അങ്ങനേ ഇപ്പോൾ നിങ്ങള് കാമുകിയേ സുഖിപ്പിക്കണ്ട  എന്നും മനസ്സിൽ കുശുമ്പു കുത്തിയായിരുന്നു എന്റെ സംസാരം….

Story written by AmMu Malu AmmaLu

==============

കെട്യോന്റെ അമ്മായീടെ മോൾടെ കല്യാണം ആണ്. പോയല്ലേ പറ്റൂ..പണ്ട് കൊറേ ഓൾടെ പിന്നാലെ കെട്യോൻ നടന്നിട്ടുണ്ടെന്ന കരക്കമ്പി കേട്ടത് മുതൽ  മനസ്സിൽ തോന്നിയതാണ് അവൾടെ മുന്നിൽ കെട്യോന്റെ കയ്യുംപിടിച്ച് ഞെളിഞ്ഞു നിൽക്കണംന്ന്.

അതിനൊരു കാരണം കൂടി ഉണ്ട്ട്ടോ…

ഇടയ്ക്കിടെ കെട്യോൻ മ്മളെ ഇടംകണ്ണിട്ട് നോക്കി ഒരു വർത്താനംണ്ട്…

“നീ ഇതെന്താ അമ്മു കാണിക്കണേ…ഒന്നിനും ഒരു വകിശില്ലല്ലോ…അതിനൊക്കെ പ്രിയ…എന്തൊരു ഒതുക്കത്തോടാ ഓരോ കാര്യോം ചെയ്യാ…നീ ങ്ങനെ വാരിചുറ്റിയിടുന്നപോലെ ഒന്നുമല്ല, അവൾ സാരിയുടുക്കുന്നത് കാണണം. ഓരോ ഞൊറിയും എടുത്തിട്ട് ഒതുക്കി ഭംഗിയോടെ…അല്ലേലും അവൾക്ക് സാരി ഒരു അഴകാ…പെണ്ണിച്ചിരി ഇരുനിറം ആണേലും ആ മുഖത്തെ ഐശ്വര്യം അവളുടെ വേഷത്തിൽ ഒന്നുടെ തിളങ്ങിനിൽക്കും. “

സ്വന്തം ഭാര്യയുടെ മുന്നിൽ നിന്നാണ് കാ ലമാടൻ കാമുകിയെ വർണ്ണിക്കുന്നത്. അതും അവളെക്കാൾ അല്പം വെളുപ്പ് കൂടിയ കെട്യോളെ താഴ്ത്തികെട്ടി..ഏതെങ്കിലും പെണ്ണിന് സഹിക്കോ…കേട്ട് നിൽക്കുന്ന ന്റെ അവസ്ഥ. ചൂലുംകെട്ടെടുക്കാൻ  തോന്നിയില്ലെങ്കിലേ ഉളളൂ…ന്റെ മുഖഭാവം കണ്ടാവണം ഒരു വളിച്ച ചിരി പുറത്തേക്ക് ഛർദിക്കുന്നുണ്ടായിരുന്നു  ഒരു ക്യാമുകൻ..

“അല്ല, നീ സുന്ദരി അല്ലെന്നല്ല ഞാൻ പറഞ്ഞേ..ഓരോരുത്തർക്കും ഓരോ ഭംഗിയല്ലേ..അത്രേ ഞാൻ ഉദ്ദേശിച്ചുള്ളൂ…”

തൊടങ്ങി  നിന്നോടത്ത്‌ കിടന്ന് ഉരുളാൻ. ഉരുണ്ടുരുണ്ട് മുറ്റത് എത്തുമെന്ന് തോന്നും പറയുന്നത് കേട്ടാൽ…

അന്ന് മൂർച്ഛിച്ചതാണ് ഇയാളെ കൊണ്ട് ഇതൊക്കെ ഒന്ന് തിരുത്തിപറയിക്കണംന്ന തീരുമാനം. കൂടെ അവൾടെ മുന്നിൽ അവളെക്കാൾ സുന്ദരിയായി നിൽക്കണം. പെണ്ണിന്റ മനസ്സല്ലേ…പാമ്പിന്റ സ്വഭാവമാണ്. പക..അത് വീട്ടാനുള്ളതാണ്.

