ഉച്ചയൂണ് കഴിഞ്ഞ് അകത്തിരുന്നു പഠിക്കുന്ന സമയത്താണ് അമ്മ ചിറ്റക്ക് ചോറും കൊണ്ട് പോകുന്ന കണ്ടത്…

ഭ്രാന്തി…

Story written by Soumya Dileep

============

“ആാാ ആാാാ…”

രാവിന്റെ നിശബ്ദതയെ കീറി മുറിച് ഒരു നിലവിളി അന്തരീക്ഷത്തിലൂടെ ഒഴുകി വന്നു.

ഉറക്കം ഞെട്ടി കട്ടിലിൽ എണീറ്റിരിക്കുമ്പോൾ, തൊട്ടപ്പുറത്തെ മുറിയിൽ നിന്നും അമ്മയുടെ ശാപവാക്കുകൾ കേൾക്കാമായിരുന്നു.

“അസത്, പാതിരാത്രിയായാൽ തുടങ്ങും. വാവടുത്ത പയ്യിനെ പോലെ കിടന്നമറാൻ. ഇവിടൊരു പെങ്കൊച്ചുള്ളതിനെ കെട്ടിക്കാറായി. ഈ ഭ്രാ ന്തി കാരണം അതിന്റെ കാര്യം എന്താവോ ഭഗവാനെ. “

“നീയൊന്നു മിണ്ടാതിരിക്കു ഉഷേ. ചിന്നു തൊട്ടടുത്ത മുറിയിലുണ്ട്. അവൾ കേൾക്കും, നിന്റെയീ പ്രാക്ക് . “

അച്ഛൻ പറഞ്ഞത് കെട്ടിട്ടോ എന്തോ പിന്നെ ശബ്ദമൊന്നും കേട്ടില്ല.

കുറെ നേരം കൂടെ ആ നിലവിളി കേട്ടു. പിന്നെ പതുക്കെ അതില്ലാതായി. പാവം വിശന്നിട്ടാവും. അമ്മ വല്ലപ്പോഴും എന്തെങ്കിലും കൊടുത്താലായി.

രാധു ചിറ്റ…അച്ഛന്റെ അമ്മാവന്റെ മകളാണ്. പഠിക്കുന്ന കാലത്തൊക്കെ ഒരുപാട് സമ്മാനങ്ങളൊക്കെ വാങ്ങിയ ആളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോഴും ഉണ്ട് ആ വീട് നിറയെ പുസ്തകങ്ങൾ. ചിറ്റ എഴുതിയ കവിതയൊക്കെ അതിലുണ്ടെന്നു അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്

പക്ഷെ ഞാൻ കാണുന്ന കാലം തൊട്ടേ ചിറ്റ ഇങ്ങനാണ്. മകളുടെ അവസ്ഥ കണ്ടു നെഞ്ചു പൊട്ടിയാണ് ചിറ്റേടെ അച്ഛൻ മരിച്ചെന്നാണ് കെട്ടിട്ടുള്ളത്. ഏതായാലും അതിനു ശേഷം ചിറ്റ തറവാട്ടിലാണ്.

അച്ചാച്ചനും അച്ഛമ്മയും ഉള്ള സമയത്ത് അവർ ചിറ്റയുടെ കൂടെ ആയിരുന്നു. കഴിഞ്ഞ കൊല്ലം അച്ഛമ്മ കൂടെ മരിച്ചതോടെ പിന്നെ ആരും അങ്ങോട്ട് പോവാറില്ല. അമ്മ വല്ലപ്പോഴും പോയി കുറച്ചു ചോറ് വച്ചിട്ട് പോരും. വേറാരും അങ്ങോട്ട് പോവാറില്ല.

🌺🌺🌺

ഉച്ചയൂണ് കഴിഞ്ഞ് അകത്തിരുന്നു പഠിക്കുന്ന സമയത്താണ് അമ്മ ചിറ്റക്ക് ചോറും കൊണ്ട് പോകുന്ന കണ്ടത്.

ചോറ് വച്ച് അമ്മ പെട്ടന്ന് തന്നെ തിരിച്ചു വന്ന്‌ ഉറങ്ങാൻ കിടന്നു.

ഇനി വെയിലാറിയിട്ടേ എഴുന്നേൽക്കു.

പതുക്കെ അവിടെ പോയി ഓടാമ്പലിട്ട വാതിൽ തുറന്നു നോക്കി.

