നിർത്താതെയുള്ള വാതിലിൽ മുട്ടു കേട്ടുകൊണ്ടാണ് അവളെഴുനേറ്റത്. വാതിൽ തുറന്നപ്പോൾ…

മൗനനൊമ്പരങ്ങൾ

Story written by Seshma Dhaneesh

==========

അടുക്കളയിലെ സിങ്കിൽ വച്ചിരുന്ന അവസാന പാത്രവും കഴുകി തുടച്ചു വൃത്തിയാക്കിയപ്പോഴേക്കും സമയം രാത്രി പത്തുമണിയോടടുത്തിരുന്നു.

രാധികയുടെ മനസിലെ ചെറിയ വേവലാതി മുഖത്തും കണ്ടു തുടങ്ങി. മുറിയിലിരുന്ന ജഗ്ഗ് ഹാളിലെ ടേബിളിൽ വച്ചു കൊണ്ട് പൂമുഖത്തേക്കു കണ്ണുകൾ പായിച്ചു.

“ഹരി എത്തിയില്ലേ മോളെ”

“ഇല്ല അമ്മേ…വരാൻ കുറച്ചു വൈകുമെന്ന് പറഞ്ഞിരുന്നു. ഇത്ര നേരം വൈകുമെന്ന് ഞാനും കരുതിയില്ല. അമ്മ മരുന്നെടുത്തു കഴിച്ചിട്ട് കിടന്നോളൂ” അമ്മയുടെ റൂമിൽ ചെന്നുകൊണ്ടു രാധിക പറഞ്ഞു.

ഹരിയേട്ടൻ ഇന്ന് കുറച്ചു നേരം വൈകുമെന്ന് പറഞ്ഞിരുന്നു….വല്ലതും കഴിച്ചു കാണുമോയെന്തോ.

“ദത്തൻ എത്താറായോ ആവോ…അവിടെ ചെന്നു കഴിഞ്ഞാൽ വിളിയെല്ലാം കണക്കാ…ഗൗരിയെ പോലും വിളിക്കാറില്ല എന്ന കേട്ടത്”

രാധിക മറുപടിയായി ഒന്നു പുഞ്ചിരിച്ചു…

ഇതു ശ്രീനിലയം വീട്…ഹരി നന്ദനും ദത്തനും രണ്ടാന്മക്കൾ. ഹരിയുടെ ഭാര്യ രാധിക. ഏഴു വയസുകാരി ഉണ്ണിമോളും…..ദത്തൻ ഇളയവൻ കല്യാണം മുറപ്പെണ്ണ് ഗൗരിയുമായി മുന്നേ ഉറപ്പിച്ചതാണ്. പൂർവ്വിക സ്വത്തുക്കൾ ആവശ്യത്തിൽ അധികമുള്ള കുടുംബം. ബിസിനെസ്സ് എല്ലാം നോക്കി നടത്തുന്നത് ഹരി നന്ദനും. എസ്റ്റേറ്റും തോട്ടവും മറ്റും ദത്തനും കൂടിയാണ് നോക്കുന്നത്. പൊതുവെ കുറച്ചു കർക്കശ സ്വഭാവമാണ് ദത്തൻ. അധികമാരോടും കൂട്ടുകൂടാത്ത ദേഷ്യം മാത്രം മുഖത്തു ആവരണമാക്കിയ പ്രകൃതം. ഗൗരവം മാത്രം ആ കണ്ണുകളിലും സ്വഭാവത്തിലുമെല്ലാം. ദത്തൻ ഇന്ന് തിരികെ എസ്റ്റേറ്റിലേക്കു പോയതെയുള്ളൂ. അവനാ മലമുകളിൽ കിടക്കുന്നതാണ് ഏറ്റവും ഇഷ്ടവും.

ആലോചനക്കു വിരാമമിട്ടുകൊണ്ട് രാധിക എഴുനേറ്റു സിറ്റൗട്ടിലേക്കു നടന്നു അവിടെ ചാരുപടിയിൽ ഇരുന്നു ഇരുട്ടിനോട് മൗനമായി കുശലാന്വേഷണം നടത്തി. ഇരുട്ടിനും അവൾക്കും മാത്രം അറിയുന്ന ഭാഷ…എന്തു മറുപടിയാണ് ഇരുട്ടവൾക്കു നൽകിയതെന്ന് അറിയില്ല…അവളും മറുപടിയായി ചിരിക്കുന്നുണ്ടായിരുന്നു. ഇടക്കിടക്ക് മിന്നാമിനുങ്ങുകൾ കണ്ചിമ്മി അവളുടെ നീണ്ട മുടിയിഴകളിൽ ഒളിക്കുന്നുണ്ടായിരുന്നു. പെട്ടന്ന് അവളുടെ മുഖത്തേക്ക് പ്രകാശം ഒഴുകി പറന്നു. ആ പ്രകാശ വലയത്തിൽ മിന്നാമിന്നുങ്ങുകൾ എവിടേക്കോ ഓടിയൊളിച്ചിരുന്നു.

ഹരി നന്ദൻ എത്തി…അവന്റെ കാർ പോർച്ചിൽ ഇട്ടു…..രാധിക നോക്കി നിൽക്കുന്നുവെന്ന് കണ്ടിട്ടും ഹരി എന്തുകൊണ്ടോ സ്റ്റിയറിങിൽ പിടിച്ചു ഇരിക്കുകയായിരുന്നു. അവന്റെ ശ്വാസഗതിയിൽ പോലും വ്യത്യാസമുണ്ടായിരുന്നു.

മനസിനെ രാധികയുടെ ഹരിയേട്ടനിലേക്കു ഒരു പരകായ പ്രവേശം നടത്താൻ തയ്യാറാക്കി ഹരി ചുണ്ടിൽ പുഞ്ചിരിയുമായി ഇറങ്ങി.

ഹരി നോക്കുമ്പോൾ തന്നെയും നോക്കി പുഞ്ചിരിച്ചുകൊണ്ട് രാധിക നിൽക്കുന്നു. ഏതൊരു പുരുഷനും കണ്ണിനു കുളിർമ നൽകുന്ന ഒരു കാഴ്ച. ഇത്ര നേരം വൈകിയതിന്റെ ഒരു പരിഭവമോ പരാതിയോ അവളുടെ പുഞ്ചിരിയിൽ നിന്നോ തിളങ്ങുന്ന കണ്ണുകളിൽ നിന്നുപോലുമോ അവനു വായിച്ചെടുക്കാൻ കഴിഞ്ഞില്ല. താൻ എന്നും കാണാൻ ആഗ്രഹിക്കുന്ന പതിവ് കാഴ്ചയാണ്…അല്ലെങ്കി തന്നെ തനിക്കു നിർബന്ധമാണ്…ജോലി കഴിഞ്ഞു വരുമ്പോൾ നിറ പുഞ്ചിരിയുമായി ഭാര്യ പൂമുഖത്തു തന്നെ നിൽക്കണമെന്നുള്ളത്.

