രമേശൻ വിവാഹത്തിന് സമ്മതം മൂളി എന്നറിഞ്ഞതും ആറ്റിങ്ങൽ തറവാട്ടിൽ ഉത്സവത്തിന് കൊടി കയറിയ പ്രതീതി ആയിരുന്നു…

പ്രിയ സഖി

Story written by Teena Joseph

=========

” എടാ, എനിക്കൊന്നു പെണ്ണ് കെട്ടിയാൽ കൊള്ളാം എന്നൊരു തോന്നൽ “

രമേശൻ സുഹൃത്തായ മനുവിനോട് പറഞ്ഞു.

കായലിലേക്ക് നാട്ടിയിരുന്ന ചൂണ്ട പിൻവലിച്ചു കൊണ്ട് മനു ഒന്ന് രമേശനെ ഇരുത്തി നോക്കി.

“നിനക്കെന്താ വല്ല പ്രാന്തുണ്ടോ? എടാ, പെണ്ണ് കെട്ടിയ തീർന്നു നിന്റെ കാര്യം. അല്ലാ,അല്ലേൽ തന്നെ ഈ പ്രായത്തിൽ ഇപ്പൊ അങ്ങട് ചെന്നാ നിരന്നു നിക്കുവല്ലേ പെണ്ണുങ്ങള് നിന്നെ കെട്ടാൻ. ഒന്ന് പോടാ ചുമ്മാ തമാശിക്കാണ്ട് “

“എടാ, നീ പറയുന്നതൊക്കെ നേരാ. എന്നാലും….നീയൊന്നു നോക്ക്. എനിക്ക് പറ്റിയ ഒരു വെണ്ണക്കൽ ശില്പം എന്നെ തേടി എവിടേലും ഉണ്ടെങ്കിലോ “

“ഹ്മ്മ്…അതെയതെ. നീ ഷാറുഖ് ഖാൻ ആണല്ലാ അപ്പോപ്പിന്നെ വെണ്ണക്കല്ല് തന്നെ കിട്ടും “

മനു ഒന്ന് കുടുങ്ങി ചിരിച്ചു

രമേശൻ വിവാഹത്തിന് സമ്മതം മൂളി എന്നറിഞ്ഞതും ആറ്റിങ്ങൽ തറവാട്ടിൽ ഉത്സവത്തിന് കൊടി കയറിയ പ്രതീതി ആയിരുന്നു.

ആറ്റിങ്ങൽ തറവാട്ടിലെ ലത ടീച്ചറുടെയും ദിവാകരൻ മാഷിന്റെയും ഏക മകനാണ് രമേശൻ എന്ന രമേശ്‌ ദിവാകർ. അന്ന് മുതൽ തറവാട്ടിൽ ദല്ലാളന്മാരുടെ ലഹളയാണ്. പക്ഷെ, വിവാഹിത ആവാത്ത ഒരു പെൺകുട്ടിയെ കിട്ടുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെ ആയിരുന്നു.

മാസങ്ങൾ കടന്നു പോയി. ആലോചനകളൊന്നും ശെരിപ്പെട്ടില്ല. രമേശന്റെ മനസ് മാറുന്നതിനു മുൻപ് തന്നെ കാര്യങ്ങൾ തീർപ്പാക്കാൻ ദിവാകരൻ മാഷും ലത ടീച്ചറും കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു.

” ലത ചേച്ചിയേ… “

അപ്പുറത്തെ വീട്ടിലെ സുധാമണി ആണ്. അടുക്കളയിൽ കറിക്കരിയുന്ന തിരക്കിലായിരുന്നു ലത ടീച്ചർ.

‘ഓ…കാലത്തെ തന്നെ വിളിക്കുന്നുണ്ടല്ലോ നാശം. ഇന്നാരുടെ കൊരവള്ളി പൊട്ടിച്ച കഥ പറയാനാണാവോ ‘

ലത ടീച്ചർ മനസ്സിൽ ഓർത്തു. ആ പരിസരത്തെ ഒന്നാന്തരം മഞ്ഞപ്പത്രം ആണ് സുധ.

“ന്താ സുധേ നീ കാലത്തെ തന്നെ “

സാരിയുടെ തലപ്പിൽ കൈ തുടച്ചു കൊണ്ട് മുഖത്തു ഒരു ചിരിയും പിടിപ്പിച്ചു ലത ടീച്ചർ കാര്യം അന്വേഷിച്ചു.