ആ ഇടയ്ക്കാണ് ഓൾടെ കല്യാണം ഉറപ്പിച്ചത്. തേടിയ വള്ളി കാലിൽ ചുറ്റിയ പോലെ ഞാനൊന്ന് സന്തോഷിച്ചു. പക്ഷേ, കെട്യോന്റെ മുഖത്തൊരു വിഷമം. ഇനി എനിക്ക് തോന്നുന്നതാണോ. ആാാ…അല്ലേൽ ഇയാളെന്ത് തേങ്ങയ്ക്കാ കിടന്ന് വിഷമിക്കണെ? നല്ല ഒന്നാന്തരം കെട്യോൾ കൂടെ ഉള്ളതൊന്നും ഇയാൾ ഓർക്കണില്ലേ. ഈശ്വരാ..ഇങ്ങനെ ഒരു കോന്തനായിരുന്നോ ന്റെ കെട്യോൻ..ശരിയാക്കിതാരാട്ട…. “

മനസ്സിൽ പ്രതികാരത്തിന്റ തിരി ഞാൻ കൊളുത്തിതുടങ്ങിയിരുന്നു.

“ഏട്ടാ… പ്രിയേടെ കല്യാണത്തിന് പോകാൻ ഒരു പുതിയ സാരി വേണം. അല്ലേൽ കുറച്ചില് ഏട്ടനാട്ടോ “

“അതിനെന്താ..മ്മക്ക് പുതിയ ഒരെണ്ണം വാങ്ങാംന്നേ. “

ഒരു ആയിരത്തിഅഞ്ഞൂറ് കണക്കാക്കി സന്തോഷത്തോടെ കൂടെ പോന്ന കെട്യോൻ തുണിക്കടയിൽ തിരികെ ഇറങ്ങിയത് അവിഞ്ഞ മോന്തയുമായിട്ടായിരുന്നു.

“അല്ലേ, പ്രേമിക്കുമ്പോൾ ആ സുന്ദരിക്കോതയ്ക്ക് പട്ടും വളേം വാങ്ങികൊടുക്കുമ്പോൾ ഒന്നും മുഖത്തിനിത്ര കനപ്പ് ഉണ്ടായിട്ടുണ്ടാകില്ലല്ലോ. കെട്യോൾക്ക് ഒരു പതിനഞ്ചായിരത്തിന്റെ സാരി വാങ്ങിത്തന്നത്തിനുള്ള മോന്തേടെ കിടപ്പ് കണ്ടോ….ഹ്മ്..  

” ഏട്ടാ, ചെരിപ്പ്, കമ്മല്…വള… “

ലിസ്റ്റ് നീണ്ടു. കെട്യോന്റ കണ്ണിപ്പോൾ പുറത്തേക്ക് തള്ളുമെന്ന അവസ്ഥയായി.

പോരാൻ നേരം ഒരു ബിരിയാണിയും കഴിച്ച് ഒരു ഒന്നൊന്നര ഏമ്പക്കവും വിട്ട് നിൽക്കുമ്പോൾ ആണ് അതുവരെ കറുത്തവാവ് പോലെ ഇരുന്ന കെട്യോന്റെ മോന്ത വെളുത്തവാവ് പോലെ പ്രകാശിച്ചുകൊണ്ട് ആ ചോദ്യം പുറത്തേക്കിട്ടത്.

“അല്ല, കല്യാണമായിട്ട് കല്യാണപ്പെണ്ണിന് എന്തേലും കൊടുക്കണ്ടേ?  “

ഹോ…ഓൾക്ക് എടുത്ത് കൊടുക്കാൻ ന്താ ആക്രാന്തം. അല്ലേലും ഈ ഓഞ്ഞ കാമുകൻമാരൊക്കെ ഇങ്ങനെ തന്നെ.  മനസ്സിൽ ഓർത്തതെ ഉളളൂ. ദേ, കെട്യോന്റെ അടുത്ത ചോദ്യം.

