അപ്രതീക്ഷിതമായി സഡൻ ബ്രേക്കിട്ട ബസ്സിനുള്ളിൽ, വേച്ച് വീഴാൻ പോയ അയാളെ അവൾ തൻ്റെ തോള് കൊണ്ട് താങ്ങി പിടിച്ചു…

Story written by Saji Thaiparambu

===========

ഹലോ ചേട്ടാ….ഇത് സ്ത്രീകൾക്ക് സംവരണം ചെയ്തിരിക്കുന്ന സീറ്റാണ് ഒന്നെഴുന്നേറ്റേ…

തിരക്കുള്ള ബസ്സിൽ ഒന്നിരിക്കാൻ ഇടം നോക്കുമ്പോഴാണ്, തനിക്കവകാശപ്പെട്ട സീറ്റിലിരിക്കുന്ന അയാളോട് നീലിമ പ്രതികരിച്ചത് .

ഓഹ് സോറി മേഡം, ഞാനിരിക്കാൻ തുടങ്ങുമ്പോൾ സ്ത്രീകളാരുമില്ലാതിരുന്നത്കൊണ്ട് കയറിയിരുന്നതാണ്, ദാ മേഡം ഇരുന്നോളു…

ക്ഷമാപണം നടത്തിയിട്ട് അയാൾ മെല്ലെയെഴുന്നേറ്റ് ഏന്തി വലിഞ്ഞ് കമ്പിയിലേക്ക് പിടിച്ചു.

എന്താ, നിങ്ങൾക്ക് നില്ക്കാൻ വല്ല ബുദ്ധിമുട്ടുമുണ്ടോ?

അയാളുടെ അംഗവിക്ഷേപങ്ങളിൽ എന്തോ പന്തികേട് തോന്നിയ അവൾ ആകാംക്ഷയോടെ  ചോദിച്ചു.

ഉം, കാലിൽ കുറച്ച് കമ്പികൾ കിടപ്പുണ്ട്. അതിൻ്റെയൊരു ബുദ്ധിമുട്ടുണ്ട്. കുറച്ച് നാൾ മുമ്പുണ്ടായ ആക്സിഡൻ്റിൽ പല കഷ്ണങ്ങളായിപ്പോയ കാലുകളെ ചേർത്ത് വയ്ക്കാൻ വേണ്ടി, ഡോക്ടർമാർ ചെയ്തതാണ്

അയാൾ മന്ദഹസിച്ച് കൊണ്ട് പറഞ്ഞെങ്കിലും, ശരീരത്തിൻ്റെ നോവ്, നീലിമ അയാളുടെ കണ്ണുകളിൽ കണ്ടിരുന്നു.

അയ്യോ അത് ഞാനറിഞ്ഞിരുന്നില്ല, എങ്കിൽ നിങ്ങള് തന്നെയിരുന്നോളു , ഞാനിവിടെ നിന്ന് കൊള്ളാം

അവൾ ദയാവായ്പോടെ അയാൾക്കാ സീറ്റ് വിട്ട് കൊടുത്തു.

താങ്ക്സ്….

ഒരു പുഞ്ചിരിയോടെ അയാൾ പഴയ സ്ഥാനത്ത് ഇരിപ്പുറപ്പിച്ചു.

ടിക്കറ്റ്,,,,ടിക്കറ്റ്,,,,

ഒരു താഴെചൊവ്വ….

തിരക്കിനിടയിൽ ശബ്ദമുണ്ടാക്കിക്കൊണ്ട് നുഴഞ്ഞ് വന്ന കണ്ടക്ടർക്ക് നേരെ, നീലിമ അമ്പതിൻ്റെ നോട്ടെടുത്ത് നീട്ടി.

ചില്ലറയുണ്ടോ പെങ്ങളെ? ഒരു മൂന്ന് രൂപയെടുക്കാൻ?

നോക്കട്ടെ….