പക്ഷെ…ഇന്ന്…

അവളുടെയ നിഷ്കളങ്ക മുഖം കൈവെള്ളയിൽ ചേർത്തു ആസ്വദിക്കാനുള്ള അർഹതയല്ലേ താൻ കളഞ്ഞത്…ഓർക്കുംതോറും അവന്റെ ചെന്നിയിലൂടെ വിയർപ്പൊഴുകി…ആദ്യമായി താൻ തെറ്റു ചെയ്തിരിക്കുന്നു…പതിവ്രതയായ ഭാര്യയുള്ളപ്പോൾ ഒരു പുരുഷനും ചെയ്യാൻ പാടില്ലാത്ത തെറ്റു….ഭാര്യയെയും കുടുംബത്തെയും സ്നേഹിക്കുന്ന ഒരു പുരുഷൻ ചെയ്യാൻ പാടില്ലാത്ത തെറ്റു…ഒരു പെണ്കുട്ടിയുടെ അച്ഛനായ താൻ…അതിനുമപ്പുറം നല്ല സംസ്കാരം മാത്രം ഓതി തന്നു വളർത്തിയ അമ്മയുടെ മുന്നിൽ നിൽക്കാൻ പോലും അയോഗ്യനായല്ലോ…അവളുടെ തിളങ്ങുന്ന മിഴികളിലേക്കു നോക്കുംതോറും കുറ്റബോധം കൊണ്ടു ഹൃദയം കീറി മുറിയും പോലെ…ആ മുറിവിൽ നിന്നും വരുന്ന നീറ്റലും പൊടിയുന്ന രക്തവും കണ്ണുനീരായി പുറത്തേക്കു വരാതിരിക്കാനാവുന്നത്ര ശ്രെമിച്ചുകൊണ്ടിരുന്നു ഹരി.

“അവിടെ നിന്നു സ്വപ്നം കാണാതെ ഇങ്ങു കേറി വാ ഹരിയേട്ട…” അത്രയും സമയം പുറത്തു തന്നെ ഹരി നിന്ന പരിഭവം പറഞ്ഞുകൊണ്ട് രാധിക അവന്റെ കയ്യും വലിച്ചു അകത്തേക്ക് നടന്നു.

റൂമിലെത്തുന്നതിനിടയിൽ ദത്തൻ തിരികെ പോയതും അമ്മ ഹരിയേട്ടനെ കാണാതെ പരിഭവം പറഞ്ഞതുമെല്ലാം ഹരിയോട് അവൾ പറഞ്ഞു കഴിഞ്ഞിരുന്നു.

ഹരി കുളിക്കാൻ കയറി. തലയിലൂടെ തണുത്ത വെള്ളം അരിച്ചിറങ്ങിയിട്ടും അവന്റെയുള്ളിലെ ചൂടിനെ കുറയ്ക്കാൻ അതൊന്നും മതിയാകുന്നില്ലയെന്നു തോന്നി…തനിക്ക് പരിചിതമല്ലാത്ത തുളസിയുടെയും ചന്ദനത്തിന്റെയും മണം തന്റെ ശരീരത്തിൽ നിന്നും പോകുന്നില്ലയെന്നു തോന്നി അവനു…ഒന്നു തേച്ചുരച്ചു കഴുകി കളഞ്ഞാൽ ആ മണം ശരീരത്തിൽ നിന്നും പോയാലും തന്റെ മനസിലും നാസ്വരന്ദ്രങ്ങളിലും അതിങ്ങനെ തങ്ങി നിൽക്കുന്ന പോലെ…തന്നെ ഓർമപ്പെടുത്തുന്നപോലെ…

കഴിഞ്ഞുപോയ നശിച്ച നിമിഷങ്ങളെ തന്റെ ആത്മാവിൽ നിന്നുപോലും മാച്ചുകളായൻ ആകില്ല…ഒരിക്കലും…

ഉണ്ണിമോൾ നല്ല ഉറക്കത്തിലാണ്. മകളെ തലോടാനായി കൈനീട്ടിയ ഹരിക്കു അവളുടെ നെറ്റിയിൽ കൈ വച്ചതും കൈ പൊള്ളിയപോലെ വലിച്ചെടുത്തു. കണ്ണിൽനിന്നും കണ്ണുനീർ പുകഞ്ഞു കൊണ്ടിരുന്നു. രാധികയുടെ അനക്കം തോന്നിയ ഹരി കണ്ണുകൾ പെട്ടന്ന് അമർത്തി തുടച്ചു നേരെ നിവർന്ന് കിടന്നു. രാധിക കയ്യിലെ വെള്ളം പാത്രം മേശപ്പുറത്തു വച്ചു.

“അച്ഛനോട് പിണങ്ങിയ കിടന്നത്. അവളെ ഇന്ന് പുറത്തേക്കു കൊണ്ടുപോകാമെന്നു പറഞ്ഞിരുന്നോ”

“ഉം..”

“അതിന്റെയ…പിന്നെ ചെറിയച്ഛൻ വണ്ടിയിൽ കുറെ കൊണ്ടുനടന്നു. അപ്പോഴാ അവളുടെ മുഖമൊന്നു തെളിഞ്ഞത്”

“ഉം…”

“ഇതെന്തു പറ്റിയിന്നു. ആകെ കൂടെ മുഖത്തിനൊക്കെ ഒരു മങ്ങൽ പോലെ….” തന്റെ സാരിതുമ്പുകൊണ്ടു ഹരിയുടെ മുഖത്തു തുടച്ചുകൊണ്ടു അവനോടു ചേർന്നിരുന്നു അവൾ.

“ഒന്നുമില്ല…വല്ലാത്ത ക്ഷീണം”

“ഉവ്വെ…സാധാരണ ഈ ക്ഷീണം തീർക്കുന്നത് ഈയുള്ളവളുടെ മേലെയാണല്ലോ…ഇന്നെന്താ ഒരു പുതുമ” അതും പറഞ്ഞു അവന്റെ നെഞ്ചോടു ചേർന്നു കിടന്നു…

“ഹരിയേട്ടനെ എന്തോ ചന്ദനത്തിന്റെ നൈർമല്യം പോലെ തോന്നുന്നു…” രാധികയുടെ വാക്കുകളിൽ അവന്റെ കണ്ണുകളിൽ നിന്നും കണ്ണുനീർ അവളുടെ സിന്ദൂര ചുമപ്പിൽ വീണു…അവളെയൊന്നു ചേർത്തു പിടിക്കാൻ പോലുമാകാതെ ഉള്ളം പിടഞ്ഞു കൊണ്ടിരുന്നു…

“ഹരിയേട്ട…ദത്തൻ എത്തിയില്ല തോന്നുന്നു. ഇതുവരെ വിളിച്ചില്ല…ഏട്ടനെ കുറച്ചുനേരം കാത്തു നിന്നു…പിന്നെ ചൂടന്റെ സ്വഭാവം അറിയാലോ…അവൻ പോയി”

“ഉം…ഞാൻ നാളെ അവന്റെ അടുത്തേക്ക് പോകുന്നുണ്ട്…നീ ഉറങ്ങിക്കോ…എനിക്കും ഉറക്കം വരുന്നു…നല്ല ക്ഷീണം” തന്നിൽ നിന്നും മോളിൽ നിന്നും അകന്നു മാറി കിടന്ന ഹരിയെ രാധിക വല്ലായ്മയോടെ നോക്കി. ഇങ്ങനെയൊരു ഹരിയെ അവൾക്കു പരിചയമില്ല…ആലോചനയോടെ അവളും കിടന്നു.

