ചെയ്തതിനൊക്കെ നീ എന്നോട് പൊറുക്കണം. എന്നെ ഉപദ്രവിക്കരുത്..പ്ലീസ്..അവൾ അപേക്ഷിച്ചു…

ഒരു തേപ്പ് കഥ…

Story written by Aswathy Joy Arakkal

============

ബസ്സ് ഇറങ്ങി അവൾ വീട്ടിലേക്കുള്ള ഇടവഴിയിലൂടെ നടന്നു തുടങ്ങി. ഏകദേശം പത്തു മിനിറ്റോളം നടന്നാലേ വീടെത്തു…ഇടയിലാണെങ്കിൽ വേറെ വീടുകളും നന്നേ  കുറവ്.

ഏകദേശം പകുതി ദൂരം ആയപ്പോൾ പിന്നിൽ നിന്നൊരു ബൈക്ക് വരുന്ന ശബ്ദം കേട്ടവൾ സൈഡിലേക്ക് ഒതുങ്ങി നിന്നു. ബൈക്ക് കൊണ്ടു വന്നു അവളുടെ മുന്നിൽ നിർത്തി. അയാൾ ഹെൽമെറ്റ്‌ വെച്ചിരുന്നത് കൊണ്ടു മുഖം വ്യക്തമായില്ല..

ഇയാളെന്തിനാ ബൈക്ക് എന്റെ മുന്നിൽ നിർത്തിയത്. എനിക്ക് പോകണം. താനൊന്നു വഴിന്നു മാറി നിൽക്കു….അല്പം ദേഷ്യത്തിലവൾ പറഞ്ഞു.

അങ്ങനങ്ങു പോയാലോ മോളെ..ബൈക്ക് ഓഫ്‌ ചെയ്തു അയാൾ ഇറങ്ങി. അവളുടെ അടുത്തേക്ക് ചെന്നു..

ശബ്ദം കേട്ടതും അവളൊന്നു ഞെട്ടി…ശ്രീകാന്ത്…

നീയെന്താ ഇവിടെ…വിറക്കുന്നുണ്ടായിരുന്നു അവൾ..

നിന്നെയൊന്നു കാണാൻ തന്നെ..എന്നെ ചതിച്ചിട്ടങ്ങനെ അങ്ങു രക്ഷപെട്ടു വേറൊരുത്തന്റെ കൂടെ നിന്നെ ജീവിക്കാൻ വിട്ടാ പിന്നെ ഞാനെന്തിനാടി ആണാണെന്നു പറഞ്ഞു ഈ മീശയും വെച്ചു നടക്കുന്നത്..അവൻ ആക്രോശിച്ചു..

ശ്രീ..പ്ലീസ്‌ എന്നെയൊന്നും ചെയ്യരുത്..

അവൻ ഉറക്കെ ചിരിച്ചു..പതുക്കെ കയ്യിലിരുന്ന ബാഗ് തുറന്നു അതിൽ സൂക്ഷിച്ചിരുന്ന കത്തി എടുത്തു..രക്ഷപെടാൻ ശ്രമിച്ച അവളെ പിറകിൽ നിന്നു കു ത്തി വീഴ്ത്തി..

ഭ്രാ-ന്തമായ ആവേശത്തോടെ കയ്യിൽ കരുതിയിരുന്ന പെ ട്രോൾ എടുത്തു അവളുടെ ശരീരമാകെ ഒ ഴിച്ചു..അവളുടെ കരച്ചിലും, അപേക്ഷയുമൊന്നും അവൻ കേൾക്കുന്നുണ്ടായിരുന്നില്ല. ഒരു ദാക്ഷണ്യവുമില്ലാതെ തീപ്പെട്ടി ഉരച്ചു അവളുടെ മേലേക്ക് ഇട്ടു…

ഒറ്റനിമിഷം…അവള് നിന്നു ആ ളിക്ക ത്തി…പൊട്ടിച്ചിരിച്ചു കൊണ്ടു വല്ലാത്തൊരാവേശത്തിൽ അവൾ ക ത്തി ക രിയുന്നതും നോക്കിയവൻ നിന്നു…

അമ്മേ…പേടിച്ചരണ്ട്, അലറി വിളിച്ചു ടീന ഉറക്കത്തിൽ നിന്നു എണിറ്റു..വിയർത്തു കുളിച്ചൊരു പരുവമായിരുന്നു അവൾ. സ്വപ്നമായിരുന്നെന്ന് തിരിച്ചറിഞ്ഞപ്പോൾ ആശ്വാസത്തോടെ അവൾ എണിറ്റു. കുപ്പിയിൽ നിന്നു ഗ്ലാസ്സിലേക്കു വെള്ളം പകർന്നു കുടിച്ചു..നോക്കുമ്പോൾ സമയം രണ്ടു മണി..

