ഞാനൊരു സാധാരണക്കാരനാ…ഇഷ്ടം തോന്നി..തുറന്നു പറഞ്ഞു…അല്ലാതെ മനസ്സിൽ ഒന്ന് വച്ച് പുറത്ത് വേറൊന്നു കാട്ടാൻ അറിയില്ല..

സ്വപ്നങ്ങളില്‍ വസന്തം വിരിയിച്ചവൾ… 02

എഴുത്ത്: കർണൻ സൂര്യപുത്രന്‍

===============

“ഇനി പാസ്പോർട്ട്‌ കിട്ടാൻ കുറേ പണിയുണ്ടോ സുജീ?” അനാമിക ചോദിച്ചു..കോഴിക്കോട് സാഗർ ഹോട്ടലിൽ ഭക്ഷണം കഴിച്ചോണ്ടിരിക്കുകയായിരുന്നു അവർ..

“പ്രത്യേകിച്ച് ഒന്നുമില്ല,..പോലീസ് വെരിഫിക്കേഷൻ ഉണ്ടാകും..അത് കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ കിട്ടുമായിരിക്കും.” സുജിത്ത് പറഞ്ഞു….രാവിലെ തന്നെ വന്നതായിരുന്നു രണ്ടുപേരും..

പാസ്പോർട്ട്‌ ഓഫിസിലെ  ചടങ്ങുകളൊക്കെ കഴിഞ്ഞ് ഇറങ്ങിയപ്പോൾ മൂന്ന് മണിയായി…അനാമികയുടെ  ഫോണിൽ നിന്നും ‘അലൈ പായുതേ കണ്ണാ .. ” പാടിത്തുടങ്ങി..അവൾ ലൗഡ്സ്പീക്കർ ഓൺ ചെയ്ത് ഫോൺ ടേബിളിൽ വച്ചു..

“കിഷോറേ…എന്തൊക്കെയുണ്ട് വിശേഷങ്ങൾ?”

“സുഖം…താനെവിടാ?”

“ഞാനിന്നലെ നിന്നോട് പറഞ്ഞില്ലേ കോഴിക്കോട് പോണമെന്ന്..”?.

“ഞാനത് മറന്നു പോയി..എന്തായി?”

“കഴിഞ്ഞു…ഫുഡ് കഴിച്ചോണ്ടിരിക്കുവാ…”

“സുജിത്ത് കൂടെയില്ലേ?”

“ഉണ്ടല്ലോ….”

“എന്റെ അന്വേഷണം പറയണം…വീട്ടിൽ കുറച്ചു കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്…എന്നിട്ട് നിങ്ങളെ കാണാൻ ഞാൻ വരുന്നുണ്ട്…”

“സന്തോഷം…”

കാൾ കട്ടായി…സുജിത്ത് ഭക്ഷണം കഴിക്കുന്നത് നിർത്തി സംസാരം ശ്രദ്ധിക്കുകയായിരുന്നു….

“എന്താടാ?”

“ഇത് നമ്മളന്നു ആശുപത്രിയിൽ കൊണ്ടുപോയവനല്ലേ?”

“അതേലോ..”

“അവൻ  നിന്നെ വിളിക്കാറുണ്ടോ? അല്ല, ഇന്നലെ വിളിച്ചപ്പോൾ എന്ന് പറഞ്ഞതോണ്ട് ചോദിച്ചതാ..”

“വിളിക്കാറുണ്ട്…ദിവസവും ഒരു പത്തു മിനിട്ട് സംസാരിക്കും…ഒരു പാവം… “

“എന്നെ വിളിക്കാൻ മാത്രം നിനക്ക് സമയമില്ല അല്ലെ? എപ്പോഴും തിരക്ക്..”

അനാമിക ചിരിയോടെ അവനെ നോക്കി.

“എന്താടാ നീ ഇങ്ങനൊക്കെ പറയുന്നേ? നീ വിളിക്കുമ്പോഴൊക്കെ എന്തെങ്കിലും ജോലി ചെയ്യുകയായിരിക്കും..അല്ലാതെ കള്ളം പറഞ്ഞിട്ട് എനിക്കെന്ത് ലാഭം?”

“ആയിക്കോട്ടെ…എന്നാലും തിരക്കുകൾ കഴിഞ്ഞാൽ തിരിച്ചു വിളിക്കാലോ…ഇന്നേ വരെ അത് ചെയ്തിട്ടില്ല…ഞാനാരാ നിന്റെ…അല്ലേ?”

അവളുടെ ചിരി മാഞ്ഞു…

“സുജീ…നീയെന്താ പറഞ്ഞു വരുന്നേ? മനസ്സിലായില്ല…”?

“ഒന്നുമില്ല…പോകാം…നാട്ടിലെത്തുമ്പോൾ വൈകും..”

സുജിത്ത് എഴുന്നേറ്റു കൈകഴുകി…അവളും…കൗണ്ടറിൽ അവനു മുൻപേ അവൾ പൈസ കൊടുത്തു പുറത്തിറങ്ങി. നേരെ ബസ്റ്റാന്റിലേക്ക് നടന്നു…പിന്നാലെ അവനും…കടയിൽ നിന്നു നാല് പാക്കറ്റ് കറുത്ത ഹൽവ അവൻ വാങ്ങി…അനാമിക അവിടെ ഒരു കസേരയിൽ ഇരിക്കുകയാണ്…സുജിത്ത് അരികിലിരുന്നു…

“സുജീ?”

“എന്താ?”

“നീ ഉദ്ദേശിച്ചത് എനിക്ക് മനസ്സിലായില്ല,.”

“അത് വിട് എന്ന് ഞാൻ പറഞ്ഞല്ലോ..”

“അങ്ങനെ വിടാൻ പറ്റില്ല…എനിക്കറിയണം  നിന്റെ മനസ്സിലെന്താണെന്ന്..”

“ശരി…അറിഞ്ഞേ തീരൂ എങ്കിൽ പറയാം…എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്….നീ കൂടെയുള്ളപ്പോൾ പറഞ്ഞറിയിക്കാനാവാത്ത സന്തോഷം…ഇല്ലാത്തപ്പോൾ വല്ലാത്ത ശൂന്യത… അതിനു എന്ത് പേരിട്ട് വിളിക്കണം എന്നറിയില്ല….ആ ഒരൊറ്റ കാരണം കൊണ്ട് തന്നെ നീ വേറൊരാളോട് അടുത്തിടപഴകുമ്പോൾ ദേഷ്യം വരുന്നു…അത്രേയുള്ളൂ..തെറ്റാണെങ്കിൽ ക്ഷമിച്ചേക്ക്…”

അവൾ സങ്കടത്തോടെ ഒന്ന് ചിരിച്ചു…

“നീയും മറ്റുള്ളവരെ പോലെ തന്നെ….അല്ലേ?”

“അതേലോ…ഞാനൊരു സാധാരണക്കാരനാ…ഇഷ്ടം തോന്നി..തുറന്നു പറഞ്ഞു…അല്ലാതെ മനസ്സിൽ ഒന്ന് വച്ച് പുറത്ത് വേറൊന്നു കാട്ടാൻ അറിയില്ല..എന്ന് വച്ചു നീ പേടിക്കണ്ട.. എന്നെ ഇഷ്ടപ്പെടാൻ ഞാനൊരിക്കലും നിന്നെ നിര്ബന്ധിക്കില്ല..അങ്ങനെ പിടിച്ചു വാങ്ങേണ്ടതല്ല സ്നേഹം എന്ന് എനിക്ക് അറിയാം..”

“സുജീ…എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമാണ്..അതിന് വേറെ അർത്ഥമൊന്നും ഇല്ല…ഒരാളെ പ്രണയിക്കാനുള്ള മാനസികാവസ്ഥയിലൊന്നുമല്ല ഞാൻ….”

