മോള് ചെക്കനെ കണ്ടല്ലോ ? ഇനി ആ മുഖം മൂടി അങ്ങ് മാറ്റിക്കോളീൻ, മോളുടെ മൊഞ്ച് ചെക്കനൊന്ന് കണ്ടോട്ടെ…

Story written by Saji Thaiparambu

==============

പെണ്ണ് കാണാൻ വരുന്നത് ഒരു ഉസ്താദാണെന്ന് അറിഞ്ഞപ്പോഴെ ബാപ്പ കടയിൽ പോയി, എന്റെ അളവ് പറഞ്ഞ് പർദ്ദയും ബുർഖയും വാങ്ങിക്കൊണ്ട് വന്നു.

“മോളേ ഷബ്നാ..ചെക്കൻ വരുമ്പോൾ ഈ പർദ്ദയും ബുർഖയും ഇട്ടോണ്ട് വേണം അയാളുടെ മുന്നിലേക്ക് ചെല്ലാൻ” 

അത് വരെ തലയിൽ പോലും മര്യാദക്ക് തട്ടമിടാതെ നടന്ന ഞാൻ, ചെക്കന്റെ മുന്നിലേക്ക് ചായയുമായി ചെന്നത് , കണ്ണുകൾ പോലും കറുത്ത നെറ്റിട്ട് മൂടിക്കൊണ്ടായിരുന്നു.

“മോള് ചെക്കനെ കണ്ടല്ലോ ? ഇനി ആ മുഖം മൂടി അങ്ങ് മാറ്റിക്കോളീൻ, മോളുടെ മൊഞ്ച് ചെക്കനൊന്ന് കണ്ടോട്ടെ…”

ബ്രോക്കറ് ബീരാൻ എന്നോടാവശ്യപ്പെട്ടു.

“വേണ്ടാ…അതിന് എന്റെ ഉമ്മയും പെങ്ങന്മാരും വരുന്നുണ്ട് , അവര് കണ്ട് ഇഷ്ടപ്പെട്ടാൽ പിന്നെ ഒന്നും നോക്കാനില്ല, നിക്കാഹ് ഉറപ്പിക്കാം”

മുഖം മൂടി മാറ്റാൻ പൊങ്ങിയ എന്റെ കൈ പെട്ടെന്ന് താഴ്ന്നു.

കല്യാണം കഴിഞ്ഞ് കൂടെ പൊറുപ്പിക്കേണ്ടവളുടെ മുഖം പോലും കാണേണ്ടന്ന് പറയുന്ന ആദ്യത്തെ പുരുഷനെ കണ്ട് ഞാൻ അന്തം വിട്ടു.

എന്നെ കണ്ടില്ലെങ്കിലും ഞാൻ കണ്ടിരുന്നു, ചുവന്ന് തുടുത്ത മുഖത്തിന് ചുറ്റും ഫൗണ്ടേഷൻ പോലെ കറുത്തമിനുസമുള്ള കട്ടിത്താടിയും , ഗോപുരം പോലത്തെ തലപ്പാവുമുള്ള ആ സുമുഖനെ…

അതിന് ശേഷം രണ്ട് ദിവസം കൂടി കഴിഞ്ഞിട്ടാണ് , അദ്ദേഹത്തിന്റെ ഉമ്മയും പെങ്ങൻമാരും വന്നത്.

അവരുടെ മുന്നിൽ ചുരിദാറും ഷാളുമണിഞ്ഞാണ് ഞാൻ നിന്നത്.

“മുടി തീരെ കുറവാണ് അല്ലേ ഉമ്മാ”

പൂവൻകോഴിയുടെ അങ്കവാല് പോലുള്ള എന്റെ മുടിയിൽ പിടിച്ച് വലിച്ചിട്ട്, യാതൊരു ദാക്ഷിണ്യവുമില്ലാതെ പെങ്ങൻമാരിൽ ഒരാൾ  കുറ്റം പറഞ്ഞപ്പോൾ, എനിക്ക് അരിശം വന്നെങ്കിലും, ഉമ്മയുടെ ദയനീയ നോട്ടം കണ്ട് ഞാൻ സ്വയമടങ്ങി.

“ആ കാലൊന്ന് നീട്ടിക്കേ മോളേ..നീര് വല്ലതുമുണ്ടോന്ന് നോക്കാനാ”

നീര് നിങ്ങടെ കെട്ടിയോനല്ലേ ? ഞാൻ കണ്ടിരുന്നു , മകനോടൊപ്പം പെണ്ണ് കാണാൻ വന്ന ആ മന്തൻ കാലനെ.

