തന്നെ ചുറ്റിപിടിച്ചിരിക്കുന്ന മുരുകന്റെ കൈകൾ ഈർഷ്യയോടെ എടുത്തു മാറ്റി അവൾ അടുക്കളയിലേക്ക് ഓടി..

എക്സ്ചേഞ്ച്…

Story written by Jisha Raheesh (Sooryakanthi)

============

അഞ്ചരയായപ്പോഴാണ് മീന  ഞെട്ടിയുണർന്നത്..അഞ്ചു മണിയ്ക്ക് അടിച്ച അലാറം ഓഫ്‌ ചെയ്തത് അപ്പോഴാണ് ഓർമ്മയിലെത്തിയത്..

“ദൈവമേ…ഇന്നും വൈകി..”

തന്നെ ചുറ്റിപിടിച്ചിരിക്കുന്ന മുരുകന്റെ കൈകൾ ഈർഷ്യയോടെ എടുത്തു മാറ്റി അവൾ അടുക്കളയിലേക്ക് ഓടി..

റെയിൽവേ കോളനിയിലെ അന്തേവാസികളാണ് മുരുകനും മീനയും..മുരുകൻ ചുമട്ടുതൊഴിലാളിയാണ്..മീന കോളനിക്കപ്പുറത്തെ വലിയ മതിൽക്കെട്ടിനുള്ളിലെ ഫ്ലാറ്റിലാണ് വീട്ടുജോലി ചെയ്യുന്നത്..

അവളെയും മക്കളെയും പട്ടിണിക്കിടാതെ, പോറ്റാനുള്ള തന്റെ കഴിവിൽ വിശ്വാസമുള്ളത് കൊണ്ടോ എന്തോ മീന ജോലിയ്ക്ക് പോവുന്നതിൽ മുരുകന് അത്ര താല്പര്യം ഇല്ലായിരുന്നു. പിന്നെ കുട്ടികൾക്ക് കുറച്ചൂടെ മെച്ചപ്പെട്ട ഒരു ജീവിതം കിട്ടുമെന്ന മീനയുടെ വാക്കുകൾ അയാൾ തള്ളിക്കളഞ്ഞില്ല..

കുട്ടികൾ രണ്ടായെങ്കിലും, പണ്ട് മാരിയമ്മൻ കോവിലിൽ വെച്ച് കണ്ട, എണ്ണമയമില്ലാത്ത മുടിയിൽ നിറയെ കനകാംബരവും മല്ലിയും ചൂടിയ ആ പത്തൊൻപതുകാരിയോട് തോന്നിയ പ്രണയം,  ഇപ്പോഴും അതേ പടി തന്നെ നിലനിൽക്കുന്നുണ്ട് മുരുകന്റെ മനസ്സിൽ..തന്റെ കുടുംബത്തെയും ആ കോളനിയെയും ചുറ്റി പറ്റിയാണ് മുരുകന്റെ ജീവിതം..അതിന് പുറത്തൊരു ലോകത്തെ പറ്റി അയാൾ ചിന്തിച്ചിട്ടില്ല എന്നതാണ് സത്യം..

ഒറ്റമുറി വീടിന്റെ വാതിലിനരികിൽ വള്ളികൾ പൊട്ടിയ കസേരയിൽ ഇരിക്കുമ്പോഴാണ് മീന  അയാളുടെ നേരേ കട്ടൻചായ നീട്ടിയത്..അയാൾ അത്‌ വാങ്ങിയതും മുഖത്തേക്ക് പോലും നോക്കാതെ മീന അടുക്കളയിലേക്ക് നടന്നു..

ഈ പെണ്ണിനിത് എന്തു പറ്റി..അല്ലെങ്കിൽ അണ്ണാ അണ്ണാ എന്ന് വിളിച്ചു പുറകീന്ന് മാറില്ല..ഇതിപ്പോൾ കുറച്ചു ദിവസമായി തുടങ്ങിയിട്ട്..പണിയൊക്കെ തീർന്നാൽ ഫോണിൽ തോണ്ടിക്കളിക്കുന്നത് കാണാം..ഫ്ളാറ്റിലെ മാഡത്തിന്റെ പഴയ ഫോണാണെന്നാണ് പറഞ്ഞത്..ഏഴു മണിയാവുന്നതിന് മുൻപേ മീന ഒരുങ്ങിയിറങ്ങി. സാരിയുടെ മുന്താണിയിൽ പിന്ന് ചേർത്ത് കുത്തികൊണ്ട് അവൾ മുരുകനെ നോക്കി.

