അവനോ കുറച്ചു സമയം മുൻപുവരെ മനസ്സിൽ പാടുത്തുയർത്തിയ സ്വപ്ന സൗധത്തിന്റെ തകർച്ചയിൽ…

ബുദ്ധിമാനായ വിഡ്ഢി

Story written by Shimitha Ravi

===========

“എങ്കിലും…അവളെന്നെ…”

പടിയിറങ്ങി നടക്കുമ്പോൾ അവന്റെ ഉള്ളു വല്ലാതെ നീറാൻ തുടങ്ങിയിരുന്നു. അവൾക്കിഷ്ടമില്ലെങ്കിൽ ഇങ്ങനെ വിളിച്ചു വരുത്തി അപമാനിക്കണമായിരുന്നോ? ഇതിപ്പോൾ ഒത്തിരി പ്രതീക്ഷ നൽകി മോഹകൊട്ടാരത്തിന്റെ മുകളിൽ നിന്ന് തള്ളിയിട്ടപോലെ….

വീട്ടിലേക്ക് വന്നു കയറിയതും അവന്റെ നിറഞ്ഞ കണ്ണു കണ്ടു അമ്മ അമ്പരന്നു.

“എന്ത് പറ്റി മോനെ..?”

മറുപടി പറയാതെ അവനമ്മയെ ഉറ്റുനോക്കി. പിന്നെ അവരെ കെട്ടിപിടിച്ചു..

“എല്ലാം കഴിഞ്ഞമ്മേ…ഇനി..ഇനിയൊന്നുമില്ല..” അവർക്ക് കാര്യം വ്യക്തമായി പിടികിട്ടിയില്ലെങ്കിലും  സ്നേഹമോളുടെ വീട്ടുകാരുടെ ഭാഗത്തെ മറുപടി അനുകൂലമായിരുന്നില്ല എന്ന് മാത്രം മനസ്സിലായി…

“സാരമില്ല മോനെ…അമ്മ സംസാരിക്കാം അവരോട്..” അവർ അവനെ മൃദുവായി തലോടി….

“ആരോട് അമ്മേ…”

“അവളുടെ വീട്ടുകാരോട്..എല്ലാം പറഞ്ഞു മനസിലാക്കാം..വിഷമിക്കാതെ….”

അവന്റെ ചുണ്ട്  പുച്ഛത്താൽ കോടി.. “അതിന് എന്നെ വേണ്ടാത്തത് അവൾക്കല്ലേ?”

ആയമ്മ സ്തബ്ധയായി നിന്നു. അവർക്കത് തീരെ വിശ്വസിക്കാൻ കഴിഞ്ഞില്ല..അവർക്കറിയുന്ന സ്നേഹ പേരു പോലെ സ്നേഹമുള്ളവളാണ്..വിശ്വസ്തയാണ്..ഏത് ആപത്തിലും കൂടെ നിൽക്കുന്നവളാണ്..അവനു വേണ്ടി മൂന്ന് വർഷത്തോളമായി കാത്തിരിക്കുന്നവളാണ്. അവനൊരു ജോലി യാവാനും അവനെ തന്റെ വീട്ടുകാരുടെ മുന്നിൽ തലയുയർത്തി തന്നെ പരിചയപ്പെടുത്താനും സ്വപ്നം കാണുന്നവളാണ്..അങ്ങനെ ഒരുവൾക്ക്…ഇന്നലെ കൂടി എന്നെ വിളിച്ചു എല്ലാം ശരിയാവും അമ്മേ എന്ന് പറഞ്ഞവൾക്ക് ഒരു പ്രഭാതം പൊട്ടിവിടർന്നപ്പോഴേക്കും എന്ത് സംഭവിച്ചിരിക്കും?

അവർക്ക് കാര്യങ്ങൾ ഒന്നും വ്യക്തമായില്ല..സ്നേഹയെ അവിശ്വസിക്കാൻ വയ്യ..എന്നാൽ സച്ചുവിന്റെ നിറഞ്ഞ കണ്ണുകൾ കാണുമ്പോൾ അവൻ കള്ളം പറയുമെന്ന് ചിന്തിക്കാനും വയ്യ…

തല്ലുകൊള്ളിയാണ്…അലമ്പനാണ്…പക്ഷെ സ്നേഹയുടെ കാര്യത്തിൽ അവനത്രയും സ്വാർത്ഥനാണ്..അവന്റെ പെണ്ണ്..അങ്ങനെയേ പറയൂ..അത്രക്ക് സ്നേഹമുണ്ടവന്..

