സൈമണിന്റെ അമ്മ ആനിയുടെ വാക്കുകൾ കൂടിയായപ്പോൾ കിളി പോയ അവസ്ഥയായി വിൻസെന്റിന്…

സൈക്കോ സൈമൺ

Story written by Prajith Surendrababu

============

“നോക്കു സൈമൺ ഞാൻ ഡോക്ടർ വിൻസെന്റ്. സൈക്കാട്രിസ്റ്റ് ആണ്. സൈമണിന് എന്ത് വേണേലും എന്നോട് തുറന്ന് പറയാം..മനസ്സ് തുറന്ന് എന്നോട് സംസാരിക്കാം . “

“എന്താണ് ഡോക്ടർ ഞാൻ സംസാരിക്കേണ്ടത്. അങ്ങിനെ ഡോക്ടർ നെ കണ്ട് സംസാരിക്കുവാനും മാത്രം എന്ത് പ്രശ്നമാണ് എനിക്കുള്ളത്. ഒന്നും  മനസ്സിലാകുന്നില്ല. എന്തിനാണ് ഒരു സൈക്കാട്രിസ്റ്റ് ആയ നിങ്ങളുടെ മുന്നിലേക്ക്  എന്നെയവർ കൊണ്ട് വന്നത്…ഒന്നും..ഒന്നും എനിക്ക് മനസ്സിലാകുന്നില്ല.”

അസ്വസ്ഥനായുള്ള സൈമണിനെ ആ മറുപടി കേൾക്കെ പതിയെ ശാന്തനായി എഴുന്നേറ്റ് അവനരികിലേക്ക് ചെന്നു ഡോക്ടർ വിൻസെന്റ്.

“നോക്കു സൈമൺ. നിങ്ങളെ ഒരു രോഗിയായല്ല ഞാൻ കാണുന്നത് അതുപോലെ തന്നെ എന്നെ ഒരു ഡോക്ടർ ആയും കാണേണ്ട. ഒരു നല്ല സുഹൃത്തായി കാണു. നിങ്ങടെ മനസ്സിലുള്ളത് എന്തും എന്നോട് തുറന്ന് പറയാം. എന്തൊക്കെയോ ചിലത് സൈമണിന്റെ മനസ്സിനെ അലട്ടുന്നുണ്ട്. സൈമണിന്റെ പ്രവർത്തികൾ പലതും അസാധാരണമായാണ് കൂടെയുള്ളവർക്ക് തോന്നുന്നത്. അതൊക്കെയാണ്‌ ഇവിടെ ഇപ്പോൾ നിങ്ങൾ എത്തുവാൻ കാരണം. നമുക്ക് ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാം. ഒരു പക്ഷെ സൈമണും അതൊരു ആശ്വാസമായേക്കും.”

ഡോക്ടർ ടെ വാക്കുകളിൽ പ്രതീക്ഷയുടെ കണികകൾ കണ്ട് പതിയെ എഴുന്നേറ്റു സൈമൺ

“ഡോക്ടർ പറഞ്ഞത് ശരിയാണ്. എന്നെ ഒരു പ്രശ്നം അലട്ടുന്നുണ്ട്. എന്റെ ഉറക്കം കളയുന്നുണ്ട്..മറ്റൊന്നുമല്ല എനിക്ക് കിട്ടിയ സൈക്കോ എന്ന വിളിപ്പേര്. ഒരുപക്ഷെ ആ ഒരു പേരിൽ ആകാം  എന്റെ വീട്ടുകാർ പോലും എന്നെ ഡോക്ടറിനു പരിചയപ്പെടുത്തിയത്. സത്യമല്ലേ “

ആ ചോദ്യം കേട്ട് ഒന്ന് പുഞ്ചിരിച്ചു വിൻസെന്റ്.