“ഞാനേയ്, നമ്മുടെ രമേശനൊരു ആലോചന ആയിട്ട് വന്നതാ ലത ചേച്ചി. നിങ്ങൾ രണ്ടാം കെട്ടൊന്നും നോക്കണില്ലല്ല. ഈ പെങ്കൊച്ചും കല്യാണം കഴിച്ചിട്ടില്ല. നല്ല പഠിപ്പും ഉണ്ട്. ഏതാണ്ട് എഞ്ചിനീയറിംഗ് ഒക്കെ കഴിഞ്ഞതാ. 30 വയസ്സ്. “

“ആഹാ, കൊള്ളാല്ലോ സുധേ..അല്ല സുധേ, ഈ പെങ്കൊച്ചെന്താണ് ഇത്രേം മൂപ്പായിട്ടും പെണ്ണ് കെട്ടാഞ്ഞത്? വല്ല കൊഴപ്പൊമുള്ള പെണ്ണാണോടി? “

തന്റെ ഉള്ളിലെ ആശങ്ക ടീച്ചർ ചോദിക്കാൻ മടിച്ചില്ല.

“അങ്ങനെ കൊഴപ്പമുള്ള കൊച്ചൊന്നും അല്ലെന്റെ ചേച്ചിയെ..ഇതെനിക്കറിയാവുന്ന കൊച്ചാ. നല്ല കിണ്ണം കാച്ചിയ പോലത്തെ മോളാ. പിന്നേ…ഈ അസുഖമൊക്കെ നമ്മുടെ കുഴപ്പം കൊണ്ട് വന്നതല്ലല്ലോ ലത ചേച്ചി..ആ പെ.. “

“ദേ സുധേ, എന്റെ മോൻ പെണ്ണ് കെട്ടാൻ ഇത്തിരി താമസിച്ചത് അവനൊരു കൊഴപ്പോമിണ്ടായിട്ടല്ല അവനു വേണ്ടാഞ്ഞോണ്ടാ..ഇപ്പോ അവനൊരു കൂട്ട് വേണോന്നു തോന്നി. എന്നും വെച്ച് ഒരു സൂക്കേടുകാരിയെ തലയിൽ ചുമക്കേണ്ട ഗതികേടൊന്നും എന്റെ മോനില്ല “

സുധ പറഞ്ഞു തീർക്കും മുൻപേ ലത ടീച്ചർ തന്റെ നയം വ്യക്തമാക്കി.

“അങ്ങനൊന്നും അല്ലെന്റെ ചേച്ചിയെ..ആ പെങ്കൊച്ചിന് പഠിക്കുമ്പോ breast cancer വന്നു ഒരു മു ല മുറിച്ചു മാറ്റേണ്ടി വന്നു. ഇപ്പോ അസുഖമൊക്കെ ഭേദമായിട്ട് 3 കൊല്ലത്തോളം ആയി. നിങ്ങൾ ആലോചിച്ചിട്ട് പറയ്‌. മീര എന്നാണ് കൊച്ചിന്റെ പേര്. “

“ശെരി സുധേ, ഞാനൊന്നു ദിവാകരേട്ടനോട് ആലോചിക്കട്ടെ. എന്നിട്ട് പറയാം “

“ശെരി ചേച്ചി”

വരാന്തയിലിരുന്നു പത്രം വായിക്കുകയായിരുന്നു ദിവാകരൻ മാഷ്.

” ദിവാകരേട്ടാ “

“എന്താ ലതേ “

“അതേയ് അപ്പുറത്തെ വീട്ടിലെ സുധ വന്നിരുന്നു “

“ഉം..ന്താ കാര്യം?”

“രമേശനൊരു ആലോചന ആയിട്ട് വന്നതാ. നല്ല പഠിപ്പിണ്ടത്രേ. പുനർവിവാഹോമല്ല. പക്ഷെ  അതിന്റെ ഒരു മു ല മുറിച്ചു മാറ്റീത്താണത്രേ..ഇപ്പോ അസുഖോന്നൂല്യ..ഞാൻ എന്താ പറയണ്ടേ? “

മാഷ് ദീർഘമായ് ഒന്ന് നിശ്വസിച്ചു.

“സ്വഭാവം എങ്ങനിണ്ടെന്ന് പറഞ്ഞോ?”

” നല്ല കിണ്ണം കാച്ചിയ പോലത്തെ കൊച്ചാണെന്നാ പറഞ്ഞേ “

“ഉം…സുധേടെ വായിന്നു നല്ലത് എന്ന് വന്നിട്ടുണ്ടെങ്കിൽ അത് വളരെ നല്ലതാരിക്കും. നമുക്കിത് നോക്കാം ലതേ. സ്വഭാവം നന്നായാ മതീന്നെ. പിന്നേ ഇപ്പൊ ഒട്ടു അസുഖോമില്ല. ഞാൻ പറയാം അവനോട്.”

