അവന്റെ മനസ്സ് വേറെ എവിടെയോ ആണ്. അലക്ഷ്യമായി ചുറ്റി തിരിയുന്ന ചിന്തകൾ അവന്റെ മുഖത്തെ ഇരുട്ടിലാക്കിയത്  പോലെ തോന്നി…

ഇശ്ഖ്….

Story written by Navas Aamandoor

===========

“വികാര ങ്ങൾ കടിച്ച് പിടിച്ചു ജീവിക്കാൻ ഞാൻ മലക്ക് അല്ല. ഒരു പെണ്ണിനെ തൃപ്തി പെടുത്താൻ കഴിയാത്ത താനൊക്കെ എന്തിനാടോ പെണ്ണ് കെട്ടിയത്…..?”

മറുപടി പറയാൻ ഒന്നുമില്ലാ. അല്ലെങ്കിലും എന്താണ് പറയുക?കിടപ്പറയിൽ സ്ഥിരം കേൾക്കുന്നതാണ് അവളുടെ കുറ്റപ്പെടുത്തൽ. അവളെ കുറ്റപ്പെടുത്താനും കഴിയില്ല. എത്ര നാളാണ് ഇങ്ങനെ സഹിക്കുക.

“താൻ ഒരു  ആണാണോ…?”

അഞ്ച്‌ കൊല്ലം കഴിഞ്ഞു റസിയ ഫഹദിന്റെ പെണ്ണായി കൂടെ ജീവിക്കുന്നു. ആദ്യരാത്രി മുതൽ ഈ നിമിഷം വരെ എന്തോ ഒന്ന് ഫഹദിന്റെ ശരീരത്തെ നിർവികാരമാക്കുന്നു. പലവട്ടം ശ്രമിച്ചതാണ് കഴിയുന്നില്ല. തോറ്റുപോകുന്നു. നാണം കെട്ടു റസിയയുടെ മുൻപിൽ തലകുനിച്ചു നിന്ന രാത്രികളിൽ അവളുടെ രോഷം നിറഞ്ഞ മുഖത്തേക്ക് നോക്കാൻ ആവാതെ കണ്ണുകൾ അടച്ചു.

പക്ഷെ ഇപ്പോ പരിധികൾ ലംഘിച്ചു അവൾ അവളുടെ രോഷം വാക്കുകളിലൂടെ പ്രകടിപ്പിക്കാൻ തുടങ്ങി.

“കുറേ ക്യാഷും കാറും വീടും ഉണ്ടായാൽ മാത്രം പോരാ..പെണ്ണിന് ആണിന്റെ കരുത്തിൽ അവളുടെ വികാര ങ്ങളെ ഇല്ലാതാക്കി അവന്റെ നെഞ്ചിൽ തല ചായ്ച്ചു കിടക്കണം. അവളെ കീഴടക്കാൻ കഴിയാത്തവനോട് പെണ്ണിന് വെറുപ്പ് തോന്നും ഫഹദ് “

എന്റെ വാക്കുകൾക്ക് അതെ എന്ന അർത്ഥത്തിൽ അവൻ തലയാട്ടി. ഇതിനൊരു പരിഹാരം ഞാൻ ഉണ്ടാക്കി കൊടുക്കണം. അതിനാണ് തോറ്റുപോയവന്റെ മനസ്സുമായി എന്റെ അരികിൽ അവൻ ഇരിക്കുന്നത്.

ശാരീരികമായി അവന് ഒരു പ്രശ്നവും ഇല്ല. രണ്ട് വട്ടം ഞാൻ തന്നെയാണ് അവനെ ഡോക്ടറെ കാണിച്ചതും ചെക്കപ്പ് നടത്തി റിസൾട്ട്‌ കേട്ടതും പിന്നെ എന്തുകൊണ്ട്…… ?

“ഫഹദ്…. “

അവന്റെ മനസ്സ് വേറെ എവിടെയോ ആണ്. അലക്ഷ്യമായി ചുറ്റി തിരിയുന്ന ചിന്തകൾ അവന്റെ മുഖത്തെ ഇരുട്ടിലാക്കിയത്  പോലെ തോന്നി.