അവൾ തൻ്റെ വാനിറ്റി ബാഗിൻ്റെ സിബ്ബ് തുറന്ന് നോക്കി…

ഇല്ല കെട്ടോ, ആകെ ഒരു രൂപയേ ഉള്ളു,

കൈയ്യിൽ തടഞ്ഞ ഒരു രൂപയുടെ കൊയിൻ അവൾ കണ്ടക്ടറെ ഉയർത്തിക്കാണിച്ചു.

എങ്കിലതിങ്ങ് താ…

അയാൾ നീലിമയുടെ കൈയിൽ നിന്ന് വാങ്ങിയ കൊയിൻ, തൻ്റെ ലെതർ ബാഗിലിട്ട് കൊണ്ട്, വിരലുകൾക്കിടയിൽ നിന്നും രണ്ട് നോട്ടുകളെടുത്ത് അവൾക്ക് നേരെ നീട്ടി.

ഇതാ പെങ്ങളെ പതിനഞ്ച് രൂപയുണ്ട് ? ഇതിൽ നിന്ന് ഏഴ് രൂപ ഈ ഇരിക്കുന്നയാൾക്ക് കൊടുക്കണം. അയാളും താഴെചൊവ്വയിലേക്ക് തന്നെയാണ്, ബാക്കി പെങ്ങളെടുത്തോളു

അവളെന്തെങ്കിലും മറുപടി പറയുന്നതിന് മുമ്പ്, കണ്ടക്ടർ തിരക്കിനിടയിലേക്ക് ഊളിയിട്ട് മറഞ്ഞു.

ഛെ! ഇനിയിപ്പോൾ താനയാൾക്ക് ചില്ലറ കൂടി വാങ്ങിച്ച് കൊടുക്കണമല്ലോ ഈശ്വരാ..

നീരസത്തോടെ അവൾ തല തിരിച്ചത് അയാളുടെ മുഖത്തേയ്ക്കായിരുന്നു.

ഞാൻ കാരണം ഒരുപാട് ബുദ്ധിമുട്ടായല്ലേ?

നിഷ്കളങ്കതയോടെ ചിരിച്ചു കൊണ്ട് അയാൾ ചോദിച്ചു…

ഹേയ്, ഇറ്റ്സ് ഓൾ റൈറ്റ്…

അയാളെ സമാധാനിപ്പിച്ച് കൊണ്ട് അവൾ പുറത്തെ കാഴ്ചകളിലേക്ക് നോട്ടമയച്ചു.

താഴെചൊവ്വ,,,,,താഴെചൊവ്വ,,,,

മുന്നിലെ ഡോറിൽ നിന്ന ക്ളീനർ വിളിച്ച് പറഞ്ഞത് കേട്ട് അയാൾ മെല്ലെയെഴുന്നേറ്റു

അപ്രതീക്ഷിതമായി സഡൻ ബ്രേക്കിട്ട ബസ്സിനുള്ളിൽ, വേച്ച് വീഴാൻ പോയ അയാളെ അവൾ തൻ്റെ തോള് കൊണ്ട് താങ്ങി പിടിച്ചു

മെല്ലെയിറങ്ങിയാൽ മതി

തൻ്റെ തോളിലൂടെ ഇടത് കൈ കടത്തിയിടാൻ പറഞ്ഞിട്ട്, വലത് കൈ കൊണ്ട് അയാളുടെ പുറകിലൂടെ വട്ടം പിടിച്ച് കൊണ്ട് അവളയാളെ സാവധാനം ബസ്സിൽ നിന്നിറക്കി

ഒത്തിരി നന്ദി കെട്ടോ?

സുരക്ഷിതനായി താഴെയെത്തിയ അയാൾ, നീലിമയുടെ നേർക്ക് കൈകൂപ്പി.

അയ്യോ അതൊന്നും സാരമില്ല. ങ്ഹാ പിന്നെ ഇതാ പത്ത് രൂപ താങ്കളെടുത്ത് കൊള്ളു, ഇനീപ്പോ ചില്ലറ മാറാനൊന്നും ഞാനില്ല

അവൾ പുഞ്ചിരിയോടെ അയാൾക്ക് നേരെ പത്ത് രൂപാ നോട്ട് നീട്ടി.