പിറ്റേ ദിവസം രാവിലെ ഹരി ബെഡിൽ ഇല്ലാന്ന് മനസിലാക്കിയാണ് രാധിക കണ്ണ് തുറന്നത്…നോക്കിയപ്പോ ഹരി ഫ്രഷായി ബാത്‌റൂമിൽ നിന്നും ഇറങ്ങി വരുന്നതാണ് കണ്ടത്..

“എങ്ങോട്ടാ ഹരിയേട്ടാ ഇത്ര രാവിലെ ?  ഇന്നലെ എവിടെയും പോകുന്ന കാര്യമൊന്നും എന്നോട് പറഞ്ഞില്ലല്ലോ..എന്നെയൊന്നു വിളിച്ചൂടെയിരുന്നോ…? “

ഇത്രയും പറഞ്ഞു രാധിക ബെഡിൽ നിന്നും എഴുനേറ്റു ഹരിയുടെ അടുത്തേക്ക് ചെന്നു..

“ഒന്നുമില്ല….ഞാൻ എസ്റ്റേറ്റിലേക്ക് പോവുകയാ… “

“അതിനെന്തിനാ ഹരിയേട്ടാ ഇത്ര രാവിലെ പോകുന്നേ…? സമയം നാല് മണി കഴിഞ്ഞതല്ലേയുള്ളൂ…? ഇന്നലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നതാ…ഹരിയേട്ടന് എന്താ പറ്റിയെ…? എന്നിൽ നിന്നും എന്താ ഒളിക്കുന്നെ..?  “

“ഞാൻ എന്ത് ഒളിക്കാൻ…?  നിനക്ക് വെറുതെ തോന്നുന്നതാണ്..നീ പോയി ഒരു കാപ്പിയിട്.. “

“ഇതെന്റെ പഴയ ഹരിയേട്ടനല്ല…ഇന്നലെ രാത്രി മുതൽ എന്തോ പറ്റിയിട്ടുണ്ട്..എന്താ ഹരിയേട്ടാ..?”

എന്നും പറഞ്ഞു രാധിക അവനോടു ചേർന്നു..

“എനിക്കൊന്നും പറ്റിയില്ലേന്നു നിന്നോടല്ലേ പറഞ്ഞത്…നീ പോയി ഒരു കാപ്പിയിട്ടേ.. “

ഇത്രയും പറഞ്ഞു ഹരി രാധികയെ അടർത്തി മാറ്റി..രാധിക ഒന്നുകൂടി അവന്റെ മുഖത്തേക്ക് നോക്കി റൂമിൽ നിന്നും ഇറങ്ങി അടുക്കളയിലേക്ക് നടന്നു..അപ്പോഴും ഹരിയുടെ കണ്ണ് നിറഞ്ഞത് അവൾ കണ്ടില്ല..അവൾ കാപ്പിയിട്ട് വന്നപ്പോഴേക്കും ഹരി കാർ സ്റ്റാർട്ട്‌ ചെയ്തു പുറത്തേക്കു ഇറങ്ങിയിരുന്നു…അത് കണ്ടു രാധികയുടെ കണ്ണുകൾ നിറഞ്ഞോഴുകി…

അവൾ അപ്പോൾ തന്നെ ഫോൺ എടുത്തു ദത്തനെ വിളിച്ചു. കുറച്ചേറെ നേരം കാത്തിരിക്കേണ്ടി വന്നു ഫോൺ എടുക്കാനായി. അത്രയും സമയം…ഓരോ നിമിഷത്തിലും അവളുടെ ഹൃദയമിടിപ്പ് വർധിച്ചു വന്നിരുന്നു…അവളാകെ വിയർത്തു പോയിരുന്നു….

ഇന്നുവരെ ഹരിയിൽ നിന്നും ഇതുപോലെ ഒരു പെരുമാറ്റം ഉണ്ടായിരുന്നില്ല…അവന്റെ ഭാവമാറ്റത്തിനു പിന്നിൽ എന്തോ ഒരു കാരണം ഉണ്ടെന്നു അവൾ ശക്തമായി വിശ്വസിച്ചിരുന്നു….കാരണം താൻ അടുത്തേക്ക് ചെല്ലുമ്പോളാണ് ആ ഹൃദയമിടിപ്പ് അകാരണമായി കൂടുന്നതെന്നു അവൾ മനസിലാക്കിയിരുന്നു…

കഴിഞ്ഞ കുറച്ചു വർഷങ്ങളായി… ഹരിയുടെ ഓരോ ശ്വാസ നിശ്വാസങ്ങളും അവളെ ചുറ്റി പറ്റിയായിരുന്നു….

“ഏടത്തി….ഇന്നലെ ഒരുപാട് വൈകി എത്തിയപ്പോൾ…അതാ പിന്നെ ഫോൺ ചെയ്തു ശല്യപ്പെടുത്താതെ ഇരുന്നത്….” രാധിക എന്തെങ്കിലും പറയും മുന്നേ ദത്തൻ പറഞ്ഞു തുടങ്ങിയിരുന്നു.

“ദത്താ…ഏട്ടൻ അങ്ങോട്ടു പുറപ്പെട്ടിട്ടുണ്ട്. ഏട്ടന് എത്തും മുന്നേ ഞാൻ വിളിക്കും. ഇപ്പൊ നീ കിടന്നോളൂ…” അത്രയും ഗൗരവമേറിയ ശബ്ദം…അതും ഏടത്തിയുടെ…അവനൊരിക്കലും അതു പരിചിതമല്ലായിരുന്നു…..മറ്റൊന്നും പറയാതെ തന്നെ രാധിക ഫോൺ ഓഫ് ചെയ്തിരുന്നു…ദത്തനും ചിന്താമഗ്നനായി എഴുനേറ്റു ഇരുന്നു…

“ഏട്ടൻ എന്തെങ്കിലും പറയാൻ വരുന്നതാണോ…എന്തായിരിക്കും കാരണം.” കുറച്ചധികം നേരം ദത്തന്റെയുള്ളിൽ ഒരേ ചോദ്യം തന്നെ ആവർത്തിച്ചാവർത്തിച്ചു സ്വയം ചോദിച്ചുകൊണ്ടിരുന്നു.

