ഞായറാഴ്ച ആയത് കൊണ്ട് വൈകിയാലും പ്രശ്നമില്ലല്ലോ എന്നു കരുതിയാണ് കിടന്നതു…

സുചിത്രയുടെ സ്വപ്നാടനം

Story written by Aswathy Joy Arakkal

============

പുറത്തു മീൻകാരൻ ലാലപ്പൻ ചേട്ടന്റെ കൂവൽ കേട്ടാണ് സുചിത്ര ഉറക്കത്തിൽ നിന്നു എണിക്കുന്നതു…

നോക്കുമ്പോൾ സമയം പതിനൊന്നര..

ഞായറാഴ്ച ആയത് കൊണ്ട് വൈകിയാലും പ്രശ്നമില്ലല്ലോ എന്നു കരുതിയാണ് കിടന്നതു…ഓഫീസ് അവധിയാണല്ലോ ഇതിപ്പോ ഉച്ചയാകാറായല്ലോ…ഇനി ഭക്ഷണം ഉണ്ടാക്കാനൊന്നും വയ്യ…എണിറ്റു ഫ്രഷ് ആയി നേരെ കുഞ്ഞേട്ടന്റെ ചായക്കടയിൽ പോയി..ഉച്ചയാകാറായത് കൊണ്ട് ചൂട് എന്നു പറയാൻ പറ്റില്ല സ്വൽപ്പം ചൂട് കുറഞ്ഞ പുട്ടും, കടല കറിയും കഴിച്ചു തിരികെ വന്നപ്പോഴേക്കും സമയം പന്ത്രണ്ടര കഴിഞ്ഞു..

തിരിച്ചെത്തി വീട്ടിലൊരു പണിയും ഇല്ലാതെ കിടക്കുന്ന സ്കൂട്ടി ഡാർലിംഗിനെ കണ്ടപ്പോഴാണ് ഒരു ഐഡിയ തോന്നിയത്…നേരെ അവളെയൊന്നു കുളിപ്പിച്ചു കുട്ടപ്പിയാക്കി..കൂട്ടുകാരി ലീനയെ വിളിച്ചു..എടി നീ ഫ്രീ ആണെങ്കിൽ നമുക്കൊന്ന് കറങ്ങിയാലോ..അവൾ ഡബിൾ റെഡി..

അങ്ങനെ വീടും പൂട്ടി അവളെയും കൂട്ടി ആദ്യം പോയത് ഷോപ്പിംഗിനാണ്..കുറച്ചു ലേറ്റസ്റ്റ് ട്രെൻഡ് ഡ്രെസ്സും, കോസ്‌മെറ്റിക്‌സും വാങ്ങി നേരെ പോയത് ഫുഡ്‌ കഴിക്കാൻ…

പിസയും, കോളയും തൊണ്ടയിൽ കുടുങ്ങി നിൽക്കുമ്പോഴാണ് അവൾക്കൊരു ഐഡിയ സിനിമക്ക് കയറിയാലോ…അങ്ങനെ സിനിമയും കഴിഞ്ഞു..കപ്പലണ്ടിയും കൊറിച്ചു…പുറത്തിറങ്ങിയപ്പോ രാത്രിയായിരുന്നു..

പിന്നെ ഞങ്ങള് ബൈക്ക് പാർക്ക്‌ ചെയ്തു നിലാവത്തു കൂടെ പാട്ട് പാടി നടക്കാൻ തുടങ്ങി…ആ നടത്തത്തിൽ വിശേഷങ്ങളൊക്കെ പറഞ്ഞു അറിയാതെ അങ്ങു കുറെ ദൂരം പോയി…

പിന്നെ അവിടെ നിന്നു ഓട്ടോ വിളിച്ചു തിരികെ പാർക്കിങ്ങിൽ എത്തി..ഇറങ്ങി വണ്ടി സ്റ്റാർട്ട്‌ ചെയ്തപ്പോഴാണ് ചെവിയിലാരോ മൈക്ക് സെറ്റ് വെച്ച് പറയുന്ന പോലൊരു ശബ്ദം…

