രാത്രിയിലെ അരണ്ട വെളിച്ചങ്ങളും തണുത്ത കാറ്റും  ക്ലോസപ്പിൻ്റെ ശ്വാസവും  ഉള്ളിൽ വല്ലാത്തൊരു അനുഭൂതി ഉണ്ടാക്കും….

അൽഫാമും ക്ലോസപ്പും…

Written by Shabna Shamsu

=============

രണ്ട് ദിവസം മുമ്പ് വീട്ടിലൊരു ക്ലോസപ്പിൻ്റെ ടൂത്ത് പേസ്റ്റ് വാങ്ങി..സാധാരണ ഡാബർ മാത്രേ വാങ്ങാറുള്ളൂ..അന്ന് രാത്രി അതോണ്ട് പല്ല് തേച്ചപ്പം തൊട്ട് എനിക്ക് വല്ലാത്ത നൊസ്റ്റാൾജിയ…

ചില മണങ്ങളും രുചികളും അങ്ങനാണല്ലോ….

മാളത്തിൽ പോയി ഒതുങ്ങിക്കൂടിയ ഓർമകളെ പോലും വലിച്ച് പുറത്തിടീച്ച് കൊഞ്ഞനം കുത്തിക്കും…ഒന്നൂടി ചേർത്ത് നിർത്തി ഓമനിക്കാൻ തോന്നും..

പായസത്തിലെ അണ്ടിപ്പരിപ്പ് പോലെ എൻ്റെ ഉമ്മ മാത്രം ചുരത്തിന് മേലെ വയനാട്ടിലും, ബാക്കി എല്ലാ കുടുംബക്കാരും താഴെ കൊടുവള്ളീലും…

വെക്കേഷൻ്റെ സമയത്ത് സ്ക്കൂൾ പൂട്ടുന്ന അന്ന് തന്നെ ഞാൻ കൊടുവള്ളിൽ പോവും…

അവിടെ ക്ലോസപ്പ് കൊണ്ടാണ് എല്ലാരും പല്ല് തേക്കാ…KP നമ്പൂതിരി പൊടി കൊണ്ട് മാത്രം പല്ല് തേച്ച് ശീലിച്ച ഞാൻ രാവിലെ ഈ ക്ലോസപ്പിൻ്റെ രുചിയില് തുടങ്ങി രാത്രിയാവോളം വൈവിധ്യങ്ങളുടെ,,ആഡംബങ്ങളുടെ,,,രാജാത്തിയാണ്….

പല്ല് തേപ്പ് കഴിഞ്ഞ പുതു ശ്വാസം മാറുന്നതിന് മുമ്പേ ഡൈനിംഗ് ടേബിളില് വെല്ലിമ്മാൻ്റെ കൂടെയിരുന്ന് കുരുമുളകിട്ട് തേങ്ങാപ്പാലൊഴിച്ച് കുറുക്കി എടുത്ത  ഇറച്ചിക്കറിയും കൂട്ടി നൈസ് പത്തിരി കഴിക്കും…

ചില ദിവസങ്ങളിലൊക്കെ പാർസല് വാങ്ങും..അൽഫാമും കുബ്ബൂസും ചപ്പാത്തിയും മഷ്റൂമും അങ്ങനെ പലതരം ഐറ്റംസ് ഉണ്ടാവും…കൊതി തീരോളം  തിന്ന് കഴിഞ്ഞ് വീണ്ടും ക്ലോസപ് കൊണ്ട് പല്ല് തേക്കും…..

