ഓരോ കാഴ്ചകളും എനിക്ക് മുന്നിൽ ശൂന്യമായിരുന്നു, പക്ഷെ ഏതോ ഒന്ന് കണ്ണിലൊന്നു തങ്ങി, ആ കാഴ്ച്ചയിൽ…

ചെഞ്ചുവപ്പ്…

എഴുത്ത്: അനു സാദ്

=============

“ഉറക്കമുണർന്നതും ആദ്യം ചിന്തിച്ചത് ഇന്ന് കോളേജ് ലീവാക്കിയാലോ എന്ന..ഫസ്റ്റ് ഇയർ തുടങ്ങിയിട്ടു അധികമൊന്നും ആയിട്ടില്ലെങ്കിലും ഭയങ്കര മടി ഇപ്പോതന്നെ.. ഒന്നാമത് അവിടുള്ള റാഗിങ് ആലോചിച്ട്ടാ..ഹോ ഒരു മയൂല്ല്യ!.,,,ഇപ്പൊ ഇലക്ഷന് ആയോണ്ട് കുറച് കുറവുണ്ട്..ന്നാലും പേടിപ്പിച്ചു കാര്യം നേടലാ അവരുടെ മെയിൻ…

മടിച്ചു മടിച് അവസാനം ഞാൻ ആ കോളേജ് എത്തി. ഇനിയാ ഫിസിക്സ് ക്ലാസ്സിലോട്ടു വെച്ചുപിടിക്കണം. ഏത് നേരത്ത ഇതൊക്കെ എടുക്കാൻ തോന്നിയാവോ എന്റെ പൊന്നു തമ്പുരാനെ?! എന്നാ ബോറടിയ!..

ഹ്മ്മ്..കൊള്ളാലോ,,,ഇലെക്ഷൻ വർക്കൊക്കെ തകൃതിയായി നടക്ണ്ടല്ലോ..പടച്ചോനെ വഴീ തന്നെ ക്യാമ്പയിനിങ്ങും ഉണ്ടോ??അല്ലെങ്കിൽ തന്നെ ഇവരെന്തിനു പേടിക്കണം..പത്തു ഇരുപത് കൊല്ലായിട്ടു ഇവിടെ പച്ച  പരവതാനി നിറഞ്ഞു കവിഞ്ഞു നിൽക്കല്ലേ! പിന്നെ വേറാരു വരാനാ?ഹോ,,,ചാൻസ് ഇല്ലാതില്ല..ഒന്ന് രണ്ടു കൊല്ലായിട്ടു ഇവിടെ ഒരു ചെങ്കൊടി വീശുന്നുണ്ട്!..പച്ചക്കൊടിയുടെ കുത്തകയുള്ളോട്ത് ഒരു ഇളക്കൊക്കെ വരാമെങ്കിൽ പുള്ളി തരക്കേടില്ലാലോ?! ഭീ കരൻ തന്നെ,,ആമിർക്ക..മൂപ്പരാണീ ചെങ്കൊടിയുടെ നെടുംതൂൺ!,,ഇവിടെ കോളേജ് മൊത്തം ആളെക്കുറിച്ച് കുറെ പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഒന്ന് കാണാനൊത്തിട്ടില്ല..ഹ്മ് ടൈം ണ്ടല്ലോ കാണാം….ഒന്ന് കാണേണ്ട ആള് തന്നേണെന്ന് തോന്നുന്നു..

അങ്ങനെ ഉച്ചവരെ ഉറക്കം തൂങ്ങി ഒരു വഴിക്കായി..എങ്ങനൊക്കെയോ കടിച്ചുപിടിച് ഇരിക്കേർന്നു ക്ലാസ്സിൽ. ക്ലാസ് കഴിഞ്ഞു ഒന്ന് നിവരാൻ നിന്നതും ദാ വരുന്നു ഒരു പട..കണ്ടാലറിയാം,,വോട്ട് പിടിക്കാനാണ്..എല്ലാ അവറ്റകളും ആമിർക്ക ന്നും പറഞ്ഞു ചാടുന്നുണ്ട്…ഏഹ്!! അപ്പോ ഇങ്ങേരാണോ ആ മുതല്!,,

ഞാനെന്റെ മുന്നിലുള്ളയാളെ ശരിക്കൊന്നു ഉഴിഞ്ഞെടുത്തു..കണ്ണില് പൊന്നീച്ചേണോ തേനീച്ചേണോ പാറുന്നേ,,ഒരു പിടിയൂല്ല്യാ!!

