ഇരുപത്തിയെട്ടൊക്കെ കഴിഞ്ഞു രൂസമാണ് “ഓമനചേച്ചി എന്താ കല്യാണം കഴിക്കാഞ്ഞേ?” എന്ന് ചോദിച്ചത്..

രണ്ട് വേലത്തി പെണ്ണുങ്ങൾ

എഴുത്ത്: സുജിത സജീവ് പിള്ള

===============

അമ്മയെ കല്യാണം കഴിച്ചോണ്ട് വരുന്ന കാലത്ത് ഓമനചേച്ചി ഒരു കൊച്ചു പെൺകൊച്ചായിരുന്നൂ ന്ന് പറഞ്ഞു കേട്ടിട്ടുണ്ട്..

കരുവീട്ടിയുടെ നിറവും തുടുത്ത കവിളും ചുരുണ്ട മുടിയും ഉള്ള ഒരു സുന്ദരികൊച്ച്..കയ്യിൽ തൂങ്ങിയും ഒക്കത്തുമായിട്ട് എപ്പോഴും രണ്ട് മൂന്ന് പിള്ളേരുണ്ടാവും..എളേത്തുങ്ങളാണ്..

അന്നൊക്കെ മൂത്ത വേലത്തിയാണ് നാട്ടിലെ പെറ്റ പെണ്ണുങ്ങളെ കുളിപ്പിക്കാൻ പോകുന്നത്..ആ വേലന് കണ്ടെടം നെരങ്ങലാണ് പണിയെങ്കിലും കൊല്ലാകൊല്ലം കെട്ട്യോളു പെറ്റോളണം എന്ന് നിർബന്ധമാണ്..

പെറ്റു വെച്ച കൊച്ചിനെ ഒന്നുമ്മവെക്കാൻ പോലും നേരമില്ലാതെ വേലത്തി പെണ്ണുങ്ങളെ കുളിപ്പിക്കാൻ ഓടിയാലേ അടുപ്പ് പുകയൂ..അങ്ങനെ നാട്ടിലുള്ള പെണ്ണുങ്ങൾക്കൊക്കെ പ്രസവരക്ഷ ചെയ്തു, ഒരു രക്ഷയും ഇല്ലാതെ പെറ്റു കൂട്ടുന്ന മൂത്ത വേലത്തിയും അമ്മ പെറ്റു വെച്ച കൊച്ചുങ്ങളെ വെള്ളം തോർത്തിയെടുത്തും ചുമന്നോണ്ട് നടന്നു വളർത്തിയെടുത്തും ബാല്യമില്ലാത്ത ഓമനചേച്ചിയും! ഇതാണ് അമ്മ പറഞ്ഞു തന്ന ചിത്രം.

ഓമനചേച്ചി തി രണ്ടതിന് തൊട്ടു പിന്നാലെയാണ് മൊറചെക്കനുമായി കെട്ടുറപ്പിക്കുന്നത്..അപ്പോഴേക്കും മൂത്ത വേലത്തി വയറമരുന്ന വേദന തിന്നും ഉടുത്തുടുത്തു കൂട്ടിയ തുണിക്കെട്ടുകളെ കവിഞ്ഞു ചോ ര വാർന്നും മരിച്ചിരുന്നു…

കെട്ടിന് മൂന്നാലൂസം മുൻപാണ് ഓമനചേച്ചിക്ക് ഗന്ധർവ്വൻ കൂടുന്നത്..ഓമനച്ചേച്ചിയുടെ കണ്ണുകൾ തിളങ്ങാൻ തുടങ്ങുന്നത്…രാത്രിയുടെ ഇരുട്ടിൽ അവര് പൂത്തുലയാൻ തുടങ്ങുന്നത്..മുടിയഴിച്ചിട്ടാൽ പാല പൂത്ത മണം പരത്തുന്നത്..ഒറ്റക്കിരുന്നു നാണിക്കാൻ തുടങ്ങുന്നത്..കാരണമില്ലാതെ ചിരിക്കുന്നത്…

ഗന്ധർവ്വൻ കൂടിയ പെണ്ണിനെ ആര് കെട്ടാനാണ്..മുറച്ചെക്കൻ കയ്യിലുള്ള പോസ്റ്റുമാൻ പണിയും കൊണ്ടു ഒറ്റ ഓട്ടം വെച്ചു കൊടുത്തു..