“നോക്കു സൈമൺ മറ്റുള്ളോർ എന്ത് പറയുന്നു എന്നത് കേട്ടല്ല ഞാൻ ഒരാളെ വിലയിരുത്തുന്നത്. എന്റെ മുന്നിൽ വരുന്ന ഓരോ ആളിനെയും സ്വയം മനസ്സിലാക്കിയാണ് ഞാൻ വിലയിരുത്തുന്നത്. ഈ സൈക്കോ എന്ന വിളിപ്പേര് സൈമണിനു കിട്ടിയത് എങ്ങിനെ..അതൊന്നു പറയാമോ…”

ഡോക്ടറുടെ ചോദ്യത്തിന് ഒരു നിമിഷം മൗനമായി സൈമൺ ശേഷം തുടർന്നു.

“ഡോക്ടർ നമുക്ക് ശരിയല്ല എന്ന് തോന്നുന്ന ഒരു കാര്യത്തിനെതിരെ അല്ലേൽ നമുക്ക് ഇഷ്ടമല്ലാത്ത ഒരു കാര്യത്തിനെതിരെ  പ്രതികരിക്കാൻ എല്ലാവരും എപ്പോഴും തയ്യാറാകുമോ…അല്ലെങ്കിൽ കഴിയുമോ…ഒരിക്കലും ഇല്ല, അല്ലെ…എന്നാൽ ഞാൻ അത് ചെയ്യുന്നു. അതുപോലെ തന്നെ മറ്റുള്ളവരുടെ ആഗ്രഹങ്ങൾ നടപ്പിലാക്കുവാൻ എല്ലാരും ശ്രമിക്കാറുണ്ടോ…ഇല്ല…പക്ഷെ അതും ഞാൻ ചെയ്യാറുണ്ട്. ഈ പ്രവർത്തികൾ ആണ് ചുറ്റുമുള്ളവർ എന്നിൽ കാണുന്ന പോരായ്മ. അങ്ങിനെയാണ് സൈക്കോ എന്ന വിളിപ്പേര് എല്ലാവരും കൂടി എനിക്ക് ചാർത്തിയത്”

ഒന്ന് തിരിയുമ്പോൾ ഒന്നും വ്യക്തമാക്കാതെ തന്നെ നോക്കി നിൽക്കുന്ന ഡോക്ടറുടെ മുഖത്തേക്ക് തന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു സൈമൺ.

“സമൂഹത്തിൽ എനിക്ക് ഇഷ്ടമല്ലാത്ത കാര്യങ്ങൾക്കെതിരെ ഞാൻ പ്രതികരിക്കുന്നു. ഒപ്പം പ്രതികരിക്കുവാൻ കഴിയാത്ത മറ്റുള്ളവർക്ക് വേണ്ടിയും. മറ്റു പലരുടെയും ആഗ്രഹങ്ങൾ നടപ്പിലാക്കി കൊടുക്കുന്നു. ഇതൊക്കെയാണ് ഞാൻ ചെയ്ത തെറ്റുകൾ. ഇത്തരം പ്രവർത്തികൾക്ക് സൈക്കോ എന്ന വിളിപ്പേര് എങ്ങിനെ അനുയോജ്യം ആകും ഡോക്ടർ. മനുഷ്യർ പരസ്പരം ഇങ്ങനെ സഹായിക്കുന്നത് അത്ര വലിയ തെറ്റാണോ “

ആ ചോദ്യം ഒരു നിമിഷം വിൻസെന്റിനെയും കുഴപ്പിച്ചു.

‘ഇയാളുടെ വാക്കുകൾ വളരെ കഴമ്പേറിയതാണ്. ഒപ്പം ഒരു പതറൽ പോലുമില്ല…നോർമലായ സാമൂഹിക പ്രതിബദ്ധതയുള്ള ഒരു ചെറുപ്പക്കാരൻ അതിനപ്പുറം എന്താണ് ഇയാളുടെ പ്രശ്നം. പിന്നെ എങ്ങിനെ ഇയാള് എനിക്കരികിൽ എത്തി..ഇനി ഇയാളെ ഒരു മാനസിക രോഗി എന്ന് മുദ്ര കുത്തി മറ്റെന്തെങ്കിലും നേടിയെടുക്കുവാനുള്ള ബന്ധുക്കളുടെ ശ്രമമാണോ ഇത്.’

