പ്രതീക്ഷിച്ച മുഖം മാത്രമില്ല. കാണണം എന്നൊരാഗ്രഹം. ഇടയ്ക്കിടെ നടവഴിയിലേക്ക് കണ്ണുകൾ പാഞ്ഞിരുന്നു…

ഭദ്ര

Story written by Seshma Dhaneesh

==========

“എന്റേതാണ്….ദേഷ്യത്തിന്റെയും ഗൗരവത്തിന്റെയും ആവരണത്തിനുള്ളിലെ കടലോളം സ്നേഹമുള്ള ഈ ഹൃദയം…അതന്റേത് മാത്രമാണ്….സഖാവിന്റെ മാത്രം സഖിക്ക്”…..

ഒരു ഗർത്തത്തിൽ നിന്നെപ്പോലെ അവളുടെ  ശബ്ദം വീണ്ടും പ്രതിധ്വനിച്ചു കേട്ടുകൊണ്ടിരുന്നു…പതിനഞ്ചു വർഷത്തിലേറെയായി ഓരോ രാത്രികളിലും തന്നെ പൊതിയുന്ന അവളുടെ ഓർമകൾ…

ഉടലുകൾ പകുത്തു നൽകിയ ഉന്മാദത്തിൽ ഒരു സീൽക്കാരം പോലെ അവളുടെ വാക്കുകൾ ചെവിയിൽ അലയടിച്ചപ്പോൾ വീണ്ടും വീണ്ടും പ്രണയത്തിലും കാമത്തിലും അവളെ പുൽകിയ നിമിഷങ്ങൾ….

മറവിയുടെ പാടുകുഴിയിലേക്ക് തള്ളിയിടാതെ അവനെ കൊല്ലാതെ കൊല്ലുന്ന അവളോർമകൾ…

കലാലയമാണ് തന്റെ ജീവിതവും ലക്ഷ്യങ്ങളും സ്വപ്നങ്ങളുമെല്ലാം മാറ്റി മറിച്ചത്. നിറമുള്ള സ്വപ്നങ്ങൾക്കൊപ്പം തന്നെ ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു…രാഷ്ട്രീയം….

അതുകൊണ്ടു തന്നെ ക്യാമ്പസ് ജീവിതം അതിന്റെ എല്ലാ വർണ്ണങ്ങളോടും കൂടി ആസ്വദിക്കാൻ കഴിഞ്ഞിരുന്നില്ല. ബോധമുറയ്ക്കുമ്പോഴേ അച്ഛന്റെ കൂടെ പ്രസ്ഥാനത്തിലായിരുന്നു…അതുകൊണ്ടു തന്നെ കോളേജിലും അത്യാവശ്യം ദേഷ്യക്കാരനായ ചിരിക്കാനറിയാത്ത നേതാവായിരുന്നു… “സഖാവ് രാജീവൻ…”

മുഖം മുഴുവൻ ഗൗരവമായിരുനെങ്കിലും ചുണ്ടുകളിൽ എപ്പോഴും തങ്ങി നിർത്തിയിരുന്ന ഒരു കുസൃതി ചിരി ഉണ്ടായിരുന്നു…സമരങ്ങൾ എന്നും മുന്നിൽ നിന്നും നയിക്കുന്ന പോരാളി…

കണ്ണുകൾ കുറുക്കി, ഇടതു കൈ മുഷ്ടി ചുരുട്ടി വാനിൽ ഉയർത്തി പിടിച്ചു നിൽക്കുമ്പോൾ കൈകളിലെ തടിച്ച ഞരമ്പുകൾ പോലും അവന്റെയുള്ളിലെ പോരാട്ട വീര്യമറിയിച്ചിരുന്നു….ഓരോമുദ്രാവാക്യത്തിനുമൊപ്പം അവന്റെ ശരീരഭാഷ കൂടി ചലിച്ചിരുന്നു…കണ്ണുകളിൽ തീ പാളിയിരുന്നു…ചുമന്നു തുടുത്തിരുന്നു ആ കലുഷിതമായ മുഖവും….തീപ്പൊരി പ്രസംഗങ്ങൾ കൊണ്ടു കോളേജിലെ ഓരോ വിദ്യാർത്ഥി വിദ്യാര്ഥിനികളുടെയും ആരാധാനാപാത്രമായിരുന്ന അവരുടെ സഖാവ്…

അക്കാലത്തെ ഒരു വിദ്യാർത്ഥി സമരത്തിന് ഇടയ്ക്കുണ്ടായ പ്രക്ഷോഭം…നിയന്ത്രിക്കാനാകാതെ വന്നപ്പോൾ ലാത്തിച്ചാർജും അടിയുമൊക്കെ ആയി ആകെ ബഹളം….

ലൈബ്രറിയുടെ വാതിലിനു മുന്നിൽ തന്നെ ലാത്തി വീശി പൊതിരെ തല്ലിയിരുന്നു ഒരുപോലീസുകാരൻ. ഏതോ നിമിഷത്തിൽ അടിയിൽ നിന്നൊഴിവാകാൻ മാറിയതും അതു കൃത്യമായി ഒരു പെണ്കുട്ടിയുടെ നെറ്റിക്ക് മുകളിലായി കൊണ്ടു…

മുറിവിൽ നിന്നും ചോര തെറിച്ചു…പേടികൊണ്ടും അടികൊണ്ട വേദനകൊണ്ടും ബോധം മറഞ്ഞവൾ അവന്റെ കൈകളിൽ തന്നെ ഭദ്രമായി വീണു.