“എല്ലാം റെഡി ആക്കി വെച്ചിട്ടുണ്ട്, പിള്ളേരെ സ്കൂളിൽ വിടാൻ വൈകണ്ട..”

മറുപടിയ്ക്ക് കാക്കാതെ അവൾ ഇറങ്ങി നടന്നു. മുരുകന്റെ മനസ്സിലൊരു നീറ്റലുണ്ടായി. പോവുന്നതിനു മുൻപേ ഒന്ന് ചേർന്നു നിന്ന് യാത്ര പറയാറുണ്ടായിരുന്നു..പതിവുകളൊക്കെ തെറ്റിയിരിക്കുന്നു.

ഫ്‌ളാറ്റിന്റെ വലിയ മതിൽക്കെട്ടിനുള്ളിലേക്ക് കടന്നപ്പോൾ തന്നെ മീനയുടെ മുഖം തെളിഞ്ഞു. ഇവിടെ വേറൊരു ലോകമാണ്. ഇവിടെ ജോലിക്കായി വരുന്നത് വരെ ഇങ്ങനെയും ജീവിതങ്ങൾ ഉണ്ടെന്നത് അവൾക്ക് വെറും കേട്ടുകേൾവി മാത്രമായിരുന്നു…

ലിഫ്റ്റിലേക്ക് കയറുമ്പോൾ മീന ഓർത്തു. ഇത്തിരി ലേറ്റ് ആയിപ്പോയി, പക്ഷെ സാരമില്ല രാധിക മാഡം വഴക്കൊന്നും പറയില്ല..ഇവിടെ മൂന്ന് നാലിടത്ത്  ജോലി ചെയ്യുന്നുണ്ടെങ്കിലും മീനയ്ക്ക് ഏറെ ഇഷ്ടം ടെൻത് ബിയിലെ അനിൽ സാറിനെയും രാധിക  മാഡത്തിനെയും ആണ്..അനിൽ സാർ ബിസ്സിനസ്സുകാരനാണ് , രാധിക മാഡം ഫാഷൻ ഡിസൈനറും..രണ്ടു കുട്ടികൾ ഉള്ളത് ബോർഡിങ്ങിലാണ്..സുന്ദരിയാണ് രാധിക മാഡം, പക്ഷെ സാർ അതിലും സുന്ദരനാണ്..തെല്ലൊരു ഉൾപ്പുളകത്തോടെ മീന ഓർത്തു. ഒറ്റ നോട്ടത്തിൽ സിനിമ നടൻ സൂര്യയുടെ ഛായയും തിളങ്ങുന്ന കണ്ണുകളുമെല്ലാം മീനയെ അയാളുടെ ആരാധിക ആക്കി മാറ്റിയിരുന്നു..

രാധിക മാഡത്തിന് തന്നെ വലിയ കാര്യമാണെങ്കിലും, സാർ തന്നെ ശ്രെദ്ധിക്കാറേയില്ല..വല്ലപ്പോഴും തന്റെ നേരേ ആ നോട്ടം എത്തുമ്പോൾ തന്നെ ഒരു വെപ്രാളമാണ്..

ജോലി ശരിയാക്കി തന്ന മുനിയമ്മയോടൊപ്പമാണ് മീന ഇവിടെ ആദ്യമായി എത്തുന്നത്. വാതിൽ തുറന്ന രാധികയുടെ മുട്ടൊപ്പമെത്തുന്ന സ്ലീവ്‌ലെസ് ഡ്രെസ്സിലേക്കും മുഖത്തേക്കും മാറി മാറി നോക്കുന്നതിനിടെയാണ്  മുനിയമ്മ പതുക്കെ ഒന്ന് കൈയിൽ തട്ടിയത്. ആ ഫ്ലാറ്റിനുള്ളിലേക്ക് കയറിയപ്പോൾ അത്ഭുതലോകത്തിൽ അകപ്പെട്ട ആലീസിന്റെ അവസ്ഥയായിരുന്നു  മീനയ്ക്ക്. അവരുടെ ഹാളിന്റെ വലുപ്പമേ മീനയുടെ ഒറ്റമുറി വീട്ടിനുണ്ടായിരുന്നുള്ളൂ. സോഫാസെറ്റും ഫർണീച്ചറുകളുമെല്ലാം കൗതുകത്തോടെയാണ് മീന നോക്കിയത്..രാധികയുടെ സൗഹാർദ്രപരമായ പെരുമാറ്റം, പതിയെ മീനയുടെ പേടിയും പരുങ്ങലുമൊക്കെ ഇല്ലാതാക്കി..

