പലപ്പോഴും അവന്റെ ബൈക്കിൽ വീടിനു അടുത്തുള്ള ഓട്ടോസ്റ്റാൻഡിനു മുൻപിൽ ചെന്നിറങ്ങുമ്പോൾ തനിക്ക്…

Story written by Keerthana Dileep

===========

“എന്തുവാ ആദിയേട്ടാ ഈ നിറവയറും വച്ചാണൊ  നമ്മള് അമ്പലത്തിൽ പോയി താലി കെട്ടുന്നേ?….

ആൾക്കാര് എന്ത് പറയും എന്നെങ്കിലും ഓർക്കണ്ടെ?”

പകപ്പോടെ ഞാൻ അത് പറയുമ്പോഴും ആദിയേട്ടൻ്റെ മുഖത്ത് ചിരിയായിരുന്നു….

“ദേ പാറു…നമ്മുടെ കുറുമ്പി പെണ്ണ്  എന്നെ അച്ഛാന്ന്  വിളിക്കുന്നെ കേട്ടോ….”

വീർത്തുന്തിയ വയറിൽ ചെവികൾ ചേർത്ത് ഒരു കുസൃതി ചിരിയോടെ ആദി പറയുന്നത് കേട്ട് കുറുമ്പോടെ ഞാൻ മുഖം ചുളിച്ചു…

“ആഹാ അപ്പൊ മോളാന്ന് അങ്ങ് ഉറപ്പിച്ചോ?”

“പിന്നല്ലാതെ….ഈ അമ്മ പെണ്ണിൻ്റെ പോലെ കുറുമ്പുള്ള…ഒരു കുഞ്ഞി കുറുമ്പി…”

ചുവന്ന് നിൽക്കുന്ന അവളുടെ മൂക്കിൻ തുമ്പിൽ പിടിച്ച് വലിച്ചുകൊണ്ട് ആദി പറഞ്ഞു….

ഇനി ഇപ്പൊ മോളും അച്ഛനും ആയി എന്നെ വേണ്ടല്ലോ…കുറുമ്പൊടെ  മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നു…..

പുറകിൽ നിന്ന് ഇറുകെ കെട്ടിപ്പിടിച്ചപ്പോൾ മുഖത്ത് ചിരി പടർന്നു…..

“നീ അല്ലേടി പെണ്ണെ എൻ്റെ ആദ്യത്തെ മോള്….”

പിന്നെ ആളോള് എന്ത് പറയും എന്നോർത്ത് എൻ്റെ പെണ്ണ് വിഷമിക്കണ്ട എന്തൊക്കെ പറഞ്ഞാലും ദേ ഈ വയറ്റിൽ കിടക്കുന്നത് എൻ്റെ മോള് തന്നെയാ എന്ന് പറയുമ്പോൾ ഓർക്കുന്തോറും എൻ്റെ കണ്ണുകൾ നിറഞ്ഞ് വന്നു..

ഒരിക്കൽ തട്ടി തെറിപ്പിച്ചതാണ് ഈ പ്രണയത്തേ….

കോളേജിലേക്ക് പോകും വഴി സ്ഥിരം കാണുന്ന  ആ നോട്ടങ്ങളെ കൂട്ടുകാരികൾ പ്രണയമാണെന്ന് വ്യഖ്യാനിച്ചപ്പോഴും ചിരിച്ച് തള്ളുകയാണ് ചെയ്തത്……

പക്ഷേ പരീക്ഷകൾ അവസാനിച്ച ദിവസം ആകെയുള്ള ഒരമ്മാവനേയും കൂട്ടി പെണ്ണ് ചോദിക്കാൻ വന്നപ്പോഴാണ് അതങ്ങനെയല്ലെന്നെന്ന് മനസ്സിലായത്….

എൻ്റെ പഠിപ്പിനൊത്ത് ഒരു ഓട്ടോകാരനെയല്ല വേണ്ടത് എന്ന് അമ്മ വഴി അറിയിക്കുമ്പോഴും ആ കണ്ണുകളിൽ തിളങ്ങി നിന്ന കണ്ണുനീർ ഒരു വാശിക്ക് എന്ന പോലെ എൻ്റെ മനസ്സിനെ നിറച്ചിരുന്നു….

