അനാമിക ഹോസ്പിറ്റലിൽ നിന്നിറങ്ങി ബസ്‌റ്റോപ്പിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത് ഒരു ലോറി വന്നു നിന്നു…

സ്വപ്നങ്ങളില്‍ വസന്തം വിരിയിച്ചവൾ… 03

എഴുത്ത്: കർണൻ സൂര്യപുത്രന്‍

===============

അനാമിക ഹോസ്പിറ്റലിൽ നിന്നിറങ്ങി ബസ്‌റ്റോപ്പിലേക്ക് നടക്കുമ്പോൾ തൊട്ടടുത്ത് ഒരു ലോറി വന്നു നിന്നു…

“അനൂ…” സുജിത്ത് തല പുറത്തേക്കിട്ടു..

“നീയോ…? ഇതെവിടുന്നാ..”

“എടീ ആ വിജയ തീയേറ്റർ പൊളിച്ച് ഓഡിറ്റോറിയം ആക്കുവല്ലേ? അവിടേക്ക് കല്ലിറക്കാൻ പോയതാ..നീ വാ..ഞാൻ നാട്ടിലേക്കാ..”

“ഇതിലോ? എനിക്ക് വയ്യ..”

“അതിനെന്താ? കേറെടീ…ചുമ്മാ മിണ്ടീം പറഞ്ഞും പോവാം…”

തെല്ലു മടിയോടെ അവൾ മറുവശത്തേക്ക് നടന്നു…വലിഞ്ഞു കയറാൻ കുറച്ചു കഷ്ടപ്പെട്ടു….

“ആനപ്പുറത്തു കയറിയപോലെ ഉണ്ട്‌..”

“അതിനു നീ ആനപ്പുറത്തു കയറിയിട്ടുണ്ടോ?”

“ഒരു ഉദാഹരണം പറഞ്ഞതാ.. ഇനി അതിൽ തൂങ്ങണ്ട.”

അവൻ ചിരിയോടെ ലോറി മുന്നോട്ട് എടുത്തു…അനാമിക അവനെയൊന്ന് നോക്കി….മണ്ണ് പുരണ്ട ഷർട്ടും കൈലിയും…ക്ഷീണിച്ച മുഖം…

“നീ തനിച്ചാണോ?”

“രണ്ടു ബംഗാളികൾ ഉണ്ടായിരുന്നു..അവര് അവിടുന്ന് നേരെ പോയി. അല്ല, നിന്റെ വിസയുടെ കാര്യം എന്തായി?”

“അടുത്ത മാസം പോകാൻ പറ്റിയേക്കും..”

അവനൊന്നും മിണ്ടിയില്ല…

“നിന്റെ തായ്‌ലൻഡ് യാത്ര എന്തായെടാ?”

“ഓ..ഞാനതൊക്കെ വിട്ടു…”

“അതെന്താ..? തായ് സുന്ദരികൾ കാത്തു നിൽക്കുകയല്ലേ? അത് വേണ്ടാന്ന് വയ്ക്കാൻ എന്താ കാരണം?”

“ഇവിടെയൊരു ദേവത മനസ്സിൽ കയറിപ്പോയി…ഇനി വേറാർക്കും ഇടമില്ല..”

അനാമികയുടെ മുഖം ചുവന്നു..കുറച്ചു നേരം അവളൊന്നും മിണ്ടിയില്ല…വിപിനുമായുള്ള പ്രണയത്തെ കുറിച്ചും, അമ്മാവനിൽ നിന്നുണ്ടായ ദുരനുഭവത്തെ കുറിച്ചുമെല്ലാം അവനോടു പറഞ്ഞു കഴിഞ്ഞിരുന്നു…

“സുജീ…നീ വെറുതെ ജീവിതം പാഴാക്കുകയാണ്…”

“ആയിക്കോട്ടെ…എന്റെ ജീവിതമല്ലേ? ഞാനങ്ങു സഹിച്ചോളാം..”

“നീയൊന്ന് എന്നെ മനസിലാക്ക്..എന്റെ മുൻപിൽ അമ്മയും ചിന്നുവും മാത്രമേ ഉള്ളൂ..കടങ്ങളൊക്കെ തീർത്ത്, വീടൊന്ന് പുതുക്കി പണിയണം..അവർക്ക് വേണ്ടതൊക്കെ ചെയ്തു കൊടുക്കണം..അതിനു വേണ്ടിയാ, ഇഷ്ടമില്ലാഞ്ഞിട്ട് കൂടി  വിദേശത്തു പോകുന്നത്… “

“ശെടാ…നിന്നോട് അതിനു എന്നെ കെട്ടിയേ തീരൂ എന്ന് വല്ലോം ഞാൻ പറഞ്ഞോടി? എനിക്കൊരാളെ പ്രേമിക്കാൻ അയാളുടെ സമ്മതം വേണ്ട..ഇന്ത്യൻ ഭരണഘടന അതിനനുവദിക്കുന്നുണ്ട്..”

