അഞ്ജലി കുളി കഴിഞ്ഞ് ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു..ബെഡിൽ ഉറങ്ങിക്കിടക്കുന്ന കുഞ്ഞിന്റെ അരികിൽ വന്ന് ഒന്ന് നോക്കി…

അഞ്ജലി

Story written by Ammu Sageesh

============

ഉച്ചക്ക് അൽപ്പം സമയം ഉറങ്ങാൻ കിട്ടുന്നതാണ് അഞ്ജലി..ഹരി അഞ്ജലിയുടെ അരികിൽ തന്നെ ഉണ്ടായിരുന്നു..ഉറങ്ങിക്കിടക്കുന്ന രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ നെറുകയിൽ ഹരി ഒരു ഉമ്മ നൽകി..അപ്പോഴേക്കും അഞ്ജലി ഒരു സ്വപ്നത്തിലെന്നപോലെ എണീറ്റ് ഇരുന്ന് കരയാൻ തുടങ്ങി..

“അഞ്ജലി..തനിക്ക് എന്ത്‌ പറ്റി ?” ഹരി അവളെ ഒന്ന് കുലുക്കി വിളിച്ചു കൊണ്ട് അവന്റെ അരികിലേക്ക് ചേർത്ത് പിടിച്ച് ചോദിച്ചു.

“അറിയില്ല ഹരിയേട്ടാ.. ” അവൾ വിതുമ്പികൊണ്ടു പറഞ്ഞു..

“എന്താണെങ്കിലും തനിക്ക് എന്നോട് പറയാലോ..?”{ഹരി അഞ്ജലിയുടെ കണ്ണുനീർ തുടച്ചുകൊണ്ടു പറഞ്ഞു.

“അത് ഹരിയേട്ടാ.. എനിക്കെന്തോ വല്ലാത്ത ഒരു പേടിയാ എപ്പോഴും.. “

“എന്തിന് ?”

“നമ്മുടെ കുഞ്ഞിന് എന്തെങ്കിലും പറ്റുമോ എന്നൊക്കെ ഓർത്ത്..ഞാൻ പറഞ്ഞിട്ടില്ലേ എന്റെ ഒരു ഫ്രണ്ടിന്റെ കുട്ടി മരിച്ചതിനെ പറ്റി..പിന്നെ അമ്മാവന്റെ മകന്റെ കുട്ടി.. ” ബാക്കി പറഞ്ഞ് തീർക്കും മുൻപേ അഞ്ജലി വീണ്ടും പൊട്ടി കരഞ്ഞു.

“എടോ അതൊക്കെ കഴിഞ്ഞില്ലേ..അതുപോലെ ഒന്നും നമ്മുടെ കുഞ്ഞിന് വരില്ല.. നമ്മൾ ഇല്ലേ ഇവളെ നോക്കാൻ..”

“എങ്കിലും ഹരിയേട്ടാ.. ചിലപ്പോഴേക്കെ എന്റെ ചിന്തകൾ ..! എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല..ആ സമയത്ത് എനിക്ക് നമ്മുടെ കുട്ടിയെ പറ്റി ഓർമയെ വരുന്നില്ല..വെറുതെ സങ്കടം വരും..എല്ലാരോടും ദേഷ്യം തോന്നും… പിന്നെ ഹരിയേട്ടാ എനിക്കിപ്പോ കുറച്ച് ദിവസായി ഈ ജീവിതം തന്നെ മടുത്തപ്പോലെ…മരിച്ചാൽ മതിയെന്ന് തോന്നി പോവാ…”

അഞ്ജലി പറഞ്ഞു തീർക്കും മുൻപേ ഹരി തന്റെ ചൂണ്ടുവിരൽ കൊണ്ട് അവളുടെ ചുണ്ട് പൊത്തി പിടിച്ച് കൊണ്ട് പറഞ്ഞു. “അഞ്ജലി വേണ്ടാ….താൻ ഇങ്ങനെയൊന്നും പറയല്ലേ..എനിക്ക് സഹിക്കില്ലാ..” ഹരിയുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു.

