ഇത്രയും പറഞ്ഞ് കരഞ്ഞുകൊണ്ട് അമ്മു ഓടി മറഞ്ഞപ്പോൾ സത്യത്തിൽ ചിരിയും സങ്കടവും ഒരുമിച്ച് വന്നു…

വിധേയൻ

Story written by Raju Pk

=============

“എന്തു പറ്റി ഏട്ടാ പതിവില്ലാതെ മുഖമെല്ലാം വല്ലാതിരിക്കുന്നത് സ്കൂളിൽ പിള്ളേര് വല്ല കുസൃതിയും ഒപ്പിച്ചോ..”

“ഒന്നുമില്ലെടി വരുന്ന വഴിക്ക് ഞാൻ അമ്മുവിനെ കണ്ടു. സംസാരത്തിനിടയിൽ ഒന്ന് പിണങ്ങേണ്ടി വന്നു.”

“പിന്നെ ഇതാദ്യമായിട്ടൊന്നുമല്ലല്ലോ നിങ്ങൾ തമ്മിൽ പിണങ്ങുന്നതും ഇണങ്ങുന്നതും.”

“ഇതങ്ങനെയല്ലെൻ്റെ പെണ്ണേ..ഇനി അവളുമായുള്ള ബന്ധം ഒരിക്കലും പഴയതുപോലെ ആവില്ല. അല്പം മുൻപ് വരെ അവൾക്ക് എൻ്റെ മനസ്സിൽ വലിയ ഒരു  സ്ഥാനം ഉണ്ടായിരുന്നു ഇനിയതുണ്ടാവില്ല. നിന്നോട് ഞാൻ പറഞ്ഞിട്ടില്ലല്ലോ ച തിയും വ ഞ്ചനയും ഒന്നുമറിയാത്ത ഞങ്ങളുടെ ആ കുട്ടിക്കാലം.”

“അമ്മൂ…ഓടല്ലേ നീ വീഴും…”

പറഞ്ഞ് നാവെടുത്തില്ല നിറഞ്ഞ് ഒഴുകുന്ന തോട്ടിലേക്ക് പാടവരമ്പിൽ നിന്നും അമ്മു കാൽ തെറ്റി വീണതും ഒരുമിച്ചായിരുന്നു. കൈയ്യിലെ ബുക്കും പുസ്തകവും വരമ്പിലേക്ക് വലിച്ചെറിഞ്ഞ് തോട്ടിലേക്ക് എടുത്തു ചാടി മുങ്ങിത്താഴ്ന്നു കൊണ്ടിരുന്ന അമ്മുവിനേയും ചേർത്ത് പിടിച്ച് കരയിലേക്ക് കയറി മുഖം കണ്ടാലറിയാം വെള്ളം നന്നായി കുടിച്ചിട്ടുണ്ടെന്ന്.

കരയണ്ട ഒന്നും പറ്റിയില്ലല്ലോ എന്നു പറഞ്ഞ് നെഞ്ചോട് ചേർത്ത് നെറ്റിയിൽ ഒരുമ്മ നൽകിയതും കരച്ചിൽ ഉച്ചത്തിലായി.

“ഞാൻ പറഞ്ഞതല്ലേ നിന്നോട് ഓടരുതെന്ന്.”

“എൻ്റെ നെഞ്ചിൽ നിന്നും വഴുതി മാറി ദേഷ്യത്തോടെ അവൾ പറഞ്ഞു ചേട്ടൻ്റെ കരിനാക്കാണ് അതുകൊണ്ടാണ് ഞാൻ വീണത്.”

“പിന്നെ എന്നെ ഉമ്മ വച്ച കാര്യം ഞാൻ എൻ്റെ അമ്മയോട് പറയും നോക്കിക്കോ. ചേട്ടൻ ചീത്തയാ…”

ഇത്രയും പറഞ്ഞ് കരഞ്ഞുകൊണ്ട് അമ്മു ഓടി മറഞ്ഞപ്പോൾ സത്യത്തിൽ ചിരിയും സങ്കടവും ഒരുമിച്ച് വന്നു.

മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എൻ്റെ കൂടെ അമ്മുവിനേയും അവളുടെ അമ്മ ശ്രീയേച്ചി  പറഞ്ഞയക്കുന്നത് അന്ന് പറഞ്ഞതാണ് ഭയങ്കര കുറുമ്പിയാണ് പെണ്ണെന്ന് കാലങ്ങൾ ഓടി മറഞ്ഞിട്ടും ആ കുറുമ്പിന് മാത്രം ഇന്നും കുറവൊന്നുമില്ല.

വൈകിട്ട് അമ്മുവിൻ്റെ അമ്മ എന്നെയും തിരക്കി വീട്ടിൽ വന്നപ്പോൾ പതിയെ പുറകുവശത്തേക്ക് മറി നിന്നു എന്തോ ഒരു ഭീതി മനസ്സിനകത്ത് അമ്മയോട് ശ്രീയേച്ചി അമ്മു തോട്ടിൽ വീണതും ഞാനാണ് രക്ഷപെടുത്തിയതും എന്നെല്ലാം കരഞ്ഞുകൊണ്ട് പറയുന്നുണ്ട് എന്തായാലും മറ്റൊന്നും പറഞ്ഞിട്ടില്ലെന്നുള്ള ഉറപ്പിൽ അകത്തേക്ക് കയറി ഉണ്ണിയിവിടെ ഉണ്ടായിരുന്നോ എന്ന ചോദ്യത്തോടെ ശ്രീയേച്ചി എന്നെ സ്നേഹത്തോടെ ചേർത്ത് നിർത്തി.

പിറ്റേന്ന് രാവിലെ സ്കൂളിലേക്ക് പോവാൻ പതിവുപോലെ അമ്മു എന്നെയും കാത്ത് നിൽക്കുന്നത് കണ്ടപ്പോൾ പെട്ടന്ന് ചിരിയാണ് വന്നത്. എന്തോ വല്ലാത്തൊരിഷ്ടമാണ് പെണ്ണിനോട്. ഒരു കൂടപ്പിറപ്പില്ലാത്ത എനിക്ക് ഈശ്വരൻ തന്നതാവും ഇവളെ ഒരനുജത്തിയായി. ഈ ഒരു മാസത്തോടെ സ്കൂളിലേക്ക് ഒരുമിച്ചുള്ള യാത്രകൾ അവസാനിക്കുകയാണല്ലോ എന്നോർക്കുമ്പോൾ…

പാടവരമ്പിലൂടെ എൻ്റെ പിന്നിലായി നടക്കുമ്പോൾ ചിരിയോടെ കളിയാക്കി ചോദിച്ചു

“ഇന്നെന്താ മുന്നിൽ കയറി ഓടുന്നില്ലേ.”

എൻ്റെ നേരെ കണ്ണുരുട്ടിക്കൊണ്ട് അവൾ പറഞ്ഞു.

“ദേ മിണ്ടരുത് എന്നോട്.”

“ഓ പിന്നെ ഞാൻ കൂടെ ഉണ്ടായിരുന്നതുകൊണ്ട് രക്ഷപെട്ടു. അല്ലെങ്കിൽ കാണാമായിരുന്നു.”

നിറഞ്ഞ് തൂവുന്ന കണ്ണുകൾ അമർത്തിത്തുടച്ച് അവൾ പറഞ്ഞു.

“എൻ്റെ ഏട്ടൻ കൂടെ ഉള്ളപ്പോൾ എനിക്കൊന്നും വരില്ല അതെനിക്കറിയാം.”

+2 കഴിഞ്ഞ ഞാൻ അദ്ധ്യാപകനാവണം എന്ന മോഹവുമായി കോളേജിലേക്കു മാറിയെങ്കിലും വൈകുന്നേരങ്ങളിൽ പരസ്പരമുള്ള കണ്ടുമുട്ടലുകളും  പിണക്കങ്ങളും ഇണക്കങ്ങളും തുടർന്ന് കൊണ്ടിരുന്നു.