“നീ കല്യാണത്തിന് മുൻപ് വേറെ ആരെയെങ്കിലും… ?”

എന്റെ ചോദ്യം കേട്ടു അവൻ ഞെട്ടിയപോലെ എന്നെ നോക്കി. അവന്റെ കണ്ണുകൾ നിറഞ്ഞു. എന്റെ കൈയിൽ അമർത്തി പിടിച്ചു.

“ഒരിക്കൽ അങ്ങിനെ സംഭവിച്ചുപോയി. പ്രണയം തലക്ക് പിടിച്ച സമയത്തു ഷാഹിനയുമായി…എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു അവളെ..കൂടെ കൂട്ടാൻ തീരുമാനിച്ചതാണ്…പക്ഷെ ഒന്നും നടന്നില്ല. അവൾ ഗർഭിണി ആയതും..എല്ലാവരും എന്നിൽ നിന്നു അവളെ അകറ്റിയതും അവസാനം പ്രസവത്തോടെ അവൾ മരിച്ചിട്ടും ഒന്ന് കാണിക്കാതിരുന്നതും എന്തിനായിരുന്നു… “

കൊച്ചു കുട്ടിയെ പോലെ എന്റെ മുൻപിൽ ഇരുന്നു കരയുന്ന അവനെ ആശ്വസിപ്പിക്കാൻ വാക്കുകൾ തേടി. ആ ചിന്തകൾ തന്നെയാകും റസിയയുടെയും ഫഹദിന്റെയും ഇടയിൽ നിൽക്കുന്ന വില്ലൻ.

ഷാഹിനയോട് ഉണ്ടായിരുന്ന ഇഷ്ടം. അതിൽ നിന്നും ഉണ്ടായ വിഷമങ്ങൾ. പ്രണയം ശരീരക ബന്ധത്തിലേക്കും അതിൽ നിന്നും അവളിൽ ജീവൻ തുടിച്ചതും പിന്നെ ഷാഹിനയുടെ മരണം, അവളെ ഒന്ന് കാണാൻ പോലും കഴിയാതെയായതിൽ ഉള്ള സങ്കടമൊക്കെ ഫഹദിന്റെ മനസ്സിൽ ഉണ്ട്. ആ സങ്കടങ്ങൾ ആയിരിക്കും റസിയയുടെ അരികിൽ അവനെ നിർവികാരമായ അവസ്ഥയിൽ എത്തിക്കുന്നത്. പരിഹാരമില്ലാത്ത പ്രശ്നങ്ങൾ ഇല്ല. പരിഹരിക്കാൻ മനസ്സ് കാണിക്കണമെന്ന് മാത്രം.

“ഫഹദേ നീ വിഷമിക്കണ്ട. നീ എല്ലാം റസിയയോട് തുറന്ന് പറയൂ. അവൾ നിന്നെ മനസ്സിലാക്കുമെന്ന് തന്നെയാണ് എന്റെ പ്രതിക്ഷ. “

ഓരോ ദിവസവും പ്രതിക്ഷയോടെയാണ് അസ്തമിക്കുന്നത്. നാളെയുടെ ഉദയം സങ്കടങ്ങളിൽ നിന്നും സമാധാനം തരുമെന്ന് സ്വപ്നം കണ്ട് ഓരോ അസ്തമയവും ഉദയവും ജീവിതത്തിലൂടെ കടന്ന് പോകുന്നൂ.

അതിന്‌ ശേഷം ഫഹദിനെ ഞാൻ കാണുന്നത് ആറു മാസങ്ങൾക്ക് ശേഷമാണ്.

“ഫഹദ് നീ നല്ല ഹാപ്പി ആണല്ലോ ഇപ്പോ “

“അതെ…ഇപ്പോ എന്റെ എല്ലാം സങ്കടങ്ങളും മാറി..റസിയയും ഹാപ്പിയാണ്…അവൾ പ്രേഗ്നെന്റ് ആണ്. “

ജീവിതം പുഴപോലെയാണ്. ഓരോ നിമിഷത്തിലും മാറികൊണ്ടിരിക്കുന്ന കാഴ്ചകൾ.