ഒരു ഉറക്കത്തിൽ നിന്നെന്നവണ്ണം അവളുണർന്നപ്പോൾ ഹോസ്പിറ്റലിൽ ആയിരുന്നു. വേദനകൊണ്ട് ചുളിഞ്ഞ മുഖത്തോടെ അവൾ ആദ്യം ചോദിച്ചത് സമയമെത്രയായി എന്നായിരുന്നു. ജനലിലൂടെ പുറത്തേക്ക് നോക്കിയ അവളുടെ മിഴികൾ പേടികൊണ്ടും വേദനകൊണ്ടും നിറഞ്ഞൊഴുകുന്നത് കണ്ടു…

“വേദനയുണ്ടോ” എന്ന ചോദ്യത്തിന് “എന്നെ വീട്ടിലേക്ക് വിടുമോ” എന്നായിരുന്നു അവളുടെ ഉത്തരം….

നേരം സന്ധ്യയോട് അടുപ്പിച്ചതുകൊണ്ടു ഒരു പെണ്കുട്ടിയെ അതും ഇങ്ങനെയൊരു അവസ്ഥയിൽ തനിച്ചു വിടാൻ തോന്നിയില്ല…കൂടെ വരണ്ട എന്നു അവൾ നോട്ടങ്ങൾ കൊണ്ടു പലവുരു വിലക്കിയിരുന്നു…ദയനീയമായി അപേക്ഷിച്ചിരുന്നു…എങ്കിലും അവളുടെ സുരക്ഷയെ ഓർത്തുകൊണ്ടു തന്നെ വീടുവരെ കൂടെ പോയി….

വീടിന്റെ മുന്നിൽ ഓട്ടോയിൽ വന്നിറങ്ങിയപ്പോൾ എന്തോ അന്യഗ്രഹ ജീവികളെ നോക്കുംപോലെ മുറ്റത്തെ പണിക്കാർ തങ്ങളെ വീക്ഷിക്കുന്നുണ്ടായിരുന്നു…

അവൾ പേടിച്ചു വിറച്ചു മാറോടു ബാഗ് അടക്കിപ്പിടിച്ചു പുറത്തേക്കു വരുന്ന വിതുമ്പൽ ചുണ്ട് കടിച്ചുപിടിച്ചുകൊണ്ടു നടക്കുന്നുണ്ടായിരുന്നു…എല്ലാവരുടെ മുഖത്തും ഭയമാണ് തെളിഞ്ഞു നിൽക്കുന്നത്…

“ഭദ്രേ….എവിടെ ആയിരുനെടി ഈ നേരം വരെ. കോളേജിലേക്ക് എന്നും പറഞ്ഞു കണ്ടിടം നിരങ്ങാനാണോ നടക്കുന്നത്”

അകത്തു നിന്നു പാഞ്ഞു വന്ന ഒരു ചെറുപ്പക്കാരൻ അവളുടെ മുടിക്ക് കുത്തിപ്പിടിച്ച് കവിളിൽ ആഞ്ഞടിച്ചു. അവൾ വേച്ചു പോയിരുന്നു…

കോളേജിലെ സമരവും പ്രശ്നങ്ങളും പറഞ്ഞിട്ടും അതൊന്നും കേൾക്കാനുള്ള സന്മനസ്സ് കാണിക്കാതെ അവളെ തല്ലുന്നതിലായിരുന്നു അയാളുടെ ശ്രെദ്ധ. ക്ഷമ നശിച്ച ഒരവസരത്തിൽ അയാളെ നെഞ്ചിൽ ചവിട്ടിയിട്ടു…

അവിടന്നു എഴുനേറ്റു വന്ന അയാൾ പിന്നെ അസഭ്യ വർഷങ്ങളായി തങ്ങളെ ചേർത്തു കൊണ്ട്…അൽപസമയം കഴിഞ്ഞതും അകത്തുനിന്ന് അച്ഛന്റെ പ്രായമുള്ള ഒരാൾ വന്നു കയ്യിൽ മുഴുത്ത ചൂരലുമുണ്ടായിരുന്നു…അവളെ വീശി അടിച്ചുകൊണ്ടിരുന്നു…

കൂട്ടത്തിൽ എന്നെ കണ്ണുച്ചുമപ്പിച്ചു നോക്കി ദഹിപ്പിക്കാനും അയാൾ മറന്നില്ല…തല കുനിച്ചവൾ എല്ലാ പ്രഹരവും ഏറ്റുവാങ്ങി…അവളെ പൊതിയാൻ ശ്രമിച്ച തന്നെ പണിക്കാരെല്ലാവരും ചേർത്തു പുറത്താക്കി ഗേറ്റ് അടച്ചിരുന്നു…ഒന്നും ചെയ്യാൻ കഴിയാതെ രോക്ഷത്തോടെ അവിടന്നു നടന്നകന്നു…

