വീടിനടുത്ത് എത്താറായപ്പോൾ ആണ് പുറകിലൂടെ പാഞ്ഞു വന്നൊരു വാഹനം  അവളെ…

നീതിയുടെ കൈകൾ…

Story written by Sarath Lourd Mount

=============

ഓഫീസിൽ ഇന്ന് ജോലി പതിവിലും വൈകിയിരുന്നു, സാധാരണ എല്ലാ വീക്കെന്റിലും പതിവുള്ളതാണ് ഈ സമയം തെറ്റിയുള്ള ജോലി. എങ്കിലും 7 മണി ഒക്കെയാകുമ്പോൾ തീർത്ത് ഇറങ്ങുമായിരുന്നു, എന്നാൽ ഇന്ന് സമയം 8 കഴിഞ്ഞിരിക്കുന്നു, മറ്റുള്ള ജോലിക്കാർ എല്ലാം പോയിരിക്കുന്നു.

ക്യാബിനിലെ ലൈറ്റ് ഓഫ് ആക്കി ബാഗും എടുത്ത് ഇന്ദു പുറത്തേക്ക് നടന്നു, ഓഫീസ് പുറത്ത് നിന്ന് പൂട്ടി കീ സെക്യൂരിറ്റി  റൂമിൽ ഏൽപ്പിച്ച് അവൾ പുറത്തേക്ക് ഇറങ്ങി.

ഒരു 10 മിനിറ്റ് നടന്നാൽ വീടെത്തും ആളൊഴിഞ്ഞ  വഴിയിൽ അവിടവിടെ ആയി  വഴിവിളക്കുകൾ തെളിഞ്ഞു നിൽക്കുന്നു.

അവൾ നടത്തം പതിവിലും അല്പം വേഗത്തിലാക്കി, അച്ഛൻ വരാമെന്ന് പറഞ്ഞിരുന്നു എങ്കിലും വേണ്ട എന്ന് പറഞ്ഞത് അവൾ തന്നെയാണ്,  അല്പദൂരത്തിന് വേണ്ടി വയ്യാത്ത അച്ഛനെ ബുദ്ധിമുട്ടിക്കണ്ട എന്ന് കരുതിയായിരുന്നു അത്. എന്നാൽ ആ  തീരുമാനം തന്റെ ജീവിതം തന്നെ നശിപ്പിക്കുന്ന ഒന്നായി തീരുമെന്ന് അവൾ കരുതിയിരുന്നില്ല.

വീടിനടുത്ത് എത്താറായപ്പോൾ ആണ് പുറകിലൂടെ പാഞ്ഞു വന്നൊരു വാഹനം  അവളെ ഇടിച്ചു തെറിപ്പിച്ചു മുന്നോട്ട് നീങ്ങിയത്, ചെറുതായി വായുവിലേക്ക് ഉയർന്ന അവൾ റോഡിന് ഒരു വശത്തേക്ക് തെറിച്ചു വീണു, കണ്ണുകൾ അവസാനമായി അടയുമ്പോൾ തന്നെ ഇടിച്ചുതെറിപ്പിച്ച കാർ മുന്നോട്ട്  നീങ്ങി നിന്നതും അതിൽ നിന്ന് ഒരു ചെറുപ്പക്കാരൻ പുറത്തേക്ക് ഇറങ്ങുന്നതും അവൾ കണ്ടു, മുൻപ് കണ്ടു പരിചയമില്ലാത്ത മുഖം….

തന്നെ വാരിയെടുത്ത് കാറിന്റെ പുറകിലേക്ക് കിടത്തുമ്പോൾ കണ്ണുകൾ പൂർണമായി അടഞ്ഞിരുന്നു.

എന്നാൽ ആ കാർ നീങ്ങിയത് ആശുപത്രിയിലേക്ക് ആയിരുന്നില്ല, ആളൊഴിഞ്ഞ ഒരു തോട്ടത്തിന് നടുവിൽ ഒരു ചെറിയ വീട്ടിനുള്ളിൽ ദിവസങ്ങളോളം ഒരു മൃ-ഗത്തെ പോലെ അവൻ  അവളെ പി-ച്ചിച്ചീ-ന്തി…

5 ദിവസങ്ങൾക്ക് ശേഷം ചെറിയൊരു ജീവൻ മാത്രം ബാക്കിയാക്കി തിരികെ ആ വഴിയിൽ അവളെ ഉപേക്ഷിച്ച് ആ വാഹനം എങ്ങോട്ടെന്നില്ലാതെ പാഞ്ഞു….

