പാവം എന്നോടുളള ഇഷ്ടക്കുടുതൽ കാരണം വേണ്ടപെട്ടവരെയെല്ലാം വെറുപ്പിക്കേണ്ടി വന്നു  അവൾക്ക്…

ഞങ്ങളുടെ കല്ല്യാണക്കുറി…

Story written by Praveen Chandran

=============

ഇന്ന് അവളുടെ കൂട്ടുകാരിയുടെ കല്ല്യാണത്തിന് പോയി വന്നത് മുതൽ അവൾ മൂഡ് ഔട്ടായിരുന്നു..

എന്താ കാര്യമെന്ന് ഞാൻ പലതവണ തിരക്കിയെങ്കിലും അവളുത്തരം പറഞ്ഞില്ല…പക്ഷെ അവൾ പറഞ്ഞ ഒരു കാര്യത്തിൽ നിന്ന് അവളുടെ വിഷമത്തിന്റെ കാരണം എനിക്കു പിടികിട്ടി…

വിവാഹം എന്നത് ഏതൊരു പെണ്ണിന്റേയും സ്വപ്നമാണ്…അണിഞ്ഞൊരുങ്ങി കല്ല്യാണ പന്തലിൽ വരുക, നലാൾ കാൺകെ ഇഷ്ടപുരുഷ നോടൊപ്പം നിൽക്കുക, എന്നൊക്കെ ഏതു പെണ്ണിനേയും സംബന്ധിച്ചിടത്തോളം വലിയ കാര്യം തന്നെയാണ്…

ഇവിടെ എന്റെ പ്രിയതമയ്ക്ക് ആ ഭാഗ്യം കിട്ടിയില്ല…ഞാൻ കൊടുത്തില്ല എന്നു വേണം പറയാൻ…ഇരു വീട്ടുകാരുടേയും ശക്തമായ എതിർപ്പിനെ മറികടന്ന് അവളെ വീട്ടിൽ നിന്നിറക്കി കൊണ്ട് വരികയായിരുന്നു ഞാൻ..

പാവം എന്നോടുളള ഇഷ്ടക്കുടുതൽ കാരണം വേണ്ടപെട്ടവരെയെല്ലാം വെറുപ്പിക്കേണ്ടി വന്നു  അവൾക്ക്…പക്ഷെ ഇന്നേവരെ അവളെ ഒരു വാക്കുകൊണ്ട് പോലും ഞാൻ നോവിച്ചിട്ടില്ല.

ആദ്യമൊക്കെ കുറച്ച് കഷ്ടപെട്ടെങ്കിലും ഇപ്പോൾ നല്ല നിലയിലാണ് ഞങ്ങൾ ജീവിക്കുന്നത്…

എന്തായാലും ഞാനവൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ തന്നെ തീരുമാനിച്ചു…

കുറച്ച് ദിവസത്തിനു ശേഷം ഒരു കല്ല്യാണക്കുറി ഞാനവളുടെ നേരെ നീട്ടിയിട്ടു പറഞ്ഞു…

“അടുത്ത ആഴ്ച്ച നമ്മുടെ കല്ല്യാണമാണ്..വരണം”

ആശ്ചര്യത്തോടെ അവൾ എന്റെ കയ്യിൽ നിന്നും കല്ല്യാണ കുറി വാങ്ങി വായിച്ചു…

അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയെങ്കിലും ഒരു സംശയം അവളുന്നയിച്ചു..

“അല്ലാ..കല്ല്യാണകുറി ഒക്കെ നന്നായിട്ടുണ്ട്..പക്ഷെ ഏട്ടാ നമ്മുടെ കല്ല്യാണത്തിന് ആരെങ്കിലും വരുമോ? വീട്ടുകാരും ബന്ധുക്കളുമൊക്കെ നമുക്ക് എതിരല്ലേ? ആൾക്കാരില്ലാതെ എന്ത് കല്ല്യാണം?”

“അത് നീ നോക്കണ്ട…ആൾക്കാരുണ്ടാവും..നിന്നെ ഒരുക്കാനും ആനയിക്കാനും പറഞ്ഞയക്കാനും എല്ലാം”

അവൾ ഒന്നും മനസ്സിലാവാത്തപോലെ എന്നെ നോക്കി..

