ആ ആഗ്രഹം സാധിക്കുന്നത് വരെ അവളെ നീ ശല്ല്യപ്പെടുത്തരുത്..ഒരു കാരണവശാലും കുടുംബത്തിന് ഒരു ചീത്തപ്പേര്  കേൾപ്പിക്കാൻ അവളാഗ്രഹിക്കുന്നില്ല…

മീഡിയേറ്റർ….

Story written by Praveen Chandran

===========

ഹോസ്പിറ്റൽ വരാന്തയിലെ കനത്ത നിശബ്ദതയ്ക്കിടയിലും അവളുടെ ഹൃദയമിടിപ്പ് ഉയർന്നു കേൾക്കുന്നുണ്ടായിരുന്നു…തന്റെ പ്രിയ സുഹൃത്ത് കണ്ണു തുറക്കുന്നതും കാത്ത് ഐ.സി.യു വിനുമുന്നിൽ അലീന പ്രാർത്ഥനയോടെ നിന്നു..

അവളുടെ മുഖത്ത് ടെൻഷൻ പ്രകടമായിരുന്നു..ആ കണ്ണുകൾ നിറഞ്ഞൊഴുകാൻ തുടങ്ങി..

അത് കണ്ട്കൊണ്ടാവണം റയാൻ അവളെ ആശ്വസിപ്പിക്കാനായി അവളുടെ അരികിലേക്ക് വന്നത്..

“എന്താ അലീന ഇത്..നീ ഇങ്ങനെ തളർന്നാലോ അവൾ തിരിച്ചുവരും.. നമ്മുടെ പഴയ മിയയായിട്ട്”

“എന്തിനാവും റയാൻ അവളിത് ചെയ്തത്?” അവൾ കണ്ണുകൾ തുടച്ചുകൊണ്ട് അവനോട് ചോദിച്ചു.

വരാന്തയിലെ ഒരു ബെഞ്ചിന്റെ കോണിൽ ഇരുന്ന മിയയുടെ അച്ഛനെ ശ്രദ്ധിക്കുകയായിരുന്നു അപ്പോളവൻ…

കൈലിമുണ്ടും മുഷിഞ്ഞ ഒരു ഷർട്ടുമായിരുന്നു അയാളുടെ വേഷം..

“അമ്മയില്ലാതെ വളർന്ന അവൾക്ക് വേണ്ടി രാപ്പകലില്ലാതെ അധ്വാനിക്കുന്ന ആ അച്ഛനെയെ ങ്കിലും അവൾക്കോർക്കാമായിരുന്നില്ലേ അലീന? “

റയാന്റെ ശ്രദ്ധതിരിഞ്ഞിടത്തേക്ക് അവൾ മുഖം തിരിച്ച് നോക്കി..

“നമ്മൾ കരുതുന്നപോലെയാവില്ല റയാൻ ചിലർ..അങ്ങിനെയുളളവരെ നമുക്കൊരിക്കലും തിരിച്ചറിയാൻ പറ്റിയെന്നു വരില്ല..” അവൾ പറഞ്ഞു…

“ഏതായാലും അവളുടെ ബോധം ഒന്ന് തെളിയട്ടെ അത് വരെയെങ്കിലും നമുക്ക് ക്ഷമിച്ചൂടെ..നമുക്കറിയണമല്ലോ അവൾക്ക് നമ്മളോട് പറയാൻ പറ്റാത്ത എന്ത് പ്രശ്നമാ ഉണ്ടായിരുന്നത്?”

അലീനയുടെ മനസ്സിലും റയാൻ ചോദിച്ച ആ ചോദ്യം ഉരുവിട്ടുകൊണ്ടിരുന്നു…

അവർ രണ്ട് പേരും കമ്പ്യൂട്ടർ എൻജിനീയറിംഗ് അവസാന വർഷ വിദ്യാർത്ഥികളായിരുന്നു…രണ്ടു പേരും ഉറ്റമിത്രങ്ങൾ..ഹോസ്റ്റൽ റൂംമേറ്റ്സ്..