മാഡവും സാറും നല്ല ചേർച്ചയാണ്..വീട്ടിൽ ഉള്ളപ്പോഴൊക്കെ സോഫയിൽ ഇരുന്നും ബാൽക്കണിയിൽ നിന്നുമൊക്കെ അവർ ഫോട്ടോ എടുക്കുന്നത് കാണാറുണ്ട്..അവരുടെ പെരുമാറ്റം കണ്ടു ചിലപ്പോഴൊക്കെ മീനയ്ക്ക് നാണവും വന്നിട്ടുണ്ട്..ഇടയ്ക്കിടെ പോവുന്ന യാത്രകളിൽ എടുത്ത വിവിധ തരത്തിലുള്ള ഫോട്ടോസും രാധിക അവളെ കാണിക്കാറുണ്ട്.. എല്ലാം കണ്ടും കേട്ടും അത്ഭുതഭാവത്തോടെ മിഴിച്ചിരിക്കുന്ന മീനയെ ഒരു ചിരിയോടെ നോക്കുന്ന രാധികയെ കാണുമ്പോൾ അവർക്ക് ഒരു കേൾവിക്കാരിയെ ആവശ്യമുണ്ടെന്ന് മീനയ്ക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്..ഫേസ്ബുക്കിനെ പറ്റിയും വാട്സ്ആപ്പിനെ പറ്റിയും പറഞ്ഞു തന്നതും മാഡമാണ്..അവരുടെ ഫോട്ടോയ്ക്ക് കിട്ടുന്ന ലൈക്കുകളും കമന്റുകളുമൊക്കെ ആവേശത്തോടെയാണ് മീന നോക്കാറുള്ളത്…

മീന ലിഫ്റ്റിൽ നിന്നും ഇറങ്ങുമ്പോഴാണ് നയനത് എയിലെ നരേന്ദ്രൻ സാർ ലിഫ്റ്റിലേക്ക് കയറിയത്..അയാളുടെ ചോ രച്ച കണ്ണുകളും ചൂ ഴ്ന്ന നോട്ടവും കണ്ടപ്പോൾ മീന പേടിയോടെ വേഗത്തിൽ നടന്നു..ഭാര്യ ഉപേക്ഷിച്ചു പോയതാണ്..മുഴുക്കു ടിയനാണ് ഇപ്പോൾ..

കൈയിലെ കീ കൊണ്ട് ഡോർ തുറക്കുമ്പോൾ ഓർത്തു, മാഡവും സാറും എഴുന്നേറ്റു കാണില്ല…

ഓ..സാർ ടൂറിലാണല്ലോ..

വേഗത്തിൽ എല്ലാ ജോലിയും തീർത്ത് ഇറങ്ങാൻ നേരമാണ് മാഡത്തിനെ വിളിക്കാൻ ചെന്നത്..ഡോർ അടച്ചിട്ടില്ല..സാർ ഇല്ലാത്തത് കൊണ്ട് അകത്തേക്ക് ചെന്നു..ഉറക്കത്തിന്റെ ആലസ്യം വിട്ടു മാറാത്ത കണ്ണുകൾ തുറന്നു, ഏസിയുടെ തണുപ്പിൽ നിന്നും രക്ഷ നേടാനെന്നോണം പുതപ്പ് ന ഗ്നമായ ചുമലിലേക്ക് വലിച്ചിട്ട് രാധിക പറഞ്ഞു.

“ജോലിയൊക്കെ കഴിഞ്ഞെങ്കിൽ മീന പൊയ്ക്കോളൂ..വല്ലാത്ത ക്ഷീണം..ഇത്തിരി കൂടെ കിടക്കട്ടെ.. “

പുറത്തേക്ക് നടക്കുമ്പോഴാണ് കട്ടിലിനു താഴെ ചിതറി കിടന്നിരുന്ന മാഡത്തിന്റെ വസ്ത്രങ്ങൾ കണ്ടത്..അതിൽ ഒരു നീല ടി ഷർട്ട് കണ്ടു..ഇത് അനിൽ സാർ ഇട്ടു കണ്ടിട്ടില്ലല്ലോ എന്നോർത്തു നടക്കുമ്പോൾ, വാതിൽക്കൽ എത്തിയപ്പോൾ മാഡം വിളിച്ചു.

