പ്രശ്നമൊന്നുമില്ല, പരീക്ഷക്ക് പഠിക്കാൻ പോയതാണെന്ന് പറഞ്ഞിട്ടൊന്നും ആൾക്കാർ വിശ്വസിക്കണ്ടെ…

പിണങ്ങിപ്പോയവൾ

Story written by Rinila Abhilash

===============

ഇന്നലെയാണ് രണ്ട് മാസങ്ങൾക്ക് ശേഷം ചേട്ടായിടെ വീട്ടിലേക്ക് വന്നത്. വളരെ പ്രധാനപ്പെട്ട ഒരു പരീക്ഷ ഉള്ളതുകൊണ്ടാണ് കൊച്ചിനെം കുറച്ച് ഡ്രസും കൊച്ചിൻ്റെ പുസ്തകോം എൻ്റെ പുസ്തകപ്പെട്ടി (അതത്ര ചെറുതല്ല എന്നോർക്കണം….) യും കൊണ്ട് സ്വന്തം വീട്ടിൽ പോയത്….

അതൊരു വൈകുന്നേരമാർന്നു…ചേട്ടായി ജോലി കഴിഞ്ഞെത്താൻ വൈകിയതുകൊണ്ടും..ഇത്യാതി വസ്തുവകകൾ പാക് ചെയ്യാനുള്ളതുകൊണ്ടും അൽപം വൈകിയായിരുന്നു പോയത്…

ചേട്ടായിയുടെ അമ്മയും അച്ഛനും കൂടെ ഒരു തയ്യൽ കട നടത്തുകയാണ്. കൊറോണ വന്നതിൽ പിന്നെ കട ഇച്ചിരി നഷ്ടത്തിലാണ്. ഇപ്പോൾ മാസ്ക് തയ്ക്കലാണ് ഇരുവരും…പരീക്ഷക്ക് ഇവിടെ തന്നെ നിന്നാൽ കൊച്ചിൻ്റെ പഠനം പാതിവഴിയാകും…വീട്ടിൽ അനിയനും അനുജത്തിയുണ്ട്. അവരാണേൽ കൊച്ചിൻ്റെ താളത്തിനൊത്ത് നിന്നോളും..പിന്നെ ജോലി ചെയ്യാനും നിക്കണ്ട…

പരീക്ഷ വരുന്നു എന്നു പറഞ്ഞപ്പോൾ ചേട്ടായിടെ അമ്മ പറഞ്ഞു “നിൻ്റെ പരീക്ഷ കഴിയും വരെ ഞാൻ കടയിൽ പോണില്ല മോളേ….മാസ്ക് മാത്രല്ലേ തയ്ക്കുന്നുള്ളു…അത് അച്ഛൻ തന്നെ തയ്ക്കട്ടെ…എന്ന്

ഞാനും സന്തോഷിച്ചു….കാരണം…എൻ്റെ അമ്മ (ചേട്ടായിടെ) കാരണമാണ് വിവാഹശേഷം തുടർന്നു പഠിക്കാൻ സാധിച്ചത്…എനിക്ക് എല്ലാവിധ സപ്പോർട്ടും നൽകുന്ന എൻ്റെ കട്ട കമ്പനി….

അങ്ങനെയിരിക്കെയാണ്….ബൾക്കായി മാസ്ക്ക് തയ്ക്കാൻ ഉള്ള ഓർഡർ കിട്ടിയത്. അച്ഛന് ഒറ്റക്ക് സാധിക്കില്ല…പിന്നെ എന്തു ചെയ്യും…

പണികളൊക്കെ ചെയ്യാവുന്നതിനേക്കാൾ കൊച്ചിനെ പഠിപ്പിക്കുക അവൻ്റെ കാര്യങ്ങൾ ടെ പിന്നാലെ നടക്കുക എന്നതായിരുന്നു ഒരു പ്രശ്നം…

അപ്പോൾ ഞാനാണ് അങ്ങോട്ട് പറഞ്ഞത് “ഞാൻ വീട്ടിൽ പോകാം അമ്മേ അവിടിപ്പോ നന്ദുവും കിങ്ങിണിയുണ്ടല്ലോ..കിങ്ങിണിക്ക് ഡിഗ്രി പരീക്ഷ കഴിഞ്ഞു ചുമ്മായിരിക്കുന്നു…അപ്പുവിനും അവരെ കിട്ടിയാൽ മതി….2 മാസം നന്നായി പഠിക്കുകയും ചെയ്യാം (ഒരു സർക്കാർ ജോലിക്ക് ശ്രമിക്കുന്ന ഒരു സാധാരണക്കാരിയായ ഞാൻ ഇതു പോലെ അവസാന നിമിഷത്തെ ഘോരമായ പ0നത്തിന്)

