അയാളുടെ കൺ കോണിൽ രണ്ടു തുള്ളി കണ്ണുനീർ പുറത്തേക്കു ചാടാൻ പോലും ശേഷിയില്ലാതെ തങ്ങിനിന്നു…

അപരിചിത…

Story written by Ummul Bishr

==============

സ്ട്രോക്ക് വന്നു ഒരു ഭാഗം തളർന്നു പോയ അയാളുടെ ദേഹം തുടച്ചു വൃത്തിയാക്കി വസ്ത്രം മാറ്റിക്കൊടുത്ത ശേഷം  മുറിയിൽ നിന്നും പോരാൻ  തുടങ്ങുമ്പോൾ  അയാളവളെ കയ്യിൽ പിടിച്ചു തളർച്ചയോടെ ചോദിച്ചു, “നിനക്ക് കുറച്ചു സമയം എന്റെ അടുത്തു ഇരുന്നൂടെ “

അവൾ എന്തോ അത്ഭുതം കേട്ട പോലെ അയാളെയൊന്നു തുറിച്ചു നോക്കി, പിന്നെ പുച്ഛത്തിൽ ഒരു ചെറുചിരി ചിരിച്ചുകൊണ്ട് മുറിയിൽ നിന്നുമിറങ്ങി അവളുടെ മുറിയിലേക്ക് നടന്നു.

അയാളുടെ കൺ കോണിൽ രണ്ടു തുള്ളി കണ്ണുനീർ പുറത്തേക്കു ചാടാൻ പോലും ശേഷിയില്ലാതെ തങ്ങിനിന്നു.

അവളുടെ അവഗണന അയാളെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ടെന്ന് അവൾക്കറിയാം. പക്ഷേ, അവൾ അനുഭവിച്ച അവഗണന കുറച്ചെങ്കിലും അയാളുമൊന്ന് അറിയട്ടെ എന്നു കരുതി കണ്ടില്ലെന്ന്  നടിക്കുകയാണ് അവൾ.

സമയത്തിന് ഭക്ഷണവും മരുന്ന് കൊടുക്കലും  വൃത്തിയാക്കലും എല്ലാം, ഒരു പരിഭവവുമില്ലാതെ അവൾ ചെയ്യും, ആ സമയത്ത് അബദ്ധത്തിൽ പോലും അയാളുടെ മുഖത്ത് നോക്കാതിരിക്കാൻ ശ്രദ്ധിക്കും അവൾ.

അവൾക്കറിയാമായിരുന്നു, ഈ സ്ട്രോക്ക് വന്നില്ലായിരുന്നെങ്കിൽ, ഇപ്പോഴും ഈ  വീട്ടിൽ ഞാനെ ന്ന വ്യക്തി ഉണ്ടോ ഇല്ലയോ എന്നയാൾക്ക് അറിയില്ല എന്ന്…

ഈ നാലു ചുമരുകൾക്കിടയിൽ മിണ്ടാനൊരാളില്ലാതെ വീർപ്പു മുട്ടി കഴിഞ്ഞിരുന്ന തന്റെ പഴയ കാലം അവളോർത്തു.

പുതുമോടി തീർന്നതിൽ പിന്നെ തോന്നുമ്പോൾ ഇറങ്ങിപ്പോവുകയും വീട്ടിൽ കയറിവരുകയും ചെയ്യുന്ന അയാളും രണ്ടു കുഞ്ഞു മക്കളും ആയിരുന്നു അവളുടെ ലോകം. മക്കൾ സ്കൂളിൽ പോയി തുടങ്ങിയപ്പോൾ അവർ വരുന്നത് വരെ ആ വലിയ വീട്ടിൽ അവൾ തനിച്ചാണ്. ഒന്നു പുറത്തു പോവാനോ, ആരോടെങ്കിലും മിണ്ടുവാനോ ഉള്ള സ്വാതന്ത്രം പോലും അവൾക്കയാൾ നിഷേധിച്ചു.

അന്നൊക്കെ, അയാളുടെ കൂടെ ഒന്നു പുറത്തു പോവാനും, അല്പം സംസാരിച്ചിരിക്കാനും ഒന്നിച്ചു ഭക്ഷണം കഴിക്കാനുമൊക്കെ എല്ലാ പെണ്ണുങ്ങളെയും പോലെ അവളും  ഒരുപാടാഗ്രഹിച്ചിരുന്നു.