അല്ലെങ്കിൽ ഇപ്പോഴും അക്ഷരത്തെറ്റില്ലാതെ എഴുതാൻ പോലുമാറിയാത്തവൻ കഷ്ടപ്പെട്ടു പഠിച്ചു ഒരു സർക്കാരുദ്യോഗം വാങ്ങുമോ? അത്രക്ക് അവന്റെ മനസ്സിൽ അവൾ ആഴത്തിൽ വേരോടിയിരിക്കുന്നു..അവൾക്ക് വേണ്ടി എന്തും ചെയ്യും അവൻ…എന്നിട്ടും….

എന്തുപറ്റി എന്റെ മക്കൾക്ക്? അവളില്ലായ്മ അതിജീവിക്കാൻ അവനു കഴിയുമോ എന്ന ചിന്തയിൽ ആ അമ്മയുടെ ഉള്ളു വേവാൻ തുടങ്ങി..

അവൻ മുഖമുയർത്തി നോക്കിയതും വീണ്ടും നിറയുന്ന കണ്ണുകളെ മറച്ചു റൂമിലേക്ക് നീങ്ങി വാതിലടക്കുന്നതും അറിഞ്ഞെങ്കിലും അവർ പ്രജ്ഞയറ്റു നിൽക്കുകയായിരുന്നു..

അവനോ കുറച്ചു സമയം മുൻപുവരെ മനസ്സിൽ പാടുത്തുയർത്തിയ സ്വപ്ന സൗധത്തിന്റെ തകർച്ചയിൽ ആകെ ഉള്ളുലഞ്ഞു കട്ടിലിലേക്ക് വീണു…

“എടാ പ ട്ടി….!!”

തലയിലേക്ക് എന്തോ വന്നു വീണതും നിലവിളിച്ചുകൊണ്ട് അവൻ ചാടിയെണീറ്റു…തലയിൽ വല്ലാത്ത വേദന..മുന്നിൽ കലി തുള്ളുന്ന മുഖവുമായി സ്നേഹ …!!

എപ്പോഴാണ് ഉറങ്ങിപോയത്?ഇവളെപ്പോ വന്നു…അല്ലെങ്കിലും ഇവളെന്തിനാ വന്നത്?

ആ ചിന്ത വന്നതും മുഖം വലിഞ്ഞുമുറുകി..നേരത്തെമനസ്സിനെ നീറ്റിയ വാക്കുകൾ വീണ്ടും തിട്ടി വന്നു.

“നീയെന്താടാ ഫോണ് എടുക്കാത്തെ?” അവൾക്ക് ദേഷ്യം വന്നു..

അവൻ ഫോണ് തപ്പി നോക്കി. അത് വണ്ടിയിലെവിടെയോ ആണെന്നു തോന്നുന്നു..

“എടുത്തിട്ടെന്തിനാ?” അങ്ങനെയാണ് പറഞ്ഞത്. ഉള്ളിലെ പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊക്കെയോ വികാരം ദേഷ്യമായി പുറത്തേക്ക് വരുകയായിരുന്നു.

അവന്റെ മുഖഭാവം കണ്ടിട്ടാവണം അവൾ പെട്ടെന്ന് ശാന്തയായി..

“എടാ നിനക്കെന്താ പറ്റിയത്? നീയെന്താ ഇങ്ങനൊക്കെ പെരുമാ റുന്നെ?”

“പിന്നെങ്ങനെ പെരുമാറണം?” അവൻ പരുക്കനായി ചോദിച്ചു.

അവൾ അടുത്തേക്ക് വന്നു കൈ പിടിച്ചു. തട്ടിയെറിയാൻ വയ്യ..സച്ചുവിന്റെ പ്രണനാണ് അവൾ…

എന്താടാ? അവൾ തലകുനിച്ചു അവന്റെ കണ്ണുകളിലേക്ക് നോക്കി.

സച്ചുവിനവളെ  നോവിക്കാൻ വയ്യ..അവന്റെ കലങ്ങിയ കണ്ണുകൾ കൊണ്ടു തന്നെ അവൾക്ക് മനസ്സിലായിരുന്നു എന്തോ അവനെ നോവിക്കുന്നുണ്ടെന്ന്. അമ്മയും ഒന്നും വിട്ടു പറഞ്ഞില്ല. മോൾ പോയി അവനെ കാണാൻ മാത്രം  പറഞ്ഞു. ഇവർക്കൊക്കെ എന്താ പറ്റിയത്? ഇന്ന് എന്റെ വീട്ടിൽ വന്നു സംസാരിക്കാൻ പറഞ്ഞിരുന്നതാണ്..ആരും വന്നില്ല..വിളിച്ചിട്ട് കിട്ടുന്നില്ല..പേടിച്ചു ഓടി വന്നപ്പോഴോ..എല്ലാവരും വല്ലാതെ അകന്ന പോലെ…അവൾക്കാകെ ഭ്രാന്ത് പിടിക്കുന്നപോലെ തോന്നി.

