എന്റെ തൊണ്ട വളരുന്നത് പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. കഴുത്തിൽ കെട്ടിയ താലി നെഞ്ചിൽ….

നവവധു

Story written by Ambili MC

===========

പുതിയ വീടും ആളുകളും ആകെ ഒരു അങ്കലാപ്പ്.ഒന്ന് കിടക്കാൻ കൊതി തോന്നി കൈയും കാലും നന്നായി വേദനിക്കുന്നു.

പക്ഷേ എങ്ങനെ ഈ പുതിയ വീട്ടിൽ ഈ സമയത്തു പോയി കിടക്കും. ഈ സോഫ യിൽ ഇരിക്കാൻ തുടങ്ങിയിട്ട് മണിക്കൂർ മൂന്നായി. വിശപ്പും, ദാഹവും എല്ലാം നന്നായിട്ടുണ്ട്. കുടിക്കാൻ കുറച്ചു വെള്ളം ആരോട് ചോദിക്കും. അരുൺ കാണാൻ പോലുമില്ല. അരുൺ ന്റെ അമ്മ ഈ വശത്തേക്ക് തന്നെ വരുന്നില്ല. എന്റെ കണ്ണു നിറഞ്ഞു വരാൻ തുടങ്ങി. 

മൊബൈൽ ബെഡ് റൂമിലാണ്. അമ്മയുടെ ശബ്ദം കേൾക്കാൻ കൊതി തോന്നുന്നു.  വീട്ടിൽ വന്നവർ എല്ലാം പോയി തുടങ്ങി. ചിലർ യാത്ര പറയാൻ അടുത്ത് വന്നു. എല്ലാവരോടും ചിരിച്ചു തലയാട്ടുമ്പോൾ ഒരു യന്ത്രമാണോ എന്ന് സ്വയം ചോദിച്ചു.

കുറച്ചു കഴിഞ്ഞപ്പോൾ ഒരു ചേച്ചി വന്നു ഭക്ഷണം കഴിക്കാൻ വിളിച്ചു. കേൾക്കണ്ട താമസം ഞാൻ വേഗം അവരുടെ ഒപ്പം പോയി. മുന്നിൽ ഫ്രൈഡ് റൈസ് എത്തിയപ്പോൾ ഇത്ര വേഗത്തിൽ എന്തിന് വന്നു വെന്ന് സ്വയം ചോദിച്ചു.  കാരണം എനിക്ക് ഒട്ടും ഇഷ്ടമല്ലാത്ത ഭക്ഷണം..പ്ലേറ്റിൽ വിളമ്പിയത് എങ്ങനെ യോ കഴിച്ചു.

തിരിച്ചു വീണ്ടും ആ സോഫ യിൽ തന്നെ വന്നിരുന്നു. കഴുത്തിൽ കിടക്കുന്ന താലി യൊന്നു തൊട്ട് നോക്കി. ഇത് കെട്ടിയ മഹാനെ ഈ വീട്ടിൽ വന്നു കയറിയതിനു ശേഷം കണ്ടില്ല.

“ശില്പ ക്കു ഉറക്കം വരുന്നുണ്ടെങ്കിൽ പോയി കിടന്നോളു. അരുൺ പുറത്ത് എവിടേ യോ പോയതാണ്. “

അരുണിൻ്റെ ചെറിയമ്മ വന്ന് ഇത് പറഞ്ഞ പ്പോൾ ഞാൻ അവരുടെ മുഖത്തേക്ക് അദ്ഭുതത്തോടെ നോക്കി. അവർ ഒന്നും പറയാതെ അടുക്കളയിലേക്ക് പോയി.

“കല്യാണ ദിവസം തന്നെ വേണമായിരുന്നോ അവൻ്റെ ഈ കറക്കം..”

അടുക്കളയിൽ ആരോ ചോദിക്കുന്നു. അതിന് ആരെങ്കിലും മറുപടി പറയുന്നുണ്ടോ യെന്ന് അറിയാൻ ചെവി വട്ടം പിടിച്ച് ശ്രദ്ധിച്ചു. പക്ഷേ ആരും ഒന്നും മിണ്ടുന്നില്ല.

ഇനിയും ഇവിടെ ഇരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് യാതൊരു ഗുണവുമുണ്ടന്ന് തോന്നുന്നില്ല. ഞാൻ ബെഡ് റൂമിലേക്ക് നടന്നു. സിനിമകളിൽ കാണുന്ന അലങ്കാരങ്ങളൊന്നും ആ മുറിയിൽ ഞാൻ കണ്ടില്ല. കിടക്ക കണ്ടപ്പോൾ കിടക്കാൻ കൊതി. പക്ഷേ അങ്ങനെ കിടക്കുന്നത് ശരിയാണോ. അരുൺ എന്ത് വിചാരിക്കും..