“നല്ല കളർ..കട്ട താടി..കലിപ്പ് മുഖം..മാറ്റ് കൂട്ടാനായി മുഖം മൊത്തം നല്ല റെഡ് പിമ്പ്ൾസ്…ആകെക്കൂടി ഒരു ഒന്നൊന്നര ലുക്ക്…”

അങ്ങേര് ഒരു ലോ പിച്ചിൽ ഒകെ തുടങ്ങി പിന്നെ അങ്ങോട്ടൊരു ഹൈ പിച്ച് പ്രസംഗം അങ്ങട്ട് തട്ടിവിട്ടു..എന്റമ്മോ!, തരിച്ചു പോയി…ഒരു മിന്നലടിച്ച ഫീലിംഗ്,, ആ വാക്കുകളിലെ ഊർജ്ജവും ഊറ്റവും പ്രഹരം കൊണ്ടത് എന്റെ നെഞ്ചിലായിരുന്നു!…അതെന്നിൽ ഒരു അലയാഴി തീർത്തു അങ്ങേരെ എന്റെയുള്ളിൽ വാഴ്ത്തുന്നത് ഞാൻ ശരിക്കും അറിഞ്ഞു ..!

ആ പ്രസംഗത്തിനവസാനം ഞാൻ മനസ്സിലൊളിപ്പിച്ച ഒരേയൊരു ചോദ്യം അങ്ങേരെ ഞാനങ്ങു കെട്ടിയാലോ എന്ന് മാത്രമായിരുന്നു!…

അതികം വൈകാതെ ഞാൻ ആ തീരുമാനം ഊട്ടിയുറപ്പിക്കും ചെയ്തു…എന്റെ ഈ കഴുത്തില് ഒരു മഹറുണ്ടെങ്കിൽ അത് അങ്ങേരുടെ കൈ കൊണ്ടുള്ള രക്തഹാരം തന്നെ,,തീർച്ച!!!എന്റെ ചെഗുവേരച്ചാ കാൾ മാക്സ് പുണ്യാള നിങ്ങളാണെ സത്യം!!!

പിന്നീടങ്ങോട്ട് ഓരോ ദിനവും ആമിർക്കാനെ ഓർത്തു മാത്രം ഞാൻ കോളേജ് ന്റെ പടികേറി..ഓം ശാന്തി ഓശാന ഫിലിം പോലായിരുന്നു എന്റെ അവസ്ഥ! ക്ലൈമാക്സ് എങ്കിലും മിന്നിച്ചേക്കണേയ് എന്നൊരൊറ്റ നിയ്യത്തിൽ കോളേജിലെ ഓരോ തൂണിൻ മറവിലും വരാന്തയിലും ഗ്രൗണ്ടിലും എന്തിന് കാന്റീനിൽ വരെ ഞാൻ അവനെ നോക്കികൊണ്ടേയിരുന്നു..

അങ്ങോരുടെ ലാബ് നു ചുറ്റും ക്ലാസ്സും കട്ട്‌ ചെയ്ത് തേരാപാരാ നടക്കലായിരുന്നു എന്റെ പണി…കാണുമ്പഴൊക്കെ പിന്തിരിഞ്ഞു നോക്കി നോക്കി എന്റെ പിരടി വരെ ഇൻഷുർ ചെയ്തു..അവന്റെ ക്ലാസ്സിലെ ബെഞ്ചിൽ അവന്റെ പേരിനൊപ്പം നല്ല വലിയ അക്ഷരത്തിൽ എന്റെ പേരും കുറിചു..അങ്ങനെങ്കിലും എന്നെയൊന്നു തേടി വന്നാലോ വിചാരിച്ചു…

പക്ഷെ എന്റെ പേനയിലെ കുറെ മഷി പോയത് മിച്ചം,,,ആമിർക്ക മൾട്ടിമീഡിയ ആയിരുന്നു,,അത്കൊണ്ട് തന്നെ മാസ്സ് കമ്മ്യൂണിക്കേഷൻകാര് ഫസ്റ്റ് ഇയർ മാത്രേ ക്ലാസ് കാണൂന്നു പിന്നെയാണ് ഞാൻ അറിഞ്ഞത്!!

ഹ്മ്മ്.. എന്റെ ഗതികേട്! പക്ഷെ വിടാൻ ഒക്കില്ലല്ലോ,, യൂണിയൻ ഫങ്ക്ഷനിലും ഓൺ സ്റ്റേജിലും ഓഫ് സ്റ്റേജിലും അങ്ങനെ അവനുള്ളൊടത് ഫുൾ തള്ളിക്കേറിയിട്ടും..ആ കോളേജിലെ ഓരോ മണ്തരി അടക്കം ഞാനും എന്റെ പ്രേമും പാട്ടായിട്ടും അവൻ മാത്രം ഒരു കുന്തോം അറിഞ്ഞില്ല..