“നിനക്ക് വാങ്ങിയപോലത്തെ ഒരു സാരി വാങ്ങിയാലോ..കല്യാണസാരി നമ്മുടെ വക ആകാം..അവൾക്കും സന്തോഷമാകും.   “

ഓഹ്… അപ്പഴും അവളുടെ സന്തോഷം…അല്ലാതെ നിങ്ങടെ സന്തോഷം അല്ല അല്ലേ പരട്ടകെട്യോനെ..ഞാൻ ഒരു സാരി എടുത്തപ്പോൾ ന്തായിരുന്നു മോന്തേടെ ഷേപ്പ്..കാമുകിയ്ക്ക് എടുക്കാമെന്ന് പറയുമ്പോൾ അതെ മോന്തയിൽ നൂറു വാട്ട് ബൾബ് ആണ്. ശരിയാക്കി തരാം “

തികട്ടി വന്ന അമർഷം ഛർദിക്കാതെ അവിടെ തന്നെ അമർത്തിവെച്ച് പുഞ്ചിരിച്ചു. അല്ല പുഞ്ചിരി അഭിനയിച്ചു.

“അത് പിന്നെ ഏട്ടാ….ഈ കല്യാണസാരിയൊക്കെ അവര് തന്നെ എടുക്കുന്നതാണ് നല്ലത്‌.  അവർക്ക് ഇഷ്ട്ടപെട്ട കളറും മോഡലുമൊക്കെ ഉണ്ടാകും. ചിലപ്പോൾ നമ്മള് കൊടുക്കുന്നത് ഇഷ്ട്ടായില്ലെങ്കിലോ “

അങ്ങനേ ഇപ്പോൾ നിങ്ങള് കാമുകിയേ സുഖിപ്പിക്കണ്ട  എന്നും മനസ്സിൽ കുശുമ്പു കുത്തിയായിരുന്നു എന്റെ സംസാരം.

“ഏയ്‌..അവൾക്ക് ഇഷ്ട്ടപ്പെട്ട കളറൊക്കെ എനിക്ക് അറിയാം. പിന്നെ ഇപ്പോൾ ഉള്ള നല്ല മോഡലും എടുത്താൽ സംഗതി ക്ളീൻ. “

ഓഹ്, അപ്പൊ അവൾക്ക് ഇഷ്ട്ടപ്പെട്ട കളറൊക്കെ അറിയാം..ഞാൻ ഓരോ സാരിയെടുത്ത്‌ ചേട്ടാ,  ഈ കളറ് കൊള്ളാമോ..ചേട്ടാ ആ കളറ് കൊള്ളാമോ എന്ന് തിരിച്ചും മറിച്ചും ചോദിക്കുമ്പോൾ പറഞ്ഞതെന്താ, നിനക്ക് ഇഷ്ട്ടപ്പെട്ട കളറ് ഏതേലും എടുക്ക്, നീയല്ലേ ഇടുന്നത്, ഞാനല്ലല്ലോ  എന്ന്. 

പെരുവിരൽ മുതൽ തരിപ്പ് കേറുന്നുണ്ടായിരുന്നു. കല്യാണം കഴിഞ്ഞ് നാല് മാസം ആയിട്ടും….വേണ്ട നാവേ..അടങ്ങിയിരി…വന്ന ദേഷ്യമൊക്കെ അടക്കി. നാവ് മടക്കി….

“അപ്പൊ സാരി… “

കെട്യോൻ വിടുന്ന ലക്ഷണം ഇല്ലെന്ന് മനസ്സിലായപ്പോൾ “പോട്ടെ പ ണ്ടാരം..എങ്ങനേലും കെട്ടിപോയാൽ കഴിഞ്ഞല്ലോ ശല്യം ” എന്ന് കരുതി അയാൾക്കൊപ്പം വീണ്ടും തുണിക്കടയിലേക്ക് കയറി.