“സോറി ഹരിയേട്ടാ..ഞാൻ വെറുതേ…ഹരിയേട്ടനെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ലാ….സോറി..” അഞ്ജലി കണ്ണുകൾ തുടച്ചുകൊണ്ടു പറഞ്ഞു..പെട്ടന്ന് തന്നെ അവളുടെ മുഖത്തൊരു ചിരി വിടർന്നു..

“താൻ വാ നമുക്ക് കുറച്ച് സമയം നമ്മുടെ മുറ്റത്തേകൂടെ നടക്കാം..തന്റെ ചെടികളൊക്കെ കാണാം.. വാ…”

അങ്ങനെ ഹരി അഞ്ജലിയെയും കൂട്ടി മുറ്റത്തേക്ക് ഇറങ്ങി..

****************

ഹരി ജോലി കഴിഞ്ഞ് വന്നപ്പോൾ അഞ്ജലി ബാത്‌റൂമിൽ ആയിരുന്നു.. പെട്ടന്നാണ് ബെഡിൽ ഒരു പേനയും പേപ്പറും കിടക്കുന്നത് ഹരിയുടെ ശ്രദ്ധയിൽ പെട്ടത്‌..ഹരി തന്റെ ഷർട്ടിന്റെ ബട്ടൺ അഴിച്ചുകൊണ്ട് തന്നെ ബെഡിൽ കിടന്നിരുന്ന ആ പേപ്പർ എടുത്ത് നോക്കി..

പ്രിയപ്പെട്ട ഹരിയേട്ടന്..

എനിക്കിനി ജീവിക്കണ്ടാ..എനിക്ക് എപ്പോഴും സങ്കടോം ദേഷ്യവുമൊക്കെ മാറി മാറി വരുന്നു…അത് എന്തിനാണെന്നോ, അതിന്റെ കാരണമോ എനിക്ക് അറിയില്ല..ആരും എന്നെ മനസിലാക്കുന്നില്ല..ആളുകളെ ഫേയിസ് ചെയ്യാൻ പറ്റുന്നില്ല..ഒന്ന് സംസാരിക്കാൻ പോലും തോന്നുന്നില്ല…നമ്മുടെ കുഞ്ഞിനെ ആരും എടുക്കുന്നതോ കളിപ്പിക്കുന്നതോ ഒന്നും എനിക്ക് ഇഷ്ടമല്ലാ..ഇതെല്ലാം കാണുമ്പോൾ ഇപ്പൊ എല്ലാരും പറയുന്നത് എനിക്കെന്തോ മാനസിക രോഗമാണേന്നൊക്കയാണ്..സഹിക്കാൻ പറ്റുനില്ലാ ഹരിയേട്ടാ..ഈ പ്രസവശേഷം എന്റെ ശരീരം തടിച്ചു..തടിച്ചുകൊഴുത്ത എന്റെ ശരീര ഭാഗങ്ങളിലേക്കാണോ സമൂഹത്തിന്റെ കണ്ണു പാളുന്നത്…ആ ഒരു ഭയം എന്നെ വല്ലാതെ തളർത്തുന്നു…അതു കൊണ്ട് എനിക്കിപ്പോൾ ആളുകളെ കാണുന്നത് തന്നെ പേടിയാ ഹരിയേട്ടാ..അതാ ഞാൻ എപ്പോഴും മുറിക്കുള്ളിൽ ഇരിക്കുന്നത്..അല്ലാതെ അമ്മയൊക്കെ പറയുംമ്പോലെ അവരെ ഇഷ്ടമില്ലാത്തതുകൊണ്ടല്ലാട്ടോ..പിന്നെ..ഹരിയേട്ടൻ നമ്മുടെ മോളെ പൊന്നുപോലെ നോക്കിക്കോളണം..അവൾക്ക് ഒരു കുറവും വരുത്തരുത്.. ഇത്രേയൊക്കെയേ എനിക്ക് പറയാനൊള്ളൂ… “I love you” ഹരിയേട്ടാ…

എന്ന് ഹരിയേട്ടന്റെ സ്വന്തം അഞ്ജലി..

“അഞ്ജലി” ഹരി ഉറക്കെ വിളിച്ചു..

“ഹരിയേട്ടാ…”

അഞ്ജലി ഹരിയെ കുലുക്കി വിളിച്ചു..ഹരി പെട്ടന്ന് ഞെട്ടി ഉണർന്നു.