അവൾ ദേഷ്യത്തിൽ മുഖം തിരിച്ചു..നാടെത്തും വരെ പിന്നെ രണ്ടാളും ഒന്നും സംസാരിച്ചില്ല…അവളുടെ വീടിനടുത്ത് ലോറി നിർത്തി അവനിറങ്ങി..അവളെ ഇറങ്ങാൻ സഹായിച്ചു…ഒന്നും മിണ്ടാതെ അവൾ  നടന്നു തുടങ്ങി.

“അനൂ ..” സ്നേഹത്തോടെ സുജിത്ത് വിളിച്ചു.അത് കേട്ടില്ലെന്ന് നടിക്കാൻ അവൾക്ക് പറ്റിയില്ല…

“നിന്നെ ഞാനൊന്നിനും നിര്ബന്ധിക്കില്ല..പക്ഷേ എനിക്ക് അറിയണം, നിനക്കെന്നെ ഇഷ്ടമാണോ എന്ന്…”

അവൾ മെല്ലെ ചിരിച്ചു…

“ഇഷ്ടമൊക്കെയാണ്..അതിന്റെ അർത്ഥം വ്യത്യസ്തമാണെന്ന് മാത്രം..ഞാൻ പോട്ടെ സുജീ..? വൈകി…”

അവൾ നടന്നകന്നു…

******************

ചെത്തുകാരൻ ഗോവിന്ദന്റെ വീട്…നമ്രശിരസ്കയായി  ദീപിക  ചായ കൊണ്ടു വന്നു വച്ചു..എന്നിട്ട് വാതിൽക്കലേക്ക് മാറി നിന്നു..

“അപ്പൊ ഗോവിന്ദാ…നമുക്ക് വച്ചു താമസിപ്പിക്കാതെ നടത്താം…അല്ലേ?”   രാകേഷിന്റെ അച്ഛൻ ശിവൻകുട്ടി ചോദിച്ചു..രാകേഷും സുജിത്തും അരുണും കൂടെയുണ്ട്….

“അതാണ് നല്ലത്…ഇല്ലേൽ രണ്ടും പേരുദോഷം ഉണ്ടാക്കും…”  ഗോവിന്ദൻ രാകേഷിനെയും  ദീപികയേയും മാറിമാറി നോക്കി…ക ള്ളു ചെത്താൻ  അയാൾ പോയ സമയം നോക്കി ദീപികയെ കാണാൻ  ആ വീട്ടിൽ പാത്തും പതുങ്ങിയും  വന്നതായിരുന്നു രാകേഷ്…പിന്നാമ്പുറത്തുള്ള വിറകുപുരയിൽ  രണ്ടുപേരും പ്രണയിക്കുന്നത് അയല്പക്കത്തെ സ്ത്രീ കണ്ടു..രണ്ടടി കൊണ്ടെങ്കിലും അവനെ മാത്രമേ വിവാഹം കഴിക്കൂ  എന്ന് ദീപിക ഉറപ്പിച്ചു പറഞ്ഞപ്പോൾ ഗോവിന്ദന് വേറെ വഴിയുണ്ടായിരുന്നില്ല…നാല് വീട് അപ്പുറം തന്നെയാണ്  രാകേഷിന്റെ വീടും…പരസ്പരം അറിയുന്ന കുടുംബം.. അയാൾ ശിവൻകുട്ടിയോട് കാര്യങ്ങൾ പറഞ്ഞു…അങ്ങനെ വിവാഹം ഉറപ്പിക്കുന്ന ചടങ്ങാണ്  നടക്കുന്നത്…തീയതി നിശ്ചയിച്ചിട്ട് അറിയിക്കാമെന്നു പറഞ്ഞു അവർ ഇറങ്ങി..രാകേഷ് മെല്ലെ ഗോവിന്ദന്റെ അടുത്തെത്തി,.

“ഒരു മിനിറ്റ് ഇവളോടൊന്ന് സംസാരിച്ചോട്ടെ?”

“ഞാനില്ലാത്തപ്പോൾ  വിറകുപുരയിലിരുന്നു ശൃംഗരിക്കാൻ നീ എന്റെ സമ്മതം ചോദിച്ചിരുന്നോ?എന്തൊരു നിഷ്കളങ്കൻ..!! ഫോൺ നമ്പർ കയ്യിലുണ്ടാവുമല്ലോ?പറയാനുള്ളത് അതിൽ പറഞ്ഞാൽ മതി..ഇനി കല്യാണത്തിനല്ലാതെ നിന്നെ ഇവിടെങ്ങാനും കണ്ടാൽ  എന്റെ മോള് രണ്ടു കാലുമില്ലാത്തവനെയാകും  കെട്ടുക..”