പിന്നീട് ഒരാഴ്ച കഴിഞ്ഞായിരുന്നു കോളേജ് തുറന്നത്. ഭദ്ര എന്ന പേരൊഴികെ മറ്റൊന്നും അവളെ കുറിച്ചറിയില്ലായിരുന്നു.ക്ലാസോ ഡിപാർട്മെന്റ് ഏതെന്നോ ഒന്നും…

വീണ്ടും കുറെ ദിവസങ്ങൾ ദയനീയതയോടെ തന്നെ നോക്കിയ ആ കണ്ണുകളെ തേടി നടന്നു….കണ്ടില്ല

മറവിയിലേക്ക് തള്ളിയിടാനും കഴിയുമായിരുന്നില്ല നിസ്സഹായതയുടെ ആ ആൾരൂപത്തെ….

പിന്നീട് ഒരുദിവസം ആദ്യം കണ്ടുമുട്ടിയ ആ ലൈബ്രറിയുടെ മുന്നിൽ വീണ്ടും കണ്ടു…അന്നും ആ കണ്ണുകളിലെ കടകോണിൽ നീർമുത്തുകൾ മുത്തുകണക്കെ തങ്ങി നിന്നിരുന്നു..എന്നെ കണ്ട നിമിഷത്തിൽ നോവിൽ കലർന്ന ഒരു പുഞ്ചിരി നൽകി… തന്നെ കടന്നുപോകാൻ തുടങ്ങിയ നിമിഷത്തിൽ വലതു കൈത്തണ്ടയിൽ പിടിച്ചു വലിച്ചു ലൈബ്രറിക്കുള്ളിലെ വലിയ പുസ്തകറാക്കിന്റെ മറയിലേക്ക് ചേർത്തു നിർത്തി..

കണ്ണുനീർ ചാലിട്ടൊഴുകുന്ന കണ്ണുകൾ അന്നും വറ്റിയിരുന്നില്ല….എന്തിനെന്ന് മനസ്സിലായില്ലെങ്കിലും വേദനകൊണ്ട് മുഖം ചുളിക്കുന്നത് കണ്ടു വലതു കൈയിലെ പിടിയയച്ചു…

ഷാൾ കൊണ്ടുമറച്ച കൈകളിൽ പൊള്ളിയതിന്റെയും ചൂരലിന്റെയും പാടുകൾ…പൊള്ളിയ മുറിവിൽ വെള്ളം കിനിഞ്ഞു വരുന്നുണ്ടായിരുന്നു…തൊണ്ടയിൽ കുടിങ്ങിപോയിരുന്നു ഒരു വേദന. ആദ്യമായി അവന്റെ ഹൃദയം പിടഞ്ഞു…ആ വേദന കണ്ണുകളിൽ തെളിഞ്ഞു കണ്ണുനീരോടെ…

മനസുതുറക്കാൻ വിസമ്മതിച്ച അവളുടെ ഹൃദയത്തെ ഒരു നോട്ടം കൊണ്ടു സമ്മതിപ്പിച്ചു….സമൂഹത്തിലെ ഉന്നത നായർ കുടുംബമാണ് അവളുടേത്….പക്ഷെ ആ വീട്ടിലെ സ്ത്രീ ആത്മാക്കളായ അവളും അമ്മയും ഏട്ടത്തിയുമെല്ലാം അടിച്ചമർത്തലുകളുടെയും അടിമത്വത്തിന്റെയും ക്രരൂരതയുടെയുമൊക്കെ ബാക്കി പത്രങ്ങളാണ്…ഇരുനിറക്കാരിയായ അവൾ  അവളുടെ അച്ഛന്റെ കണ്ണിലെ കരടായിരുന്നു…

പെണ്ണായി ജനിച്ചതിലെ വിലക്കുകൾ…സ്ത്രീ എന്നും പുരുഷന്റെ അടിമയാണെന്ന വിശ്വാസവും പേറി നടക്കുന്ന അവളുടെ അച്ഛനും ചേട്ടനും….അവൾ കയ്യും കാലും പിടിച്ചിട്ടാണ് ഡിഗ്രി പഠനം പൂർത്തിയാക്കാൻ സമ്മതിച്ചതെന്നു…

ഒരേയൊരു ലക്ഷ്യവുമായി നടന്നിരുന്ന തനിക്ക് മുന്നിൽ അവളെന്നൊരു ലക്ഷ്യവും കൂടെ കൂട്ടി…അവളുടെ നല്ലൊരു കേൾവിക്കാരനായി…നല്ലൊരു സ്നേഹിതനായി…ചിലപ്പോഴെല്ലാം അവളാഗ്രഹിക്കുന്ന അവളുടെ അച്ഛന്റെ സ്നേഹവും ഏട്ടന്റെ കരുതലുമൊക്കെയായി താൻ മാറി…

ഇതിനിടയിലെപ്പോഴോ അവളെന്റെ പ്രണയിനിയായും മാറിയിരുന്നു…നിഷ്കളങ്കമായ സ്നേഹം അവളെനിക്കു വച്ചുനീട്ടി. കല്ലാക്കി മാറ്റിയ എന്റെ ഹൃദയത്തെ രണ്ടായി പിളർത്തു ഒന്നിൽ അവൾ കുടിയേറി കഴിഞ്ഞിരുന്നു.