“അങ്ങനെ വാടകയ്ക്ക് ആളെ വിളിച്ചിട്ടെന്തിനാ ഏട്ടാ…ആ സ്നേഹവും സന്തോഷങ്ങളുമൊക്കെ വീട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നുമല്ലേ കിട്ടൂ..വേണ്ട ഏട്ടാ വിട്ടേക്ക്”

ഞാനവളുടെ തോളിൽ കൈവച്ചു കൊണ്ട് പറഞ്ഞു..

“ഈ ബന്ധുക്കളും വീട്ടുകാരും ഇത് വരെ നമ്മെ തിരിഞ്ഞു നോക്കിയോ..ഇല്ലല്ലോ? എന്റെ മോള് മനസ്സ് കൊണ്ട് തയ്യാറെടുത്തോ..നല്ലൊരു ദിവസത്തേക്കായ്”

മനസ്സില്ലാമനസ്സോടെ ആണെങ്കിലും അവൾ സമ്മതം മൂളി…

അങ്ങനെ ആ ദിവസം വന്നടുത്തു…

രാവിലെ അവൾ കണ്ണു തുറന്നതും വീടു നിറയെ ആളുകൾ…വയസ്സായ അമ്മൂമ്മമാർ മുതൽ ചെറിയ കുട്ടികൾ വരെ അവിടെയുണ്ട്..

“എന്താ മോളേ ഇത്..എഴുന്നേറ്റ് കുളിക്ക് വേഗം..അവളുടെ അമ്മയുടെ അത്രയും പ്രായമുളള ഒരു സ്ത്രീ അവളോട് ചോദിച്ചു…

“നിങ്ങൾ?” ആകാംക്ഷയോടെ അവൾ ചോദിച്ചു..

“മോളുടെ അമ്മയുടെ സ്ഥാനത്ത് കണ്ടാമതി”..

അവൾക്ക് ഒന്നും മനസ്സിലായില്ലെങ്കിലും കുളിച്ചൊരുങ്ങി അവൾ അവരുടെ മുന്നിലേക്കെത്തി…ബ്യൂട്ടീഷൻ റെഡിയായിരുന്നു…

ഒരുക്കങ്ങൾക്ക് ശേഷം അവർ അവളെ കല്ല്യാണ പന്തലിലേക്ക് ആനയിച്ചു..

അവൾ ചുറ്റും കണ്ണോടിച്ചുകൊണ്ടിരുന്നു. ഒരുപാട് ആളുകളുണ്ടായിരുന്നു അവിടെ..കുട്ടികളും മുതിർന്നവരുമായി..

കല്ല്യാണമണ്ഡപത്തിൽ എന്നെ കണ്ടപ്പോഴാണ് അവൾക്ക് സമാധാനമായത്..

അവൾ എന്റടുത്തേക്ക് ഓടിവന്നു..

“എന്താ ഏട്ടാ ഇതൊക്കെ..എവിടെ പോയിരുന്നു?എനിക്കൊന്നും മനസ്സിലാവുന്നില്ലല്ലോ? ആരാ ഇവരൊക്കെ? “

ഞാനവളുടെ മുഖത്ത് നോക്കി ചിരിച്ചു..

“എല്ലാം പറയാം…അത് വരെ നീ ഇതൊക്കെ ഒന്ന് ആസ്വദിക്ക്..ചിലപ്പോ ഞാൻ പറയേണ്ട ആവശ്യം തന്നെ വരില്ല! നിനക്കെല്ലാം മനസ്സിലാവാൻ”

അങ്ങനെ ഞങ്ങളുടെ കല്ല്യാണം ആർഭാടമായി തന്നെ കഴിഞ്ഞു…

അന്ന് വൈകീട്ട് എല്ലാവരോടും യാത്ര പറഞ്ഞിറങ്ങിയപ്പോൾ..എന്റെ കണ്ണുകളോടൊപ്പം അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു..

തിരിച്ചുവരുന്ന വഴി എന്റെ തോളിൽ ചാരിക്കിടന്ന് അവൾ പറഞ്ഞു..

“യു ആർ ഗ്രേറ്റ്”

ഞാനവളെ ചേർത്തുപിടിച്ചു…

“നീ കണ്ടില്ലേ എല്ലാവരും എത്ര സന്തോഷത്തോടെയാണ് നമ്മളെ യാത്രയയച്ചത്..ആർക്കും ഒരു പരാതിയുമില്ല നിറഞ്ഞ സ്നേഹംമാത്രം..മനസ്സറി ഞ്ഞാണ് അവർ നമ്മളെ അനുഗ്രഹിച്ചത്…”

“ശരിയാ ചേട്ടാ..കല്ല്യാണത്തിന്  വിളിക്കേണ്ടത് ഇവരെപോരുളളവരെയാ..സദ്യകഴിച്ച് കുറ്റം പറയലുകളില്ല, പെണ്ണിനേയും ചെക്കനേയും കുറിച്ച് അഭിപ്രായം പറയലുകളില്ല, ഒന്നിനെക്കുറിച്ചും ഒരു പരാതിയുമില്ല…എല്ലാവർക്കും സന്തോഷം…സ്നേഹം…എങ്ങിനെ ഏട്ടാ ഇത്രപേരെ കണ്ടെത്തിയത്?”