ചമ്മലടക്കാൻ പാടുപെടുന്ന രാകേഷിനെ കണ്ടപ്പോൾ സുജിത്ത് ഇടപെട്ടു…

“പോട്ടെ ഗോവിന്ദേട്ടാ….അവനൊരു ആഗ്രഹം പറഞ്ഞതല്ലേ…പാവം…”

“ആര് ഇവനോ? എന്റെ മോനേ, നിനക്ക് ഇവനെ ശരിക്കറിഞ്ഞൂടാ…പണ്ട് ട്രാൻസ്‌ഫോമറിന്റെ ചുവട്ടിൽ മൂ ത്രമൊഴിച്ചതിനു ഞാനൊന്നിവനെ വഴക്കു പറഞ്ഞു…ഷോക്കടിച്ചു ചാവേണ്ട എന്ന് വിചാരിച്ചാ…അതിനു ഇവൻ ചെയ്തതെന്താണെന്നറിയോ? ഞാൻ  കേറുന്ന തെങ്ങിന്റെ ചുവട്ടിൽ കുപ്പിച്ചില്ല് വിതറി…”

“അത് മൂന്നാം ക്ലാസ്സിലെങ്ങാണ്ട് പഠിക്കുന്ന സമയത്താ…. ” രാകേഷ് ഇടയിൽ കയറി..

“അതെ..അതിലും വലിയ പണിയല്ലേ ഇപ്പൊ എനിക്ക് കിട്ടിയിരിക്കുന്നെ…സാരമില്ല…എന്തേലും സംസാരിക്കാനുണ്ടെങ്കിൽ വേഗം പറഞ്ഞിട്ട് പോ…” ഗോവിന്ദൻ ചിരിച്ചുകൊണ്ട് പുറത്തിറങ്ങി..കൂടെ സുജിത്തും..

******************

രണ്ടു മാസങ്ങൾ കഴിഞ്ഞു പോയി….ഒരു ദിവസം വൈകിട്ട് ജോലി കഴിഞ്ഞ് ലോറി കഴുകുകയായിരുന്നു സുജിത്ത്…ഫോണടിച്ചു…അരുൺ ആണ്…

“സുജിത്തേ..നീയെവിടാ?”

“നാട്ടിലുണ്ട്…എന്താ അരുണേട്ടാ..?”

“രമ്യയുടെ അച്ഛൻ വിളിച്ചിരുന്നു…അനാമികയുടെ  അമ്മ…..”

ഫോണും ചെവിയിൽ വച്ച്  സുജിത്ത് തരിച്ചു  നിന്നു…

“നീ അങ്ങോട്ടേക്ക് പൊയ്ക്കോ…രാകേഷിനെ ഞാൻ വിളിച്ചിട്ടുണ്ട്..അവനും വരും..ഞാൻ എറണാകുളത്താ ഉള്ളത്..നാളെയെ എത്തൂ…”

വല്ലാത്തൊരു വേദന  സുജിത്തിന് അനുഭവപ്പെട്ടു..ആ വീട്ടിൽ പോകുമ്പോഴൊക്കെ അമ്മ തരുന്ന സ്നേഹം പറഞ്ഞറിയിക്കാനാവാത്തതാണ്…രണ്ടു പെണ്മക്കളെയും കൊണ്ടു ജീവിതത്തോട് പൊരുതുന്ന ഒരു സാധാരണ നാട്ടിൻപുരത്തുകാരി..അസുഖങ്ങൾ അലട്ടുമ്പോഴും അനാമികയുടെ മുന്നിൽ അവർ ആരോഗ്യവതിയായി അഭിനയിക്കുകയായിരുന്നു…അവളെ സങ്കടപ്പെടുത്താതിരിക്കാൻ വേണ്ടി…ചിലരുടെ വിധി അങ്ങനെയാണ്…അവസാനം വരെ പ്രതീക്ഷകൾ മാത്രം…

*************

രാത്രി രണ്ടു മണിയോടെ ചടങ്ങുകളെല്ലാം കഴിഞ്ഞു…അനാമികയുടെ വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അപ്പുറമുള്ള ശ്മശാനത്തിൽ അമ്മയുടെ മൃതദേഹം അഗ്നിനാളങ്ങൾ ഏറ്റുവാങ്ങി… ‘അമ്മേ’  എന്ന് വിളിച്ചു അഞ്ജന അലറികരഞ്ഞു..തിരിച്ചു വരാത്ത യാത്രയ്ക്കാണ് അമ്മ പോകുന്നതെന്ന് അവൾക്ക് മനസ്സിലായി..അനാമിക കരയാൻ പോലുമാവാതെ നിലത്തിരിക്കുകയായിരുന്നു..