“നിന്നോട്‌ നന്ദി പറയാനാണ് ഞാൻ ഇപ്പോ വന്നത്. ഷാഹിനയുടെ കാര്യങ്ങൾ നീ പറഞ്ഞത് കൊണ്ടാണ് റസിയയോട് തുറന്ന് പറഞ്ഞത്. അന്ന് എന്നെ കെട്ടിപ്പിടിച്ചു കുറേ കരഞ്ഞു അവൾ. അവൾ ശരിക്കും പാവമാണു. അതുകൊണ്ടല്ലേ എന്നെ ഉപേക്ഷിച്ചു പോകാതെ ഇത്രയും നാൾ എന്നെ സഹിച്ചത്… “

നന്ദി പറഞ്ഞു തിരിഞ്ഞു നടന്ന അവന്റെ മുഖത്തു വീണ്ടും വെളിച്ചം വന്നതിൽ ഞാൻ കാരണമാണെന്ന് കേട്ടപ്പോൾ എനിക്കും സന്തോഷം.

“ഞങ്ങൾക്ക് ഇപ്പോ ഒരു മോൾ കൂടി ഉണ്ട് ട്ടോ….അത്‌ പറയാൻ മറന്നുപോയി.. “

അവൻ പറഞ്ഞത് മനസ്സിലാവാതെ അവനെ നോക്കി നിന്ന എന്റെ അരികിലേക്ക് വന്നു ഫഹദ്.

“എന്റെ ഷാഹിന പ്രസവിച്ച പെൺ കുട്ടിയെ ഞാനും റസിയയും പോയി കൊണ്ട് വന്നു. ഞങ്ങൾ ചെല്ലുമ്പോൾ എന്റെ മോൾ അനാഥലയത്തിൽ ആരുമില്ലാത്തവളെ പോലെ…അവൾ പറഞ്ഞിരുന്നു നമുക്ക് ഒരു കുട്ടിയുണ്ടായാൽ അത്‌ പെണ്ണായിരിക്കും..അവളെ ആയിഷയെന്നു പേര് വിളിക്കും എന്നൊക്കെ……ആയിഷാക്ക് ഇപ്പോ റസിയ ഉമ്മയാണ്…ഞാൻ അവളുടെ വാപ്പയും..ഈ സന്തോഷത്തിന് എല്ലാം കാരണം നീ ആണ്..എന്റെ സങ്കടങ്ങൾ കേൾക്കാനും കൂടെ നിൽക്കാനും നീ ഇല്ലായിരുന്നങ്കിൽ ജീവിതം നിറങ്ങൾ ഇല്ലാതെ പോകുമായിരുന്നു. “

അവന്റെ കണ്ണ് മാത്രമല്ല എന്റെ കണ്ണും നിറഞ്ഞിരുന്നു. ഫഹദ് എന്നെ കെട്ടിപ്പിടിച്ചു. ഞാൻ അവന്റെ തോളിൽ പതുക്കെ തട്ടി.

“ഫഹദേ, ഞാൻ വരുന്നുണ്ട് നിന്റെ മോളെ കാണാൻ… “

അവൻ പോയതിന് ശേഷവും എന്റെ മനസ്സിൽ അവൻ തന്നെ ആയിരുന്നു. എന്റെ തിരക്കുകൾ, അവൻ പറയുന്നത് കേൾക്കാൻ കഴിയാതെ ആക്കിയിരുന്നങ്കിൽ ഇന്ന് ചിലപ്പോൾ ഒരു ഭ്രാ ന്തനെ പോലെയാകും അവനെ കാണണ്ടി വരിക. ഇത്തിരി സമയം മാറ്റി വെക്കണം നമ്മുക്ക് കൂടെ നിൽക്കുന്നവരെ സങ്കടം കേൾക്കാനും അവരെ സമാധാനിപ്പിക്കാനും.

“സങ്കടപ്പെടാൻ മാത്രമെല്ല സങ്കടങ്ങളെ കേൾക്കാനും ഉള്ളതാണ് ജീവിതം. “

~Navas Aamandoor