അവൻ കണ്ടിട്ടുള്ളതിൽ വച്ചു ഏറ്റവും മാതൃകാ ദമ്പതികൾ തന്റെ ഏട്ടനും ഏടത്തിയുമാണ്. പരസ്പരം ഒന്നുമറിയാതെ ജീവിതം തുടങ്ങിയ രണ്ടുപേർ. അവരുടെ ജീവിതം തുടങ്ങുമ്പോൾ അവർക്കിടയിൽ പ്രണയത്തിന് സ്ഥാനമുണ്ടായിരുന്നില്ല. ഒന്നുമറിയാതെ ഏട്ടന് അവിചാരിതമായി വന്ന പ്രൊപ്പോസൽ ആയിരുന്നു ഏടത്തിയുടെതു. വീട്ടുകാർ പരസ്പരം ഇഷ്ടപ്പെട്ടു പിന്നെ ഏട്ടനും ഏടത്തിയും കണ്ടു. വീട്ടുകാരുടെ സമ്മതം തങ്ങളുടെയും സന്തോഷമായി കണ്ടു ജീവിതം ആരംഭിച്ചവർ. തമ്മിൽ അറിയാനോ പ്രണയിക്കാനോ ഒന്നിനും സമയം ലഭിക്കാതെ ജീവിതം ആരംഭിച്ചവർ. പക്ഷെ…അസൂയാവാഹകമായിരുന്നു പിന്നീടുള്ള അവരുടെ ജീവിതം. പരസ്പരം രണ്ടുപേർ എങ്ങനെ പ്രണയിക്കണമെന്നു അവരെ നോക്കി കണ്ടുപടിക്കണം. ഒരാൾ മറ്റൊരാളെ അറിഞ്ഞും സ്നേഹിച്ചും…കണ്ണുകൾകൊണ്ടു പരസ്പരം നോട്ടങ്ങളെറിഞ്ഞും മിതമായ വാക്കുകളിലൂടെയും ചുണ്ടിലൂറുന്ന കുസൃതി ചിരികളിലൂടെയുമൊക്കെ ഇത്രയധികം സ്നേഹിക്കാനും പ്രണയിക്കാനുമൊക്കെ കഴിയുമെന്നും കാണിച്ചു തന്നതവരാണ്. ഒന്നുമറിയാതെ തമ്മിൽ ജീവിച്ചു തുടങ്ങി പ്രണയിക്കുന്നതിലെ ല ഹരി…അതിനൊരു പ്രത്യേക സുഖമുണ്ടെന്നു തോന്നി തുടങ്ങിയത് അവരെ കണ്ടാണ്‌…അതുകൊണ്ടാണ് താൻ ഗൗരിയോട് പോലും അധികം അടുക്കാത്തത്. വിവാഹശേഷമുള്ള പ്രണയത്തിന്റെ പുതുല ഹരി നുണയാനുള്ള വ്യഗ്രതയാണ് തനിക്കു. അതിനുവേണ്ടിയാണ് അവളെ മനപൂർവ്വം ഒഴിവാക്കുന്നത്…ഏട്ടന്റെ നോട്ടത്തിലും തുടിക്കുന്ന ഹൃദയമിടിപ്പിൽ പോലും കാര്യങ്ങൾ മനസിലാക്കുന്ന ഏടത്തിക്കു ഇന്ന് എന്താ പറ്റിയത്…അങ്ങനെ നിസാരം ഒരു കാര്യത്തിന് പിണങ്ങുന്ന രണ്ടു വ്യക്തികൾ അല്ലലോ അവർ…

ദത്തൻ പിന്നെയധികം ചിന്തിക്കാനിരുന്നില്ല. ഏട്ടൻ വരട്ടെ….പിന്നെ കിടക്കാൻ തോന്നിയില്ല അവനു…പതുക്കെ എഴുനേറ്റു ഫ്രഷാകാൻ പോയി.

ഇതേ സമയം രാധികയും ചിന്തിക്കുകയായിരുന്നു ഇതുവരെയുള്ള ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെ….അദ്ദേഹത്തിന്റെ ഓരോ നിമിഷത്തിലെ തുടിപ്പും എന്തിനുവേണ്ടിയാണെന്നു തിരിച്ചറിയുന്ന തന്നിൽ നിന്നും എന്താണ് ഒളിക്കാൻ ശ്രമിക്കുന്നത്…ഇന്നലെ ഒരു പകൽ കൊണ്ടു എന്തോ സംഭവിച്ചിരിക്കുന്നു….തന്നോട് പറയാൻ കഴിയാത്തത്…അങ്ങനെയൊന്ന് ആ ജീവിതത്തിൽ ഇല്ലാലോ…പെട്ടന്ന് അവളുടെ മനസിലേക്കു ഇന്നലെ തന്റെ വായിൽ നിന്നും വീണ ഒരു വാക്ക് ഓടിയെത്തി…

‘ചന്ദനത്തിന്റെ നൈർമല്യം’

അവളറിയാതെ തന്നെ കൈകൾ നെഞ്ചിലെ താലിയിൽ പിടുത്തമിട്ടിരുന്നു. താലിയിൽ കൈ മുറുകുമ്പോഴും അവളുടെ കണ്ണിൽ നിന്നും കണ്ണീർച്ചാലുകൾ ഒലിച്ചിറങ്ങിയിരുന്നു.

ഹരി എസ്റ്റേറ്റിൽ എത്തിയപ്പോൾ ദത്തൻ തന്റെ ലാപ് ടോപ്പിൽ എന്തോ ചെയ്യുകയായിരുന്നു. അവനെ കണ്ടതും ദത്തൻ അരികിലേക്ക് ചെന്നു…എന്നും ഷേവ് ചെയ്യുന്ന താടിയിൽ അലസമായി അങ്ങിങ്ങായി കുറ്റിതാടി മുളപൊട്ടിയിരിക്കുന്നു. കണ്ണുകളിലെ ക്ഷീണംകൂടിയായപ്പോൾ ഹരി അലസനും ക്ഷീണിതനും പോലെ തോന്നിപ്പിച്ചു. ഇങ്ങനെയൊരു ഏട്ടനെ ആദ്യമായി കാണുകയായിരുന്നു ദത്തൻ.

“ഏട്ടൻ വായോ…ഏടത്തി വിളിച്ചു പറഞ്ഞിരുന്നു ഇന്ന് വരുമെന്നു…” അലസമായി ഒന്നു മൂളികൊണ്ടു ഹരി സെറ്റിയിൽ അമർന്നിരുന്നു കണ്ണുകളടച്ചു.

ഹരി വല്ലാതെ അസ്വസ്ഥനാണെന്നു മനസിലാക്കിയ ദത്തൻ ഒരു ഗ്ലാസ് ചൂട് കോഫിയുമായി ഹരിക്ക് അരികിലെത്തി…

“എന്തു പറ്റി ഏട്ടാ…” ഹരിയുടെ തോളിൽ കൈതലമമർത്തി ദത്തൻ ചോദിച്ചു. അതിനു മറുപടിയായി ദത്തനെ ഇറുകെ പുണർന്നു…ദത്തന്റെ തോൾ നനഞ്ഞപ്പോഴാണ് ഹരി കരയുകയാണെന് മനസിലായത്.

“എന്താ ഏട്ടാ…എന്താ കാര്യം…ഒന്നു തുറന്നു പറയു മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കാതെ…” ഇത്തവണ ദത്തന്റെ വാക്കുകൾ അക്ഷമന്റേതായിരുന്നു.

ഹരി പറഞ്ഞു തുടങ്ങുകയായിരുന്നു തനിക്ക് പറ്റിയ തെറ്റിനെ കുറിച്ചു. രാത്രി വൈകിയും ഉണ്ടായിരുന്ന ഹോട്ടലിലെ മീറ്റിംഗ്…പേർസണൽ സെക്രട്ടറി രേഖയുമായി…ഏതോ നശിച്ച സമയത്തു പറ്റിയ ഒരു തെറ്റു…ഒരിക്കലും ന്യായീകരിക്കാൻ കഴിയാത്ത ഒന്നു…രാധികയുടെ മുഖത്തുപോലും നോക്കാൻ കഴിയുന്നില്ല…എവിടേക്കെങ്കിലും ഓടിപോകാനാണ് തോന്നുന്നത്…ഹരി പറഞ്ഞുകൊണ്ട് നിർത്തുമ്പോഴും അവന്റെ കണ്ണുകൾ തോർന്നിരുന്നില്ല. പക്ഷെ ആ സമയം ദത്തന്റെ കണ്ണുകൾ പാഞ്ഞത് മേശപുറത്തിരിക്കുന്ന ലാപ്‌ടോപ്പിൽ ആയിരുന്നു. മിനിമൈസ് ചെയ്ത സ്ക്രീനിന്റെ അപ്പുറം രാധിക എല്ലാം കണ്ടും കേട്ടും ഇരിപ്പുണ്ടായിരുന്നു. സ്ക്രീനിൽ കരഞ്ഞുകൊണ്ട് കണ്ണടച്ചു താലി നെഞ്ചോടു ചേർത്തു മുറുകെ പിടിച്ചിരിക്കുന്ന രാധികയെ ഹരി ഒരു ആന്തലോടെ നോക്കി നിന്നു.

