രാജേട്ടൻ പോകാൻ നേരം എന്നോട് പ്രത്യേകം പറഞ്ഞതാ, ഇപ്പുറത്തേക്ക് ഒരു കണ്ണ് വേണമെന്ന്, അപ്പോൾ ശരി ചേച്ചീ…

Story written by Saji Thaiparambu

===========

“ചേട്ടൻ തിരിച്ച് വരാനായില്ലേ ചേച്ചീ”

മോളെ ഓട്ടോറിക്ഷയിലേക്ക് കയറ്റുമ്പോഴായിരുന്നു, അശോകന്റെ ചോദ്യം.

“ഓഹ് ഇല്ല അശോകാ..പുള്ളിക്കാരൻ ഇപ്രാവശ്യവും വരുന്ന ലക്ഷണമില്ല, കമ്പനിക്ക് പുതിയ പ്രോജക്റ്റുകൾ ഉള്ളത് കൊണ്ട് ലീവ് കിട്ടുന്നില്ലെന്നാ പറയുന്നത്”

“രാജേട്ടൻ പോയിട്ട് ഇപ്പോൾ രണ്ട് വർഷമായില്ലേ?

“ങ്ഹാ അശോകന് പോലും അത് ഓർമ്മയുണ്ട്, എന്നിട്ട് ഞാനിന്നലെ അത് പറഞ്ഞപ്പോൾ, പുള്ളിക്കാരൻ ചോദിക്കുവാ അത്രേം ആയോന്ന്”

അതും പറഞ്ഞ് ശ്യാമള കുലുങ്ങിച്ചിരിച്ചപ്പോൾ അശോകന്റെ കണ്ണുകൾ അവളുടെ മേനിയഴക് അളക്കുന്ന തിരക്കിലായിരുന്നു.

“മോളേ…പിടിച്ചിരുന്നോ, അശോകാ…റോഡിൽ വല്ലാത്ത തിരക്കാണ്, സൂക്ഷിച്ച് പോണേ…ഇനി വൈകുന്നേരം ഈ കൊച്ച് തിരിച്ച് വരുന്നത് വരെ ഉള്ളിലൊരാധിയാണ്”

“അത് പിന്നെ, ഞാൻ നോക്കാതിരിക്കുമോ , രാജേട്ടൻ പോകാൻ നേരം എന്നോട് പ്രത്യേകം പറഞ്ഞതാ, ഇപ്പുറത്തേക്ക് ഒരു കണ്ണ് വേണമെന്ന്, അപ്പോൾ ശരി ചേച്ചീ”

മോളേയും കൊണ്ട് അശോകന്റെ ഓട്ടോറിക്ഷ, കൺവെട്ടത്ത് നിന്ന് മറഞ്ഞതിന് ശേഷമാണ്, ശ്യാമള അകത്തേയ്ക്ക് കയറിയത്.

അശോകൻ, രണ്ട് വീടുകൾക്കപ്പുറത്ത് താമസിക്കുന്നയാളാണ്. അറിയാവുന്ന ആളായത് കൊണ്ടാണ് മോളെ അയാളുടെ ഓട്ടോറിക്ഷയിൽ തന്നെ വിട്ടാൽ മതിയെന്ന് രാജൻ ശ്യാമളയോട് പറഞ്ഞത്.

അടുക്കളയിലേക്ക് ചെന്ന ശ്യാമള എച്ചിൽ പാത്രങ്ങൾ കഴുകി വൃത്തിയാക്കുമ്പോഴാണ്, ബെഡ്റൂമിലിരുന്ന മൊബൈൽ ബെല്ലടിക്കുന്നത് കേട്ടത്.

കൈ കഴുകി നൈറ്റിയിൽ തുടച്ചിട്ട് അവൾ ഫോൺ അറ്റന്റ് ചെയ്തു.

“ചേച്ചീ ഇത് ഞാനാ, ശ്രീജ”

അശോകന്റെ ഭാര്യയായിരുന്നു അത്.

“എന്താ ശ്രീജേ രാവിലെ, വിശേഷം വല്ലതുമായോ?”

ശ്യാമള ജിജ്ഞാസയോടെ ചോദിച്ചു.

