അയാൾ അവളുടെ നെറുകിൽ മെല്ലെ തലോടി , അവളുടെ കൈകളിൽ പിടിച്ചെഴുന്നേൽപ്പിച്ചു. പതിയെ അവർ ഇരുളിൽ മറഞ്ഞു….

ജന്മാന്തരങ്ങൾ….

Story written by Keerthi S Kunjumon

=============

“പൂർവ്വജന്മങ്ങളിൽ ഞാൻ എവിടെയായിരുന്നു ജോൺ ….?”

അന്നയുടെ ശബ്ദം ജോണിന്റെ കാതുകളിൽ അലയടിച്ചു….

*******************

വില്ലോമരങ്ങൾ ചാഞ്ഞുനിൽക്കുന്ന ഒരു വഴിയോരം………ശിശിരകാലം കവർന്നെടുത്ത പച്ചപ്പ് , ചില്ലകളെ ന ഗ്നമാക്കിയിരിക്കുന്നു…അവയ്ക്കിടയിലൂടെ കടന്നുവന്ന പുലർവെളിച്ചം മണ്ണിനെ പുൽകി……

വെള്ളക്കല്ലുകൾ പാകിയ ഒഴിഞ്ഞ നടപ്പാതയിലൂടെ ഒരു സ്ത്രീ കടന്നു വന്നു…കറുത്ത് തടിച്ചു പൊക്കം കുറഞ്ഞ ശരീരം……തോളറ്റം വരെ മുറിച്ചിട്ട തിളക്കമുള്ള മുടിയിഴകൾ….ചാരനിറത്തിൽ , മുട്ടിനൊപ്പം നിൽക്കുന്ന ഇറുകിയ ഫ്രോക്കും , കറുത്ത ജാക്കറ്റും ആണ് വേഷം……

പെട്ടന്ന് പകൽ വെളിച്ചം മാഞ്ഞു….എങ്ങും അന്ധമായ ഇരുട്ട് വ്യാപിച്ചു…..ആ സ്ത്രീ എവിടെ…?

അടുത്തടുത്ത്‌ വരുന്ന ഒരു നിലവിളി…..പതിയെ ആ ശബ്ദവും ഇരുളിന്റെ നിശ്ശബ്ദതയിൽ അലിഞ്ഞില്ലാതെ ആയി….

ഉറക്കത്തിൽ നിന്നും അന്ന ഞെട്ടിയുണർന്നു….

നേരം പുലരുന്നതേ ഉള്ളു….പുറത്ത് നല്ല തണുപ്പ്…പക്ഷെ അവളുടെ നെറ്റിയിൽ നിന്നു വിയർപ്പുതുള്ളികൾ ഇറ്റുവീണു , കണ്ണുകൾ നിറഞ്ഞൊഴുകി…

ഉള്ളിൽ അകാരണമായൊരു പരിഭ്രാന്തി നിറഞ്ഞു….

“ഒരു സ്വപ്നം എന്തിനിങ്ങനെ എന്നെ അസ്വസ്ഥയാക്കുന്നു , ഇത്രത്തോളം എന്നെ ഭയപ്പെടുത്തുന്നതെന്താണ്…..അതെ ആ സ്വപ്നമല്ല എന്നെ അലോസരപ്പെടുത്തുന്നത് !!!…..

മറിച്ചു അണുവിട വ്യത്യാസമില്ലാതെ ഓരോ സന്ദർഭവും ആവർത്തിക്കപ്പെടുന്നു…ഇന്നീ നാലാം നാളും ഒരേ സ്വപ്നം വീണ്ടും കണ്ടു , യാതൊരു മാറ്റവും ഇല്ലാതെ….”

ആശങ്കയും , ഭയവും നിറഞ്ഞ ചിന്തകൾ അവളുടെ മനസ്സിലൂടെ ഭ്രാ ന്തമായി അലഞ്ഞു…

വീണ്ടും അടുത്ത പ്രഭാതം , ഇന്നവൾ പതിവിലും ഉന്മേഷവതിയായിരുന്നു…..

കഴിഞ്ഞ നാല് ദിവസമായി അവളെ അലട്ടിയിരുന്ന സ്വപ്നം, ഇന്ന് അവളുടെ ഉറക്കം കെടുത്തിയില്ല….അതെ ആ ഭ്രാന്തൻ സ്വപ്നത്തിൽ നിന്നൊരു മോചനം ലഭിച്ചിരിക്കുന്നു…

അവൾ ഒരു ദീർഘനിശ്വാസത്തോടെ കിടക്കയിൽ നിന്നെഴുന്നേറ്റു കണ്ണാടിക്ക് അഭിമുഖമായി നിന്നു…നെറ്റിമേൽ വിയർപ്പുതുള്ളികൾ ഇല്ല…..നിറഞ്ഞൊരുഴുകുന്ന കണ്ണുകൾക്ക് പകരം , അവ ശാന്തമായി തിളങ്ങി….മുഖത്ത് നേരിയൊരു ആശ്വാസം സ്ഫുരിച്ചു…..

പെട്ടന്ന് ആ മുറിക്കുള്ളിലെ വായുവിൽ പ്രസന്നമായൊരു ഗന്ധം അലിഞ്ഞു ചേർന്നു…പിന്നെ അവളുടെ ശ്വാസനിശ്വാസങ്ങളിലും അത്‌ ലയിച്ചു…..