വളരെ സാധാരണ കുടുംബത്തിൽ നിന്നും പ്രയത്നംകൊണ്ടും മിടുക്ക് കൊണ്ടും ആ കോളേജിലെത്തിയവരായിരുന്നു രണ്ട് പേരും..അത് കൊണ്ട് തന്നെ നല്ല കൂട്ടുകാരായി മാറാൻ അവർക്കധിക സമയം വേണ്ടി വന്നില്ല..

അലീന സുന്ദരിയായിരുന്നു..അത് കൊണ്ട് തന്നെ ചില ആൺകുട്ടികൾ അവളോടാണ് കൂടുതൽ അടുപ്പം കാണിച്ചിരുന്നത്….മിയ കാണാനത്ര സുന്ദരിയല്ലായിരുന്നെങ്കിലുംനല്ല പെരുമാറ്റം കൊണ്ട് മറ്റുളളവരുടെ ഇഷ്ടം പിടിച്ചു പറ്റിയിരുന്നു…

പക്ഷെ ഒരിക്കലും ഇത്തരം കാര്യങ്ങൾ അവരുടെ സൗഹൃദത്തെ ബാധിച്ചതേയില്ലായിരുന്നു..

കാരണം പഠനത്തിൽ മാത്രമായിരുന്നു രണ്ട് പേരുടേയും ശ്രദ്ധ..

ഒരിക്കലും അവർ തമ്മിൽ ഒരു വാക്കു തർക്കം പോലുമുണ്ടായിട്ടില്ല…

എല്ലാവരും അതിശയത്തോടെയും അസൂയയോടെയും നോക്കിയിരുന്ന ഒരു സുഹൃദ്ബന്ധം..

അങ്ങിനെയിരിക്കുമ്പോഴാണ് റയാൻ അലീനയുടെ മനസ്സിലേക്ക് ചേക്കേറുന്നത്…

പ്രശ്നങ്ങളുടെ നടുവിൽ നിന്നും മിടുക്കോടെ ഉയർന്നു വന്ന അവനോട് അലീനയ്ക്കും മിയയ്ക്കും ബഹുമാനമായിരുന്നു…

കോളേജിലെ എല്ലാക്കാര്യത്തിലും അവൻ മുന്നിട്ടു നിന്നിരുന്നു..

അലീനയക്ക് അവനോട് പ്രണയമാണെന്ന് മിയ യ്ക്കറിയാമായിരുന്നു…അവളത് തുറന്ന് പറഞ്ഞിട്ടുമുണ്ട്..

ഒരു ദിവസം പതിവുപോലെ അലീനയും മിയയും കോളേജിലെ മരത്തിന്റെ ചുവട്ടിൽ  പഠനവിഷയങ്ങൾ ചർച്ച ചെയ്യുകയായിരുന്നു..അപ്പോഴാണ് റയാൻ അവിടേക്ക് വന്നത്..

“അലീന…എനിക്കൊരു കാര്യം പറയാനുണ്ട്..അല്പം സീക്രട്ടാണ്..” അത് പറഞ്ഞ് അവൻ മിയയുടെ മുഖത്ത് നോക്കി..

റയാന്റെ ഉദ്ദേശം മനസ്സിലായെന്നോണം മിയ പതുക്കെ എഴുന്നേക്കാൻ ശ്രമിച്ചു..പക്ഷെ ഉടൻ തന്നെ അലീന മിയയുടെ കയ്യിൽ കടന്ന് പിടിച്ചു..

“ഇവൾക്കും കൂടെ കേൾക്കാവുന്നതാണേൽ പറഞ്ഞാ മതി”

അത് കേട്ടതും റയാന്റെ മുഖത്തുണ്ടായ ഭാവമാറ്റം മിയ ശ്രദ്ധിച്ചു..