“എന്നെ പ്രേമിക്കാൻ ഞാൻ നിന്നോട് പറഞ്ഞോ? ഒരു പരിചയവുമില്ലാത്ത കിഷോറിനു കൊടുക്കുന്ന പരിഗണന ഇത്രയും അടുത്ത എനിക്ക് തരാത്തതിൽ പരിഭവം ഉണ്ട്‌…”

അവളെന്തോ പറയാൻ തുടങ്ങിയതും സുജിത്ത് എഴുന്നേറ്റു…നേരെ കടയിൽ ചെന്ന് ഒരു പാക്കറ്റ് പോപ്പ്കോൺ വാങ്ങി വീണ്ടും അവളുടെ അടുത്ത് വന്നിരുന്നു…അത് തുറന്നു അവൾക്കു നേരെ നീട്ടി…

“തിന്ന് നോക്ക്…ഫ്രഷാണ്…”

അവൾ അത്ഭുതത്തോടെ അവനെ നോക്കി

“ഞാൻ പറഞ്ഞത് പിൻവലിച്ചിരിക്കുന്നെടാ..”

“എന്ത്?”

“നീ മറ്റുള്ളവരെ പോലാണെന്ന്…എനിക്ക് തെറ്റി…അവരൊക്കെ അര വട്ടു മാത്രമായിരുന്നു…നിനക്ക് മുഴുവട്ടാ..”

അവൻ ചിരിച്ചു…

“ഏയ്…അതല്ല…നമ്മള് ഇതിനെ കുറിച്ച് സംസാരിച്ചാൽ  ചിലപ്പോൾ തെറ്റും..അത് വേണ്ട…നമുക്കിങ്ങനെ അടിച്ചു പൊളിച്ചു പോകാം… “

അവർക്ക് പോകാനുള്ള ബസ് ട്രാക്കിൽ വന്നു നിന്നതോടെ ആ  സംസാരം  താത്കാലികമായി അവസാനിച്ചു…യാത്രയിൽ അവരൊന്നും മിണ്ടിയില്ല..അനാമിക പുറത്തേക്ക് കണ്ണും നട്ടിരുന്നു..ഇടയ്ക്കെപ്പോഴോ സുജിത്ത് ഉറങ്ങി… അവൻ തല അവളുടെ ചുമലിൽ ചായ്ച്ചു വച്ചു…ഒരു നിഷ്കളങ്കനായ ചെറുപ്പക്കാരൻ…അവൾ മനസിലോർത്തു..നാട്യങ്ങളില്ല..അവനെ ഇഷ്ടം തന്നെയാണ്…പക്ഷേ താനനുഭവിക്കുന്ന മാനസികസംഘർഷങ്ങൾക്കും, തന്റെ യാതനകൾകുമിടയിലേക്ക് അവനെ  പിടിച്ചിടാൻ ആഗ്രഹിക്കുന്നില്ല…ബസ് ബ്രെക്കിടുമ്പോൾ അവന്റെ തല തെന്നിപ്പോകാത്തിരിക്കാൻ അനാമിക കുറച്ച് കൂടി ചേർന്നിരുന്നു…..

ട്രാഫിക് ബ്ലോക്ക്‌ കാരണം  അവർ നാട്ടിലെത്തുമ്പോൾ രാത്രി ഒൻപതു മണി കഴിഞ്ഞിരുന്നു…ജങ്ഷനിൽ ഒറ്റ ഓട്ടോ പോലുമില്ല…സുജിത്ത് ഒന്നും മിണ്ടാതെ  പോസ്റ്റ്‌ ഓഫിസിന്റെ സൈഡിൽ പാർക്ക് ചെയ്ത ബൈക്ക് എടുത്ത് അവളുടെ അരികിൽ വന്നു…

“വാ കയറ്..” അവൻ പറഞ്ഞു..

“ഏയ്…ഓട്ടോ വന്നോളും “

“നീ ജാഡ കാണിക്കാതെ കേറിക്കേ..നേരം വൈകി..”

അവന്റെ ശബ്ദം കനത്തപ്പോൾ ഒന്നും മിണ്ടാതെ അവൾ കയറി…ഗ്രാമവഴിയിലൂടെ ബൈക്ക് ഓടി തുടങ്ങി…ഇരുളടഞ്ഞ മൺപാതയിലൂടെ വെളിച്ചത്തിന്റെ നേർ രേഖ വരച്ചു കൊണ്ട് പോകുമ്പോൾ പിൻ കഴുത്തിൽ അവളുടെ ചുടു ശ്വാസം തട്ടുന്നത് സുജിത്ത് അറിഞ്ഞു…ചുമലിൽ പിടിച്ച അവളുടെ കൈകൾ വിറയ്ക്കുന്നത് പോലെ…മനസ്സിനെ ശാസിച്ചു നിർത്തി അവൻ ബൈക്കോടിച്ചു..അനാമികയുടെ വീട്ട് മുറ്റത്തേക്ക്  കയറിയപ്പോൾ  ഒരു സ്ത്രീ പടിക്കെട്ടിൽ ഇരിക്കുന്നത് സുജിത്ത് കണ്ടു…ബൈക്ക് കണ്ടയുടൻ അവർ എഴുന്നേറ്റു പരിഭ്രമത്തോടെ അടുത്ത് വന്നു..

“എന്താ ഇത്രയും വൈകിയേ?” അവർ  അനാമികയോട് ചോദിച്ചു..

“റോഡ് ബ്ലോക്കായിരുന്നു..ഇവിടെ ഇറങ്ങിയിട്ട് ഓട്ടോ ഒന്നും കിട്ടിയില്ല..അമ്മേ ഇത് സുജിത്ത്…ഇടക്കേപ്പുറമാണ് വീട്..ഇവന്റെ കൂടെയാ രണ്ടു തവണയും  കോഴിക്കോട് പോയി വന്നത്..”

“വാ മോനേ കേറിയിരിക്ക്..”  അമ്മ ക്ഷണിച്ചു…

“വേണ്ട…നേരം  വൈകി…പിന്നെയൊരിക്കൽ വരാം..”  സുജിത്ത് മടിച്ചു…

“അങ്ങനെ പറഞ്ഞാൽ പറ്റില്ലെടാ..നീ  വാ..” അനാമിക അവന്റെ കൈയിൽ പിടിച്ചു വലിച്ചു…ബൈക്ക് സ്റ്റാൻഡിലിട്ട് അവൻ അവളുടെ കൂടെ വീട്ടിലേക്ക് കയറി.

“ഞാൻ ഒരാളെ പരിചയപ്പെടുത്തി തരാം…” മുറിയുടെ വാതിൽ തുറന്നു കൊണ്ട് അവൾ പറഞ്ഞു…അകത്തെ കട്ടിലിൽ ആരോ കിടക്കുന്നുണ്ട്…

“ചേച്ചീടെ ചിന്നൂട്ടി ഉറങ്ങിയോ?” അവൾ ലൈറ്റ് ഇട്ടു…

ഒരു പെൺകുട്ടി…ആ മുഖം കണ്ടപ്പോൾ സുജിത്ത് ഒന്ന് ഞെട്ടി..എന്തോ ഒരസ്വഭാവികത….

“സുജീ…ഇത്  അഞ്ജന..എന്റെ അനിയത്തി…പതിനേഴു വയസ്സ്..പക്ഷേ ബുദ്ധിവളർച്ച ഇല്ല..”

അനാമിക  പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. ഒരു ദുസ്വപ്നത്തിലാണ് താനെന്ന് അവനു  തോന്നി..അവൾ അഞ്ജനയുടെ അടുത്തിരുന്നു…ചിരിച്ചപ്പോൾ ഒലിച്ചിറങ്ങിയ ഉമിനീർ  ഷാൾ കൊണ്ട് തുടച്ചു…എന്നിട്ട് അവനെ നോക്കി..