അനവധി ചിന്തകൾ അയാളുടെ മനസ്സിലൂടെ മിന്നി മാഞ്ഞു. വീണ്ടും സൈമണിനോട് പലതും സംസാരിച്ചു വിൻസെന്റ്. പക്ഷെ വളരെ പക്വതയാർന്ന അയാളുടെ മറുപടികൾ..സൗമ്യമായ പെരുമാറ്റം..എല്ലാം കാൺകെ അല്പനേരം ചിന്താകുലനായി തന്നെ നിന്നു വിൻസെന്റ്. ശേഷം പതിയെ സൈമണിന്റെ അരികിലേക്ക് ചെന്നു.

“സൈമൺ..എനിക്ക് മനസ്സിലാകുന്നുണ്ട് നിങ്ങളെ, പക്ഷെ ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരത്തിലേക്കെത്തുവാൻ നിങ്ങളെ ഇവിടെ കൊണ്ട് വന്നവരോട് കൂടി എനിക്ക് ഒന്ന് സംസാരിക്കണം, സൈമൺ അല്പസമയം ഒന്ന് പുറത്തേക്കിറങ്ങി അവരെ ഇവിടെക്ക് വിടാവോ “

“ഉറപ്പായും ഡോക്ടർ”

പുഞ്ചിരിയോടെ അവൻ പുറത്തേക്ക് പോകുമ്പോൾ സംശയത്തോടെ തന്നെ നോക്കി നിന്നു വിൻസെന്റ്. നിമിഷങ്ങൾക്കകം പുറത്ത് നിന്നിരുന്ന സൈമണിന്റെ വീട്ടുകാർ അകത്തേക്കെത്തി. പുഞ്ചിരിയോടെ അവരെ ഇരുത്തി തന്റെ ചെയറിലേക്ക് ഇരുന്നു വിൻസെന്റ്

“നിങ്ങൾ സൈമണിന്റെ ആരൊക്കെയാണ് “

“ഞാൻ അവന്റെ അച്ഛനാണ് വറീത്. ഇത് അമ്മ മേരി, പിന്നെ കൂടെ ഉള്ള ഇവർ അവന്റെ അടുത്ത സുഹൃത്തുക്കൾ ആനന്ദും ജോസും. “

മറുപടി കേട്ട് എല്ലാവരെയും നോക്കി ഒന്ന് പുഞ്ചിരിച്ചു വിൻസെന്റ്.

“നോക്കു മിസ്റ്റർ വറീത്..എന്താണ് സൈമണിൽ നിങ്ങൾ കാണുന്ന പ്രശ്നങ്ങൾ. അയാളുമായി ഞാൻ കുറച്ചു നേരം സംസാരിച്ചു. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇന്നത്തെ തലമുറയിൽ ഇനിയും അടിമപ്പെടാത്ത ഒരു ചെറുപ്പക്കാരൻ. അതിനപ്പുറം എന്താണ് അയാൾക്കുള്ള പ്രശ്നം “

വിൻസെന്റിന്റെ വാക്കുകൾ കേട്ട് വറീത് മാത്രമല്ല കൂടെയുള്ളവരും വാ പൊളിച്ചു

“ങേ…ഇതെന്നതാ ഡോക്ടർ ഈ പറയുന്നേ ഒന്ന് തെളിച്ചു പറയെന്നെ.. “

“ഓക്കേ..നോക്കു..ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കണ്മുന്നിൽ കാണുമ്പോൾ പ്രതികരിക്കുന്നതാണോ അയാളിൽ നിങ്ങൾ കണ്ട തെറ്റ്..അതോ പ്രതികരിക്കുവാൻ കഴിയാതെ പോകുന്ന അല്ലെങ്കിൽ  പ്രതികരിക്കുവാൻ പേടിക്കുന്നവർക്കായി മുന്നിട്ടിറങ്ങുന്നതോ..അതുമല്ല മറ്റുള്ളവരുടെ ആഗ്രഹങ്ങൾ നടപ്പിലാക്കുന്നതോ…ഇതൊക്കെ ഒരു തെറ്റാണോ..നിങ്ങൾ പറയണം “

വിൻസെന്റിന്റെ ഒച്ച അൽപ്പം ഉയർന്നിരുന്നു.