കെട്യോൾക്ക് പതിനഞ്ചായിരത്തിനു കരഞ്ഞ കെട്യോൻ കാമുകിക്ക് ഇരുപതിനായിരത്തിന്റെ സാരി തുറിച്ചും മറിച്ചും നോക്കി ദൃഢങ്കപുളകിതനാകുന്നത് കണ്ടപ്പോൾ ഒരു മൂവായിരത്തിന്റെ സാരി വാങ്ങി പതിനേഴായിരം ലാഭിച്ചു ഞാൻ ഉത്തമഭാര്യയായി. അല്ലാതെ അസൂയ കൊണ്ടൊന്നും അല്ലാട്ടോ…അത് കെട്യോനും മനസ്സിലായെന്ന് ആ മോന്ത കണ്ടാൽ അറിയാം.

അങ്ങനേ കല്യാണദിവസമായി….

രാവിലെ നേരത്തെ എണീറ്റ് റെഡിയാകുമ്പോൾ എന്നെക്കാൾ മുന്നേ കുളിച്ച് കുട്ടപ്പനായ കെട്യോൻ    കാറൊക്കെ തുടച്ചു വൃത്തിയാക്കുന്നത് കണ്ടായിരുന്നു ഞാൻ അണിഞ്ഞൊരുങ്ങാൻ തുടങ്ങിയത്  . അവളെക്കാൾ ഒരു പടി മുന്നിൽ നിൽക്കണ്ടെ… മേക്കപ്പ് ചെയ്യാൻ ഇച്ചിരി സമയം പോയാലും കുറയരുത്. സമയമെടുത്തു പുട്ടിയൊക്കെ തേച്ച് ഉള്ള വെളുപ്പിനേ അലങ്കോലമാക്കി യൂട്യൂബിൽ കേറി സാരി ഞൊറിഞ്ഞുടുക്കുന്നത് കണ്ട് അതുപോലെ ഒക്കെ ഒരു വിധം ശരിയാക്കിയെടുത്തു കണ്ണാടിക്ക് മുന്നിൽ നിന്ന് സ്വയം അഭിമാനം കൊണ്ടു വിബ്രഞ്ചിതയായി നിലക്കുമ്പോൾ ആണ് കാറ്റുപോയ ബലൂൺ പോലെ കെട്യോൻ വരുന്നത്.

വന്ന പാടെ കട്ടിലിലേക്ക് ഇരുന്ന്  മൂവായിരത്തിന്റെ സാരി തിരിച്ചും മറച്ചും നോക്കി. പിന്നെ എന്നെ ഒന്ന് നോക്കി. വീണ്ടും ദേ, സാരി  നോക്കുന്നു.

“അല്ലേ… എന്ത് പറ്റി മനുഷ്യാ…അമ്മായീടെ മോൾക്ക് വാങ്ങിയ സാരിക്ക് വില ഇച്ചിരി കൂടിപോയല്ലേ..അതിന്റ വിഷമം അല്ലേ..എനിക്ക് തോന്നി.   “

“അതൊന്നുമല്ലടി….ഇപ്പോൾ അമ്മാവന്റെ വീട്ടീന്ന് കാൾ വന്നു…ഈ കല്യാണം നടക്കില്ലെന്ന്.”

അത് കേട്ടപ്പോൾ ശരിക്കും ഒന്ന് ഞെട്ടി. ന്തൊക്കെ പറഞ്ഞാലും ഒരു പെണ്ണിന്റ ജീവിതമല്ലേ. 

“അതെന്താ… “

“അത് പിന്നെ…..  “

കെട്യോൻ കിടന്ന് പരുങ്ങുന്നത് കണ്ടപ്പോൾ ന്തോ ഒരു പന്തികേട്..

“എടി, പ്രിയ ഇന്നലെ രാത്രി ഒരുത്തന്റെ കൂടെ ഒളിച്ചോടിയെന്ന്..

ആദ്യം ഒന്ന് ഞെട്ടി…പക്ഷേ ആ ഞെട്ടൽ ഉള്ളിൽ പൊട്ടിച്ചിരിയായി മാറിയിരുന്നു.

