എടുത്തു നോക്കിയപ്പോൾ മെസ്സേജ് പെട്ടെന്ന് ഡിലീറ്റ് ആക്കിയത് ആയി കാണിച്ചു, പിള്ളേര് വല്ലതും എടുത്ത് കളിച്ചതാ ആകുമെന്ന് കരുതി…

ഭാര്യ…

Story written by Parvathy Jayakumar

===========

ജോലി കഴിഞ്ഞ് റൂമിൽ വന്നു, കുളിച്ച്..ന്യൂസ് ഒക്കെ കണ്ട് ഭക്ഷണം കഴിച്ചു അങ്ങനെയിരുന്നപ്പോൾ ആണ് ഭാര്യയുടെ വാട്സ്ആപ്പ് നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്നത്.

സാധാരണ വീട്ടുസാധനങ്ങൾ തീരുമ്പോൾ അതിന്റെ ലിസ്റ്റാണ് അവൾ ഇതിൽ അയക്കാർ. എടുത്തു നോക്കിയപ്പോൾ മെസ്സേജ് പെട്ടെന്ന് ഡിലീറ്റ് ആക്കിയത് ആയി കാണിച്ചു, പിള്ളേര് വല്ലതും എടുത്ത് കളിച്ചതാ ആകുമെന്ന് കരുതി ഞാൻ തിരിച്ച് ഒന്നും ചോദിക്കാനും പോയില്ല..

എന്നും രാത്രി കിടക്കുന്നതിന് മുന്നേ അവളുടെ ഒരു കോൾ പതിവുണ്ട്. ഇന്ന് അത് കണ്ടില്ല അതോണ്ട് ഞാൻ അങ്ങോട്ടേക്ക് വിളിച്ചു. ഒറ്റ ബെല്ലിൽ തന്നെ ഫോൺ എടുത്തു, ഫോൺ കൈയിൽ വച്ചിട്ട് ആണോ നീ വിളിക്കാത്തത്??? മറുപടിയൊന്നും വന്നില്ല ഞാൻ വീണ്ടും ചോദിച്ചു…

ഒന്നുമില്ല…

നീ നേരത്തെ എന്താ മെസ്സേജ് ഡിലീറ്റ് ആക്കിയേ??

ഓഹ് അത് കൈ തട്ടി വന്നതാ..

സാധാരണ ഉള്ള ചോദ്യങ്ങൾ ഒന്നും അവളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല..

നിങ്ങള് കഴിച്ചെങ്കിൽ കിടന്നോ..അവളുടെ ഒച്ചയിൽ എന്തോ പതർച്ച പോലെ..

എടീ നിനക്ക് വയ്യേ?? എന്താ ശബ്ദം വല്ലാതെ ഇരിക്കണേ??

ഒന്നുമില്ല എന്ന് പറഞ്ഞാൽ ഫോൺ കട്ടാക്കി.

തൃശ്ശൂരിലേക്ക് ട്രാൻസ്ഫർ ആയ പിന്നെ വീട്ടിൽ പോകാറുള്ളത് രണ്ടു മാസം കൂടുമ്പോൾ ആണ് അല്ലെങ്കിൽ എന്തെങ്കിലും വിശേഷം നാട്ടിൽനിന്നു വിളിച്ചു പറയണം. അവളുടെ അച്ഛനും അനിയനും അടുത്ത് ഉള്ള ധൈര്യത്തിൽ ഞാൻ അവളെയും പിള്ളേരെയും അവിടെയാക്കി ഇങ്ങോട്ടേക്കു വന്നത്. അവൾക്ക് ഇപ്പോ എന്ത് പറ്റി..

കിടക്കാൻ നേരം ഞാൻ ഒരു മെസ്സേജ് ഇട്ടു..എടീ നിനക്ക് വയ്യെങ്കിൽ പറയണം ഞാൻ സഹായത്തിന് ആരെയെങ്കിലും ഏർപ്പാടാക്കാം.

അവൾ മറുപടി തന്നു എനിക്ക് കുഴപ്പമില്ല എന്ന്. വാക്സിൻ എടുത്തതിന്റെ ക്ഷീണം ആണോ നിനക്ക്. അവൾ പറഞ്ഞു അതൊക്കെ മാറിയിട്ട് കുറച്ചുദിവസമായി എന്ന്..എന്നാ പിന്നെ നീ കിടന്നോ എന്നും പറഞ്ഞു ഞാൻ ഫോൺ ചാർജിൽ ഇട്ട് കിടന്ന്..