“അതല്ല ചേച്ചീ..തിരക്കില്ലെങ്കിൽ എനിക്ക് ചേച്ചിയോട് കുറച്ച് കാര്യങ്ങൾ പറയാനുണ്ടായിരുന്നു”.

“അതിനെന്താ പറഞ്ഞോ ശ്രീജേ…ഞാനിപ്പോൾ ഫ്രീയാണ്”

ശ്രീജ പറഞ്ഞ കാര്യങ്ങൾ ശ്യാമള അമ്പരപ്പോടെയാണ് കേട്ടത്.

അപ്പോഴേക്കും കോളിംഗ് ബെല്ലിന്റെ മുഴക്കം കേട്ടു .

“ങ്ഹാ ശ്രീജേ…ആരോ വന്നിട്ടുണ്ട് ഞാൻ പിന്നെ വിളിക്കാം”

ശ്യാമള ഫോൺ കട്ട് ചെയ്തിട്ട്, മുൻ വശത്തേക്ക് വന്ന് കതക് തുറന്നു.

“അശോകനായിരുന്നോ?എന്താ അശോകാ?”

ആകാംക്ഷയോടെ ശ്യാമള ചോദിച്ചു.

“ചേച്ചീ..ഇവിടെ കാറ് വാഷ് ചെയ്യുന്ന ഒരു പമ്പ് ഉണ്ടായിരുന്നല്ലോ, രാജേട്ടൻ ഗൾഫീന്ന് കൊണ്ട് വന്നത്, അതൊന്ന് വേണമായിരുന്നു”

“ഉവ്വ് , അത് ബെഡ് റൂമില്, കട്ടിലിന്റെ അടിയിലെങ്ങാണ്ടിരിപ്പോണ്ട്, ഞാനൊന്ന് നോക്കട്ടെ”

അതും പറഞ്ഞ് ശ്യാമള അകത്തേക്ക് കയറി പോയി.

അശോകൻ പരിസരമാകെ വീക്ഷിച്ചിട്ട് ശ്യാമളയെ അനുഗമിച്ചു.

കുനിഞ്ഞ് കിടന്ന് കട്ടിലിനടിയിലുണ്ടായിരുന്ന പമ്പ് പുറത്തേക്ക് വലിച്ചെടുത്ത് നിവരുമ്പോൾ, തൊട്ട് മുന്നിൽ വിടർന്ന കണ്ണുകളുമായി നില്ക്കുന്ന അശോകനെ കണ്ട് ശ്യാമള വല്ലാതെയായി.

“ഞാൻ പുറത്തേക്ക് കൊണ്ട് വരുമായിരുന്നല്ലോ? എന്തിനാ അശോകൻ ഇങ്ങോട്ട് വന്നത്”

ശ്യാമള നീരസത്തോടെ ചോദിച്ചു.

“അത് ചേച്ചീ , എനിക്ക് ചേച്ചിയോട് ഒരു കാര്യം പറയാനുണ്ടായിരുന്നു”

“എന്ത് കാര്യം, എന്താണെങ്കിലും നമുക്ക് പുറത്തിരുന്ന് സംസാരിക്കാം, വരു…”

ശ്യാമള അയാളെ ക്ഷണിച്ച് കൊണ്ട് മുറിക്ക് പുറത്തേക്ക് നടന്നു.

“നില്ക്ക് ചേച്ചീ…ഞാൻ പറയുന്നത് കേട്ടിട്ട് പോകു , എനിക്ക് ചേച്ചിയെ ഭയങ്കര ഇഷ്ടമാണ് , രാജേട്ടൻ ചേച്ചിയെ കെട്ടിക്കൊണ്ട് വന്ന നാൾ മുതൽ ഞാൻ ചേച്ചിയെ ശ്രദ്ധിക്കണതാ , അതിനിടയിൽ വീട്ട് കാര് നിർബന്ധിച്ചിട്ടാ ഞാൻ വേറെ കല്യാണം കഴിച്ചത് , ഇല്ലെങ്കിൽ ഞാൻ ചേച്ചിയേം കൊണ്ട് എങ്ങോട്ടെങ്കിലും പോയി ജീവിച്ചേനെ”

മുന്നോട്ടാഞ്ഞ ശ്യാമളയുടെ കൈത്തണ്ടയിൽ അശോകൻ കടന്ന് പിടിച്ചു.