“ഈ സുഗന്ധം , ഇതെവിടുന്നു വരുന്നു , മനംമയക്കുന്ന വശ്യമായയൊരു ഗന്ധം ഈ നാല് ചുവരുകൾക്കുള്ളിൽ എങ്ങനെ എത്തി….”   അവളുടെ ചിന്തകളിൽ അത്ഭുതം നിറഞ്ഞു ….

ശ്വാസത്തിനും മനസ്സിനും ല ഹരിയേകി ആ ഗന്ധത്തെ അവൾ സ്വയം ആവാഹിച്ചു……പക്ഷേ പതിയെ അവളുടെ ശ്വാസത്തിൽ ലയിച്ചു അതില്ലാതെയായി….

പിന്നീടുള്ള മൂന്നുദിവസങ്ങളിലും  പലപ്പോഴായി അതേ ഗന്ധം അവളെ പിന്തുടർന്നു…..വിജനമായ വഴിയോരങ്ങളിൽ , ചില്ലുജാലകങ്ങൾ മൂടിയ ശീതീകരിച്ച മുറികൾക്കുള്ളിൽ , തന്റെ വാഹനത്തിനുള്ളിൽ , ഒടുവിൽ ഭക്ഷണത്തിൽ നിന്ന് പോലും…

നാലാം ദിനവും തന്നെ പിന്തുടർന്ന ആ സുഗന്ധം അവളിൽ വീണ്ടും അസ്വസ്ഥത ഉളവാക്കി….തുടരെ തുടരെ പ്രസന്നമായ ആ ഗന്ധം , രൂക്ഷമായ ദുർഗ്ഗന്ധം ആയി പരിണമിച്ചു ….

മൂക്ക്പൊത്തിയും മുഖംമൂടി ധരിച്ചും അവൾ ആ ഗന്ധത്തിൽ നിന്നും സ്വയം ഓടി അകലാൻ ശ്രമിച്ചുകൊണ്ടിരുന്നു…രാത്രി അത് തന്നെ വിട്ടകന്ന ഏതോ ഒരു മാത്രയിൽ അവൾ നിദ്രയെ പുൽകി ….

അടുത്ത ദിവസം കലുഷിതമായ മനസ്സുമായി അന്ന , ജോണിന്റെ അരികിൽ എത്തി….അനുവാദം പോലും ചോദിക്കാതെ അവൾ അയാളുടെ ക്യാബിനിൽ കയറി…..

“ജോൺ , എനിക്ക് കുറച്ചു വെള്ളം തരൂ…..”

അവൾ ഏറെ പരവേശത്തോടെ ചോദിച്ചു….

ജോൺ മേശപ്പുറത്തിരുന്ന ജഗ്ഗിലേക്കു വിരൽ  ചൂണ്ടി…..ജഗ്ഗിലെ  മുഴുവൻ വെള്ളം കുടിച്ചിട്ടും അവളുടെ പരവേശം അടങ്ങിയില്ല….ജോണിന് അവളുടെ പെരുമാറ്റത്തിൽ സംശയം തോന്നി….

“അന്നാ….നിനക്കിതെന്തുപറ്റി ….?” അയാൾ ആകാംഷയോടെ തിരക്കി…

“എനിക്ക് നിന്നോട് സംസാരിക്കണം ജോൺ….”

“അന്ന…ഇപ്പോ ഞാൻ തിരക്കിലാണ്…..ഒരുപാട് പേഷ്യന്റസ് ഉണ്ട് , നമുക്ക് ഈവെനിംഗ് കാണാം…”

“ഞാൻ വന്നത് എന്റെ സുഹൃത്തായ ജോണിനെ കാണാനല്ല , സൈക്കാട്രിസ്റ്റ് ആയ ഡോ .ജോൺ സക്കറിയയെ കാണാനാണ്….”

അത് പറയുമ്പോഴേക്കും , അവളുടെ ശബ്ദം ഉയർന്നു , രോക്ഷത്താൽ മുഖം ചുവന്നു , കണ്ണുകൾ നിറഞ്ഞൊഴുകി….അവളുടെ ഭാവമാറ്റത്തിൽ ജോണിന് തെല്ലൊരു ഭയം തോന്നി…..

അന്ന തന്റെ സ്വപ്‌നങ്ങൾ , താൻ കണ്ട ആവർത്തിക്കപ്പെടുന്ന സന്ദർഭങ്ങൾ , അവളെ പിന്തുടരുന്ന സുഗന്ധം , അങ്ങനെ അവൾ അനുഭവിച്ച മാനസിക വ്യഥകൾ ഓരോന്നും ജോണിനോട് വിശദീകരിച്ചു…

ഒടുവിൽ ആത്മസംയമനം നഷ്ടപ്പെട്ട് അവൾ തന്റെ സ്വപ്നങ്ങളെ കുറിച്ച് വ്യർത്ഥമായി എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നു….ഇടയ്ക്കിടെ പൊട്ടിക്കരഞ്ഞു , നെടുവീർപ്പിട്ടു…

“അന്നാ….” അവളുടെ കൈകളിൽ മെല്ലെ തഴുകിക്കൊണ്ട് ജോൺ വിളിച്ചു….