എന്നിലെ രാഷ്ട്രീയ നേതാവിനെയും അവളേറെ ഇഷ്ടപ്പെട്ടിരുന്നു. തിരക്കുകൾ പരസ്പരമുള്ള കണ്ടുമുട്ടലുകൾക്കു വിലങ്ങാകുമ്പോൾ പരിഭവത്തിൽ പൊതിഞ്ഞ ഒരു നോട്ടത്തിലോ കണ്ണുനിറച്ചുള്ള നിൽപ്പിലോ അവൾ പിണങ്ങും…നെറ്റിയിൽ ചേർക്കുന്ന ചുംബനങ്ങൾ മാത്രം മതിയാകും അവളുടെ പിണക്കങ്ങളുടെ പരിഹാരാമായി…

കോളേജിൽ ഒന്നുരണ്ടു സൗഹൃദങ്ങൾക്കൊഴികെ മാറ്റർക്കും അറിയില്ലായിരുന്നു…ഒരിക്കൽ രാധിക എന്ന ഞങ്ങളുടെ കുട്ടിനേതാവിന്റെ പേരു ചേർത്തു പല ഗോസിപ്പുകൾ എതിർ പാർട്ടിക്കാർ വകയും കോളേജിലെ പല പിള്ളേരുമൊക്കെ പറഞ്ഞു നടക്കാൻ തുടങ്ങി…അന്ന് നെഞ്ചു പിടഞ്ഞു തന്റെ മുന്നിൽ നിന്ന അവളുടെ മുഖം ഇന്നും മായാത്ത നോവാണ്. ചേർത്തു പിടിക്കലുകളോ ചുംബനങ്ങൾക്കോ അവളുടെ പിണക്കത്തെ മായ്ക്കാൻ കഴിഞ്ഞില്ല…

അവളുടെ പരിഭവത്തെ മായ്ച്ചു കളയാതെ സമാധാനം കിട്ടില്ലെന്ന്‌ തോന്നിയ രാത്രിയിൽ അവളുടെ വീട്ടിലെ മതിൽ ചാടിക്കടന്ന് വൈക്കോൽ പുരയിൽ കയറി നിന്നത്…അതിനും തൊട്ടടുത്ത മുറിയിലെ ജനൽ വാതിലിനരികെ കണ്ണുനീർ പൊഴിച്ചു എന്നോടുള്ള പരിഭവം പറഞ്ഞു തീർക്കുന്ന തന്റെ പെണ്ണിനെ കണ്ടത്… തന്റെ നിഴൽ പോലും എവിടെ നിന്നാലും പരിചിതമായ അവൾക്ക് വൈക്കോൽ പുരയിൽ തന്നെ കണ്ടതും മിഴികൾ പ്രണയത്തിലും അത്ഭുതത്തിലും അതിലുപരി പേടിയിലും വിടരുന്നത് ആ നിലാവിന്റെ വെള്ളിമയിൽ വ്യക്തമായി കണ്ടു…

കുറച്ചു നിമിഷത്തിൽ തന്നെ വീടിനു പുറത്തേക്കിറങ്ങി വന്നു തന്നെയും കൊണ്ടു വൈക്കോൽ കെട്ടിനകത്തെക്കു കയറിയിരുന്നു….എന്തെങ്കിലും വാക്ക് മൊഴിയും മുന്നേ ഇറുകെ പുണർന്നിരുന്നു അവളുടെ കൈകൾ…കണ്ണുനീർ ഒഴുകിയത് തന്റെ നെഞ്ചിലും…സ്വാന്തനിപ്പിച്ചും ചേർത്തുപിടിച്ചും താലോലിച്ചും അവളിലെ പിണക്കത്തെ മായ്ച്ചു കളഞ്ഞിരുന്നു…പിന്നീടെപ്പോഴോ കണ്ണുകൾ കൊരുത്തപ്പോൾ പ്രണയച്ചൂടും ഒരേപോലെ വമിച്ചു ഇരു ഉടലുകളിലും…പ്രകൃതിപോലും സമ്മതമറിയിച്ചു കാലം തെറ്റി പെയ്ത മഴയുടെ കുളിരും ഉള്ളിലെ പ്രണയച്ചൂടിനു തീ പകർന്നു….പ്രണയത്തിന്റെയും സ്നേഹത്തിന്റെയും അവസാനമെന്നോണം ശരീരവും പങ്കുചേർന്നു പ്രണയത്തിന് മാറ്റു കൂട്ടി…

“എന്റേതാണ്….ദേഷ്യത്തിന്റെയും ഗൗരവത്തിന്റെയും ആവരണത്തിനുള്ളിലെ കടലോളം സ്നേഹമുള്ള ഈ ഹൃദയം…അതന്റേത് മാത്രമാണ്….സഖാവിന്റെ മാത്രം സഖിക്ക്”….. നെഞ്ചിലെ പ്രണയചൂടിൽ മുഖമാഴ്ത്തി അവൾ പ്രണയപൂർവ്വം കാതിൽ പറഞ്ഞു…

അവളിൽ നിന്നൊരു തിരിച്ചുപോക്ക് തനിക്കസാധ്യമായിരുന്നു…പുലരും മുന്നേ അവളെ  വീടിനുള്ളിലേക്ക് കയറ്റി ആരും കാണാതെ തിരികെ പോകുമ്പോൾ അവളെ എങ്ങനെയും അവിടെ നിന്നും രക്ഷപെടുത്തണം എന്നൊരു ഉറച്ച തീരുമാനവും എടുത്തിരുന്നു….