ശബ്ദം കെട്ടു നോക്കുകയല്ല കണ്ണു തുറക്കുകയാണ് ചെയ്തത്…നോക്കുമ്പോൾ പതിവുപോലെ മുഖവും കേറ്റി പിടിച്ചു കെട്ട്യോൻ..അപ്പോഴാണ് നടന്നതൊക്കെ വെറും ഡ്രീം ആയിരുന്നെന്നു തിരിച്ചറിഞ്ഞത്..

ഞായറാഴ്ച ആയാൽ മണി ഏഴായാലും എണിക്കില്ലല്ലോ…അങ്ങൊരു പാട്ട് തുടങ്ങി…

തൊട്ടപ്പുറത്തു സ്കൂൾ ഉള്ള ദിവസം അനുവദിച്ചാൽ ഉച്ചവരെ ഉറങ്ങുന്ന സന്തതികൾ എണിറ്റു വികൃതി കാണിക്കുന്നു..

എണിറ്റു മുടി കെട്ടുന്നതിനിടയിലാണ് റൂമിന്റെ ഒരു സൈഡിൽ കുമിഞ്ഞു കൂടി കിടക്കുന്ന അഴുക്കു തുണികൾ കണ്ണിൽ പെട്ടത്..

ഹോ..ഒന്നു നെടുവീർപ്പിടാനേ കഴിഞ്ഞുള്ളു…അടുക്കളയിലേക്കു  നടക്കുന്നതിനിടയിലാണ്  വീടിന്റെ കോലം ശ്രദ്ധയിൽപ്പെട്ടത്..ഇതടിച്ചു തുടച്ചു വരുമ്പോഴേക്കും ഒരു നേരമാകും..വീണ്ടും നെടുവീർപ്പ്..

അടുക്കളയുടെ ഗതി ആണെങ്കിലോ അതിലും അധോഗതി..തലേന്നത്തെ പത്രങ്ങളായി, ഫ്രിഡ്ജ് ക്ലീനിങ്ങായി…വീണ്ടും പുട്ടിനു പീരപോലെ നെടുവീർപ്പ്..

പിന്നെയും ഉണ്ട് ഒരാഴ്ചത്തെ വസ്ത്രങ്ങൾ തേച്ചു മടക്കി വെക്കലായി..പലഹാരത്തിനു അരക്കലായി, അടുക്കള ഷോപ്പിംഗ് ആയി…തീർത്താലും തീരാത്ത പണികളാണ് ഒരു അവധി ദിവസമായാൽ..

പത്രം കഴുകി ചായ അടുപ്പിൽ വെച്ചപ്പോഴാണ്  കണ്ടു കൊണ്ടിരുന്ന സ്വപ്നത്തെ പറ്റി ഓർത്തൊരു ഗദ്ഗദം ഉള്ളിൽ വന്നത്.. ഒന്നുകൂടെ നെടുവീർപ്പിട്ടപ്പോഴേക്കും വിളി വന്നു…

സുചി ചായ.. സുചി…പത്രം അമ്മേ…ഹോർലിക്‌സ് ചേച്ചി…പാൽ…പച്ചക്കറി

തുടങ്ങിയ വിളികൾക്കിടയിലേക്കു സ്വയം മറന്നു ഊളിയിട്ടു ഇറങ്ങുന്നതിനു ഇടയിൽ പുലർച്ചെ കണ്ട സ്വപ്നം തന്നെ നോക്കി കളിയാക്കി ചിരിക്കുന്നതായി അവൾക്കു തോന്നി..

അല്ലെങ്കിലും നമ്മള് പെണ്ണുങ്ങൾക്കെവിടെയാ അല്ലേ നമുക്കായി മാറ്റി വെക്കാൻ സമയം…

~Aswathy Joy Arakkal