“എന്തുപറ്റി ഹരിയേട്ടാ..”

“ഏയ് ഒന്നൂല്ല.. സ്വപ്നം കണ്ടതാ..”

“ഉം.. ഇപ്പൊ കുഞ്ഞും എണീറ്റേനേ…”

“താൻ ഉറങ്ങിയില്ലേ..”

“ഇല്ല ഹരിയേട്ടാ.. ഉറക്കം വരുന്നില്ലാ..”

“സാരോല്ല…വാ താൻ കിടക്ക്..ഞാൻ ഉറക്കാം..”

“ഉം..”

ഹരി അവളുടെ മുടിയിഴകളിൽ താലോടികൊണ്ടിരുന്നു.. പതിയെ അവളുടെ മിഴികളിൽ നിദ്ര പൊതിഞ്ഞു..

*************

“ടാ നീ എന്താ അത്യാവശ്യമായിട്ട് കാണണമെന്ന് പറഞ്ഞേ..?” കാര് ഡ്രൈവ് ചെയ്യുന്നതിനിടയിൽ രഞ്ജിത് ഹരിയോട് ചോദിച്ചു..

“അല്ലാ… കാറിൽ കയറിയപ്പോൾ മുതൽ ഞാൻ ശ്രദ്ധിക്കണതാ…നീ ഇന്നാകേ ഡെസ്പാണല്ലോ.. എന്തുപറ്റീടാ…?.” രഞ്ജിത് ഹരിയുടെ ഷോള്ഡറിൽ തട്ടിക്കൊണ്ട് ഒന്നു കൂടി ചോദിച്ചു.

“അത് പിന്നെ..ആകെ പ്രോബ്ലെംസാടാ..ഡെലിവറിക്ക് ശേഷം അഞ്ജലിയുടെ സ്വഭാവത്തിൽ ആകെ ഒരു മാറ്റം..ആവശ്യമില്ലാതെ കരയുന്നു, പെട്ടന്ന് ദേഷ്യപ്പെടുന്നു, ആരോടും സംസാരിക്കുന്നില്ല..എന്നാൽ ചില സമയത്ത് നല്ല ഹാപ്പിയായിട്ടും ഇരിക്കും..പിന്നെ കുഞ്ഞിനെ ഓർത്ത് ടെന്ഷന്…അങ്ങനെ അങ്ങനെ..”

“ഇതാണോ..ഇത് അത്ര വലിയ പ്രോബ്ലെം ആയികാണാൻ നിൽക്കണ്ട നീ…ടെന്ഷന് ആവണ്ട കാര്യമൊന്നും ഇല്ലാട..ഇതിന് ഞങ്ങൾ മെഡിക്കൽ ഡയൻസിൽ പോസ്റ്റ് പാർട്ടം ഡിപ്രെഷൻ എന്ന് പറയും. ഇതിപ്പോ 100ൽ 50 – 80 ശതമാനം സ്ത്രീകളിലും കണ്ടുവരുന്നുണ്ട്..അല്ലാടാ ഞാൻ ചോദിക്കട്ടേ..അഞ്ജലിക്ക് ഇങ്ങനെ വരാൻ പ്രെഗ്നൻസി പീ രിയഡ്സിലോ, ഡെലിവറി സമയത്തോ, അതുകഴിഞ്ഞോ അഞ്ജലിക്കോ കുഞ്ഞിനോ എന്തെങ്കിലും പ്രോബ്ലെംസോ, ടെന്ഷനോ അങ്ങനെ എന്തെങ്കിലും ഉണ്ടായിരുന്നോ ?”

“ഡെലിവറി നേരത്തെയാവാൻ ചാൻസ് പറഞ്ഞപ്പോ ചെറിയ ടെന്ഷന് ഉണ്ടായിരുന്നു, പിന്നെ കുഞ്ഞ് ഉണ്ടായികഴിഞ്ഞും കുഞ്ഞിന് ചെറിയ കോംപ്ലിക്കേഷൻസ് ഉണ്ടായിരുന്നു..അപ്പോഴോക്കെ അവൾ നന്നായി പേടിച്ചിരുന്നു.”