“അപ്പൊ നിങ്ങള് വെറും ഡമ്മി ആയിരുന്നല്ലേ…” എന്ന് ആ മുഖത്തു നോക്കി ചോദിക്കണമെന്ന് ഉണ്ടായിരുന്നു. പിന്നെ ആ മോന്ത കണ്ടപ്പോൾ വേണ്ടെന്ന് വെച്ചു. 

അപ്പൊ വെറുതെ അല്ല ക്യാമുകൻ എന്തോ പോയ അണ്ണാന്റെ കണക്കെ ഇരിക്കുന്നത്.

കൂടെ സന്തോഷം എന്തെന്ന് വെച്ചാൽ അവൾക്ക് വാങ്ങിയ സാരി കൂടി എനിക്ക് സ്വന്തം എന്നോർത്തായിരുന്നു. പക്ഷേ, അതോർക്കുമ്പോൾ ഇച്ചിരി വേഷമോം ഉണ്ട്. ഈ പെണ്ണ് ഒളിച്ചോടുമെന്ന് നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ആ ഇരുപത്തിനായിരത്തിന്റെ സാരി തന്നെ എടുക്കമാമായിരുന്നു. ആഹ്…കിട്ടിയത് ലാഭം.

“അവൾക്ക് ഇഷ്ടമുള്ള ആൾക്കൊപ്പം അല്ലേ പോയത്..അയ്ന് ങ്ങൾക്ക് ന്താ… “

താടിക്ക് കയ്യും കൊടുത്തിരിക്കുന്ന കെട്യോൻ എന്നെ നോക്കി അരിശത്തോടെ..

“അവൾ പോയതിലല്ലടി കോ പ്പേ എനിക്ക് വിഷമം…അവളുടെ അരയിൽ കിടക്കുന്ന അരഞ്ഞാണം ഞാൻ വാങ്ങികൊടുത്തതാ…  “

ഓഹ് അപ്പൊ അതാണ്‌ കാര്യം..അവള് ഇയാളെ ആണ് പ്രേമിക്കുന്നതെന്ന് കരുതി സിൻസിയർ കാമുകന്റെ സ്നേഹോപഹാരം അവള് ചുളിവിൽ കൊണ്ടുപോയതിന്റെ ആണ്  ഈ വിഷമം. പെണ്ണ് കെട്ടിയാലും തീരാത്ത രോദനം..

മനസ്സിൽ ഓര്ത്തതൊന്നും പുറത്ത് കാണിച്ചില്ല ഞാൻ.

“ആഹ്…നന്നായി…നിങ്ങളെ പോലെ ഉള്ളവർക്ക് ഇങ്ങനെ ഒക്കെ വേണം. നന്നായിപോയി “

ദേഷ്യത്തോടെ പറഞ്ഞ ഞാൻ ഉടുത്ത സാരി അഴുക്കാൻ തുടങ്ങുമ്പോൾ കെട്യോൻ ദേഷ്യത്തോടെ പറയുന്നുണ്ടായിരുന്നു.

“എടി മറ്റവളെ…അവള് ഒളിച്ചോടുമ്പോൾ ഒന്നും എടുത്തില്ലെങ്കിൽ നാളെ ആ അരഞ്ഞാണം കൊണ്ടുപോയി പണയം വെക്കും…അതോടെ എല്ലാം ഗുദാഗദ….അത് മുക്കുപണ്ടം ആണെടി.കളറ് മാത്രേ ഉളളൂ..പവറില്ല.. “

കെട്യോന്റ സങ്കടവും ദേഷ്യവും നിറഞ്ഞ  വാക്കുകൾ കേട്ട് ഞാൻ മനസ്സറിഞ്ഞൊന്ന് പൊട്ടിച്ചിരിച്ചു.

“അല്ലേലും ങ്ങൾക്ക് ബുദ്ധിയിലെന്ന് ആരാ പറഞ്ഞത്. കാഞ്ഞ വിത്താ..”

അപ്പോൾ മനസ്സിൽ മുഴുവൻ ശ്രീനിവാസൻ ആയിരുന്നു.

പൊന്മുട്ടയിടുന്ന ഓരോ താറാവുകളെ!

~ അമ്മാളു…