അതേയ് പണി കഴിഞ്ഞു വരുമ്പോൾ എനിക്ക് പരിപ്പ് വട കൊണ്ട് തര്വോ ഏട്ടായ്…

എഴുത്ത്: സിന്ധുജ സുധാകര പൈ

=============

“അതേയ് പണി കഴിഞ്ഞു വരുമ്പോൾ എനിക്ക് പരിപ്പ് വട കൊണ്ട് തര്വോ ഏട്ടായ് “

” നോക്കട്ടെ…നീയാ സഞ്ചി ഇങ്ങെടുത്തോ മഴ ഇല്ലേ അരിയും ഉള്ളിയും മേടിച്ചോണ്ട് വരാം “

“ന്റെ ഏട്ടായ് ഉള്ളി ഇടിച്ചു തിന്നു ഞാൻ മടുത്തു. ഇത്തിരി മീൻ വാങ്ങോ..മക്കൾ ഇന്നലേം കൂടെ പറഞ്ഞേയുള്ളു “

*************

“ഏട്ടായ് കേട്ടോ. സ്വപ്‌നം കണ്ടോണ്ട് ഇരിക്കാതെ ഇറങ്ങാൻ നോക്ക് “

” ഉം.. ”  നീയാ വാതിൽ അങ്ങ് അടച്ചേക്ക് “

” പിന്നെ ഇവിടിപ്പോ നിധി ഇരിക്കല്ലേ ” വരുന്നവര് ഉള്ളത് ഇവിടെ വച്ചിട്ട് പോവും. “”

“”രമേശേട്ടാ രണ്ട് കിലോ അരി, അര കിലോ ഉള്ളി പിന്നെ ഒരു കാൽ കിലോ പരിപ്പും “

” 185/-“

” 200 ഉണ്ടേ ബാക്കിയ്ക്ക് തക്കാളി കൂടെ എടുത്തോ ന്നാ “”

“” വാവേ…ദാ അരി. ഒരു കട്ടൻ താടി, ഞാൻ ഒന്ന് മുങ്ങിയിട്ട് വരാം “

” ഏട്ടായി പൊടി തീരാറായിട്ടോ “

“ഉം..മേടിക്കാം നാളത്തെ കൂലി കിട്ടട്ടെ “

” പിന്നേയ് അപ്പച്ചിടെ മോൾടെ കല്യാണം വിളിക്കാൻ വന്നിരുന്നു വരുന്ന പതിനഞ്ചിന് “

” ആാാ പോവാം..എന്നോട് വഴീൽ വച്ചൊരിക്കൽ അപ്പച്ചിയെ കണ്ടപ്പോൾ പറഞ്ഞിരുന്നു ഉറപ്പിച്ചുന്ന് “

“” ഏട്ടായ് ഒരു കാര്യം പറഞ്ഞാൽ സങ്കടവോ “

” പണയം വച്ച താലി മാലേടെ കാര്യം അല്ലേ..പതിനഞ്ചു വരെ ഉണ്ടല്ലോ നോക്കാം ആ ലക്ഷ്മിയേച്ചിടെ അവിടുന്ന് ഇത്തിരി കാശ് ചോദിച്ചു നോക്കാം. അവരുടെ മാവിന്റെ  കൊമ്പ് ചാഞ്ഞു കിടക്കുന്നത് ഒന്ന് വെട്ടി കൊടുക്കാൻ പറഞ്ഞിരുന്നു കഴിഞ്ഞ ആഴ്ച””

” ഏട്ടായ് മോൾടെ കമ്മൽ പണയം വച്ച് എനിക്കൊരു മിഷൻ മേടിച്ചു തര്വോ. അത്യാവശ്യം തയ്യൽ ഒക്കെ പഠിപ്പിച്ചു തരാംന്ന് അന്ന് അങ്ങാടിലെ ബിന്ദു ചേച്ചി പറഞ്ഞിരുന്നു “

“നിനക്ക് മടുത്തോടി പെണ്ണേ ഈ പ്രാരാബ്ദക്കാരന്റെ കൂടെ രണ്ട് മക്കളേം പെറ്റ് “

“അതേയ് ആ വിളക്ക് ഒന്ന് കെടുത്തിയേക്ക്. ഈ മാസത്തെ റേഷൻ മണ്ണെണ്ണ തീർന്നു. ഇനി അടുത്ത മാസേ കിട്ടൂ “

“നീങ്ങി കിടക്കു പെണ്ണേ… ആകെ വിയർത്തിരിക്കുവാ ന്താ ചൂട് വെളിയിൽ “

“ഈ വിയർപ്പിന്റെ രുചി അല്ലേ ഏട്ടായ് എന്റേം നമ്മുടെ മക്കടേം ഏറ്റവും വലിയ രുചിയും ഗന്ധവും പിന്നെ സ്വത്തും “” അതെ ഒന്നൂടെ പ്രസവിക്കുന്നതിൽ എനിക്ക് കുഴപ്പം ഒന്നൂല്ലാട്ടോ “”

“”പക്ഷെ കഴിഞ്ഞ പ്രസവത്തിന്റെ കാശ് കൊടുക്കാതെ പലിശക്കാരൻ രാമുവേട്ടൻ അടുത്ത പ്രസവം നടത്തും ന്ന് തോന്നുന്നില്ല കൊച്ചേ “”

“”സാരല്ല ഏട്ടായ്യേ എല്ലാം ശരിയാവും ന്നെ “””

“” കുഞ്ഞുങ്ങൾ ഉറങ്ങി..പുതപ്പിച്ചു കിടത്തിയിട്ട് ഞാൻ വന്നതേ…ഈ നെഞ്ചിൽ തല ചേർത്ത് വച്ചു സ്വർഗം കാണാനാ “”

“”  പെണ്ണേ..നിനക്ക് എന്നോട് ദേഷ്യം ഉണ്ടോടി? നിന്റെയും മക്കടേം ഒരാഗ്രഹവും സാധിച്ചു തരാൻ……… “””

” എന്റെ ആഗ്രഹം ഇതാ ന്റെ കെട്ട്യോനെ..മരിക്കുവോളം നിങ്ങടെ നെഞ്ചിൽ തന്നെ തല വച്ചു കിടക്കണം ന്ന് മാത്രം..പിന്നെ കാശ് കിട്ടുവാണേൽ നിങ്ങടെ തന്നെ ഒരു മൂന്നെണ്ണത്തിനെ കൂടെ പ്രസവിക്കുകയും വേണം ന്നും “”””