എന്റെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു..

“നമ്മുടെ കല്ല്യാണകുറിയുമെടുത്ത് ഞാനാദ്യം പോയത് നമ്മുടെ രണ്ട്പേരുടേയും വീടുകളിലേക്കാണ്..പക്ഷെ അവർ എന്നെ അവിടന്ന് ആട്ടിയിറക്കി..

അവിടന്ന് വരുന്ന വഴിക്ക് ഞാനൊരു അമ്മൂമ്മയെ കണ്ടു..അവരെന്നോട് വൃദ്ധസദനത്തിലേക്കുളള വഴി ചോദിച്ചു..അവർക്ക് ഭക്ഷണം വാങ്ങിച്ച് കൊടുത്ത് അവിടെ കൊണ്ടു ചെന്നാക്കി പോരാൻ നേരത്ത് അവരെന്റെ നെറ്റിയിൽ ഒരു മുത്തം തന്നു..അതിന് എന്തോ ഒരു പ്രത്യേക ഫീൽ  ഉണ്ടായിരുന്നു.. 

അവിടന്ന് പോരാൻ നേരമാണ് ഞാൻ ഇങ്ങനെയൊരു കാര്യത്തിനെ പറ്റി ചിന്തിക്കുന്നത്..നമ്മൾ സ്നേഹിക്കുന്നവരേക്കാൾ നമ്മളെ സ്നേഹിക്കുന്നവരെയല്ലേ നമ്മൾ സ്നേഹിക്കേണ്ടത്..

അങ്ങനെ നെറ്റിൽ സെർച്ച് ചെയത് ഇവിടെ അടുത്തുളള എല്ലാ അനാഥാലയങ്ങളിലും വൃദ്ധസദനങ്ങളിലും പോയി ഞാൻ നമ്മുടെ കല്ല്യാണം ക്ഷണിച്ചു..അവർക്ക് പുതിയ വസ്ത്രങ്ങളെടുക്കുവാനുളള പൈസയും നൽകി…കല്ല്യാണത്തിനുളള എല്ലാ സാധനങ്ങളും വാങ്ങിച്ചത് സാധാരണക്കാരായ ആളുകളുടെ കടകളിൽ നിന്നാണ്…തന്നെയുമല്ല തെരുവോരങ്ങളിൽ ഭിക്ഷാടനം നടത്തുന്നവർ മുതൽ കൈകാലുകൾ തളർന്ന് കിടക്കുന്നവർക്ക് വരെ ഭക്ഷണം എത്തിച്ചുകൊടുത്തു..”

നമ്മളെക്കൊണ്ട് ഒരു വയറെങ്കിലും നറക്കാനായാൽ അത് ഒരു വലിയകാര്യമല്ലേ..സദ്യക്കും മറ്റും എത്രയോ ആഹാരം പാഴാവുന്നു..അനാവശ്യമായി എത്രയോ പണം ധൂർത്തടിക്കപെടുന്നു..ഇപ്പോ കണ്ടില്ലേ ഇന്ന് ഒരുവറ്റുപോലും പാഴിയില്ല..എല്ലാ വരും ഇന്ന് മനസ്സിലെങ്കിലും നമ്മെ അനുഗ്രഹിച്ചിട്ടുണ്ടാവും…

അവൾ എന്റെ മടിയിലേക്ക് തലചായ്ച്ചു കിടന്നു…

“ഇനിയും നമുക്കവരെ കാണണം ചേട്ടാ..സ്നേഹം പുറത്ത് കാണിച്ച് മനസ്സിൽ ദുഷിപ്പ് പേറുന്നവരേ ക്കാൾ എത്രയോ ഭേദമാണവർ..അങ്ങനെയുളളവർ തന്നെയാണ് നമ്മുടെ യഥാര്‍ത്ഥ ബന്ധുക്കൾ”

~പ്രവീൺ ചന്ദ്രൻ