“നീ ഇങ്ങനെ ഭയപ്പെടേണ്ട യാതൊരു ആവശ്യവും ഇല്ല….”

“ആ സ്വപ്‌നങ്ങൾ നിന്റെ ഉപബോധ മനസ്സിന്റെ സൃഷ്ടികളാണ്…. “

“നീ മുൻപ് എപ്പോഴെങ്കിലും കണ്ടിട്ടുള്ളതോ , അനുഭവിച്ചിട്ടുള്ളതോ ആയ സന്ദർഭങ്ങൾ….അല്ലെങ്കിൽ ഒരുപക്ഷെ വായിച്ചറിഞ്ഞതോ , കേട്ടറിഞ്ഞതോ ആയ സംഭവങ്ങൾ , അതും ഒരേ സാഹചര്യം ആകണമെന്നില്ല……അത്തരം ചിന്നിച്ചിതറിയ ഓർമ്മകൾ കോർത്തിണക്കി നിന്റെ മനസ്സ് ഒരു കഥ സൃഷ്ടിച്ചു……”

“അത് അത്രമേൽ നിന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുപോയതിനാലാണ് അവ ആവർത്തിക്കപ്പെടുന്നത്…”

“ജോൺ , അപ്പോൾ ആ സുഗന്ധം…ദുർഗ്ഗന്ധമായി അവ പരിണമിക്കുന്നത് ….?” സംശയങ്ങൾ ഒഴിയാതെ അന്ന വീണ്ടും തിരക്കി….

“അന്നാ….നീ ഒന്നു മനസ്സിലാക്കു , ഇതിൽ അസ്വാഭാവികത ഒന്നുമില്ല…ഒരുപക്ഷെ യഥാർത്ഥത്തിൽ നിനക്ക് ആ സുഗന്ധം അനുഭവപ്പെട്ടിരിക്കാം……ഒന്നോ രണ്ടോ പ്രാവശ്യം മാത്രം….പിന്നീട് ഉണ്ടായെതെല്ലാം  കലുഷിതമായ നിന്റെ മനസ്സിന്റെ തോന്നലുകൾ മാത്രം…..”

“അല്ല ജോൺ , അവയൊന്നും വെറും തോന്നലുകൾ അല്ല …..”

അവൾ ശബ്ദമുയർത്തിയപ്പോഴേക്കും , ജോൺ അവളുടെ കൈകളിൽ മുറുകെ പിടിച്ചു…..

പിന്നെയും പല ന്യായങ്ങളും നിരത്തി അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു….

നേരിയൊരു ആശ്വാസവുമായി , അവൾ ആ മുറി വിട്ടിറങ്ങുമ്പോൾ , അയാളവളെ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു…..

പക്ഷേ ജോണിന്റെ ഉള്ളിൽ ഭയം ഇരച്ചു കയറി…..അയാൾ കണ്ണുകളടച്ചു തന്റെ കസേരയിലേക്ക് അമർന്നിരുന്നു….

ജോണുമായുള്ള കൂടിക്കാഴ്ചകൾ , അവളുടെ മനസ്സിനെ ശാന്തമാക്കി…..പതിയെ ഭ്രാന്തൻ സ്വപ്നങ്ങളും , ചിന്തകളും അവളെ വിട്ടൊഴിഞ്ഞു…..

ഡിസംബറിലെ തണുപ്പുള്ള ഒരു വൈകുന്നേരം…..ആ പൈൻ താഴവരയിലൂടെ അവൾ നടന്നു…

നീലയും മഞ്ഞയും ഇടകലർന്ന ഒരു നനുത്ത രോമകുപ്പായം അവളുടെ ശരീരത്തോട് പറ്റിച്ചേർന്നു കിടന്നു….

പതിയെ കാറ്റിൽ ഒരു പിയാനോ സംഗീതം അവിടേക്ക് ഒഴുകിയെത്തി…..ആ സംഗീതം കേൾക്കുന്ന ദിശയിലേക്ക് അവൾ കാതുകൂർപ്പിച്ചു…..

വശ്യമായ ആ സംഗീതത്തിന്റെ മാസ്മരികത ഉടലിനെയും മനസ്സിനെയും തഴുകിയപ്പോൾ അവളുടെ കാലുകൾക്കു വേഗമേറി…..

ഒടുവിൽ അവൾ ആ കാഴ്ച്ചകണ്ടു…പൈൻ മരങ്ങൾക്കിടയിൽ പിയാനോ വായിച്ചുകൊണ്ടിരുന്ന ഒരു  ബാലൻ…ചെമ്പൻ തലമുടിക്കാരൻ…..

പക്ഷെ അവനരികിൽ എത്തിയപ്പോഴേക്കും ആ മുഖത്തേക്ക് നോക്കാൻ അവൾക്കായില്ല…..അവൾ ആ പിയാനോയിലേക്ക് നോക്കി ഒടുവിൽ അവന്റെ കൈകളിലേക്കും….

ഞെട്ടിപ്പിടഞ്ഞുകൊണ്ട് അന്ന ചാടിഎഴുന്നേറ്റു…

“എന്താണ് ഞാൻ കണ്ടത്….ആ സംഗീതം അതെന്റെ കാതുകളിൽ ഇപ്പോഴമുണ്ട്…പക്ഷേ എങ്ങനെ ?…..”

