ഒരു നിമിഷം ഡോക്ടർ തന്റെ കസേരയിലേക്ക് ചാരിയിരുന്നു. ജാലകപഴുതിലൂടെ വിദൂരതയിലേക്ക് നോക്കി എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു…

വിഷാദം…

എഴുത്ത്: രാജീവ് രാധാകൃഷ്ണ പണിക്കര്‍

============

“ഇല്ല അയാൾ ആ ത്മഹത്യ ചെയ്യുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതിനാണെങ്കിൽ പണ്ടേ അയാൾക്കതാകാമായിരുന്നു. അന്ന് എന്നെ കാണാൻ വരേണ്ട ആവശ്യമുണ്ടായിരുന്നില്ല”

ഒരു നെടുവീർപ്പോടെ ഡോക്ടർ സുലേഖ പിറുപിറുത്തു.

“അതേ മാഡം അയാളുടെ മരണത്തെപറ്റി ഞങ്ങൾക്കും ചില സംശയങ്ങൾ ഉണ്ട്. അങ്ങിനെയൊരു അന്വേഷണത്തിനിടയിലാണ് മാഡത്തിന്റെ പ്രിസ്ക്രിപ്ഷൻ കിട്ടിയത്. അതാണ് എന്നെ ഇവിടെ എത്തിച്ചതും. അയാളെക്കുറിച്ചു മാഡത്തിന് അറിയാവുന്നത് എന്നോട് പങ്കുവയ്ക്കുന്നതിൽ വിരോധമില്ലല്ലോ?”

ഇൻസ്‌പെക്ടർ ശ്രീരാം പ്രതീക്ഷയോടെ ഡോക്റ്ററുടെ മുഖത്തേക്ക് നോക്കി.

ഒരു നിമിഷം ഡോക്ടർ തന്റെ കസേരയിലേക്ക് ചാരിയിരുന്നു. ജാലകപഴുതിലൂടെ വിദൂരതയിലേക്ക് നോക്കി എന്തോ ഓർത്തെടുക്കാൻ ശ്രമിച്ചു. പിന്നെ മെല്ലെ പറഞ്ഞുതുടങ്ങി….

******************

പുതുവർഷത്തലേന്നാണ് അയാൾ എന്നെ കാണാൻ ആദ്യമായി വന്നത്.

അന്നെങ്കിലും നേരത്തെ വീട്ടിലെത്തുക എന്ന ഉദ്ദേശത്തോടെ മണിയോടെ ക്ലിനിക് അടച്ചു പോകാനുള്ള തെയ്യാറെടുപ്പിലായിരുന്നു ഞാൻ.

ആരേയും കാണേണ്ട എന്ന്‌ നിശ്ചയിച്ചിരുന്നതാണ്.

രാവിലത്തെ സെഷനിൽ അപ്പോയൻമെന്റ് എടുത്തയാളാണ്…

എന്തു പറഞ്ഞിട്ടും അയാൾ ഒഴിഞ്ഞു പോവുന്നില്ല എന്ന ‘മരിയ’യുടെ വാക്കുകൾക്കു മുന്നിൽ എനിക്ക് മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

മനസിന്റെ സമനില തെറ്റിയവരാണ് എന്നെ കാണാനായി എത്തുന്നത്.

അവരെ നിരാശരാക്കി തിരിച്ചയച്ചാൽ അവരൊരു പക്‌ഷേ ജീവിതത്തിൽ നിന്ന് തന്നെ ഓടിയൊളിക്കാൻ ശ്രമിച്ചേക്കാം.

മുൻ നിശ്ചയങ്ങൾ തെറ്റിയ നീരസം ഉള്ളിലൊതുക്കി പരമാവധി സൗമ്യത മുഖത്തു വരുത്തി ഞാൻ ആഗതനെ നിരീക്ഷിച്ചു.

പരിക്ഷീണമായ മുഖം. കറുപ്പ് ബാധിച്ച കൺതടങ്ങൾ. വെട്ടിയൊതുക്കാത്ത താടി രോമങ്ങൾ. നര കയറിയ പാറിപ്പറന്ന തലമുടി. വിലയേറിയതെങ്കിലും ഇസ്തിരിയിടാതെ ചുളിഞ്ഞ വസ്ത്രങ്ങൾ.

“എന്റെ പേര് ഹരിദാസ്. രാവിലെ വരാൻ കഴിഞ്ഞില്ല. ക്ഷമിക്കണം” ഒരു കുറ്റവാളിയെ പോലെ അയാൾ തല താഴ്ത്തി.