“ഡാ…” അവൾ ദയനീയമായി വിളിച്ചു

“മ്മ്…” അവൻ മൂളി

നിശബ്ദത….

ഒരു നിമിഷത്തിനു ശേഷം ആണ് അവൾ ശബ്ദിച്ചത്

“നീയെന്താ വരാഞ്ഞത്?”

“ഞാൻ വന്നിരുന്നു…” അവൾ ഞെട്ടി..

“എപ്പോൾ? ഞാൻ കണ്ടില്ലലോ. ആരെയാ കണ്ടത്? അച്ഛൻ വല്ലതും പറഞ്ഞോ? അതാണോ നിനക്കീ സങ്കടം?” അവൾ നൂറ് ചോദ്യങ്ങൾ ഒരുമിച്ചു ചോദിച്ചു…

അവളുടെ വ്യഗ്രത കണ്ടപ്പോൾ അവൻ  സഹതാപത്തോടെ ചിരിച്ചു..കള്ളം കണ്ടുപിടിക്കപ്പെട്ട ഒരു കുട്ടിയുടെ ഭാവങ്ങളായാണ് അവന് തോന്നിയത്.

“ആരും ഒന്നും പറഞ്ഞില്ല സായൂ…പറഞ്ഞത് നീയല്ലേ?”

സായൂ എന്ന വിളിയിൽ തന്നെ അവൾ ഉലഞ്ഞുപോയിരുന്നു..അത്ര തകർച്ചയുണ്ടായിരുന്നു ആ ശബ്ദത്തിൽ…അവനു അത്ര മനസികസംഘർഷം  തോന്നുമ്പോഴേ അങ്ങനെ വിളിക്കാറുള്ളൂ..അപ്പോൾ മാത്രമേ അവനു സ്നേഹ സായൂ ആവുള്ളു…അവൾ അവന് നേരെ തിരിഞ്ഞു ആ മുഖം കൈകളിലെടുത്തു.

“എന്താടാ..എന്താ എന്റെ കിച്ചന് പറ്റിയത്? ഞാൻ എന്താ പറഞ്ഞത്?” അവൻ വീണ്ടും പുച്ഛത്തോടെ നോക്കി..

“ഒരു പുഴുവിനെ പോലെയാണല്ലേ നീയെന്നെ കണ്ടത്? ആ വിലയെ നീയെനിക്ക് തന്നിരുന്നുള്ളൂ അല്ലെ?”

അവൾ ഒന്നും മനസ്സിലാകാതെ അവനെ നോക്കി..

“എന്തൊക്കെയാ നീ പറയുന്നേ?”

“ഞാൻ കേട്ടു സായൂ..നീ നിന്റെ അച്ഛനോട് പറയുന്നത്..”

“എന്ത്?”

“പുതിയ ആലോചനയുമായി മുന്നോട്ട് പോകാനാണ് നിന്റെ തീരുമാനം എന്ന്..കിച്ചനെ നീയൊരു പുഴുവിനെ പോലെയെ കണ്ടിട്ടുള്ളൂ എന്ന്…ഞാൻ വന്നാലും അച്ഛൻ സമ്മതിക്കാത്ത പോലെ നടിക്കണം എന്ന്..നീയല്ലേ പറഞ്ഞത്..നീ…എന്നെ..എന്നെ പറ്റിച്ചതാണല്ലേ…”

വിങ്ങലോടെ  അവൻ മുഖം കുനിച്ചു..

അവൾ ഒന്നു ഞെട്ടി..രാവിലെ നടന്നത് ഒരു തിരശീലയിലൂടെ എന്ന വണ്ണം മാനസ്സിലേക്ക് വന്നു..

കിച്ചുവിനെ  കാത്തു മുഷിഞ്ഞിരിക്കുമ്പോഴാണ് ആരോ ആരെയോ കൂട്ടി പെണ്ണുകാണാൻ വന്നത്. എനിക്കറിയില്ലായിരുന്നു അങ്ങനൊരു കാര്യം…കിച്ചുവിന്റെ കാര്യം അവൻ വരുമ്പോൾ മാത്രം അറിയിച്ചാൽ മതി എന്നു തീരുമാനിച്ചിരുന്നു. വീട്ടിൽ പറയാത്തത് കൊണ്ട് അവരെയും കുറ്റപ്പെടുത്താൻ വയ്യ..അവർ പോയ പിറകെ കിച്ചുവിനെ പറ്റി പറയേണ്ടി വന്നു. അച്ഛൻ എന്തൊക്കെയോ പറഞ്ഞു എതിർത്തു..ഒടുക്കം അൽപ്പം കടുപ്പിച്ചു തന്നെ പറഞ്ഞു..