“അവന് വിരലുകൾ ഇല്ലായിരുന്നു…..അതെ അവന് വിരലുകൾ ഇല്ലായിരുന്നു….”

തന്റെ മുറിയുടെ ഒരു കോണിൽ ഭദ്രമായി സൂക്ഷിച്ചിരുന്ന പിയാനോയിൽ അവൾ ആ സംഗീതം ഓർമ്മയിൽ നിന്നും പുനഃസൃഷ്ടിക്കൽ ഒരു ശ്രമം നടത്തി നോക്കി….വിഫലമായൊരു ശ്രമം….

ഒടുവിൽ പിയാനോയിലേക്കും , തന്റെ വിരലുകളിലേക്കും മാറി മാറി നോക്കിക്കൊണ്ട് അവൾ എന്തോ മനസ്സിൽ ഉറപ്പിച്ചു….

ആ രാത്രി അതെ സ്വപ്നം പ്രതീക്ഷിച്ചു ഉറങ്ങാൻ കിടന്നപ്പോൾ , അവളുടെ മനസ്സിൽ ഭയമോ ആശങ്കയോ ആയിരുന്നില്ല , ഒരുതരം നിർവികാരത ആയിരുന്നു…..

ജോൺ അവളുടെ കൈകളിൽ മെല്ലെ തഴുകി….നിറഞ്ഞു തുളുമ്പിയ ആ കണ്ണിമയിൽ മെല്ലെ അയാളുടെ വിരലുകൾ ചേർത്തു…..

അവളുടെ മുഖം ഇരു കൈകളാലും കോരിയെടുത്തു അയാൾ തന്റെ മുഖത്തോട് അടുപ്പിപ്പിച്ചു….

അവളുടെ നെറ്റിയിൽ  ദീർഘമായൊരു ചുംബനം ഏകി അന്നാ…എന്ന് വിളിച്ചപ്പോൾ ,അവളുടെ കണ്ണുനീർ കണങ്ങൾ ആനന്ദത്താൽ തിളങ്ങി….

ആ നനുത്ത ചുണ്ടുകളിൽ ഒരു ചെറു പുഞ്ചിരി വിടർന്നു….അവളെ തന്നോട് ചേർത്ത് നിർത്തി , ആ പുഞ്ചിരി നുകരുവാൻ ജോൺ തുനിഞ്ഞു….

അപ്പോഴേക്കും ഫോൺ ശബ്ദം അവളെ ഉറക്കത്തിൽ നിന്നും വിളിച്ചുണർത്തി…. രണ്ടു ബെല്ലുകൾക്ക് അപ്പുറം അത് നിശ്ശബ്ദമായി…..

മധുരമുള്ള ആ സ്വപ്നത്തിന്റെ ആലസ്യത്തിൽ മതിമറന്നു അവൾ പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി…..

മനസ്സിൽ ജോണിന്റെ പുഞ്ചിരി നിറയുമ്പോൾ , നാണത്താൽ ഇരുകവിൾത്തടങ്ങളും തുടുത്തു….

കണ്ണുകൾ കൂമ്പിയടച്ചു ആ സ്വപ്നത്തിലൂടെ വീണ്ടും അവളുടെ ഹൃദയം അവനിലേക്ക് അടുത്തു…ഒരു ചെറുമയക്കം അവളുടെ കണ്ണുകളെ പുൽകി…

ജോണിന്റെ മുഖം പ്രതീക്ഷിച്ചു ആലസ്യത്തോടെ മയങ്ങിയ അന്നയ്ക്ക് നിരാശ ആയിരുന്നു ഫലം…

കയ്യിലൊരു തുകൽ സഞ്ചിയുമായി വരുന്ന സ്ത്രീ….പാറിപ്പറന്ന മുടി…ഒട്ടിയ കവിളുകൾ…കുഴിഞ്ഞ കണ്ണുകൾ…പെട്ടന്നവളെ ആരൊക്കെയോ ചേർന്ന് തല്ലി ഓടിക്കാൻ ശ്രമിച്ചു ….

അവൾ തന്റെ  കയ്യിലിരുന്ന സഞ്ചി അവർക്ക് നേരെ വലിച്ചെറിഞ്ഞു , ഉറക്കെ പൊട്ടിച്ചിരിച്ചും , ഇടയ്ക്ക് വാവിട്ട് കരഞ്ഞും അവിടെ നിന്ന് ഓടി മറഞ്ഞു ….

“ഞാൻ എവിടെയോ കണ്ടു മറന്ന മുഖമാണവർക്ക് ……”

അന്ന ആ സ്വപ്നം  ഓർത്തെടുക്കാൻ ശ്രമിച്ചു…..

പക്ഷേ മറ്റെല്ലാ ചിന്തകളെയും മാറ്റിനിർത്തി , അവളുടെ മനസ്സ് ജോണിനെ കുറിച്ചുള്ള ചിന്തകളാൽ മുകരിതമായി…ഭ്രാന്തമായ സ്വപ്നങ്ങളും ചിന്തകളും പതിയെ അവളെ വിട്ടകലാൻ തുടങ്ങി…..

