അവിടെയും എവിടേയുമൊക്കെ നടന്നു രാത്രി ഏഴര കഴിഞ്ഞു. ബസ് കയറി. ബസിൽ അറിയുന്ന ആരുമില്ലെന്ന് ഉറപ്പു വരുത്തി…

ആത്മഹത്യ….

Story written by Susmitha Subramanian

==========

ഞാൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നു….

ന്താ കാര്യം? പലരെയും പോലെ പ്രണയനൈരാശ്യം

ഡിഗ്രിക്ക് തുടങ്ങിയ പ്രണയമാണ്. ആൾക്ക് എന്നോട് തിരിച്ചു ഇഷ്ടം ഉണ്ടായിരുന്നോ എന്നറിയില്ല. ഭയങ്കര കൂട്ടായിരുന്നു. മൂന്നുവർഷം. എല്ലാം പറഞ്ഞു, ചിന്തകളും സ്വപ്നങ്ങളും സന്തോഷങ്ങളും വിഷമങ്ങളുമെല്ലാം..

ഒരിക്കൽ “ഞാൻ നിന്നെ കെട്ടിക്കോട്ടെ” എന്ന് ചോദിച്ചപ്പോൾ, ന്താ പറയ്യാ..മൊത്തത്തിൽ ഒരു കുളിരായിരുന്നു. ഞാൻ മറുപടി ഒന്നും കൊടുത്തില്ല. ഞങ്ങൾക്കിടയിൽ പിന്നീട് അതിനെ കുറിച്ച് സംസാരവും ഉണ്ടായില്ല. ഒരൂസം അറിഞ്ഞു ആൾ മാറ്റാരോ ആയിട്ട് ഇഷ്ടത്തിൽ ആണെന്ന്. ആ നിമിഷം തന്നെ ഞാൻ ഒന്ന് മരിച്ചതാണ്. കുറെ കരഞ്ഞു. ചിന്തിച്ചു ചിന്തിച്ചു കാടുകയറി.

എന്നെ ആർക്കും വേണ്ട! എന്നോട് ആർക്കും ഇഷ്ടമില്ല. ചെറിയ കാര്യങ്ങൾക്കു വഴക്ക് പറയുന്ന അമ്മ, കുഞ്ഞല്ലേ എന്നും പറഞ്ഞു എപ്പോഴും അനിയത്തിയുടെ ഇഷ്ടങ്ങൾക് മുൻ‌തൂക്കം കൊടുക്കുന്ന അച്ഛൻ, പാര മാത്രം വയ്ക്കുന്ന അനിയത്തി, എനിക്കൊന്നു മനസുതുറന്നു സംസാരിക്കാൻ കൂടി കഴിയാത്ത കൂട്ടുകാർ, കുറ്റം മാത്രം പറയുന്ന കുടുംബക്കാർ. എനിക്ക് ആരും വേണ്ട. അതുകൊണ്ട് തന്നെ ആരും കാണാത്തിടത്തേക്, ഒന്നും അറിയാതിടത്തേയ്ക് പോകണം എന്ന തീരുമാനത്തിലേയ്ക് എത്തി.

അതിനു എന്ത് ചെയ്യണം? ഞാൻ മരിക്കണം.  എങ്ങനെ മരിക്കണം? തൂ ങ്ങി മരിക്കണോ? വി ഷം കഴിക്കണോ? ട്രെയിനിനു മുന്നിൽ ചാടണോ?ഉ റക്കഗുളിക? ക ത്തി? ബ്ലേ ഡ്? പലവഴികൾ ആലോചിച്ചോടുവിൽ വെള്ളത്തിൽ ചാടി ചാകാൻ തീരുമാനിച്ചു.

എവിടെ ചാടണമെന്ന് ആലോചിക്കേണ്ടി വന്നില്ല. വെണ്ടുരുത്തി പാലം ഉണ്ടല്ലോ. രാവിലേ ചാടിയാൽ നേവികാരു രക്ഷപെടുത്തും വൈകുനേരമായാൽ ചെറിയ പാലത്തിൽ ചൂണ്ടയിടാൻ വരുന്നവർ രക്ഷിക്കും. അതുകൊണ്ട് എട്ടുമണിയൊക്കെ കഴിഞ്ഞു ചാടാമെന്നു വച്ചു. നല്ല ഒഴുക്കും കാണും.