വാക്കുകൾ പതിഞ്ഞതും ആത്മവിശ്വാസം തീരെ കുറഞ്ഞതുമായിരുന്നു.

“എന്താണ് പ്രശ്‌നം?”

അയാളുടെ നിർജ്ജീവമായ കണ്ണുകളിലേക്ക് നോക്കിക്കൊണ്ടു ഞാൻ തിരക്കി.

എന്റെ ദൃഷ്ടികളെ നേരിടാൻ അയാൾ മടിക്കുന്നത് പോലെ തോന്നി.

“മരിക്കുവാൻ തോന്നുന്നു.”

ചുവരിലെ ക്ളോക്കിൽ ദൃഷ്ടി പതിപ്പിച്ചുകൊണ്ട് വിറയാർന്ന ശബ്‌ദത്തിൽ അയാൾ പറഞ്ഞു

വിഷാദത്തിന്റെ അഗാധ ഗർത്തങ്ങളിൽ പിറവിയെടുത്ത വാക്കുകൾ.

“എന്തിന്”

“ജീവിതം മതിയായി. പക്ഷെ മരിക്കാൻ ഭയമാണ്”

ആ വാക്കുകൾ തികച്ചും വികാരരഹിതമായിരുന്നു.

“നിങ്ങളെ പറ്റി പറയൂ…എന്നിട്ട് തീരുമാനിക്കാം മരിക്കണോ വേണ്ടയോ എന്ന്”

പേന കയ്യിലെടുത്ത് ലെറ്റർ പാഡ് തുറന്ന് ഞാൻ അയാളെ പ്രോത്സാഹിപ്പിച്ചു.

അയാൾ ഒരു നിമിഷം മുരടനക്കി ശബ്ദം ശരിയാക്കി.

പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു തുടങ്ങി.

“അച്ഛനമ്മമാരുടെ ഏക മകനായി പേരുകേട്ട തറവാട്ടിലായിരുന്നു  ജനനം.

അമിതമായ സ്നേഹലാളനങ്ങളാൽ ലജ്ജാശീലനായിട്ടാണ് വളർന്നത്.

ആഢ്യത്വത്തിന്റെ പേരു പറഞ്ഞ് സമപ്രായത്തിലുള്ള കുട്ടികളുമായി ഇടപഴകുവാനോ കൂട്ടുകൂടാണോ അച്ഛനമ്മമാർ അനുവദിച്ചിരുന്നില്ല.

താഴത്തും തലയിലും വയ്ക്കാതെ വളർന്ന ബാല്യം

സ്കൂൾ വിട്ടാൽ മുറിയുടെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങിയ കൗമാരം.

വീടിനു പുറത്തെ വിശാലമായ ലോകത്തെ കുറിച്ച് അറിയാനാവാതെ പോയ ബാല്യകൗമാരങ്ങൾ എന്നിൽ അന്തഃർമുഖത്വത്തിന്റെ വിത്തുകൾ പാകി.

ആയിടെ വീട്ടിലെ  പണിക്കാരനായിരുന്ന കുമാരേട്ടന്റെ ലൈം ഗീക വൈകൃതങ്ങൾ എന്നിലേല്പിച്ച ആഘാതം വളരെ വലുതായിരുന്നു.

അതു പിന്നീട് ഭയത്തിലേക്ക് ചുവടു മാറുകയായിരുന്നു.

ആളുകളോട് സംസാരിക്കാൻ ഭയമായിരുന്നു.

പുതിയൊരു ഡ്രസ് ഇടാൻ ഭയമായിരുന്നു.

മറ്റുള്ളവർ എന്നെക്കുറിച്ച് എന്തു വിചാരിക്കുമെന്ന ചിന്തയാൽ മുറിക്കുള്ളിൽ ചടഞ്ഞിരുന്ന നാളുകൾ.

മറ്റുള്ളവരോട് സംസാരിക്കാൻ ശ്രമിക്കുമ്പോൾ വാക്കുകൾ തൊണ്ടയിൽ കുരുങ്ങുന്ന അവസ്ഥ.

പലപ്പൊഴും ആളുകൾ കൂടുന്ന സദസ്സുകളിൽ നിന്ന് ഓടിയൊളിക്കാറായിരുന്നു പതിവ്.

ഉത്കണ്ഠയും പിരിമുറുക്കവും കൂട്ടുകാരായി.

ഉദയാസ്തമനങ്ങളിലും വീശുന്ന കുളിർ തെന്നലിലും കിളികളുടെ കളകളാരവങ്ങളിലുമെല്ലാം പലപ്പോഴും സന്തോഷത്തേക്കാളേറെ സന്താപമാണ് മനസ്സ് തേടിയത്.