കാലങ്ങൾ ഓടി മറഞ്ഞപ്പോൾ ഒരുമിച്ച് കളിച്ച് വളർന്നവൾ ഇന്ന് നഗരത്തിലെ പേരെടുത്ത ക്രിമിനൽ ലോയറായി. ഇന്ന് സ്കൂൾ വിട്ട്  വരുന്ന വഴിയിൽ അമ്മുവുമുണ്ടായിരുന്നു എന്നെയും കാത്ത്…ഗുരുസ്ഥാനീയയായി അവൾ കരുതുന്ന ആദ്യമായി അവൾ പ്രാക്റ്റീസ് ചെയ്ത വിമല മേഡത്തിൻ്റെ മകൾ ഡോക്ടറായതിൻ്റെ സന്തോഷം പങ്കുവയ്ക്കാൻ അവർ വിളിച്ചു ചേർത്ത പാർട്ടിയിൽ പങ്കെടുക്കാനായി ഇറങ്ങുമ്പോഴാണ് അവളുടെ വാഹനം പണിമുടക്കുന്നതും എന്നെ വിളിക്കുന്നതും. ഇളം വയലറ്റ് സാരിയിൽ അവൾ പതിവിലും സുന്ദരിയായിരുന്നു. വളരെ സന്തോഷത്തോടെ അതിലേറെ ബഹുമാനത്തോടെ അവൾ വിമലയെപ്പറ്റിപ്പറയുന്നതു കേട്ടപ്പോൾ ഞാനറിയാതെ പറഞ്ഞു പോയി

“നീ കരുതും പോലെ അവരത്ര നല്ല പുള്ളിയൊന്നുമല്ല. നിന്നെ വിഷമിപ്പിക്കണ്ടെന്നു കരുതിയാണ് ഞാൻ നിന്നോട് അവരെപ്പറ്റി പലവട്ടം പറയണമെന്ന് കരുതിയിട്ടും വേണ്ടത് വച്ചത്.”

“എന്ത് കാര്യമാ ചേട്ടൻ എന്നോട് മറച്ച് വച്ചത് കേൾക്കട്ടെ.”

“അത് പിന്നെ ഒരാറുമാസമായിക്കാണും ഒരു പെറ്റിക്കേസിൻ്റെ കാര്യവുമായി ബന്ധപ്പെട്ട് ഞാൻ നിൻ്റെ മാഡത്തിനെ കാണാൻ അവരുടെ ഓഫീസിൽ പോയിരുന്നു അപ്പോൾ അവരും ഭർത്താവും മാത്രമേ ഉണ്ടായിരുന്നുള്ളു. ഓരോന്ന് സംസാരിച്ച കൂട്ടത്തിൽ ഞാൻ നിന്നെപ്പറ്റി അവരോട് പറഞ്ഞു.”

ഹൈക്കോടതിയിൽ പബ്ലിക്ക് പ്രൊസിക്കുട്ടർ ആയ നാൻസിയും ഞാനും ഏറ്റവും അടുത്ത കൂട്ടുകാരാണെന്നും ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവർ ആണെന്നും.

“എൻ്റെ കൂടെ ഇവിടെ കുറെക്കാലം ഉണ്ടായിരുന്നല്ലോ ആ തലതെറിച്ച പെണ്ണ് എന്നോട് അവളെപ്പറ്റി പറഞ്ഞത് പറഞ്ഞോ വേറെ ആരോടും ഇനി പറയണ്ട നിങ്ങൾ സമൂഹത്തിൽ ഒരു വിലയും നിലയുമുള്ള അദ്ധ്യാപകനല്ലേ അടുത്ത കൂട്ടുകാരിയായിട്ടും നിങ്ങൾക്ക് അവളെപ്പറ്റി ഒന്നും അറിയില്ലല്ലോ..?അവളൊരു പി ഴയാണ് പണത്തിനു വേണ്ടി ആരോടൊപ്പവും പോവുന്നവൾ. എന്നോട് പറഞ്ഞത് സാരമില്ല വേറെ ആരോടും ഇനി പറയാൻ നിൽക്കണ്ട ഞാൻ ഇങ്ങോട്ട് അധികം അടിപ്പിക്കാറില്ല.”

പുറത്തേക്ക് പോകുന്ന ഭർത്താവിനെ നോക്കി അവർ പറഞ്ഞു.