ദത്തനും ഈ വിഷയത്തിൽ ഒന്നും ചെയ്യാനില്ലായിരുന്നു. ഏട്ടനെ കുറ്റം പറയാനും പറ്റുന്നില്ല…അവനും ആകെ വിഷമിച്ചു പോയിരുന്നു. ഹരിക്കു തിരികെ എങ്ങനെ പോകുമെന്ന് വല്ലാത്ത ആശങ്കകളായിരുന്നു. പോകാതെ നിവൃത്തിയില്ല. താൻ എങ്ങനെ അവളുടെ മുഖത്തുനോക്കി സത്യങ്ങൾ പറയുമെന്ന വിഷമമുണ്ടായിരുന്നു…താനറിയാതെ ആണെങ്കിലും തന്റെ വായിൽ നിന്നും തന്നെ സത്യങ്ങൾ കേട്ടു കഴിഞ്ഞിരിക്കുന്നു.

തിരിച്ചു ശ്രീനിലയത്തു ചെല്ലുമ്പോൾ അമ്മയും മോളും കളിക്കുകയായിരുന്നു. അമ്മയുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ മനസിലായി അവൾ ഒന്നും പറഞ്ഞിട്ടില്ല. പറയില്ല അവൾ…മറ്റുള്ളവരുടെ മുന്നിൽ ഭർത്താവിന്റെ ശിരസ്സു കുനിയാൻ സമ്മതിക്കില്ല. തന്നെ കണ്ടിട്ടും മോൾ മുഖം തിരിച്ചിരുന്നു. പാലിക്കപ്പെടാതെ പോയ വാക്കുകൾ…രണ്ടു ദിവസമായി അവളുടെ അടുത്തുരുന്നിട്ടും കളിപ്പിച്ചിട്ടുമൊക്കെ…എങ്കിലും മോളുടെ അടുത്തേക്ക് കണ്ണുകൾ പായുന്നില്ല…..കണ്ണുകൾ തേടുന്ന ആളെ കാണാനുമില്ല. ഹൃദയമിടിപ്പ് കൂടി ഒന്നു ചലിക്കാൻ പോലുമാകുന്നില്ലയെന്നു ഹരി ഓർത്തു. എങ്കിലും കാലുകൾ വലിച്ചുവച്ചു ബെഡ് റൂമിലേക്ക് ചെല്ലുമ്പോൾ രാധിക പുറം തിരിഞ്ഞു കിടക്കുന്നുണ്ട്. അടക്കി പിടിച്ച തേങ്ങലുകൾ അറിയാതെ പുറത്തേക്കു വരുന്നതും ശ്വാസഗതിയിൽ കാണുന്ന വ്യത്യാസവുമെല്ലാം അവൾ കരയുകയാണെന്നു പറഞ്ഞുതന്നു. അവളുടെ അടുത്തേക്ക് ചലിക്കുവാൻ മനസുപോലെ തന്നെ ശരീരവും അശക്തനാകുന്നത് അവനറിഞ്ഞു. എങ്ങനെയോ അവൾക്കടുത്തെത്തിയെങ്കിലും അവളെ കൈനീട്ടി തൊടുവാൻ അവനൊന്നു ഭയപ്പെട്ടു. പരിചിതമായ നിശ്വാസവും സാമീപ്യവും മനസിലാക്കിയ പോലെ അവൾ എഴുനേറ്റു. അവന്റെ മുഖത്തേക്ക് നോക്കാതെ പുറത്തേക്കിറങ്ങി. നിസ്സഹായനായി അവനു നോക്കി നിൽക്കാൻ മാത്രമേ ആയുള്ളൂ. രാത്രി വരെ അവനു മുഖം കൊടുക്കാതെ ആ വീടിനുള്ളിൽ അവൾ എങ്ങനെ കഴിച്ചുകൂട്ടിയെന്നു അവൾക്കുപോലും അതിശയകരമായി.

ഹരി വീട്ടിലുള്ള ഓരോ നിമിഷവും തന്റെ കണ്മുന്നിൽ തന്നെ ഉണ്ടാകുമായിരുന്നു…അതു അങ്ങനെ തന്നെ വേണമെന്ന് അവൾക്കും ഹരിക്കും നിർബന്ധമായിരുന്നു…പക്ഷെ ഇന്ന്….

അമ്മക്കും ഹരിക്കും മോൾക്കും ഭക്ഷണം വിളമ്പി വച്ചു അവൾ കൂടെയിരുന്നു കഴിച്ചു. പാളിയുള്ള ഒരു നോട്ടം പോലും അവളിൽ നിന്നുമുണ്ടായില്ല. ഇങ്ങനെയൊരു ശരീരമോ വ്യക്തിയോ അവിടെ ഉള്ളപ്പോലെയായിരുന്നില്ല അവളുടെ പെരുമാറ്റം. അവനു അതിശയമായി.

ബെഡ്റൂമിൽ വച്ചെങ്കിലും സംസാരിക്കണമെന്ന് കരുതി ചെല്ലുമ്പോൾ മോളെ നടുക്ക് കിടത്തി അവൾ ഉറക്കം തുടങ്ങിയിരുന്നു…ഉറക്കം അഭിനയിക്കുകയായിരുന്നു എന്നു വേണം പറയാൻ…അവൾക്കൊരിക്കലും ഈ രാത്രിയിൽ ഉറങ്ങാൻ കഴിയില്ലെന്ന് അവനറിയാം. പക്ഷെ അവളെ വിളിക്കാനോ സംസാരിക്കാനോ അവനും ഭയപ്പെട്ടു.

പിന്നീട് അങ്ങോട്ടു മുഴുവൻ അവൾ മൗനം കൊണ്ടും അവഗണകൊണ്ടും അവനോടു പ്രതികാരം ചെയ്തു. പ്രതികാരമല്ല…ഒരു ഭാര്യയുടെ പ്രതിഷേധം. അവന്റെ ഒരു കാര്യത്തിലും അവൾ മുടക്ക് വരുത്തിയില്ല. അവന്റേത് എന്നു തന്നെയല്ല ആ വീടിന്റെ തന്നെ ഒരു കാര്യത്തിനും അവൾ മുടക്ക് വരുത്തിയില്ല. എല്ലാ കാര്യങ്ങളും കൃത്യമായി ചെയ്തു പോന്നു…പക്ഷെ അവനോടു മാത്രം അവഗണനയും മൗനവും. ഒരു നേരം പോലും മിണ്ടാതെ ഇരിക്കാൻ അറിയാത്ത…കില് കിലെ സംസാരിച്ചു കൊണ്ടു നടക്കുന്ന അവൾക്കു എങ്ങനെ ഇങ്ങനെ മിണ്ടാതെ ഇരിക്കാൻ കഴിയുന്നുവെന്നു അവനതിശയിച്ചു പോയി.