അപകർഷതാ ബോധവും മാനസീക പിരിമുറുക്കവും ശക്തമായപ്പോൾ ഏതു വിധേനയും അവയുടെ നീരാളിപിടുത്തത്തിൽ നിന്നും രക്ഷപ്പെടണമെന്ന ചിന്തയായി.

ജീവിതത്തിൽ സമൂലമായ മാറ്റം വേണമെന്ന് ഞാൻ മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു.

അങ്ങിനെയിരിക്കെയാണ്  പഠനത്തിനായി നഗരത്തിലെ  കോളേജിൽ എത്തുന്നത്.

അത്രയും ദൂരേക്ക് പഠിക്കുവാൻ വിടുവാൻ വീട്ടുകാർക്ക് താൽപര്യമില്ലായിരുന്നു.

എന്റെ കടുംപിടുത്തതിനു മുന്നിൽ അവർ സമ്മതിച്ചു എന്നേയുള്ളൂ.

അവിടെ വച്ചാണ് അവളെ കണ്ടുമുട്ടുന്നത്.

ആനിയെ…

എന്റെ ജീവിതത്തിൽ ആണായിട്ടും പെണ്ണായിട്ടുമുള്ള ആദ്യ സുഹൃത്ത് അവളായിരുന്നു.

ആ കണ്ടുമുട്ടൽ ജീവിതത്തിൽ പുതിയൊരു വഴിത്തിരിവാകുകയായിരുന്നു.

ഞാൻ അതുവരെ കാണാത്ത ലോകത്തിലേക്ക് പ്രവേശിക്കുകയായിരുന്നു.

എന്റെ സ്വപ്നങ്ങൾക്കും ചിറകു മുളച്ചു.

പക്ഷെ ഒരു അന്യജാതിക്കാരിയുമായുള്ള അടുപ്പം യാഥാസ്ഥിതികരായ വീട്ടുകാർ അനുവദിച്ചില്ല.

സ്വന്തമായി അഭിപ്രായങ്ങൾ രൂപപ്പെടുത്തുവാൻ കഴിവില്ലാതിരുന്ന എനിക്ക് വീട്ടുകാരെ എതിർക്കുവാനും കഴിഞ്ഞില്ല.

അങ്ങനെ അവളുമായി അകലേണ്ടി വന്നു.

മനസ്സിനേറ്റ മറ്റൊരു മുറിവായിരുന്നു അത്.

പഠനശേഷം അച്ഛന്റെ സുഹൃത്തിന്റെ കമ്പനിയിൽ ഉദ്യോഗം.

ഒടുവിൽ വീട്ടുകാർ നിശ്‌ചയിച്ച പെൺകുട്ടിയുമായി വിവാഹം.

ജീവിതം മുൻകൂട്ടി  എഴുതിയുറപ്പിച്ച തിരക്കഥക്കൊപ്പിച്ചു മുന്നോട്ടു പോവുകയായിരുന്നു.

ദാമ്പത്യ ജീവിതം ഒരു പരാജയമായിരുന്നു.

ശാരിയുമായി പൊരുത്തപ്പെടാനാവാത്ത പത്തുവർഷങ്ങൾ…

എന്റെ സ്വഭാവത്തിന് നേരെ വിപരീതമായിരുന്നു അവളുടെ സ്വഭാവം.

ഒത്തിരി സുഹൃത്തുക്കളും യാത്രകളുമൊക്കെയായി നടന്നിരുന്ന അവൾക്ക് എന്റെ സ്വഭാവവുമായി യോജിച്ചു പോകാൻ കഴിയുമായിരുന്നില്ല.

എങ്കിലും എനിക്കവളെ ഇഷ്ടമായിരുന്നു.

മാഡത്തിന് ബോറടിക്കുന്നുണ്ടോ?

മേശപ്പുറത്തിരുന്ന കുപ്പിയിൽ നിന്നും ഒരു കവിൾ വെള്ളം വായിലേക്ക് കമഴ്ത്തിക്കൊണ്ട് അയാൾ അയാൾ എന്റെ നേരെ നോക്കി.

അപ്പോൾ അയാളുടെ കണ്ണുകളിൽ ഒരു തിളക്കം ദൃശ്യമായിരുന്നു.

അവളെ അയാൾ സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവായി.

“ഇല്ല നിങ്ങൾ മുഴുവനായും പറയു”.

ഞാൻ അയാളെ പ്രോത്സാഹിപ്പിച്ചു.