അമ്മായി ഡ്രൈവിങ്ങ് പഠിച്ചോണ്ടിരിക്കുന്ന കാലമായിരുന്നു അത്…പല്ല് തേപ്പൊക്കെ കഴിഞ്ഞ് ഉറങ്ങുന്നതിന് മുമ്പ് തിരക്കൊഴിഞ്ഞ റോഡിലൂടെ ആ ചുറ്റുവട്ടത്ത് കൂടി അമ്മായി കാറോടിക്കും…

ധൈര്യത്തിന് ഫ്രണ്ട് സീറ്റില് ഞാനും കേറും…രാത്രിയിലെ അരണ്ട വെളിച്ചങ്ങളും തണുത്ത കാറ്റും  ക്ലോസപ്പിൻ്റെ ശ്വാസവും  ഉള്ളിൽ വല്ലാത്തൊരു അനുഭൂതി ഉണ്ടാക്കും….

അങ്ങനെ ലീവൊക്കെ കഴിഞ്ഞ് തിരിച്ച് ഞാനെൻ്റെ വീട്ടിലേക്ക് പോവും….

രാവിലെ എണീറ്റ് നമ്പൂരി പൊടി കൊണ്ട് പല്ല് തേക്കും…

നേന്ത്രക്കായേം കടലയും ഇട്ട് പുഴുങ്ങിയ പുഴുക്ക് കൂട്ടി ചായ കുടിക്കും…ഉച്ചക്ക് നേന്ത്രക്കായ  തേങ്ങ അരച്ച കറിയും കായ ഉപ്പേരിയും കൂട്ടി ചോറ് തിന്നും…രാത്രി ഉമ്മാൻ്റെ മാത്രം സ്പെഷലായ പച്ചക്കായ തൊലി കളയാതെ മുറിച്ചതും മുള്ള് കളഞ്ഞ മത്തിയും കൂടെ മസാലയിട്ട് വേവിച്ചതും കൂട്ടി കഞ്ഞി കുടിക്കും..

കടുകും കറിവേപ്പിലയും ചേർത്ത് നന്നായി വറവിട്ടിട്ടുണ്ടാവും…ആ വെളിച്ചണ്ണയിൽ മൊരിഞ്ഞ കറിവേപ്പില ആയിരുന്നു ആകെ ഉണ്ടായിരുന്ന ആഡംബരം…

അങ്ങനെ കഞ്ഞികുടീം കഴിഞ്ഞ് നമ്പൂരി പൊടിയുടെ പൊള്ളുന്ന ചുവയോടൊപ്പം അരണ്ട വെളിച്ചമുള്ള, ബെഡ്ഷീറ്റ് കൊണ്ട് മറച്ച ജനലുള്ള, തുളകള് വീണ പുതപ്പ് പുതച്ച് വയനാട്ടിലെ തണുപ്പിനെ പ്രതിരോധിച്ച് എൻ്റെ റൂമില് കിടക്കുമ്പോ വെറുതേ ഞാൻ സ്വപ്നം കാണും…..

ക്ലോസപ്പ് കൊണ്ട് പല്ല് തേക്കുന്ന വീട്ടിലേക്ക് എന്നെ കെട്ടിച്ച് വിടുന്നത്…ആഴ്ചയിൽ ഒരിക്കൽ ലുലു മാളിൽ പോണത്…മക്കളെ കയ്യും പിടിച്ച് എസ്ക്കലേറ്ററിൽ കയറുന്നത്…കോഫീ ഷോപ്പ്ന്ന് ഷാർജ ഷേക്ക് കുടിക്കണത്…മൂന്നും നാലും ചുരിദാറ് ഒരുമിച്ച് വാങ്ങുന്നത്…

അങ്ങനെ എൻ്റെ കല്ല്യാണം കഴിഞ്ഞു..ആദ്യരാത്രി കഴിഞ്ഞു..പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് പല്ല് തേക്കാൻ നോക്കുമ്പോ ഡാബർ ടൂത്ത് പേസ്റ്റ്…പല്ല് തേപ്പ് കഴിഞ്ഞ് ചായ കുടിക്കാൻ ഇരുന്നപ്പോ മൺചട്ടില് വിറകടുപ്പത്ത് ചുട്ടെടുത്ത പത്തിരിയും ഉള്ളിയും തക്കാളിയും കൊണ്ട് ആവശ്യത്തിലേറെ സാമൂഹിക അകലം പാലിച്ച ഒരു കറിയും…

രാത്രി മത്തി മുളകിട്ടതും ചുരങ്ങ ഉപ്പേരിയും….