അത്രനാൾ അവളെ അന്വേക്ഷിച്ചിരുന്ന വീട്ടുകാരും പോലീസുകാരും വിവരമറിഞ്ഞെത്തി, ഹോസ്പിറ്റൽ മുറിക്കുള്ളിൽ എല്ലാം നഷ്ടപ്പെട്ട് കിടക്കുമ്പോളും ആ മുഖം മാത്രം അവൾ ഉള്ളിൽ സൂക്ഷിച്ചു, പതിയെ  ശരീരം കൊണ്ട് സാധാരണ ഗതിയിലേക്ക് തിരിച്ചു വന്നപ്പോൾ വീട്ടുകാരുടെയും ബന്ധുക്കളുടെയും മറ്റും എതിർപ്പുകളെ വകഞ്ഞു മാറ്റി തനിക്ക് സംഭവിച്ചതും അതിന് ഉത്തരവാദി ആയവനെയും സമൂഹത്തിന് മുന്നിൽ വെളിപ്പെടുത്തുമ്പോൾ ഇനിയൊരു പെണ്ണിനും ഇത് സംഭവിക്കരുതെന്ന് മാത്രമേ അവൾ കരുതിയിരുന്നുള്ളൂ….

എന്നാൽ അവിടെയും അവൾ തോറ്റു പോയി, നഗരത്തിലെ വളർന്നു വരുന്ന ബിസ്സ്നെസ് സാമ്രാജ്യത്തിന്റെ ഉടമ ആയ രാകേഷിന്റെ പണത്തിന് മുന്നിൽ അവളുടെ ആദർശങ്ങളും ആഗ്രഹങ്ങളും അപ്പാടെ പരാജയപ്പെട്ടു…

നഗരത്തിലെ പേര് കേട്ട അഡ്വക്കേറ്റ്   നന്ദഗോപന്റെ വാദങ്ങൾക്ക് മുന്നിൽ അവൾ വീണ്ടും വീണ്ടും പി-ച്ചിച്ചീ-ന്തപ്പെട്ടു. മനസ്സുകൊണ്ടും ശരീരം കൊണ്ടും തെറ്റുകാരിയായി മുദ്രകുത്തപ്പെട്ടപ്പോൾ  കരയാൻ മാത്രമേ അവൾക്ക് കഴിഞ്ഞുള്ളു…

ഒന്നിന് പുറകെ ഒന്നായി വന്ന അപമാനങ്ങൾക്ക് മേൽ അച്ഛനുമമ്മയും കൂടി സ്വയം ജീവനൊടുക്കുമ്പോൾ  ഒന്നും വേണ്ടിയിരുന്നില്ല എന്ന് അവൾ ചിന്തിച്ചു. എല്ലാത്തിനും കാരണക്കാരി താൻ ആണെന്നോർത്ത് ഒരു ഭ്രാന്തിയെ പോലെ അവൾ അലറിക്കരഞ്ഞു.

നാട്ടുകാരും മറ്റും മറ്റൊരു അർത്ഥത്തിൽ  ഉള്ള നോട്ടവും വാക്കുകളും  കൂടി തുടങ്ങിയതോടെ എങ്ങോട്ടെന്നറിയാതെ  സ്വയം നാട് വിട്ടവൾ മറ്റെവിടേക്കോ ചേക്കേറി…പിന്നെ അവളെക്കുറിച്ച് ആരും അറിഞ്ഞില്ല, പത്രങ്ങളും മറ്റും പതിയെ അവളെ മറന്ന് തുടങ്ങി, ലോകം പുതിയ വാർത്തകൾക്ക് പുറകെ പാഞ്ഞു. എല്ലാത്തിനും കാരണക്കാരൻ ആയവൻ സന്തോഷമായി തന്നെ ജീവിച്ചുകൊണ്ടിരുന്നു.

ഇന്നേക്ക്  ഇതെല്ലാം നടന്ന് 1 മാസം  കഴിയുന്നു. 2 ദിവസമായി അവന് എന്തോ ഒരസ്വസ്ഥത പോലെ…ആദ്യമൊക്കെ നിസാരമാക്കി എങ്കിലും പതിയെ പതിയെ അവന്റെ വയർ വളരാൻ തുടങ്ങി….ഒടുവിൽ ഒരു ഞെട്ടലോടെ അവനും വീട്ടുകാരും ആ സത്യം തിരിച്ചറിഞ്ഞു . അവൻ ഗർഭം ധരിച്ചിരിക്കുന്നു…എന്താണ് സംഭവിച്ചത്!!!! മെഡിക്കൽ സയൻസും പണവും എല്ലാം അതിന് മുന്നിൽ നിസ്സഹായരായി നിന്നു.

