അവരുടെ സംസാരവും തമാശ പറയലും പൊട്ടിച്ചിരിയും ഒക്കെ കണ്ടപ്പോൾ ഒരു കാര്യം ഞാൻ ഉറപ്പിച്ചു…

അവളോടൊപ്പം…

Story written by Saheer Sha

===========

കൗമാര പ്രായത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സുന്ദരിയായ ഒരു പെൺക്കുട്ടിയെ വിവാഹം കഴിക്കുക എന്നുള്ളത്..പാരമ്പര്യമായി അച്ഛനു ലഭിച്ച സ്വത്തുവകകളും അച്ഛൻ തന്നെ വളർത്തിയെടുത്ത തരക്കേടില്ലാത്ത ബിസിനസ്സ് സാമ്ര്യാജ്യവും എന്റെ ഈ ആഗ്രഹത്തിന് കരുത്ത് പകരുന്നവയായിരുന്നു…

കൗമാരത്തിൽ നിന്നും പതിയെ ഒരു ബിസിനസുക്കാരന്റെ കുപ്പായമണിഞ്ഞപ്പോഴും ആ ആഗ്രഹത്തിനു മാത്രം മാറ്റമുണ്ടായിരുന്നില്ല…

അങ്ങനെ സ്വപ്ന സുന്ദരിക്ക് വേണ്ടിയുള്ള തന്റെ അലച്ചിലുകളുടെ അവസാനമായിരുന്നു അവൾ..എന്റെ പ്രിയ സഖി വീണ..

ഹണിമൂൺ നന്നായിട്ട് ആഘോഷിച്ചതിന്റെ ഫലമായി ഉടനെയൊന്നും കുഞ്ഞുങ്ങൾ വേണ്ടായെന്ന ഞങ്ങളുടെ മുൻ തീരുമാനത്തിന് വിരുദ്ധമായി വിവാഹം കഴിഞ്ഞു പത്തു മാസം തികയുന്നതിനു മുൻപേ ഞങ്ങൾക്കൊരു കുഞ്ഞ് പിറന്നു…അതാണ് ഞങ്ങളുടെ കൊച്ചു രാജകുമാരി പൊന്നൂസ്…

പ്രസവത്തോടെ പെണ്ണിന്റെ സൗന്ദര്യത്തിന് കോട്ടം സംഭവിക്കുമെന്ന തെറ്റായ ധാരണ എനിക്കുമുണ്ടായിരുന്നു. ആ ധാരണകളെ പൂർണ്ണമായും തിരുത്തി കൊണ്ടുള്ളതായിരുന്നു അവളിലുണ്ടായ മാറ്റം..പ്രസവിച്ചു കഴിയുമ്പോളാണ് ഒരു പെണ്ണ് യഥാർത്ഥ സൗന്ദര്യവതിയാവുന്നതെന്ന് ഒരു ചെറു പുഞ്ചിരിയോടെ ഞാൻ മനസ്സിലാക്കിയെടുത്തു…

കൊച്ചു കൊച്ചു പിണക്കങ്ങളും പരിഭവങ്ങളുമൊക്കെയായി സന്തോഷകരമായ ജീവിതം തന്നെയായിരുന്നു ഞങ്ങളുടേത്…

എന്നാൽ ആ സന്തോഷം അധിക നാൾ നീണ്ടു നിന്നില്ല…

ചെറിയൊരു പനിയുള്ളത് കാരണം ഓഫീസിൽ പോവാതെ വീട്ടിൽ ചടഞ്ഞു കൂടിയ ഒരു ദിവസം..

വീണയുടെ ഫോൺ നിറുത്താതെ റിംഗ് ചെയ്യുന്നത് കേട്ടപ്പോളാണ് അവൾ കുളിക്കുകയാണെന്ന കാര്യം ഓർത്തത്…ഫോൺ ആദ്യമൊന്ന് എടുക്കാൻ മടിച്ചുവെങ്കിലും പിന്നീട് മനസ്സില്ലാ മനസ്സോടെ എടുത്തതായിരുന്നു.