“സഹതാപമൊന്നും വേണ്ടാട്ടോ….എനിക്കും അമ്മയ്ക്കും അതിഷ്ടമല്ല..കാരണം  ഇവൾ ഞങ്ങളുടെ ജീവനാ..നീ  ചോദിച്ചില്ലേ കിഷോറിനോട് ദിവസവും സംസാരിക്കുന്നതിനെ കുറിച്ച്? ഇതുപോലെ ബുദ്ധി മാന്ദ്യമുള്ള ഒരു മകൾ അവനുണ്ട്…എട്ടു വയസ്സ് കാരി…പ്രണയവിവാഹമായിരുന്നു അവന്റേത്..അതോണ്ട് തന്നെ  ആരും സഹായത്തിനില്ല…എനിക്ക് ആ  അവസ്ഥ മനസിലാകും..നല്ലൊരു സുഹൃത്ത് എന്ന ബന്ധം മാത്രമേ അവനോടുള്ളൂ..അല്ലാതെ നീ  ചിന്തിക്കുന്നത് പോലെ…”

അവൾ നിർത്തി…സുജിത്ത് ഒന്നും മിണ്ടിയില്ല…മുറി വിട്ട് പുറത്തിറങ്ങിയപ്പോൾ അമ്മ ഒരു ഗ്ലാസ്‌ ചായയുമായി  വന്നു.

“ചോറുണ്ണാൻ പറയുന്നില്ല…ഞങ്ങളുടെ കറികളൊന്നും മോന് ഇഷ്ടപ്പെടില്ല..”

അമ്മ വിഷമത്തോടെ പറഞ്ഞു…

“ഏയ്….അതൊന്നും സാരമില്ല അമ്മേ…ഇനിയൊരിക്കൽ കഴിക്കാനായിട്ട് വരാം..ഇപ്പൊ ഇത് മതി..”

അവൻ ചായ ഊതിക്കുടിച്ചു…എന്നിട്ട് ബാഗ് തുറന്ന് രണ്ടു പാക്കറ്റ് ഹൽവ എടുത്ത് അമ്മയുടെ കയ്യിൽ വച്ചു കൊടുത്തു..

“കോഴിക്കോടൻ ഹൽവ..എനിക്ക് ഭയങ്കര ഇഷ്ടമാ..ഇത് ഇവൾക്ക് വേണ്ടി വാങ്ങിയതാ…ശരി.. ഞാനിറങ്ങട്ടെ..നേരം ഒത്തിരി ആയി..”

ഉമ്മറത്തേക്ക് ഇറങ്ങിയതും  കറന്റ് പോയി..

“അമ്മേ..എമർജൻസി ലാമ്പ് ഓണാക്ക്..ചിന്നു ഇപ്പൊ കരയും…” അമ്മ അകത്തേക്ക് പോയി..

“അവൾക്ക് ഇരുട്ട് പേടിയാ…”  അനാമിക പറഞ്ഞു തീർന്നതും സുജിത്ത് അവളെ കെട്ടിപ്പിടിച്ചു..തന്റെ നെറ്റിയിൽ അവന്റെ ചുണ്ടുകൾ അമരുന്നത്  അറിഞ്ഞിട്ടും അവൾക്ക് പ്രതികരിക്കാനായില്ല…രണ്ടു നിമിഷം അതേ നിൽപ്പ് തന്നെ…അകത്ത് ലാമ്പിന്റെ വെളിച്ചം തെളിഞ്ഞപ്പോൾ അവൻ പിടിവിട്ട് പിന്നോട്ട് മാറി…ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് അനാമിക കണ്ടു…ഒന്നും മിണ്ടാതെ  അവൻ പുറത്തേക്കിറങ്ങി ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു…അതിന്റെ പിന്നിലെ ചുവന്ന ലൈറ്റ് കണ്ണിൽ നിന്നും മറയുന്നത് വരെ അവൾ നോക്കി നിന്നു…..

രാത്രി അനാമികയുടെ ഫോണിൽ  അവന്റെ മെസ്സേജ് വന്നു..

“സഹതാപം ഒന്നുമില്ല…സ്നേഹം കൂടിയിട്ടേ ഉള്ളൂ…വിഷമിപ്പിച്ചെങ്കിൽ മാപ്പ്… “

***********

അരുണും രമ്യയുമായുള്ള വിവാഹത്തിന്റെ തലേ ദിവസം രാത്രി..അരുണിന്റെ വീട്ടിലായിരുന്നു സുജിത്തും രാകേഷും…രാത്രി ഭക്ഷണം കഴിഞ്ഞ് പിറ്റേന്നേക്കുള്ള സദ്യയ്ക്കായി പച്ചക്കറികൾ മുറിച്ചിടുകയാണ് എല്ലാവരും…പ്രായമായവർ ഒരു മൂലയ്ക്കിരുന്ന് കഥകൾ പറയുന്നു..മുറ്റത്തു ചെറിയ തോതിൽ  കരോക്കെ ഗാനമേള…കണ്ണീർ പൂവിന്റെ കവിളിൽ തലോടി  എന്ന പാട്ട് പാടിയതിന് എല്ലാവരുടെയും തെറി കേട്ട വിഷമത്തിലിരിക്കുകയാണ് രാകേഷ്…

“എടാ അത്രക്ക് ബോറായിരുന്നോ?”

“ഏയ്.. അങ്ങനൊന്നുമില്ല…ഇവർക്ക് ആസ്വദിക്കാനുള്ള കഴിവില്ലാത്തത് കൊണ്ടാ…പിന്നെ ഉണ്ണിക്കിടാവിനു നൽകാൻ അമ്മ നെഞ്ചിൽ പാലാഴിയേന്തി എന്നാ…പക്ഷെ നീ  പാവാട ഏന്തി എന്നാ പാടിയെ..”

“അയ്യേ…പേടിച്ചിട്ട് തെറ്റിപ്പോയതായിരിക്കും…വെറുതെയല്ല  ദീപിക വായ പൊത്തി ചിരിച്ചത്…ഈശ്വരാ ഞാനിനി എങ്ങനെ അവളുടെ  മുഖത്ത് നോക്കും..” രാകേഷ് നെറ്റിയിൽ അടിച്ചു…

ചെത്തുകാരൻ ഗോവിന്ദന്റെ മകൾ ദീപികയും  രാകേഷും ഇഷ്ടത്തിലാണ്…അവളുടെ മുൻപിൽ ആളാവാൻ പാടി നോക്കിയതാണ്..അരുൺ ആരോടോ  ഫോണിൽ സംസാരിച്ചു കൊണ്ട് അങ്ങോട്ട് വന്നു..സുജിത്തിനെ കണ്ടപ്പോൾ ഫോൺ പോക്കറ്റിലിട്ട് നിറഞ്ഞ ചിരിയോടെ അടുത്തു വന്നിരുന്നു..

“സുജിത്തേ…ഫുഡ് കഴിച്ചോ…”

“കഴിച്ചു…. അരുണേട്ടന് ഇന്ന് ഊണും ഉറക്കവുമൊന്നും ഉണ്ടാവില്ല അല്ലേ? “

“അങ്ങനൊന്നുമില്ലെടാ…ചെറിയ ടെൻഷനുണ്ട്….ആ  പിന്നേ.. നീയെന്റെ അളിയനെ കണ്ടിട്ടില്ലല്ലോ…”

അരുൺ ഫോണെടുത്തു ഗാലറി തുറന്ന് അവനു നേരെ നീട്ടി…രമ്യയുടെ  ചേട്ടൻ  ആർമിക്കാരനാണ്…ഇന്ന് രാവിലെ എത്തിയതേ ഉള്ളൂ…

“മൂപ്പരോടാ ഇത്രേം നേരം സംസാരിച്ചിരുന്നേ..” അരുൺ അഭിമാനത്തോടെ പറഞ്ഞു…സുജിത്ത് ആ ഫോട്ടോ നോക്കി..സുമുഖനായ ഒരു ചെറുപ്പക്കാരൻ

“രാകേഷേ, നോക്കിക്കേ. മനോജ്‌ ബാജ്പേയിയെ പോലുണ്ട്…”

രാകേഷ്  എത്തി നോക്കി… “ശരിയാടാ…”

അരുൺ ഫോൺ വാങ്ങി.. “എന്തിനാ കളിയാക്കുന്നെ? നിനക്കൊക്കെ അസൂയയാ..വാജ്പേയിയേ പോലെ പ്രായം തോന്നിക്കുന്നു എന്ന് പറയാൻ രണ്ടിനും കണ്ണിന് വല്ല സൂക്കേടുമുണ്ടോ?”