പച്ച വിരിച്ചു നടന്ന ഞാൻ അവന്റെ ഒരു പ്രസംഗം കൊണ്ട് മാത്രം കട്ട sfi ￰ആയിട്ടും അവൻ എന്നെയൊന്നു തിരിഞ്ഞു നോക്കിയില്ല..അവന്റെ പിന്നാലെ കുറെ അവളുമാര് നടക്ണ്ടെന്നറിഞ്ഞു എന്റെ രക്തം തിളച്ചുവെങ്കിലും ചുമ്മാ ഒരു മെനക്കേട്‌ ഉണ്ടാക്കണ്ടല്ലോ വിചാരിച്ചു ഞാനങ്ങു ക്ഷമിച്ചു.! അവന്റെ ഫ്രണ്ട്സ് വരെ കട്ട സപ്പോർട്ട് തന്നിട്ടും..ബ്രീത് ഇൻ മ് ബ്രീത് ഔട്ട് മ് ഒകെ എടുത്ത് ഓരോ മന്ത്രവും ഗീതങ്ങളും സുവിശേഷങ്ങളും വരെ പഠിച്ച് പലതവണ അവനോട് ഇഷ്ടം പറയാൻ പോയിട്ടും അടിമുടിവിറച് ഞാൻ തിരികെ പോരും

ഫെയർ വെല്ലും യൂണിയൻ ഡേയും കോളേജ് ഡേയും ഒകെ കാത്തിരുന്നിട്ടും എന്റെ മാവ് മാത്രം പൂത്തില്ല!..

അവസാനം എഫ്ബി ലൊരു ശ്രമം നടത്തി..ആണ്ടിലൊരിക്കൽ മാത്രം റിപ്ലൈ കിട്ടീട്ടും..ഒരു നാണവും ഇല്ലാതെ പിന്നെയും ഞാൻ പുറകെ പോയി,, പ്രസംഗിക്കാൻ ആയിരം നാവുള്ളവന് എന്റെ കാര്യത്തിൽ മാത്രം മറുപടി ഉണ്ടായില്ല!..

പലരും നിർത്തിക്കൂടെ ന്ന് പറഞ്..ഇതിനുമാത്രം എന്താ അവനുള്ളെ എന്ന് ചോദിച്ചപ്പോ അവരോട് ഒന്ന് മാത്രം പറഞ്ഞു ഞാൻ..പണ്ട് മജ്നുവിന്റെ ലൈല പറഞ്ഞത് പോലെ;

“ആമിർക്ക ന്റെ ഭംഗി കാണണമെങ്കിൽ അതീ ഫദു വിന്റെ കണ്ണിലൂടെ നോക്കണമെന്ന്..”

സത്യമതാണ്..ഇനിയൊരു തിരിച്ചുപോക്ക് എനിക്ക് അസാധ്യമായിരുന്നു..അത്രയേറെ ഞാനവനെ പ്രണയിച്ചിരുന്നു!.. കാര്യ കാരണമില്ലാതെ!..” ഹൃദയത്തിൽ ഒറ്റ വാക്കേയുള്ളു,,,ആമിർക്ക എന്നും ഫദുവിന്റെ മാത്രം,,,എന്റെ പ്രണയത്തിന് ഒരു അർത്ഥമേയുള്ളു,,,ആമിർക്ക!!!””

വർഷം പോയത് എത്ര പെട്ടെന്നാണെന്നോ ആമിർക്ക ടെ ക്ലാസ് കഴിഞ്ഞു..മൂപ്പര് പോയി..

ഇടക്കിടക്ക് ഓരോ വർക് ന് വേണ്ടി വരും. അന്ന് ആ കോളേജ് മുഴുവൻ ഞാൻ ഓടി തളരാറുണ്ട്..മിഴികൾ എങ്ങും തിരയാറുണ്ട്..ഒന്ന് കാണാൻ..ഒരു നോട്ടത്തിനു വേണ്ടി ഒത്തിരി കൊതിക്കാറുണ്ട്! പക്ഷെ കണ്ടവളോടൊക്കെ കൊഞ്ചാറുണ്ടെങ്കിലും! ആ കണ്കോണില് ഞാൻ മാത്രം തടയാറില്ല!..

മറ്റാരെങ്കിലും ആ മനസ്സ് കട്ടെടുത്തിട്ടുണ്ടോ ന്നറിയാൻ ഞാൻ കുറെ ശ്രമിച്ചു..പക്ഷെ വെറുതെയായിരുന്നു,,ഒരുത്തി പോലും ഇതുവരെ ആ നെഞ്ചില് കേറിപറ്റിട്ടില്ല!ഒഴിഞ്ഞു കെടക്കാണ് നെഞ്ചുംകൂട്! പിന്നെ ഇങ്ങേര് ഇത് ആർക്ക് വെച്ചിരിക്കാണോ എന്തോ???എന്നെയൊന്നു ഏറ്റെടുത്തൂടെ???

ആകെ പാർട്ടി തത്വം മാത്രേ തലയിലുള്ളു ..!

”ഗേൾസ് നെ ഫ്രണ്ട്‌സ് ആയിട്ട് മാത്രേ കാണുള്ളൂ പോലും!..ഹ്മ്മ്..ഒരു കണക്കിന് അതാ നല്ലത്,,എന്നെ മാത്രം സ്നേഹിച്ചാൽ മതിയല്ലോ!!!

വർഷങ്ങൾ പിന്നെയും കടന്നു….