ജോലി കഴിഞ്ഞ് കമ്പ്യൂട്ടർ ക്ലാസും കഴിഞ്ഞു രാത്രി വൈകിയാണ് വീട്ടിൽ എത്താറുള്ളത്. അതുകൊണ്ട് മരിച്ചു കഴിഞ്ഞേ വീട്ടിൽ അറിയൂ. പിറ്റേ ദിവസം തന്നെ മരിക്കാൻ തീരുമാനിച്ചു. എന്തായാലും ചാകുന്നു, എന്നാൽ ഒരുദിവസം അങ്ങോട്ട് ആസ്വദിച്ചേക്കാമെന്ന ചിന്ത വന്നു. രാവിലെ എഴുനേറ്റു കുളിച്ചു അച്ഛന്റെ ഒപ്പം അമ്പലത്തിൽ പോയി, അമ്മയെ അടുക്കളയിൽ സഹായിക്കാൻ കയറി, അനിയത്തിക്ക് കോളേജിൽ പോകാനുള്ള ഡ്രസ്സ്‌ തേച്ചു കൊടുത്തു. എല്ലാവർക്കും അത്ഭുതം. ഓഫീസിൽ പോകാനുള്ള സമയത്തിന് അരമണിക്കൂർ മുൻപ് മാത്രം എഴുനേൽക്കുന്ന എനിക്കിത് എന്ത് പറ്റിയെന്നു ചിന്തിച്ചു കാണും.

വീട്ടിൽ നിന്ന് നേരത്തെ ഇറങ്ങിയത് കാരണം വഴിക്ക് വച്ചു ബസ് തടയാതെ സ്റ്റോപ്പിൽ നിന്നുതന്നെ കയറാൻ പറ്റി.

സാധാരണ ഞാൻ കൈകാണിക്കാറുള്ളിടം എത്തിയപ്പോൾ ഡ്രൈവർ സ്ലോ ചെയ്തു. ‘ആൾ കേറിയിട്ടുണ്ടെന്നു ‘ കണ്ടക്ടർ പറഞ്ഞപ്പോൾ ബസിൽ കൂട്ട ചിരി ഉയർന്നു. ഈ ബസ് പോയാൽ പിന്നെ ജോലി സ്ഥലത്തേയ്ക്ക് അരമണിക്കൂർ കഴിഞ്ഞാണ് ഡയറക്റ്റ് ബസ് ഉള്ളത്. അതുകൊണ്ട് തന്നെ ഞാൻ ആ ബസിലെ സ്ഥിരം യാത്രികയാണ്.

ഓഫീസിൽ എത്തി ആദ്യം തന്നെ ഹാഫ് ഡേ ലീവ് പറഞ്ഞു. ചെയ്യാൻ ഉള്ള വർക്കുകൾ എല്ലാം വേഗം തന്നെ ചെയ്തുതീർത്തു. കുറഞ്ഞ സമയത്തുതന്നെ ഇത്രോം ജോലി എനിക്ക് ചെയാൻ പറ്റുവോ, എനിക്ക് എന്നെ കുറിച്ച് തന്നെ അഭിമാനം തോന്നി. പെന്റിങ് വർക്കുകൾ ഇല്ല എന്ന് ഉറപ്പുവരുത്തി.

ഞാൻ എന്തൊക്ക ജോലികളാണ് ചെയുന്നതെന്ന് ഒരു ഡയറി എടുത്ത് എഴുതി വച്ചു. എല്ലാവരോടും യാത്രയൊക്കെ പറഞ്ഞു ഉച്ച കഴിഞ്ഞാണ് ഇറങ്ങിയത്. തമാശയ്ക്കു ഓഫീസിലെ ചേട്ടൻ ചോദിക്കുകയും ചെയ്തു “നീയെന്താടി ചാകാൻ പോകുവാണോ” എന്ന്. വെറുതെ ചിരിച്ചതെ ഉള്ളൂ.

നേരെ വൈപ്പിൻ ബീച്ചിൽ പോയി അസ്‌തമയമൊക്കെ കണ്ടു. ഭാർഗവ്മയുടെ ചാറ്റ് കടയിൽ നിന്ന് സമുസ ചാറ്റ് വാങ്ങി. എന്റെ പ്രിയപ്പെട്ട ചാറ്റ് കടകളിൽ ഒന്നാണത്.

അവിടെയും എവിടേയുമൊക്കെ നടന്നു രാത്രി ഏഴര കഴിഞ്ഞു. ബസ് കയറി. ബസിൽ അറിയുന്ന ആരുമില്ലെന്ന് ഉറപ്പു വരുത്തി. തേവരയിൽ ബസ് നിർത്തി. എനിക്കൊപ്പം വേറെക്കുറെ ആളുകൾ കൂടി ഇറങ്ങാനുണ്ടായിരുന്നു. എന്റെ തൊട്ടുപുറകിൽ ഒരു അമ്മുമ്മയായിരുന്നു. എഴുപത്തോ എൺപതോ അതിനു മുകളിലോ പ്രായം കാണുമെന്നു ഞാൻ ഊഹിച്ചു. മുടിയൊക്കെ മേഘക്കെട്ടുപോലെ, കൈ ഒക്കെ നല്ലതുപോലെ ചുളിഞ്ഞിട്ടുണ്ട്, ചട്ടയും മുണ്ടും കാപ്പുമൊക്കെ ഇട്ട് സുന്ദരി അമ്മുമ്മ…