ഇതൊരു മാതിരി  അട്ട കടിച്ച് ചൊറിഞ്ഞ് പൊട്ടിയോട്ത്ത് കൊതുകും കൂടെ കടിച്ച ഫീൽ….

കല്ല്യാണം കഴിഞ്ഞ് മൂന്നാമത്തെ ദിവസം ആയിരുന്നു എൻ്റെ വീട്ടിലേക്ക് ഞങ്ങളെ സൽക്കാരം….

ഏട്ടൻ്റെ ഭാര്യയും നാത്തൂനും ഞാനും പോവാൻ റെഡിയായപ്പോ അടുത്ത വീട്ടിലെ മജീദ്ക്കാ  ഓട്ടോയും കൊണ്ട് വന്നു….

അത് കണ്ട് ഉമ്മാൻ്റെ മുഖം കോടി…

“ൻ്റെ സംസോ…ആദ്യത്തെ തക്കാരല്ലേ…അനക്കൊരു കാറ് വിളിച്ച് പൊയ്ക്കൂടേ….. “

“ആദ്യത്തെ തക്കാരത്തിന് കാറ് വിളിച്ചാ പിന്നെ എല്ലാ പ്രാശ്യവും കാറില് പോണം…ആദ്യേ ഓട്ടോയില് പോയാ പിന്നെ എത് വണ്ടീലും പോവാ…..”

തലേ ദിവസം കൂടെ ഉമ്മ പറഞ്ഞതാ…ഗാന്ധിജയന്തിൻ്റെ അന്നാ ഇനിക്ക് പ്രസവവേദന വന്നത്…അന്ന് വൈനേരാ സംസൂനെ  പെറ്റെതെന്ന്….

തിങ്ങി ഞെരുങ്ങി വരിക വരിക സഹജരേ പാടി ഓട്ടോയില് ഇരുന്നപ്പോ വാഗൺ ട്രാജഡി ഓർമ വന്നു..ഇത്രേം നല്ല ആദർശങ്ങളുള്ള കെട്ടിയോനോട് ആഴ്ചയിൽ ഷോപ്പിങ്ങിന് പോണംന്നും എസ്കലേറ്ററിൽ കേറണംന്നും നട്ടപ്പാതിരാക്ക് കാറിൽ ഇളം കാറ്റ് കൊണ്ട് യാത്ര പോണംന്നും എങ്ങനെ പറയുമെന്നോർത്ത് കുണ്ഠിതപ്പെട്ടു..

കുത്തനെയുള്ള ഒരു ഇറക്കത്തിലാണ് ഞങ്ങൾടെ വീട്…റോഡിനോട് ചേർന്ന് കയറ്റത്തിലാണ് എരുമകളും ആലയും ഉള്ളത്….

വാപ്പാൻ്റെ കൂടെ എരുമക്ക് വെള്ളം കൊടുക്കാൻ ഞാനും പോവും….

വെള്ളം നിറച്ച രണ്ട് ബക്കറ്റും കൊണ്ട് കുത്തനെയുള്ള കയറ്റം കയറുമ്പോ മക്കളെ കയ്യും പിടിച്ച് ഞാൻ എസ്കലേറ്ററിലാണെന്ന് തോന്നും…ആലയിലെത്തുമ്പോ അത് ലുലു മാളാണെന്ന് തോന്നും…