“ആരൊക്കെ വന്നാലും ഞാൻ എനിക്കിഷ്ടമുള്ളവരെയെ കെട്ടു…ഇന്നിവിടെ വന്നതും വരുന്നതുമായ ഒരാലോചനയും എനിക്ക് വേണ്ട..കിച്ചു ഈസ് എ ജെം. എനിക്ക് വേണ്ട ആരെയും…ആരു വന്നാ ലും പറഞ്ഞുവിട്ടോള ണം അച്ഛൻ..!”

പറഞ്ഞു ചവിട്ടി കുലുക്കി പോയതെ ഓർമയുള്ളൂ…പിന്നെ പട്ടിണിസമരം..അച്ഛനും അമ്മയും പാവമാണ്..ഞാൻ നന്നായിരിക്കണമെന്നെ ഉള്ളു..കിച്ചുവിനെ ജോലി, കുടുംബം എല്ലാം അന്വേഷിച്ചു അവർ. പണം കൊണ്ടുള്ള കുറവേ ഉള്ളു എന്നറിഞ്ഞപ്പോൾ അവർ സമ്മതം മൂളുകയും ചെയ്തു..പക്ഷെ അത് പറയാൻ ഓടിവന്നപ്പോൾ ഇവനെന്താ ഈ പറയുന്നത്?

പെട്ടെന്ന് മനസ്സിലേക്ക് ആ വാക്ക് കടന്നു വന്നു…”കിച്ചു ഈസ്‌ എ ജെം.”…അടുത്ത നിമിഷം അവന്റെ വാക്കുകൾ..

“ഒരു പുഴുവിനെപോലെ അല്ലെ നീയെന്നെ കണ്ടത്” രംഗം അവൾക്ക് വ്യക്തമായി..പെരുത്ത തലയുമായി അവൾ ചാടിയെണീറ്റു
കരഞ്ഞുകൊണ്ടിരുന്ന അവന്റെ മുതുകത്തു തന്നെ ആഞ്ഞൊരു തൊഴി തൊഴിച്ചു…

“എടാ മ രപ്പ ട്ടി..നിന്നെ ഒക്കെ ഉണ്ടല്ലോ…”

എന്താ സംഭവിക്കുന്നത് എന്നറിയാതെ ചാടിയെണീറ്റു അലറികൊണ്ടു അവൻ കട്ടിലിന്റെ അപ്പുറത്തേക്ക് ഓടി കയറി..ഉറഞ്ഞു തുള്ളുന്ന അവളെ കണ്ട് അവന്റെ ദുഃഖമൊക്കെ നിമിഷനേരം കൊണ്ടു പറന്നുപോയി.

ഇതേതാ ഈ ഭദ്രകാ ളി? അവൾ നൊടിയിടയിൽ ഫോണ് എടുത്തു എന്തോ ടൈപ്പ് ചെയ്ത് അവന്റെ നേരെ ഒരേറ്..എന്നിട്ടൊരു പോക്ക്..കാറ്റ് പോലെ പോകുന്ന കൂട്ടത്തിൽ “അമ്മയുടെ മോനെ വല്ല ഊളമ്പാറയിലും കാണിക്ക്..അക്ഷരാഭ്യാസം ഇല്ലാത്ത ഇവനെയൊക്കെ പ്രേമിച്ച എനിക്ക് ഇതന്നെ കിട്ടണം” എന്നുകൂടി പറയുന്ന കേട്ടു..

അവളുടെ വണ്ടി പാഞ്ഞുപോകുന്ന ശബ്ദം കേട്ടതും ആശ്വാസത്തോടെ അവൻ നെഞ്ചിൽ കൈവച്ചു..ആ പോയ സാധനം കടിക്കുവോ എന്തോ…അല്ല എന്താപ്പോ ഇവിടെ നടന്നത് എന്ന ഭാവത്തിൽ അമ്മ വന്നു എത്തിനോക്കി..