” ഡോക്ടർ…നിങ്ങൾ എന്നതൊക്കെയാ ഈ പറയുന്നേ. അവൻ നല്ല മുഴുത്ത ഭ്രാന്തനാ. അവന്റെ കാട്ടിക്കൂട്ടലുകൾ എന്നതൊക്കെയാണ് ന്ന് അറിഞ്ഞാൽ ഡോക്ടർ ഞെട്ടും “

വറീതും വിട്ടു കൊടുത്തില്ല.

“എന്ത് കാട്ടിക്കൂട്ടലുകൾ…എനിക്കെന്തോ സൈമണിനെ ഒരു പ്രശ്നക്കാരനാക്കി ചിത്രീകരിക്കുവാൻ ആരൊക്കെയോ മനഃപൂർവം ശ്രമിക്കുന്നതായി ഒരു തോന്നൽ ഉണ്ട്.”

മുന്നവച്ചുള്ള വിൻസെന്റിന്റെ വാക്കുകൾ കേട്ട് വറീതിനു കലിയിളകി

“ഒ-ലക്കേട മൂഡ്…താനെന്തുവാടോ ഊവേ ഈ പറയുന്നേ “

ആ അപ്രതീക്ഷിത മറുപടിയിൽ വിൻസെന്റ് ഒന്ന് നടുങ്ങി.

“എടോ ഡോക്ടറെ..രൂപ നാൽപ്പത്തിനായിരം  ചൊള പോലെ എണ്ണിക്കൊടുത്തു ഞാൻ വാങ്ങിയ നല്ല ഒന്നാന്തരം റോട്ട് വീലർ ഡോഗ്. ഒരു മാസമേ ആയുള്ളൂ അതിനെ വീട്ടിൽ കൊണ്ട് വന്നേച്ച്. പാതിരാത്രി എന്തോ കണ്ടുള്ള അവന്റെ കുര സഹിക്കാൻ വയ്യാണ്ട് ഇവന്റെ അണ്ണാക്കിൽ വല്ല ടാറും ഒരുക്കി ഒഴിച്ചിരുന്നേൽ മനസമാധാനത്തോടെ മനുഷ്യനൊന്ന് കിടന്നുറങ്ങാരുന്നു ന്ന് അറിയാതെ ഞാൻ ഒന്ന് പറഞ്ഞു പോയി..പിറ്റേന്ന് രാവിലെ നോക്കുമ്പോ പ-ട്ടി കൂട്ടില് ചത്ത് മലച്ചു കിടക്കുവാ..എങ്ങിനാ ച-ത്തെ…… ഈ എരണം കെട്ടവൻ സ്വന്തം അപ്പന്റെ ആഗ്രഹം നടപ്പിലാക്കി. പാതിരാത്രി എവിടെങ്ങാണ്ടോ റോഡ് പണി നടക്കുന്ന സ്ഥലം തേടി പിടിച്ചു പോയി ടാറ് എടുത്തോണ്ട് വന്ന് അത് ഉരുക്കി പ-ട്ടി ടെ അണ്ണാക്കിൽ ഒഴിച്ചേക്കുന്നു….ഇതാണോ ഡോക്ടറെ നിങ്ങൾ പറഞ്ഞ പ്രതികരണ ശേഷി..സഹായ മനോഭാവം…….?”