“മീനാ…മീന ഒരു ഹെൽപ് ചെയ്യണം..ആ ഗുജറാത്തി സ്ട്രീറ്റിന്റെ അറ്റത്തുള്ള കടയിൽ എന്റെ കുറച്ചു ഡ്രെസ്സുകൾ ഡ്രൈ വാഷിനു കൊടുത്തിട്ടുണ്ട്..ഫോൺ വിളിച്ചിട്ട് അവരെ  കിട്ടുന്നില്ല..മീന വൈകുന്നേരം അതൊന്ന് കളക്ട് ചെയ്തു കൊണ്ടു വരണം..”

“അതിനെന്താ മാഡം, ഞാൻ കൊണ്ടു വരാം.. “

അവിടുത്തെ ജോലി കഴിഞ്ഞ് സെവൻത് ബി യിലേക്കാണ് പോയത്. എഞ്ചിനീയറായ നന്ദൻ സാറും കോളേജ് ആദ്ധ്യാപികയായ രേവതി മാഡവും ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന മോളും ആണവിടെ.. രണ്ടു പേരും മിതഭാഷികളാണ്..എന്നാലും ഇടയ്ക്കിടെ ടീച്ചർ മീനയുടെ അടുത്ത് മക്കൾക്ക് വേണ്ടി എന്തെങ്കിലുമൊക്കെ കൊടുത്തു വിടാറുണ്ട്. നന്ദൻ സാർ പുറത്തെവിടെയെങ്കിലും വെച്ച് കണ്ടാൽ ഒരു നേർത്ത പുഞ്ചിരി സമ്മാനിക്കാറുമുണ്ട്..

ബെല്ലടിച്ചപ്പോൾ നന്ദൻ സാർ ആയിരുന്നു വാതിൽ തുറന്നത്..

“ഹാ…മീനാ…രേവതിയ്ക്ക് നല്ല സുഖമില്ല, ഇന്നലെ വൈകിയിട്ട് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തു..മോളെ അവിടെ നിർത്തിയിട്ട് ഞാൻ കുറച്ചു സാധനങ്ങൾ എടുക്കാൻ വന്നതാണ്..മീന ഇനി ഞാൻ വിളിച്ചിട്ട് വന്നാൽ മതി..”

“സാർ..ടീച്ചർക്ക്…? “

“ഇത്തിരി സീരിയസാണ് മീന..ഒരു സർജറി വേണ്ടി വരും..ശരി ഞാൻ ഇറങ്ങാൻ തുടങ്ങുവാണ്.. “

അവളുടെ മറുപടിയ്ക്ക് കാക്കാതെ അയാൾ വാതിൽ അടയ്ക്കുമ്പോൾ അത്‌ നനഞ്ഞു തുടങ്ങിയ കണ്ണുകൾ തന്നിൽ നിന്നും മറയ്ക്കാൻ കൂടിയാണെന്ന് മീനയ്ക്ക് മനസ്സിലായിരുന്നു..

പിന്നെ പോയത് നാദിയ മാഡത്തിന്റെ ഫ്ളാറ്റിലേക്കാണ്. മാഡം ടൗണിൽ ഒരു കോഫി ഷോപ്പ് നടത്തുകയാണ്. ഏക മകൾ ഡോക്ടറും. ഒരു ചെറു ചിരിയോടെ അല്ലാതെ മീന ഇതു വരെ മാഡത്തിനെ കണ്ടിട്ടില്ല. വലിയ സംസാരമൊന്നും ഇല്ലെങ്കിലും, വൃത്തിയോടും വെടിപ്പോടും ജോലി ചെയ്യുന്ന മീനയെ അവർക്ക് വലിയ കാര്യമായിരുന്നു. പക്ഷെ നാലാമത്തെ ഫ്ളാറ്റിലെ നാൻസി മാഡം രാധിക മാഡത്തെ പോലെയോ രേവതി ടീച്ചറെ പോലെയോ ഒന്നുമല്ല..എന്തെങ്കിലും അത്യാവശ്യത്തിനല്ലാതെ മീനയോട് സംസാരിക്കാറുപോലുമില്ല..എന്തിനേറെ പറയുന്നു ചിലപ്പോൾ അവളുടെ മുഖത്ത് പോലും നോക്കാറില്ല. ലിവിങ് ഏരിയയിൽ നിന്നോ ബാൽക്കണിയിൽ നിന്നോ അവരുടെ നിർദ്ദേശങ്ങൾ മാത്രം മീനയെ തേടിയെത്തും.