അമ്മ ഇനിയില്ല എന്ന സത്യം അവൾക്ക് ഉൾകൊള്ളാനായില്ല.. കൂലിപ്പണിക്ക് പോയാൽ അവിടെ നിന്നും വൈകിട്ട് ചായയുടെ കൂടെ കിട്ടുന്ന എണ്ണപലഹാരം  പൊതിഞ്ഞ് കൊണ്ടുവന്ന് രണ്ടു മക്കൾക്കും തുല്യമായി വീതിച്ചു കൊടുക്കുന്ന അമ്മയുടെ രൂപം മനസ്സിൽ തെളിഞ്ഞപ്പോൾ അവളുടെ കണ്ണിൽ നിന്നും രണ്ടു തുള്ളി നിലത്തേക്കിറ്റു വീണു..

***********

“ചായ കുടിക്ക് സുജീ…തണുക്കും..” അനാമിക പറഞ്ഞു…

സുജിത്ത് അവളെ തന്നെ നോക്കിയിരിക്കുകയാണ്…അമ്മയുടെ മരണം കഴിഞ്ഞ് ഒരു വർഷം പൂർത്തിയായി…അനിയത്തിയെ നോക്കാൻ വേണ്ടി ഹോസ്പിറ്റലിലെ ജോലിയുപേക്ഷിച്ച് അവൾ വീട്ടിൽ തയ്യൽ ജോലി തുടങ്ങി…

“എടീ എത്ര നാളെന്നു വച്ചാ ഇങ്ങനെ? “

“ഞാനെന്ത് ചെയ്യാനാ? എല്ലാരും പറയുന്നത്  ഇവളെ എവിടെങ്കിലും ആക്കിയിട്ട് ഗൾഫിലേക്ക് പോകാനാ..മാസം കാശ് അയച്ചു കൊടുത്താൽ നല്ലത് പോലെ നോക്കുന്ന സ്ഥലങ്ങളുണ്ടത്രേ…” അവളുടെ കണ്ഠമിടറി..

“അങ്ങനെ ഉപേക്ഷിക്കാൻ പറ്റുമോ സുജീ എനിക്കിവളെ? ഇവൾക്ക് ഞാനുണ്ടെന്ന സമാധാനത്തോടെയാവും അമ്മ കണ്ണടച്ചത്..എനിക്ക് നൈറ്റ്‌ ഡ്യൂട്ടി ഉണ്ടാകുമ്പോൾ ഉറങ്ങാതെ  കരയുന്ന കുട്ടിയാ ഇത്..”

സുജിത്ത് ഒന്നും മിണ്ടിയില്ല…റോഡിൽ ഒരു ഓട്ടോ വന്നു നിന്നു…അതിൽ നിന്നിറങ്ങിയ ആളെ  അവർക്ക് മനസിലാവാൻ കുറച്ചു സമയമെടുത്തു…കിഷോർ…

“ബസിറങ്ങി ഒരുമണിക്കൂറായി നില്കുന്നു. ഇപ്പോഴാ ഓട്ടോ കിട്ടിയത് .” ഒരു ചിരിയോടെ  അവൻ പറഞ്ഞു..പുസ്തകത്തിലെ ചിത്രങ്ങളിൽ കളർ കൊടുക്കുകയായിരുന്ന അഞ്ജനയുടെ അടുത്ത് അവനിരുന്നു…കയ്യിലെ സ്വീറ്റ് ബോക്സ്‌ അവൾക്ക് നൽകി.. മുൻപ് രണ്ടു പ്രാവശ്യം കണ്ട പരിചയം ഉള്ളതിനാൽ അഞ്ജന പെട്ടെന്ന് അവനോട് കൂട്ടായി…

“എന്റെ വിസ ശരിയായി…ഷാർജയിലേക്ക്..മിക്കവാറും രണ്ടാഴ്ചയ്ക്കുള്ളിൽ പോകും..”

ചായകുടിക്കുമ്പോൾ കിഷോർ പറഞ്ഞു..വൈകുന്നേരം വരെ  അവർ മൂന്നുപേരും ഒന്നിച്ചിരുന്നു..പോകുന്നതിനു മുൻപ് തന്റെ വീട്ടിലോട്ട് വരാൻ  അവരെ അവൻ ക്ഷണിച്ചു…ബസ് സ്റ്റോപ്പിലേക്ക് സുജിത്ത് അവനെ ബൈക്കിൽ കൊണ്ടു വിട്ടു..

“സുജീ..എന്താ അടുത്ത പരിപാടി?”

“എന്ത്‌?”

“അല്ല, അനാമികയുടെ കാര്യമാ ചോദിച്ചത്..എന്തെങ്കിലും തീരുമാനം എടുക്കണ്ടേ?”