ദിവാകരൻ മാഷിന്റെ വാക്കിന് എതിരഭിപ്രായം രമേശനുണ്ടാവില്ലന്ന് ടീച്ചർക്ക് ഉറപ്പായിരുന്നു.

അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനും പ്രാർത്ഥനകൾക്കും വിരാമമിട്ട് ആറ്റിങ്ങൽ തറവാട്ടു മുറ്റത്തു കല്യാണ പന്തലുയർന്നു. അനുഗ്രഹാശിസ്സുകളോടെ മീര രമേശന്റെ ജീവിത സഖി ആയി.

കല്യാണം അച്ഛന്റെ ആഗ്രഹ പ്രകാരം നടന്നു എങ്കിലും രമേശൻ ഒരിക്കലും തൃപ്തനായിരുന്നില്ല. തന്റെ പെൺ സങ്കൽപ്പങ്ങൾക്ക് വിപരീതമായ ഒരുത്തിയെ താലിയണിയിച്ചു തന്റെ പാതി ആക്കിയതോർത്തു അവനു കുറ്റബോധം കൂടിക്കൂടി വന്നു. മീരയോട് ഒരു വാക്ക് സംസാരിക്കുവാനോ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കുവാനോ പോലും രമേശനു മടുപ്പ് തോന്നി.

മീര…ഇരു നിറം ആണെങ്കിലും അതീവ സുന്ദരിയാണ്..കല്യാണം തന്നിൽ നിന്നു സ്വപ്നം കാണാൻ കഴിയുന്നതിനേക്കാൾ ദൂരെയാണ് എന്ന് വിശ്വസിച്ചിരിക്കുമ്പോഴാണ് രമേശേട്ടൻ അവളുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തന്റെ പാതിയുടെ പേര് പതിപ്പിച്ച മോതിരം വിരലിൽ അണിഞ്ഞത് മുതൽ അവൾ തന്റെ കല്യാണം സ്വപ്നം കാണുകയായിരുന്നു. തന്നെ സ്നേഹിക്കാനും തനിക്കു സ്നേഹിക്കാനും ഒരാളെ കിട്ടുന്നതിലുള്ള അമിതമായ ആവേശത്തിലായിരുന്നു അവൾ.

വിവാഹം കഴിഞ്ഞു ഒരു മാസം പിന്നിട്ടിരിക്കുന്നു. ഇത്‌ വരെയും സ്നേഹത്തോടെയുള്ള ഒരു നോട്ടം പോലും അവന്റെ പക്കൽ നിന്നും അവൾക്ക് ലഭിച്ചില്ല.

ഒരു ദിവസം അടുക്കളയിൽ ടീച്ചറും മീരയും പണിയിലാണ്.

“അമ്മേ..ഈ രമേശേട്ടൻ എന്താ ഇങ്ങനെ?”

“എങ്ങനെ? “

“അല്ലാ…എന്നോടിത് വരെ ആയിട്ടും ഒന്നും മിണ്ടാത്തതെന്താ? എന്നെ രമേശേട്ടന് ഇഷ്ടല്ല്യാന്നുണ്ടോ?”

“മോളെ ഇഷ്ടപ്പെടാത്ത ആരാ മോളെ ഇണ്ടാവാ..അവനിത് വരെ പെണ്ണ് വേണ്ടന്നും പറഞ്ഞു നടക്കുവല്ലാരുന്നോ. അവനാകെ അറിയുന്ന പെണ്ണ് ഞാനാ. അങ്ങനല്ലാതെ ഒരു പെണ്ണ് വന്നപ്പോ അവനൊരു വിമ്മിഷ്ടം ഒള്ളോണ്ടാവും..അവനു മിണ്ടാനൊരു ചമ്മലൊക്കെ ആയിക്കാണും. ഒരു കാര്യം ചെയ്യ്..മോളു അവനോട് അങ്ങട് സ്വാതന്ത്രായിട്ട് മിണ്ടി നോക്ക്..അപ്പോ എല്ലാം ശെരിയാവും..”