മീന തിരിച്ചെത്തിയപ്പോഴേക്കും ഉച്ചയായിരുന്നു. വീടിന്റെ വാതിൽ തുറന്നു നേരേ അടുക്കളയിലേക്കാണ് നടന്നത്. മുരുകൻ പോവുന്നതിനു മുൻപേ, മീന ഭക്ഷണം ഉണ്ടാക്കിയ  പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെച്ചിട്ടുണ്ട്..വൈകുന്നേരം കുട്ടികൾ സ്കൂളിൽ നിന്നും വന്നു അവർക്ക് ചായ കൊടുത്തിട്ടാണ് മീന  ഇറങ്ങിയത്..മുരുകൻ ഇത്തിരി കൂടെ കഴിഞ്ഞേ എത്തുകയുള്ളൂ..

രാധിക മാഡത്തിന്റെ ഡ്രെസ്സുകളുമായി ഫ്ലാറ്റിലെത്തി ലിഫ്റ്റിൽ കയറിയപ്പോഴാണ് നരേദ്രൻ സാർ കയറി വന്നത്. അവളെ ഒന്ന് തുറിച്ചു നോക്കി അയാൾ ലിഫ്റ്റിലെ ബട്ടൺ പ്രെസ്സ് ചെയ്തു..മീന പേടിയോടെ ഒരു കോണിലേക്ക് ഒതുങ്ങി നിന്നു. അഞ്ചാം നിലയിൽ ലിഫ്റ്റ് നിർത്തിയതും മീന  പുറത്തേക്ക് ധൃതിയിൽ നടക്കാൻ ശ്രെമിച്ചു. സാരിയുടെ അറ്റം ചവിട്ടി അവൾ വീഴാൻ തുടങ്ങിയതും നരേന്ദ്രന്റെ കൈകൾ അവളെ താങ്ങി. മീനയെ നേരേ നിർത്തിയിട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോവുന്നതിനിടെ അയാൾ പറഞ്ഞു.

“നോക്കി നടന്നൂടെ പെണ്ണെ.. “

വാതിൽ തുറന്നത് അനിൽ സാറായിരുന്നു. മീന  അയാളെ കടന്നു അകത്തേക്ക് നടന്നപ്പോൾ അയാൾ ഒന്ന് പരുങ്ങിയത് പോലെ തോന്നി.

“മാഡത്തിന്റെ ഡ്രസ്സാണ്..ഡ്രൈ ക്ലീൻ ചെയ്യാൻ കൊടുത്തത്..മാഡം ഇല്ലേ..? “

“അവൾ..അവൾ ബാത്‌റൂമിൽ ആണ്..മീന  അത്‌ അവിടെ വെച്ചേക്ക്.. “

“അതാരാ അനിൽ..? “

അപ്പോഴാണ് അടുത്ത റൂമിൽ നിന്നും  മുടി കോതിക്കൊണ്ട് പുറത്തേക്ക് വന്ന സുന്ദരിയായ സ്ത്രീയെ മീന കണ്ടത്..

“സെർവന്റാണ് മെർലിൻ.. “

“ഓ…”

രാധിക മാഡത്തിന്റെ മുഖം മനസ്സിൽ ഓർത്തു കൊണ്ട്, കവറുകൾ സോഫയിൽ വെച്ച് തിരിയുമ്പോഴാണ് ബെഡ്‌റൂം വാതിൽ തുറന്നത്. വെളുത്ത തടിച്ചു കണ്ണട വെച്ച ഒരാളാണ് പുറത്തു വന്നത്..പിറകെ രാധികയും..

മീനയെ ഒന്ന് നോക്കിയിട്ട് അയാൾ അനിലിനോട് പറഞ്ഞു.

“അനിൽ ഞങ്ങൾ ഇറങ്ങുവാണ്..അപ്പോൾ മറ്റന്നാളത്തെ ദിനകറിന്റെ വീട്ടിലെ പാർട്ടി മറക്കണ്ട..”

“ഹേയ് ഇല്ല, ഐ വിൽ ബി ദേർ.. “

അനിൽ പറഞ്ഞു..