“ഞാനെന്ത് ചെയ്യാനാ കിഷോറേ? ഇഷ്ടം തുറന്ന് പറഞ്ഞു..അവൾക്ക് ഇങ്ങോട്ട് അതില്ല…പിന്നെ ഞാനെന്തു ചെയ്യാനാ? അവൾക്കു നിന്നെ പോലെ ഒരു സുഹൃത്ത് തന്നാ  ഞാനും…അതിലൊരു മാറ്റവുമുണ്ടായിട്ടില്ല..അമ്മ കൂടി പോയതോടെ  ഇനി ഒരിക്കലും ഉണ്ടാവുകയുമില്ല..പക്ഷേ ഞാനവളെ ഒറ്റയ്ക്ക് വിടില്ല..തായ്‌ലൻഡിലേക്കുള്ള വിസ റെഡി ആയതാ. പക്ഷേ ഞാനത് വേണ്ടെന്നു വച്ചു..”

“അവൾക്ക് തന്നോട് ഇഷ്ടമില്ലെന്ന് ആര് പറഞ്ഞു?” കിഷോർ പുഞ്ചിരിച്ചു..

“അവൾ തന്നെ..”

“കഷ്ടം…നിനക്കിനിയും അവളെ മനസിലായിട്ടില്ലേ സുജീ…? ” ആശ്ചര്യത്തോടെ സുജിത്ത് അവനെ നോക്കി..

“എടോ അവൾക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്…എന്നോട് എപ്പോഴും അതു പറയാറുമുണ്ട്…പക്ഷേ ഒരിക്കൽ ഉണ്ടായ വേദനയുടെ ബാക്കി ആ മനസ്സിൽ  കിടക്കുന്നുണ്ട്.. ഒരുപാട് മോഹിച്ച് അവസാനം നഷ്ടപ്പെടുമോ  എന്ന ഭയം. പിന്നെ അവളില്ലാതെ ആ  കുടുംബം എങ്ങനെ മുന്നോട്ട് പോകുമെന്ന പേടി..ഇതൊക്കെ കൊണ്ട് നിന്നോട് തുറന്നു പറയുന്നില്ല എന്നേയുള്ളൂ…”

ബസ് അവരുടെ മുന്നിൽ വന്നു നിന്നു..

“ഞാൻ പോകും മുൻപ് എല്ലാത്തിലും ഒരു തീരുമാനമാക്കി  രണ്ടുപേരും വീട്ടിലേക്ക് വരണം..” പുഞ്ചിരിച്ചു കൊണ്ട് കിഷോർ ബസിൽ കയറി….

************

അത്താഴം കഴിഞ്ഞ് കിടക്കാൻ പോകുകയായിരുന്നു സുജിത്ത്..

“എടാ ഒരു ലോറി സ്വന്തമായി വാങ്ങാൻ എത്ര പൈസയാകും?” നാരായണൻ ചോദിച്ചു…

“കട പോരാഞ്ഞിട്ട് ഇനി ലോറിപ്പണിയും എടുക്കുന്നുണ്ടോ?”

“കേട്ടില്ലേ സുമേ? ഇതാ ഞാൻ പറഞ്ഞത് ഇവൻ നിന്റച്ഛൻ വക്കീൽ കുഞ്ഞമ്പുവിന്റെ ഫോട്ടോ കോപ്പി ആണെന്ന്..”

“മരിച്ചു പോയ അപ്പൂപ്പനു തെറി വാങ്ങികൊടുക്കാതെ പറയുന്നത് കേൾക്കെടാ..” അടുക്കളയിൽ നിന്നും അമ്മയുടെ ശബ്ദം..അവൻ മിണ്ടാതെ അച്ഛനെ തന്നെ നോക്കി..

“നീയെന്തായാലും പുറത്തേക്കൊന്നും പോകില്ല എന്നറിയാം..വല്ലവന്റെയും ലോറിയിൽ പണിയെടുക്കുന്നതിനേക്കാൾ നല്ലത്  സ്വന്തമായി ഒന്നുള്ളതല്ലേ? ആ പള്ളീടടുത്തുള്ള സ്ഥലത്തിന് മോശമല്ലാത്ത പൈസ  കിട്ടും..അത് വിറ്റിട്ട് നീയൊരു വണ്ടി വാങ്ങിച്ചോ..” അച്ഛൻ കസേരയിൽ നിന്നെഴുന്നേറ്റ് അവന്റെയടുത്ത് വന്നു..