പലതരത്തിലും അവളോട്‌ സംസാരിക്കാൻ ശ്രമിച്ചപ്പോഴൊക്കെയും അവൾ ഒഴിഞ്ഞു മാറി. രാത്രിയിൽ ആണെങ്കി നെറ്റിക്ക് മുകളിൽ കൈകൾ വച്ചു അവൾ കണ്ണടച്ചു കിടക്കും…അവനു ഭ്രാന്തു പിടിക്കാൻ തുടങ്ങിയിരുന്നു…അവളോട്‌ ഒന്നു സംസാരിക്കാനാകാതെ…ആ കാലിൽ വീണു മാപ്പു പറയാനാകാതെ…മനസുകൊണ്ട് ഒരായിരം വട്ടം അവൻ അവളോട്‌ മാപ്പു പറഞ്ഞു കഴിഞ്ഞിരുന്നു, എങ്കിലും അവൾ ഇപ്പൊ തരുന്ന ശിക്ഷ അതു കുറഞ്ഞു പോയെങ്കിലെ ഉള്ളു…ഒരു വട്ടമെങ്കിലും തന്നെ കേട്ടെങ്കിൽ എന്നവൻ ഒരുപാടു ആഗ്രഹിച്ചു.

ഹരിയുടെ ശ്രെദ്ധ ബിസിനസ്സിൽ നിന്നും മാറി കൊണ്ടിരുന്നു. ദത്തനും ഏറെ കുറെ കാര്യങ്ങൾ അറിയാവുന്നതുകൊണ്ടു അവൻ കൂടുതൽ സമയം ബിസിനെസ്സ് നോക്കാൻ തുടങ്ങി. ഹരിയുടെ താടിയുമൊക്കെ വളർന്നു ഒരുമാതിരി രൂപത്തിലേക്ക് അവൻ എത്തിയിരുന്നു. മനസിന്റെ നിരാശ മുഖത്തും പടരാൻ തുടങ്ങിയിരുന്നു. അടുക്കളയിൽ പാല് കാച്ചി കൊണ്ടിരിക്കുമ്പോൾ അമ്മ രാധികയുടെ അടുത്തു വന്നു.

“മോളെ…നിങ്ങൾക്കിടയിൽ എന്താ സംഭവിച്ചതെന്ന് ഞാൻ ചോദിക്കുന്നില്ല…പക്ഷെ ഒരു കുടുംബം ആകുമ്പോൾ…ഒരു പെണ്ണിന് സഹിക്കാനും പൊറുക്കാനും കഴിയണം മോളെ…അതു ഒരു പെണ്ണിനെ കഴിയൂ…അവനെ…അവനെ ഇനിയും ഇങ്ങനെ കാണാൻ…സഹിക്കുന്നില്ല എനിക്ക്…” ആ അമ്മയും വിതുമ്പി പോയിരുന്നു.

സന്തോഷത്തിലും സമാധാനത്തിലും പോയിരുന്ന കുടുംബം…പെട്ടന്ന് കണ്ണേറ് തട്ടിയത് പോലെ…പ്രാർത്ഥനയോടെ അമ്മ അവളുടെ അടുത്തു നിന്നു പോകുമ്പോൾ അവളുടെ കണ്ണുകളും ഒഴുകിയിരുന്നു. മറ്റുള്ളവർക്ക് കൂടി മനസിലാകുന്ന തരത്തിലേക്കായി അവരുടെ അകൽച്ച.

ഏട്ടൻ ഇങ്ങനെ പോയാൽ ശരിയാകില്ലയെന്നു തോന്നിയത് കൊണ്ടു ദത്തനും എസ്റ്റേറ്റിൽ നിന്നും വീട്ടിലേക്കു എത്തിയിരുന്നു. ഏട്ടനോടും ഏടത്തിയോടും സംസാരിക്കണമെന്ന് കരുതി തന്നെയാണ് അവൻ വന്നത്. രാത്രിയിൽ മോളോടൊപ്പം കുറച്ചുനേരം അവനും കളിച്ചിരുന്നു. അമ്മയുടെയും അച്ഛന്റെയും അകലം അവളുടെ കളിച്ചിരികളിലും ബാധിച്ചതായി അവനു തോന്നി. രാധിക തിളക്കമറ്റ ചിരിയോടെ ദത്തനും അമ്മക്കും മോൾക്കും ഭക്ഷണം വിളമ്പി. ഹരിക്കു നേരെ ഹോട് ബോക്സ് നീക്കി വച്ചു കൊടുത്തു അവൾ തിരികെ പോയി. ഹരി വേദനയോടെ പുഞ്ചിരിക്കാൻ ശ്രമിച്ചു.

സ്വയം വിളമ്പി കഴിച്ചെന്നു വരുത്തി എഴുനേറ്റു. ദത്തനും ഒരു കാര്യം മനസിലായി…ഇതു താൻ വിചാരിച്ചാൽ പരിഹരിക്കപ്പെടുന്ന പ്രശ്നമല്ലെന്നു….

“ഇപ്പൊ കുറച്ചു നാളുകളായി ഈ വീട്ടിൽ ഇങ്ങനെയൊക്കെയാണ് മോനെ…എനിക്ക് വയ്യ ഇങ്ങനെ ഇവിടെ നിൽക്കാൻ…നീ തിരികെ പോരുമ്പോൾ ഞാനും വരുവാ..” അമ്മ കരച്ചിലോടെ പറഞ്ഞു നിർത്തുമ്പോൾ ഒരു ചുമരിന് അപ്പുറം നിന്നു രാധികയും വാ പൊത്തി പിടിച്ചു തേങ്ങി പോയി.

മോൾ ദത്തന്റെ കൂടെ കിടന്നു…ഹരി റൂമിലേക്ക് വരുമ്പോൾ തുണി മടക്കുകയായിരുന്നു രാധിക. തന്റെ മുഖത്തേക്ക് പോലും അവളൊന്നു നോക്കിയിട്ട് കുറെയധികം ദിവസങ്ങളായെന്നു അവനോർത്തു നിന്നു. ഇന്ന് എന്തുവന്നാലും സംസാരിക്കണമെന്ന് കരുതി തന്നെ അവൻ അവൾക്കരികിലേക്കു ചെന്നു. പതിവുപോലെ രാധിക മുഖം തിരിച്ചു തിരിഞ്ഞു നടന്നു. പെട്ടന്നുള്ള ആവേശത്തിൽ ഹരി അവളുടെ കൈകളിൽ പിടുത്തമിടാൻ ആഞ്ഞു…

പക്ഷെ കയ്യിൽ കിട്ടിയതു അവളുടെ സാരിതലപ്പ് ആയിരുന്നു. അതു പിൻ വിട്ടു ഊർന്നു വീണു.

“സോറി…” ഹരി തൊണ്ടയിൽ വെള്ളമിറക്കി പറഞ്ഞു അവളെ നോക്കി.

പക്ഷെ അവളുടെ കണ്ണുകളെ നേരിടാൻ അവനായില്ല.

തീ…തീ ആയിരുന്നു ആ കണ്ണുകളിൽ…തന്നെ ചുട്ടെരിക്കാൻ പാകത്തിൽ…ആ നോട്ടത്തിൽ വെന്തു തന്റെ ശരീരവും മനസും പൊള്ളി പിടയുന്നത് അവനറിഞ്ഞു. രാധിക സാരി വലിച്ചൂരി എറിഞ്ഞു. ഒരു നിമിഷം അവനൊന്നു പകച്ചു പോയി.