“ഉം..ഇതൊക്കെയാണ് ഇപ്പോഴത്തെ അഞ്ജലിയുടെ ഈ അവസ്ഥക്ക് അപ്പോൾ കാരണം. നീ പേടിക്കണ്ടാ..പിന്നെ ഡെലിവറി കഴിഞ്ഞപ്പോൾ പെട്ടന്ന് ഉണ്ടായ ഹോര്മോണൽ ചേയ്യിജും…”

“ഞാൻ ഇതിനെ പറ്റി പണ്ട് വായിച്ചടുണ്ട്..അതുകൊണ്ട് ഞാൻ അവളെ മാക്സിമം സപ്പോർട്ട് ചെയ്യുന്നുണ്ടെടാ..പക്ഷെ ചില സമയത്തെ അവളുടെ പെരുമാറ്റവും വീട്ടിൽ ഉള്ളവരുടെ കുത്തുവാക്കും കേക്കുമ്പോൾ എല്ലാം കൈയീന്ന് പോവാൻ തുടങ്ങും..”

“ഹാ..ലീവ് ഇറ്റ് മാൻ..ആളുകൾ പലതും പറയും. ഭാര്യ നിന്റെയാണ്..അതു മാത്രം ഓർത്താൽ മതി..സ്ത്രീകളുടെ പ്രശ്നങ്ങളെ മനസിലാക്കാൻ പലപ്പോഴും മറ്റു സ്ത്രീകൾ ശ്രമിക്കാറില്ല..അതല്ലേ ഈ ബസിൽ തന്നെ പ്രായമായവരോ, ഗർഭിണികളോ, ബസിൽ കയറുമ്പോൾ സ്ത്രീകൾ എണീറ്റ് കൊടുക്കാൻ മടിക്കുന്നത്..പിന്നെ ചിലപ്പോഴൊക്കെ നമ്മൾ ആണുങ്ങൾ തന്നെ എണീറ്റ് കൊടുക്കുന്നതും കണ്ടിട്ടുണ്ട്…ആ നീ ഇത് പറ..അവൾ പറയുന്നതൊക്കെ നീ കേൾക്കാറുണ്ടോ…? നിന്നോട് ഓപ്പണായിട്ട് കാര്യങ്ങൾ പറയാറുണ്ടോ ?”

“ഉം..എല്ലാം പറയും..അതിൽ അവൾക്ക് പ്രശ്നമില്ല..”

“ഉം..അപ്പൊ അവിടെ പ്രോബ്ലെം ഇല്ല..ഇപ്പൊ അവളെ കേൾക്കാൻ ഒരാൾ നല്ലതാ..സോ അധികം ടെന്ഷന് വേണ്ടാ..ഇനി  വീട്ടിലെ അവസ്ഥ എന്താ.?. അയ് മീൻ..അഞ്ജലിയോട് വീട്ടിൽ ഉള്ളവരുടെ പെരുമാറ്റം..?”

“ഉം.. “

ഹരി ഒന്ന് മൂളി കൊണ്ട് തുടർന്നു…

****************

അഞ്ജലി കുളി കഴിഞ്ഞ് ബാത്‌റൂമിൽ നിന്നും ഇറങ്ങി വന്നു..ബെഡിൽ ഉറങ്ങി ക്കിടക്കുന്ന കുഞ്ഞിന്റെ അരികിൽ വന്ന് ഒന്ന് നോക്കി..പിന്നെ പതിയെ ശബ്ദം ഉണ്ടാകാതെ കണ്ണാടിക്കു മുന്നിലേക്ക് നടന്നു..തലയിൽ കെട്ടിയിരുന്ന ടവ്വൽ അഴിച്ച് കസേരയിലേക്ക് ഇട്ടു..പിന്നെ പതിയെ മുഖമുയർത്തി കണ്ണാടിയിലേക്ക് നോക്കി..

കണ്ണിനും ചുറ്റും കറുത്ത പാടുകൾ..മുഖത്തും ചെറിയ കരുവാളിപ്പ് ഉണ്ട്.

“ഇതിനി എങ്ങനെ മാറും ? ” അവൾ അവളോട്‌ തന്നെ ചോദിച്ചു.