ബെഡിൻ്റെ തുമ്പത്തിരുന്നു. മേശ പുറത്തിരുന്ന മൊബൈലെടുത്ത് അമ്മയെ വിളിച്ചു. പക്ഷേ അമ്മ എടുക്കുന്നില്ല. കുറേ ദിവസങ്ങളായിട്ടുള്ള ഓട്ടം കാരണം അമ്മ ഇന്ന് നേരെത്തേ ഉറങ്ങി കാണും.

ഫേസ്ബുക്ക് തുറന്ന് നോക്കി. ആരെക്കയോ കല്യാണഫോട്ടോയിട്ട് ആശംസകൾ എഴുതി നിറച്ചിട്ടുണ്ട്. “made for each other ” എന്ന കമന്റ്സ് വായിച്ചപ്പോൾ ചിരി വന്നു.

സമയം കടന്നു പോയി….

ഉറക്കം വല്ലാതെ വരുന്നു. പെട്ടന്നാണ് അരുൺ റൂമിലേക്ക്‌ വന്നത്. ഒരു വിറയൽ അറിയാതെ വന്നു. താൻ ഒരാൾ ഇരിക്കുന്ന എന്ന ചിന്ത പോലും അരുൺ ന്റെ മുഖത്ത് കണ്ടില്ല. വന്ന സ്പീഡിൽ തന്നെ വീണ്ടും പുറത്തേക്കു പോയി.

കുറച്ചു കഴിഞ്ഞു വന്നു ഷെൽഫിൽ നിന്നും ഡ്രസ്സ്‌ എടുത്തു ബാത്‌റൂമിൽ പോയി കുളിക്കാൻ ആണെന്ന് മനസ്സിലായി.

ഇങ്ങനെ ഒരാളുടെ ഒപ്പം എങ്ങനെ ഞാൻ എന്റെ ജീവിതം ജീവിച്ചു തീർക്കും. കല്യാണത്തിന്റെ മുന്നേ  ഫോൺ ചെയ്യുമ്പോൾ ഒന്നും ഇങ്ങനെ ഒരു ഭാവം അരുൺ ഉണ്ടെന്നു തോന്നിയില്ല.

കുളി കഴിഞ്ഞു വന്നു അരുൺ ഒന്ന് നോക്കിയിട്ട് പറഞ്ഞു.

“എനിക്ക് വേണ്ടി ഇങ്ങനെ ഉറങ്ങാതെ കാത്തിരിക്കണ്ട ആവശ്യമൊന്നുമില്ല. എനിക്ക് അത് ഇഷ്ടമല്ല. കാരണം പിന്നീട്  ആ കണക്കു പറച്ചിൽ ഞാൻ കേൾകേണ്ടി വരും”

ഞാൻ അത്ഭുതത്തോടെ അരുൺ ന്റെ മുഖത്തേക്ക് നോക്കി. ആൾ ലാപ്ടോപ് എടുത്തു വെച്ചു ഇരുന്നു. പിന്നെ എന്നെ നോക്കിയിട്ട് പറഞ്ഞു.

“ശില്പ കിടന്നോളു. എനിക്ക് കുറച്ചു പണിയുണ്ട്.. “

എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു.

“അരുൺ, ഇന്ന് നമ്മുടെ വിവാഹം കഴിഞ്ഞ ദിവസമാണ്….” ഞാൻ ഇത്രയും പറഞ്ഞപ്പോൾ തന്നെ അരുൺ ഇടയ്ക്ക് കയറി

“അത് കൊണ്ട് ഞാൻ എന്റെ പതിവ് ശീലങ്ങൾ തെറ്റിക്കണോ? look ശില്പ എനിക്ക് ഇതൊന്നും ഇഷ്ടമല്ല. ശില്പ ക്കു ശില്പയുടെ ഇഷ്ടങ്ങൾ. എനിക്ക് എന്റേതും. അത് ഒന്നും ഇന്നത്തോടെ അവസാനിപ്പിക്കാൻ പറ്റില്ല.”