“ഇതല്ലേ വേണ്ടത് നിങ്ങൾക്ക്. വാ…ഇനി ഞാൻ തന്നില്ല കരുതി പുറത്തേക്കു പോയാലോ…അല്ലെങ്കി തന്നെ എന്റെ കുറവ് കൊണ്ടായിരുന്നല്ലോ നിങ്ങൾ അന്ന് പോയതും…എന്നെ മറന്നു കൊണ്ട്…വാ…ആ കുറവ് ഇന്ന് പരിഹരിക്കാം” ഒരു ഭ്രാന്തിയെ പോലെ അലറി കൊണ്ട് അവൾ ബെഡിൽ മലർന്നു കിടന്നു അവനെ വിളിച്ചു കൊണ്ടിരുന്നു. ഹരി വാക്കുകൾ കിട്ടാതെ നിശ്ചലനായി നിന്നു…

അവളുടെ വാക്ക് ശരങ്ങൾക്കു ഇരുതല വാളിനെക്കാൾ മൂർച്ചയുണ്ടായിരുന്നു. അതു തന്റെ ഹൃദയത്തിന്റെ ആഴങ്ങളിൽ ആഴ്നിറങ്ങുന്നതവൻ അറിഞ്ഞു…ആ വേദനയിൽ കണ്ണുകൾ പെയ്തൊഴുകി…താഴെയിട്ട സാരി എടുത്തു അവളുടെ മേലേക്ക് എറിഞ്ഞു കൊണ്ടു വാതിൽ വലിച്ചടച്ചു അവൻ കാറുമെടുത്തു തിടുക്കത്തിൽ പോയി. അവൾ സാരി മുഖത്തേക്ക് ഇട്ടുകൊണ്ടു കരഞ്ഞു തന്റെ സങ്കടങ്ങൾ ഒഴുക്കികൊണ്ടിരുന്നു. ആ കിടപ്പിൽ എപ്പോഴോ അവൾ മയങ്ങി പോയിരുന്നു.

നിർത്താതെയുള്ള വാതിലിൽ മുട്ടു കേട്ടുകൊണ്ടാണ് അവളെഴുനേറ്റത്. വാതിൽ തുറന്നപ്പോൾ മുന്നിൽ ദത്തൻ വേവലാതിയോടെ നിൽക്കുന്നു. പേടിയും ടെൻഷനും എന്തെല്ലാമോ ആ മുഖത്തെ ഭാവങ്ങളിൽ നിന്നു കുറച്ചു നിമിഷങ്ങൾകൊണ്ടു അവൾ വായിച്ചെടുത്തു.

“ഏടത്തി വേഗം വാ…ഏട്ടന്…ഏട്ടന് ഒരു ആക്സിഡന്റ്…” ദത്തൻ പറഞ്ഞതു ഒരു വെള്ളിടി പോലെ അവളുടെ നെഞ്ചിൽ പതിച്ചു. അനങ്ങാൻ പോലുമാകാതെ അവൾ ഒരേ നിൽപ്പ് തുടർന്നു.

അവൾ അനങ്ങുന്നില്ല എന്നു കണ്ട ദത്തൻ അവളുടെ കയ്യിൽ പിടിച്ചു വലിച്ചു…പോകുന്ന വഴിയിൽ തമ്മിലൊന്നും സംസാരിച്ചില്ലെങ്കിലും നെഞ്ചോടു ചേർന്നു കിടന്ന താലിയിൽ അവൾ മുറുകെ പിടിച്ചിരുന്നു…കണ്ണടച്ചു ഇരുന്നു…അവൾ ശ്വാസമെടുക്കുന്നുണ്ടോ എന്നുപോലും ദത്തനു സംശയമായി.

ആധിപിടിച്ചു ഹോസ്പിറ്റലിൽ അന്വേഷിച്ചപ്പോൾ ഹരിയെ അപ്പോഴേക്കും റൂമിലേക്ക് മാറ്റിയിരുന്നു. അവർ റൂമിലേക്ക് ചെല്ലുമ്പോൾ റൂമിൽ നിന്നു ഡോക്ടർ ഇറങ്ങി വന്നു.

“ഡോക്ടർ എന്റെ പേരു ദത്തൻ. ഇപ്പൊ ആക്സിഡന്റ ആയി കൊണ്ടുവന്നത് എന്റെ ഏട്ടനെയാണ്.”

“ഓഹ്…ഇപ്പൊ ആൾ ഒക്കെയാണ്. പക്ഷെ നല്ല ഭാഗ്യമുണ്ട് അധികം മുറിവുകൾ ഒന്നും സംഭവിച്ചില്ല. വേറെ കുഴപ്പം ഒന്നുമില്ല. എങ്കിലും ഇന്നത്തെ ഒരു ദിവസം ഒബ്സർവേഷൻ കിടക്കട്ടെ…” ദത്തന്റെ തോളിൽ തട്ടി ഡോക്ടർ പോയി.

റൂമിന്റെ ഉള്ളിലേക്ക് പോകുവാൻ രാധികയ്ക്കായില്ല. അവിടെ പ്രതിഷേധമോ പ്രതികാരമോ അവഗണനയോ ഒന്നുമായിരുന്നില്ല കാരണം. രാധികയുടെ നിൽപ്പ് നോക്കിക്കൊണ്ടു ദത്തൻ അകത്തേക്ക് കടന്നു.

“എന്താ ഏട്ടാ…ശ്രെദ്ധിക്കണ്ടേ…എന്തെങ്കിലും സംഭവിച്ചിരുനെങ്കിലോ…”

“അങ്ങു തീർന്നേനെ…കാലന് പോലും വേണ്ടാത്ത ജന്മമായി പോയി….ഇനി ഒരു തവണ കൂടി എനിക്ക് പിഴക്കില്ല…” ഹരി പറഞ്ഞു നിർത്തുമ്പോൾ വാതിൽക്കൽ എല്ലാം കെട്ടുനിന്ന രാധിക വല്ലാത്ത ഉൾക്കിടിലത്തോടെ റൂമിലേക്ക് കേറി വന്നു. ദത്തന്റെ കണ്ണുകളും നിറഞ്ഞു.

അവൻ രാധികയെ നോക്കി…”ഇനിയും ഏട്ടനെ ശിക്ഷിച്ചു മതിയായില്ലേ” എന്നൊരു അപേക്ഷ അവന്റെ കണ്ണുകളില്നിന്നും അവളും വായിച്ചു. കുറച്ചു നേരം നിശ്ശബ്ദതയായിരുന്നു. ദത്തൻ രണ്ടുപേരെയും നോക്കി പുറത്തേക്കു പോയി.

“നിനക്ക് എന്നോട് ക്ഷമിക്കാനാകില്ലയെന്നു എനിക്ക് മനസിലായി…നമുക്ക്…നമുക്ക് പിരിയാം…ഇതുപോലെ മുന്നോട്ട് പോകാൻ എനിക്ക് കഴിയില്ല…ഞാൻ കാരണം… മരണം പോലും എന്നോട് പ്രതിഷേധിക്കുന്നു…” ഹരി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

രാധിക അവനു അടുത്തു വന്നിരുന്നു.