“വിടെടാ എന്റെ കയ്യീന്ന് , നീയെന്താ എന്നെക്കുറിച്ച് ധരിച്ച് വച്ചിരിക്കുന്നത് ,നീ രാവിലെ പതിവില്ലാതെ കുശലാന്വേഷണം നടത്തിയപ്പോഴെ എനിക്ക് ഡൗട്ട് ഫീല് ചെയ്തതാ”

“ചേച്ചീ..ഒരു പ്രാവശ്യം, ഒരേ ഒരു പ്രാവശ്യം മാത്രം , ആരും ഇത് അറിയാൻ പോകുന്നില്ല, പിന്നീട് ഒരിക്കലും ഞാൻ ചേച്ചിയെ കാണാൻ വരില്ല ,പ്ളീസ് ചേച്ചീ..”

തന്റെ കയ്യിലുള്ള അവന്റെ പിടുത്തം ഒന്ന് കൂടെ മുറുകുന്നത് ശ്യാമളയെ ചൊടിപ്പിച്ചു.

“ഛീ! നാ–യേ…മര്യാദക്ക് പറഞ്ഞാൽ നിനക്ക് മനസ്സിലാവില്ലല്ലേ? നീ നിന്റെ ജനലഴിയിലൂടെ എന്നെ നോക്കുന്ന സമയത്ത്, നിന്റെ ഭാര്യയുടെ മുഖത്തേക്ക് വേണം നോക്കാൻ, നീയൊരു കഴിവില്ലാത്തവനാണെന്നറിഞ്ഞിട്ടും, നിന്നിൽ നിന്നും ഒരിക്കലും അവൾ ഒരമ്മയാകില്ലെന്ന് ഉറപ്പുണ്ടായിട്ടും, നിന്നോട് അല്പം പോലും വെറുപ്പോ, വിദ്വേഷമോ ഒന്നും പ്രകടിപ്പിക്കാതെ, നിന്നെ മാത്രം ധ്യാനിച്ച് , നിന്റെ നന്മ മാത്രം ലക്ഷ്യം വച്ച് ജീവിക്കുന്ന, ആ പാവം പെൺകുട്ടിയെ ചതിക്കാൻ നിനക്കെങ്ങനെ തോന്നിയെടാ”

ശ്യാമള അവന്റെ നേരെ ചീറിക്കൊണ്ട് ശക്തിയായി അവനെ തള്ളി പുറത്തേക്കിട്ടു.

“ഞാൻ കഴിവില്ലാത്തവനാണെന്ന് നിങ്ങൾക്കെങ്ങനെ അറിയാം?”

നിരാശയും ക്രോധവും കൊണ്ട് അശോകൻ ശ്യാമളയുടെ നേരെ ചീറി.

“അതെനിക്കറിയില്ലായിരുന്നു, പക്ഷേ ,നിന്റെ കൂടെ അന്തിയുറങ്ങുന്ന നിന്റെ ഭാര്യ എന്നോടെല്ലാം തുറന്ന് പറഞ്ഞു, ദാ ഞാനത് മുഴുവൻ റെക്കോഡ് ചെയ്തിട്ടുണ്ട്, നീ വേണമെങ്കിൽ കേട്ട് നോക്ക്”

കുറച്ച് മുമ്പ് ശ്രീജ വിളിച്ച് തന്നോട് പറഞ്ഞ പരിവേദനങ്ങൾ, ശ്യാമള തന്റെ ഫോണിൽ പ്ളേ ചെയ്ത് അശോകനെ കേൾപ്പിച്ചു.