കണ്ണട വെച്ചയാൾ മെർലിന്റെ നേരേ നോക്കി പറഞ്ഞു.

“പോകാം, ഡാർലിംഗ്.. “

“ഓ യെസ് ഡിയർ.. “

മെർലിൻ അയാളുടെ കൈയിൽ പിടിച്ചു കൊണ്ടു പറഞ്ഞു.

“എനിക്ക് ഒരു ക്ലയന്റിനെ മീറ്റ് ചെയ്യാനുണ്ട്..ഞാൻ ഇത്തിരി ലേറ്റ് ആവും രാധിക..”

അനിലും അവരോടൊപ്പം നടന്നു..അവർ യാത്ര പറഞ്ഞു ഇറങ്ങിയതും മീന പറഞ്ഞു.

“മാഡം ഡ്രസ്സ്‌ ഇവിടെ വെച്ചിട്ടുണ്ട്..ഞാൻ ഇറങ്ങിക്കോട്ടെ.. “

“എനിക്ക് ഒരു ചായ വേണം മീന…നല്ല കടുപ്പത്തിൽ.. “

കിച്ചണിൽ, ചായ ഉണ്ടാക്കി കപ്പിലേക്ക് പകരുമ്പോഴും തൊട്ടു മുൻപിൽ അരങ്ങേറിയ നാടകത്തിന്റെ പകപ്പ് മാറിയിട്ടില്ലായിരുന്നു മീനയ്ക്ക്..ഡൈനിങ് ടേബിളിൽ തല ചായ്ച്ചു ഇരിക്കുന്ന രാധികയ്ക്ക് മുൻപിൽ ചായക്കപ്പ് വെച്ച് തിരിയുമ്പോൾ തല ഉയർത്താതെ തന്നെ രാധിക പറഞ്ഞു..

“മീന  ഇത്തിരി നേരം ഇവിടെ ഇരിക്കുമോ..മീനയ്ക്ക് മുൻപിൽ ഞാൻ കെട്ടിപ്പൊക്കിയ സങ്കല്പലോകം തകർന്നടിഞ്ഞ ദിവസമല്ലേ ഇന്ന്..”

മറുപടി ഒന്നും പറയാതെ മീന പതിയെ അടുത്തുള്ള കസേരയിൽ ഇരുന്നു..നേരേ ഇരുന്നു ചായക്കപ്പ് കൈയിലെടുത്ത് മീനയെ നോക്കാതെ രാധിക പറഞ്ഞു.

“ഒരു നാട്ടിൻപുറത്തെ വലിയൊരു തറവാട്ടിൽ ഒരു പെൺകുട്ടിയുണ്ടായിരുന്നു. ഒരുപാട് മോഹങ്ങളും സ്വപ്‌നങ്ങളും ഉണ്ടായിരുന്ന അവളുടെ വിവാഹം വീട്ടുകാർ അവരുടെ നിലയ്ക്കും വിലയ്ക്കുമനുസരിച്ചു ഒരു ധനാഢ്യനായ ബിസിനസ്സുകാരനുമായി നടത്തി. അവൾക്കും സന്തോഷം തന്നെയായിരുന്നു. നഗരത്തിലെ ജീവിതരീതികളെ പറ്റി കൂട്ടുകാർ പറയുന്നതൊക്കെ കേട്ടു അവളും അതിൽ ആകൃഷ്ടയായിരുന്നു. പക്ഷെ മധുവിധുവിന്റെ മധുരം മാറുന്നതിനു മുൻപേ തന്നെ തനിക്ക് സങ്കൽപ്പിക്കാൻ പോലും ആകാത്ത ചില രീതികളും അവളറിഞ്ഞു. ഭർത്താവിന്റെ ഐശ്വര്യവും സമ്പത്തും വർധിപ്പിക്കാൻ പതിവ്രതയായ ഭാര്യ ചെയ്യേണ്ടുന്നത് ഭർത്താവിനെ കൂടാതെ അയാളുടെ ക്ലൈന്റ്‌സുമായും കിടപ്പറ പങ്കിടണം എന്നതായിരുന്നു..പിന്നെയത് അയാൾക്ക് ഭാവിയിൽ ഉപകാരപ്പെടുന്നവർ മുതൽ സുഹൃത്തുക്കൾ വരെയായി..പതിയെ പതിയെ സുഹൃത്തുക്കളുടേതടക്കം നിരവധി സ്ത്രീകളുടെ ഉറക്കറ പങ്കിടുന്ന ഭർത്താവും അവൾക്കൊരു പതിവ് കാഴ്ചയായി..അവളെ അങ്ങിനെയൊക്കെ ആക്കി തീർക്കാൻ അയാൾക്ക് ഒരുപാട് ബലമൊന്നും പ്രയോഗിക്കേണ്ടി വന്നില്ലെന്നതാണ് സത്യം. ഇതൊക്കെ ഇവിടെ പതിവുള്ളതാണ്, ഒഴുക്കിനൊത്ത് നീന്താൻ പഠിക്കണം, തുടങ്ങിയ ഉപദേശങ്ങൾ ഉദാഹരണങ്ങളായി മുൻപിലെത്തിയപ്പോൾ അവളും ‘പ്രാക്ടിക്കലായി’ ചിന്തിച്ചു തുടങ്ങി..പിന്നീട് എപ്പോഴോ അതൊക്കെ ആസ്വദിക്കാനും തുടങ്ങി.. “