ഒടുവിൽ മറ്റ്  വഴികൾ ഇല്ലാതെ അവർ ദൈവങ്ങളിൽ അഭയം തേടി, ഏറെ നാളത്തെ അലച്ചിലിനൊടുവിൽ  ഒരു  സന്യാസിയിൽ നിന്ന് അവർ ആ സത്യം തിരിച്ചറിഞ്ഞു.

ദൈവകോപമാണ്….

ഒരേ ഒരു പരിഹാരം…അവനാൽ ജീവിതം നഷ്ടപ്പെട്ട പെൺകുട്ടിയെ താലിച്ചാർത്തി   സ്വന്തമാക്കുക..

ഒരു നിമിഷം ഭൂമി പിളർന്ന് താഴേക്ക്  വീണ് പോകുന്ന പോലെ തോന്നി അവനും വീട്ടുകാർക്കും…

എന്താണ് ചെയ്യുക!!!  പണത്താൽ അപമാനിച്ച് നാടുകടത്തിയതാണ് അവളെ…എവിടെയാണെന്ന് പോലും അറിയില്ല, അല്ലെങ്കിൽ തന്നെ അറിഞ്ഞാൽ പോലും  അവൾ സമ്മതിക്കും എന്നതിൽ ഒരു ശതമാനം പ്രതീക്ഷപോലുമില്ല….

എങ്ങനെയും ഇതിൽ നിന്ന് രക്ഷനേടണം എന്ന തോന്നലിൽ  ദിവസങ്ങളുടെ അലച്ചിലിനൊടുവിൽ അവനും കുടുംബവും അവളെ കണ്ടെത്തി, ദൂരെ ഒരു ഗ്രാമത്തിലെ കൊച്ചു വീട്ടിൽ. 

അവിടെയെത്തി അവളെ കാണുമ്പോൾ അവളുടെ മുഖത്ത് അവരോട് വെറുപ്പ് മാത്രമായിരുന്നു, എന്നാൽ ആ അച്ഛന്റെയും അമ്മയുടെയും ഒക്കെ ഏറെ നേരം നീണ്ട വിഷാദ പ്രകടനങ്ങൾക്ക് ഒടുവിൽ അവൾ ഒരു നിബന്ധനയോടെ   സമ്മതം മൂളി.

എല്ലാം എല്ലാവരോടും അവനും കുടുംബവും വിളിച്ചു പറയണം, താൻ തെറ്റുകാരി അല്ല എന്നും, തന്റെ  പരിശുദ്ധിക്ക് ഒന്നും സംഭവിച്ചില്ല എന്നും, തന്റെ മനസ്സിന് കളങ്കമേറ്റിട്ടില്ല എന്നും ഈ ലോകത്തോട് ഉറക്കെ വിളിച്ചു പറയണം. പണത്തിന്റെ മറവിൽ തനിക്ക് ചാർത്തി തന്ന എല്ലാ  പേരുകളും സ്വയം ഏറ്റെടുക്കണം….

എത്രയൊക്കെ വാദിച്ചിട്ടും അവളുടെ തീരുമാനത്തിന് ഒരു മാറ്റവും ഇല്ല എന്ന് കണ്ട അവർ ഒടുവിൽ സമ്മതം മൂളി…

അങ്ങനെയാ ദിവസം വന്നെത്തി.

വലിയൊരു ആൾക്കൂട്ടത്തിന്റെ മുന്നിൽ  അവൾ തലയുയർത്തി നിന്നു. എന്നാൽ അവന്റെയും കുടുംബത്തിന്റെയും തല താഴ്ന്നിരുന്നു.

അവിടെ കൂടിയിരുന്ന ജനങ്ങൾക്ക് മുന്നിൽ അവൻ ചെയ്ത തെറ്റുകൾ ഏറ്റു പറയുമ്പോൾ കൂടി നിന്നവർ അവളെ സഹതാപത്തോടെ നോക്കി.