പുതിയ ജോലിക്കായി നഗരത്തിലേക്ക് ചേക്കേറുമ്പോഴും പോകുന്ന വഴികളിൽ പലപ്പോഴും കണ്ടുമുട്ടിയ ആ ചിരിയെ മുഖത്ത് വിരിഞ്ഞ പുച്ഛം കൊണ്ട് തോൽപ്പിച്ചു എന്ന് അഹങ്കരിച്ചിട്ടുണ്ട്…

ഓഫീസിൽ തന്നെയുള്ള മനുവിന്റെ പ്രൊപ്പോസൽ  വന്നപ്പോൾ അവൻ തന്നെയാണ് പറഞ്ഞത്  തല്ക്കാലം വീട്ടിൽ പറയണ്ട ട്രെയിനിങ്  കഴിഞ്ഞ് പെർമനന്റ് ആകുമ്പോൾ അവൻ തന്നെ വീട്ടിൽ വന്നു ചോദിച്ചോളാം എന്ന്….

ആ ട്രെയിനിങ് കാലയളവിൽ ആവോളം  പ്രണയിച്ചു നടന്നു……

പലപ്പോഴും അവന്റെ ബൈക്കിൽ വീടിനു അടുത്തുള്ള ഓട്ടോസ്റ്റാൻഡിനു മുൻപിൽ ചെന്നിറങ്ങുമ്പോൾ തനിക്ക് പറ്റിയ ഒരാളെ തന്നെ കിട്ടി എന്ന  ഗർവ്വോടെ അയാൾക്ക് മുൻപിലൂടെ തല ഉയർത്തി നടന്നു…

പക്ഷേ പല മാറ്റങ്ങളും പെട്ടെന്നായിരുന്നു. അവൻ്റെ ആവശ്യങ്ങൾക്കായി ഞാൻ നിന്ന് കൊടുക്കില്ല എന്നറിഞ്ഞപ്പോൾ എൻ്റെ പ്രണയത്തെ അവൻ വേണ്ടന്ന് പറഞ്ഞിരുന്നു…

ആരോടും മിണ്ടാതെ മുറിക്കുള്ളിൽ അടച്ചിരുന്നു ആവോളം  കരഞ്ഞുതീർത്തപ്പോഴും മനസ്സ് ഭ്രാന്തമായ ചിന്തകളിലൂടെ  അലഞ്ഞുതുടങ്ങിയിരുന്നു… 

അന്ന് രാത്രിയിൽ  ആരോടും പറയാതെ  ഭ്രാന്തമായ ചിന്തകളോടെ  ഇറങ്ങി നടന്നു…എവിടെയോക്കെയോ ചെന്നുപെട്ടു….

കണ്ണ് തുറന്നപ്പോൾ ചുറ്റും ഇരുട്ടായിരുന്നു പിന്നീട് മനസ്സ് കൈവിട്ട് മാസങ്ങളോളം ഭ്രാ ന്താശുപത്രിയുടെ ചുമരുകൾക്ക് ഉള്ളിൽ…

പലപ്പോഴും ആധിയേട്ടനെയും ആ ചിരിയെയും അവിടെ കണ്ടുമുട്ടി….

പക്ഷെ ഒരിക്കലും എനിക്കുവേണ്ടി അവും ആ വരവ് എന്ന് ഞാൻ കരുതിയിരുന്നില്ല…..

കൈവിട്ടുപോയ മനസ്സ് തിരികെ കിട്ടിയപ്പോൾ  ആദ്യം അന്വേഷിച്ചത് അമ്മയെയും, ചേട്ടനെയും ആണ്….

തോന്നിയപോലെ ഇറങ്ങി നടന്ന് വഴിപി ഴച്ചവളെ ഇനി ഞങ്ങൾക്ക് വേണ്ട എന്ന്  ഏട്ടൻ പറയുമ്പോൾ  ഇനി ഒന്നും നഷ്ടപ്പെടാനില്ല എന്ന തിരിച്ചറിവായിരുന്നു എനിക്ക്…

കൈത്തണ്ടയിൽ ചേർത്ത് പിടിച്ച ക ത്തി കയ്യിൽ അമരും മുൻപ്  കിട്ടിയത്  മുഖമടച്ച് ഒരടിയാണ്….