അവിടെ അകത്തു കാലുനീട്ടിയിരുന്നു ചിറ്റ ഭക്ഷണം കഴിക്കുന്നു. ഒരു സാരി വെറുതെ ഇട്ടിട്ടുണ്ടെന്നല്ലാതെ വേറൊന്നും ആ ദേഹത്തില്ല. കാലിൽ നീണ്ടു കിടക്കുന്ന ചങ്ങല കട്ടിലിന്റെ തലക്കൽ കെട്ടിയിട്ടിരിക്കുന്നു. ചുറ്റും ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ ചിതറി കിടക്കുന്നു.

ഇടക്ക് അവർ തല മാന്തുന്നുണ്ട്. ആകെ അറപ്പു തോന്നിയപ്പോൾ അവിടെ നിന്നിറങ്ങി നടന്നു. വീടിനകം മുഴുവൻ ഒന്നു കണ്ണോടിച്ചു.

ചുമരലമാരിയിൽ നിറയെ പുസ്തകങ്ങൾ ഇരിക്കുന്നു. പറ്റിയത് വല്ലതും ഉണ്ടോ എന്ന് തിരയുന്നതിനിടെ ചുവന്ന ചട്ടയുള്ള ഒരു ഡയറി കണ്ണിൽ പെട്ടു.

ആദ്യ പേജു മറിച്ചപ്പോൾ “നിന്നിലേക്കുള്ള യാത്രയിൽ ” എന്ന് ചുവന്ന മഷിയിൽ എഴുതിയിരുന്നു.

അപ്പോഴേക്കും ഭക്ഷണം കഴിച്ചു കഴിഞ്ഞു ചിറ്റ ശബ്ദമുണ്ടാക്കാനും, കാലിലെ ചങ്ങല പൊട്ടിക്കാൻ ശ്രമിക്കാനും തുടങ്ങിയിരുന്നു.

കൂടുതൽ സമയം കളയാതെ പുസ്തകം എടുത്തു വാതിലടച്ചു പുറത്തിറങ്ങി.

🌺🌺🌺

രാത്രി എല്ലാവരും ഉറങ്ങി കഴിഞ്ഞ ശേഷമാണ് പുസ്തകം വായിക്കാനെടുത്തത്.

” നിന്നിലേക്കുള്ള യാത്രയിൽ “

“എന്നുമുതലാണ് ഞാൻ നിന്നെ സ്നേഹിച്ചു തുടങ്ങിയതെന്നറിയില്ല. പക്ഷെ നീയില്ലാത്ത ഓരോ നിമിഷവും പിടഞ്ഞു കൊണ്ടിരിക്കയാണ് ഞാൻ “

ചിറ്റയുടെ കാമുകന് വേണ്ടി മാത്രം കുറിച്ച വരികൾ.

ചിറ്റയുടെ പ്രണയം മുഴുവൻ ആ പുസ്തകത്തിൽ പകർത്തി വച്ചിരുന്നു.

ഓരോ ദിവസം അവനെ കണ്ടതും, കുളപ്പാടവിൽ വച്ച് ആരും കാണാതെ ഉമ്മ വച്ചതും, പൂരത്തിന് വാങ്ങിയ കരിവള കൈയിലിട്ട് കൊടുത്തതും, അവന് മുൻപിൽ കരിവള മാത്രം അണിഞ്ഞു നാണം മറന്ന് നിന്നതും, സർപ്പാക്കാവിലെ മരങ്ങൾക്കിടയിൽ ചുറ്റുപിണഞ്ഞു നാഗങ്ങളെ പോൽ കിടന്നതും ആ ഇരുട്ടിലവൻ തന്നിലേക്കമർന്നപ്പോൾ കരിവളകൾ പൊട്ടിച്ചിതറി ചോരയൊലിച്ചതും ഒടുവിൽ ഒരു നീർതുള്ളി കൺകോണിൽ ഉരുണ്ടുകൂടി, അവന്റേതു മാത്രമായി തീർന്നതും.

അതിനു ശേഷമുള്ള കുറെ പേജുകൾ ശൂന്യമായിരുന്നു.

അവസാനതാളിൽ ഇങ്ങനെ കുറിച്ചിരുന്നു.

“ഹൃദയത്തിൽ നിന്നോടുള്ള പ്രണയം നിറച്ചു ഞാനിരുന്നു.

നിന്റെ കണ്ണിലെ പ്രണയാഗ്നിയിൽ വെന്തുരുകാൻ

പക്ഷെ അതെന്റെ മാത്രം പ്രണയമായിരുന്നെന്നു ഇന്ന് നിന്റെ ഇടം കയ്യിൽ ചേർന്ന പെണ്ണിനെ കണ്ടപ്പോഴാനെനിക്ക് ബോധ്യമായത്.