തികട്ടി വന്ന രോഷം, കടിച്ചമർത്തി കൊണ്ട് ഞാൻ മനസ്സിൽ പറഞ്ഞു.

സ്വർണ്ണപ്പാദസരമണിഞ്ഞ, മനോഹരമായ എന്റെ കണങ്കാലുകൾ , അവരുടെ മുന്നിലേക്ക് അഭിമാനത്തോടെ ഞാൻ നീട്ടിക്കാണിച്ചു.

“എന്നാൽ പിന്നെ ഞങ്ങളിറങ്ങട്ടെ, ചെന്നിട്ട് വിളിച്ച് പറയാം”

എന്നെക്കുറിച്ച് അഭിപ്രായമൊന്നും പറഞ്ഞില്ലെങ്കിലും, കഴിക്കാൻ കൊടുത്ത അരിപ്പത്തിരിയും , ഇടിയപ്പവും , കോഴിക്കറിയും, ബീഫ് റോസ്റ്റുമൊക്കെ അവർക്ക് ഒത്തിരി ഇഷടപ്പെട്ടെന്ന് , തീറ്റി കഴിഞ്ഞ് വിരല് നക്കി തുടക്കുന്നത് കണ്ടപ്പോൾ എനിക്ക് മനസ്സിലായിരുന്നു.

“അവർക്ക് പെണ്ണിനെ ബോധിച്ചു, കല്യാണം ഉടനെ നടത്തണോന്നും പറഞ്ഞു.”

പിറ്റേന്ന് രാവിലെ ബ്രോക്കറ് വീട്ടിൽ വന്ന് പറഞ്ഞിട്ട്, ബാപ്പാടെ കയ്യീന്ന് ചെലവ് കാശും വാങ്ങി തിരിച്ച്പോയി.

അധികം താമസിയാതെ കല്യാണ ദിവസമെത്തി.

ചെക്കന്റെ പെങ്ങന്മാര് കൊണ്ട് വന്ന കല്യാണവസത്രമണിഞ്ഞ് കണ്ണാടിയിൽ നോക്കിയിട്ട്, എനിക്ക് തന്നെ എന്നെ മനസ്സിലാകുന്നില്ലായിരുന്നു.

അദ്ദേഹം എന്റെ കയ്യിലേക്ക് മഹറായി വച്ച് തന്ന താലിമാല , മൂത്ത പെങ്ങളാണ്, എന്റെ തല വഴി കഴുത്തിലേക്കിട്ട് തന്നത്.

എന്തായാലും എല്ലാ ബഹളങ്ങളും കഴിഞ്ഞ്, രാത്രിയിൽ എന്റെ വീട്ടിലെത്തി ആടയാഭരങ്ങളൊക്കെ അഴിച്ച് വച്ച്, കോട്ടന്റെ റ്റു പീസ് എടുത്ത് ധരിച്ചപ്പോഴാണ്, എനിക്ക് കുറച്ച് ആശ്വാസം കിട്ടിയത്.

“നീയിനി ഈ വേഷവും ധരിച്ചോണ്ട് പുതിയാപ്ളേടെ മുന്നിലോട്ട് ചെന്നേക്കരുത്, പുള്ളിക്കാരന് ഇതൊന്നും ചിലപ്പോൾ ഇഷ്ടമായെന്ന് വരില്ല”

ഉമ്മ പേടിയോടെ എന്നോട് പറഞ്ഞു.

“അങ്ങനൊന്നുമുണ്ടാവില്ലുമ്മാ..ഉമ്മാ വെറുതെ ബേജാറാവണ്ട”

അതും പറഞ്ഞ്, ഉമ്മ തന്ന ഹോർലിക്സടിച്ച ചൂട് പാലും, പുഴുങ്ങിയ താറാമുട്ടയുമായി ഞാൻ മണിയറയിലേക്ക് ചെന്നു.

അവിടെ കയ്യുള്ള ഇന്നർ ബനിയനും , സ്റ്റിക്കറ് ഉലിച്ച് കളയാത്ത പുതിയ കൈലിമുണ്ടും ഉടുത്ത് കൊണ്ട്, മണവാളൻ അക്ഷമനായി കട്ടിലിലിരിപ്പുണ്ടായിരുന്നു.