” ങേ…! “

ആ വാക്കുകൾ കേട്ട് ഒരു നിമിഷം അന്ധാളിച്ചു പോയി വിൻസെന്റ്

“എന്റെ പൊന്ന് ഡോക്ടറെ ഇത് മാത്രമല്ല..ഇനീമുണ്ട് സംഭവങ്ങൾ “

അടുത്തത് സൈമണിന്റെ സുഹൃത്ത് ആനന്ദിന്റെ ഊഴമായിരുന്നു

“ഇത്തവണത്തെ ഞങ്ങടെ ക്ലബ്ബിന്റെ ഓണാഘോഷത്തിന്റെ അന്ന് കുട്ടികൾക്കായി സംഘടിപ്പിച്ച കരച്ചിൽ മത്സരത്തിനിടക്ക് ഒരു കൊച്ചിന്റെ ചെ-കിട് അടിച്ച് പൊകച്ചു ഇവൻ. കരച്ചിൽ മത്സരത്തിനു പങ്കെടുക്കാൻ വന്നിട്ട് ആ ചെക്കൻ നേരാവണ്ണം കരഞ്ഞില്ല പോലും, അതവന് ഇഷ്ടപ്പെട്ടില്ല..കൊച്ചിന്റെ പല്ല് രണ്ടെണ്ണമാ പോയെ “

“അതുമാത്രമല്ല ഡോക്ടറെ…റോഡിൽ ബൈക്കിൽ അഭ്യാസം കാണിച്ച ഏതോ ഒരു ചെക്കൻ അത് കണ്ട് നിന്ന ഏതോ ഒരു കിളവൻ പറഞ്ഞു പോലും ഇവന്റെയൊക്കെ ചന്തീന്മേല് ചട്ടുകം പൊള്ളിച്ചു വച്ചാലെ ഈ ക–ഴ-പ്പ് തീരുള്ളുന്ന്. എന്റെ പൊന്ന് സാറേ അടുക്കളെൽ ഇരുന്ന ചട്ടുകം വന്നെടുത്തോണ്ട് പോയപ്പോ ഞാൻ ചോദിച്ചതാ എവിടെ കൊണ്ട് പോകുവാ ന്ന്..ദേ ഇപ്പോ കൊണ്ട് വരാം അമ്മച്ചി ന്ന് പറഞ്ഞു ഒറ്റ പോക്ക് പോയി..പിന്നെ പോലീസ് വീട്ടിൽ വന്നപ്പോഴാ കാണിച്ചു കൂട്ടിയ ക–ഴുവേ-റിത്തരം ഞങ്ങൾ അറിഞ്ഞേ…ഇതൊക്കെയാണോ ഡോക്ടറെ നിങ്ങള് പറഞ്ഞ പ്രതികരണ ശേഷി”

സൈമണിന്റെ അമ്മ ആനിയുടെ വാക്കുകൾ കൂടിയായപ്പോൾ കിളി പോയ അവസ്ഥയായി വിൻസെന്റിന്

“ഇതുമാത്രമല്ല ഡോക്ടർ ഇനീമുണ്ട്  “

അപ്പോഴേക്കും അടുത്ത ചങ്ങാതി ജോസ് എന്തോ പറയാൻ തുനിഞ്ഞു

“അയ്യോ വേണ്ടായേ…ഇത്രയും കേട്ടിടത്തോളം മതി “

അവനെ പറയുവാൻ സമ്മതിക്കാതെ ഇടക്ക് കേറി വിൻസെന്റ്.

‘ഇഷ്ടപ്പെടാത്ത കാര്യങ്ങൾ കണ്ടാൽ അല്ലെങ്കിൽ പ്രതികരിക്കുവാൻ കഴിയാത്ത മറ്റുള്ളവർക്ക് വേണ്ടി പ്രതികരിക്കുന്നത്. മറ്റുള്ളവരുടെ ആഗ്രഹങ്ങൾ നടപ്പിലാക്കി കൊടുക്കുന്നത് ഒരു തെറ്റാണോ ഡോക്ടർ ‘

സൈമൺ അല്പം മുൻപ് പറഞ്ഞ വാക്കുകൾ ആണ് വിൻസെന്റിന്റെ കാതുകളിൽ മുഴങ്ങിയത്.