അല്ല മേഡം, ബുദ്ധിമുട്ടില്ലെങ്കിൽ എനിക്കൊരു അഞ്ഞൂറ് രൂപ തികച്ച് തരുമോ മോൾടെ ബർത്ഡേയാണിന്ന്, തിരിച്ച് ചെല്ലുമ്പോൾ, അവൾക്ക് കേക്ക് വാങ്ങി കൊണ്ട് ചെല്ലാമെന്ന് വാക്ക് കൊടുത്തിരുന്നു, പക്ഷേ ഹോസ്പിറ്റലിലെ ചെക്കപ്പൊക്കെ കഴിഞ്ഞപ്പോൾ പേഴ്സ് കാലിയായി. മേഡം പേടിക്കേണ്ട, ഇപ്പോൾ എൻ്റെ അക്കൗണ്ടിൽ പൈസയൊന്നുമില്ല. പക്ഷേ നാളെ എനിക്ക് കുറച്ച് എമൗണ്ട് വരാനുണ്ട്, അത് കൊണ്ട് ഗൂഗിൾ പേ നമ്പര് തന്നാൽ, നാളെ തന്നെ ഞാൻ പൈസ അയച്ച് തരാം…

അത് കേട്ട് അവളുടെ മനസ്സലിഞ്ഞു, പിന്നെ ഒട്ടും അമാന്തിക്കാതെ തൻ്റെ ബാഗിൽ നിന്നും അഞ്ഞൂറിൻ്റെ നോട്ടെടുത്ത് അവൾ അയാൾക്ക് നീട്ടി.

മേഡം നമ്പര് തന്നില്ല?

അയാൾ തൻ്റെ മൊബൈലെടുത്ത് പിടിച്ച് കൊണ്ട് ചോദിച്ചു

9846…..22…

അവൾ പറഞ്ഞ നമ്പരയാൾ ഫോണിൽ  ഡയൽ ചെയ്തു.

ഓകെ മേഡം, താങ്ക്സ്

അവളോട് യാത്ര പറഞ്ഞിട്ട്, ദൂരെ നിന്ന് യാത്രക്കാരില്ലാതെ ഓടി വന്ന ഓട്ടോറിക്ഷയ്ക്ക് നേരെ അയാൾ കൈ നീട്ടി

ഓകെ സീ യൂ…

പൊടുന്നനെ ഓട്ടോറിക്ഷയിലേക്കയാൾ ചാടിക്കയറിയപ്പോൾ അവൾ പകച്ച് പോയി

അപ്പോൾ അയാളുടെ കാലുകൾക്ക് ബലക്ഷയമുണ്ടെന്ന് അവർക്ക് തോന്നിയില്ല

താൻ കബളിപ്പിക്കപ്പെട്ടോ? എന്നവൾക്ക് സംശയം തോന്നി.

മിഴിച്ച് നിന്ന അവളുടെ ഫോൺ കുറച്ച് കഴിഞ്ഞപ്പോൾ റിംങ്ങ് ചെയ്തു.

ഹലോ….

ഫോൺ അറ്റൻ്റ് ചെയ്തവൾ ചെവിയിൽ ചേർത്ത് വച്ചു.

ഹല്ലോ…മാഡം….ഗ്ളാഡ് റ്റു മീറ്റ് യു…ഇത് ഞാനാ, അല്പം മുൻപ് നിങ്ങളെ പറ്റിച്ച് അഞ്ഞൂറ് രൂപ വാങ്ങിയ ആ മുടന്തൻ…സത്യത്തിൽ എൻ്റെ കാലിന് യാതൊരു കുഴപ്പവുമില്ലകെട്ടോ? നിങ്ങളെ ഞാനൊന്ന് ആസാക്കിയതല്ലേ? എന്താ പെങ്ങളെ, ഈ പെണ്ണുങ്ങളിത്രയും മണ്ടികളാണോ? ഒരു പരിചയവുമില്ലാത്ത ഒരുത്തൻ, എന്തെങ്കിലും പറഞ്ഞാലുടനെ അത് വിശ്വസിച്ചിട്ട്, ആദ്യം അവന്, സംവരണാവകാശമുള്ള സ്വന്തം സീറ്റ് ഒഴിഞ്ഞ് കൊടുക്കുന്നു, പിന്നെ അവൻ്റെ കൊച്ചിന് കേക്ക് വാങ്ങാൻ അഞ്ഞൂറ് രൂപയെടുത്ത് കൊടുക്കുന്നു, ഓഹ് കഷ്ടം…കഷ്ടം…ഹ ഹ ഹ