അപ്പോഴേക്കും ടീനയുടെ ശബ്ദം കെട്ടു പപ്പയും, മമ്മിയും ഓടിയെത്തിയിരുന്നു..

എന്താ മോളെ…എന്തിനാ നീ കരഞ്ഞത്. വല്ല സ്വപ്നം കണ്ടു പേടിച്ചോ നീ..

അതെ മമ്മി..ഒരു പേടി സ്വപ്നം. അവൾ പതിയെ പറഞ്ഞു..

അല്ലെങ്കിലും വാർത്തയിൽ ആ പോലീസ്‌കാരിയെ പെ ട്രോൾ ഒഴിച്ച് കൊ ലപ്പെടുത്തിയ ന്യൂസ്‌ കണ്ടപ്പോൾ തൊട്ടു, എന്റെ കുട്ടി ആകെ പേടിച്ചതാ..മോളു പേടിക്കണ്ട..വേണെങ്കിൽ മമ്മി ഇവിടെ കിടക്കാം..

വേണ്ട മമ്മി…ഇപ്പൊ ഞാൻ ഓക്കേ ആയി. രണ്ടുപേരും പോയി കിടന്നോ..

ശെരി മോളെ…എന്നാ പ്രാർത്ഥിച്ചു കിടന്നോ. ഒന്നും ആലോചിച്ചു വിഷമിക്കണ്ട..ഗുഡ് നൈറ്റ്‌.

ഗുഡ് നൈറ്റ്‌ മമ്മി..

അവര് പോയിട്ടും ആ സ്വപ്നം അവളെ വിട്ടു പോയിരുന്നില്ല..ശ്രീകാന്ത്…അവൻ…ആറു വർഷത്തോളമായുള്ള പ്രണയമായിരുന്നു അവനുമായിട്ടു..തടസ്സങ്ങൾ പലതും പറഞ്ഞിട്ടും നിർബന്ധിച്ചു താനാണ് അവനെ തന്നിലേക്ക് അടുപ്പിച്ചത്..ഇപ്പൊ ഒരു ഓസ്‌ട്രേലിയൻ എൻജിനീയറുടെ ആലോചന വന്നപ്പോ കള്ള കഥകൾ പറഞ്ഞു നിർദാക്ഷിണ്യം അവനെ ഒഴിവാക്കി…തേച്ചു എന്നു തന്നെ പറയാം…തകർന്നു പോയിരുന്നു പാവം…

അവൻ ഇനി അങ്ങനെ വല്ലതും…അവളാകെ അസ്വസ്ഥയായിരുന്നു..സമയം നോക്കാതെ മൊബൈൽ എടുത്തു ശ്രീകാന്തിന്റെ നമ്പർ ഡയല് ചെയ്തു..മൂന്ന് പ്രവശ്യമവൻ കട്ട്‌ ചെയ്തു..പിന്നെ അറ്റൻഡ് ചെയ്തു..

ഹലോ..ശ്രീ…അവൾ പതുക്കെ വിളിച്ചു..

മം..എന്തുവേണം നിനക്ക്..എന്നെ ഇത്രയൊന്നും ദ്രോഹിച്ചട്ടു മതിയായില്ലേ നിനക്കി..ഇനി എന്താ വേണ്ടത്…

അതു…ശ്രീ..ഞാൻ..

എന്താ ഇനി നിന്റെ പ്രശ്നം..ദേഷ്യം കൊണ്ടു വിറച്ചവൻ ചോദിച്ചു..

ചെയ്തതിനൊക്കെ നീ എന്നോട് പൊറുക്കണം..എന്നെ ഉപദ്രവിക്കരുത്..പ്ലീസ്..അവൾ അപേക്ഷിച്ചു..

ഒരു പൊട്ടിച്ചിരിയായിരുന്നു അവന്റെ മറുപടി…എനിക്ക് തോന്നി..ഈ പാതിരാത്രില് നിന്റെ വിളി കണ്ടപ്പോ എന്തോ പേടി തട്ടി എന്നു…പേടിക്കണം നിന്നെപ്പോലെ തേച്ചട്ടു പൊടിയും തട്ടി നടക്കണ സകല അവളുമാരും പേടിക്കണം..അവനുറക്കെ ചിരിച്ചു..