ഒരാഴ്ച കഴിഞ്ഞും അവളെ കാണാതായപ്പോൾ ക്ലാസിൽ അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് അവൾ പഠിപ്പ് നിർത്തിയെന്നു…അടുത്തമാസം കല്യാണമാണെന്നു…ഉള്ളിലെരിഞ്ഞ ദേഷ്യത്തോടെ കനലാഴിയ മുഖമോടെ അവളുടെ വീടിനുള്ളിലേക്ക് നെഞ്ചു വിരിച്ചു ചെല്ലുമ്പോൾ ഒരു വിശ്വാസമുണ്ടായിരുന്നു താൻ വിളിച്ചാൽ അവൾ ഇറങ്ങി വരുമെനുള്ള വിശ്വാസം…

പക്ഷെ കാര്യങ്ങൾ വേഗം മാറി മറിഞ്ഞിരുന്നു…പണിക്കാർ എന്നപേരിൽ അവിടെയുണ്ടായിരുന്ന കൂലിതല്ലുകാരെ നേരിടേണ്ടി വന്നു…എങ്കിലും പരമാവധി പിടിച്ചു നിന്നിരുന്നു…മനശക്തികൊണ്ടാണ് അവരെ നേരിട്ടത്…ഉള്ളിൽ അവൾ മാത്രമേ ഉണ്ടായിരുന്നുള്ളു…ഒരുമിച്ചുള്ള ജീവിതവും…

തന്റെ വിശ്വാസത്തെ തെറ്റിച്ചുകൊണ്ടു അവൾ ഇറങ്ങി വന്നത് നിറഞ്ഞ പുഞ്ചിരിയോടെയായിരുന്നു. അവളുടെ ഭാവി ജീവിതത്തിനു തടസമാകരുതെന്നു എന്റെ നേരെ കൈ കൂപ്പി പറഞ്ഞു…എല്ലാം വെറുതെയായിരുന്നുവെന്നു….തമാശയായിരുന്നുവെന്നു…. ജോലിയും കൂലിയുമില്ലാത്ത…നേതാവ് കളിച്ചു നടക്കുന്ന ഒരുത്തന്റെ കൂടെ പട്ടിണികിടക്കാൻ അവൾക്കാകില്ലെന്നു….

ഹൃദയം പല നുറുങ്ങുകളായി പോയിരുന്നു… രക്തം കണ്ണുകളിലെത്തിയത് വെള്ള തുള്ളികളായാണ്….വെറുക്കാനാകുമായിരുന്നില്ല അവളെ…ഏതൊരാവസ്ഥയിലും ഒന്നു വിളിച്ചാൽ മാത്രം മതി ഇറങ്ങി വരുമെന്നു തന്റെ നെഞ്ചിൽ കൈ വെച്ചു പറഞ്ഞവളാണ്….അന്നാ ആ വീടിന്റെ പടികളിറങ്ങിയത് അവളെ മറക്കാൻ ശ്രമിച്ചുകൊണ്ടായിരുന്നു…

പൂർണ്ണ ഗർഭിണിയായ സ്വന്തം ഭാര്യയുടെ വ യറ്റിൽ ചവിട്ടാനൊരുങ്ങിയ ഏട്ടന്റെ കാൽക്കൽ വീണു പറയേണ്ടി വന്നു ആ പെണ്ണിന് അവളുടെ പ്രണയത്തെ എന്നന്നേക്കുമായി ഉപേക്ഷിക്കാമെന്നു….ഇനിയൊരിക്കലും അവനെ തേടി ചെല്ലില്ലെന്നു പറഞ്ഞപ്പോഴായിരുന്നു അമ്മയ്ക്ക് നേരെ നീട്ടിയ വിഷകുപ്പി മാറ്റിയത്….ഇതൊന്നുമറിയാതെ അവനിലെ അവളെ എന്നന്നേക്കുമായി ഉപേക്ഷിച്ചുകൊണ്ടു അവനാ പടികളിറങ്ങി…

“ഇത്ര വർഷങ്ങളായില്ലേ രാജീവേട്ട…മറക്കാനായില്ലേ ഒന്നും” തന്നെ പുണർന്നു നിൽക്കുന്ന ശിഖ… മനസു മരവിച്ചതോടെ കോളേജും രാഷ്ട്രീയവും എല്ലാം മറന്നുപോയിരുന്നു…