പിന്നെ കഴുത്തിനു ചുറ്റും ഒന്ന് നോക്കി..കറുത്ത പാടുകൾ അവിടെയും വളയം പ്രാപിച്ചിട്ടുണ്ട്..അറിയാതെ അവളുടെ കണ്ണുകൾ ഒന്ന് നിറഞ്ഞു. പെട്ടന്ന് നെഞ്ചിൽ ഒരു ഭാരം പോലെ.. അവൾ തന്റെ തടിച്ച ശരീരത്തിലേക്ക് ഒന്ന് കണ്ണോടിച്ചു.. പിന്നെ പതിയെ അ ടിവറിയിൽ ഇട്ടിരുന്ന വസ്ത്രത്തിന് മുകളിലൂടെ ഒന്ന് വിരലോടിച്ചു..

“ഈ തൂങ്ങിയ വയറൊക്കെ എന്നാവും ഇനി ശരിയാവാ..വയറ് ശരിയായാലും സ്ട്രെച്ച് മാർക്കുകൾ.. അതൊരിക്കലും മായില്ല…ഹരിയേട്ടന് ഇനി എന്നോട് എന്തെങ്കിലും അകൽച്ചതോന്നോ….?ഡെലിവറിക്ക് മുൻപ് എന്റെ ശരീരം എങ്ങനെയായിരുന്നു… ??? എന്നിട്ട് ഇപ്പഴോ ??”

അഞ്ജലിയുടെ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..

“ടാ…ഇവൾ ഇത് ഏത് ലോകത്താ എന്റെ ദൈവമേ..” അമ്മയുടെ ഉറക്കെയുള്ള സംസാരം കേട്ടാണ് പുറത്ത് കാറ് കഴുകികൊണ്ടിരുന്ന ഞാൻ ഓടി റൂമിലേക്ക് ചെന്നത്..

“അമ്മേ കുഞ്ഞ് കരഞ്ഞത് ഞാൻ കേട്ടില്ലാ..ഇപ്പൊ എണീറ്റല്ലേ ഉള്ളു..” അഞ്ജലി കരഞ്ഞുകൊണ്ട് അമ്മയോട് പറഞ്ഞു.

“എന്താ…എന്താ ഇവിടെ പ്രശ്നം ?” അമ്മയുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ നോക്കി ഞാൻ ചോദിച്ചു.

“കുഞ്ഞിന്റെ കരച്ചിൽ കേട്ട് ഞാൻ ഓടി വന്നപ്പോ ഇവൾ ഇവിടെ കണ്ണാടി നോക്കി സൗന്ദര്യമാസ്വദിച്ച് നിൽക്കായിരുന്നടാ..എന്നിട്ട് കുഞ്ഞ് എണീറ്റ് കരഞ്ഞത് അറിഞ്ഞില്ല പോലും..”

“ഹരിയേട്ടാ…സത്യമായിട്ടും ഞാൻ കേട്ടില്ല കുഞ്ഞ് കരഞ്ഞത്..”

“ഉം..അഞ്ജലി നീ മിണ്ടാതെയിരിക്ക്..അമ്മ കുഞ്ഞിനെ ഇങ്ങുതാ..”

“ഓ…നീ ഇങ്ങനെ ഒരു പെണ്കോന്തനായി പോയല്ലോടാ.. “

“അമ്മ ഒന്ന് മിണ്ടാതിരിക്ക്. അഞ്ജലിയുടെ ഇപ്പോഴത്തെ അവസ്ഥയെ പറ്റി ഞാൻ പറഞ്ഞില്ലേ അമ്മയോട്..”

“പിന്നെ ഞാനും രണ്ട് പ്രസവിച്ചതാ..അന്നില്ലാത്ത കുഴപ്പങ്ങളാണലോ ഇപ്പൊ..”

“ഇവൾക്ക് എന്തോ തലക്ക് മുഴുത്ത അസുഖാ…. ” ഇത്രെയും പറഞ്ഞ് അവർ മുറിയിൽ നിന്നും പുറത്തേക്ക് പോയി..

“ഹരിയേട്ടാ…അമ്മ പറഞ്ഞപോലെ എനിക്ക് എന്തെങ്കിലും മാനസിക പ്രശ്നമാണോ?” അഞ്ജലി കരഞ്ഞുകൊണ്ട് ഹരിയുടെ നെഞ്ചിലേക്ക് ചാരി..