“ഇതിനാണോടി ഇത്രയും കാലം നിനക്ക് ഞാൻ കാവല് നിന്നത്??” ആദ്യമായിട്ട് ആ മുഖത്തെ ചിരി മാഞ്ഞ് ഞാൻ കണ്ടു…

“ഒരു ജീവനല്ല രണ്ടു ജീവനാണ് ഇപ്പൊ നിനക്കുള്ളില്…എന്നുപറഞ്ഞു നോട്ടം എന്റെ വയറ്റിൽ എത്തി നിന്നപ്പോഴും…

“എങ്ങനെ ഇതെല്ലാം എന്നറിയാത്ത  പകപ്പിലായിരുന്നു ഞാൻ…..

“ആർക്കും വേണ്ടെങ്കിലും എനിക്ക് വേണം നിന്നെ എന്ന് പറഞ്ഞ് ചേർത്ത്  പിടിക്കുമ്പോൾ ആ ഓട്ടോക്കാരനോട് എനിക്ക് തോന്നിയത് ഒരു കൗതുകമാണ്….

ആരുടെ കുഞ്ഞാണ് എൻ്റെ വയറ്റിലെന്ന് ചോദിക്കുമ്പോൾ,

നീയും ഈ കുഞ്ഞും എൻ്റേത് മാത്രമാണെന്ന് പറഞ്ഞ് ചേർത്ത് പിടിച്ചു…..

പതിയെ പതിയെ ഞാൻ അറിയുകയായിരുന്നു ആ സ്നേഹം…..

എനിക്ക് ഇഷ്ടമുള്ളതെല്ലാം വാങ്ങി കൂട്ടാൻ ഓടുന്ന ഏത് പാതിരാത്രിക്കും വേദനകൾക്ക് ഇടയിൽ എനിക്ക് കൂട്ടിരിക്കുന്ന അയാളിലെ അച്ഛനെ ….

പിന്നീട് എന്തിനും ഏതിനും ആദിയേട്ടനായിരുന്നു…ഒരു അമ്മയാകുന്നതിനൊപ്പം ആദിയേട്ടൻ്റെ ഭാര്യയും ആയി തുടങ്ങിയിരുന്നു….

ആ നെഞ്ചിൽ തലചായ്ച് ഉറങ്ങുമ്പോൾ ലോകത്ത് ഏറ്റവും സുരക്ഷിതമായ സ്ഥലത്താണ് ഞാനെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു……

പാത്തും പതുങ്ങിയും ഉള്ള ആളുകളുടെ പറച്ചിലിന് ഒരു അയവ് വരുത്താനാകണം ഈ താലികെട്ട്……

വേണ്ടെന്ന് പറഞ്ഞപ്പോൾ….

“താലി കെട്ടിയില്ലേലും നീ എൻ്റെ ഭാര്യയാണ് പാറു…പക്ഷെ താലിയുടേതായ ഒരു കുറവ് പോലും നിനക്ക് പാടില്ല എന്ന് പറഞ്ഞാണ് എൻ്റെ കണ്ണുനീരൊപ്പിയത്…..

“ആഹാ നീ ഇത് വരെ ഉറങ്ങിയില്ലേ പെണ്ണേ ?എൻ്റെ മോൾക്ക് ഉറക്കം വരണുണ്ടാവൂട്ടോ!

ശബ്ദം കേട്ട് നിറഞ്ഞ കണ്ണുകൾ ഏട്ടൻ കാണാതെ ഞാൻ തുടച്ച് മാറ്റി…..

“നാളെ നേരത്തെ എണീക്കേണ്ടതാ..വെളുപ്പിനെ ചെല്ലണം അമ്പലത്തില്…..

മാസം ഇത്രയും ആയതോണ്ട് അകത്തേക്ക് കേറാൻ പറ്റില്ല പുറത്ത് നിന്ന് താലികെട്ടണം…

“വാവേ നാളെ അച്ഛൻ്റെം അമ്മേടേം കല്യാണാ ട്ടോ…വയറ്റിൽ കിടന്ന് നിനക്കത് കൂടാം  എന്ന് ഏട്ടൻ പറഞ്ഞപ്പോൾ അവൾ വയറ്റിൽ കിടന്നൊന്ന് അനങ്ങി….