ഞാൻ അരുൺ ന്റെ മുഖത്തേക്ക് നോക്കി മെല്ലെ പറഞ്ഞു

“അങ്ങനെ ഞാൻ പറഞ്ഞില്ല അരുൺ. എനിക്കും അങ്ങനെ ഒന്നും അവസാനിപ്പിക്കാൻ പറ്റില്ല. എന്റെ ഇഷ്ടങ്ങൾ എനിക്കും വലുതാണ്. പക്ഷേ അത് കുറെയൊക്കെ ഇനി ഞാൻ മാറ്റി വയ്‌ക്കേണ്ടി വരും. “

ലാപ്ടോപ് ൽ നിന്നും മുഖം മാറ്റാതെ അരുൺ പറഞ്ഞു  “ശില്പ ചിലപ്പോൾ മാറ്റേണ്ടി വരും. പക്ഷേ ഞാൻ ഒരു പുരുഷനാണ് എനിക്ക് ഒന്നും മാറ്റേണ്ട കാര്യമില്ല. പിന്നെ എന്റെ തണലിൽ ജീവിക്കുന്ന ഒരു ഭാര്യയെ എനിക്ക് സങ്കൽപ്പിക്കാൻ പറ്റില്ല. ശില്പയുടെ ആവശ്യങ്ങൾക്കു ശില്പ തന്നെ പണം ചെലവഴിക്കണം. എന്റെ അമ്മയെ പോലെ എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നവരെ എനിക്ക് പുച്ഛമാണ്. “

ഞാൻ അത്ഭുതത്തോടെ അരുൺ നേ നോക്കി.

എന്റെ മറുപടി പോലും അരുൺ പ്രതീക്ഷിക്കുന്നില്ല.

“പിന്നെ ശില്പ യാത്രകൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ പറഞ്ഞോളൂ. പക്ഷേ expense അത് ഷെയർ ചെയ്യണം”

“തത്കാലം ഞാൻ ഒരു യാത്രയും ആഗ്രഹിക്കുന്നില്ല.”

എന്റെ ശബ്ദവും കുറച്ചു കനത്തു. ഞാൻ എന്റെ അച്ഛനെ ഓർത്തു പോയി. അമ്മയെ എപ്പോഴും ചേർത്ത് പിടിച്ചു സംരക്ഷിക്കുന്ന അച്ഛൻ. എനിക്ക് അത്ര ഭാഗ്യമൊന്നുമില്ല അമ്മേ ഞാൻ മെല്ലെ മനസ്സിൽ പറഞ്ഞു.

ഇതാണോ ബ്രോക്കർ പറഞ്ഞ മോഡേൺ ആയ പയ്യൻ. ആയിരിക്കും വേണ്ടായിരുന്നു ഈ ബന്ധം..എന്നെ പോലെ യുള്ള ഒരു നാടൻ പെൺകുട്ടിക്കു ഒട്ടും ചേരില്ല…

അരുൺ ലാപ്ടോപ്പ് മാറ്റി വെച്ചു.

“ശില്പ എനിക്ക് ഉറങ്ങണം. ലൈറ്റ് ഓഫ്‌ ചെയ്യണം. “

ലൈറ്റ് ഓഫ് ചെയ്ത് അരുൺ കിടന്നു. അവൻ്റെ കൈകൾ എൻ്റെ അടുത്തേക്ക് വരുന്നത് ഞാനറിഞ്ഞു. ഞാൻ വേഗം സൈഡിലേക്ക് നീങ്ങി കിടന്നു. എന്തോ എന്റെ മനസ്സിലെ പ്രണയം എവിടെയോ പോയി. എൻ്റെ അനിഷ്ടം കക്ഷിക്ക് മനസ്സിലായി. പെട്ടെന്ന് ലൈറ്റിട്ടു ഒരു ചോദ്യം.

“എന്താ ശില്പാ.. ” ഞാൻ അരുണിൻ്റെ മുഖത്ത് നോക്കി. പിന്നെ നല്ല ഗൗരവത്തിൽ പറഞ്ഞു.

“അരുൺ..എല്ലാത്തിനും കണക്കു നോക്കുന്ന ആളാണ് എന്ന് മനസ്സിലായി. സ്നേഹത്തിന് അരുൺ കണക്ക് വയ്ക്കാറുണ്ടോ “?

അരുൺ ന്റെ മുഖം വലിഞ്ഞു മുറുകി. അവൻ വേഗം പേഴ്സ് ൽ നിന്നും atm കാർഡ് എടുത്തു എന്റെ നേരെ നീട്ടി..