തലപ്പാവും നീളൻ കൈയ്യുള്ള കുപ്പായവുമില്ലാതെ ഒരു ഉസ്താതിനെ ആദ്യമായി കണ്ടപ്പോൾ, എനിക്ക് വല്ലാത്ത നാണം തോന്നി.

മുഖത്ത് നോക്കാതെ അദ്ദേഹത്തിന്റെ നേരെ ഞാൻ പാൽ ഗ്ളാസ്സ് നീട്ടിപ്പിടിച്ചു.

“ഇങ്ങോട്ടിരിക്കു ഷബ്നാ”

അപ്രതീക്ഷിതമായിട്ടായിരുന്നു, പാല് വാങ്ങി മേശപ്പുറത്ത് വച്ചിട്ട് , പുള്ളിക്കാരൻ എന്റെ കയ്യിൽ പിടിച്ച് കട്ടിലിലേക്ക് എന്നെ ഇരുത്തിയത്.

“എന്നോട് ഇത്രയും ബഹുമാനമൊന്നും വേണ്ട കെട്ടോ? ഈ മണിയറയിൽ കുറച്ച് സ്വാതന്ത്ര്യമൊക്കെയാവാം”

സംശയ നിവാരണത്തിനായി, ഞാനാ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.

“എന്താ ഇങ്ങനെ നോക്കുന്നത്”

“അല്ലാ…ഞാനൊരു സംശയം ചോദിച്ചോട്ടെ , അന്ന് പെണ്ണ് കാണാൻ വന്നപ്പോൾ, എന്നെ കാണാതെ തന്നെ പറഞ്ഞില്ലേ ?ഉമ്മയും പെങ്ങന്മാരും കണ്ടിഷ്ടപ്പെട്ടാൽ നിക്കാഹ് നടത്താമെന്ന്, അപ്പോൾ  എന്നെ കാണാൻ സുന്ദരിയായിരിക്കുമോ? എന്ന ഉത്ക്കണ്ഠ ,അല്പം പോലും നിങ്ങളുടെ മനസ്സിൽ ഉണ്ടായിരുന്നില്ലേ?

“ഹ ഹ ഹ ,അതോ ? ആര് പറഞ്ഞു ഞാൻ ഷബ്നയെ കണ്ടിട്ടില്ലെന്ന്, ഞാനവിടുത്തെ പള്ളിയിലേക്ക് വന്നിട്ട് രണ്ട് മാസമേ ആയിട്ടുള്ളു എങ്കിലും , താൻ ഇടയ്ക്ക് ഇവിടുത്തെ ഒരു കുട്ടിയുമായി മദ്റസയിലേക്ക് വരുന്നതും , പോകുന്നതും പള്ളിയുടെ മട്ടുപ്പാവിലിരുന്ന് കൊണ്ട്, ഞാൻ കാണുന്നുണ്ടായിരുന്നു , ആദ്യം കണ്ടത് അവിചാരിതമായിട്ടാണെങ്കിലും, പിന്നെ ഞാൻ കണ്ടതൊക്കെയും മനപ്പൂർവ്വമായിരുന്നു , അങ്ങനെ കണ്ട് കണ്ട്, ഇനി കാണാതിരിക്കാൻ കഴിയില്ലെന്ന് ഉറപ്പായപ്പോഴാണ്, ബ്രോക്കറ് ബീരാനുമായി ഞാൻ പെണ്ണ് കാണാൻ വന്നത് , പിന്നെ നടന്നതൊക്കെ എന്റെ ഒരു തരം ജാഡയല്ലായിരുന്നോ , വെറും അഭിനയം , എന്താ ഞങ്ങൾ ഉസ്താദ് മാർക്ക് ഇതൊന്നും പാടില്ലെന്നുണ്ടോ?

സത്യത്തിൽ , അതെല്ലാം കേട്ട് ഞാൻ മരവിച്ചിരിക്കുകയായിരുന്നു.

അതോടെ ,പതിയെ പതിയെ അദ്ദേഹത്തിന്റെ ആലിംഗനത്തിൽ അകപ്പെട്ടു പോയ, എന്റെ മനസ്സിൽ നിന്നും , ആശങ്കകൾ ഒന്നൊന്നായി ഒഴിഞ്ഞ് പൊയ്കഴിഞ്ഞിരുന്നു.

~സജി തൈപറമ്പ്