മൂപര് ഫുൾ ഷോർട് ഫിലിംമ് കാമറ അസ്സിസ്റ്റൻസ് മ് ഫിലിം വർക്മ് പാർട്ടി ബേസും ഒക്കെആയി ഫുൾ ബിസി ആയി. ഞാൻ ഇവിടെ എന്തോ പോയ അണ്ണാനെ പോലെ ഇരുന്നു..കട്ട വൈറ്റിഗും അടിച്ച്ട്ട്…ന്നാലും പലവഴിക്ക് ഞാൻ എന്റെ ഇഷ്ടം പ്രകടിപ്പിച്ചു കൊണ്ടേയിരുന്നു…

എഫ്‌ ബി ലൊന്നും ഒരു സ്വൈര്യവും കൊടുത്തില്ല..അവന്റെ ഫ്രണ്ട്‌സ് വരെ എന്നെ തളർത്തി. അവൻ മാറില്ലെന്നും പെങ്ങൾ വേറെ ആളെ നോക്കാവും നല്ലതന്ന് പറഞ്..അവർക്ക് അറിയില്ലല്ലോ,,,ആമിർക്കാടുള്ള പ്രണയം എന്റെ സിരകളിലൂടെ ഒഴുകുന്ന വിപ്ലവം ആണെന്ന്,,,,

ആ വിപ്ലവത്തിന്റെ തീവ്രത എന്നിൽ ഉളവാക്കുന്ന ലഹരിയോളം വലുതല്ല ഈ ഭൂമിയിൽ എനിക്ക് മറ്റൊന്നും!!!! ആ വിപ്ലവം നേടിയെടുക്കാൻ ഞാൻ എന്റെ ജീവൻ തന്നെ ബലിയിടും,,കാരണം എന്റെ ആത്മാവ് ആമിർക്കടെ ഹൃദയത്തിൽ കീഴടങ്ങി ഇരിപ്പാണല്ലോ??!!!”

ഞാൻ വീണ്ടും പിന്തുടർന്ന് കൊണ്ടേയിരുന്നു..;

അവസാനം സഹികെട്ടാവണം എനിക്കൊരു മെസ്സേജ് വന്നു ;

” നീ ഒന്നു പോയെ ” ന്ന് പറഞ്…!

പിന്നെയെന്തോ ഞാൻ ഒന്നിനും പോയില്ല..ഉള്ളൊത്തിരി വിങ്ങിയിരുന്നു…കണ്ണീരെന്നെ പൊള്ളിച്ചു കൊണ്ടേയിരുന്നു..തൊണ്ടക്കുഴിയിലെ പിടച്ചിൽ എന്നെ ശ്വാസം മുട്ടിച്ചു !.. അതിനു അന്ത്യമെന്നോണം പുറകെ നടന്ന് ശല്ല്യം ചെയ്യുന്നതെല്ലാം ഞാൻ അവസാനിപ്പിച്ചു..എന്റെ മനസ്സിൽ നിന്നൊഴിച്!..”

ഒരുപാട് നാള്കു ശേഷം ഉപ്പ അവസാനമായൊരു പ്രൊപോസൽ കൊണ്ടുവന്നു. ഇതുവരെ ഉള്ളതൊക്കെ ഞാൻ തള്ളികളഞ്ഞോണ്ടാവും മൂപ്പര് ഇതിലും വല്യ ഹോപ്പ് ഒന്നും വെച്ചിരുന്നില്ല. ബട്ട് എന്നെ കുറെ കൺവിൻസ് ചെയ്‌തു. ഉള്ളിലുള്ള നിരാശയിലും വേദനയിലും ഞാൻ മറുപടി ഒന്നും പറഞ്ഞില്ല..അത് സമ്മതമായെടുത്ത് മൂപ്പര്‌ കാര്യങ്ങളുമായി മുന്നോട്ടു പോയി..മനസ്സ് മറ്റൊരാളിൽ കൊരുത്ത ഞാൻ മാത്രം ഉള്ളു നീറി..ഒരു കണ്ണീരിന്റെ മറവിൽ.. ആ ഓർമ്മയിൽ മൗനം തൂകി..!

കാര്യങ്ങൾ കൈവിട്ടു പോയിരുന്നു..പെണ്ണ് കാണലും ഡേറ്റ് ഉറപ്പിച്ചതും വളരെ പെട്ടെന്നായിരുന്നു !ഞാൻ തളർന്നു പോയിരുന്നു..ആരോടും ഒന്ന് മനസ്സ് തുറക്കാൻ ആവാതെ ഞാൻ ഉരുകി!.. എന്നുള്ളിൽ കുടികൊള്ളുന്ന നോവ് തോരാതെ പെയ്യുന്നുണ്ട് ..”

“എന്നെ തിരിച്ചറിയേണ്ടവൻ എന്നെയൊന്നു തിരഞ്ഞത് പോലുമില്ലെന്ന സത്യം..ഇത്രനാളും അവനായി കാത്തുവെച്ച നിമിഷങ്ങൾ,,,സർവവും എന്റെ നിയന്ത്രണങ്ങളെ തല്ലികെടുത്തി…എന്റെ മിഴിയിണകൾ നനവ് തേടിക്കൊണ്ടേയിരുന്നു…!”