“ഹലോ” മറുതലയ്ക്കൽ ഒരു പുരുഷ ശബ്ദം..

“ഹലോ ആരാണ്..?” എന്ന് ഞാൻ തിരിച്ചു ചോദിച്ചപ്പോഴേക്കും ഫോൺ അയാൾ കട്ട് ചെയ്യുകയും ചെയ്തു…

ആ സംഭവം എനിക്ക് നൽകിയ ഷോക്ക് ചെറുതല്ലായിരുന്നു…ആരായിരിക്കും അവളെ വിളിച്ച ആ പുരുഷൻ..?എന്തായാലും നമ്പർ നോട്ട് ചെയ്ത് വെയ്ക്കാം എന്ന് കരുതി വീണ്ടും അവളുടെ ഫോൺ എടുത്തപ്പോഴേയ്ക്കും

“ആരാ ഏട്ടാ വിളിച്ചത്..?” എന്ന് ചോദിച്ചു കൊണ്ടവൾ കടന്നു വന്നു..

“അറിയില്ല.. റോങ്ങ് നമ്പറാണെന്ന് തോന്നുന്നു..” സംശയത്തിന് ഇടവരുത്താത്ത രീതിയിൽ തന്നെ ഞാനും പറഞ്ഞു…

എന്റെ കൈയ്യിൽ നിന്നും ഫോൺ വാങ്ങി നോക്കിയപ്പോൾ അവളൊന്ന് ഞെട്ടിയോ എന്നൊരു സംശയം എനിക്കുണ്ടാകാതിരുന്നില്ല..

എന്തായാലും ആ നമ്പർ നോട്ട് ചെയ്യുക എന്ന ഉദ്ദേശത്തോടെ അവളില്ലാത്ത മറ്റൊരു സമയത്ത് കോൾ ലിസ്റ്റ് ചെക്ക് ചെയ്ത ഞാൻ ശരിക്കും ഞെട്ടി..അതെ..അവൾ ആ നമ്പർ ഡിലീറ്റ് ചെയ്തിരിക്കുന്നു…

ഈ ഒരു സംഭവത്തോടെ അവൾക്കൊരു കാമുകനുണ്ടെന്ന കാര്യം ഞാൻ ഉറപ്പിച്ചു…ഈ അടുത്തായി വാട്സ്ആപ്പിലൂടെയുള്ള അവളുടെ ചാറ്റിങ്ങിലും വർദ്ധനവുണ്ടായിട്ടുണ്ടെന്ന് ഞാൻ മനസ്സിലാക്കി…

അങ്ങനെ അവളുമായി സംസാരിക്കുകയും അടുത്തിടപഴകുകയും ചെയ്യുന്ന എല്ലാ പുരുഷന്മാരെയും ഞാൻ നോട്ടപ്പുള്ളികളാക്കി മാറ്റി..

അവസാനം ഞാൻ തന്നെ അവൾക്കൊരു കാമുകനെയും കണ്ടെത്തി…എന്ത് ആവിശ്യങ്ങൾക്ക് വിളിച്ചാലും ഓടിയെത്താറുള്ള അടുത്ത വീട്ടിലെ ജലീലിക്കയുടെ ഡിഗ്രിയ്ക്ക് പഠിക്കുന്ന മകൻ റാഷിദ്…

ഞാൻ ബിസിനസ്സ് ആവശ്യാർത്ഥം യാത്രകൾ പോവുമ്പോഴും മറ്റും വീട്ടിലേയ്ക്കുള്ള സാധനങ്ങളൊക്കെ കടയിൽ പോയി കൊണ്ട് വന്നിരുന്നത് അവനായിരുന്നു…വീണയോട് സംസാരിക്കുമ്പോഴും മറ്റും അവന്റെ നോട്ടം അവളുടെ മുഖത്തിന് താഴോട്ടേയ്ക്ക് മാറി പോവുന്നതും അവൾ തിരിഞ്ഞു നടക്കുമ്പോൾ പിന്നിലോട്ടുള്ള അവന്റെ നോട്ടവും പലപ്പോഴും ഞാൻ ശ്രദ്ധിച്ചിട്ടുണ്ടായിരുന്നു..എന്നാൽ ആ പ്രായത്തിലെ പിള്ളേരുടെ കുസൃതിത്തരങ്ങളായിട്ടേ ഇത്രയും നാൾ ഞാനതിനെ കണ്ടിരുന്നുള്ളൂ…

