ചിലപ്പോൾ കൂട്ടാൻ കാച്ചാനുപയോഗിച്ച വെളിച്ചെണ്ണ അധികമായാൽ തെക്കിയെടുത്ത് കുപ്പിയിൽ തന്നെ ഒഴിക്കും…

അവളും അയാളും…

എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

===========

പുതുമ തേടിയാണ് അയാൾ, കൂട്ടുകാരന്റെ കൂടെ അവളുടെ പുരയിലെത്തിയത്. ഉമ്മറത്തു നിന്നും, ഇരുവരും അകത്തളത്തിലേക്കു കയറി.

ചിതൽ തിന്നു ദ്രവിച്ച വാതിൽ ചാരി, അയാൾ മുറിയകത്തേക്കും കൂട്ടുകാരന്റെ മുഖത്തേക്കും നോക്കി. ഒരു മെന കെട്ട ചിരി തൂകിക്കൊണ്ട് കൂട്ടുകാരൻ പറഞ്ഞു….

“അലക്സ്, അവളിപ്പോൾ വരും…അവളുടെ ചെക്കന് എന്തോ മരുന്നു കൊടുക്കാനുണ്ടത്രേ…കൂലിപ്പണിക്കാരനായിരുന്നു, അയാൾ. ഏതോ വണ്ടിയിടിച്ചതാണ്…അത്, നിർത്താണ്ടും പോയി. ഞാൻ പുറത്തുപോയി ഇത്തിരി കഴിഞ്ഞു വരാം…വെറൈറ്റിയുടെ കഥ പറഞ്ഞു തരണം…”

തേക്കാത്ത ചുവരുകളുള്ള മുറിയകത്തു നിന്നും, പ്രാണൻ പറിഞ്ഞ കണക്കേയുള്ള ചുമയൊച്ചകൾ. അകമ്പടിയായി, കാലഹരണപ്പെട്ട പങ്കയുടെ മുറുമുറുക്കങ്ങൾ…ചുമച്ചു തുപ്പിയ കഫക്കട്ടയേക്കാൾ പുഴുത്തൊരു തെറിവാക്കു മുറിച്ചുവരു കടന്നുവന്നു.

പ്ലാസ്റ്റിക് ചാക്കു കൊണ്ടു മറച്ച ജനാലകൾ…ജാലകത്തോടു ചേർന്നു കിടന്ന ചെറിയ ഡസ്കിൽ, ചിതറിക്കിടക്കുന്ന പുസ്തകങ്ങൾ. ഇവരുടെ കുട്ടികളുടേതായിരിക്കാം..അവരിപ്പോൾ സ്കൂളിലാകും…ഉച്ച കഴിയുന്നതേയുള്ളൂ…അകത്തെ ഓരോ കോണിലും നിറഞ്ഞ ചിലന്തിവലകൾ…ശീലാന്തിയിൽ നിറഞ്ഞ മണ്ണെണ്ണക്കരിയുടെ തൊങ്ങലുകൾ…അലക്ഷ്യമായി ആരോ വലിച്ചെറിഞ്ഞ പോസ്റ്റുകാർഡ് അയാൾ കുനിഞ്ഞെടുത്തു. അതിലേക്കു മിഴി നട്ടു. ക്ലിപ്തം നമ്പ്ര്, സ്ഥാവര ജംഗമം, ജപ്തി…അപരിചിതങ്ങളായ പദങ്ങൾ നിറഞ്ഞ കാർഡ്…സഹകരണ ബാങ്കിന്റെ ജപ്തി നോട്ടീസ്…

അവൾ പുറത്തേക്കു വന്നു. എള്ളെണ്ണയുടെ നിറമുള്ള ചർമ്മമുള്ള, കഥ പറയുന്ന വെള്ളാരങ്കണ്ണുകളുള്ള ഒരുവൾ…മൂന്നു വ്യാഴവട്ടം ജീവിച്ചു തീർത്തവൾ…ഹുക്കുകൾ നഷ്ടമായ, മുഷിഞ്ഞ ഉടുപ്പിന്റെ കയറ്റിക്കുത്ത് താഴ്ത്തിയിട്ട് അവൾ പുഞ്ചിരിച്ചു. പതിയേ പറഞ്ഞു.

“സാറെത്തിയോ…..?ഞാനൊന്നു കുളിയ്ക്കട്ടേ…സാറാ ചായ്പ്പിലെ കട്ടിലിലിരുന്നോ…ദാ വരണു ട്ടാ…..”

അവൾ അടുക്കളയ്ക്കപ്പുറത്തേക്കു മറഞ്ഞു. ചായ്പ്പിലെ കട്ടിലിൽ അയാളിരുന്നു. ജീർണ്ണതയുടെ ഗന്ധം പേറിയ അകം. കട്ടിലിൽ മടക്കി വച്ച തഴപ്പായ…കാറമണമുള്ള തലയിണകൾ. പഴകിയ പുതപ്പ്…അയ നിറയേ വിഴുപ്പുകളും, നല്ല തുണികളും ഇടകലർന്നു. അലക്സ്, സ്വന്തം മുറിയകത്തേക്കുറിച്ചോർത്തു. ഭാര്യ, ടെസ്സയേക്കുറിച്ചും…..

പരിമളം നിറഞ്ഞ, സദാ വൃത്തിയും വെടിപ്പും നിറഞ്ഞ, പരിഷ്കൃതമായ മുറിയകം..ആഢംബരങ്ങളുടെ അതിപ്രസരങ്ങൾ…ഷെൽഫിലെ പുസ്തകങ്ങൾ…അതിൽ നാലെണ്ണം, ടെസ്സ എഴുതിയതാണ്. അരികിലൊതുങ്ങിയ, കുട്ടികളുടെ കമ്പ്യൂട്ടർ മേശ…പുസ്തകങ്ങൾ…..