കുറച് നാളായി മനസ്സ് എന്റെ കൈക്കുള്ളിലല്ലാഞ്ഞിട്ട്…എവിടേം പിടുത്തമിടാൻ കഴിയാതെ അലയുവാണ്..ഇന്നലെയാണ് ഞാൻ അതിനു കാരണം കണ്ടെത്തിയത് ;

എന്റെ ബെസ്റ്റി ഷാനിൽ വന്ന് അവന്റെ എൻഗേജ്മെന്റ് ആണെന്ന് പറഞ്ഞപ്പോൾ..അവന്റെ വുഡ്ബി ടെ പിക് കാണിച്ചപ്പോൾ..അതവളായിരുന്നു…ഫദു..!,,,

എന്നും ഞാൻ അരികിൽ നിന്നും അകറ്റി നിർത്തിയവൾ..ഇഷ്ടം ഇല്ലാഞ്ഞിട്ടോ അതോ ഉള്ളത് ഞാൻ തിരിച്ചറിയാഞ്ഞിട്ടോ?..അറിയില്ല,,, ഇന്ന് അവൾക്കായി എന്നിലൊരു തേങ്ങൽ ഉയരുന്നുണ്ടെങ്കിൽ..ഹൃദയം എന്തൊക്കെയോ ചികയുന്നുണ്ടെങ്കിൽ..ഞാനറിയുന്നു; പെണ്ണേ നീയെന്ന നഷ്ടം എനിക്ക് നികത്താനാവില്ലെന്ന്!…നാളൊത്തിരിയായി മറന്നു തുടങ്ങിയ ആ ശബ്ദമെങ്കിലും ഒന്ന് കേൾക്കാൻ ഒരു മോഹം തോന്നി.;

ഫോൺ റിങ് എടുത്തതും;

ഫദൂ…,,,ഇത് ഞാനാണ്..ആമിർക്ക!

ആ ശബ്ദം എന്നിൽ ഒരു വേലിയേറ്റം തന്നെയുണ്ടാക്കി..ഒത്തിരി നാളായുള്ള മോഹമാണ് ഇപ്പോൾ പൂവണിയുന്നത് ..പക്ഷെ മറുത്തുപറയാൻ ഒരുവാക്കു പോലും എന്നിൽ വന്നില്ല…

“വൈകിപോയിന്നറിയാം..ഈ വിളികായി നീ കാത്തത് ദിവസങ്ങളോ മാസങ്ങളോ അല്ലെന്നെനിക്കറിയാം ഫദൂ..ബട്ട് ഞാൻ നിന്നെ തിരിച്ചറിയാതെ പോയി..ഒരിക്കലെങ്കിലും ഞാൻ നിന്നെ അറിയാൻ..നിന്നെ കേൾക്കാൻ.. ക്ഷമ കാണിച്ചിരുന്നെങ്കിൽ!”..

എൻഗേജ്മെന്റാണ് എന്നെനിക്കറിയാം..ഷാനിൽ എന്റെ ഫ്രണ്ട് ആണ്. നീയെനിക്കന്യയാവുന്ന ഈ അവസാന നിമിഷത്തിൽ..എന്നോടകലുന്ന ഈ നേരമില് എങ്കിലും നീയിതറിയണം.. നിന്നോട് എനിക്കിത് പറയണം “നീയെന്റെ ഉള്ളം തൊട്ടുവെന്ന്…നിന്നോളം ഇന്നാരെയും ഞാൻ സ്നേഹിക്കുന്നില്ലെന്ന്..” ആ സ്വരം മെല്ലെ ഇടറി തുടങ്ങിയിരുന്നു!!!

ആമിർക്കാടെ ഓരോ വാക്കും എന്റെ കാതിൽ അലതല്ലുമ്പോഴും എന്റെ കണ്ണീരു ചിന്നിച്ചിതറുന്നുണ്ടായിരുന്നു…!പക്ഷെ സ്വയം നിയന്ത്രിച് കണ്ണുകളടച് ഒരുവേള ഞാൻ പറഞ്ഞു..

“കഴിയുമെങ്കിൽ എൻഗേജ്മെന്റ് ന് വരണം, ഉപ്പയോട് എതിര് പറയാൻ ഇനിയെനിക്കാവില്ല… ഇതെനിക്ക് വിധിച്ചതാണ്.. എല്ലാം മറന്നു തുടങ്ങുവാണ് ഞാൻ,,,നുരഞ്ഞു പൊന്തിയ തേങ്ങൽ വാക്കുകളെ വിഴുങ്ങിയിരുന്നു..പെട്ടെന്ന് തന്നെ ഞാൻ ഫോൺ വെച്ചു..

രണ്ടു ഹൃദയങ്ങളും നിശബ്ദമായി കരയുവായിരുന്നു..നോവ് വിട്ടൊഴിയാതെ..!”