അങ്ങനെയാണ് വീട്ടിൽ പോയത്…വീട്ടിൽ അമ്മയുള്ളത് കൊണ്ട് അടുക്കളക്കാര്യം അമ്മയും ബാക്കി കിങ്ങിണിയും നടത്തും..ചേട്ടായി വീട്ടിൽ വരും…അച്ഛനും അമ്മയും ദിവസവും വീഡിയോ കോളും ചെയ്യും. അപ്പു അങ്ങനെ നന്ദുവിൻ്റെയും കിങ്ങിണിയുടെയും ശിഷ്യനായി…(ഞാനും ഘോരമായ പ0നത്തിൻ്റെ അഗാധഗർത്തത്തിൽ വീണ്…..അങ്ങനെ……)

സംഗതി ഏതായാലും നന്നായെന്നും തോന്നി. കാരണം അത്യാവശ്യം നല്ല മാർക്ക് നേടി. പരീക്ഷ കഴിഞ്ഞതിൻ്റെ പിറ്റേ ദിവസം വൈകിട്ട് വീട്ടിലേക്ക് തിരിച്ചു പോന്നു. അപ്പുവിന് പോരാനേ ഇഷ്ടമുണ്ടായിരുന്നില്ല. അവൻ്റെ കൂടെ കളിക്കാൻ നന്ദുവും കിങ്ങിണിയും ഉണ്ടായിരുന്നല്ലോ. വീട്ടിലുള്ളവർക്കും കൊറേ ദിവസം അടുപ്പിച്ച് നിന്നതു കൊണ്ട് പോരുമ്പോൾ സങ്കടം തന്നെ (കല്യാണം കഴിഞ്ഞ് മാക്സിമം രണ്ടാഴ്ച നിൽക്കാറുള്ള ഞാൻ പ്രസവശേഷം  ആദ്യമായിട്ടാ രണ്ട് മാസം)

…വീട്ടിലേക്ക് മടങ്ങിയെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് അപ്രതീക്ഷിതമായി അമ്മയുടെ സ്ഥിരം കസ്റ്റമർ (ബ്ലൗസ്തയ്ക്കുന്നതിൻ്റെ ) ദേവകിയേടത്തി പിന്നാമ്പുറത്തു നിന്ന് അമ്മയോട് ചോദിക്കുന്നത് ക്കേണ്ടത് ”അല്ല ലക്ഷ്മീ’…..മരുമോള് വന്നോ ? എന്തോ പിണങ്ങിപ്പോയെന്നോ..മോൻ ചെന്നിട്ടും വന്നില്ലെന്നോ ഒക്കെ കേട്ടല്ലോ….”

ഞാൻ ഞെട്ടിത്തരിച്ചു നിൽക്കുകയാണ്.

അമ്മ അവരോട് എന്തൊക്കെയോ പറഞ്ഞ് ദേഷ്യപ്പെടുന്നുണ്ട്…..

അകത്ത് വന്ന എന്നെ കണ്ട അമ്മയുടെ മുഖം വിളറി….

“അവരെന്താ അമ്മേ അങ്ങനെ പറഞ്ഞത്?”

മോള് എല്ലാം കേട്ടോ?”

“ഇതിപ്പോ ഒരു മാസമായി പലരും എന്നോടും അച്ഛനോടും ചോദിക്കുന്നു…പ്രശ്നമൊന്നുമില്ല പരീക്ഷക്ക് പഠിക്കാൻ പോയതാണെന്ന് പറഞ്ഞിട്ടൊന്നും ആൾക്കാർ വിശ്വസിക്കണ്ടെ”…..

“ഇതിനിടെ നിനക്ക് വേറെ ആരോ ഉണ്ടെന്ന് വരെ ചിലർ “…….

എൻ്റെ കണ്ണുകൾ നിറയാൻ തുടങ്ങി…

എൻ്റെ കൊച്ചേ….ഇവരുടെയൊക്കെ വായ മൂടിക്കെട്ടാൻ നമുക്ക് സാധിക്കുമോ…വിട്ടു കള….അച്ഛനാണ്.

അന്ന് ചേട്ടായി വന്നപ്പോൾ ഉമ്മറത്ത് എന്നെ കാണാഞ്ഞിട്ടാവും കുളി കഴിഞ്ഞ് നേരെ മുറിയിൽ വന്ന് കലങ്ങിക്കിടക്കുന്ന എൻ്റെ കണ്ണുകൾ കണ്ട് അടുത്ത് വന്നിരുന്ന് പറഞ്ഞത്….