“എത്രയാ നിന്റെ റേറ്റ്..പറഞ്ഞോ. നാളെ ഞാൻ cash atm ൽ നിന്നും withdraw ചെയ്തു തരാം. അത് വരെ ഈ atm കാർഡ് നിന്റെ അടുത്ത് വെച്ചോ. അല്ലെങ്കിൽ ഞാൻ ഇപ്പൊ ഗൂഗിൾ പേ ചെയ്തു തരാം. റേറ്റ് പറ. എന്റെ ജീവിതത്തിൽ ആദ്യം വന്നു പെണ്ണ് നീ ഒന്നുമല്ല. ഈ അരുൺ ന്റെ ഒരു വിളി മതി എന്റെ റൂമിൽ ഞാൻ ആൾ എത്തും..പിന്നെ നിനക്കും ഇഷ്ടം പോലെ ജീവിക്കാം. ഞാൻ ഒന്നിലും ഇടപെടില്ല.”

എന്റെ തൊണ്ട വളരുന്നത് പോലെ തോന്നി. കണ്ണിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി. കഴുത്തിൽ കെട്ടിയ താലി നെഞ്ചിൽ കോറുന്നു. എൻ്റെ കൈ അറിയാതെ താലിയിൽ അമർന്നു. എൻ്റെ ശരീരത്തിന് വില പറഞ്ഞവൻ്റെ ഒപ്പം ഇനി ഒരു ജീവിതം വേണ്ടാ…

പെട്ടന്ന് എന്റെ അമ്മ, അച്ഛൻ എല്ലാം ഓർമ വന്നു. ഇന്ന് തന്നെ ഞാൻ വീട്ടിലേക്ക് മടങ്ങിയാൽ അവരുടെ അവസ്ഥ. വേണ്ട ഇത് ഇനി ഞാൻ തന്നെ സഹിക്കണം. പക്ഷേ എങ്ങനെ അരുൺ ന്റെ ഒപ്പം.  ഇല്ല തീരെ പറ്റില്ല. ഇവിടെ ഞാൻ തോറ്റു കൊടുത്താൽ ഇനി അങ്ങോട്ട്‌ എന്നും ഞാൻ ഈ മനുഷ്യൻ ന്റെ കാൽ ചുവട്ടിൽ ആയിരിക്കും..

ഞാൻ ആ atm വാങ്ങി അവന്റെ കൈയിൽ തന്നെ കൊടുത്തു കൊണ്ട് പറഞ്ഞു.

“Mr. അരുൺ ശേഖർ നിങ്ങളുടെ ഇത് വരെ യുള്ള സമ്പാദ്യം മുഴുവൻ തന്നാലും എന്റെ രാത്രി യുടെ വിലയാവില്ല. നിങ്ങൾ ഡൽഹിയിൽ കണ്ട പെൺകുട്ടികളുടെ ലിസ്റ്റിൽ എന്നെ പെടുത്തരുത്. നിങ്ങൾ കെട്ടിയ താലി ക്കു അത്രയും പവിത്ര ഞാൻ കാണുന്നു. ഇതു വലിച്ചു നിങ്ങളുടെ മുഖത്തേക്ക് എറിയിപ്പിക്കരുത്. “

മറുപടി കാത്തു നില്കാതെ ഒരു തലയിണ എടുത്തിട്ട് ഞാൻ നിലത്തു കിടന്നു.

“അഹങ്കാരി..എന്റെ റൂമിൽ എന്നെ വെല്ലു വിളിച്ചു കിടക്കാൻ നാണമില്ലേ നിനക്ക് “

അരുൺ ന്റെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. 

ഒന്നും കേൾക്കാത്ത പോലെ കണ്ണടച്ചു ഞാൻ കിടന്നു. 

ഇനി അങ്ങോട്ടുള്ള രാത്രികൾ മുഴുവൻ ഇത് തന്നെയാവും എന്ന് ഉറച്ച ബോധം എനിക്കുണ്ട്.. എന്തായാലും അധികകാലം ഇത് തുടർന്ന് പോവില്ല. എല്ലാം പറഞ്ഞു തീർത്തു ഈ വീട്ടിൽ നിന്നും കയറി വന്നത് പോലെ തന്നെ ഞാൻ ഇറങ്ങി പോവും.. 

“ശില്പ നിന്റെ അഹങ്കാരം എന്റെ വീട്ടിൽ നടക്കില്ല. നീ എഴുന്നേല്ക്കുന്നോ അതോ ഞാൻ നിന്നെ തൂക്കി പുറത്തേക്ക് എറിയണോ “

ആ വാക്കുകൾ എൻ്റെ മനസ്സിലാണ് തറച്ചത്. ഞാൻ ചാടി എഴുന്നേറ്റു.