മനസ്സ് വേട്ടയാടപ്പെട്ട നിമിഷങ്ങളെ അവൾ വിസ്മരിച്ചു…..ജോണിനെ അറിയിക്കാൻ ഒരായിരം വാക്കുകളുമായി അന്നയുടെ ഹൃദയം വിങ്ങി….

എന്നാൽ ദിവസങ്ങൾക്കു ശേഷം ആ രാത്രിയിൽ വീണ്ടും അവളെ തേടി ആ ഭ്രാ ന്തൻ സ്വപ്‌നങ്ങൾ ഒന്നായ് കടന്ന് വന്നു….

വില്ലോമരങ്ങൾക്കു ഇടയിലൂടെ ആ കറുത്ത് തടിച്ച യുവതിയുടെ പിന്നാലെ അന്ന നടന്നു ….

ആ സ്ത്രീ ഇരുളിൽ മറയുമ്പോൾ അന്നയുടെ കാതുകളിൽ അവരുടെ നിലവിളി പതിഞ്ഞു….

പിന്നെയും ആ സ്ത്രീയെ തേടി അവൾ അലഞ്ഞു…അലച്ചിലിനൊടുവിൽ ഒരു ഇത്തിരി വെട്ടം കണ്ണിൽ പതിഞ്ഞു …..

ആ വെളിച്ചം ലക്ഷ്യമാക്കിയുള്ള നടപ്പ് അവസാനിച്ചത്  പൈൻ മരങ്ങളുടെ ആ  താഴ്വരയിലും …….

അവിടെ വിരലുകളില്ലാത്ത ബാലന്റെ കൈകളിലൂടെ കാറ്റിൽ ഒഴുകി എത്തുന്ന പിയാനോ സംഗീതം അവൾ ശ്രവിച്ചു…..

ചോ ര പൊടിയുന്ന വിരലറ്റ ആ കൈകൾ കണ്ട് ഭയന്ന് വിറച്ചു തിരികെ ഓടുമ്പോൾ അതാ തന്റെ നേർക്കു തുകൽ സഞ്ചി വലിച്ചെറിഞ്ഞുകൊണ്ട് ഭ്രാ ന്തിയെപ്പോലെ ആ സ്ത്രീ ഓടി മറഞ്ഞു….

അവരുടെ പൊട്ടിച്ചിരികളും, കരച്ചിലും നിദ്രയെ ഭേദിച്ചു , അവളെ ഭീതിയുടെ മുൾമുനയിൽ എത്തിച്ചു…

ഉണർന്നെണീറ്റപ്പോൾ നെറ്റിയിൽ വിയർപ്പ് തുള്ളികൾ….കണ്ണുകൾ നിറഞ്ഞു തുളുമ്പി …

പെട്ടന്ന് വശ്യമായ ആ സുഗന്ധം അവളുടെ നാസികയെ തുളച്ചുകയറി , പിന്നെ അത്‌ ദുർഗ്ഗന്ധമായി, അവളുടെ ശ്വാസത്തിൽ അലിഞ്ഞു ഇല്ലാതെയായി….

പരിഭ്രാന്തിയും സംഘർഷവും ഉള്ളിൽ നിറഞ്ഞു , മനോനില തെറ്റി അവൾ ജോണിനെ വിളിച്ചു…അയാൾക്ക് അരികിൽ എത്താൻ ശരീരത്തെക്കാൾ വേഗത്തിൽ അവളുടെ മനസ്സ് കുതിച്ചു…..

ജോണിനരികിൽ എത്തിയ അന്ന ഭ്രാന്തമായി പൊട്ടിക്കരഞ്ഞു….സ്വപ്നത്തിലെ ഓരോ സന്ദർഭവും ഒരു വിഭ്രാന്തിയോടെ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നു…

അവളെ ആശ്വസിപ്പിച്ചു കൊണ്ട് ജോൺ പറയാൻ ആരംഭിച്ചു….

“അന്നാ…ഞാൻ പറയുന്നത് നീ ക്ഷമയോടെ കേൾക്കണം…..”

എല്ലാ മനുഷ്യരുടെയും ഉപബോധമനസ്സിൽ അവരുടെ പൂർവ്വ ജന്മങ്ങളുടെ മങ്ങിയ ഓർമ്മകൾ ഉണ്ടാവും…..

അപൂർവ്വം ചിലർക്ക് മാത്രമേ അവ പുനർജന്മങ്ങളിൽ  തിരികകൊണ്ടുവരാൻ സാധിക്കുകയുള്ളു…..

അത്‌ ആവർത്തിക്കപ്പെടുന്ന സ്വപ്നങ്ങളിലൂടെയും , ഭയങ്ങളിലൂടെയും , കഴിവുകളിലൂടെയും മറ്റു ചില അടയാളങ്ങളിലൂടെയും ആവാം….

അതാണ് നിന്റെ സ്വപ്നങ്ങളിലും സംഭവിക്കുന്നത് , പൂർവ്വ ജന്മങ്ങളുടെ ഓർമ്മപ്പെടുത്തലുകളാണ് അവയെല്ലാം , പൂർവ്വ മനുഷ്യ ജന്മങ്ങളുടെ……

“ജോൺ , അവയെല്ലാം അപൂർണ്ണമാണ്‌ , എന്റെ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുകയാണ് ഓരോ സ്വപ്‌നങ്ങളും , ചിന്തിക്കും തോറും മുറുകുന്ന കുടുക്കുകളാണവ…..