രാകേഷും  സുജിത്തും പരസ്പരം നോക്കി..

“എന്റെ ചേട്ടോ…ഇവൻ പറഞ്ഞത്  മനോജ്‌ ബാജ്പെയ്…ഹിന്ദി നടൻ…അല്ലാതെ അടൽ ബിഹാരി വാജ്പേയ് എന്നല്ല..”

“അങ്ങനൊരു നടനുണ്ടോ?ഞാനറിഞ്ഞില്ല..”

ആരോ വിളിച്ചപ്പോൾ അരുൺ എഴുന്നേറ്റു പോയി…

“ആ പെണ്ണിന്റെ കഷ്ടകാലം…ഇതെന്തൊരു മണ്ടനാടാ…?..” സുജിത്ത്  അവിയലിനു വേണ്ടി നുറുക്കിയ പച്ചക്കറികൾ  സ്റ്റീൽ പാത്രത്തിലേക്ക് ഇട്ടുകൊണ്ട് ചോദിച്ചു..

“അങ്ങേരുടെ കാര്യം വിട്…നിന്നെ മറ്റേ കൊച്ച് വിളിച്ചോ?”

“കുറച്ചു മുൻപ് വിളിച്ചാരുന്നു…അവളും കല്യാണ വീട്ടിലാ ഉള്ളത്…രമ്യയുടെ അയൽക്കാരി അല്ലേ?”

പാചകക്കാരൻ സുകുമാരൻ അങ്ങോട്ടേക്ക് വന്നു..

“കഴിഞ്ഞോ പിള്ളേരെ?”

“ഇത് കഴിഞ്ഞു..ഇനിയെന്താ?”

“ഏകദേശം ആയെടാ..നിങ്ങള് കുറച്ചു വിശ്രമിക്ക്…ഇനി തേങ്ങാപ്പാൽ എടുക്കണം…പതിയെ മതി…രണ്ടെണ്ണം അടിക്കണമെങ്കിൽ പിന്നിലോട്ട് വാ.”

“സുകുവെട്ടാ…അവൻ വെള്ളമടിക്കില്ല .. എനിക്ക് വേണം..” രാകേഷ് എഴുന്നേറ്റു..

“നിനക്ക് തരുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷേ ദയവ് ചെയ്തു ഇനി പാട്ടുപാടിയേക്കരുത്..നിന്റെ കണ്ണീർ പൂവ് കേട്ട ഷോക്ക് മാറാൻ  മൂന്ന് പെഗ് വെള്ളം ചേർക്കാതെ അടിക്കേണ്ടി വന്നു..”

സ്റ്റീൽ ചരുവം എടുത്ത് സുകുമാരൻ പോയി…

“ആകെ നാറിപ്പോയല്ലോ…നാളെ എല്ലാരും കൂടി എന്നെ വലിച്ചു കീറും…” രാകേഷ് സങ്കടപ്പെട്ടു..

“എല്ലാ ഗായകരുടെയും ആരംഭം  പരിഹാസത്തിൽ നിന്നായിരിക്കും..നീ  തളരരുത്…”

“സുജീ…നീ എനിക്കിട്ട് ഊതുന്നത് ആ  അടുപ്പിൽ പോയി ഊതിയിരുന്നെങ്കിൽ സുകുവേട്ടന് ഉപകാരമായേനെ..”

ദേഷ്യപ്പെട്ട് രാകേഷ്  വീടിനു പുറകിലേക്ക് പോയി…സുജിത്തിന്റെ ഫോണടിച്ചു…അനാമിക…

“അനൂ..പറഞ്ഞോ..”

“ജോലിയൊക്കെ കഴിഞ്ഞോ  സുജീ..”

“തീരാറായി…അവിടെന്താ അവസ്ഥ?”

“കാര്യമായ പണിയൊന്നുമില്ല..വീഡിയോക്ക് പോസ് ചെയ്യൽ തന്നെ..”

“നീ വല്ലതും കഴിച്ചോടീ?”

“ഉം..നീയോ?”

“നേരത്തെ കഴിച്ചു…ഇപ്പൊ വിശന്നു തുടങ്ങി..ഒന്നൂടെ കഴിക്കണം..”

“കൂട്ടുകാരൻ ഇല്ലേ,?”

“വെള്ളമടിക്കാൻ പോയി..ഇപ്പൊ വരും “

അവൻ ഫോണും ചെവിയിൽ വച്ച്  ഇരുട്ടിലേക്ക് നടന്നു..ബഹളങ്ങളിൽ നിന്നൊക്കെ മാറി കുറച്ചു ദൂരെ  ഒരു പറമ്പിലിരുന്നു…

“അനൂ…ഞാനൊരു കാര്യം ചോദിച്ചോട്ടെ?”

“എന്താടാ?”

“നിന്റെ വിസയൊക്കെ ശരിയായി  ഗൾഫിലൊക്കെ പോയി കുറച്ചു കഴിഞ്ഞ് എപ്പോഴെങ്കിലും, സ്വന്തം ജീവിതത്തെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയാൽ  എന്നെ പരിഗണിക്കുമോ?”

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു…

“അങ്ങനെ ചിന്തിക്കാൻ തുടങ്ങിയാലല്ലേ? അന്നത്തെ കാര്യം അന്ന് നോക്കാം..നീ ചുമ്മാ സെന്റി ആവല്ലേ…അത് വിട്..നാളെ എന്താ ഡ്രസ്സ്‌ ഇടുന്നെ?”

“മുണ്ടും ഷർട്ടും…നീയോ?”

“സാരി..”

“അത് പൊളിക്കും…”

“ശരിയെടാ…ഞാൻ വെക്കുവാണേ…എന്നെ വിളിക്കുന്നുണ്ട്..”

അവൾ ഫോൺ വച്ചു..അന്ന് അവളുടെ വീട്ടിൽ പോയ ശേഷം അവർ തമ്മിൽ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തിരുന്നു..പ്രണയമോ സൗഹൃദമോ എന്ന് തിരിച്ചറിയാനാവാത്ത ബന്ധം…എന്നും വിളിച്ചു സംസാരിക്കും…പക്ഷേ അവളുടെ ഉള്ളിൽ എന്തോ ഒന്ന് നീറുന്നുണ്ട് എന്ന് അവനു മനസിലായിരുന്നു..എന്താണെന്ന് പറഞ്ഞിട്ടില്ല…അത് ചോദിച്ചില്ല…ഒരിക്കൽ അവൾ മനസ്സ് തുറക്കും…തീർച്ച…അവൻ തിരിച്ചു കല്യാണവീട്ടിലേക്ക് നടന്നു…

*****************

” വല്ലാത്തൊരു ടെൻഷൻ…എന്തു ചെയ്യും? ഒരു വഴിപറഞ്ഞു താ.. “

മുറിയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുകയായിരുന്നു അരുൺ…രാകേഷ് ഒരു പഴം തിന്നുകൊണ്ട് കട്ടിലിൽ ഇരിക്കുകയാണ്..

“നല്ലോണം ടെൻഷനുണ്ടേൽ പത്ത് പുഷ് അപ്പ് എടുക്ക്..മാറിക്കോളും..” രാകേഷ് പഴത്തൊലി ജനലിലൂടെ പുറത്തേക്കിട്ടു..

“ഏതവനാടാ തലയിലേക്ക് തൊലി എറിഞ്ഞത്? “

ഒരാൾ എത്തിനോക്കി..

“ഓ..കണ്ണീർപ്പൂവ്…നീയായിരുന്നോ?പാട്ട് പൊളിച്ചു കേട്ടോ..അടുത്തയാഴ്ച  റഹീമിന്റെ മോൾടെ കല്യാണമാ..നീ എന്തായാലും പാടണം..ഹരിമുരളീരവം  ഒന്ന് ശ്രമിച്ചു നോക്ക്.. നിന്നെക്കൊണ്ട് പറ്റും..”

“ഗോപിയേട്ടാ… ഒരബദ്ധം പറ്റിയെന്നു വച്ച് ഇങ്ങനെ കളിയാക്കരുത്..ഒന്നുമില്ലേലും നിങ്ങളുടെ മോനും ഞാനും ഒന്നിച്ചു പഠിച്ചതല്ലേ…ആ സ്നേഹമെങ്കിലും കാണിക്കണം..”