“ആരേലും എന്തേലും പറയട്ടെ…കല്യാണം കഴിഞ്ഞ ഒരു പെൺകുട്ടിക്ക് അവളുടെ സ്വന്തം വീട്ടിൽ നിൽക്കാൻ നാട്ടുകാരാണ് കാലാവധി നിശ്ചയിച്ചത്…അതിനൊരു മാറ്റം വന്നാൽ ചിലർ പല അപഖ്യാതികളും പറഞ്ഞുണ്ടാക്കും. നമുക്ക് നമ്മെ അറിയാലോ. അതു മതിയെ ടോ…..പലരും എന്നോട് നേരിട്ട് തന്നെ ചോദിച്ചു…എന്താ പ്രശ്നമെന്ന്… സത്യം ആർക്കും വിശ്വസിക്കാൻ ഇഷ്ടമല്ലല്ലോ….

“ചേട്ടായിക്ക് എന്നോട് പറയാമായിരുന്നു മുന്നേ…എങ്കിൽ….

“പറഞ്ഞാൽ ഇത്ര നന്നായി നിനക്ക് പരീക്ഷ  എഴുതാൻ സാധിക്കുമായിരുന്നോ?…ഈ ജോലി നിനക്ക് കിട്ടുന്ന സാധ്യതയിലേക്ക് എത്തുമായിരുന്നോ…

” ചേട്ടായി ഒരു പാട് വിഷമിച്ചോ “

“നീയൊന്നും അറിയല്ലേ എന്നേ ഉണ്ടായിരുന്നുള്ളു”

“എന്തൊരു കഷ്ടം….പെൺകുട്ടികൾക്ക് സ്വന്തം വീട്ടിൽ നിൽക്കുന്നതിനെ വരെ അപകീർത്തി “

ഇനിയും ഇടക്കിടെ ഇതുപോലെ പോണം…അതാ വേണ്ടത് ”

“അതെ…ഏയ്…അതു വേണ്ടെടോ…ഇനി ഇതു പോലെ പോയി നിന്നേക്കല്ലേ….നീയും കൊച്ചുമില്ലാതെ…പറ്റുന്നില്ലെടോ….ഇതിപ്പോ നിൻ്റെ പഠിക്കുന്ന കാര്യമായതോണ്ടാ ഞാൻ സമ്മതിച്ചെ…അല്ലെങ്കിൽ….”

ചേട്ടായിടെകരവലയത്തിൽ അങ്ങനെ ഇരിക്കുമ്പോൾ മനസ് നിറഞ്ഞു….ചേട്ടായിക്ക് എന്നേം എനിക്ക് ചേട്ടായിയെയും വിട്ട് നിൽക്കാൻ സാധിക്കില്ല…എന്നെ സ്നേഹിക്കുന്നതു പോലെ എൻ്റെ ഇഷ്ടങ്ങളെയും ആഗ്രഹങ്ങളെയും കൂടി സ്നേഹിക്കുന്ന എൻ്റെ ചേട്ടായിയെ ഞാൻ അത്രയേറെ..സ്നേഹിക്കുന്നുണ്ട്….

പിറ്റേ ദിവസo രാവിലെ തന്നെ മറ്റൊരാൾ വിവരം അറിയാൻ എത്തി.,,…

ഞാൻ നിൽക്കെ തന്നെ അവർ അമ്മയോട് ചോദിച്ചു “മരുമോള് വന്നോ ലക്ഷ്മീ ” തെറ്റിപ്പോയിന്നോ….എന്തോ കേട്ടല്ലോ “

“…..അതേന്ന്…ഓള് എന്നോട് വഴക്ക്ണ്ടാക്കി തെറ്റി ഓളോടെ പോകും. പിന്നെ അവിടെന്ന് ഇതുപോലെ ഓള് ടെ അമ്മൻ്റ ട്ത്ത് വഴക്ക്ണ്ടാക്കി ഇങ്ങോട്ടും പോരും. ഇനി എന്നാണാവോ ഇവ്ടന്ന് പോണത്….” ഇതും പറഞ്ഞ് അമ്മ അകത്തേക്ക്……….

അമ്മ പറയുന്നത് കേട്ട് കണ്ണ് തള്ളി നിൽക്കുന്ന സ്ത്രീയെ നോക്കി ഉറക്കെ ചിരിച്ചു കൊണ്ട് അച്ഛൻ പുറത്തേക്കിറങ്ങി. കൂടെ അപ്പുവും,,,അച്ഛൻ്റെ ചിരി കണ്ടിട്ടാവണം എനിക്കും ചിരി വന്നു.

ഞാനും ചിരിച്ചു കൊണ്ട് അകത്തേക്ക്…അല്ലാതെന്ത് ചെയ്യാൻ…..

(വായിച്ചാൽ ഒരു വരി കുറിക്കുമല്ലോ…ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യണേ )