എൻഗേജ്മെന്റ് ന് അവളുടെ വീട്ടു മുറ്റത്തെത്തിയതും ശരീരം തളരും പോലെ…ഒഴിവു കഴിവ് ഒരുപാട് പറഞ്ഞു നോക്കിയിട്ടും ഷാനിൽ എന്നെ വിടാതെ കൂടെകൂട്ടി

മറ്റൊരാളിൽ ഇന്ന് അവളുടെ കൈ ചേരുന്നത് കണ്ടു നിൽക്കാനുള്ള ത്രാണില്ലാത്തതു പോലെ..നിഴലായി കൂടെ കൂടാൻ കൊതിച്ചിട്ട് ഇന്ന് കൺവെട്ടത്ത് നിന്നും അരങ്ങോഴിയേണ്ടവനായി മാറിയിരിക്കുന്നു ഞാൻ,,,

അവസാനമായി ഒരു വട്ടമെങ്കിലും അവളെന്നെയൊന്നു നോക്കിയെങ്കിൽ..എനിക്ക് വേണ്ടി മാത്രം ഉടലെടുക്കുന്ന ആ മിഴികളിലെ പിടപ്പ് ഒന്ന് കണ്ടിരുന്നെങ്കിൽ…കുസൃതിയൂറുന്ന അവളിലെ ആ ചിരി ഒന്ന് പൊഴിഞ്ഞിരുന്നെങ്കിൽ,,,.ഉള്ളിലെ നിശ്വാസം പോലും ഒതുക്കിപിടിച് അവൾ ആർക്കും ഒരു നോട്ടം പോലും നൽകാതെ തലകുനിച്ചു നിൽപ്പാണ്,,,അവളുടെ മൗനം പൊട്ടിതകർന്നു കൊണ്ടിരിക്കുന്ന ആ ഹൃദയത്തിന്റെ ഭാഷയാണെന്ന് എനിക്കറിയാം,,, അതിന്റെ ചീളുകളോരോന്നും എന്നില് ആഞ്ഞു തറയുന്നുണ്ട്,, എന്റെ പ്രണയം ഒരു തീരാ നഷ്ടത്തിലേക്ക് വഴിമാറുകയാണ്,,എവിടെയും എന്തും പറയാൻ ഊറ്റം കൊള്ളുന്ന എന്റെയുള്ളം ഇന്ന് ഈ മൗനത്തിന്റെ അതിര് ഭേദിക്കാൻ കഴിയാതെ അവളെ മനപ്പൂർവം വിട്ടുകൊടുക്കുകയാണോ??? എന്ത് കൊണ്ട്??? അറിയില്ല,,, ഒരുപക്ഷെ കണ്മുന്നിൽ ഉള്ളത് ഷാനിൽ ആയത് കൊണ്ടാകാം!!””

ഞാൻ നോക്കിനിൽക്കുമ്പോൾ അവൻ ആ റിങ് അവൾക്ക് ഇട്ട് കൊടുത്തു,,,അവൾ ഒരു ശിലയായി തന്നെ നിൽപ്പുണ്ട്,,എന്റെ റൂഹ് മെല്ലെ അകലുന്നുണ്ട്,, ഇനി ഈ ഞാൻ ഇല്ലെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാകാം,,ഷാനിൽ എന്നെയും അവളെയും മാറി മാറി നോക്കുന്നുണ്ട്..ഒന്നും മിണ്ടാതെ ഞാൻ തിരിച്ചു പോന്നു…തിരിഞ്ഞു നോക്കാൻ ഒത്തിരി കൊതിച്ചുവെങ്കിലും അവള് വിങ്ങുന്നത് കാണാനുള്ള ശക്തിയില്ലെന്ന് തോന്നി,,,കണ്മുന്നിൽ അവള് മാത്രമായൊരു ലോകം ഇനി എന്നെ കൊല്ലാതെ കൊ ല്ലും ന്ന് എനിക്കറിയായിരുന്നു….

എത്ര ശ്രമിച്ചിട്ടും ഒന്നും മറക്കാൻ ആകാതെ ആമിർക്കാടെ ഓർമ്മകളിൽ നെഞ് തല്ലുമ്പോഴാണ് ഷാനിൽ എന്നെ നേരിട്ടൊന്നു കാണണമെന്ന് പറഞ് വിളിച്ചത്.

എന്റെ മുഖത്ത് നോക്കി ഒരു മടിയുമില്ലാതെ ഷാനിൽ ചോദിച്ചു

” നീയും ആമിറും ഇഷ്ടത്തിലാണോ???!!”