അതിൽ പിന്നേ അവരൊരു യ ക്ഷിയെ പോലെയായിരുന്നു…ഓമനേടെ കൂടെ ഒന്നല്ല, ഒരുപാട് ഗന്ധർവന്മാർ ഉണ്ടെന്നും ര ക്ഷസ്‌ കൂടിട്ടുണ്ടെന്നും..രാത്രിയായാൽ ഓമന ഒരു പെ ൺസ ർപ്പമാണെന്നും..ചീ റ്റിപി ണഞ്ഞു മുരണ്ടു വി ഷം തുപ്പി ത ളരുമെന്നും നാട്ടുകാര് പറഞ്ഞു..

രാത്രിയിൽ സ ർപ്പ മാകുന്ന ഓമനചേച്ചി പകലെല്ലാം എളെത്തുങ്ങളെ നോക്കി നടന്നു..മൂത്ത വേലത്തി ഉണ്ടാക്കിയ ഒഴിവിൽ പെ റ്റ പെണ്ണുങ്ങളെ കുളിപ്പിക്കാൻ പോയി..അങ്ങനങ്ങനെ ഓമനച്ചേച്ചിക്ക് വയസായി..കൂടെ കൂടിയ ഗന്ധർവ്വനെയും ഇരുട്ടിയാൽ സ ർ പ്പമാകുന്ന ഓമനചേച്ചിയെയും നാട്ടുകാര് മറന്നു..അവര് പെ റ്റാൽ കുളിപ്പിക്കുന്ന വേലത്തി മാത്രമായി…

അപ്പോഴാണ് ഞാൻ കടിഞ്ഞൂല് പ്രസവിക്കുന്നത്…

നടന്നു വരുന്ന ഓമനചേച്ചിയെ കണ്ടാൽ ആണൊരുത്തൻ നെഞ്ചും വിരിച്ചു നടക്കണ പോലെയാണ്..

“ചോ.ര പോക്ക് ഒരുപാടിണ്ട??” ന്നും “ഈ കൊച്ചിന് വയറു നിറയാൻ ഉള്ള പാലൊന്നും ഇല്ലെ??” ന്നും ചോദിച്ചു നമ്മളെ അങ്ങ് തീരെ പോരാത്ത തരം പെണ്ണാക്കി കളയും ആശാത്തി…

കുറുന്തോട്ടിയും കീഴാനെല്ലിയും കൊണ്ടു കപ്പല് വരെ ഓടിച്ചു കളയും! അത്ര ഭയങ്കര വൈദ്യരാണ്…കൊച്ചൊന്നു കരഞ്ഞാൽ “പക്ഷിപീ ഡയാ..” എന്നും പറഞ്ഞു ഗരുഡന് വഴിപാട് നേരും..

വന്ന വഴിയേ അടുപ്പ് കത്തിച്ചു വേതു വെള്ളം അടുപ്പത്തു വെക്കും..എന്നിട്ട് കൊച്ചിനെ എടുത്തോണ്ട് പോയി എണ്ണ തേച്ചു തിരുമ്മി കുളിപ്പിക്കും…

“ഈ കൊച്ചിനെ കണ്ടാൽ ഇവിടുത്തെ പി ള്ള പെറ്റ കൊച്ചാന്ന് പറയെ ഇല്ല..ആ ചെക്കനെ പോലെ തന്നെണ്ട്!” എന്നൊക്കെ കമന്റടിക്കും..കൊച്ചിന് പാല് കൊടുത്തു ഉറക്കിയാൽ എന്നെ എണ്ണ തേപ്പിക്കും..കുഴമ്പ് തേപ്പിക്കും..മഞ്ഞള് തേപ്പിക്കും…അപ്പോഴേക്കും വേതു വെള്ളം തിളച്ചിരിക്കും..ആ തിളച്ച വെള്ളം കോരി കോരി എന്റെ മേത്തേക്കൊഴിക്കും..

അയ്യോ അയ്യോ..എന്ന് ഞാൻ ഉറക്കെ കരയുമ്പോൾ “മിണ്ടാതിരിക്ക് പി ള്ളേ..ഒരു ചെറുക്കൻ കൊച്ചിനെ പെറ്റു വെച്ചതാ..രക്ഷ ശെരിയായില്ലെങ്കിൽ വിവരമറിയും ” എന്ന് ശാസിക്കും.

ഒരുദിവസം പൊള്ളികുടുന്നപ്പോൾ “അയ്യോ അയ്യോ ” എന്നുള്ള നിലവിളി അല്പം ഉറക്കെയായി പോയ ദിവസമാണ് അവരെന്നെ ശെരിക്കും പേടിപ്പിക്കുന്നത്..