തേങ്ങാപ്പിണ്ണാക്ക് വെള്ളത്തില് കലക്കി എരുമൻ്റെ താടിൻ്റെ ചോട്ടില് വെച്ച് കൊടുക്കുമ്പോ കോഫീ ഷോപ്പ്ന്ന് ഷാർജ ഷേക്ക് കുടിക്കാണെന്ന് തോന്നും..കറ്റ കെട്ടി വെച്ച വൈക്കോൽ കൂനൻ്റെ അടീന്ന് പുല്ല് വല്ലിച്ചെടുത്ത് നിരത്തി ഇട്ട് കൊടുക്കുമ്പോ അത് പലേ ഡിസൈനിലുള്ള ചുരിദാറുകളാണെന്ന് തോന്നും…ഒഴിഞ്ഞ ബക്കറ്റും കൊണ്ട് തിരിച്ച് ഇറങ്ങുമ്പോ കൈ നിറയെ ഷോപ്പിംഗ് മാളിലെ കവറുകളാണെന്ന് തോന്നും…..

പറഞ്ഞ്  വന്നത് മെനഞ്ഞാന്ന് ഞാൻ ക്ലോസപ്പ് കൊണ്ട് പല്ല് തേച്ച കാര്യം ആണ്…ഇത്രേം കാര്യങ്ങൾ അയവിറക്കി ഉറങ്ങാൻ കിടന്നു….

രാവിലെ എണീറ്റ് വീണ്ടും ക്ലോസപ്പോണ്ട് പല്ല് തേച്ചു….

പത്തിരിപ്പൊടി ഒരു സ്പൂൺ വെളിച്ചെണ്ണ ചേർത്ത് വാട്ടിക്കുഴച്ച്  നൈസായി പരത്തി ചുട്ടെടുത്തു…

കുരുമുളക് അമ്മിയിൽ വെച്ച് പൊടിച്ചെടുത്തു…അര മുറി തേങ്ങയുടെ പാല് പിഴിഞ്ഞെടുത്തു…ഇറച്ചി കുരുമുളകും മസാലയും ചേർത്ത് വേവിച്ച് തേങ്ങാപ്പാലൊഴിച്ച് കുറുക്കിയെടുത്ത് പത്തിരി കൂട്ടി വയറ് നിറയെ കഴിച്ചു….

രാത്രീല് ഇക്കാനെ വിളിച്ച് അൽഫാം പാർസല് വാങ്ങോന്ന് ചോദിച്ച്…ചിക്കൻ വാങ്ങാ…നീ ഉണ്ടാക്കിക്കോന്ന് പറഞ്ഞപ്പോ ഇന്നെനിക്ക് പാർസല് കഴിക്കണംന്ന് പറഞ്ഞു….

ചൂടുള്ള അൽ ഫാമീന്ന് ഒരു കഷണം മുറിച്ചെടുത്ത് കുബ്ബൂസില് പൊതിഞ്ഞ് മയോനൈസില് മുക്കി സോസ് കൂട്ടി തിന്നപ്പോ വല്ലാത്തൊരു അനുഭൂതി…..

അത് കഴിഞ്ഞ് ഇക്കാൻ്റെ കൂടെ കാറില് അരണ്ട വെളിച്ചത്തില് തണുത്ത കാറ്റേറ്റ് കണ്ണാടി നോക്കി ഗൂഢമായി ചിരിച്ച് ഒരു പത്ത് മിനിറ്റ് യാത്ര ചെയ്തപ്പോ എന്തെന്നില്ലാത്തൊരു സുഖം….

കിടക്കാൻ നേരം വീണ്ടും ക്ലോസപ്പ് കൊണ്ട് പല്ല് തേച്ചപ്പോ എൻ്റെ ഉള്ളീന്നാരോ  പറയുന്നുണ്ടായിരുന്നു…

….ചില സ്വപ്നങ്ങൾ ആഗ്രഹിച്ച സമയത്ത് നടന്നില്ലെങ്കിലും ക്ഷമയോട് കൂടി കാത്തിരുന്നാ ആ സ്വപ്നങ്ങൾ നമ്മോട് പറയും….അടുത്ത് വാ….അടുത്ത് വാ….അടുത്ത് വന്നാട്ടേ……

~Shabna shamsu❤️