ജീവിക്കാൻ മറന്ന കുറെയേറെ ദിവസങ്ങൾ…ഓർമകളെ തല്ലികൊഴിക്കാൻ പ്രവാസത്തിന്റെ മേലങ്കിയണിഞ്ഞു….കുറെയേറെ വർഷങ്ങൾ…നാട്ടിൽ എപ്പോഴോ എത്തിയപ്പോൾ ഒരു സുഹൃത് പറഞ്ഞറിഞ്ഞു അവൾ ആ നാട്ടിലെ ഇല്ലായെന്നു… കൂടുതൽ അന്വേഷിക്കാനും നിന്നില്ല…പിന്നെയും ഓർമകളെ ബന്ധിക്കാൻ കാലങ്ങൾ കുറച്ചെടുത്തു…ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല…അവളെ വെറുക്കാനും…

ഇനിയും ഒറ്റയ്ക്ക് ജീവിക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞു അമ്മയുടെ നിർബന്ധം…അതായിരുന്നു ശിഖ… എല്ലാം പറഞ്ഞുകൊണ്ട് തുടങ്ങിയ ജീവിതം…

ഇന്നിപ്പോൾ ഓർമകളിൽ ചേക്കേറിയത് ഫോണിൽ വന്നൊരു വാട്‌സ്ആപ്പ് ഗ്രൂപ്പ് സന്ദേശം… ഒരു റീയൂണിയൻ… പഴയ കോളേജിൽ… 15 വർഷങ്ങൾക്ക് ശേഷം… വീണ്ടും…പണ്ടത്തെ വിപ്ലവനായകനായ തനിക്ക് പ്രത്യേകം ക്ഷണമുണ്ട്…പോകണം…

അങ്ങകലെ ഒരു കുഞ്ഞു വീട്ടിൽ അതേ സന്ദേശത്തെ നോക്കി കണ്ണുനീർപൊഴിച്ചു ഒരാത്മാവ് ഉറങ്ങാതിരിക്കുന്നുണ്ടായിരുന്നു….

കോളേജിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ ഓർമകളുടെ കുളിർതെന്നൽ വന്നുപൊതിഞ്ഞിരുന്നു…എത്ര മാറ്റങ്ങളാണ് എല്ലാവർക്കും…പഴയ ഓർമകളിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല എന്നതാണ് സത്യം…പതിനഞ്ചു വർഷത്തെ മാറ്റങ്ങൾ…..പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു കഴിഞ്ഞിരുന്നില്ല…

എങ്കിലും ശിഖയെ കൂട്ടി ലൈബ്രറിയുടെ മുന്നിലും ആളൊഴിഞ്ഞ പല പല ക്ലാസ് മുറികളിലുമൊക്കെ നടന്നു… ഞാൻ പറഞ്ഞിരുന്ന തന്റെ പ്രണയകഥയിലെ പ്രണയത്തിന് സാക്ഷ്യം വഹിച്ചിരുനിടത്തെല്ലാം അവളെയും ചേർത്തു പിടിച്ചു നടന്നു…മൗനമായിരുന്നു തങ്ങൾക്കിടയിൽ എങ്കിലും തന്നെ മനസിലാക്കുവാൻ അവൾക്ക് കഴിയുമായിരുന്നു…

മിക്കവർക്കും ഒന്നും രണ്ടും മൂന്നും കുട്ടികൾ… പണ്ട് പട്ടുപാവാടയും, ധാവണിയും ചുരിദാറുമൊക്കെ ഇട്ടു നടന്നവർ സാരിചുറ്റി കയ്യിൽ ഒരു കുഞ്ഞു, ഇടുപ്പിൽ ഒരു കുഞ്ഞൊക്കെയായി കാണാൻ തന്നെ നല്ല ചേലുണ്ടായിരുന്നു…

മനസു ഉള്ളിന്റെ ഉള്ളിൽ അപ്പോഴും അക്ഷമ കാണിക്കുന്നുണ്ടായിരുന്നു… പ്രതീക്ഷിച്ച മുഖം മാത്രമില്ല…കാണണം എന്നൊരാഗ്രഹം. ഇടയ്ക്കിടെ നടവഴിയിലേക്ക് കണ്ണുകൾ പാഞ്ഞിരുന്നു…

ചെറിയ പ്രസംഗം ഒക്കെയായി മീറ്റിങ് തുടങ്ങിയ സമയത്തു ഓട്ടോയിൽ ഒരു അമ്മയും മകനും വന്നിറങ്ങി…അതേ അവൾ തന്നെ… എന്റെ ഭദ്ര… അല്ല എന്റേതായിരുന്ന ഭദ്ര…സഖാവിന്റെ മാത്രം സഖി…

നിറഞ്ഞ പുഞ്ചിരിയോടെ ആ അമ്മയും മകനും വേദിയിലേക്ക് കടന്നുവന്നു…അവളുടെയതെ നിഷ്കളങ്കമായ ചിരി തന്നെയായിരുന്നു മകനും….