“ആ ഒരൊറ്റ കുറവേ എന്റെ മോനുള്ളൂ…”

സുജിത്ത് റൂമിലേക്ക് കയറി വന്നു..

“ആരാടാ അത്?”   അവൻ  ചോദിച്ചു…

“ആ മണിയുടെ അച്ഛനാ…രാവിലെ തന്നെ എനിക്കിട്ട് താങ്ങുന്നു..”

അവൻ സുജിത്തിനെ അടിമുടി നോക്കി..മെറൂൺ ഷർട്ടും വെള്ളമുണ്ടും….

“സൂപ്പറായിട്ടുണ്ടല്ലോ..ഈ ഷർട്ട്‌ എപ്പോ വാങ്ങി?”

“കഴിഞ്ഞയാഴ്ച ഒരു തമിഴൻ കൊണ്ടുവന്നതാ…അമ്മ വാങ്ങിച്ചു…കൊള്ളാമോ?”

“അടിപൊളി…എനിക്കൊരു ദിവസം ഇടാൻ തരണേ?”

“അത് പറഞ്ഞപ്പോഴാ ഓർത്തത്, നീ  എന്റെയൊരു ഷർട്ട്‌ കഴിഞ്ഞ വിഷുവിനു കൊണ്ടുപോയിരുന്നല്ലോ? അതെവിടെ?”

“ഓ..തരാമെടാ…ഇങ്ങനെ കണക്ക് പറയല്ലേ…”

ബാത്‌റൂമിൽ നിന്ന് അരുൺ ഇറങ്ങി വന്നു..

“എന്തു പറ്റി അരുണേട്ടാ? സുഖമില്ലേ?”  സുജിത്ത് ചോദിച്ചു…

“വല്ലാത്ത ടെൻഷൻ…” അരുൺ മുഖം തുടച്ചു..

“ഇതിപ്പോ നാലാമതാ ടെൻഷൻ ഇറക്കാൻ കക്കൂസിൽ പോയിരിക്കുന്നെ..”

രാകേഷ് കളിയാക്കി…

“സമയം ആയിക്കൊണ്ടിരിക്കുവാ പെട്ടെന്ന് റെഡിയാക്…” സുജിത്ത് പറഞ്ഞു തീരും മുൻപ് അരുൺ വയറും പൊത്തിപ്പിടിച്ചു വീണ്ടും ബാത്‌റൂമിൽ കയറി വാതിലടച്ചു.

“ഇങ്ങേരു കല്യാണം കുളമാക്കുമോടാ?” രാകേഷ് വീണ്ടും ഒരു പഴമെടുത്തു കഴിക്കാൻ തുടങ്ങി…

*****************

രമ്യയുടെ വീട്ടിൽ വച്ച്  പതിനൊന്നരയ്ക്കും പന്ത്രണ്ടിനുമിടയ്ക്കുള്ള ശുഭമുഹൂർത്തത്തിൽ അരുൺ അവളുടെ കഴുത്തിൽ താലി കെട്ടി…ആളുകൾ സദ്യ കഴിക്കാൻ  തിരക്ക് കൂട്ടുകയായിരുന്നു..സുജിത്ത് അനാമികയുടെ  വീട്ടിനകത്ത് അഞ്ജനയുടെ അടുത്തിരുന്നു…അവളുടെ അമ്മ ഭിത്തിയിൽ ചാരി നിൽക്കുകയാണ്…കല്യാണ വീട്ടിൽ നിന്നും കൊണ്ടുവന്ന ഭക്ഷണം അവൻ ഉരുളകളാക്കി  അവളുടെ  വായിൽ വച്ചു കൊടുത്തു…അവനോട് അടുക്കാൻ ആദ്യമൊക്കെ മടിച്ചിരുന്നെങ്കിലും സ്നേഹത്തോടെ അവൻ തലോടിയപ്പോൾ അഞ്ജന അടങ്ങി…

“ഇവളെ കല്യാണത്തിന് കൊണ്ടു പൊയ്‌ക്കൂടായിരുന്നോ? തൊട്ടടുത്തല്ലേ?”

അവൻ ചോദിച്ചു…

“അത് വേണ്ട മോനേ…ആളുകൾ സഹതാപത്തോടെ നോക്കുന്നത് കാണുമ്പോൾ സങ്കടം വരും. തന്നെയുമല്ല ആൾക്കൂട്ടമൊക്കെ ഇവൾക്ക് പേടിയാ…”

“മറ്റുള്ളവരോട് പോകാൻ പറ…അവരാണോ നിങ്ങൾക്ക് ചിലവിനു തരുന്നേ? എപ്പോഴും അടച്ചു വയ്ക്കുന്നത് കൊണ്ടാ ആൾക്കൂട്ടം ഇവൾക്ക് പേടി…”

അവസാനത്തെ ഉരുളയും അവളെ കഴിപ്പിച്ച്  സുജിത് എഴുന്നേറ്റു…അപ്പോഴേക്കും അനാമിക അങ്ങോട്ട് വന്നു..കയ്യിൽ ഒരു പാത്രത്തിൽ ചോറും കറികളും…

“ഇതാമ്മേ ചിന്നുവിന് കൊടുത്തേക്ക്…വിശക്കുന്നുണ്ടാകും..”

“അവളു കഴിച്ചെടി..ഈ  മോൻ കൊണ്ടു വന്നു കഴിപ്പിച്ചു..”

അനാമിക അത്ഭുതത്തോടെ അവനെ  നോക്കി. അവൻ  ചിരിച്ചു കൊണ്ട് പുറത്തിറങ്ങി കൈ കഴുകി..

“വാ നമുക്ക് ഭക്ഷണം കഴിക്കണ്ടേ? വിശക്കുന്നു…” സുജിത്ത് പറഞ്ഞു…അവളൊന്നും മിണ്ടാതെ അവന്റെ കൂടെ നടന്നു…അടുത്തടുത്തുള്ള കസേരകളിലാണ് അവർ ഇരുന്നത്. അവന്റെ അടുത്തതായി രാകേഷും ഉണ്ട്‌…സദ്യ കഴിച്ചു കൊണ്ടിരുന്നപ്പോൾ  ഫോട്ടോഗ്രാഫറെ രാകേഷ് കൈ കാട്ടി വിളിച്ചു…ആ പയ്യൻ ഓടി വന്നു..

“നീ കഴിച്ചോടാ?”

“ഇല്ല ചേട്ടാ..”

“ബാ, ഇവിടിരിക്ക്..”

“ഏയ്…ഞാൻ പിന്നെ കഴിച്ചോളാം..”

“എടേ, ഫോട്ടോഷൂട്ട് ഒക്കെ ഏകദേശം കഴിഞ്ഞില്ലേ? ഇനി ഭക്ഷണം..സമയത്തിന് വല്ലതും കഴിച്ചില്ലേൽ അസുഖം വരും..നീ  ഇവിടിരിക്ക്..ആരുമൊന്നും പറയില്ല…”

ആ പയ്യൻ മനസില്ലമനസോടെ അടുത്ത കസേരയിൽ  ഇരുന്നു…

“നീ ഒരു ഉപകാരം ചെയ്യണം..”

രാകേഷ് ശബ്ദം താഴ്ത്തി പറഞ്ഞു..

“എന്താ ചേട്ടാ..”?

“എന്റെ ഇപ്പുറമിരിക്കുന്ന രണ്ടുപേരെ കണ്ടോ? അവരുടെ ഒരു കിടിലൻ ഫോട്ടോ എടുത്ത് തരണം…നിങ്ങളുടെ ഭാഷയിൽ പറഞ്ഞാൽ എന്തൂട്ടാ അത്?..ആ അൺഎക്സ്പെറ്റഡ് ക്ലിക്…അത് തന്നെ..”

“കുഴപ്പമാകുമോ? എന്റെ കഞ്ഞികുടി മുട്ടിക്കരുത്..”