“വേണ്ടാ അരുൺ തൻ്റെ ദുഷിച്ച കൈ കൊണ്ട് എന്നെ തൊട്ടാൽ എനിക്ക് പൊള്ളും. “

ഇത് പറയുമ്പോൾ ഞാൻ വിറയ്ക്കുണ്ടായിരുന്നു. 

” അത്രക്ക് പൊള്ളുന്നുണ്ടങ്കിൽ ഞാൻ കെട്ടിയ താലിയിങ്ങ് അഴിച്ച് താ. അത് 6 പവൻ്റെ സ്വർണ്ണ താലിയായത് കൊണ്ട് നിന്നെ പോലെയുള്ളവർക്ക് പൊള്ളില്ല. “

അരുൺ പറഞ്ഞ് തീർന്നതിന് മുമ്പ് ഞാൻ കഴുത്തിൽ നിന്നും താലിയുരി കിടക്കയിൽ വെച്ചു.

അരുൺ വേഗം അത് എടുത്ത് ഷെൽഫിൽ വെച്ച് കൊണ്ട് പറഞ്ഞു.

“സത്യം പറഞ്ഞാൽ ഇത് നിൻ്റെ കഴുത്തിൽ കെട്ടുമ്പോൾ  6 പവൻ സ്വർണ്ണം വാങ്ങാൻ ചിലവഴിച്ച പണമോർത്ത് സങ്കടമായിരുന്നു. ഇപ്പോ അത് മാറി “

ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി. മനുഷ്യ രൂപം പൂണ്ട ഒരു ചെകുത്താനാണ് മുന്നിൽ നില്ക്കുന്നതെന്ന് എനിക്ക് തോന്നി.

“ശില്പാ, നിന്നെ കണ്ടപ്പോൾ മുതൽ തോന്നിയ ചില ആശകൾ ബാക്കിയാണ്. അങ്ങനെത്തെ എൻ്റെ ആശകൾ നിറവേറ്റാൻ വേണ്ടി എത്ര പണം ചിലവഴിക്കാൻ എനിക്ക് യാതൊരു മടിയുമില്ല. നിനക്ക് താത്പര്യമുണ്ടങ്കിൽ ഈ രാത്രി നമുക്ക് ആഘോഷിക്കാം. വെറുതെ വേണ്ടാ “

അത് അവൻ പറഞ്ഞത് തീരുന്നതിന് മുമ്പ് എൻ്റെ കൈ അവൻ്റെ മുഖത്ത് പതിഞ്ഞിരുന്നു.

“ഡി നീ എന്നെ അടിച്ചു അല്ലേ..ഇനി നീ ഇവിടെ നിന്നു വെറുതെ ഇറങ്ങി പോവില്ല.”

അയാൾ ദേഷ്യം കൊണ്ട് വിറച്ചു. ഇനിയും ആ റൂമിൽ നില്കുന്നത് ഒട്ടും പന്തിയല്ലെന്ന് തോന്നി. ഞാൻ വേഗം മൊബൈൽ കൈയിലെടുത്തു ഡോർ തുറന്ന് പുറത്തിറങ്ങി.

ഒരു ലൈറ്റ് പോലും എവിടേയും കാണാനില്ല. ഞാൻ മൊബൈൽ ന്റെ ഫ്ലാഷ് ലൈറ്റ് ൽ സ്വിച്ച് ബോർഡ്‌ കണ്ടു പിടിച്ചു ലൈറ്റിട്ടു.  ഗോവണി ഇറങ്ങി താഴെ ഹാളിൽ ലൈറ്റിട്ടു  ഇരുന്നു. 

സമയം 12.30..എങ്ങനെ ഇവിടെ നിന്നും ഇറങ്ങി വീട്ടിൽ പോവും. ആലോചിക്കുന്തോറും എനിക്ക് തല വേദനിക്കാൻ തുടങ്ങി. എൻ്റെ സ്വപ്നങ്ങൾ എല്ലാം കൊഴിഞ്ഞു വീണിരിക്കുന്നു. എൻ്റെ മാത്രമല്ല എൻ്റെ പാവം അമ്മയുടേയും അച്ഛൻ്റെ യും സ്വപ്നങ്ങൾ കൂടിയാണ് അവസാനിച്ചത്.

“ഹാ കൊള്ളാലോ എന്നെ അടിച്ചിട്ട് നീ ഇവിടെ വന്ന് സുഖമായിരിക്കുന്നോ.. ? “
അരുണിൻ്റെ ശബ്ദം .

ഞാൻ തല ഉയർത്തി നോക്കിയപ്പോൾ തൊട്ട് മുന്നിൽ അരുൺ നില്ക്കുന്നു.