ആ കുട്ടിയുടെ മുഖത്തേക്ക് നോക്കുമ്പോൾ നല്ല കണ്ടുപരിച്ചയം തോന്നുന്നു… ചിലപ്പോൾ അവളുടെ മുഖസാദൃശ്യമാകാം അങ്ങനെ തോന്നിപ്പിച്ചത്…

അവളുടെ കണ്ണുകളും നാലുപാടും പായുന്നതറിഞ്ഞു…തന്നെയാണ് അവൾ അന്വേഷിക്കുന്നത്…അവളുടെ കണ്ണുകളിൽ കണ്ടു എന്നോ നഷ്ടമായ എന്റെ പ്രണയിനിയെ…എന്റെ മാത്രമായിരുന്ന സഖിയെ…

തന്റെ മിഴികളുമായി കൊരുത്ത നിമിഷത്തിൽ ഹൃദയം ഒരിക്കൽ കൂടി നിശ്ചലമാകുന്നതറിഞ്ഞു…നോവായിരുന്നു ഹൃദയം മുഴുവൻ…വേദനയാണ് ഇപ്പോഴും നെഞ്ചിൽ… അവളോടുള്ള പരിഭവമാണ് മനം നിറയെ…എന്തിനുവേണ്ടിയായിരുന്നു സ്നേഹിച്ചത്…

ഞാനില്ലായ്മയിലും അവൾ നിറയെ സന്തോഷവതിയാണെന്നു തോന്നിയപ്പോൾ ദേഷ്യം തോന്നി അവളോട്‌…അവളെ ഓർത്തുകൊണ്ടുമാത്രം നഷ്ടപ്പെടുത്തിയ ജീവിതവും വര്ഷങ്ങളുമൊക്കെ ആലോചിച്ചപ്പോൾ വല്ലാത്ത ദേഷ്യം തോന്നി അവളോട്‌…

മകനെ എല്ലാവർക്കും പരിചയപ്പെടുത്തുന്നു. അവളോളമെത്തിയ മകൻ…ആദ്യം കല്യാണം കഴിഞ്ഞത് അവളുടേതായിരുന്നല്ലോ….ആരോടും സംസാരിക്കാതെ മിണ്ടാ പൂച്ചയായിരുന്നവൾ വാ തോരാതെ സംസാരിക്കുന്നു…അവളിലെ മാറ്റങ്ങൾ അവൻ നോക്കികാണുകയായിരുന്നു

ശിഖയെ ചേർത്തു പിടിച്ചുകൊണ്ടാണ് അവളുടെ മുന്നിൽ പോയി നിന്നത്. താനും സന്തോഷവാനാണെന്നു പറയാതെ പറഞ്ഞു…അവളും ഒരുപുഞ്ചിരിയോടെ എന്നെ നേരിട്ടു… സുഖമാണോ എന്ന ചോദ്യത്തിന് കൻചിമ്മി അതെയെന്ന് പറഞ്ഞവൾ…

“മകനാണ്…. ജഗത്…ജഗത് ഭദ്ര”

ഓർമകളിൽ തിരയുകയായിരുന്നു ഈ കുഞ്ഞു മുഖം…മുഖം ചുളിച്ചു സംശയതോടെയുള്ള തന്റെ നോട്ടം കണ്ടു അവളിൽ വീണ്ടും പുഞ്ചിരി

“എവിടെയോ കണ്ട പോലെ” എന്ന എന്റെ വാക്കുകൾക്ക് അവളുടെ മറുപടി തെല്ലൊന്നു അതിശയിച്ചു…

“ആളൊരു കുട്ടി നേതാവാണ്… കുട്ടി സഖാവ്… നല്ലൊരു പ്രാസംഗികനാണ്…ചെറുപ്രായത്തിലേ തന്നെ തീപ്പൊരി പ്രസംഗം കൊണ്ടു മിനിസ്റ്ററുടെ പോലും അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയ കുട്ടി സഖാവ്… ജഗത് ഭദ്ര…ഉള്ളിൽ ഇടതുപക്ഷ ചിന്താഗതി ഒരു നെരിപോടായി മിന്നുന്ന നാളെയുടെ പ്രതീക്ഷയുള്ള കുഞ്ഞു സഖാവ്” തന്റെ തന്നെ വാക്കുകളാണ്, കേൾക്കുമ്പോൾ രോമാഞ്ചം കൊണ്ടു കയ്യടിച്ചുപോയ അവന്റെ പ്രസംഗം മുഖപുസ്തകത്തിൽ ഷെയർ ചെയ്യുമ്പോൾ താൻ കുറിച്ചത്…

“നിന്റെ മകനായിരുന്നോ….അവന്റെയുള്ളിൽ ഒരു കനലുണ്ട്‌… ആളി കത്താൻ പാകത്തിനുള്ള കനൽ…ഭാഗ്യം ചെയ്ത അമ്മയാണ്” അവളുടെ മുഖത്തു നോക്കി പറയാതിരിക്കാനായില്ല

“എന്റെ മകനാണ്…പക്ഷെ അവൻ അവന്റെ അച്ഛനെ പോലെയാണ് ” അവനെ ഒന്നുകൂടെ ചേർത്തു അവൾ പറഞ്ഞു….സന്തോഷത്തോടെ

അന്നത്തെ സ്റ്റാർ ജഗത് ആയിരുന്നു. എല്ലാവർക്കും പ്രിയങ്കരനായിരുന്നു, അവനൊന്നു അത്ഭുതം തോന്നി…വിശാലമായ കാഴ്ചപ്പാട് അതാണ് അവന്റെ പ്രത്യേകത…ഒരുപാട് വായിക്കുന്നവൻ… നന്നായി പ്രസംഗിക്കുന്നവൻ….തന്റെ തൂലിക കൊണ്ടു സമൂഹത്തിന്റെ കണ്ണുതുറപ്പിച്ചവൻ…മാതൃഭൂമിയും മനോരമയുമൊക്കെ അവന്റെ ലേഖനങ്ങൾ പലതവണ പ്രസിദ്ധീകരിച്ചിരുന്നു…