ചിന്തകളേ മുറിച്ചു കൊണ്ടു, വാതിൽ തുറന്നടഞ്ഞു. അവൾ കുളി കഴിഞ്ഞെത്തിയിരിക്കുന്നു. പഴയതെങ്കിലും മുഷിയാത്തൊരു ഉടുപ്പു ധരിച്ചിട്ടുണ്ട്…അതിനും ബട്ടണുകൾ, കൃത്യമായി ഇല്ലായിരുന്നു. തീർത്തും അനാകർഷകമായ ഒരപരിചിത സോപ്പുഗന്ധം നാസികയിലെത്തുന്നു. അവൾ, കട്ടിലിൽ വന്നിരുന്നു. ശബ്ദം താഴ്ത്തിപ്പറഞ്ഞു.

“വേഗം വരൂ…കുട്ടികൾ വരും മുമ്പേ കഴിയണം…..”

ഉടലുകൾ പി ണഞ്ഞു. അവളുടെ കാതുകളിൽ പ ഴുപ്പുണ്ടായിരുന്നോ…..?തലമുടിയിൽ നിന്നും വല്ലാത്തൊരു ഗന്ധം ഉതിരുന്നു.

“നിന്റെ ഹെയർ ഓയിൽ ഏതാണ്….?”

അയാൾക്ക് ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല…..

“ഹെയറോയിലോ, എനിക്കോ….?”

അവളൊന്നു ചിരിച്ചു. തുടർന്നു….

“ഇതു പച്ച വെളിച്ചെണ്ണയാണു സാറെ…ചിലപ്പോൾ കൂട്ടാൻ കാച്ചാനുപയോഗിച്ച വെളിച്ചെണ്ണ അധികമായാൽ തെക്കിയെടുത്ത് കുപ്പിയിൽ തന്നെ ഒഴിക്കും. കെട്ട കാലമാണ് സാറേ…ജീവിക്കാൻ പാടാണ്…..”

അലക്സ്, ടെസ്സയേ വീണ്ടുമോർത്തു. അവളുടെ മുടിയിഴകൾക്ക് ഏതോ ആയുർവേദ ഷാമ്പൂവിന്റെ സുഗന്ധമാണ്…..ഉടലിനാകെ പ്രിയമുള്ളൊരു മണമാണ്. അവൾ, എഴുത്തിലും വായനയിലും കുട്ടികളുടെ പഠനത്തിലും സദാ വ്യാപൃതയാകുന്നു. രാക്കൂത്തുകളിൽ അവൾ, ആദ്യത്തേതു പോലെ റൊമാന്റിക് ആകുന്നില്ലെന്ന പരാതിയ്ക്ക് പ്രതിവിധിയായാണ് കൂട്ടുകാരനൊപ്പം ഇവിടെയെത്തിയത്…..

കട്ടിലിന്റെ ഞരക്കങ്ങൾ അവസാനിച്ചു. ഉ ടലുരുകിയതിന്റെയും പഴകിയ വസ്ത്രങ്ങളുടേയും ഗന്ധം സമന്വയിച്ചു. അയാൾ ഒരു സി ഗരിറ്റിനു തീ കൊളുത്തി…സി ഗരറ്റു ഗന്ധം, അടുത്ത മുറിയിലേക്കു വിരുന്നെത്തിക്കാണണം..അകമുറിയിൽ നിന്നും തെ റി പറച്ചിലിന്റെ ശബ്ദമുയർന്നു.

പഴ്സിൽ നിന്നും പണമെടുത്തു അവൾക്കു നേരെ നീട്ടി. അവളത് ആർത്തിയോടെ വാങ്ങി. ഉടുപ്പിലേക്കു താഴ്ത്തി. അന്നേരമാണ്, പഴ്സിൽ നിന്നും കുടുംബ ഫോട്ടോ താഴെ വീണത്. അവൾ അതു കുനിഞ്ഞെടുത്തു.

“സാറിന്റെ ഭാര്യ സുന്ദരിയാണല്ലോ…..?എന്നിട്ടാണോ….. ചിലരങ്ങനെയാണ്….വിഭവസമൃദ്ധമായ സദ്യ വീട്ടിലുണ്ടെങ്കിലും, ഹോട്ടൽ ഭക്ഷണം തേടിപ്പോകും. അവർക്കതേ പിടിക്കൂ…സാറിനോട് ഒത്തിരി നന്ദിയുണ്ട്…പറഞ്ഞതിലും അഞ്ഞൂറു രൂപ കൂടുതൽ തന്നതിന്…..”

അയാൾ പുറത്തേക്കിറങ്ങി, ആളൊഴിഞ്ഞ ചെമ്മണ്ണിടവഴിയിലൂടെ നടന്നു. മൂക്കിൻ തുമ്പിൽ അപ്പോഴുമുണ്ടായിരുന്നു കാച്ചിപ്പഴകിയ വെളിച്ചെണ്ണയുടെ ഗന്ധം. സത്യത്തിൽ അതു മാത്രമായിരുന്നു വറൈറ്റിയെന്ന് ഇപ്പോൾ ബോധ്യമാകുന്നു.

അയാൾ മുമ്പോട്ടു ചുവടുകൾ വച്ചു. കാൽക്കീഴിൽ കരിയിലകൾ ഞെരിഞ്ഞു.
അപ്പോഴും ആ ഉഷ്ണഗന്ധം അയാളെ പിന്തുടർന്നുകൊണ്ടിരുന്നു. വിടാതെ….