എനിക്കവയെല്ലാം അഴിച്ചെടുക്കണം….”

“ഓരോ ജന്മങ്ങളിലെയും നിന്റെ ജീവിതകാലം ,  പൂർണ്ണമായും ഓർമ്മയിൽ കൊണ്ട് വരിക ശ്രമകരം ആണ് അന്നാ…..നിന്റെ സ്വപ്‌നങ്ങൾ ഓരോ ജന്മങ്ങളിലെയും ,  ഒരു ചെറിയ കാലഘട്ടത്തിന്റെ മാത്രം സൂചനകൾ ആണ്….

അവയാകാം ഓരോ ജന്മങ്ങളിലെയും വഴിത്തിരിവുകൾ….അവ മാത്രം ഓർമ്മയിൽ പൂർണ്ണമായും തിരികെ എത്തിക്കാം…..

പക്ഷെ അത്‌ വേണ്ട അന്നാ….ആ സ്വപ്‌നങ്ങൾ നിന്റെ മനസ്സിൽ വരിഞ്ഞു മുറുക്കിയ ചങ്ങലക്കണ്ണികളെ ഞാൻ ഭേദിച്ചു തരാം…….

അവൾ അയാളുടെ വാക്കുകൾ കേട്ട് കുറച്ചുനേരം മൂകയായി  ഇരുന്നു…..

“അന്നാ …” ഇരുവർക്കും ഇടയിലെ നിശ്ശബ്ദതയെ  ഭേദിച്ചു അയാൾ അവളെ ചിന്തകളിൽ നിന്ന് ഉണർത്തി…..

“പൂർവ്വ ജന്മങ്ങളിൽ ഞാൻ എവിടെയായിരുന്നു ജോൺ…….?”

അന്നയുടെ ശബ്ദം ജോണിന്റെ കാതുകളിൽ അലയടിച്ചു….

*****************

ജോൺ ഡയറിയുടെ താളുകൾ ഓരോന്നായ് മറിച്ചു…..

ഓരോ വാക്കുകളിലും  അന്നയും,  അവരുടെ കൂടിക്കാഴ്ചകളും, പിന്നെ അവളുടെ ഭ്രാന്തൻ സ്വപ്‌നങ്ങളും നിറഞ്ഞു നിന്നു…..

ഒപ്പം അവളുടെ  പൂർവ്വജന്മ രഹസ്യങ്ങളും…..

ജോൺ ഓരോരോ താളുകളായി മറിച്ചു….ആദ്യ മനുഷ്യ ജന്മം….കറുത്ത് തടിച്ചു പൊക്കം കുറഞ്ഞ അനാഥയായൊരു  കരീബിയൻ യുവതി….

അവളൊരു വേ ശ്യയായിരുന്നു……

വില്ലോ മരങ്ങൾ ചാഞ്ഞുനിൽക്കുന്ന ആ വഴിയോരത്തു അവൾ എന്നും  കാത്ത്‌ നിൽക്കും….എന്നിട്ട് തന്നെ തേടി എത്തുന്നവരോട് കണക്ക് പറഞ്ഞു അവൾ സ്വയം വിൽക്കും…..

അന്ന് പക്ഷേ അവൾ എത്തിപ്പെട്ടത് കരീബിയൻ കൊള്ളക്കാരുടെ ഇരുട്ടറയിലാണ്…..ജലപാനം പോലും ഇല്ലാത്ത ദിവസങ്ങൾ…

ഒടുവിൽ അവരുടെ കണ്ണുവെട്ടിച്ചു ഓടിയ അവൾക്ക് , മ രണക്കയത്തിൽ നിന്നും രക്ഷ നേടാനായില്ല…..

തന്നെ പിന്തുടർന്നവരിൽ  നിന്ന് ഓടിയൊളിക്കുന്നതിനിടയിൽ കാൽ വഴുതി അവളാ കൊക്കയിലേക്ക് വീണു…..അവളുടെ നിലവിളികൾ അവിടെങ്ങും പ്രതിധ്വനിച്ചു…..

അനാഥത്വത്തിന്റെ കയ്പ്പ്നീരിൽ ബാല്യവും കൗമാരവും കടന്ന് , സ്നേഹം തേടി അലഞ്ഞ യവ്വനം…

കാ മം പൂണ്ട കണ്ണുകൾ വിശപ്പകറ്റിയപ്പോൾ , ഉള്ളിൽ സ്നേഹത്തിനായി വെമ്പുന്ന ഒരു ഹൃദയം അവൾ മറച്ചു വെച്ചു….

സ്നേഹവും കരുതലലും കൊതിച്ച ആ മനസ്സ് , സഫലമാകാത്ത ആഗ്രഹങ്ങളുമായി മൃതിയടഞ്ഞു…..

ആ ജന്മം നഷ്ടമായ  കരുതലും സ്നേഹവും ആവാം അന്നയ്ക്ക് , അവളുടെ മാതാപിതാക്കളിൽ നിന്ന് ആവോളം ലഭിച്ചത്…..