“ഒരു ഭാര്യയും ഭർത്താവിന്റെ മനസും ശരീരവും പങ്കുവച്ചു പോകുന്നത് സഹിക്കില്ല. ഞാനും സാധാരണ ഒരു പെണ്ണാണ്. ഇതൊക്കെ ഇന്നത്തെ കാലത്തു സംഭവിക്കുന്നതാണെന്നു കരുതി പ്രാക്ടിക്കൽ ആയി ചിന്തിക്കാനും സഹിക്കാനും എനിക്കാകില്ല. ഞാനാണ് അങ്ങനെയൊരു തെറ്റു ചെയ്യുന്നതെങ്കിൽ സഹിക്കുവോ ഏട്ടൻ….” വാക്കുകൾ ഇടറി പോകാതെയിരിക്കാൻ പരമാവധി ശ്രമിച്ചു മനസിനെ നിയന്ത്രിച്ചുകൊണ്ടു മനസിലടക്കി വച്ച കുറെ ചിന്തകളെ അവൾ പുറത്തേക്കൊഴുക്കി….

അവളുടെയ ചോദ്യത്തിന് മറുപടിയുണ്ടായില്ല അവനു…

അവൻ ചിന്തിച്ചു…ശരിയല്ലേ….അവളുടെ ദേഹത്തു പരിചിതമല്ലാത്ത ഒരു മണം വരുന്നത് പോലും തനിക്കു സഹിക്കില്ലലോയെന്നു…നിറഞ്ഞ കണ്ണുകൾ മറച്ചു അവൻ കണ്ണുകളിൽ കൈ തണ്ട ചേർത്തു വച്ചു കിടന്നു…അവളുടെ വാക്കുകൾക്കായി കാതോർത്തു…

“നിങ്ങളെയും മോളേയും ആ വീടും അമ്മയെയും അനിയനെയും വിട്ടു എനിക്കൊരു ജീവിതമില്ല…അതു എന്റെ നിസ്സഹായാവസ്ഥ കൊണ്ടല്ല…നിങ്ങളുടെ ജീവിതത്തിൽ നിന്നു ഈ കാരണം കൊണ്ടു വേണമെങ്കിൽ എനിക്ക് ഇറങ്ങി പോകാം…പക്ഷെ നിങ്ങളിൽ നല്ലൊരച്ഛനുണ്ട്…എന്റെ മോൾക്ക്‌ നിങ്ങൾക്ക് പകരം വയ്ക്കാൻ വേറെ ആർക്കും കഴിയില്ല…നിങ്ങളിൽ നല്ലൊരു മകനുണ്ട്…നല്ലൊരു സഹോദരൻ ഉണ്ട്…ഞാൻ കാരണം ബാക്കിയുള്ളവരുടെ സന്തോഷം കളയാൻ ഞാൻ ആഗ്രഹിക്കുന്നില്ല…പക്ഷെ ഒരു കാര്യമുണ്ട് നിങ്ങളുടെ ശ്വാസനിശ്വാസങ്ങളെ പോലും കണ്ണടച്ചു വിശ്വസിച്ചിരുന്ന ആ പഴയ ഭാര്യ…ആ പഴയ രാധിക നിങ്ങൾക്കിനി ഉണ്ടാകില്ല…” അയാളുടെ കൈകളിൽ…വിരലുകളിൽ തന്റെ വിരൽ ബലമായി കോർത്തു പിടിച്ചുകൊണ്ടാണ് രാധിക പറഞ്ഞതു….അത്രയും കേട്ടപ്പോൾ തന്നെ…തന്നോടു സംസാരിച്ചപ്പോൾ തന്നെ ഹരിക്കു സമാധാനമായിരുന്നു….

“ഏട്ടൻ ഇനിയും തെറ്റാവർത്തിക്കില്ലയെന്നു വിശ്വസിക്കുവാ ഞാൻ…എന്റെ കുടുംബം ശിഥിലമാകാതെയിരിക്കാൻ…എന്റെ മോളുടെ നല്ല ഭാവിക്ക് കൂടി വേണ്ടി ഞാൻ മറക്കുവാ ഇതു….എന്നാലും…സ്വയം മരണത്തിനു മുന്നിൽ ചെന്നു നിൽക്കാൻ എങ്ങനെ തോന്നി…മോളെ കുറിച്ചെങ്കിലും ഓർത്തൂടായിരുന്നോ ഏട്ടാ…” അവസാന ചോദ്യം ചോദിക്കുമ്പോൾ അവൾ വിതുമ്പി പോയിരുന്നു….

ആ നിമിഷത്തിൽ അവൾ ഭർത്താവിനെ ഏറെ സ്നേഹിക്കുന്ന അയാളുടെ നെഞ്ചിൽ തന്റെ ലോകമെന്നു വിശ്വസിക്കുന്ന ഒരുപാട് ഭാര്യമാരിൽ ഒരുവളാണ് അവളുമെന്നു ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു…

“മോളുടെയല്ല…നിന്റെ മുഖംമായിരുന്നു മനസിൽ…ഞാൻ മനപൂർവ്വം അങ്ങനെയൊരു തെറ്റു ചെയ്താൽ ഒരു ജന്മം മുഴുവൻ നീറി കരയാൻ ഞാൻ വീണ്ടുമൊരു കാരണമാകുമെന്ന് പിന്നീടാണ് മനസിലായത്…എന്നോട് ക്ഷമിക്ക്‌ മോളെ….” കൈ കൂപ്പി കൊണ്ടാണ് അവൻ അവളുടെ മുന്നിൽ ക്ഷമയ്ക്കായി യാചിച്ചത്. വലിയ ഒരു കരച്ചിലോടെ ആ കൈകളിൽ അവളും ചേർത്തു പിടിച്ചിരുന്നു…

അവളുടെ കണ്ണുകളിലും പുതു ജീവിതത്തിന്റെ പ്രതീക്ഷയുണ്ടായി എങ്കിലും ആ കണ്ണുകളിൽ പരിഭവവും പ്രതിഷേധവും അലയടിച്ചിരുന്നു…തന്നെ ഒരു നിമിഷത്തേക്കെങ്കിലും മറന്നുപോയ കാരണം…ഇല്ല…എന്റെ സ്നേഹം കൊണ്ടു തന്നെ ആ കണ്ണുകളിലെ പരിഭവം മായ്ച്ചു കളയുമെന്നു അവനും മനസാൽ മന്ത്രിച്ചു…ഏറെ നേരം രാധിക അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടന്നു…ദത്തൻ വരുമ്പോൾ കണ്ട കാഴ്ച അവന്റെ കണ്ണിനും കുളിർമയേകുന്നതായിരുന്നു.

തെറ്റുകൾ സംഭവിക്കാത്ത മനുഷ്യരുണ്ടാകില്ല. ജീവിതത്തിൽ ചില സമയത്തു രണ്ടാമത് ഒരു അവസരം നൽകിയാൽ…ചിലപ്പോൾ ഒരു ജീവിതവും കുടുംബത്തെ തന്നെയും തിരിച്ചു പിടിക്കാനാകും. ഭർത്താവിനെയും കുടുംബത്തെയും ഏറെ സ്നേഹിക്കുന്ന ഏതൊരു പെണ്ണും തന്റെ കുടുംബം ശിഥിലമാകാതെയിരിക്കാൻമാത്രമേ നോക്കു…രാധികയെ പോലെ….