അലീനയുടെ കൈ വിടീച്ച് മിയ റയാനോടായി പറഞ്ഞു..

“റയാൻ അലീനയ്ക്ക് നിന്നെ ഇഷ്ടമാണ്..പക്ഷെ അവൾക്കിപ്പോൾ പഠനമാണ് പ്രധാനം..അവളുടെ അമ്മ വളരെ കഷ്ട്ടപ്പെട്ടാണ് അവളെ വളർത്തുന്നത്…മകൾ നല്ല നിലയിലെത്തണം എന്നത് ആ അമ്മയുടെ ഏറ്റവും വലിയ ആഗ്രഹമാണ്..ആ ആഗ്രഹം സാധിക്കുന്നത് വരെ അവളെ നീ ശല്ല്യപ്പെടുത്തരുത്..ഒരു കാരണവശാലും കുടുംബത്തിന് ഒരു ചീത്തപ്പേര്  കേൾപ്പിക്കാൻ അവളാഗ്രഹിക്കുന്നില്ല..നിന്റെ ഇഷ്ടം സത്യമാണെങ്കിൽ അത് വരെ നീ കാത്തിരുന്നേ പറ്റൂ..”

ഇത് കേട്ടതും റയാനും അലീനയും ഒരുപോലെ ഞെട്ടി..

മിയയെ കളിയാക്കിക്കൊണ്ട് റയാൻ ചോദിച്ചു

“അല്ലാ ഞാൻ അലീനയെ സ്നേഹിക്കുന്നുണ്ടെന്ന് ആരാ തന്നോട് പറഞ്ഞത്? ഞാൻ പറഞ്ഞോ? ഇല്ലല്ലോ? എനിക്ക് പറയാനുളളത് മറ്റൊരു കാര്യമായിരുന്നു..”

അപ്പോൾ ശരിക്കും ഞെട്ടിയത് മിയയായിരുന്നു..

ചമ്മൽ മറയ്ക്കാൻ അവൾ പാടുപെടുന്നുണ്ടെന്ന് റയാന് മനസ്സിലായി.. 

അലീനയ്ക്കും അതൊരു ഷോക്കായിരുന്നു..

രണ്ടുപേരും ശരിക്കും ചമ്മിയിരുന്നു…ആ ചമ്മൽ മാറ്റാൻ റയാൻ നന്നായിട്ടൊന്ന് ചിരിച്ചു…

ആ ചിരി ഒരു തുടക്കമായിരുന്നു…അവർ മൂവരും നല്ല സുഹൃത്തുക്കളായി മാറാനും റയാനും അലീനയും തമ്മിലിഷ്ട്ടത്തിലാവാനും അധിക സമയം വേണ്ടി വന്നില്ല..പക്ഷെ പ്രേമിച്ച് നടന്ന് നാട്ടുകാരെ മുഴുവൻ അറിയിക്കാൻ അലീനയ്ക്കി ഷ്ടമില്ലായിരുന്നത് കൊണ്ട് അവർ മിയയെ അവരുടെ മീഡിയേറ്ററാക്കി..

ആ കോളേജിൽ മിയയൊഴികെ മറ്റാർക്കും അറിയില്ലായിരുന്നു റയാനും അലീനയും തമ്മിലിഷ്ട്ടത്തിലാണെന്നുളളത്..  

ലൈബറിയിൽ ഇരിക്കുമ്പോൾ വരാന്തയിൽ നിൽക്കുമ്പോൾ ബസ്സ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ അങ്ങനെ അവരുടെ എല്ലാ കൂടിക്കാഴ്ച്ചകൾക്കു നടുവിലും മിയ എന്ന മീഡിയേറ്ററുണ്ടായിരുന്നു…

മണിക്കുറുകളോളം ഇരുവശത്തുമിരുന്ന് അവർ സംസാരിക്കുമ്പോൾ ഹെഡ്ഡ് ഫോൺ വച്ച് പാട്ടു കേൾക്കുകയായിരിക്കും അവൾ..