“അന്ന ഉയർന്ന സ്ഥലങ്ങളെ വല്ലാതെ ഭയപ്പെട്ടിരുന്നു ….” ജോൺ ഓർത്തു ….

രണ്ടാം ജന്മത്തിൽ അവളൊരു സുഗന്ധലേപന വ്യാപാരി ആയിരുന്നു…….അത്യധികം ക്ഷീണിതനായ ഒരു വൃദ്ധൻ….

സ്വന്തം കുടുംബവും ഭാര്യയും മക്കളും ഉപേക്ഷിച്ച അയാൾക്ക് ജീവിതത്തിലെ ആകെ സമ്പാദ്യം ആ സുഗന്ധലേപനങ്ങൾ മാത്രം ആയിരുന്നു…..

ശരീരം തളർത്തിയിട്ടും അയാൾ വ്യാപാരം തുടർന്നു…..

ഒടുവിൽ ഒരുനാൾ ,ആ സുഗന്ധത്തെ ഒന്നാകെ വിഴുങ്ങി അവിടെങ്ങും ഒരു ദുർഗ്ഗന്ധം പടർന്നു…..ചീ ഞ്ഞഴുകിയ പച്ചമനുഷ്യ മാം സത്തിൽ നിന്നും വമിക്കുന്ന ദുർഗ്ഗന്ധം….

ഏകാന്തത നൽകിയ ഭയാനകമായ മരണത്തോടെ അയാൾ ഇഹലോകം വെടിഞ്ഞു….

കുടുംബത്തിന്റെ കരുതലിനായ്  , ഭാര്യയുടെയും മക്കളുടെയും സ്നേഹത്തിനായ് ആ ഹൃദയം ജീവിതകാലം മുഴുവൻ ആഗ്രഹിച്ചു…

ഭയാനകമായ ഏകാന്തതയിലും ഉള്ളിൽ നേരിയ പ്രതീക്ഷ ആയിരുന്നു…ഒടുവിൽ പ്രതീക്ഷയുടെ തിരിനാളം കെട്ടണഞ്ഞ് ആ ജന്മവും അവസാനിച്ചു….

രണ്ടാം ജന്മം നഷ്ടമായ കുടുംബമാണ് ഈ ജന്മം അവളുടെ കരുത്ത്‌ …..

ഒരു സ്കാൻഡിനേവിയൻ ബാലൻ ആയി അന്നയുടെ  മൂന്നാം ജന്മം….ഒരു ചെമ്പൻ തലമുടിക്കാരൻ….മാന്ത്രിക സ്പർശമുള്ള അവന്റെ വിരൽതുമ്പിലൂടെ പിയാനോ സംഗീതം ഒഴുകി……

ആ സംഗീതം അവന് നഷ്ടമായ മാതൃവാത്സല്യത്തെ ഓർമ്മിപ്പിച്ചു….

പക്ഷേ തന്റെ പ്രിയപ്പെട്ട പിയാനോയും , സ്വന്തം വിരലുകളും , അവനെ ആരാധനയോടെ നോക്കുന്ന കണ്ണുകളും , അങ്ങനെ  തനിക്ക് ചുറ്റുമുള്ളതൊന്നും അവൻ കണ്ടില്ല….

അവന്റെ ലോകത്ത് പിയാനോ സംഗീതത്തിന്റെ ശബ്ദം മാത്രം മുഴങ്ങി……

ദുഷ്ടനായ പിതാവ് , അവന്റെ സംഗീതത്തിന്  വിലയിട്ടവർക്ക് വേണ്ടി , ആ ചെറുവിരലുകൾ മുറിച്ചെടുത്തപ്പോൾ  അവന്റെ ഹൃദയ സംഗീതം  അവിടെ നിലച്ചു……

നഷ്ടമായ മാതൃസ്നേഹത്താൽ നൊമ്പരങ്ങൾ നിറഞ്ഞ ബാല്യത്തിന് ഏക ആശ്വാസം അവന്റെ സംഗീതമായിരുന്നു….

പൂർത്തിയാക്കാൻ കഴിയാതെ പോയ മാതൃവാത്സല്യം തുളുമ്പുന്ന അവന്റെ പ്രിയ സംഗീതം അവനായ് അന്നയിൽ പുനർജ്ജന്മം കൊണ്ടു…..

“എത്ര മനോഹരമായാണ് അന്ന പിയാനോ വായിക്കാറുള്ളത്… ” ജോൺ ഓർത്തു

“ഇനി നാലാം ജന്മം….അവളുടെ പൂർവ്വ മനുഷ്യജന്മങ്ങളിൽ ഏറ്റവും ഒടിവിലത്തേതു ….

നാലാം ജന്മത്തിന്റെ ജീവിത രഹസ്യങ്ങൾ അറിയാൻ അവൾ നാളെ എന്റെ അരികിൽ എത്തും…..ഇപ്പോൾ അവളെപ്പോലെ അതറിയാൻ എനിക്കും ആകാംഷ തോന്നുന്നു….

ഒപ്പം ഈ ജന്മം മുഴുവൻ അവളോട്‌ പറയാൻ മനസ്സിൽ ഒരുപാട് കാര്യങ്ങളും….” 