“ഇറങ്ങിക്കോ ഈ നിമിഷം എൻ്റെ വീട്ടിൽ നിന്ന് “

ആ ചെകുത്താനിൽ നിന്നും ഒരു ദയയും എനിക്ക് കിട്ടാൻ പോണില്ലാ യെന്നു ഉറപ്പാണ്. ഈ പാതി രാത്രി മൂന്ന് ജില്ല കടന്നു ഞാൻ എങ്ങനെ എന്റെ വീട്ടിലെത്തും…അവിടെ നിന്ന് ആരെങ്കിലും ഇങ്ങോട്ട് എത്തണമെങ്കിൽ പോലും ചുരുങ്ങിയത് അഞ്ച് മണിക്കൂർ വേണം. ശരീരം തളരുന്നത് പോലെ തോന്നി. പക്ഷേ തോൽക്കാൻ മനസ്സില്ല.

“അരുൺ അല്ലെങ്കിലും ഇവിടെ കടിച്ചു തൂങ്ങി നില്കാൻ വിചാരിച്ചിട്ടില്ല.” ഞാൻ ശബ്ദം ഉയർത്തി തന്നെ പറഞ്ഞു.

ഞങ്ങളുടെ ശബ്ദം കേട്ടിട്ടാവണം അരുണിൻ്റെ അമ്മയും ചെറിയമ്മയും ഹാളിലെത്തി.

“എന്താ നിങ്ങൾ ക്ക് ഉറക്കമൊന്നുമില്ലേ ” ചെറിയമ്മ എൻ്റെ കൈ പിടിച്ചു കൊണ്ട് ചോദിച്ചു.

“ചെറിയമ്മാ അധികം  ചോദ്യങ്ങൾ വേണ്ടാ  ഇവളെ ഇപ്പൊ ഇവിടെ നിന്നു ഇറക്കി വിടണം. ” അരുണിന്റെ ശബ്ദമുയർന്നു.

അരുണിന്റെ അമ്മ എന്നെ വന്നു പിടിച്ചു.

“മോളെ നമ്മൾ പെണ്ണുങ്ങൾ ഇത്തിരി സഹിച്ചാൽ തീരുന്ന പ്രശ്നങ്ങളെ ഉള്ളൂ കാണു”

“എന്റെ ശരീരത്തിന് വില പറഞ്ഞത് ഞാൻ സഹിക്കാനോ..അമ്മയുടെ മോൾക്ക് ഈ ഗതി വന്നാൽ അമ്മ സഹിക്കുമോ? ” എന്റെ ശബ്ദം ഉറച്ചതായിരുന്നു. ചെറിയമ്മ എന്നെ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു .

“മോളെ അരുൺ ജനിച്ചതും വളർന്നതും എല്ലാം കേരളത്തിന്‌ പുറത്താ. നമ്മുടെ നാട്ടിലെ ശീലങ്ങൾ ഒന്നും അവനറിയില്ല. നീ വേണ്ടേ കുട്ടി ക്ഷമിക്കാൻ. ഭർത്താവിന്റെ മുന്നിൽ ഒന്ന് തല താഴ്ത്തിയത് കൊണ്ട് ഒന്നും സംഭവിക്കില്ല കുട്ടി”

“ചെറിയമ്മേ…ഒരു നാട്ടിലും കെട്ടി കൊണ്ട് വന്ന പെണ്ണിന്റെ ശരീരത്തിന് വില പറയില്ല. സോറി ഇനിയും ഇവിടെ നിൽക്കാൻ എനിക്കാവില്ല. എന്നെ ആരെങ്കിലും ഒന്ന് വീട്ടിൽ പോവാൻ സഹായിക്കുമോ”

എന്റെ ശബ്ദം ഉറച്ചതായിരുന്നു. 

“ഈ വീട്ടിൽ നിന്നും ഒരാളും സഹായിക്കില്ല. അങ്ങനെ സഹായിക്കാൻ ആരെങ്കിലും ഇറങ്ങിയാൽ പിന്നെ അവരും അരുൺ ന്റെ വീട്ടിൽ  നിന്നും പുറത്തായിരിക്കും.”

അരുൺ ന്റെ ആ ഡയലോഗ് കേട്ടതും അവന്റെ അമ്മ വേഗം പോയി.  ചെറിയമ്മ എന്നെ നോക്കി. ആ കണ്ണിൽ നിറഞ്ഞു നിൽക്കുന്ന സങ്കടം എനിക്ക് മനസ്സിലായി. 