എന്തായാലും രാവിലെ അമ്മയോട് ഒന്ന് അവിടം വരെ പോയി നോക്കാൻ പറയണം. എത്ര വയ്യെങ്കിലും അവൾ ആരെയും അറിയിക്കില്ല…അതാണ് പ്രകൃതം ഇനി പിള്ളേര് വല്ല കുരുത്തക്കേടും ഒപ്പിച്ചു ആവോ..ഏതായാലും രാവിലെ അമ്മയെ ഒന്ന് വിളിച്ച് അവളെ ഒന്നു പോയി കാണാൻ പറയാം.

ഞാൻ ഓഫീസിലേക്ക് പോയി നാലുമണി ആയപ്പോ അമ്മയുടെ കോൾ വന്നു മോനെ അവർക്ക് ഒന്നും ഇല്ല സ്കൂളിന് പിള്ളേരു വന്നപ്പോൾ പിള്ളേരെയും കണ്ടിട്ട് ഞാനിങ്ങ് പോന്നു

വൈകീട്ട് റൂമിൽ എത്തി ഭക്ഷണം കഴിച്ചിരുന്നോ അപ്പോൾ അവളുടെ കോൾ വന്നു പ്രത്യേകിച്ച് ഒന്നും ചോദിച്ചില്ല..

അമ്മ വന്നിരുന്നു..

നിനക്ക് വയ്യ എന്ന് ഓർത്താണ് അമ്മയെ പറഞ്ഞു വിട്ടത്..

അതിന് എനിക്ക് വല്ല വയ്യായികേം  ഉണ്ടെന്നു ഞാൻ പറഞ്ഞോ??

ഇല്ലെടി അതല്ല…

പിന്നെ എന്താണ്??

അല്ല പിള്ളേര് ഉറങ്ങിയോ??

അഹ് അവര് ഭക്ഷണം കഴിച്ചു കിടന്ന്..പിന്നെ നിങ്ങൾ കിടന്നോ എന്നും പറഞ്ഞ് അവൾ ഫോൺ കട്ട് ചെയ്തു..

ഒന്ന് തിരിച്ചു വിളിച്ചാലോ അഭിമാനം പോകുമോ..അല്ലേൽ തന്നെ അവളോട് എത്ര തവണ ചോദിച്ചു എന്താ പ്രശ്നം എന്ന് ഒന്ന് വാ തുറന്നു പറഞ്ഞു കൂടെ??  അമ്മ ചെന്ന് വല്ലോം പറഞ്ഞു ഇടങ്ങേർ ആക്കി കാണുമോ?? നാളെ ചേച്ചിയെ ഒന്ന് പറഞ്ഞു  പറഞ്ഞു വിട്ടാലോ അല്ലേൽ വേണ്ട ഒന്നു വിളിക്കാൻ പറയാം.

ഞാൻ ചേച്ചിയെ വിളിച്ചു.

എടീ ചേച്ചി നാളെ നീ ഫ്രീയാണോ??

എന്താടാ എന്തുപറ്റി??

പിള്ളേരും അവളും ഇടക്ക് ചേച്ചിയെ തിരക്കി. ഒന്ന് അവിടം വരെ പൊക്കൂടെ…നാളെ നിനക്ക് പറ്റുമോ….

ആ നാളെ ഉച്ചതിരിഞ്ഞ് ഞാൻ അവിടെ കേറിയിട്ട് വരാം..ചേച്ചി പറഞ്ഞു..

വൈകിട്ട് ആയപ്പോൾ അവളുടെ കോൾ വന്നു..നിങ്ങൾക്ക് എന്താ മനുഷ്യ പറഞ്ഞാൽ മനസ്സിലാവില്ലേ..ഇവിടെ എനിക്ക് ഒരു സൂക്കേടുംഇല്ല ചുമ്മാ ഓരോന്ന് കുടുംബക്കാരെ കൊണ്ട് പറയിപ്പിക്കാൻ വേണ്ടി ഇന്നലെ നിങ്ങടെ അമ്മ വന്നു ഇന്ന് ചേച്ചി വന്നു..