“ഏയ്..അതൊന്നും താൻ കേൾക്കാൻ നിൽക്കേണ്ടാ..സാരോല്ല..പോട്ടേ…തനിക്ക് ഞാനില്ലേ…”

****************

“അമ്മയുടെ ചില സമയത്തെ ഇങ്ങനെത്തെ സംസാരം കേക്കുമ്പോ എല്ലാം കൈയീന്ന് പോവും. എങ്കിലും ഞാൻ കണ്ട്രോൾ ചെയ്യും..”

“ഉം..അത് നന്നായി..സമൂഹം പലതും പറയും.. അവർക്ക് വരാത്തതൊന്നും വേറെ ആർക്കും വരില്ല എന്നൊരു ചിന്ത..പിന്നെ കുറെ പേര് ചിന്തിക്കുന്നതോ എനിക്ക് ഇതുപോലെയൊക്കെ വന്നിട്ടുണ്ട് അതുകൊണ്ട് മറ്റുള്ളവർക്കും ഇതുപോലെ തന്നെ വരെട്ടേന്ന്….അതുകൊണ്ട് നീ സമൂഹത്തെ നോക്കണ്ടാ..ഫാമിലിയെ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുക. .ഈ അവസ്ഥയിൽ ഫാമിലിയുടെ സപ്പോർട്ട് അഞ്ജലിക്ക് ഗുണം ചെയ്യും..നീ പറ്റുവാണങ്കിൽ അമ്മയെ കൂട്ടി നാളെ ഒന്ന് വീട്ടിലേക്ക് ഇറങ്ങ്..ഞാൻ ഒന്ന് സംസാരിച്ച് നോക്കാം..അമ്മക്ക് എല്ലാം നോർമൽ ഡെലിവറി ആയിരുന്നു…അതുകൊണ്ട് സ്വന്തം മോൾക്ക് സി – സെക്ഷൻ പറഞ്ഞാൽ മോളും നോർമൽ പ്രസവിക്കട്ടേന്ന് ഒരിക്കലും ഒരു അമ്മമാരും വാശിപിടിക്കാറില്ലലോ..സ്വന്തം ചോരക്ക് എന്തെങ്കിലും പറ്റിയാൽ മാത്രം ഉള്ള് നോവുന്നവരാണ് ഇന്നത്തെ സമൂഹത്തിന്റെ വില്ലന്മാർ….! എനീ വേ…നീ അഞ്ജലിക്ക് നല്ല സപ്പോർട്ട് കൊടുക്കണം. അവൾക്ക് നല്ലൊരു ലിസ്സണർ ആവണം…ഒരിക്കലും നീ അവളെ ജഡ്ജ് ചെയ്യരുത്..അവൾ പറയുന്നത് കേൾക്കുക.. അത്ര മാത്രം മതി തൽക്കാലം… കുറച്ച് ദിവസങ്ങൾ കൊണ്ട് തന്നെ ഇതിൽ നിന്നും അവൾ റിക്കവറായിക്കോളും..നീ പേടിക്കണ്ടാ..ചില കേസുകളിൽ അമ്മ കുട്ടിയെ ഉപദ്രവിക്കുന്ന സംഭവങ്ങൾ വരെ ഉണ്ടാവാറുണ്ട്..ഇത് അതുവരെ പോയിട്ടില്ലലോ..നീ ധൈര്യമായിട്ട് ഇരിക്ക്.. “

“ഉം..ഇപ്പഴോ ഒന്ന് സമാധാനമായേ….താങ്കയൂ ടാ…”

“നീ ഒന്ന് പോടാ..” രഞ്ജിത് ചിരിച്ചുകൊണ്ട് പറഞ്ഞു.

*****************

ഒരു മാസത്തിന് ശേഷം..

“ഹരിയേട്ടാ..” മോളെ കളിപ്പിച്ചുകൊണ്ടിരിക്കുന്ന ഹരിയുടെ അടുത്തേക്ക് അഞ്ജലി ഒരു ഗ്ലാസ് ചായയുമായി എത്തി..

“എന്താടോ ?” ഹരി ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഉം…ഹരിയേട്ടൻ മോളേ ഇങ്ങുതാ.. ഈ ചായ കുടിക്ക്..” അഞ്ജലി ചായ ഗ്ലാസ് ഹരിക്ക് നേരെ നീട്ടി..