“നിന്റെ കഞ്ഞികുടി മുട്ടും..പകരം  ഡെയിലി ബിരിയാണി തിന്നാനുള്ള വഴി ഉണ്ടാകും..എനിക്ക് അത്യാവശ്യം സീരിയലുകാരെ ഒക്കെ അറിയാം..ഈ ഉപകാരം ചെയ്താൽ നിനക്ക് അവരെ മുട്ടിച്ചു തരും..പിന്നെ നീ ആരാ…?..പോരാത്തതിന് എന്റെ പരിചയത്തിൽ വല്ല കല്യാണവും  വന്നാൽ നിന്റെ സ്റ്റുഡിയോയിലേക്ക് വിടാം…ഇവര് രണ്ടും കെട്ടുമ്പോഴും നിനക്ക് തന്നെ വർക്ക്‌..ഒരു ഫോട്ടോയ്ക്ക് ഇത്രയൊക്കെ പോരേ?”

പപ്പടം ചോറിലേക്ക് പൊടിച്ചു ചേർത്തുകൊണ്ട് രാകേഷ് ചോദിച്ചു…ആ പയ്യൻ തലയാട്ടി…

വീടിനു പിറകിലെ നെല്ലിമരചുവട്ടിൽ നില്കുകയായിരുന്നു അനാമികയും  സുജിത്തും..ഓറഞ്ച് നിറമുള്ള സാരിയിൽ അവൾ അതീവ സുന്ദരിയായി അവനു തോന്നി…

“നിന്നെ ഇതുവരെ ആരും പ്രൊപ്പോസ് ചെയ്തിട്ടില്ലേ?”

ആ ചോദ്യം നിനച്ചിരിക്കാതെ കേട്ടപ്പോൾ അവളൊന്ന് ഞെട്ടി…

“ങേ..എന്താ നീ ചോദിക്കാൻ കാരണം?”

“ഒന്നുമില്ല..നീ പറ..”

ഒരു നിമിഷം അവൾ അവന്റെ മുഖത്തേക്ക് തന്നെ നോക്കി…

“ഉണ്ടായിരുന്നു..ഒരു പ്രണയം..ഒന്നര വർഷം മുൻപ് അത് മരിച്ചു….”

അവളുടെ മിഴികൾ നിറഞ്ഞു തുളുമ്പിയപ്പോൾ സുജിത്തിന് വിഷമമായി..

“അനൂ, സോറി…ചുമ്മാ അറിയാൻ വേണ്ടി ചോദിച്ചതാ.”

കൈ നീട്ടി അവളുടെ കണ്ണീർ അവൻ തുടച്ചു…

“പിന്നീട് എന്നെങ്കിലും ഞാൻ പറയാം…”

“നിർബന്ധമില്ല…നിന്നെ സങ്കടപ്പെടുത്തുന്നതൊന്നും എനിക്കായ് ഓർത്തെടുക്കേണ്ട….”

അവൾ ചിരിച്ചു…വധൂവരന്മാർ  യാത്രയാവുകയാണ്…രമ്യ അച്ഛനെയും ചേട്ടനെയും കെട്ടിപ്പിടിച്ചു കരയുമ്പോൾ ഇപ്പുറത്ത് ബസ്സിനകത്തിരുന്ന് സുജിത്ത് അനാമികയെ നോക്കി നെടുവീർപ്പിട്ടു…രാകേഷ് അവന്റെയടുത്തിരുന്നു..

“നീയൊന്ന് ഉത്സാഹിച്ചാൽ അടുത്ത് തന്നെ അവളെ കൊണ്ടും ഇതുപോലെ വീട്ടുകാരെ കെട്ടിപ്പിടിച്ചു കരയിപ്പിക്കാം…”

“ആഗ്രഹമില്ലാഞ്ഞിട്ടല്ലടാ..അവളു കൂടി സമ്മതിക്കണ്ടേ…എന്തൊക്കെയോ ടെൻഷൻ അവൾക്കുണ്ട്…അതൊക്കെ ഒന്ന് പറയട്ടെ ആദ്യം…” രാകേഷ് പുറത്തേക്കിറങ്ങി അരുണിന്റെ അടുത്തെത്തി..

“ഇറങ്ങുന്നില്ലേ?” അവൻ ചോദിച്ചു.

“നീ ഇത് നോക്കിയേ.? ഇവള് കരയുന്നത് കണ്ടാൽ ഞാനിവളെ കിഡ്നാപ്പ് ചെയ്തു പോവുകയാണെന്ന് തോന്നുമല്ലോ…” മാലയും ബൊക്കെയും കാറിൽ ഇട്ട് അരുൺ മുണ്ട് ഒന്നുകൂടെ മുറുക്കി…

“അത് കാര്യമാക്കണ്ട..ഇതൊരു ചടങ്ങാ…കരഞ്ഞില്ലേൽ നാട്ടുകാര് പറയും  ‘അയ്യേ നോക്കിക്കേ..ആ പെണ്ണിനൊരു വിഷമവും ഇല്ലല്ലോന്നു…’  “

അച്ഛനും ചേട്ടനും രമ്യയെ കാറിൽ കയറ്റിയപ്പോൾ രാകേഷ് തിരിച്ചു ബസിൽ വന്നിരുന്നു..എല്ലാ വാഹനങ്ങളും  നീങ്ങി തുടങ്ങി…

***************

ഒരു മാസത്തിനു ശേഷം..

“ഇന്നാ….നിന്റെ കൂട്ടുകാരൻ രാകേഷ് കൊണ്ടുവന്നതാ..”

നാരായണൻ ഒരു കവർ സുജിത്തിന് കൊടുത്തു…അവൻ അമ്മയെ നോക്കി… ഒരു ചെറിയ ചിരി ആ  മുഖത്തുണ്ട്…അവൻ വേഗം അതു തുറന്നു നോക്കി..ഒരു ഫോട്ടോ..നെല്ലിമര ചുവട്ടിൽ നിൽക്കുന്ന അനാമികയും  താനും…അവളുടെ കണ്ണുനീർ തുടയ്ക്കുമ്പോൾ എടുത്ത ഫോട്ടോ…പക്ഷേ കണ്ടാൽ ആ  കവിളിൽ തലോടുന്നതായേ തോന്നൂ…ഇത് ആര് എപ്പോൾ എടുത്തു? അവനു മനസിലായില്ല..

“ആരാടാ ഈ പെണ്ണ്?”

നാരായണൻ  ചോദിച്ചു..

“ഓ..തുറന്ന് നോക്കി അല്ലേ..? ഇത് ചതിയായിപ്പോയി,..”

“ആ…തുറന്നത് കൊണ്ടല്ലേ മോന്റെ കയ്യിലിരുപ്പ് അറിഞ്ഞത്…ആരാടാ  ഇത്?”

“അതൊക്കെ വഴിയേ പറഞ്ഞോളാം…പോരേ?”

“അത് മതി..ഒടുക്കം നാട്ടുകാര് കൈവച്ചൂന്ന് മാത്രം കേൾക്കാനിടയാക്കരുത്..എനിക്കത് നാണക്കേടാ…”

അവൻ ദേഷ്യത്തിൽ റൂമിലേക്ക് കയറാൻ ഭാവിച്ചു…

“അപ്പൊ നിനക്ക് തായ്‌ലൻഡിൽ പോകണ്ടേ?”

“പോകുമ്പോ അറിയിച്ചോളാം..അനുഗ്രഹിച്ചാൽ മതി..” റൂമിൽ കയറി ഫോണെടുത്ത് അവൻ രാകേഷിനെ വിളിച്ചു….

“സുജീ…ഞാനൊരു സാധനം നിന്റച്ഛന്റെ കയ്യിൽ കൊടുത്തിരുന്നു.. കിട്ടിയോ.?”

“കിട്ടി..”

“എങ്ങനുണ്ടായിരുന്നു എന്റെ സർപ്രൈസ്?”

“അതിനുള്ള നന്ദി തരാൻ നീയെന്റെ മുന്നിൽ ഇല്ലല്ലോ എന്ന സങ്കടം മാത്രമേ ഉള്ളൂ…നിങ്ങള് കുടുംബക്കാരെല്ലാം എന്താടാ ഇങ്ങനെ മണ്ണുണ്ണികളായിപ്പോയത്..?”