എടി അത് പിന്നെ ഞാൻ..പറഞ്ഞു തീരും മുന്നേ അവൾ ഫോൺ കട്ടാക്കി പോയി.

ശേ…അവളെ പറഞ്ഞു വിടണ്ട ആയിരുന്നു..അളിയനോട് ഒന്നു പോയി എന്ന് അന്വേഷിക്കാൻ പറഞ്ഞാലോ അല്ലെങ്കിൽ വേണ്ട..അത് ഇരട്ടിപ്പണി അകത്തെ ഉള്ളൂ..

നാളെ അവിടെ വരെ ഒന്നു പോകാം വീക്കെൻഡ് വരെ നോക്കി ഇരിക്കേണ്ട കാര്യമില്ല. രാവിലത്തെ ബസ്സിന് അങ്ങ് എത്തി. ചെന്ന് കയറിയതും അവൾ ജോലിയെല്ലാം കഴിഞ്ഞ് കുളിച്ചിട്ടുള്ള നിൽപ്പാണ് എന്നെ കണ്ടതും അവൾ ഭാവ വ്യത്യാസം ഒന്നും ഇല്ലാതെ ചോദിച്ചു നിങ്ങൾക്ക് ചായ വേണമോ എന്ന്??

വേണ്ടാന്നു പറഞ്ഞെങ്കിലും ചൂടോടെ ഒരെണ്ണം മുന്നിലെത്തി. ഇന്നെന്താ നിങ്ങൾക്ക് കുടുംബക്കാരെയും പറഞ്ഞുവിടാൻ കിട്ടിയില്ലേ..അവൾ ചോദിച്ചു..

നിനക്കെന്താ പറ്റിയെ എന്തിനാ ഇങ്ങനെ ദേഷ്യം കാണിക്കുന്നേ?? ഒന്നുമില്ല എന്ന് പറഞ്ഞിട്ട് അവൾ നടന്നുപോയി.

എടി നിന്നേ…അവൾ നിന്നില്ല നടന്നകന്നു..എടി മുത്തേ ഒന്ന് നോക്കിയേ..

മുത്തോ ആരുടെ മുത്ത്?????? അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കിയിട്ട് ചോദിച്ചു..

അങ്ങനെ ഒരു പേരുണ്ടെന്ന് നിങ്ങൾക്ക് ഓർമയുണ്ടോ അങ്ങനെ വിളിക്കാൻ നിങ്ങൾക്ക് അറിയാമോ..

എടി ഞാൻ….

ഒന്നും പറയണ്ട നിങ്ങൾ മിണ്ടിപോകരുത് ഇവിടെ നിന്ന് ഒരു പോക്ക് പോകും, പിന്നെ തിന്നോ കുടിച്ചോ ഉറങ്ങിയോ എന്നുള്ള ചോദ്യങ്ങൾ അല്ലാതെ നിങ്ങൾ എന്നെപ്പറ്റി ചോദിക്കാറുണ്ടോ 2 പിള്ളേര് ആയപ്പോൾ നിങ്ങൾക്ക് എന്നെ വേണ്ടാതായോ?? ഇത്രയും പറഞ്ഞ് അവർ നിശബ്ദയായി

എടി ജോലിയും പിന്നെ അതിന്റെ തിരക്കൊക്കെ കാരണം….

കാരണം…നിങ്ങൾ നിങ്ങളുടെ ഭാര്യയെ മറന്നുപോയോ..നിങ്ങൾക്ക് രണ്ടാഴ്ചയിൽ ഒരിക്കൽ എങ്കിലും ഒന്നു വന്നു പൊയ്ക്കൂടേ..ഇത്രയും പറഞ്ഞതും അവളുടെ കണ്ണു നിറഞ്ഞു…

എടി നിന്റെ ഒച്ച ഒന്ന് ഇടറിയ ഇപ്പോൾ ഞാനോടി വന്നില്ലേ..

ആ വരണം പിന്നെ നിങ്ങൾക്കെന്താണ് പണി നിങ്ങൾ ഭർത്താവ് എന്ന് പറഞ്ഞു നടന്നിട്ട് എന്ത് പ്രയോജനം??