ഡയറിയുടെ അവസാന താളിൽ ജോൺ അയാളുടെ സ്നേഹാക്ഷരങ്ങൾ കുറിച്ചിട്ടു……….

അതെസമയം അന്നയുടെ ചിന്തകൾ പൂർവ്വ ജന്മങ്ങളിലൂടെ അലഞ്ഞു….

ഓരോ ജന്മങ്ങളെയും പരസ്പരം ബന്ധിപ്പിക്കാൻ അവൾ ഭ്രാന്തമായി  ചിന്തിച്ചുകൊണ്ടിരുന്നു…..അത് സാധ്യമാകാതെ വരുമ്പോൾ ആർത്തലച്ചു കരഞ്ഞു……

ഒടുവിൽ നെടുവീർപ്പോടെ കട്ടിലിൽ ചുരുണ്ടുകൂടി , വീണ്ടും അവളുടെ ഭ്രാന്തൻ ചിന്തകളിലേക്ക് ഊളിയിട്ടു…….

സ്വയം അറിയാതെ എപ്പോഴോ അവൾ നിദ്രയിലാണ്ടു ….

കയ്യിലുള്ള തുകൽ സഞ്ചി വലിച്ചെറിഞ്ഞുകൊണ്ട് ആ സ്ത്രീ ഒരു ഭ്രാ ന്തിയെ പോലെ ഓടി…….

ചുറ്റും കൂടിയവരിൽ ആരോ പരസ്പരം പറഞ്ഞു , “കപടമായ ഒരു  പ്രണയം , അയാളുടെ കൊടും വഞ്ചനയിൽ , മനോനില തെറ്റിയ അവളെ എല്ലാവരും ഉപേക്ഷിച്ചു…ഇന്നും അയാൾ അവളെ തേടി വരും എന്ന് വ്യർത്ഥമായി അവൾ മോഹിക്കുന്നു……”

തനിക്ക് നേരെ തിരിഞ്ഞവരിൽ അസഭ്യ വർഷം ചൊരിഞ്ഞു  , ഉച്ചത്തിൽ കരഞ്ഞും , പൊട്ടിച്ചിരിച്ചും അവൾ ഓടി തളർന്നു…..

ഒടുവിൽ ആ പൈൻ താഴവരയിൽ അവളിരുന്നു….

മനം മയക്കുന്ന സുഗന്ധവുമായി അവൾക്കരികിലേക്ക് , അതെ തുകൽ സഞ്ചിയുമായി ക്ഷീണിതനായ ആ വൃദ്ധൻ നടന്നു വന്നു….

അയാൾ അവളുടെ നെറുകിൽ മെല്ലെ തലോടി , അവളുടെ കൈകളിൽ പിടിച്ചെഴുന്നേൽപ്പിച്ചു……പതിയെ അവർ ഇരുളിൽ മറഞ്ഞു….

പെട്ടന്ന് ഇരുളിനെ കീറിമുറിച്ചു കറുത്ത് തടിച്ച കരീബിയൻ യുവതിയും , ചെമ്പൻ മുടിയുള്ള ആൺകുട്ടിയും  കടന്നുവന്നു….ആ കുട്ടിയെ അവർ തന്നോട് ചേർത്ത് നിർത്തി…..

ചുറ്റും മാതൃവാത്സല്യം തുളുമ്പുന്ന അവന്റെ പിയാനോ സംഗീതം മുഴങ്ങി….

ദൂരെ വില്ലോമരങ്ങൾക്കിടയിൽ ഈ കാഴ്ചകൾക്ക് എല്ലാം മൂകസാക്ഷിയായി താനും നിൽക്കുന്നു എന്ന് അന്ന തിരിച്ചറിഞ്ഞു…..

അവിടെ പുഞ്ചിരി തൂക്കി ജോൺ അവളെ കാത്തുനിന്നു…..അവൾ ഓടി അവനരികിൽ എത്തി , ആ നെഞ്ചിൽ തല ചായ്ച്ചു….അവൻ അവളെ വാരിപ്പുണർന്നു….

ഭ്രാന്തി സ്ത്രീ ദൂരെ നിന്നും ഈ കാഴ്ചകൾ കണ്ടു കണ്ണീർ വാർത്തു….പ്രണയ സാഫല്യം അന്നയിൽ എന്നപോലെ അവരിലും അല്ലതല്ലി……

വീണ്ടും ഇരുൾ പടർന്നു , ജോൺ അപ്രത്യകഷനായി…..

അന്ന പതിയെ വെളിച്ചം വീശിയ മറ്റൊരു ദിശയിലേക്ക് നടന്നു….

നിഴലുകൾ വലുതായി….ഒടുവിലത്‌ ഇരുളിൽ അലിഞ്ഞു…..ഒപ്പം അവളും….

നിദ്രയുടെ ആഴങ്ങളിൽ ഈ സ്വപ്നങ്ങളെല്ലാം അന്നയെ പുൽകി കടന്നുപോയി…

പക്ഷേ ആ മനസ്സ് ഒന്നുമറിയാതെ ഉറങ്ങി….വീണ്ടും മറ്റൊരു ജന്മത്തിൽ ഉണരുവാനായ്…….

~keerthi S Kunjumon