അവൻ “ആ “എന്ന ഭാവത്തിൽ കൈകൊണ്ടു കാട്ടിയപ്പഴാണ് അവൾ കയ്യിൽ വച്ചു തന്ന അവളുടെ ഫോണ്  ശ്രദ്ധിച്ചത് തന്നെ..എന്താ ആ കുരുപ്പ് എഴുതിയത്?വല്ല ചീത്തയും ആവും…നെഞ്ചിടിപ്പോടെ അതിലേക്ക് നോക്കി..
gem

അതിവിശേഷസാധനം (നാമം)

അമൂല്യസാധനം (നാമം)

ആഭരണം (നാമം)

മണി

മുത്ത്

രത്‌നം (നാമം)

രത്നം

രത്നം (നാമം)

രത്‌നക്കല്ല്‌ (നാമം)

വളരെയധികം വിലമതിക്കപ്പെടുന്ന എന്തും (നാമം)

വിശിഷ്‌ട വസ്‌തു (നാമം)

വിശിഷ്ട വസ്തു (നാമം)

ആപ്പിലേക്ക് കണ്ണു തള്ളി നോക്കി..ഡിക്ഷണറി…തലച്ചോറിലേക്ക് കത്തിയ ട്യൂബ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൻ തലക്ക് കൈ കൊടുത്തു ഇരുന്നു പോയി….

“എന്റെ ദൈവമേ..ഞാനൊരു അമൂല്യവസ്തുവാണ് പോലും…

അവളെന്താ പറഞ്ഞത്…

ആരൊക്കെ വന്നാലും ഞാൻ എനിക്കിഷ്ടമുള്ളവരെയെ കെട്ടു…ഇന്നിവിടെ വന്നതും വരുന്നതുമായ ഒരാലോചനയും എനിക്ക് വേണ്ട..കിച്ചു ഈസ് എ ജെം.എനിക്ക് വേണ്ട ആരെയും…ആരു വന്നാ ലും പറഞ്ഞുവിട്ടോളണം അച്ഛൻ..!”

“എന്നെ മാത്രം മതിയെന്നു പറഞ്ഞതാണ് എന്റെ പെണ്ണ്…ഞാനെന്താ കേട്ടത്..” അവന്റെ മനസ്സിലെ ജേമിനെ അവൻ അവളുടെ ഫോണിൽ തന്നെ അടിച്ചു നോക്കി.

germ

അങ്കുരം (നാമം)

അണു (നാമം)

ആദിബീജകാരണം

ബീ ജം (നാമം)

മുള (നാമം)

മുളയ്‌ക്കുക (ക്രിയ)

മൂലമായ ആശയം

രോഗബീജം (നാമം)

രോഗാണു (നാമം)

രോഗബീജം (നാമം)

രോഗാണു (നാമം)

വികസിക്കുക (ക്രിയ)

വിത്ത്‌ (നാമം)

സൂക്ഷ്‌മജീവി (നാമം)

സൂക്ഷ്മജീവി (നാമം)

ചിരിക്കണോ കരയണോ എന്നറിയാത്ത ഭാവത്തോടെ അവൻ നിന്നു..ഒപ്പം അവളുടെ അവസാനത്തെ വാചകം കൂടി ഓർമ വന്നതോടെ അവൻ തലകുത്തി ചിരിക്കാൻ തുടങ്ങി..

അമ്മയുടെ മോനെ വല്ല ഊളമ്പാറയിലും കാണിക്ക്..അക്ഷരാഭ്യാസം ഇല്ലാത്ത ഇവനെയൊക്കെ പ്രേമിച്ച എനിക്ക് ഇതന്നെ കിട്ടണം

പാവം…!! എത്ര വിഷമിച്ചു കാണണം..ബൈക്കിന്റെ കീ എടുത്തു പുറത്തേക്കൊടുമ്പോള്  അന്തം വിട്ടു നിൽക്കുന്ന അമ്മയോട് വിളിച്ചു പറഞ്ഞു..

“മരുമോളെ ഇപ്പൊ കൊണ്ടാരാം ട്ടോ..”

ഇനി എങ്ങനൊക്കെ കാലു പിടിച്ചാലാ എന്റെ ദൈവമേ എന്നു ആത്മഗതം ചെയ്തു വണ്ടി സ്റ്റാർട്ട് ചെയ്യുമ്പോ അവൻ വെറുതെ ഓർത്തു..ഇവളെന്തിനാ ല്ലേ അക്ഷരാഭ്യാസമില്ലാത്ത എന്നെ പ്രേമിച്ചത്..ശേ എന്റൊരു കാര്യം..!! കണ്ട പരസ്യത്തിലെ ജേമിനെ മാത്രം അറിയുന്ന ഞാൻ എന്തിനാലെ പ്രേമിക്കാൻ പോയത്? എന്നെക്കൊണ്ട് ഞാൻ തോറ്റു…!!ആ ചളിപ്പ് അങ്ങട് പോകുന്നില്ലല്ലോ ഭഗവാനെ..!!