“എനിക്കെന്റെ അശോകേട്ടനെ ജീവനാണ് ചേച്ചീ…അത് കൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ അമ്മയും , പെങ്ങന്മാരുമൊക്കെ എന്നോട് ഇത്രയൊക്കെ പോരെടുത്തിട്ടും, അദ്ദേഹത്തെക്കുറിച്ചുള്ള ഒരു കുറ്റവും കുറവും, ഞാൻ അവരോട് പറയാതിരിക്കുന്നത്, എന്താക്കെ പറഞ്ഞാലും, നമുക്ക് നമ്മുടെ ഭർത്താവ് തന്നെയല്ലേ വലുത്, കുറവുകൾ എത്രയുണ്ടെങ്കിലും എന്റെ മരണം വരെ അദ്ദേഹത്തിന്റെ ഭാര്യയായി തന്നെ ജീവിക്കണമെന്നാണ് എന്റെ ആഗ്രഹം, അശോകേട്ടന്റെ സ്നേഹം മാത്രം മതി ചേച്ചി, എനിക്ക് സന്തോഷത്തോടെ , ഇനിയുള്ള കാലം ജീവിക്കാൻ”

“കേട്ടോടാ..ഇപ്പോൾ നിനക്ക് ബോധ്യമായോ ഞാനെങ്ങനെ അറിഞ്ഞെന്ന് ,ഇനി  നീ പറയ് , അവളെക്കാളും നിനക്കിഷ്ടം എന്നെയാണോ ?

“ഇല്ല ചേച്ചീ…ഞാൻ അവളെ ഇത് വരെ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നില്ല , ഇപ്പോഴാണ് അവളെന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് ഞാനറിഞ്ഞത്, സോറി ചേച്ചീ എനിക്കൊരബദ്ധം പറ്റിയതാ, ഇനി ഞാനിതാവർത്തിക്കില്ല, ദയവ് ചെയ്ത് ഇതാരോടും പറയരുത്, പ്ളീസ്”

അവൻ ശ്യാമളയുടെ നേർക്ക് കൈകൂപ്പി

“ഉം..ചെല്ല് ചെല്ല്, ആവർത്തിക്കാതിരുന്നാൽ നിനക്ക് കൊള്ളാം, ഇല്ലെങ്കിൽ രാജേട്ടനെ ഞാനിങ്ങോട്ട് വിളിക്കും പറഞ്ഞേക്കാം”

അശോകൻ ഗേറ്റ് കടന്ന് പോയപ്പോൾ ,ശ്യാമള മുൻവാതിലടച്ച് കുറ്റിയിട്ടു.

“നിങ്ങൾക്കിത് വല്ലതുമറിയണോ ?പറയുമ്പോൾ , കുടുംബത്തിന് വേണ്ടിയല്ലേ ഞങ്ങൾ മരുഭൂമിയിൽ കിടന്ന് ഈ കഷ്ടപ്പെടുന്നതെന്ന് തിരിച്ച് ചോദിക്കും ,പക്ഷേ, അതിലുമൊക്കെ എത്ര വലിയ കഷ്ടപ്പെട്ടാണ് ഞങ്ങൾ പെണ്ണുങ്ങൾ അനുഭവിക്കുന്നതെന്നറിയാമോ? പ്രവാസിയുടെ ഭാര്യമാരെയും അവരുടെ പെൺമക്കളെയും ലക്ഷ്യം വച്ച് നടക്കുന്ന ,ഒരു പാട് ചെ-ന്നായ്ക്കളുള്ള നാടാണിത് , അവരിൽനിന്നൊക്കെ ഞങ്ങളുടെ മാനം കാക്കാനും, നിങ്ങൾ തിരിച്ച് വരുമ്പോൾ കുറ്റബോധമില്ലാതെ നിങ്ങളുടെ മുന്നിൽ പതിവ്രതകളായി ഇരിക്കാനും, ഞങ്ങൾക്ക് കഴിയുന്നത് ,ഒരു പാട് സഹിച്ചിട്ട് തന്നെയാ , അതെല്ലാം നിങ്ങളുമൊന്ന് മനസ്സിലാക്കിയാൽ കൊള്ളാം “

ലിവിങ്ങ് റൂമിലെ ടേബിളിൽ ഇരിക്കുന്ന രാജന്റെ ഫോട്ടോയിൽ നോക്കി പരിഭവം പറഞ്ഞിട്ട് ശ്യാമള അടുക്കളയിലേക്ക് പോയി.

~ സജി തൈപ്പറമ്പ്.