ഒരു തുള്ളി സ്നേഹത്തിന് വേണ്ടി അയാളോട് യാചിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു അവൾക്ക്…

സ്നേഹവും കരുതലും ആവശ്യമുള്ള സമയത്ത് ലഭിച്ചാൽ മാത്രമേ അതിന് മൂല്യമുള്ളൂ, മറ്റാരും തനിക്കില്ല എന്ന തോന്നലിൽ രോഗത്തിലോ വാർദ്ധക്യത്തിലോ വരുന്ന ഇതുപോലുള്ള സ്നേഹം തനിക്ക് ആവശ്യമില്ല.

വീട്, കുടുംബം, കുട്ടികൾ എന്നൊരു ചിന്ത അയാൾക്കുണ്ടായിരുന്നില്ല അന്നൊന്നും. കൂട്ടുകാരും അവരോടൊന്നിച്ചുള്ള കറക്കവും പാർട്ടികളും ആതായിരുന്നു അയാളുടെ ലോകം.

ആദ്യമൊക്കെ എതിർത്തു എന്തെങ്കിലും പറഞ്ഞിരുന്നു. ‘നിനക്ക് ഇവിടെ എന്താ കുറവെന്ന്’ ചോദിച്ചു അവളുടെ വായയടപ്പിക്കും അയാൾ.  തന്നെ മനസ്സിലാക്കാൻ സാധിക്കാത്ത അയാളോട്  തന്റെ കുറവുകൾ  നിരത്താൻ പിന്നീട് ഒരിക്കൽ പോലും അവൾ മിനക്കെട്ടുമില്ല..

കുഞ്ഞുങ്ങൾ വലുതായതോടെ അവരും  അവരുടെ ലോകത്തേക്ക് ഒതുങ്ങിക്കൂടിയപ്പോൾ തീർത്തും ഒറ്റപ്പെട്ടു പോയി…

പതിയെ മൗനം കൂട്ടുപിടിച്ചു അവൾ അടക്കവും ഒതുക്കവുമുള്ള അയാളെ ചോദ്യം ചെയ്യാത്ത നല്ലൊരു ഭാര്യയായി മാറി അയാൾക്കു മുമ്പിൽ.

പക്ഷേ, അയാളറിയാതെ അവളുടേതായ ഒരു ലോകം അവൾ തീർത്തിരുന്നു. തന്റെ വിഷമങ്ങളും കുഞ്ഞു സന്തോഷങ്ങളും ഭാവനകളും എല്ലാം കുത്തിക്കുറിക്കാനും അത് വായിക്കാനും പങ്കുവെക്കാനും എഴുത്ത് ഗ്രൂപ്പുകളിലൂടെ സമയം  കണ്ടെത്തി. വായനക്കാരുടെ ഹൃദയത്തിൽ  തനിക്കായി ഒരിടം നേടി അവൾ. അതായിരുന്നു അവൾ തീർത്ത ലോകം. അവളുടെ എഴുത്തിലൂടെ അയാൾക്കെല്ലാത്ത എല്ലാവർക്കും ഇന്നവൾ സുപരിചിതയാണ്. അവളുടെ എഴുത്തുകൾ കാത്തിരുന്നു വായിക്കുന്ന ഒരുപാടു പേർ, അവരുടെ സപ്പോർട്ട്, അതൊക്കെയാണിന്ന് അവളുടെ ഏറ്റവും വലിയ സന്തോഷങ്ങൾ.

തകർന്നുപോയ സമയത്ത്  തനിക്ക് സന്തോഷം നൽകിയവർക്കുള്ളതാണ് തന്റെ ഓരോ മിനിറ്റും എന്നുറപ്പിച്ചു അവൾ തന്റെ അടുത്ത നോവൽ   പൂർത്തിയാക്കാനായി ഇരുന്നു.

തന്റെ നഷ്‍ടപ്പെടുത്തിയ ദിനങ്ങളൊന്നും തിരിച്ചെടുക്കാൻ കഴിയില്ലെന്ന തിരിച്ചറിവിൽ അല്പം സ്നേഹത്തിനായി ദാഹിച്ചു അപ്പുറത്തെ മുറിയിൽ അയാളും..