സത്യത്തിൽ ഞാൻ അമ്പരന്നു,,,ഈ ഒരു ചോദ്യം ഒട്ടും പ്രതീക്ഷിച്ചില്ല

നിങ്ങൾ രണ്ട്‌ പേരും ഒരേ കോളേജ് ൽ ആയിരുന്നല്ലോ?? ഈ ഒരു മാര്യേജ് ഉറപ്പിച്ചതിന് ശേഷം നിങ്ങൾ രണ്ട്‌പേരെ മാത്രമാണ് സന്തോഷത്തോടെ അല്ലാതെ കണ്ടത്,,ഇന്നുവരെയും എന്നോട് ഒന്നും മിണ്ടാതെ എന്നോട് അടുക്കാതെ നീ ഒഴിഞ്ഞു മാറുകയാണ് അവനും അങ്ങനെ തന്നെ,,,

“നീയൊന്നും തുറന്ന് പറയുന്നില്ലെങ്കിലും എനിക്ക് മുന്നിൽ നിറഞ്ഞു തൂവുന്ന നിന്റെയീ നയനങ്ങൾ ഒരായിരം വട്ടം എന്നോട് പറയുന്നുണ്ട്,,,നീ അവനെ ഒരുപാട് സ്നേഹിക്കുന്നുണ്ടെന്ന്,,അവനിലാണ് നീ ജീവിക്കുന്നതെന്ന്,,, അല്ലേ???

വീണ്ടും എന്റെ മിഴികൾ നനവ് തൂവി,, ഒന്നും മറച്ചു വെക്കുന്നില്ല, ഇഷ്ടമായിരുന്നു,, എനിക്ക് മാത്രം,, പക്ഷെ,,,വീണ്ടും എന്തൊക്കെയൊ പറയാൻ ഉള്ള് വാചാലമായെങ്കിലും ഒന്നും പറയാൻ കഴിയാതെ കണ്ണീര് അതിര് പാകി

പിന്നെയൊന്ന് നോക്കി ഷാനിൽ മ് എന്നെ പിന്തിരിഞ്ഞു പോയി ..

ഒരാഴ്ച പോയത് അറിഞ്ഞില്ല,,പകലും രാത്രിയും എനിക്ക് മുന്നിൽ ഒന്നായത് കൊണ്ടാകാം,,!

നാളെ നികാഹ് ആണ്..,

ഇപ്പോഴും ഓരോ പേമാരി കൂടുതൽ ശക്തിയോടെ ഉള്ളിൽ രൂപം കൊള്ളുന്നുണ്ട്,,,എന്നിട്ടും ഉടല് വിറയുന്നതും ഉയിര് തേങ്ങുന്നതും ഒരേയൊരു പേരിൽ,, ആമിർക്ക!!!

ഈ ചമയങ്ങളൊക്കെ എനിക്ക് മിഴിവേകിയിട്ടും പൂർണ്ണത എത്താത്ത ഒന്ന് മാത്രം ഇപ്പോഴും ഉണ്ട് എന്റെയുള്ളിൽ,,, ആമിർകാനോടുള്ള അഗാധമായ പ്രണയത്തിൽ തോറ്റുപോയ എന്റെ മനസ്സ്,,,

വേദിയിൽ നികാഹ് നടക്കുവാണ്,,ആരൊക്കെയോ ചേർന്ന് എന്നെ അങ്ങോട്ട്‌ കൂട്ടികൊണ്ട് പോയി. ഓരോ കാഴ്ചകളും എനിക്ക് മുന്നിൽ ശൂന്യമായിരുന്നു, പക്ഷെ ഏതോ ഒന്ന് കണ്ണിലൊന്നു തങ്ങി, ആ കാഴ്ച്ചയിൽ എന്റെ ശ്വാസം നിന്നു പോയി,,,,

എന്റെ ഉപ്പാടെ കൈപിടിച്ച് നികാഹ് ചൊല്ലി ആമിർക്ക!!!!

അതൊരു സ്വപ്നമാണെന്ന് പലതവണ മനസ്സ് ചൊന്നെങ്കിലും ഈ നിമിഷം വരെ കണ്ണടയാതെ, അകം നൊന്ത് ഞാൻ നെയ്തു കൂട്ടിയ ഈ ഒരു ചിത്രം, അത് ഒരു യാഥാർഥ്യമാവണെ എന്ന് വീണ്ടും വീണ്ടും ഞാൻ ഉള്ളിൽ കേണ് പ്രാർത്ഥിച്ചു,,,

അതേ,,അത് സത്യമായിരിക്കുന്നു,,എന്റെ മിഴിയോട് ഇടഞ്ഞ ആ നോട്ടം,,തെളിമയുള്ളോരാ ചിരി അതെന്റെ ആമിർക്ക തന്നെയാണ്,,,

തുറിച്ചു നോക്കി നിൽക്കുന്ന എനിക്ക് മുന്നിൽ കഴിഞ്ഞതെല്ലാം അവര് തുറന്നു പറഞ്ഞു

” ആമിർ,,,നാളെ നികാഹ് ആണ്, നാളെ ഒരു മഹറിൽ അവള് പ്രാണനോട് ചേരും,,,ഒരിക്കലും വേർപിരിയാനാകാതെ ആത്മാവിൽ ആഴ്ന്നിറങ്ങും….””