ശ്രീ..പ്ലീസ്..എന്നെ ജീവിക്കാൻ..അവൾ വിക്കി വിക്കി പറഞ്ഞു..

നിർത്ത ടി… നീയെന്തു വിചാരിച്ചു, നീയങ്ങു എന്നെ പറ്റിച്ചു പോയെന്നു അറിഞ്ഞാ നാളെ ഞാൻ കത്തിയും, പെട്രോളുമായി ഇറങ്ങുമെന്നോ…അങ്ങനെ ഇറങ്ങാൻ മാത്രമെനിക്കെന്താടി നഷ്ടപ്പെട്ടത്..ഒന്നുല്ല…ആറു വർഷം കൂടെ നടന്നു ചതിച്ചൊരു..ബാക്കി അവൻ പറഞ്ഞില്ല..

പിന്നെ ഞാൻ നിന്നെ സ്നേഹിച്ചത് ആത്മാർത്ഥമായിട്ടണ്..അതുകൊണ്ട് തന്നെ ഇപ്പോഴും നിനക്കൊരു മുള്ളു കൊണ്ടു വേദനിക്കുന്നത് പോലും എനിക്കി സഹിക്കില്ല..തനിക്കു കിട്ടിയില്ലെങ്കിൽ അതു വേറാർക്കും കിട്ടരുതെന്നു പറഞ്ഞു നശിപ്പിച്ചു കളയാൻ ആത്മാർത്ഥമായി സ്നേഹിച്ച ഒരാൾക്കും പറ്റില്ല..എത്ര വിഷമിപ്പിച്ചാലും അവൾ എവിടെയെങ്കിലും സുഖമായിരിക്കട്ടെ എന്നു ചിന്തിക്കാനേ എന്നെ പോലുള്ളവർക്ക് പറ്റു…നിനക്കതു മനസ്സിലാകാത്തത് നീ ഇതുവരെ കാണിച്ചതൊക്കെ അഭിനയമായിരുന്നു..അതുകൊണ്ടാ..

ആഗ്രഹിക്കുന്നതെല്ലാം എപ്പോഴും നമ്മടെ കൈപിടില് ഒതുങ്ങിനു വരില്ല…അതിനു പല കരണങ്ങളുണ്ടാകാം..കിട്ടാത്തത് നശിപ്പിക്കണം എന്നുള്ളത് ഒരിക്കലും സ്നേഹമല്ല..അതു വെറും വാശിയാ…നീ എന്നെ നേടിയതും അന്ന് ആ വാശിക്ക് തന്നെ ആയിരുന്നു..അതുകൊണ്ടാണ് വലിച്ചെറിയാനും നിനക്ക് എളുപ്പമായിരുന്നത്..

പിന്നെ എന്നെ എന്റെ മാതാ, പിതാക്കള് നല്ല മൂല്യങ്ങൾ തന്നു..നന്നായി തന്നെയാ വളർത്തിയത്..അതുകൊണ്ട് നീ പേടിക്കണ്ട ഒരിക്കലും ഒരു ക ത്തിയും..പെ ട്രോളുമായി ഞാൻ നിന്റെ പിറകെ കാണില്ല…എന്നു പറഞ്ഞു ഫോൺ കട്ട്‌ ചെയ്യുമ്പോൾ അവൻ തെളിയിക്കുകയായിരുന്നു അവിടെ എന്താണ് യഥാർത്ഥ സ്നേഹമെന്നു…ആരാണ് യഥാർത്ഥ പുരുഷനെന്നു…

വൽകഷ്ണം:

എല്ലാത്തിനും ആൺകുട്ടികളെ മാത്രം കുറ്റപ്പെടുത്തകുമ്പോൾ ഇതുപോലുള്ളൊരു വർഗ്ഗവും ഉണ്ടെന്നു പലപ്പോഴും നമ്മൾ മറന്നു പോകുന്നു. കൂടെ കൂടി അവരെ പിഴിഞ്ഞ് കാര്യം നേടി അവസാനം അവരെക്കാൾ നല്ലത് കാണുമ്പോൾ പറ്റിച്ചു പോകുന്നൊരു വർഗം…പക്ഷെ അക്രമം ഒന്നിനും പരിഹാരമല്ല..

~Aswathy Joy Arakkal (08.07.2019)