എന്നാൽ അവനോടുള്ള അവളുടെ പെരുമാറ്റത്തിലും എനിക്ക് സംശയം തോന്നി തുടങ്ങി..അവൻ അവളെ മറ്റൊരു കണ്ണോടെ നോക്കുന്നുണ്ടെന്ന് മനസ്സിലാക്കിയിട്ടും ആസ്വദിക്കാൻ പാകത്തിന് അവൾ നിന്ന് കൊടുക്കുന്നതായി ഒരു തോന്നൽ…

അവരുടെ സംസാരവും തമാശ പറയലും പൊട്ടിച്ചിരിയും ഒക്കെ കണ്ടപ്പോൾ ഒരു കാര്യം ഞാൻ ഉറപ്പിച്ചു..ഇവൻ തന്നെ അവളുടെ കാമുകൻ…

എന്തായാലും ഈ കുടുംബ ജീവിതം ഇനി മുന്നോട്ട് പോവില്ലെന്ന് ഞാൻ ഉറപ്പിച്ചു കഴിഞ്ഞിരുന്നു…എന്റെ പല രാത്രികളും ഉറക്കമില്ലാത്തതായി മാറി..ഈ അലസത ബിസിനസ്സിനെയും സാരമായി ബാധിക്കാൻ തുടങ്ങി..

മിക്കപ്പോഴും സ്വർഗഭൂമിയാകാറുള്ള ഞങ്ങളുടെ കിടപ്പറ പതിവിനു വിപരീതമായി ശാന്തമായി തുടങ്ങി..എന്നിലെ ഈ മാറ്റം അവളും ശ്രദ്ധിക്കുന്നുണ്ടെന്ന് എനിക്കറിയാമായിരുന്നു. സ്നേഹിക്കാൻ കൊതിച്ചു കൊണ്ടവൾ എന്നിലേയ്ക്ക് വരുമ്പോഴൊക്കെ ഞാനത് കണ്ടില്ലെന്ന് നടിക്കാൻ തുടങ്ങി..

GST എന്ന വിപത്ത് കാരണം ബിസിനസ്സിന് വന്ന നഷ്ടങ്ങളെക്കുറിച്ചൊക്കെ അവളോട് സൂചിപ്പിച്ചിരുന്നതിനാൽ അതായിരിക്കും എന്റെ ടെൻഷനിനു നിദാനം എന്ന ധാരണയിൽ എന്നെ സാന്ത്വനിപ്പിക്കാൻ പലപ്പോഴും അവൾ ശ്രമിച്ചു…

അങ്ങനെ എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുന്ന സമയത്താണ് അവൾ ആ സത്യം വെളിപ്പെടുത്തുന്നത്..

“ഏട്ടാ..ഞാനൊരു കാര്യം പറഞ്ഞാൽ ഏട്ടൻ അവിവേകമൊന്നും കാണിക്കരുത്..ഒരു ദിവസം ഞാൻ കുളിക്കാൻ കയറിയപ്പോൾ എന്റെ ഫോണിലേയ്ക്ക് ഒരു കോൾ വന്നത് ഏട്ടൻ ഓർക്കുന്നുണ്ടോ..? അത് നിങ്ങളുടെ അനിയൻ വിനുവായിരുന്നു…അവൻ കുറച്ചു  ദിവസമായി ഏട്ടനോട് ഒരു കാര്യം പറയാൻ വേണ്ടി എന്നെ വിളിച്ചു കൊണ്ടേയിരിക്കുന്നു…അന്ന് ഏട്ടൻ ഫോണെടുത്തപ്പോൾ ഭയം കൊണ്ടാണവൻ ഫോൺ കട്ട് ചെയ്തത്…”