“നമ്മൾ വിചാരിക്കുന്നതായിരിക്കില്ല ദൈവഹിതം.

മൂന്നും എട്ടും വയസ്സുള്ള രണ്ടു കുഞ്ഞുങ്ങളെ തന്ന് അവൾ പോയി. ഒരിക്കലും തിരിച്ചു വരാനാകാത്ത യാത്രയ്ക്ക്.

ആവസാന നിമിഷമാണ് അസുഖം തിരിച്ചറിഞ്ഞത്

പിന്നീട് മക്കൾക്കു വേണ്ടിയായി ജീവിതം.

എന്റെ മാനസീക അവസ്ഥയിലേക്ക് അവർ എത്തിപ്പെടരുതെന്ന് ഞാൻ ആഗ്രഹിച്ചു.

ഞാൻ അനുഭവിക്കാത്ത സ്വാതന്ത്ര്യം അവർക്കു നൽകി. ഞാനവരുടെ ഒരു ഇഷ്ടങ്ങൾക്കും എതിരുനിന്നില്ല. എന്റെ അതിരു വിട്ട നിയന്ത്രണങ്ങൾ ഒരിക്കലും അവരുടെ ജീവിതത്തെ തകർക്കരുതെന്നു കരുതി.

പക്ഷെ സ്വാതന്ത്ര്യം ദുസ്വാതന്ത്ര്യമാവുകയായിരുന്നുഎന്നറിയാൻ വൈകി.

മകൾ ഒരു ദിവസം ക്രിമിനൽ കേസുകളിൽ പ്രതിയായ ഒരാളുടെ കൂടെ ഇറങ്ങി പോയപ്പോൾ ഞാനാകെ തളർന്നു.

‘അച്ഛൻ ഞങ്ങളെ ചെറുപ്പം മുതൽ അല്പമെങ്കിലും കണ്ട്രോൾ ചെയ്തിരുന്നെങ്കിൽ ഞാനും ചേച്ചിയും വഴി തെറ്റി പോവുകയില്ലായിരുന്നു’

മ യക്കുമരുന്നു കേസിൽ പ്രതിയായി കസ്റ്റഡിയിലായ മകനെ കാണാൻ സ്റ്റേഷനിൽ ചെന്നപ്പോൾ അവൻ മുഖത്തു നോക്കി പറഞ്ഞ വാക്കുകൾ.

ഞാൻ എന്റെ അഛനമ്മമാരോട് ചോദിച്ച ചോദ്യങ്ങളുടെ നേരെ എതിർ ചോദ്യം.

കാലത്തിന്റെ തിരിച്ചടി ഞാൻ തിരിച്ചറിഞ്ഞു.

നിയതിയുടെ മറ്റൊരു വികൃതി.

അതോടെ ജീവിച്ചു മതിയായി എന്നൊരു തോന്നൽ.

മരിക്കുവാൻ പല തവണ തോന്നിയതാണ്. സാധിക്കുന്നില്ല. എന്നിൽ രൂഢമൂലമായ ഭയം എന്നെ അതിൽ നിന്നും അകറ്റുന്നു.

ഞാൻ എന്താണ് ചെയ്യേണ്ടത്?”

അയാൾ പൊട്ടിക്കരഞ്ഞു.

അയാളുടെ ഏങ്ങലടികളാൽ മുറി മുഖരിതമായി

“സോറി ഞാൻ അല്പം എക്സൈറ്റഡ് ആയി”

അൽപ സമയത്തിന് ശേഷം കണ്ണീർ തുടച്ചുകൊണ്ട് അയാൾ പറഞ്ഞു.

“സാരമില്ല, മനസ്സു തുറന്നു കരഞ്ഞപ്പോൾ അല്പമൊരു ആശ്വാസം കിട്ടിയല്ലോ. ജീവിക്കണം എന്ന തോന്നൽ ഉണ്ടാകാൻ അതു തന്നെ ധാരാളം…”

ഞാനയാളെ ആശ്വസിപ്പിച്ചു.

ചെറുപ്പത്തിൽ അയാൾ അനുഭവിച്ച അടിച്ചമർത്തലുകൾ അയാളുടെ മനസ്സിൽ വിഷാദത്തിന്റെ വിത്തുകൾ പാകിയിരുന്നു.

തന്നെ സ്വതന്ത്രമായി വിടാതിരുന്ന അച്ഛനമ്മമാരോടുള്ള പക മക്കൾ വഴിതെറ്റി പോയപ്പോഴും അയാളെ അന്ധനാക്കി.

ഒടുവിൽ എല്ലാം കൈവിട്ടെന്ന തോന്നൽ ആയളെ പൂർണ്ണമായും വിഷാദത്തിന്റെ പിടിയിലാക്കി.