എന്നിൽ മുങ്ങി താഴുമ്പോഴും നീയറിഞ്ഞില്ലലോ, എന്റെ ഹൃദയമിടിപ്പിന്റെ താളം മുറുകുന്നത് നിന്നോടുള്ള പ്രണയത്താലാണെന്ന്”

കണ്ണീരു വീണിട്ടാണെന്നു തോന്നുന്നു മഷി പടർന്നിരുന്നു.

വായിച്ചവസാനിച്ചപ്പോഴേക്കും എന്റെ കണ്ണും നിറഞ്ഞിരുന്നു.

ഒരിടത്തും ചിറ്റയുടെ കാമുകൻ ആരെന്നു എഴുതിയിട്ടില്ല. ഒരുപക്ഷെ അയാൾ വേറെ വിവാഹം കഴിച്ചപ്പോൾ താളം തെറ്റിയതാവാം അവരുടെ മനസ്.

ആ പുസ്തകം നോക്കി ഏറെ നേരം ഇരുന്നു.

ചിറ്റയുടെ കാമുകൻ ആരാണെന്നു ഒരുപാടാലോചിച്ചു. ഒരു സൂചന പോലും പുസ്തകത്തിലില്ല.

എന്തിനാണാവോ ഇത്രയും സ്നേഹിച്ചിട്ടും ആ പാവത്തിനെ ചതിച്ചത്.

ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങളും മനസിലിട്ട് ഉറക്കം വരാതെ ഞാനിരുന്നു.

അച്ഛനും അമ്മയും കിടക്കുന്ന മുറിയുടെ സാക്ഷ നീക്കുന്ന ശബ്ദം കേട്ടാണ് ചിന്ത മുറിഞ്ഞത്. പെട്ടന്ന് തന്നെ ലൈറ്റ് ഓഫ്‌ആക്കി. അമ്മ കണ്ടാൽ ചോദ്യം ചെയ്യലുണ്ടാവും.

ആരോ ഉമ്മറത്തെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ജനലിലൂടെ നോക്കിയത്.

ഒരു നിഴൽ വീട്ടിൽ നിന്നിറങ്ങി തറവാട്ടിലേക്ക് നടന്നടുത്തു. ആ നിഴൽ അച്ഛന്റെതാണെന്ന് മനസിലാക്കാൻ അധികം സമയമൊന്നും വേണ്ടി വന്നില്ല.

ശബ്ദമുണ്ടാക്കാതെ തറവാട്ടിൽ ചെന്നു കയറി, ഉമ്മറ വാതിൽ അടച്ചിട്ടുണ്ടായിരുന്നില്ല. ചിറ്റയുടെ മുറിയുടെ വാതിൽ ചാരി ഇട്ടിരിക്കുന്നു.

വാതിൽ പഴുതിലൂടെ അകത്തേക്ക് നോക്കിയപ്പോൾ അച്ഛൻ ചിറ്റയെ കോരിയെടുത്തു കട്ടിലിൽ കിടത്തുന്നു. ചിറ്റയാണെങ്കിൽ ഉറക്കെ ചിരിക്കുന്നുമുണ്ട്.

“മോളെ നിന്റെ ഏട്ടൻ വന്നെടീ, ഭ്രാ ന്തിയാണേലും നീയിപ്പഴും സുന്ദരി തന്നെ.”

വഷളൻ ചിരിയോടെ പറഞ്ഞു അച്ഛൻ ചിറ്റയുടെ മേലേക്കമർന്നു.

കാതിൽ വന്നു വീണതൊക്കെ അറപ്പോടെ കേട്ടു, ശില പോലെ നിൽക്കാൻ മാത്രമേ എനിക്കായുള്ളൂ.

താളത്തിൽ ചിരിക്കുന്ന ചങ്ങല കണ്ണികളുടെ ശബ്ദം മുറിയിലാകെ മുഴങ്ങിത്തുടങ്ങിയതും, ചെവി പൊത്തി കൊണ്ട് ഞാൻ വീട്ടിലേക്കോടി.

മുറിയിൽ കയറി വാതിലടച്ചു ചിറ്റയുടെ പുസ്തകം നെഞ്ചോടു ചേർത്തു. അതിൽ നിന്നും ഊർന്നു വീണ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിലെ ചെറുപ്പക്കാരന്, ഉമ്മറത്തു ചില്ലിട്ടു വച്ച കല്യാണ ഫോട്ടോയിലെ അമ്മയുടെ കൈയും പിടിച്ചു നിൽക്കുന്ന വരന്റെ അതേ ഛായയായിരുന്നു…