അങ്ങനെ വർഷങ്ങൾ കടന്നു പോയി കോളേജട യ്ക്കാൻ ദിവസങ്ങൾ മാത്രമേയുണ്ടായിരുന്നുളളൂ…

അപ്പോഴാണ് ഒരു ദിവസം രാവിലെ കോളേജ് മുഴുവൻ ഞെട്ടലോടെ ആ വാർത്ത സ്വീകരിച്ചത്..

വിഷം കഴിച്ച് മിയ ആ ത്മഹത്യക്ക് ശ്രമിച്ചിരിക്കുന്നു

അങ്ങനെ ആ ത്മഹത്യ ചെയ്യത്തക്ക ഒരു കാരണവും അവൾക്കില്ലായിരുന്നു എന്നത് സുഹൃത്തുക്കളെ കൂടുതൽ ആകാംക്ഷാഭരിതരാക്കി..

ഐസിയുവി ന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ആലിയയും റയാനും ചിന്തകളിൽ നിന്നുണർന്നത്…

അവർ ആകാംക്ഷയോടെ ഡോക്ടറുടെ മുഖത്തേക്ക് നോക്കി..

“ക്രിട്ടിക്കൽ സ്റ്റേജ് സർവ്വൈവ് ചെയ്തിട്ടുണ്ട്..എന്നിരുന്നാലും രണ്ട് ദിവസം കൂടെ ഒബ്സെർവ്വേഷനിൽ തുടരട്ടെ..”

“താങ്ക് ഗോഡ്” റയാൻ ദൈവത്തിന് നന്ദി പറഞ്ഞു..

അലീനയുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു..അവൾ അവന്റെ കൈകളിൽ മുറുകെ പിടിച്ചു…

രണ്ട് ദിവസത്തിന് ശേഷം മിയയെ റൂമിലേക്ക് മാറ്റി..

അലീനയും റയാനും അവളുടെ തൊട്ടടുത്ത് തന്നെയിരുന്നു..

അവരെ കണ്ടതും മിയയുടെ കണ്ണിൽ നനവ് പടരാൻ തുടങ്ങി..അവൾ അലീനയുടെ കൈ അവളുടെ നെഞ്ചോട് ചേർത്ത് പിടിച്ചു..

“നിനക്കെന്നോട് ദേഷ്യമുണ്ടോ പെണ്ണെ?”

അലീന പെട്ടെന്ന് അവളുടെ കയ്യിൽ കയറിപിടിച്ചു…

“എനിക്ക് എന്താ പറയണ്ടേ എന്നറിയില്ല…ചിലപ്പോ എന്റെ നിയന്ത്രണം ഇപ്പോ നഷ്ട്ടപ്പെടും..ഞാൻ”

പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുമ്പ് അലീനയുടെ വായ്പൊത്തിക്കൊണ്ട് മിയ പറഞ്ഞു..

“നീയെനിക്ക് സുഹൃത്ത് മാത്രമല്ല..അമ്മയാണ് ചേച്ചിയാണ് അനിയത്തിയാണ് എന്റെ എല്ലാമെല്ലാമാണ്” 

രണ്ട് പേരും കരയാൻ തുടങ്ങിയപ്പോൾ റയാൻ  അലീനയെ കൈ പിടിച്ച് എഴുന്നേൽപ്പിച്ചു …

“എന്താ ഇത് രണ്ട് പേരും കൊച്ചു കുട്ടികളെപ്പോ ലെ..അവളെ വിഷമിപ്പിക്കാതെ അലീന..മിയ റെസ്റ്റ് എടുത്തോളൂ..ഞങ്ങളൊരിക്കലും ഇതിന്റെ   കാരണം ചോദിച്ച് വിഷമിപ്പിക്കില്ലാട്ടോ..കിടന്നോളൂ നമുക്ക് പിന്നെ സംസാരിക്കാം “

അവളുടെ കൈ പിടിച്ച് അവൻ നടന്നുപോകു ന്നതും നോക്കി അവൾ കിടന്നു…

പോകുന്ന വഴി മുഖം തിരിച്ച് അലീന മിയയെ ഒന്നു നോക്കി…

“മിയയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..”