ഞാൻ ഒന്നും പറയാൻ പറ്റാത്ത മിണ്ടാതെ നിന്നു..

നീ വല്ലതും കഴിച്ചോടി..

ഇല്ല ദേഷ്യത്തിൽ മറുപടി വന്നു. എങ്കിൽ വാ ഇന്ന് നമുക്കൊരുമിച്ച് കഴിക്കാം..ദേഷ്യത്തിൽ ആണെങ്കിലും എല്ലാം വിളമ്പി തന്നു..

നീയും ഇരിക്ക് നമുക്കൊരുമിച്ച് കഴിക്കാം..

ഓ വേണ്ട..ഇത്രയും ദിവസം ഞാൻ ഒറ്റക്കല്ലേ കഴിച്ചു കൊണ്ടിരുന്നത് ഇനിയും അത് തന്നെ മതി നിങ്ങൾ നാളെ പെട്ടിയുമെടുത്ത് പോകില്ല പിന്നെ ഇനി വല്ല കല്യാണത്തിനോ പാലുകാച്ചിനോ അടിയന്തരത്തിനോ ഒക്കെ അല്ലേ വരുള്ളൂ..

നീ ഒന്ന് ഇരിക്കടി കൂടെ..ഞാൻ കഴിക്കാൻ എടുത്തത് അവളുടെ വായിൽ വച്ചു കൊടുത്തു ഉണ്ടകണ്ണ് വച്ച ആദ്യം നോക്കിയെങ്കിലും വാ തുറന്നു തന്നു..അത് കഴിച്ചു ഇറക്കി, കൈകഴുകി വന്നതും അവളെ കണ്ടില്ല, എല്ലായിടത്തും നോക്കി ഒടുവിൽ നോക്കിയപ്പോൾ റൂമിൽ കിടക്കുന്നു..

അടുത്ത് പോയി ചെന്ന് കിടന്നാൽ അടി ഉറപ്പാണ് എന്ന് അറിയാം എങ്കിലും..ഞാൻ അടുത്ത് ചെന്നിരുന്നു ചോദിച്ചു എടീ നിനക്ക് ഇപ്പോഴും ദേഷ്യമാണോ..?

നിങ്ങൾക്ക് ഒരു വിചാരമുണ്ട് നിങ്ങൾ മാസം മാസം അയക്കുന്ന പൈസയും നോക്കി ഇവിടെയുള്ള ജോലിയും ചെയ്തു ഞാൻ ഇവിടെ കഴിഞ്ഞു കഴിഞ്ഞു പോകും എന്ന്..അങ്ങനെ വല്ലതും ഉണ്ടകിൽ നിങ്ങൾക്ക് തെറ്റി..

ഞാൻ ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ടെന്നു നിങ്ങൾ എപ്പോഴെങ്കിലും ഓർക്കാറുണ്ടോ??

മുത്തേ എനിക്ക് ജോലി തിരക്ക് ആയത് കൊണ്ടു അല്ലേ..നിന്നെ വിളിക്കുമ്പോൾ എന്തൊക്കെയോ സംസാരിക്കണമെന്ന് ഉണ്ട്..പക്ഷേ പറ്റാറില്ല..നീ എന്നോട് ഒന്ന് ക്ഷമിക്ക് ഇനി ഇങ്ങനെ ഒന്നും ഉണ്ടാകില്ല..ഉറപ്പ്..

നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം നിങ്ങൾ ഇനി ആരെയൊക്കെ പറഞ്ഞു വിട്ടാലും അത് നിങ്ങൾക്ക് പകരമാവില്ല..

ഞാനൊന്നും മൂളി..ഞാൻ അവളെ ചേർന്ന് കിടന്നു അവളെ നെഞ്ചോട് ചേർത്തുപിടിച്ചു എന്നിട്ട് പറഞ്ഞു ഉണ്ടക്കണ്ണി നിന്റെ കണ്ണ് പീലിയിൽ ഞാൻ ഒന്ന് മുത്തിക്കോട്ടെ???.അവൾ ചിരിച്ചു..

അന്നേരം പിണക്കവും ദേഷ്യവും ഒക്കെ അലിഞ്ഞില്ലാതാകുന്നത് ഞാനറിഞ്ഞു.

~പാർവ്വതി ജയകുമാർ