സദസ്സിൽ കുടുംബങ്ങളെ പരിചയപ്പെടുകയായിരുന്നു എല്ലാവരും…ഞാനും മോശമാക്കിയില്ല…ശിഖയെ ചേർത്തുപിടിച്ചു തന്നെ എല്ലാവരെയും പരിചയപ്പെടുത്തി…. പഴയ സഖാവ് രാജിവന്റെ നിഴലുപോലും ഇപ്പോൾ എനിക്കില്ലെന്നു പലരും പരാതി പറഞ്ഞു…എല്ലാം ചിരിയോടെ കേട്ടു…ഒരു പ്രണയനഷ്ടത്തോടൊപ്പം ആ സഖാവിനെയും നിങ്ങൾക്കു നഷ്ടമായെന്നു മാത്രം പറഞ്ഞൊഴിഞ്ഞു….

അവളും മകനെ ചേർത്തു പിടിച്ചുകൊണ്ടു തന്നെ എല്ലാവർക്കും പരിചയപ്പെടുത്തി…

“വ്യത്യസ്ത പേരാണല്ലോ ജഗത് ഭദ്ര… അതിൽ ഭദ്ര അമ്മയാണെന്നു അറിയാം…എന്തുകൊണ്ടാണ് അച്ഛന്റെ പേരു കൂടെ ചേർക്കാതിരുന്നത്”

മനസിൽ തോന്നിയ ചോദ്യം…അവളും മകനും മാത്രമായിരുന്നു…അപ്പോൾ ഭർത്താവ്… ഇനി വിദേശത്തായിരിക്കുമോ…തെല്ലൊരു ആകാംക്ഷയോടെ ആ കുട്ടിയുടെ വാക്കുകൾക്കായി കാതോർത്തു…

“എനിക്ക്… എല്ലാം എന്റെ അമ്മയാണ്… എന്റെ…എന്റെ അമ്മ കല്യാണം കഴിച്ചിട്ടില്ല”

ഇടർച്ചയുണ്ടായിരുന്നു ആ വാക്കുകൾക്ക്. സൂചി വീണാൽ പോലും കേൾക്കാൻ പറ്റുന്നത്ര നിശ്ശബ്ദത…എങ്കിലും തല കുനിക്കാതെ ആ അമ്മയും മകനും ചിരിയോടെ വേദി വിട്ടിറങ്ങി

ശിഖയുടെ കൈകൾ തന്നിൽ മുറുകിയപ്പോഴാണ് ശിലപോലെ നിൽക്കുകയായിരുന്നു താനിതുവരെ എന്നു തിരിച്ചറിഞ്ഞത്…

“എന്റേതാണ്….ദേഷ്യത്തിന്റെയും ഗൗരവത്തിന്റെയും ആവരണത്തിനുള്ളിലെ കടലോളം സ്നേഹമുള്ള ഈ ഹൃദയം…അതന്റേത് മാത്രമാണ്….സഖാവിന്റെ മാത്രം സഖിക്ക്”…..

പ്രണയച്ചൂടിൽ വിവശതയോടെ തന്റെ നെഞ്ചിൽ മുഖം ചേർത്തു അവൾ പറഞ്ഞ വാക്കുകൾ…

വീണ്ടും വീണ്ടും ഹൃദയത്തിൽ മുഴങ്ങും പോലെ…നെഞ്ചു വിങ്ങി…ഹൃദയത്തിന്റെ വേദന കണ്ണുനീരായി ഒഴുകി തുടങ്ങി….

“മോന് അമ്മയോട് ദേഷ്യമുണ്ടോ…മോന്റെ അവകാശം നിഷേധിക്കുന്നതിന്”

“ദേഷ്യമല്ല വിഷമം ആയിരുന്നു…പക്ഷെ എന്റെ നെഞ്ചിലെ ചോദ്യത്തിന് എനിക്കിന്ന് ഉത്തരം ലഭിച്ചു…ആദ്യമായി അമ്മ എന്നെ ചേർത്തു പിടിച്ചു പറഞ്ഞു ഞാൻ അച്ഛനെപോലെയാണെന്നു… ആദ്യമായി ഒരു സദസ്സിനു മുന്നിൽ അമ്മ തല കുനിക്കാതെ എന്നെയും ചേർത്തു പിടിച്ചു….എന്റെ നെഞ്ചിലെ നെരിപോട് അണഞ്ഞു… അതുമതി”

പ്രണയത്തിന്റെ, വിരഹത്തിന്റെ, പ്രണയനഷ്ടങ്ങളുടെ, വിജയങ്ങളുടെ, തോൽവിയുടെ എല്ലാം ല ഹരി നുണഞ്ഞ ആ കലാലയത്തിന്റെ ഗുൽമോഹർ പൊഴിഞ്ഞ വഴികളിലൂടെ ആ അമ്മയും മകനും നടന്നു നീങ്ങി…

ശുഭം