ഈ വീട്ടിൽ നിന്നും ആരും എന്നെ സഹായിക്കില്ല. പക്ഷേ ഇനിയും അഭിമാനം കളഞ്ഞു ഇവിടെ നില്കാൻ പറ്റില്ല. ഈ പാതിരാത്രി തന്നെ എനിക്ക് ഇറങ്ങിയേ തീരു. ഞാൻ അരുൺ ന്റെ നേരെ തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു

“അരുൺ ഒരു 30 മിനിറ്റ് എനിക്ക് വേണം.  കൊണ്ട് വന്ന സാധനങ്ങൾ എടുത്തു കൊണ്ട് വരാൻ ഞാൻ നിന്റെ റൂം ലേക്ക് ഒന്ന് കൂടി പോവുന്നു.”

മറുപടിക്കു  കാത്തു നില്കാതെ ഞാൻ റൂം ലേക്ക് പോയി. അകത്തു കടന്നതും ഞാൻ വാതിൽ ലോക്ക് ചെയ്തു. പെട്ടിയും ബേഗുമെടുത്ത് വെച്ചു.

അപ്പോഴാണ് ഫേസ് ബുക്ക് freind ആയ കിരൺ ips നെ ഓർമ വന്നത്. ആൾ ഇപ്പൊ ലീവ് എടുത്തു  പഠിക്കാൻ അമേരിക്കയിലാണ്. ഒന്ന് വിളിച്ചാലോ എന്ന് തോന്നി. Messenger എടുത്തു വിളിക്കാൻ നോക്കിയപ്പോൾ ആൾ എനിക്ക് ആശംസകൾ അറിയിച്ചു മെസ്സേജ് ഇട്ടിരിക്കുന്നു.

ഞാൻ ഉടനെ അവനെ തിരിച്ച് വിളിച്ചു ഒറ്റ ശ്വാസത്തിൽ എന്തൊക്കയോ പറഞ്ഞു. അമേരിക്കയിലിരിക്കുന്ന അവൻ എങ്ങനെ എന്നെ സഹായിക്കുമെന്ന് പോലും ഞാൻ ഓർത്തില്ല. അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോൾ അവൻ ലോക്കേഷൻ അയച്ചു കൊടുക്കാൻ പറഞ്ഞു.

അവൻ്റെ മറുപടിക്കായി കാത്തു നില്ക്കുമ്പോൾ വീട്ടിൽ എങ്ങനെ കയറി ചെല്ലുമെന്ന പേടിയാണ് മനസ്സിൽ. പക്ഷേ പോയേ തീരു.

“പത്ത് മിനിറ്റ് കഴിഞ്ഞാൽ പോലീസ് എത്തും. അവർ നിന്നെ Safe ആയി വീട്ടിലെത്തിക്കും. അവർ പറയുന്നത് പോലെ നീ ഒപ്പിട്ട് കൊടുക്കണം. എൻ്റെ കൂട്ടുകാരനാണ് അവിടെ കമ്മീഷണർ, അവൻ സഹായിക്കും നിന്നെ.”

കിരൺ ന്റെ മെസേജ് വായിച്ചപ്പോൾ കണ്ണ് നിറഞ്ഞു. ഞാൻ വേഗം ചെറിയമ്മയുടെ മകൻ കാർത്തിക്ക് നെ വിളിച്ചു. അവനും എന്നോട് വേഗം ഇറങ്ങാൻ പറഞ്ഞു. വീട്ടിൽ അവൻ പറഞ്ഞോളാം എന്ന് ഏറ്റപ്പോൾ തന്നെ പകുതി ആശ്വാസമായി.

പെട്ടിയും ബാഗ് മെടുത്തു ഇറങ്ങി. ആരുടെയും മുഖത്തു നോക്കിയില്ല. ഈ പാതിരാത്രി തന്നെ ഒറ്റയ്ക്ക് ഇറക്കി വിടുന്ന ഇവരോട് എന്ത് പറയാൻ..

വാതിൽ തുറന്നു പുറത്തു ഇരുന്നു. പറഞ്ഞു സമയത്തു തന്നെ അവർ വന്നു. കമ്മീഷണർ ഒപ്പമുണ്ടായിരുന്നു. കൂടുതൽ ഒന്നും ചോദിച്ചില്ല. അവർ കാണിച്ചു തന്ന കടലാസ്സുകളിൽ ഒപ്പിട്ടു കൊടുത്തു.

വീട്ടിൽ കയറി ചെല്ലുമ്പോൾ എല്ലാവരും പുറത്ത് കാത്ത് നില്പുണ്ടായിരുന്നു. ആരോടും ഒന്നും പറയാതെ റൂമിൽ കയറി വാതിലടച്ചു. അത് വരെ പിടിച്ച് നിറുത്തിയ സങ്കടം മുഴവൻ പുറത്തേക്ക് വന്നു. തലയിണ കണ്ണീർ കൊണ്ട് നനഞ്ഞു.