അമ്മ പറഞ്ഞത് ശെരിയാണെന്ന് മീരക്കും തോന്നി. മീര മുറിയിലേക്ക് പോയി. പെട്ടെന്നാണ് രമേശൻ മുറിയിലേക്ക് കടന്നു വന്നത്. അവളെ കണ്ടതും രമേശൻ ഒന്ന് പരുങ്ങി. അപ്പോഴാണ് മേശപ്പുറത്തിരുന്ന പഞ്ഞി ഉരുള രമേശന്റെ ശ്രദ്ധയിൽ പെട്ടത്.

“ന്താ ഇത്‌? “

” അത് ഞാൻ മു ലക്ക് പകരം വെക്കുന്നതാ രമേശേട്ടാ”

അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു.

“ഛെ..നാശം “

അവൻ അവളുടെ മുഖത്തു നോക്കി അറപ്പോടെ പറഞ്ഞു കൊണ്ട് ഇറങ്ങിപ്പോയി.

അവന്റെ പെരുമാറ്റം അവളെ നന്നേ വേദനിപ്പിച്ചു. അവളെ അയാൾക്കിഷ്ടമില്ലെന്നു അവൾ മനസിലാക്കി.

‘രമേശേട്ടനെന്നോട് ഒരു തരിമ്പ് പോലും സ്നേഹമില്ല. എന്നെ ഇഷ്ടമില്ലാത്ത ഒരാളുടെ ഭാര്യ എന്ന ലേബലിൽ ഇവിടെ ഇങ്ങനെ നിൽക്കുന്നതിൽ യാതൊരു അർത്ഥവുമില്ല. ഇന്ന് തന്നെ എല്ലാം പറഞ്ഞു അവസാനിപ്പിച്ചു വീട്ടിലേക്ക് മടങ്ങണം.’

അവൾ മനസ്സിൽ ഉറപ്പിച്ചു.

പെട്ടെന്നാണ് പുറത്ത് ഒരു ശബ്ദം കേട്ടത്.

“ഡാ രമേശാ മോനെ ഇറങ്ങി വാടാ..കടം മേടിച്ചാ തിരിച്ചു തരാനറിയാത്ത ***** മോനെ ഇറങ്ങി വാടാ… “

ശബ്ദം കേട്ട രമേശൻ ഉമ്മറത്തേക്ക് ഓടി ചെന്നു.

“ദത്തൻ സാറെ, കാശൊന്നും തരായിട്ടില്ല. തരാവുമ്പോ ഞാനങ്ങട് വരാം. ഇവിടെ വന്നു ബഹളം വെയ്ക്കരുത്. അച്ഛനും അമ്മയും അറിഞ്ഞാ…. “

രമേശന്റെ വാക്കുകൾ ഇടറി..

‘നാട്ടിൻപുറത്തെ ജീവിതം അവസാനിപ്പിച്ചു മറുനാട്ടിലേക്ക് പറക്കാൻ മോഹമുദിച്ചപ്പോഴാണ് രമേശൻ ആദ്യമായി അച്ഛന്റേം അമ്മയുടേം മുന്നിൽ കൈ നീട്ടിയത്. ഒറ്റ മകൻ ആയത് കൊണ്ടും മറുനാട്ടിലേക്ക് അയക്കാൻ താല്പര്യമില്ലാത്തത് കൊണ്ടും അവർ തടഞ്ഞു. അങ്ങനെയാണ് ആരും അറിയാതെ താൻ ദത്തനെ സമീപിക്കുന്നതും കടക്കാരനാവുന്നതും. പക്ഷെ തന്റെ പ്രതീക്ഷകൾ തകർത്ത് ഏജൻസി ചതിച്ചു..പണവും പോയി..വിസ കിട്ടിയതുമില്ല..ദത്തന്റെ ബ്ലേഡ് പലിശ അടക്കാൻ തന്റെ അധ്വാനം കൊണ്ട് മാത്രം കൂട്ടിയാൽ കൂടില്ല. അച്ഛനോട് ചോദിക്കാനും പറ്റില്ല.. ‘

“ഡാ എരപ്പെ..”

പെട്ടെന്നായിരുന്നു രമേശന്റെ ചിന്തകളെ കീറിമുറിച്ചുകൊണ്ട് ദത്തന്റെ ശബ്ദം കാതിൽ പതിച്ചത്.

“അച്ഛനും അമ്മയും അറിയാണ്ട് ഓരോന്ന് ഉണ്ടാക്കി വെക്കുമ്പോ ആലോചിക്കണം. ഇട്ടു മൂടാനുള്ള വക ഉണ്ടല്ലോ പിന്നെ എന്റെ കാശ് തരാനെന്താ ഇത്ര ദണ്ണം.”

രമേശൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു. ഇത്‌ കണ്ടു കൊണ്ട് നിന്ന മീര വേഗം മുറിയിലേക്ക് കയറി പോയി.

“ദേ നിന്റെ പെണ്ണ് ചവിട്ടിക്കുലുക്കി മുറീലേക്ക് പോയിട്ടുണ്ട്. ഇന്നത്തോടെ നിന്റെ ജീവിതം തീർന്നുന്നാ തോന്നണേ. ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ ഭയങ്കര practical ആടാ മോനെ. അവളുമ്മാർക്ക് ഉള്ളവന്മാരെ മതി..”

ദത്തൻ അട്ടഹസിച്ചു.

മീര ഒരു പെട്ടിയുമായി ദത്തന്റെ അടുത്തേക്ക് ചെന്ന് ആ പെട്ടി അവനു നേരെ നീട്ടി.

“ഇതാ.. രമേശേട്ടൻ നിങ്ങൾക്കെത്ര താരനുണ്ടെന്നൊന്നും എനിക്കറിയില്ല. പണത്തിനു പകരം ഈ സ്വർണ്ണം സ്വീകരിച്ചു നിങ്ങൾ ഇപ്പോ ഇവിടുന്നു പോണം. ഇനി ഇത്‌ പോരെന്നുണ്ടെങ്കി അല്പം അവധി കൊടുക്കാനുള്ള മനസുണ്ടാവണം.”

അവൾ അവന്റെ മുൻപിൽ തൊഴു കയ്യോടെ പറഞ്ഞു.

“ഇത്‌ കൊറേ ഉണ്ടല്ലോടി പെണ്ണെ..ദത്തൻ നേരും നെറീം ഉള്ളവനാ. അർഹിക്കുന്നതേ മേടിക്കൂ “

ദത്തൻ അതിൽ നിന്നു കുറച്ചു സ്വർണമെടുത്തു

“ഇത്‌ മതി ബാക്കി നീ തന്നെ വെച്ചോ “

ദത്തൻ ആ പെട്ടി അവൾക്ക് തിരിച്ചു നൽകി.

“എന്നാ പോട്ടെടാ കൊച്ചനെ..ഞാൻ നേരത്തെ പറഞ്ഞ പോലല്ല. പൊന്നും കുടാ അവള്. ഈ പെണ്ണുങ്ങളേ അവരുടെ പൊന്ന് അങ്ങനെ നമുക്ക് തരാൻ വല്യ പാടാ..എന്നാ ശെരി കാണാം. “

ദത്തൻ രമേശന്റെ ചുമലിൽ തട്ടി.

‘ഈ പെണ്ണിനെയാണല്ലോ ദൈവമേ ഞാനിത്രയും കാലം അകറ്റി നിർത്തിയത്. ഒരു നോട്ടം കൊണ്ടോ ഒരു ചിരി കൊണ്ടോ പോലും ഞാൻ അവൾക് സന്തോഷം നൽകിയിട്ടില്ല. ഇപ്പോ അതെ പെണ്ണ് എന്റെ മാനം രക്ഷിച്ചിരിക്കുന്നു ‘

അവന്റെ മനം കുറ്റബോധത്താൽ നീറി. കണ്ണുകൾ അറിയാതെ നിറഞ്ഞു. അവൻ നേരെ മുറിയിലേക്ക് ചെന്നു. മീര ആഭരണ പെട്ടി അലമാരയിലേക്ക് വെക്കുകയാണ്. അവൻ അവളെ പിന്നിലൂടെ ചെന്നു മുറുകെ കെട്ടിപ്പിടിച്ചു.

“നിന്നോടെങ്ങനെയാ ഞാൻ നന്ദി പറയണ്ടേ “

രമേശന്റെ വാക്കുകൾ ഇടറി. അവൾ ഒന്നും മിണ്ടാതെ തിരിഞ്ഞു അവനഭിമുഖമായി നിന്നു.

അവളുടെ മനസ്സറിഞ്ഞെന്നോണം അവൻ അവളുടെ മൂർദ്ധാവിൽ ചുംബിച്ചു. അവൾ ചിരിച്ചു കൊണ്ട് ആ നെഞ്ചിലേക്ക് ചാഞ്ഞു..

‘പെണ്ണിന്റെ മൊഞ്ചു ശരീരത്തിലല്ല, മനസ്സിൽ ആണെന്ന് അവൻ തിരിച്ചറിയുകയായിരുന്നു ‘

ശുഭം

~ടീന ജോസഫ്