മീനയെ ഒന്ന് നോക്കി, കപ്പിലെ ചായ ഒരിറക്ക് കുടിച്ചിട്ട് രാധിക തുടർന്നു.

“നേരത്തെ ഒരു പാർട്ടിയെ പറ്റി കേട്ടില്ലേ..വീക്കെൻഡ് പാർട്ടിയാണ്..അതിൽ ഒരു വിശേഷപ്പെട്ട ചടങ്ങുണ്ട്..ഡിന്നറൊക്കെ കഴിഞ്ഞു എല്ലാവരും കൈവശമുള്ള വണ്ടിയുടെ കീ കൂട്ടിയിടും. കീ എടുത്ത ആളുടെ കൂടെയാണ്  ആ കീയുടെ ഉടമസ്ഥന്റെ ഭാര്യ അന്ന് അന്തിയുറങ്ങുക..കീ എക്സ്ചേഞ്ച് അഥവാ വൈഫ് സ്വാപ്പിങ്… “

വിശ്വസിക്കാനാവാതെ തന്നെ നോക്കുന്ന മീനയെ കണ്ടു ചിരിയോടെ രാധിക  തുടർന്നു..

“ഇതൊക്കെയാണ് അപ്പർ ക്ലാസ്സിൽ ജീവിക്കുന്ന പലരുടെയും ജീവിതം..എനിക്ക് അസൂയ തോന്നിയിട്ടുള്ളത് മീനയോടും രേവതി ടീച്ചറോടുമാണ്..നാട്യങ്ങളില്ലാത്ത സ്നേഹവുമായി നിങ്ങളെ ചേർത്തു പിടിക്കുന്ന പുരുഷന്മാരോട് ആരാധനയും..ബഹുമാനം തോന്നിയിട്ടുള്ളത് നാദിയ മാഡത്തോടും നരേന്ദ്രൻ സാറിനോടുമാണ്.. “

“ഒരു ചിരിയോടെ അല്ലാതെ നാദിയ മാഡത്തിനെ നീ ഇത് വരെ കണ്ടിട്ടുണ്ടാവില്ല അല്ലേ മീന..പതിനാലാം വയസിൽ തന്റെ അച്ഛനാവാൻ പ്രായമുള്ള ഒരാളുമായി വിവാഹം..വർഷങ്ങൾ നീണ്ട ക്രൂ രപീ ഡനങ്ങൾക്കൊടുവിൽ തന്റെ മൂന്ന് വയസ്സുകാരി മകളോടൊന്നിച്ച് ഒരു രാത്രിയിൽ ആ ജീവിതത്തിൽ നിന്നും രക്ഷപ്പെടുമ്പോൾ വയറ്റിൽ കുരുത്ത ഒരു കുഞ്ഞു ജീവൻ ചോരച്ചാലുകളായി അവരുടെ കാലിലൂടെ ഒഴുകി പോവുന്നുണ്ടായിരുന്നു..ആ ഇരുപത്തിയൊന്നാം വയസ്സിൽ അവർ വിധിക്കെതിരെ പൊരുതി തുടങ്ങി. മകളെ പഠിപ്പിച്ചു സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തയാക്കി കാര്യമായ വിദ്യാഭ്യാസം ഒന്നും കിട്ടിയിട്ടില്ലാത്ത ആ അമ്മ..”

രാധിക കൈയിലെ ചായക്കപ്പ് മേശമേൽ വെച്ചു, മീന പതിയെ ചോദിച്ചു.

“നരേന്ദ്രൻ സാർ..? “

“സാറും ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന സന്തോഷം നിറഞ്ഞ ജീവിതത്തിലേക്കായിരുന്നു മകന്റെ കൂട്ടുകാരന്റെ രൂപത്തിൽ വിധിയെത്തിയത്. മകന്റെ പ്രായമുള്ള കാമുകനുമൊത്ത് ഒളിച്ചോടിയ അവരുടെ ജീവിതം അവസാനിച്ചത് ഒരു ക്യാൻസർ വാർഡിലായിരുന്നു. അവസാനകാലത്ത് തുണയായത് താൻ ഉപേക്ഷിച്ചു പോയ ഭർത്താവും…മ ദ്യപാനിയെങ്കിലും വിശ്വസിച്ചു കൂടെ പോവാം അയാളുടെ കൂടെ ഏത് പെണ്ണിനും.. “

മീനയ്ക്ക് നെഞ്ചു വിലങ്ങി തുടങ്ങിയിരുന്നു..കിതപ്പോടെ അവൾ എണീറ്റു..പതിയെ പറഞ്ഞു..

“മതി മാഡം..ഇനി..ഇനി എനിക്കൊന്നും കേൾക്കണ്ട.. “

അന്ന് ആ കോമ്പൗണ്ടിനുള്ളിൽ നിന്നും പുറത്ത് കടക്കുമ്പോൾ ചുറ്റിനുമുള്ള വർണ്ണാഭമായ കാഴ്ച്ചകളൊന്നും അവളുടെ കണ്ണിൽ പെട്ടില്ല..വാതിലിനു പുറത്ത് അവളെയും പ്രതീക്ഷിച്ചിരിക്കുന്ന മുരുകനെയും കുട്ടികളെയും നോക്കാതെ മീന അകത്തേക്ക് കയറി പോയി. പതിവ് കഞ്ഞിയും പയറും ഒഴിവാക്കി അയാൾക്കും കുട്ടികൾക്കും ഇഷ്ടപ്പെട്ട ഭക്ഷണം ഉണ്ടാക്കുമ്പോൾ പല തവണ മീനയുടെ കണ്ണുകൾ മുരുകനെ തേടിയെത്തി. ചപ്പാത്തി പ്ലേറ്റിലേക്ക് എടുത്തു വെയ്ക്കുമ്പോഴാണ് തൊട്ട് പിറകിലൊരനക്കം കേട്ടത്…മീനേ എന്ന വിളിയും..അടക്കി പിടിച്ച തേങ്ങലോടെ മീന അയാളുടെ നെഞ്ചിലേക്ക് വീണു..പൊറുക്കണം എന്ന നേർത്ത ശബ്ദത്തിന് അയാളിൽ നിന്നും മറുപടി ഒന്നുമുണ്ടായില്ല..

ചോദ്യങ്ങളോ ഉത്തരങ്ങളോ ഒന്നുമില്ലാതെ, അവളുടെ പാറി പറന്ന ചെമ്പൻ മുടിയിഴകൾ ഒതുക്കി വെച്ചു കൊണ്ടു മുരുകൻ അവളുടെ നെറുകയിൽ മുഖം ചേർത്തു…അവൾക്കും അത് മതിയായിരുന്നു..

സൂര്യകാന്തി ? (13.05.2020)

വൈഫ്‌ സ്വാപ്പിങ് എന്ന ആചാരത്തെ പറ്റി കേട്ടിട്ടുണ്ടായിരുന്നെങ്കിലും, പണ്ടൊരു കാലത്ത്  വാ തോരാതെ സംസാരിച്ചിരുന്ന, മോഹങ്ങളും സ്വപ്നങ്ങളുമൊക്കെ പങ്കു വെച്ചിരുന്ന ഒരു പെൺകുട്ടി അടുത്തയിടെ വളരെ ലാഘവത്തോടെ പറഞ്ഞ ചില കാര്യങ്ങൾ ദഹിക്കാതെ മനസ്സിൽ കിടന്നു…അപ്പോൾ അവളെനിക്കൊരു അപരിചിതയായിരുന്നു…മനുഷ്യനോളം ക്രൂ രത കാണിക്കാൻ സാധിക്കുന്ന മറ്റൊരു ജീവി വേറെ ഉണ്ടാവില്ല അല്ലേ….?