“ങേ…അതെന്താ നീ അങ്ങനെ പറഞ്ഞേ? നിനക്ക് സന്തോഷമാകുമെന്ന് വച്ചു ആ പയ്യന് കൈക്കൂലി കൊടുത്ത് ചെയ്യിച്ചതാ…അതിനും കുറ്റമോ..?”

“എടാ ക ഴുതേ…അതെന്റെ അച്ഛന്റെ കയ്യിൽ തന്നെ കൊടുക്കണോ?”

“പെങ്ങളും അളിയനും വന്നിട്ടുണ്ട്…ചിക്കൻ വാങ്ങാൻ പോയപ്പോഴാ പയ്യൻ ഫോട്ടോ തന്നത്,..അതും കൊണ്ട് വീട്ടിൽ പോയാൽ  ശരിയാവില്ല എന്ന് തോന്നി നിന്റെ വീട്ടിൽ വന്നു..നീ  എത്തിയില്ല എന്ന് നാരായണേട്ടൻ പറഞ്ഞപ്പോൾ  കയ്യിൽ കൊടുത്ത് ഞാനിങ്ങ് പോന്നു…ഇത്രേ ഞാൻ ചെയ്തുള്ളു..”

“ഒരുകണക്കിന് നന്നായി..ഇവിടെ എങ്ങനെ അവതരിപ്പിക്കും എന്നൊരു ടെൻഷനേ ഉണ്ടായിരുന്നുള്ളൂ..അത് മാറി..”

സുജിത്ത് സ്വയം ആശ്വസിപ്പിച്ചു…

“ഒരു കോപ്പി എടുത്ത് അവൾക്കു കൊടുത്താലോ? സന്തോഷമായിക്കോട്ടെ…”

“എന്റെ കൂട്ടുകാരാ…നീ  ഇങ്ങനെ ഉപകാരങ്ങൾ ചെയ്തെന്നെ വീർപ്പു മുട്ടിക്കല്ലേ…ഇതൊക്കെ തന്നെ  ധാരാളം…”

അവൻ ഫോൺ വച്ചു..എന്നിട്ട് ആ ഫോട്ടോ എടുത്ത് നോക്കി..രണ്ടു പേരുടെയും മുഖത്തിന്റെ ഒരു വശം മാത്രമേ കാണുന്നുള്ളൂ…എന്നാലും കൊള്ളാം…അനൂ…എനിക്ക് നിന്നെ വേണം… എന്നും….ആ ഫോട്ടോ നെഞ്ചോട് ചേർത്തു പിടിച്ച് അവൻ കണ്ണുകളടച്ചു…

***************

ഓർമകളിലൂടെ  യാത്ര ചെയ്യുകയായിരുന്നു അനാമിക….കണ്ണുനീരിന്റെ അകമ്പടിയോടെ…

“എടോ താനെന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്…”

വിപിൻ പറഞ്ഞു തുടങ്ങി…പാർക്കിലെ ബഞ്ചിൽ ഇരിക്കുകയായിരുന്നു രണ്ടുപേരും.

“എനിക്ക് തന്നെ അത്രയ്ക്ക് ഇഷ്ടമാ…മൂന്ന് വർഷത്തെ പ്രണയം ഒരൊറ്റ വാക്കിൽ അവസാനിപ്പിച്ചു പോകാൻ മാത്രം ക്രൂ രനൊന്നുമല്ല ഞാൻ..പക്ഷേ പറഞ്ഞില്ലേ…എന്റെ വീട്ടുകാർ..അവരെ വെറുപ്പിക്കാൻ പറ്റില്ല..സാമ്പത്തികമൊന്നുമല്ല അവരുടെ പ്രശ്നം…തന്റെ ജോലി…അത് പോട്ടെന്നു വയ്ക്കാം..പക്ഷേ  തന്റെ അനിയത്തി…അതാണ്‌  അവരെതിർക്കാനുള്ള പ്രധാന കാരണം…”

അവളൊന്ന് ചിരിക്കാൻ ശ്രമിച്ചു…

“ഞാൻ നേഴ്സ് ആണെന്നറിഞ്ഞിട്ടല്ലേ നീയെന്നെ ഇഷ്ടപ്പെട്ടത്? അന്നെന്തോ പറഞ്ഞിരുന്നല്ലോ…ആ..നേഴ്‌സുമാർ ഭൂമിയിലെ മാലാഖമാരാണെന്ന്  അല്ലേ?… ഇപ്പൊ എന്ത് പറ്റി? “

“എടോ പ്ലീസ്…”.

“പിന്നെ അഞ്ജനയുടെ കാര്യം…അതും നിനക്ക് നേരിട്ടറിയാം..എത്ര പ്രാവശ്യം നീ വീട്ടിൽ വന്നിട്ടുണ്ട്..? അവളെ ചേർത്തു പിടിച്ച് നിന്റെ സ്വന്തം അനിയത്തിയാണെന്ന് പറഞ്ഞിട്ടുണ്ടല്ലോ…ഇപ്പൊ അതല്ലാതെ ആയോ?”

വിപിന് മറുപടി ഉണ്ടായിരുന്നില്ല…അനാമിക എഴുന്നേറ്റു….

“താൻ വിഷമിക്കരുത്…എന്നെ ശപിക്കരുത്…”

അവൾ മന്ദസ്മിതത്തോടെ അവനെ നോക്കി..

“ഇല്ല…നീ വേറെന്തെങ്കിലും കാരണം പറഞ്ഞിട്ടാണ്  ഒഴിവാക്കുന്നതെങ്കിൽ എനിക്ക് സത്യമായും സങ്കടം വന്നേനെ..പക്ഷേ ഇപ്പൊ ഇല്ല… ഈ ജോലി ഞാൻ അത്രയും ഇഷ്ടപ്പെട്ടു ചെയ്യുന്നതാ…അതിൽ അഭിമാനവും  അഹങ്കാരവും ഉണ്ട്‌…ആ ജോലിക്ക് അന്തസ്സ് കുറവാണെന്ന് ചിന്തിക്കുന്ന ഒരു കുടുംബത്തിലേക്ക് ഒരിക്കലും ഞാൻ വരില്ല…ചിന്നുവിന്റെ കാര്യവും അതുപോലെ തന്നെ.. എന്റെ  വിഷമങ്ങളൊക്കെ മറക്കുന്നത്  അവളുടെ നിഷ്കളങ്കമായ പുഞ്ചിരി കാണുമ്പോഴാ…എനിക്ക് ദൈവം തന്നെ നിധിയാ അവൾ…ഇതൊന്നും മനസിലാക്കാത്ത നിന്റെ കൂടെ ജീവിക്കാൻ ഒരാഗ്രഹവും ഇല്ല… പോട്ടെ, നിനക്ക് നല്ലത്  വരും…”

അവൾ  വേഗത്തിൽ തിരിച്ചു നടന്നു..ബസിൽ കയറിയിരുന്നപ്പോഴേക്കും കരച്ചിൽ പൊട്ടി…മൂന്ന് വർഷം സ്വന്തമെന്ന് കരുതിയ സ്വപ്‌നങ്ങൾ നഷ്ടമായിരിക്കുന്നു..കൂടെ ജോലി ചെയ്യുന്ന ഒരാൾ വഴി പരിചയപ്പെട്ടതാണ് വിപിനെ…സൗഹൃദം പ്രണയമായപ്പോഴും  അവൻ  വീട്ടിൽ വന്ന് അമ്മയെയും ചിന്നുവിനെയും കാണാൻ തുടങ്ങിയപ്പോഴും  മനസ്സ് തുള്ളിച്ചാടുകയായിരുന്നു…പക്ഷേ അമ്മ പലപ്പോഴും പറയും…

“മോളേ, ആ പയ്യൻ നല്ലവനാ..പക്ഷേ കേട്ടിടത്തോളം അവന്റേത് വലിയൊരു കുടുംബമാ..അവരിതിന് സമ്മതിക്കുമോ? നീ കരയാനിടവരരുത്…നമുക്കൊന്നും ചോദിക്കാനും പറയാനും ആരുമില്ലാത്തതാ..അതോർമ്മ വേണം…”

അമ്മയുടെ പേടി സത്യമായി….