അതും പറഞ്ഞയാൾ പൊട്ടിപൊട്ടിച്ചിരിച്ചു.

കഴിഞ്ഞോ?

അവൻ്റെ ചിരി അവസാനിച്ചപ്പോൾ അവൾ തിരിച്ച് ചോദിച്ചു

ഉം കഴിഞ്ഞു…എന്തായാലും ഇന്നത്തെ കണികൊള്ളാം. അപ്പോൾ ബൈ പെങ്ങളെ…ഇനി ഞാൻ അടുത്ത ബസ്സിലേക്ക് കയറട്ടേ….എനിക്ക് കബളിപ്പിക്കാനുള്ള പെണ്ണുങ്ങൾ ഇനിയും ധാരാളമുണ്ട്

ഒരു വിജയിയെ പോലെ അയാൾ ആക്രോശിച്ചു.

എടാ മണ്ടാ…നീയെന്ത് വിചാരിച്ച്? എല്ലാ സ്ത്രീകളും മണ്ടികളാണെന്നോ ? നീയാദ്യം നിൻ്റെ ജീൻസിൻ്റെ പുറകിലെ പോക്കറ്റൊന്ന് തപ്പി നോക്ക്….അവിടെയുണ്ടായിരുന്ന നാലായിരത്തിയഞ്ഞൂറ് രൂപയടങ്ങിയ നിൻ്റെ സ്വന്തം പേഴ്സ്, ഇപ്പോൾ എൻ്റെ കൈയ്യിലാണുള്ളത്…

എടാ പമ്പരവിഡ്ഡീ…എല്ലാ സ്ത്രീകളും പുരുഷൻമാരെക്കാൾ മനസ്സലിവുളളവരായിരിക്കും. പക്ഷേ, അവരെല്ലാം വെറും മണ്ടികളാണെന്നുള്ള നിൻ്റെ ധാരണ തെറ്റായിരുന്നെന്ന് ഇപ്പോൾ ബോധ്യമായില്ലേ ?എങ്കിൽ മോൻ വേഗം വീട്ടിൽ പോകാൻ നോക്ക്, അല്ലെങ്കിൽ ഈ പെങ്ങളിനി നിന്നെ കണ്ടാൽ, നിൻ്റെ പേഴ്സ് പോയിട്ട് പെൻഡുലം പോലും ബാക്കിയുണ്ടാവില്ല

ഡീ…ഡീ…നീയെൻ്റെ പേഴ്സടിച്ച് മാറ്റാനും മാത്രം വളർന്നോ ? നിന്നെ ഞാൻ ഒരു മണിക്കൂറിനുള്ളിൽ പൊക്കിയിരിക്കുമെടീ…

നീ പോ മോനേ…ദിനേശാ….നീയാ ലൊടുക്ക് ഓട്ടോറിക്ഷയിലല്ലേ എന്നെ അന്വേഷിച്ച് വരുന്നത് ?അപ്പോഴേക്കും ഞാനീ സ്റ്റേറ്റ് വിട്ടിരിക്കും, ഞാനേ….ടാക്സി കാറിലാണെടാ പൊയിക്കൊണ്ടിരിക്കുന്നത്…ക് ണാപ്പാ ******

പഞ്ച് ഡയലോഗിൻ്റെ പുറകെ, കേട്ടാലറയ്ക്കുന്ന ചീത്ത വിളി കൂടെ കേട്ടപ്പോൾ, അയാൾ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു.

~സജി തൈപ്പറമ്പ്.