“ഉം..എന്തോ കാര്യം സാധിക്കാനുണ്ടല്ലോ എന്റെ പ്രിയതമക്ക്..” ഹരി ചിരിച്ചുകൊണ്ട് ചായ ഗ്ലാസ് വാങ്ങി..

“അതുപിന്നെ ഹരിയേട്ടാ..എത്രനാളായി നമ്മൾ ഒന്ന് പുറത്തൊക്കെ പോയിട്ട്..?”

“അതിനെന്താ നമുക്ക് ഇപ്പൊ തന്നെ പോവാലോ…താൻ പോയി റെഡിയായിട്ട് വാ..”

“ഇപ്പഴോ..?”

“ആം.. വേഗം ചെല്ലടോ..” ഹരി ചിരിച്ചുകൊണ്ട് പറഞ്ഞു..

“ഉം..എന്നാ ഒരു പത്ത് മിനുറ്റ്..” അഞ്ജലി ചിരിച്ചുകൊണ്ട് മോളേയും എടുത്ത് അകത്തേക്ക് പോയി…

“പത്തു മിനുട്ടിൽ തന്നെ റെഡിയായി വരണേ…” ഹരി ഉറക്കെ വിളിച്ച് പറഞ്ഞു..

മാസങ്ങൾക്ക് ശേഷം തിരിച്ചുവന്ന അവരുടെ ഈ ചെറിയ സന്തോഷം അങ്ങനെ തന്നെ മുൻപോട്ട് പോവട്ടേല്ലേ…

*******************
Note :

പോസ്റ്റ് പാർട്ടം ഡിപ്രഷൻ അഥവാ പ്രസവാനന്തര വിഷാദം.. ഇന്നത്തെ സമൂഹത്തിലെ സ്ത്രീകൾ വളരെ അധികം നേരിടുന്ന ഒരു പ്രശ്നം..പ്രസവ ശേഷം സ്ത്രീകളിൽ പെട്ടന്ന് വരുന്ന ഹോര്മോണൽ വ്യതിയാനം ,മറ്റു ജീവിത സാഹചര്യങ്ങളുമാണ് ഇതിലേക്ക് സ്ത്രീകളെ നയിക്കുന്നത്..നൂറിൽ 50 മുതൽ 80 ശതമാനം സ്ത്രീകളിലും പോസ്റ്റ് പാർട്ടം ബ്ലൂ കണ്ടുവരുന്നു..അതിന്റെ തന്നെ മറ്റൊരു അവസ്ഥയാണ് പോസ്റ്റ് പാർട്ടം ഡിപ്രഷൻ. ഈ അവസ്ഥയെ മറികടക്കാൻ അവർക്ക് ജീവിതപങ്കാളിയുടെയും, മറ്റു കുടുംബാംഗങ്ങളുടെയും സഹായം വളരെ അത്യാവിശ്യമാണ്..

ആവശ്യമെങ്കിൽ ഒരു ഡോക്ടറുടെ സഹായവും തീർച്ചയായും തേടാം. അതിൽ ഒരിക്കലും ഒരു നാണക്കേടും വിചാരിക്കേണ്ടതില്ല…കുറ്റപ്പെടുത്തൽ അല്ല ഈ സമയത്ത് അവൾക്ക് വേണ്ടത് ആശ്യാസവാക്കുകളും, അവളെ കേൾക്കാനുള്ള മനസുമാണ്. ഇന്നല്ലെങ്കിൽ നാളെ നമുക്കോ, നമുക്ക് വേണ്ടപ്പെട്ടവർക്കോ ഈ അവസ്ഥ വരാം… അതുകൊണ്ടു വാക്കുകൾ കൊണ്ട് ഇത്തരം അവസ്ഥയിൽ ഉള്ളവരെ വേദനിപ്പിക്കാതെ ഇരിക്കുക..പോസ്റ്റ് പാർട്ടം ഡിപ്രെഷന്റെ ചില അവസ്ഥകൾ മാത്രമേ മുകളിലെ സംഭവത്തിൽ സൂചിപ്പിച്ചിട്ടൊള്ളു..