“എന്തു പറ്റി?”  അവളുടെ കണ്ണുനീർ ഒഴുകുന്നത് കണ്ട് അടുത്തിരുന്ന സ്ത്രീ ചോദിച്ചു..

“പുറത്ത് നിന്ന് എന്തോ കണ്ണിലേക്കു വീണു.. “

“നോക്കട്ടെ..” അവർ  അനാമികയുടെ മുഖം തിരിച്ചു..

“ഇപ്പൊ പോയി ചേച്ചീ…താങ്ക്സ്..”.

വിശ്വാസം വന്നില്ലെങ്കിലും ആ സ്ത്രീ പിന്നെയൊന്നും ചോദിച്ചില്ല…

ബസ്സിറങ്ങി നടക്കുമ്പോൾ അമ്മ എതിരെ വരുന്നത് കണ്ടു…

“അമ്മ എങ്ങോട്ടാ “?

“ദാമു വന്നിട്ടുണ്ട്…എന്തെങ്കിലും കറിയുണ്ടാക്കണ്ടേ? വല്ലപ്പോഴും കൂടിയാ അവൻ ഇങ്ങോട്ട് വരുന്നത്…മീനെന്തേലും കിട്ടുമോന്ന് നോക്കട്ടെ…നീ വേഗം പോ…ചോറ് അടുപ്പത്തുണ്ട്..”

അമ്മയുടെ ഏറ്റവും ഇളയ അനിയനാണ്  ദാമോദരൻ.. സൗദിയിൽ ജോലി ചെയ്യുന്നു..ലീവിന് വന്നാൽ  ഇവിടെ രണ്ടോ മൂന്നോ ദിവസം താമസിക്കാറുണ്ട്…

വീട്ടിലെത്തി അകത്തു കയറിയപ്പോൾ അവിടെങ്ങും അമ്മാവനെ കണ്ടില്ല. അവൾ  അഞ്ജനയുടെ മുറിയുടെ വാതിൽ തുറന്നു…ഒരു നിമിഷം അവളുടെ ഹൃദയം നിലച്ചു പോയി..കട്ടിൽ അഞ്ജനയോട് ചേർന്നിരിക്കുകയാണ് ദാമോദരൻ…മടിയിൽ വച്ച കളിപ്പാട്ടത്തിലായിരുന്നു അവളുടെ ശ്രദ്ധ…ദാമോദരന്റെ വലതു കൈ  ഡ്രസ്സിനുള്ളിലൂടെ അവളുടെ മാ റിടത്തിലായിരുന്നു….!!

അനാമികയെ  കണ്ടതും അയാൾ  ഞെട്ടലോടെ കൈ പിൻ വലിച്ചു എഴുന്നേറ്റു..

“ചേച്ചീ….ഇതാ…” അഞ്ജന ചിരിച്ചു കൊണ്ട് കൈയിലിരുന്ന പാവ  അവൾക്ക് നേരെ നീട്ടി..അനാമികയ്ക്ക് വിശ്വസിക്കാനായില്ല…സ്വന്തം അമ്മാവൻ..വല്ലപ്പോഴും സുഖവിവരം അന്വേഷിക്കാൻ ആകെ വരുന്ന ബന്ധു…സ്വന്തം മകളെപ്പോലെ കാണേണ്ട ഒരു പെൺകുട്ടിയോട്…

“ക്ഷമിക്കണം..ഞാനറിയാതെ…” അയാൾ പറഞ്ഞപ്പോൾ മ ദ്യത്തിന്റെ ഗന്ധം പുറത്തേക്ക് വന്നു… കൂടുതൽ ആലോചിക്കാനൊന്നും ഉണ്ടായിരുന്നില്ല..കൈ വീശി അവൾ അയാളുടെ കവിളിൽ ആഞ്ഞടിച്ചു…

അപ്രതീക്ഷിതമായതിനാൽ ദാമോദരൻ  പിന്നോട്ട് വീഴാനാഞ്ഞു…അഞ്ജന അയാളെ  താങ്ങി..

“കണ്ടോ…ബുദ്ധി വളർച്ചയില്ലാത്ത കുട്ടിയാ..പക്ഷെ ഇവൾക്കിഷ്ടമുള്ള ഒരാൾക്ക് അപകടം പറ്റുമ്പോൾ പ്രതികരിക്കാൻ അറിയാം… താനിത്രേം നേരം ചെയ്തത് വാത്സല്യം കൊണ്ടാണെന്നേ ഇവൾ ചിന്തിക്കൂ…ഇനി സ്വയം ഒന്നാലോചിച്ചു നോക്ക് തനിക്കാണോ ഇവൾക്കാണോ മനസിന്‌ വൈകല്യമെന്ന്..”

അനാമിക കരഞ്ഞു പോയി…

“ഇതുപോലൊരു കുട്ടിയോട് ഇങ്ങനെ ചെയ്യാൻ നിങ്ങൾക്ക് എങ്ങനെ മനസ്സ് വന്നു?. പുറത്തുള്ളവർ വരെ  സഹതാപത്തോടെയും സ്നേഹത്തോടെയുമാ പെരുമാറുന്നത്..പക്ഷേ ഇവിടെ സ്വന്തം ചോ ര…”

ദാമോദരൻ തലകുനിച്ചു  നില്കുകയാണ്…

“തന്നെ കൊ ല്ലാൻ തോന്നുന്നുണ്ട്..പക്ഷേ അത് ചെയ്ത് ഞാൻ ജയിലിൽ പോയാൽ  അമ്മയ്ക്കും ഈ പാവത്തിനും  ആരുമില്ലാതാകും..അതോണ്ട് മാത്രം വെറുതെ വിടുകയാ..ഇപ്പൊ ഇവിടുന്ന് ഇറങ്ങിക്കോണം..ഇനി ബന്ധോം പറഞ്ഞോണ്ട് ഈ പടി ചവിട്ടരുത്….”

അയാൾ കുനിഞ്ഞ ശിരസ്സുമായി പുറത്തേക്കിറങ്ങി..അയാൾ കൊടുത്ത പാവ അവൾ  അഞ്ജനയുടെ കയ്യിൽ നിന്നും വാങ്ങി വലിച്ചെറിഞ്ഞു…

“അത് ചീത്തയാ…മോൾക്ക് ചേച്ചി വേറെ വാങ്ങിത്തരാം.”

അഞ്ജന തലയാട്ടിക്കൊണ്ട് അനാമികയുടെ കണ്ണുനീർ തുടച്ചു.. അതോടെ അവളുടെ നിയന്ത്രണം വിട്ടു..അനിയത്തിയെ കെട്ടിപ്പിടിച്ചു കൊണ്ട് അവൾ വാവിട്ടു കരഞ്ഞു….

“ദാമു എവിടെടീ?” അമ്മ വന്നതും  ചോദിച്ചു..സത്യം പറയാൻ തോന്നിയില്ല..ഹാർട്ട്‌ അറ്റാക്കിന്റെ രൂപത്തിൽ മരണം ഒരിക്കൽ വന്നിട്ട് പാതിവഴിയിൽ ഉപേക്ഷിച്ചു പോയതാണ്…

“എന്തോ അത്യാവശ്യം ഉണ്ടെന്ന് പറഞ്ഞിട്ട് പോയി..”

“അവനെന്തു പണിയാ കാണിച്ചേ.. “

“പോകുന്നവരു പോട്ടെ അമ്മേ…ഞാനില്ലേ.. പിന്നെന്താ.?”

“നീയെന്താ മോളേ ഇങ്ങനൊക്കെ പറയുന്നേ..?” അവർ  അവളെത്തന്നെ നോക്കി..അവൾ മറുപടി പറഞ്ഞില്ല..പക്ഷേ മനസ്സ് അലറി വിളിക്കുകയായിരുന്നു..

“ആരും  വേണ്ട..ആരും…. “

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ…