വഴിയേ പോയില്ലെങ്കിൽ പോകുന്ന വഴിയേ തെളിക്കുക.”

…………….സുജ അനൂപ്