അമ്മ വാതിൽ തട്ടി വിളിക്കുമ്പോൾ തുറക്കാതെയിരിക്കാനായില്ല. ഹാളിൽ ചർച്ചയാണ്. ഭൂരിപക്ഷത്തിനും ഞാൻ കാണിച്ചത് അഹങ്കാരമായി മാറി. എൻ്റെ വാക്ക് കേട്ട് ചാടിയ കാർത്തിക്കിനെ ചെറിയമ്മ ചീത്ത വിളിക്കുന്നു. അവൻ എനിക്ക് വേണ്ടി എല്ലാവരുടെയും ചീത്ത കേൾക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു. കിരൺ നെയും ചെറിയമ്മ കുറ്റപ്പെടുത്താൻ തുടങ്ങി.

എൻ്റെ ശരീരത്തിന് വില പറഞ്ഞവൻ്റെ ആട്ടും തുപ്പും കേട്ട്  ഞാൻ അവിടെ തന്നെ നില്ക്കണമായിരുന്നു എന്ന് ചെറിയമ്മമാർ. അമ്മയും അച്ഛനും ഒന്നും പറയുന്നില്ല. അവർ ആകെ തകർന്നു പോയി. അച്ഛൻ ഒരു ദിവസം കൊണ്ട് വയസ്സനായിരിക്കുന്നു.

“നിങ്ങൾ എല്ലാവരും എന്ത് പറഞ്ഞിട്ടും കാര്യമില്ല. ഞാൻ ഇനി അങ്ങോട്ട് പോവില്ല “

ഉറച്ച ശബ്ദത്തിൽ  പറഞ്ഞു കൊണ്ട് ഞാൻ തിരിച്ചു നടന്നു. പിന്നെയങ്ങോട്ട് ഒറ്റയ്ക്കുക്കുള്ള ഓട്ടമായിരുന്നു….

ഒടുവിൽ ഡിവോഴ്സ് ഉം നഷ്ടപരിഹാരവും, ആ മോഡേൺ അരുൺ രണ്ടു വർഷത്തെ ജയിൽ ശിക്ഷയും എന്ന വിധി യും വാങ്ങി കോടതിയിൽ നിന്നു ഇറങ്ങുമ്പോൾ കുറെ ദിവസങ്ങൾക്കു ശേഷം മനസ്സിൽ ഒരു കുളിർമഴ പെയ്തു… 

ഇനി ജീവിതം വീണ്ടും ആരംഭിക്കണം. മറന്ന് പോയ സ്വപ്നങ്ങൾ ഇനി കാണണം.

IAS എന്ന ആ വലിയ സ്വപ്നം നേടി അന്ന് പാതിരാത്രി ഇറങ്ങിയ ജില്ലയുടെ കലക്ടറായി എത്തുമ്പോൾ ആ പഴയ കമ്മീഷണർ കിരൺ തന്നെയായിരുന്ന എൻ്റെ  തുണ…ജീവിതവസാനം വരെ ആ തുണയുണ്ടാവും..ഒരു നല്ല കുട്ടുകാരനായി…. ഒരു ആണും പെണ്ണും തമ്മിൽ പ്രണയം മാത്രമല്ല നല്ല സൗഹൃദവും ഉണ്ടാവും. പലരും മുഖം ചുളിച്ചു. പലതും പറഞ്ഞു. ആരെയും ഒന്നും ബോധിപ്പിക്കാൻ ഞാൻ നിന്നില്ല..കിരണിൻ്റെ ഭാര്യ ഗൗരിക്ക് അറിയാം ഞാൻ എന്താണന്ന്. വേറെയാരുടേയും ഒരു സർട്ടിഫിക്കറ്റും എനിക്ക് വേണ്ടാ…

ഒരു സ്ത്രീക്ക് തലയുർത്തി നില്ക്കാൻ ഒരു താലിയും വേണ്ട. ഇനി  എൻ്റെ ജീവിതം ഈ സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്വേണ്ടിയുള്ളതാണ്…..

(ഇത് എന്റെ വെറും ഭാവനയാണ്‌..കഴിഞ്ഞ വർഷം എഴുതിയത് വീണ്ടും ഒന്ന് റിപോസ്റ്റ് ചെയ്തതാണ്..വായിച്ചവർ ക്ഷമിക്കണേ…)

~Ambili MC