“നീ ഓരോ സ്ഥലത്തും ജോലിക്ക് പോകുമ്പോൾ, കടയിൽ വന്നിരിക്കാൻ വഴക്കു പറയുന്നത്  വേറൊന്നും കൊണ്ടല്ല..ഞങ്ങൾക്ക് ആണായിട്ടും പെണ്ണായിട്ടും നീയൊരുത്തനല്ലേ ഉള്ളൂ? നീ ദൂരെ പോയാൽ ഞങ്ങൾക്ക് പിന്നെയാരാ? മക്കള് വിദേശത്തു പോയി പൈസ ഉണ്ടാക്കി കൊണ്ടുവരുന്നത് നല്ലത് തന്നാ..പക്ഷേ ഉള്ളത് കഴിച്ച്  സന്തോഷവും സങ്കടവുമൊക്കെ പങ്കു വച്ചു ഒന്നിച്ചു ജീവിക്കുമ്പോഴല്ലേ കുടുംബമെന്ന വാക്കിനു ഒരർത്ഥം വരൂ? തീരുമാനം നിന്റേതാ…അച്ഛൻ തടഞ്ഞത് കൊണ്ട് ജീവിതം നശിച്ചു എന്ന തോന്നൽ  നിനക്ക് പിന്നീട് ഉണ്ടാവരുത്..”

അച്ഛന്റെ കണ്ണുകൾ നിറയുന്നത് ആദ്യമായി കണ്ടപ്പോൾ സുജിത്തിന് സഹിച്ചില്ല..അവൻ  അയാളെ കെട്ടിപ്പിടിച്ചു കരഞ്ഞു…സുമതി കണ്ണുകൾ തുടച്ചു കൊണ്ട് അത് നോക്കി നിന്നു…

***********

തയ്യലിന് ആവശ്യമായ നൂലുകൾ വാങ്ങാൻ ജങ്ഷനിൽ പോയതായിരുന്നു അനാമിക..അടുത്ത വീട്ടിലെ സീനത്തിനോട് അഞ്ജനയെ നോക്കാൻ ഏല്പിച്ചിരുന്നു..സൗദിയിൽ മ ദ്യലഹരിയിൽ  അവിടുത്തെ പൗരനെ ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച കുറ്റത്തിന് അമ്മാവൻ ദാമോദരൻ  ജയിലിലായി എന്ന വാർത്ത രാവിലെ ഒരകന്ന ബന്ധു വിളിച്ചു പറഞ്ഞിരുന്നു..

അവളിൽ അതൊരു ഭാവമാറ്റവും ഉണ്ടാക്കിയില്ല..മനസ്സിൽ ഇപ്പോൾ അനിയത്തി മാത്രമേ ഉള്ളൂ..മുറ്റത്തെത്തിയപ്പോൾ സീനത്ത് അവിടിരിക്കുന്നുണ്ട്.

“ചിന്നു ഉറങ്ങിയോ ഇത്താ?”

“അവളെ സുജിത്ത് കൂട്ടിക്കൊണ്ട് പോയല്ലോ?”

“എങ്ങോട്ട്?”  അനാമിക അമ്പരന്നു..

“അതറിയില്ല..”

അവൾ ഫോണെടുത്ത് സുജിത്തിനെ വിളിക്കാൻ തുടങ്ങിയപ്പോൾ റോഡിൽ രാകേഷിന്റെ ബൈക്ക് വന്നു നിന്നു…

“അനൂ….വാ  കേറ്..”അവൻ ചിരിച്ചു..

“നീ പേടിക്കണ്ട..അവന്റെ അടുത്തേക്ക് തന്നാ..വാ..നിന്നെ അവിടെത്തിച്ചിട്ട് എനിക്ക് വേറെ പോകാനുണ്ട്..” കാര്യം മനസ്സിലായില്ലെങ്കിലും അവൾ ബൈക്കിൽ കയറി…

ഇടക്കെപുറം  ജ്വാല ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ വലത് വശത്തു കൂടെയുള്ള റോഡിൽ ബൈക്ക് പ്രവേശിച്ചു..കുറച്ചു മുന്നോട്ട് പോയി മനോഹരമായ ഒരു  വീടിന്റെ മുന്നിൽ നിന്നു…

“ഇറങ്ങിക്കോ…ഇതാണ് സ്ഥലം..” രാകേഷ് പറഞ്ഞു..

“ദേ…പാർസൽ ഇവിടെത്തിച്ചിട്ടുണ്ട്.. ഞാൻ പോകുവാ.” അവൻ വിളിച്ചു പറഞ്ഞു…

“കേറി വാടാ..കല്യാണം കഴിഞ്ഞപ്പോഴേക്കും നമ്മളെയൊക്കെ വേണ്ടതായോ?” സുമതി  മുറ്റത്തേക്കിറങ്ങി..

“അയ്യോ അതല്ല..അമ്മായിയപ്പനേം കൊണ്ട് ഹോസ്പിറ്റലിൽ പോണം.സമയത്ത് ചെന്നില്ലേൽ മൂപ്പര്  തെറി വിളിക്കും..പിന്നെ വരാം..”  അവൻ ബൈക്ക് മുന്നോട്ടെടുത്തു…

“വാ മോളേ..” സുമതി  അവളുടെ കയ്യിൽ പിടിച്ച് അകത്തേക്ക് കൊണ്ടുപോയി…സുജിത്തിന്റെ വീടാണിതെന്ന് അവൾക്കു മനസിലായിരുന്നു. സുമതിയുടെ ഫോട്ടോ അവന്റെ ഫോണിൽ കണ്ടിട്ടുണ്ട്..അകത്തെ മുറിയിൽ കേറിയപ്പോൾ അവളൊന്ന് ഞെട്ടി..