ഞാൻ ആദ്യം ഇറങ്ങി അമ്മുമ്മയ്ക്ക് നേരെ കൈ നീട്ടി. ഒരു മടിയും കൂടാതെ അമ്മുമ്മ എന്റെ കൈയിൽ പിടിച്ചു. നല്ല പഞ്ഞിപോലുള്ള കൈ എന്റെ കൈയിൽ അമർന്നപ്പോൾ ഞാൻ ഒരു മാലാഖയെ ആണ് പിടിച്ചേക്കുന്നതെന്ന് തോന്നി. വളരെ സാവധാനം ബസിൽ നിന്നിറങ്ങിയ ശേഷം അമ്മുമ്മ എന്റെ കൈ രണ്ടും കൂട്ടി പിടിച്ചു. പല്ലില്ലാത്ത മോണകാട്ടി മനോഹരമായി പുഞ്ചിരിച്ചു. ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടുള്ള ഏറ്റവും മനോഹരമായ ചിരി അതാണ്‌.

പിന്നെ എന്റെ തലയിൽ കൈ വച്ചു. അപ്പോഴേയ്ക്കും ബസിൽ നിന്ന് കൊച്ചുമക്കൾ ഇറങ്ങി. എനിക്ക് നേരെ ചിരി സമ്മാനിച്ചുകൊണ്ട് അവർ അമ്മുമ്മയെയും കൊണ്ട് നടന്നു. കണ്ണിനിന്നു മറയുന്നതു വരെ അവരെ നോക്കി നിന്നു.

ആ നിമിഷം മാത്രമാണ് ഞാൻ ചിന്തിച്ചത്, ഞാൻ എന്തിനു മരിക്കണം?പാലത്തിൽ കേറി ഞാൻ ചുറ്റും നോക്കി. കൊച്ചിയുടെ ഏറ്റവും ഭംഗിയുള്ള ദൃശ്യങ്ങളിൽ ഒന്ന് വെണ്ടുരുത്തി പാലത്തിനു മുകളിൽ നിന്നുള്ളതാണ്. നിരയായി കപ്പലുകൾ ബെർത്ത്‌ ചെയ്ത് ഇട്ടിരിക്കുന്നു. ചെറിയ പാലത്തിൽ ചൂണ്ടയിടുന്നവർ. ഭംഗിയോടെ പ്രകാശിച്ചുകൊണ്ട് പാലത്തിൽ കൂടെ പോകുന്ന വാഹനങ്ങൾ. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം. തണുത്ത കാറ്റ്. ന്റെ ദൈവമേ എനിക്കു ചുറ്റും എന്ത് ഭംഗിയുള്ള ലോകമാണ്.

അടുത്തുകൂടെ നടന്നു പോയ കപ്പലണ്ടി കച്ചവടക്കാരന്റെ കൈയിൽ നിന്ന് കപ്പലണ്ടി വാങ്ങി. ആ രുചി, എന്റെ മനസിലേയ്ക് കായിക്കാന്റെ ബിരിയാണിയും ശരവണഭവനിലെ മസാലദോശയും ഇന്ത്യൻ കോഫി ഹൌസിലെ ബീറ്റ്റൂട്ട് കട്ലറ്റും ഭാർഗവ്മയുടെ സമൂസ ചാറ്റും വന്നു പോയി.

കൂട്ടുകാരായി ബിനാലെ കാണാൻ പോകുന്നതും എറണാകുളത്തപ്പൻ അമ്പലത്തിലെ ഉത്സവവും ഹിൽപ്പാലസും സുഭാഷ് പാർക്കും മറൈൻ ഡ്രൈവും ലൈബ്രറിയും എന്റെ റൂമും ഓർമവന്നു. എനിക്കെന്റെ അച്ഛനെയും അമ്മയെയും അനിയത്തിയെയും കാണാൻ തോന്നി.

എങ്ങനെയോ ബസ് കയറി ഓടിയാണ് ഞാൻ വീട്ടിൽ ചെന്നത്. ഓടികയറിയ അമ്മയോട് വൈകിപോയി ഞാൻ എന്ന് പറഞ്ഞപ്പോൾ “നീ വരുന്ന സമയം ആയിട്ടല്ലേ ഉള്ളൂ” എന്ന് പറഞ്ഞു.