അല്ലെങ്കിൽ തന്നെ ആരാണ് മാനസീക രോഗികൾ അല്ലാത്തത്. നമ്മൾ ആ സിറ്റുവഷനുകളെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിലാണ് കാര്യം.

അയാൾക്ക് ലഭിക്കാതിരുന്ന സ്വാതന്ത്ര്യവും മക്കൾക്ക് ലഭിച്ച സ്വാതന്ത്ര്യവും അയാളുടെ ജീവിതത്തിൽ നെഗറ്റീവ് എഫക്ട് ആണ് സമ്മാനിച്ചത്.

ഞാനയാളെ ഉപദേശിക്കുവാൻ
ശ്രമിച്ചു.

എന്തായാലും സംഭവിക്കാനുള്ളതെല്ലാം സംഭവിച്ചു കഴിഞ്ഞു. അതൊന്നും ഇനിയാർക്കും തിരുത്താനാവില്ല. ഇനിയുള്ള കാലം ആ അനുഭവങ്ങളിൽ നിന്നുള്ള പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് ജീവിക്കാൻ ശ്രമിക്കുക.

മനസ്സിനെ വിഷമിപ്പിക്കുന്ന കാര്യങ്ങൾ ഓർക്കാൻ ശ്രമിക്കാതിരിക്കുക.

മനസ്സിന് സന്തോഷം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടുക. രാവിലെയും വൈകിട്ടും വ്യായാമം ചെയ്യുക. നടക്കാൻ പോയാലും മതി.

ദൈവത്തിൽ വിശ്വസിക്കുക. ദൈവം തന്ന ജീവിതം ഇല്ലാതാക്കാൻ നമുക്ക് അവകാശമില്ല. പോസിറ്റീവ് ആറ്റിറ്റ്യുഡ് വികസിപ്പിക്കുക.

‘സന്തോഷം ‘ അതൊരിക്കലും നമ്മളെ തേടി വരില്ല. അതു കണ്ടെത്താൻ ശ്രമിക്കുക.

ഒരാഴ്ചക്കുള്ള മരുന്നുകൾ എഴുതി. അതിനു ശേഷം വന്നു കാണാൻ പറഞ്ഞു.

മരുന്നു കുറിച്ചു കൊടുത്ത ചീട്ടുമായി അയാൾ തൊഴുതു കൊണ്ട്  യാത്രപറഞ്ഞു.

മനസ്സു തുറന്ന് സംസാരിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തി അയാളുടെ മുഖത്തു നിഴലിച്ചിരുന്നു.

ഒരാഴ്ച കഴിഞ്ഞ് അയാൾ വീണ്ടുമെന്നെ കാണാൻ  വന്നിരുന്നു. അന്നയാൾ മുൻ തവണയേക്കാൾ ഏറെ മെച്ചപ്പെട്ടിരുന്നു. ദീർഘമായ കൗൺസിലിംഗിനോടൊപ്പം ചില റിലാക്സേഷൻ ടെക്‌നിക്കുകൾ കൂടി പറഞ്ഞു കൊടുത്തതാണ്.

അയാൾ വീണ്ടും വരുമെന്ന് എനിക്കുറപ്പായിരുന്നു. മുപ്പത് വർഷങ്ങളായി ഞാൻ പ്രാക്ടീസ് ചെയ്യുന്നു. രോഗികളെ കുറിച്ചുള്ള എന്റെ അസസ്മെന്റ് തെറ്റാറില്ല.

അതേ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അയാൾ ആ ത്മഹത്യ ചെയ്യില്ല…

***************

ഓക്കെ മാഡം താങ്ക്സ് എ ലോട് ഫോർ യൂവർ കൈൻഡ് കോ ഓപറേഷൻ”

ഇൻസ്‌പെക്ടർ ശ്രീരാം യാത്ര പറഞ്ഞിറങ്ങി.

പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത ഏതാനും ദിവസങ്ങൾ…

ഒരു നാൾ രാവിലെ പത്രമെടുത്തു നോക്കിയ ഡോക്ടർ സുലേഖയുടെ കണ്ണുകൾ ഒരു വാർത്തയിൽ ഉടക്കി നിന്നു.

‘മധ്യവയസ്കന്റെ മരണം കൊ ലപാതകം. മ യക്കുമരുന്നു ല ഹരിയിൽ പിതാവിനെ വധിച്ച മകൻ അറസ്റ്റിൽ’

അവസാനിച്ചു…

രാജീവ്

12/2/22