???

രാവിലെ തന്നെ ആദിയേട്ടൻ വാങ്ങി തന്ന    പട്ടുസാരിയും ആകെ ഉണ്ടായിരുന്ന വളകളും മാലയും ഇട്ടു ഒരുങ്ങി….

കണ്ണിമയ്ക്കാതെ എന്നെ തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ  എവിടന്ന്എന്നൊന്നില്ലാതെ ആദ്യമായി ഒരു നാണം എന്നിൽ തലപൊക്കി…..

“അയ്യടാ  ഈൗ പെണ്ണിന് നാണമൊക്കെ വരുമോ??? എന്ന് പറഞ്ഞെന്നെ  കളിയാക്കി ചിരിച്ചു…

“പോകാം???

“മ്മ് “

“ഒരു മൂളലിൽ മാത്രം ഞാൻ ഉത്തരം ഒതുക്കി….

“അമ്പലത്തിന് മുൻപിൽ  മനസ്സ് നിറഞ്ഞ് കൈ കൂപ്പി നിൽക്കുമ്പോഴും ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു ഒരിക്കലും ഈ സ്നേഹം നഷ്ടമാകരുതേ എന്ന്….

“പാറു ഇവിടെ നിൽക്കേ ഞാൻ ഇപ്പോ വരാം എന്ന് പറഞ്ഞ്‌ നടന്ന ആളെ ഒരു പുഞ്ചിരിയോടെ ഞാൻ നോക്കി നിന്നു….

“ഹ ഇതാരാ സേതുന്റെ മോളോ…വയറൊക്കെ അങ്ങ് വീർത്തല്ലോ മോളെ…എന്തായാലും ഞാൻ ഒന്ന് കാണാൻ ഇരിക്കുവായിരുന്നു…

മുറുക്കി ചുവപ്പിച്ച ചുണ്ടുകളിൽ പരിഹാസ ചിരി ഒളിപ്പിച്ച വടക്കേലെ സരസ്വതിയമ്മ….

ഞാൻ വരുന്നതിന്  മുൻപ് വരെ വീട്ടിലെ പണികൾ  എല്ലാം അവരായിരുന്നു,
എന്തുകൊണ്ടോ  ഞാൻ ചെന്നതിന് ശേഷം അവരെ വീടിന്ടെ പരിസരത്തേക്ക് ആദിയേട്ടൻ അടുപ്പിച്ചിട്ടില്ല….

ഞാൻ പരിജയഭാവത്തിൽ ഒന്ന് ചിരിച്ചു…

“ഇങ്ങനെ ചിരിച്ച് കാണിച്ചാകും ആ ചെക്കനെ വളച്ചത് അല്ലെ….പരിഹാസത്തോടെ ഉള്ള അവരുടെ ശബ്ദം  ഉയർന്നതും  കാണികളുടെ എണ്ണം കൂടി…അതോടെ വർത്തമാനത്തിൽ ഉള്ള അവരുടെ ശബ്ദവും  കൂടി…

എന്റെ  നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങിയിരുന്നു….

“അല്ലെ നിങ്ങള് കേൾക്കണേ…നല്ല തങ്കം പോലത്തെ ചെക്കനെ ഇവള് മയക്കി എടുത്തത് അല്ലെങ്കി പിന്നെ വല്ലോന്റേം കൊച്ചിനേം  ചൊമന്ന് നടക്കുന്ന ഇവളെ ചുമക്കേണ്ട ഗതികേട് അഹ് ചെക്കന് വരുമായിരുന്നോ???

“അല്ലെ ഭ്രാ ന്ത് മൂത്ത്  പാതിരാത്രി ഇറങ്ങി നടന്നപ്പോ ഓർത്തില്ലയോ? കണ്ണിൽ കണ്ടവന്റെ കൊച്ചിനെ ചുമക്കേണ്ടി വരുമെന്ന്??? ആ പറഞ്ഞിട്ടെന്താ  ആ മോന്റെ വിധി…

ആദി മോൻ കണ്ടില്ലായിരുന്നേൽ അവിടെ കിടന്ന്  ചത്തേനെ….