ശെരിയാണ്, ഞാൻ വരുന്ന സമയം ആയതേ ഉള്ളൂ പക്ഷേ എനിക്ക് ബോധം വയ്ക്കാൻ വൈകിപ്പോയി. റൂമിൽ ചെന്നപ്പോൾ അനിയത്തിയുടെ എനിക്കിഷ്ടപ്പെട്ട ഡ്രസ്സ്‌ അവൾ എനിക്കായി എടുത്ത് വച്ചിരിക്കുന്നു. പിറ്റേന്ന് എനിക്ക് റേയുടെ കീ നീട്ടികൊണ്ട് ‘ഇനി മുതൽ നീ വണ്ടിയ്ക്ക് പൊയ്ക്കോ ടെൻഷൻ അടിച്ചു ഓടിപിടഞ്ഞു വരണ്ടല്ലോ’ ന്ന് പറഞ്ഞപ്പോൾ എനിക്ക് സങ്കടം തോന്നി. പിന്നീട് ഒത്തിരി ഒത്തിരി സന്തോഷവും.

അല്ലെങ്കിലും ഞാൻ എന്തിനു വേണ്ടി, ആർക്കു വേണ്ടി മരിക്കണം എല്ലാം ഞാൻ പറയാറുണ്ടായിട്ടും സ്വന്തം പ്രണയം പോലും എന്നോട് പറയാതിരുന്ന ഒരാൾക്കു വേണ്ടിയോ?മറ്റൊരാൾ പറഞ്ഞാ പ്രണയം അറിയേണ്ടി വന്നതാണ് എന്നെ കുറെയധികം വേദനിപ്പിച്ചത്.

ആലോചിച്ചപ്പോൾ ശെരിയാണ് ഞാൻ അങ്ങോട്ടേക്കു വിളിച്ചാൽ അല്ലാതെ എന്നെ തേടി വരുന്ന വിളികൾ വിരളമാണ്. അപ്പോൾ എനിക്ക് പ്രിയപ്പെട്ടതായിരുന്ന ആൾക്ക് ഞാൻ അത്ര വേണ്ടപെട്ടവൾ ആയിരുന്നില്ല. അങ്ങനെ ഒരാളിലേയ്ക് ചുരുങ്ങിയത് കൊണ്ടാണ് ഞാൻ ചുറ്റുമുള്ളതൊന്നും കാണാത്തിരുന്നത്. കാണാതെ അറിയുന്ന ആ ഫോൺ നമ്പർ മനഃപൂർവം മറവിലേക്കു വിട്ടുകൊടുത്തു ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തു.

ആൾ പിന്നീട് എന്നെ ഒന്ന് രണ്ടു തവണ വിളിച്ചിരുന്നു. എനിക്കൊന്നും പറയാനിലാത്തതുകൊണ്ട് വേഗം സംസാരം അവസാനിക്കും. പിന്നീട്  വിളികളും നിന്നു. ഞാൻ ഒരാളിൽ നിന്ന് ചുറ്റിലേയ്ക്കും എന്റെ ലോകം വലുതാക്കി കൊണ്ടിരുന്നു.

കാലം മുന്നോട്ട് പോയികൊണ്ടിരുന്നു…

ഒത്തിരി യാത്രകൾ ചെയ്തു മനോഹരമായ കാഴ്ചകൾ കണ്ടു, എന്റെ ഒപ്പം ഉള്ളവരെ കണ്ടു, മനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും പൂമ്പാറ്റകളെയും കണ്ടു. ഇഷ്ടപ്പെട്ട ഇടങ്ങളും രുചികളും ആളുകളും പുസ്തകങ്ങളും സിനിമകളും പാട്ടുകളും എനിക്ക് ഇങ്ങനെ കൂടി കൂടി കൊണ്ടിരിക്കുന്നു…

ഇടയ്ക്കൊരോ വീഴ്ചകൾ ഇപ്പോഴും ഉണ്ടാവാറുണ്ട്. വീണ്ടും എഴുനേറ്റു നടക്കും. എങ്കിലും എന്ത് രസമാണ് ജീവിതം. മരിക്കുന്നത് വെറുതെ ചിന്തിക്കുന്നത് കൂടി സങ്കടമുള്ള ഒന്നായി തീർന്നിരിക്കുന്നു.

ഇപ്പോഴും വെണ്ടുരുത്തി പാലം കയറുമ്പോൾ ഞാൻ ആ രാത്രി ഓർക്കും മാലാഖയേ പോലെ വന്ന അമ്മുമ്മയെ ഓർക്കും,ആ ചിരി ഓർക്കും..വീണ്ടും ഈ ലോകം എത്ര മോനോഹരമായ ഒന്നാണെന്ന് എന്നെ ചിന്തിപ്പിച്ച ആ രാത്രി ഓർക്കും..അതെന്നിലും ഒരു ചിരി വിടർത്തും..