ആ പുഞ്ചിരിയിൽ അവളുടെ സ്നേഹത്തിന്റെ ആഴം അലീനയ്ക്ക് കാണാൻ കഴിഞ്ഞു…

മിയയുടെ മനസ്സിൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുയർന്നു വന്നു.

നീയറിഞ്ഞില്ലല്ലോ അലീന? എന്റെ സ്വപ്നങ്ങളെ, ഇഷ്ടങ്ങളെ, ആഗ്രഹങ്ങളെ, വികാരങ്ങളെ..നീയൊരിക്കലെങ്കിലും എന്റെ വിഷമങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചിരുന്നോ?

ഒരു ബെഞ്ചിൽ പ്രണയിക്കുന്നവരുടെ ഇടയിൽ  ഇരുന്ന് കൊടുക്കേണ്ടി വരുന്ന ഒരു പെൺകുട്ടിയു ടെ അവസ്ഥയെപ്പറ്റി നീ ചിന്തിച്ചിട്ടുണ്ടോ? എനിക്കുമുണ്ടായിരുന്നു അലീന സ്വപ്നങ്ങൾ..

എന്നിട്ടും ഞാൻ പിടിച്ചു നിന്നില്ലേ..

പക്ഷെ ഒരു നിമിഷം എന്റെ മനസ്സ്  വഴുതിപ്പോയി അലീന..കാരണം ഞാനും ഒരു പെൺകുട്ടിയാണ്..

പലപ്പോഴും നിങ്ങളുടെ….അല്ല അവന്റെ സംസാരം ഞാൻ കേട്ടിരുന്നിരുന്നു..

ഞാൻ അറിയാതെ എന്റെ മനസ്സ് എപ്പോഴോ അവനിലേക്ക് ചാഞ്ഞിരുന്നു…

അവന്റെ സ്വപ്നങ്ങൾക്ക് എന്റെ  സ്വപ്നങ്ങളോട് വളരെ സാമ്യമുണ്ടായിരുന്നു…

അവന്റെ പുഞ്ചിരിയിൽ ഞാൻ കണ്ടിരുന്നത് എന്നെത്തന്നെയാണ്..

നീ മറുപടി പറയാഞ്ഞ അവന്റെ ചോദ്യങ്ങൾക്കൊ ക്കെയും എനിക്ക് മറുപടികളുണ്ടായിരുന്നു അലീന… 

ഞാനവനെ പ്രണയിച്ചിരുന്നെന്ന് കരുതുന്നുണ്ടോ?..ഒരിക്കലും ഇല്ല..ചില ഇഷ്ടങ്ങൾക്ക് അങ്ങനെ പ്രണയം എന്ന് പറയാനൊക്കില്ലല്ലോ…ചിലപ്പോൾ അത് മറ്റുളള വർക്ക് പ്രണയമായി തോന്നാം…

“പൊസ്സസ്സീവ്നെസ്” അതായിരുന്നില്ലേ നിന്റെ പ്രശ്നം…പക്ഷെ അതിന് നീ ചെയ്തതോ അലീന?..

പേടിക്കേണ്ട നീ ഇപ്പോൾ ഭയക്കുന്നത്  ഒരിക്കലും സംഭവിക്കില്ല…

കാരണം നീ സ്നേഹത്തോടെ അന്ന് തന്നത് വി ഷമായിരുന്നെന്ന് അറിഞ്ഞ് കൊണ്ട് തന്നെയായിരുന്നു ഞാൻ കു ടിച്ചത്……

~പ്രവീൺ ചന്ദ്രൻ