“എന്റെ നെഞ്ചിൽ ഒരു വെള്ളിടി വെട്ടി…..

“ആദിയേട്ടന്റേത് എന്നുപറഞ് ഞാൻ വയറ്റിൽ ചുമക്കുന്ന കുഞ്ഞ് ആദിയേട്ടന്റേത്  അല്ലെന്ന്…”

ആരുടെ എന്ന് പോലും അറിയാത്ത സന്തതിയെ വയറ്റിൽ ചുമക്കുമ്പോഴും എൻ്റേതെന്ന് പറഞ്ഞ് ചേർത്ത് പിടിക്കുവാണോ ആ മനുഷ്യൻ……

കണ്ണുകൾ  നിറഞ്ഞ് വന്നു..ഒരു സഹായത്തിനെന്നപോലെ ചുറ്റും കണ്ണുകൾ കൊണ്ട്  പരതി…ഇല്ല ചുറ്റും പരിഹാസം നിറഞ്ഞ മുഖങ്ങൾ മാത്രം…..

കാലുകൾ തളർന്നു തുടങ്ങിയിരുന്നു..കണ്ണിൽ ഇരുട്ടുകയറി….

???

കണ്ണ് തുറന്നപ്പോൾ ആദ്യം കണ്ടത് നിറഞ്ഞ് നിൽക്കുന്ന ആ കണ്ണുകളെ ആണ്….

ഏന്റെ കണ്ണുകൾ തുറന്നു എന്നറിഞ്ഞപ്പോൾ വേഗം ആ കണ്ണുകൾ തുടക്കുന്നത് ഞാൻ കണ്ടു…..

“പാറു ദേ നോക്കിയേ ഞാൻ പറഞ്ഞില്ലേ നമുക്ക് മോളാവും എന്ന്…

കൈകൾ ചുരുട്ടി പിടിച്ച് നനുത്ത ഒരു പുഞ്ചിരിയോടെ കണ്ണുകൾ അടച്ച് പിടിച്ച ഒരു കുഞ്ഞ് സുന്ദരിയെ എനിക്ക് നേരെ നീട്ടിയപ്പോൾ ഞാൻ ആദിയേട്ടന്റെ മുഖത്തേക്ക് നോക്കി….

വാവയെ എന്റെ അരികിൽ കിടത്തി എന്തോ പറയാൻ വന്ന എന്റെ ചുണ്ട്കളെ കൈവിരൽ കൊണ്ട്  തടഞ്ഞ് പറഞ്ഞു….

അച്ഛന്റേം അമ്മേടേം കല്യാണം കാണാൻ നിൽക്കാതെ അവളിങ് നേരത്തെ പോന്നു പാറു..പിന്നെ ഒരു താലിയിലൊന്നും ഒന്നും ഇരിക്കുന്നില്ല എന്ന്  എനിക്ക് ഇന്ന്  മനസ്സിലായി…..

ആരൊക്ക എന്തൊക്ക പറഞ്ഞാലും നീ എന്റെത…ഈ കുഞ്ഞ് മാലാഖ  നമ്മുടെതും…..

സ്നേഹത്തോടെ ഉള്ള ഒരുമ്മ എന്റെ  തിരുനെറ്റിയിൽ ചാർത്തുമ്പോഴും ഞാൻ മനസാലെ ഒന്നുറപ്പിച്ചിരുന്നു….

“താലി കെട്ടിയത്കൊണ്ട് മാത്രം ആരും ഭർത്താവാവുന്നില്ല, കുട്ടിക്ക് ജന്മം കൊടുക്കാൻ കരണമായത്കൊണ്ട്  അച്ഛനും”

ഇനി ഒരിക്കലും ഈ സ്നേഹം വിട്ട്കളയാൻ എനിക്ക് കഴിയില്ല…..

ആ കൈകളെ ചുണ്ടോടു ചേർക്കുമ്പോൾ ഞാൻ ആ ഉറപ്പ് കൊടുത്തിരുന്നു….എന്നും ആ സ്നേഹത്തിന്റെ അടിമയായി ജീവിച്ചുകൊള്ളാം എന്ന്….

അവസാനിച്ചു