“ഒച്ച വെച്ചിട്ട് കാര്യമില്ല പിള്ളേ.. നടുവും ഞരമ്പും ഉറച്ചില്ലെങ്കിൽ പിന്നേ ജീവിതമില്ല..കെട്ട്യോൻ ചെറുപ്പമാണെന്ന് ഓർത്തോ!” എന്നുള്ള വാചകം അവര് അർധോക്തിയിൽ നിർത്തുമ്പോൾ “അതിനേക്കാൾ ചെറുപ്പമാണ് സ്ത്രീയെ ഞാൻ!” എന്നുറക്കെ നിലവിളിക്കാൻ തോന്നി.

ഇരുപതിലേക്ക് കാലു വെച്ചപ്പോഴേക്കും പ്ര സവിച്ച കുറ്റത്തിന് എന്റെ യൗവനത്തിനെന്തോ കുറവ് സംഭവിച്ചിരിക്കുന്നു എന്നെനിക്ക് തോന്നി.

പിന്നീട് ഞാൻ ആ പൊള്ളൽ മുഴുവൻ സഹിക്കുമ്പോഴും..പച്ച നിറത്തിലുള്ള മരുന്ന് കഞ്ഞി കൈച്ചുകൈച്ചിറക്കുമ്പോഴും..ഉലുവ അരച്ച്ഉരുട്ടി വിഴുങ്ങുമ്പോഴും..എന്റെ കെട്ട്യോൻ ചെറുപ്പമാണെന്ന് എനിക്കോർമ്മയുണ്ടായിരുന്നു..അതിനേക്കാൾ ചെറുപ്പമാണ് ഞാൻ എന്ന് ഞാൻ മറന്നിരുന്നു.

ഇരുപത്തിയെട്ടൊക്കെ കഴിഞ്ഞു രൂസമാണ് “ഓമനചേച്ചി എന്താ കല്യാണം കഴിക്കാഞ്ഞേ?” എന്ന് ചോദിച്ചത്..

ഹൃദയം കൊണ്ടു ലാളിക്കാനും കരയുമ്പോൾ കെട്ടിപിടിക്കാനും തനിക്കൊരു ഗന്ധർവ്വൻ ഉണ്ടെന്ന് പറയുമെന്നാണ് ഓർത്തത്..ഇരുട്ടിൽ ഓമനചേച്ചി വി ഷം ചീറ്റുന്ന ഒരു കരിനാ ഗ മായി മാറുന്ന കഥയാണ് പ്രതീക്ഷിച്ചത്..

“മനസ്സില്ലാരുന്നു പിള്ളേ…എന്റമ്മേനെ പോലെയാവാൻ ഇനിക്ക് മനസ്സില്ലാരുന്നു!” എന്നവർ പറഞ്ഞപ്പോൾ…ഞാൻ പറഞ്ഞു കേട്ട കഥയിലെ മൂത്ത വേലത്തി കാലങ്ങൾ കടന്ന് എന്റെ മുന്നിൽ വന്ന പോലെ തോന്നി..

ഇഷ്ടമില്ലാത്ത നേരത്തു, വേണമെന്ന് തോന്നാത്ത കാലത്ത്, പ്രണയമില്ലാത്ത ഒരാളുടെ കൂടെ ജീവിച്ചു, പെ റ്റു കൂട്ടിയ കുഞ്ഞുങ്ങളെ ഒന്നുമ്മ വെക്കാൻ നേരമില്ലാതെ, ഗ ർഭ പാത്രം ചോ ര തുപ്പുമ്പോൾ ഒന്ന് ചേർത്തു പിടിക്കാൻ ആളില്ലാതെ ജീവിച്ചു മരിച്ച മൂത്ത വേലത്തിയേക്കാൾ എത്രമാത്രം പൂർണ്ണതയുള്ള പെണ്ണാണ് ഓമനചേച്ചി എന്ന് ഞാൻ തിരിച്ചറിയുകയായിരുന്നു..

ഒരുപക്ഷെ, പ്രസ വിച്ചു കാണിച്ചു കൊടുക്കുമ്പോഴല്ല, പെണ്ണ് പെണ്ണാകുന്നതും ക രിനാ ഗം പോലെ വി ഷം ചീറ്റി മുരണ്ടെഴുന്നേൽക്കുന്നതും അവൾക്ക് ബോധിച്ച ഇടങ്ങളിൽ അവൾക്ക് ബോധിച്ച ഗന്ധർവ്വന്റെ കൂടെ മാത്രമാണെന്ന് ചോ ര വാർന്നു മരിച്ച മൂത്ത വേലത്തി ഓമനചേച്ചിക്ക് പറഞ്ഞു കൊടുത്തിട്ടുണ്ടാവാം..അതായിരിക്കും അവരുടെ ആയുസ്സ് അവരുടെ ഇഷ്ടത്തിന് ജീവിച്ചു തീർക്കാൻ ഓമനചേച്ചി തീരുമാനിച്ചത്…