“ആണുങ്ങടെ മനസ്സല്ലേ എപ്പോഴാ മാറുന്നതെന്ന് ആർക്കറിയാം..”

എൻ്റെ അമ്മുവിനെ എനിക്കറിയാമല്ലോ, ഇവർക്ക് വേറെ എന്തോ പ്രശ്നമാണെന്ന് മനസ്സിൽ ഉറപ്പിച്ച് അവർ ചോദിച്ച പണവും കൊടുത്ത് പുറത്തിറങ്ങി പിന്നീട് നിന്നെക്കണ്ടപ്പോഴൊക്കെ ഒന്ന് സൂചിപ്പിക്കണമെന്ന് പലവട്ടം കരുതി പിന്നെ ഓർത്തു നിനക്കത് ഒരു വലിയ വേദനയായി മാറിയാലോ എന്ന്.

“ഉണ്ണിയേട്ടൻ്റെ കഥ കൊള്ളാമല്ലോ. എൻ്റെ ഏട്ടാ അവരെനിക്കെൻ്റെ സ്വന്തം അമ്മയേപ്പോലാണ് ഗുരുതുല്യയും എൻ്റെ വളർച്ചയിൽ ഏറ്റവും സന്തോഷിക്കുന്നതും അവരാണ് ഒരിക്കലും എന്നെപ്പറ്റി അവർ ഇതു പോലൊന്നും പറയില്ല. നിങ്ങളാള് കൊള്ളാമല്ലോ സഹോദരൻ ചമഞ്ഞ് നടന്നിട്ട് ഇതായിരുന്നു മനസ്സിൽ. ഒരാളെയും വിശ്വസിക്കാൻ പറ്റാത്ത കാലമാണെന്നറിയാം എങ്കിലും നിങ്ങളെ ഞാൻ ഒരു സഹോദരനായി കണ്ടിട്ട്. താൻ വണ്ടി ഒന്ന് നിർത്തിയേ ഞാൻ ഇവിടന്ന് ഒരോട്ടോ പിടിച്ച് പൊയ്ക്കോളാം.”

അവളുടെ മുഖഭാവത്തിൽ നിന്നുമറിയാമായിരുന്നു. ഞാനെന്ത് പറഞ്ഞാലും അവൾ എന്നെ മനസ്സിലാക്കാൻ പോലും ശ്രമിക്കില്ലെന്ന് പുറത്തിറങ്ങിയ അവൾ കാറിൻ്റെ ഡോർ വലിച്ചടച്ച് നടന്നകന്നു.

“എൻ്റെട്ടൻ അതോർത്ത് വിഷമിക്കല്ലേ നമ്മൾ കരുതുന്നതു പോലെയാവില്ല നമ്മളെ പലരും കരുതുന്നത്.”

സ്കൂൾ ബസ്സിൽ നിന്നും അമ്മുവും പൊന്നുവും ഇറങ്ങുന്നത് കണ്ടതും പതിയെ അങ്ങോട്ടു നടന്നു. അവളോടുള്ള ഇഷ്ടം കൊണ്ടാണ്  മകളെ വീട്ടിൽ അമ്മുവെന്ന് വിളിക്കാൻ തുടങ്ങിയത്.

ഇഷ്ടം എത്ര വലുതാണെങ്കിലും ചിലർക്കത് ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കാവുന്നതേയുള്ളൂ…

ഒരു ഞായറാഴ്ച്ച ദിവസം രാവിലെ കുട്ടികളോടും പ്രിയപ്പെട്ടവളോടുമൊപ്പം ഉമ്മറത്തിരിക്കുമ്പോൾ. അമ്മുവിൻ്റെ ലാൻ്റ് ക്രൂയ്സ്നർ മുറ്റത്ത് വന്ന് നിന്നു കാറ്റിൽ പാറിപ്പറക്കുന്ന മുടിയിഴകൾ ഒതുക്കി വച്ച് കുട്ടികൾക്കുള്ള മിഠായിപ്പൊതികളുമായി പുറത്തിറങ്ങിയ അവളുടെ കണ്ണുകൾ ഒന്ന് പെയ്ത് തോരാനായി വിതുമ്പി നിന്നിരുന്നു.