ഷാനിലിന്റെ വാക്കുകളിൽ നെഞ്ചിനുള്ളിൽ ചോര പൊടിഞ്ഞു തുടങ്ങിയപ്പോഴാണ് തോളിൽ തട്ടി അവൻ പറഞ്ഞത്,,

“എന്റെയല്ലാ,,,നിൻെറ!!””

ഞാൻ ശരിക്കും ഞെട്ടിത്തരിച്ചു പോയി..

എനിക്ക് എല്ലാം അറിയാം..ആർക്ക് വേണ്ടിയാണ് നിങ്ങൾ പിരിയുന്നത് എന്ന് മാത്രം അറിയില്ല ??? ഈ തീരുമാനം നിന്നെയോർത്തല്ല, അവളെയോർത്തു..നീയെന്നൊരാളിൽ മാത്രം ഉയിര് പങ്കിട്ട് ഈ വര്ഷങ്ങളത്രയും നിന്റെയൊരു നോക്കിനും വിളിക്കും മറുപടിക്കും കാത്തിരുന്നു നിന്റെ പിന്നാലെയലഞ്ഞു നിന്നോടുള്ള പ്രണയത്താൽ ഇന്നും നീറിയൊടുങ്ങുന്ന അവൾക്ക് വേണ്ടി…ഇന്ന് നീയും അവളോടുള്ള സ്നേഹത്താൽ പിടയുന്നുണ്ട്,, നിന്റെ മനസ്സും അവൾക്ക് വേണ്ടി കാതോർതിരിക്കയാണെന്ന് എനിക്കറിയാം..ആ നിങ്ങള് തന്നെ ഒരു ജീവനായി ഒന്ന് ചേരണം “””

ഷാനിൽ, നോക്കി നിൽക്കാതെ ആ മാലയിട്ട് കൊടുക്ക്,,

ഫദൂ,, നിങ്ങള് തമ്മിൽ അറിയാതെ പോയതെല്ലാം അറിഞ്ഞു കൊള്ളാൻ ഇനിയൊരു ആയുഷ്കാലം തന്നെ നിങ്ങൾക്ക് ബാക്കിയുണ്ട്,,,കാഠിന്യമേകിയതെല്ലാം ആർദ്രമാക്കി തീർക്കാൻ വെറും നിമിഷങ്ങൾ മതി,,,ഇന്ന് ഈ നേരം വരെ നീ കൊണ്ട് നടന്ന തീ അതിലേറെ ഇരട്ടിയായി ഇനിയും കത്തിയെരിയണം,,,വിട്ടുകൊടുക്കാത്ത നിങ്ങളുടെ പ്രണയത്തിന് വേണ്ടി മാത്രം,,,

അവളുടെ ഉപ്പ ഒത്തിരി സ്നേഹത്തോടെ ആ കയ്യെന്നിലേക്ക് എടുത്തു വെച്ചതും..അവളുടെ മൂർച്ചയേറിയ നോട്ടത്തിൽ ഞാനൊന്നു പതറിയിരുന്നു..! അപ്പോഴും അവളുടെ മൂക്കിൻത്തുമ്പിൽ ഉതിർന്ന കോപത്തിലും..ചെഞ്ചുവപ്പു പടർന്ന കവിളിൽ വിരിഞ്ഞ കുറുമ്പിലും പരിഭവങ്ങളിലും… കൂർപ്പിച്ചു വെച്ച ചുണ്ടിൽ തുളുമ്പിയ നാണത്തിലും ചെറു ചിരിയിലും ഞാൻ ഉറപ്പിച്ചിരുന്നു..

ഇനിയങ്ങോട്ടുള്ള എന്റെ കാര്യം!..ആഹാ… കണ്ടുതന്നെ അറിയണം!..ഒരു പിടിയുമില്ല!” കലങ്ങി മറിഞ്ഞ ആ കണ്ണുകൾ വിളിച്ചോതുന്നുണ്ട്,, എന്തുവാ?? നിനക്കിട്ട് ഞാൻ വെച്ചിട്ടുണ്ടെന്ന്…!!!

എങ്കിലും എനിക്ക് വേണം എന്റെ ഈ പെണ്ണിനെ..എന്റെ ചങ്കിൽ പ്രണയം കൊണ്ടൊരു ചെങ്കൊടി കുത്തിയവളെ..! നെഞ്ചിൽ പടർന്ന ചുവന്ന രാശിയിൽ എന്റെ പേര് ഒളിപ്പിച്ചവളെ!..”ഈരേഴു ലോകത്തിനും മീതെ എനിക്കായി പ്രണയം കൊണ്ടൊരു മറുലോകം തന്നെ പണിതു തന്നവളെ..,,!”

( എഴുത്തിനു ഒരു ചേഞ്ച് കൊടുക്കണമെന്ന് തോന്നി. നിങ്ങൾക്കിഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. ഒത്തിരി സ്നേഹത്തോടെ)

~ അനു സാദ്