പെട്ടെന്ന് അവിടെയാകെ നടുങ്ങുമാറ് ഉച്ചത്തിൽ ഒരിടിനാദം മുഴങ്ങി..ഒരു നിമിഷം കണ്ണൊന്ന് മിന്നിതുറന്നതും അവർ നിന്നിടമാകെ മാറിപ്പോയി. ഇപ്പോൾ അവർ നിൽക്കുന്നത് ഒരു കോടതിയിലാണ്…മുൻപ്  വാദം നടന്നതിന്റെയും മുകളിലുള്ള കോടതിയിൽ…അവിടെ ആ നീതിപീഠത്തിന് മുന്നിലാണ് അവൻ ഇത്രനേരം എല്ലാം വിളിച്ചു പറഞ്ഞിരിക്കുന്നത് എന്ന സത്യം ഞെട്ടലോടെ അവൻ തിരിച്ചറിഞ്ഞു. താൻ തന്നെയും കുടുംബത്തെയും തന്റെ വക്കീലിനെയും എല്ലാം കുടുക്കിയിരിക്കുന്നു. സ്വയം കുറ്റം സമ്മതിച്ചുകൊണ്ടുള്ള  അവന്റെ ഏറ്റുപറച്ചിലിന് മേൽ മരണ ശിക്ഷയും, അതിന് കൂട്ടുനിന്ന അച്ഛനും അമ്മയ്ക്കും ജീവിതകാലം മുഴുവൻ തടവും, തന്റെ അധികാരങ്ങൾ ദുരുപയോഗം ചെയ്ത വക്കീലിന്റെ സ്ഥാനം എടുത്തുമാറ്റിയും ആ കോടതി വിധി എഴുതി….

അപ്പോളും എന്തൊക്കെയാണ് സംഭവിച്ചത് എന്ന് അവനും കുടുംബത്തിനും മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവളാണെങ്കിൽ ആ കോടതിമുറിയിൽ എങ്ങും ഉണ്ടായിരുന്നതുമില്ല…

ഇതേ സമയം അങ്ങകലെ ആ  ഗ്രാമത്തിലെ കൊച്ചു വീട്ടിൽ തന്റെ ഇഷ്ടഭഗവാന്റെ മുന്നിൽ കണ്ണുനീരോടെ ഇരിക്കുകയായിരുന്നു അവൾ…

കണ്ണുകൾ അടച്ചിരുന്ന അവൾക്ക് മുന്നിലെ ആ വിഗ്രഹത്തിന് അപ്പോൾ  അവനും കുടുംബവും പോയി കണ്ട ആ സ്വാമിജിയുടെ മുഖമായിരുന്നു, പതിയെ ആ രൂപം മാഞ്ഞ്   വീണ്ടുമതൊരു വിഗ്രഹമായി മാറി…

ആ കോടതിമുറിയിലെ നീതി ദേവത  തന്റെ കണ്ണിലെ കറുത്ത തുണി സ്വയം അഴിച്ച് ദൂരേക്ക് വലിച്ചെറിഞ്ഞു…

കുറച്ചു ദിവസങ്ങൾക്ക് ശേഷം പത്രത്തിൽ ഒരു വാർത്ത ഉണ്ടായിരുന്നു,  അതിന്റെ ഉള്ളടക്കം ഇതാണ്…

നഗരത്തിൽ വീണ്ടും കാറപകടം..

കുറച്ചു നാൾ മുൻപ്   പെൺകുട്ടിയെ പീ-ഡിപ്പിച്ച കേസിൽ പ്രതിയെന്ന് സംശയിച്ചിരുന്ന യുവാവ്  സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടു, ഒപ്പമുണ്ടായിരുന്ന അച്ഛനും അമ്മയും ശരീരം തളർന്ന നിലയിൽ ആശുപത്രിയിൽ, അവർക്കൊപ്പം വണ്ടിയിലുണ്ടായിരുന്ന ഫാമിലി വക്കീലിന്റെ ശബ്ദം പൂർണമായി  നഷ്ടപ്പെട്ടു……

അങ്ങനെ ദൈവത്തിന്റെ കോടതിയിൽ എഴുതിയ  ആ വിധി  ഈ ഭൂമിയിൽ  അന്ന് നടപ്പായി…..

ഇപ്പോളും ഒന്നും മനസ്സിലാകാതെ ചിലർ ഉണ്ട് ല്ലേ???…

അല്ലെങ്കിലും മനുഷ്യസങ്കല്പങ്ങൾക്ക് എത്രയോ അപ്പുറമാണ് സത്യത്തിന്റെ ശക്തി…….

~സ്റ്റോറി ബൈ ശരത്ത്