എൻ്റെ തോളിലേക്ക് പതിയെ ഒന്ന് ചാരി നിന്നുകൊണ്ടവൾ പറഞ്ഞു.

“എന്നോട് ക്ഷമിക്കണം ഉണ്ണിയേട്ടനെ അവിശ്വസിച്ചതിന് ഞാൻ കാലങ്ങൾക്ക് ശേഷമാണ് അറിയുന്നത് വിമല മാഡം മറ്റു പലരോടും എന്നെപ്പറ്റി ഏട്ടനോട് പറഞ്ഞതിലും മോശമായി പറഞ്ഞിട്ടുണ്ടെന്ന്. എൻ്റെ പെട്ടന്നുള്ള വളർച്ചയിൽ അസൂയ കൊണ്ട് അവർ..അവരെ തിരിച്ചറിയാൻ എനിക്ക് കഴിഞ്ഞുമില്ല.”

എൻ്റെ തോളിൽ മുറുകെ പിടിച്ചിരുന്ന അമ്മുവിൻ്റെ കൈവിരലുകൾ പതിയെ അടർത്തിമാറ്റി..

“അമ്മു ബന്ധങ്ങൾ ദൃഡതയോടെ കാത്ത് സൂക്ഷിക്കണമെങ്കിൽ പരസ്പര വിശ്വാസം പ്രധാന ഘടകമാണ് അന്ന് ഞാൻ അവരെപ്പറ്റിപ്പറഞ്ഞപ്പോൾ സത്യമാരുടെ വശത്താണെന്ന് തിരിച്ചറിയാനുള്ള ക്ഷമ പോലും നീ കാണിച്ചില്ലല്ലോ. ഞാൻ പറഞ്ഞത് ശരിയാണോ എന്ന് പോലും തിരക്കാതെ ഒരു നിമിഷം കൊണ്ട് ഞാൻ നിൻ്റെ മനസ്സിൽ അന്ന് അന്യനായതല്ലേ….ഇനി ഒരിക്കലും എനിക്ക് നിന്നെ പഴയതുപോലെ കാണാൻ കഴിയില്ല.”

“പറയുന്നത് പ്രിയപ്പെട്ടവരോടാണെന്ന ബോധത്തോടെ പറയാൻ പാടില്ലാത്തത്തും അതിലപ്പുറവും പറഞ്ഞിട്ട്  കാലങ്ങൾ കഴിഞ്ഞ് മാപ്പപേക്ഷിച്ച് വന്നവളെ ഉടനെ മാപ്പു നൽകി ഒരു വിധേയൻ്റെ വിഡ്ഢിവേഷം കെട്ടി സ്വീകരിക്കാൻ എല്ലാവർക്കും കഴിഞ്ഞെന്ന് വരില്ല. വാക്കുകൾ കൊണ്ട് മനസ്സിനേൽക്കുന്ന ചില മുറിവുകൾ ചിലപ്പോൾ ഒരിയ്ക്കലും മായ്ക്കാൻ കഴിഞ്ഞെന്ന് വരില്ല.”

“കാലത്തിന് മായ്ക്കാൻ കഴിയാത്ത മുറിവുകളില്ലല്ലോ ഉണ്ണിയേട്ടാ ഞാൻ കാത്തിരിക്കാം പൊട്ടിക്കരഞ്ഞുകൊണ്ട് അമ്മുപടിയിറങ്ങുമ്പോൾ പ്രിയപ്പെട്ടവൾ പറഞ്ഞു.”

“ഏട്ടൻ അത്രയും പറയണ്ടായിരുന്നു പാവം വല്ലാതെ സങ്കടപ്പെട്ടിട്ടുണ്ട്.”

അത് പെണ്ണേ വിശ്വാസം അതൊരിക്കൽ നഷ്ടപ്പെട്ടാൽ പിന്നെ ഒരിക്കലും പഴയ ദൃഢതയുണ്ടാവില്ല ബന്ധങ്ങൾക്ക്…!

~രാജു പി കെ കോടനാട്