ചുവരിൽ കളർ പെൻസിൽ കൊണ്ട് വരച്ചിടുകയാണ്  അഞ്ജന.. കട്ടിലിൽ നാരായണൻ അത് നോക്കി കിടക്കുന്നു…അവൾ  വേഗം അഞ്ജനയുടെ അടുത്ത് ചെന്നു കയ്യിലെ പെൻസിൽ പിടിച്ചു വാങ്ങി…

“എന്താ ചിന്നൂ ഈ കാണിക്കുന്നേ?” അവൾ ശാസിച്ചു..”

“വരച്ചോന്ന് പറഞ്ഞിട്ടാ..” അഞ്ജന സങ്കടത്തോടെ  നാരായണന് നേരെ കൈ ചൂണ്ടി..

“നീയവളെ വഴക്കു പറയണ്ട മോളേ…ഞാൻ പറഞ്ഞിട്ടാ..പെൻസില് കൊടുത്തതും ഞാനാ…” അയാൾ പുഞ്ചിരിച്ചു കൊണ്ട് എഴുന്നേറ്റു വന്നു…എന്നിട്ട് അഞ്ജനയെ ചേർത്തു പിടിച്ചു…

“മോള് എവിടെ വേണേലും വരച്ചോ..ഇനി ചേച്ചി വഴക്കു പറയില്ല…”

അവൾ സന്തോഷത്തോടെ പുറത്തിറങ്ങി..നാരായണൻ അനാമികയുടെ കയ്യിൽ പിടിച്ച് കട്ടിലിൽ ഇരുത്തി…അയാളും ഇരുന്നു..

“വലിച്ചു നീട്ടി പറയാനൊന്നും ഇല്ല..കാര്യങ്ങളൊക്കെ നമുക്ക് അറിയുന്നത് തന്നെയല്ലേ..അനിയത്തിക്ക് വേണ്ടി മാത്രം ജീവിച്ചാൽ പോരാ…നിനക്കുമുണ്ട് ഒരു ജീവിതം.. നിന്നെ എന്റെ മോന് ഒത്തിരിയിഷ്ടമാ..അതുപോലെ തന്നെ  ചിന്നുവിനെയും അവനു ഇഷ്ടമാ..പക്ഷേ ശരിക്കും ലോട്ടറിയടിച്ചത്  ഞങ്ങൾക്കാ.. രണ്ടു പെണ്മക്കളെയല്ലേ ദൈവം തന്നത്…”

അനാമിക നിശബ്ദമായി കരയുകയാണെന്ന് മനസിലാക്കിയപ്പോൾ നാരായണൻ അവളുടെ തലയിൽ കൈ വച്ചു…

“മറ്റുള്ളവരെന്തു പറയുമെന്ന് ആലോചിച്ചു ജീവിക്കുന്ന ആരും ഈ  വീട്ടിലില്ല..അതുകൊണ്ട് തന്നെ  മോൾക്കും അനിയത്തിക്കും ഒരിക്കലും സങ്കടപ്പെടേണ്ടി വരില്ല…അത് ഞാൻ  തരുന്ന വാക്കാണ്…ഇനി പറ..മോൾക്ക് ഞങ്ങളെ ഇഷ്ടമായോ? ഇവിടേക്ക് വരാൻ മോൾക്ക് സമ്മതമല്ലേ? “

ആ ചോദ്യത്തോടെ കടിച്ചു പിടിച്ചിരുന്ന കരച്ചിൽ  പുറത്തേക്കൊഴുകി…നാരായണൻ തടഞ്ഞില്ല..

കരയട്ടെ… സങ്കടങ്ങളെല്ലാം ഒഴുകി തീരട്ടെ… ഇനിയങ്ങോട്ട് ഒരിക്കലും ഇവൾ കരയരുത്…അയാൾ മനസ്സിൽ പറഞ്ഞു..

കടയിലേക്ക് പോയ  സുജിത്ത് തിരിച്ചു വന്നപ്പോൾ അഞ്ജനയും അമ്മയും ഉമ്മറത്തു ഇരിക്കുന്നുണ്ട്…അമ്മ അവളുടെ മുടി ചീകി കെട്ടുകയാണ്…കയ്യിലിരുന്ന ഐസ്ക്രീം അവൻ അഞ്ജനയ്ക്ക് കൊടുത്തു. നാരായണൻ  പുറത്തിറങ്ങി…

“നിന്റെ ബൈക്ക് ഞാനെടുക്കുവാ..നടക്കാൻ വയ്യ..” അവൻ ചാവി കൊടുത്തു..