“അവനാണ് വിളിച്ചതെന്ന് ചേട്ടൻ അറിയരുതെന്ന് പറഞ്ഞത് കാരണമാണ് ഇക്കാര്യം ഞാൻ പറയാതിരുന്നത്…ഞാൻ പറയാൻ പോവുന്ന കാര്യത്തെ എങ്ങനെയാണ് ഏട്ടൻ ഉൾക്കൊള്ളുക എന്നറിയാത്തത് കാരണമാണ് ഇക്കാര്യം ഞാൻ മറച്ചു വെച്ചത്.. ” ഇത്രയും പറഞ്ഞു കൊണ്ടവൾ എന്നെയൊന്ന് നോക്കി.

“എന്താണെന്ന് വെച്ചാൽ  വേഗം പറഞ്ഞ് തുലയ്ക്ക്..” കുറച്ച് ദേഷ്യപ്പെട്ട് കൊണ്ടാണ് ഞാനത് പറഞ്ഞത്..

“ഏട്ടാ.. നമ്മുടെ വിനു കോളേജിലുള്ള  ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു..മാത്രമല്ല കഴിഞ്ഞ ആഴ്ച്ച അവരുടെ രജിസ്റ്റർ വിവാഹവും കഴിഞ്ഞുവത്രേ.. “

“അവർ രണ്ടു പേരും നാളെ വീട്ടിലേയ്ക്ക് വരുന്നുണ്ടെന്ന് പറഞ്ഞ് കുറച്ച് മുമ്പ് വിളിച്ചിരുന്നു…എന്തായാലും അവരുടെ വിവാഹം കഴിഞ്ഞു..ഏട്ടൻ ഇനി അവനുമായി പ്രശ്നത്തിനൊന്നും പോവണ്ട…നമുക്കവരെ സ്വീകരിക്കാം..”

ഇത്രയും പറഞ്ഞ് കൊണ്ടവൾ ദയനീയമായി എന്നെ നോക്കി…

സ്വന്തം അനിയൻ രജിസ്റ്റർ വിവാഹവും കഴിച്ച് വീട്ടിലേയ്ക്ക് വരാൻ പോവുകയാണെന്ന വിവരം കേട്ട് ഞെട്ടുകയല്ല ഞാൻ ചെയ്തത്…കൈവിട്ട് പോയെന്ന് കരുതിയ ജീവിതം തിരിച്ചു കിട്ടുമ്പോളുണ്ടാവുന്ന പ്രതേക ആനന്ദത്തിലായിരുന്നു ഞാനപ്പോൾ…

കുറച്ച് ദിവസങ്ങളായി ഞാൻ നെയ്തെടുത്ത പല തെറ്റിദ്ധാരണകളും ഒരു നിമിഷം കൊണ്ട് തകർന്നടിഞ്ഞിരിക്കുന്നു..

എന്നെന്നേക്കുമായി ഒരാൾക്ക് മുമ്പിൽ കൊട്ടിയടക്കാൻ തുടങ്ങുകയായിരുന്ന എന്റെ വീടിന്റെ വാതിൽ രണ്ട് യുവമിഥുനങ്ങൾക്ക് മുമ്പിൽ തുറന്ന് കൊടുക്കാൻ എനിക്കപ്പോൾ ഒരു മടിയുമുണ്ടായിരുന്നില്ല.

===========

അല്ലെങ്കിലും നമ്മൾ ചില പുരുഷന്മാർക്കെങ്കിലും എടുത്ത് ചാട്ടം ഒരൽപ്പം കൂടുതലാണ്…മറ്റുള്ള മാമ്പഴങ്ങൾ പറിച്ചെടുക്കാനും അതിനെ ആസ്വദിക്കാനും നമുക്കൊരു പ്രതേക താല്പര്യമാണ്…എന്നാൽ നമ്മുടെ ഭാര്യയെങ്ങാനും അബദ്ധത്തിൽ ഒരു മാമ്പഴത്തിലോട്ട് നോക്കിപ്പോയാൽ അതായിരിക്കും നാം കാണുന്ന ഏറ്റവും വലിയ തെറ്റ്…