‘ഹമ്മോ…സൈക്കോ..എക്സ്ട്രീം ലെവൽ…’

പതിയെ പിറുപിറുത്തു അയാൾ. തലമണ്ട പെരുക്കുന്നത് പോലെ തോന്നി വിൻസെന്റിന്

അപ്പോഴേക്കും ഡ്യൂട്ടി നേഴ്‌സ് ഓടിക്കിതച്ച് റൂമിലേക്ക് വന്നു

“ഡോക്ടർ…ഡോക്ടർ..ഒന്ന് വേഗം വരൂ..അവിടെ പുറത്ത് ദേ ഒരുത്തൻ ഡിസ്ചാസർജ് ആയി പോകാനൊരുങ്ങിയ പേഷ്യന്റിന്റെ കാല് തല്ലി ഓടിച്ചു.. “

” ങേ..!!! “

“കർത്താവേ..അതാര് …എന്തിനു… “

വിൻസെന്റ് ചാടി എഴുന്നേറ്റപ്പോഴും ആ നഴ്സിന്റെ കിതപ്പ് മാറിയിരുന്നില്ല

“ഒന്നും അറിയില്ല ന്റെ ഡോക്ടറേ…അയാളോട് ചോദിച്ചപ്പോ പറയുവാ ട്രീറ്റ്മെന്റ് കഴിഞ്ഞു പോയ ആ പേഷ്യന്റ് പറയുന്നത് കേട്ടു ന്ന് ഇവിടുത്തെ ഈ നല്ല അന്തരീക്ഷവും സ്റ്റാഫുകളുടെ സ്നേഹപരമായ പെരുമാറ്റവും ഒക്കെ കൂടി കാണുമ്പോൾ അയാൾക്ക് ഇവിടുന്ന് പോകാനേ മനസ്സ് വരുന്നില്ലെന്ന്..അത് കേട്ട് അയാളുടെ ആഗ്രഹം നടത്തിക്കൊടുക്കാൻ ചെയ്തതാ ത്രേ..വേഗം അകത്ത് കൊണ്ട് പോയി അഡ്മിറ്റ് ആക്കാൻ പറയുവാ..”

“എന്റെ കർത്താവേ….സൈമൺ “

അറിയാതെ തലേൽ കൈ വച്ചു പോയി വിൻസെന്റ്. കിളിപ്പോയ അവസ്ഥയിൽ ആയിരുന്നു സൈമന്റെ വീട്ടുകാരും.

” ആ പ-ര നാ-റിയെ പിടിച്ചു കെട്ടി ഷോക്ക് റൂമിൽ കൊണ്ട് കിടത്ത് വേഗം. “

വെപ്രാളത്തിൽ ഇറങ്ങി ഓടിയ വിൻസെന്റ് വാതുക്കൽ എത്തിയപ്പോൾ ഒന്ന് നിന്ന് വറീതിനു നേരെ തിരിഞ്ഞു

“എടോ വറീതെ..ഈ കൊ-ലയിൽ ഇനി വേറെ ഉണ്ടോ..അതോ ഇത് ഒരെണ്ണം മാത്രേ ഉള്ളോ “

“ഒരു മോനൂടെ ഉണ്ട് ഡോക്ടർ സ്റ്റേറ്റ്സിൽ ആണ്. ഇന്ന് വൈകുന്നേരം അവൻ നാട്ടിലെത്തും “

“എന്റെ കർത്താവേ… “

വീണ്ടും തലേൽ കയ്യും വച്ച് വിൻസെന്റ് പുറത്തേക്ക് ഓടുമ്പോൾ വിളറി വെളുത്തു പരസ്പരം നോക്കി നിന്നു സൈമണിന്റെ കുടുംബം…