“സന്ധ്യക്ക്‌ മുൻപേ ഇവരെ വീട്ടിലെത്തിച്ചേക്ക്..അടുത്ത ഞായറാഴ്ച്ച അതങ്ങ് നടത്താം..വച്ചു നീട്ടണ്ട. അധികം ആളെയൊന്നും ക്ഷണിക്കാനില്ലല്ലോ..” നാരായണൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു..

അവൻ റൂമിലേക്ക് കയറി… അനാമിക കട്ടിൽ ഇരിക്കുകയാണ്..കൈയിൽ പണ്ട് രാകേഷ് എടുപ്പിച്ച ഫോട്ടോ…

“ആ തെ ണ്ടി ഒപ്പിച്ച പണിയാ…സത്യമായും എനിക്കിതിൽ പങ്കില്ല..” അവൾ കരഞ്ഞു കലങ്ങിയ കണ്ണുകളുയർത്തി അവനെ നോക്കി…സുജിത്ത് അവളുടെ നേരെ മുന്നിൽ നിലത്തു മുട്ടുകുത്തിയിരുന്നു…എന്നിട്ട് കൈകൾ കൂട്ടിപ്പിടിച്ചു…

“അനൂ…എതിരൊന്നും പറഞ്ഞേക്കല്ലേടീ.. ” അവൻ അപേക്ഷ പോലെ പറഞ്ഞു..

“എന്നോടുള്ള സ്നേഹക്കൂടുതൽ കൊണ്ടാണോ..അതോ ചിന്നുവിനോടുള്ള സഹതാപം കൊണ്ടാണോ ഇങ്ങനൊക്കെ?”

“സഹതപിക്കാൻ മാത്രം അവൾക്കെന്താ കുഴപ്പം? എന്നെക്കാളൊക്കെ ബുദ്ധിവളർച്ച അവൾക്കുണ്ട്…നിന്നോടുള്ള സ്നേഹവും ഒരു കാരണമാ…അതിലുപരി ഒരനിയത്തി ഇല്ലല്ലോ എന്ന സങ്കടം ഇപ്പൊ മാറി..” അവൾ മിഴി ചിമ്മാതെ അവനെ തന്നെ നോക്കിയിരിക്കുകയാണ്…

“ഇതൊക്കെ ഞാൻ അർഹിക്കുന്നുണ്ടോ? സ്വപ്നം പോലെ തോന്നുകയാ സുജീ ..” അവൻ അവളുടെ കൈയിൽ ഉമ്മ വച്ചു…

“ഈ കട്ടിലിൽ കിടന്നുറങ്ങുമ്പോൾ ഒരുപാട് തവണ കണ്ട സ്വപ്നമാ നീ…ആർക്കും വിട്ടുകൊടുക്കില്ലെന്ന വാശിയോടെ ഞാൻ  ചേർത്തു പിടിച്ച സ്വപ്നം….” അവനെഴുന്നേറ്റ് അവളുടെ കണ്ണുകൾ തുടച്ചു…

“ഒരുപാട് കരഞ്ഞതല്ലേ… ഇനി വേണ്ട… “

അവളുടെ കവിളിലെ മറുകിൽ ചുംബിച്ചതും സുമതി കയറി വന്നതും ഒരുമിച്ചായിരുന്നു..

“അയ്യേ….ഇങ്ങനെ ആക്രാന്തം കാണിക്കാതെടാ…ഒരാഴ്ച കൂടൊന്നു ക്ഷമിച്ചൂടെ..?”

“ശെടാ…ഒരുമ്മ കൊടുക്കാനുള്ള സ്വാതന്ത്ര്യം പോലും ഇല്ലേ..വക്കീലിന്റെ മോളേ..”

“ഈ കൊച്ചിന്റെ മുന്നിൽ നിന്നും അടി മേടിക്കണ്ട എങ്കിൽ വേഗം ഇവരെ കൊണ്ടു വിടാൻ നോക്ക്…ഞാൻ ഓട്ടോ വരാൻ പറഞ്ഞിട്ടുണ്ട്…” സുമതി അഞ്ജനയുടെ അടുത്തേക്ക് നടന്നു..

വാതിലിനടുത്തെത്തിയപ്പോൾ  അനാമിക തിരിഞ്ഞു നിന്ന് അവന്റെ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി ഒരു നിമിഷം നിന്നു..പറയാനുള്ളതെല്ലാം അതിലുണ്ടായിരുന്നു….

സന്തോഷത്തിന്റെ…സമാധാനത്തിന്റെ…പുതിയ ജീവിതത്തിലേക്ക് ഏഴു ദിവസങ്ങൾ മാത്രം ബാക്കി……

അവസാനിച്ചു ❤