എനിക്കെന്റെ ഭർത്താവിനെ വിശ്വാസവാ എന്നൊക്കെ വല്യ കാര്യത്തിൽ മറ്റുള്ളോരോട് പറയുമെങ്കിലും…

Story written by Ezra Pound

===========

ചുവന്ന് ചോര തുടിക്കുന്ന ചുണ്ട്..

കാമുകിയുടെതായാണേൽ തേൻ തുളുമ്പുന്ന ചുണ്ടെന്നൊക്കെ അലങ്കാരത്തിന് പറയാം..കാണാൻ തന്നെ എന്തൊരു മൊഞ്ചായിരിക്കും..അതുകൊണ്ട് തന്നെ അങ്ങനൊക്കെ ഉള്ള ചുണ്ടുള്ളോരോട് അസൂയയാരുന്നു.

എന്താണെന്നറിയൂല എന്റെ ചുണ്ടിനത്രേം മൊഞ്ചില്ല..ഇടയ്ക്കിടെ നാക്കൊണ്ട് ചുണ്ട് നനച്ചാൽ ചുണ്ട് ചോക്കുമെന്ന് പറഞ്ഞപ്പൊ അതൊന്ന് ശീലമാക്കിയതാരുന്നു..ഒരീസം ലേഡീസ് ഹോസ്റ്റലിനടുത്ത് ബസ്സ് കാത്തു നിക്കുമ്പോ അറിയാതെ നാക്കൊണ്ട് ചുണ്ട് തുടച്ചതും അടുത്തുണ്ടാരുന്ന പെൺകുട്ടികളിലൊരുവൾ ദേഷ്യത്തോടെ ഒര് നോട്ടം..ചെ അവര് തെറ്റിദ്ധരിച്ചു കാണുവോ എന്തോ..എന്താന്നേലും അതീ പിന്നെ അങ്ങനൊരു പരീക്ഷണത്തിന് മുതിർന്നില്ല.

കടിച്ചു ചോപ്പിച്ചാൽ ചോക്കോ..അതൊന്ന് പരീക്ഷിക്കാന്ന് വിചാരിച്ചപ്പോ അപ്പോഴും കെട്യോള് ഇടങ്കോലിട്ട്..ഓള് പറയാ ഇങ്ങള് വേണ്ടാത്ത ഓരോ പണിയൊപ്പിച്ചു ഒടുക്കം എനിക്കാ ചീത്തപ്പേരിണ്ടാവാ ന്ന്..ഇങ്ങളെ ചുണ്ടങ്ങനൊന്നും ചോക്കാൻ പോണില്ലാന്നും.

കാര്യം അവളെന്റെ ചുണ്ടിന്റെ അഭിമാനത്തെയാണ് മുറിവേൽപ്പിച്ചതെങ്കിലും
പറഞ്ഞത് ഒര് കണക്കിന് സത്യാണ്..എന്തേലും കിട്ടാൻ കാത്തിരിക്കുന്ന കൊറേയെണ്ണമുണ്ട് കുടുംബത്തിൽ.

അങ്ങനിരിക്കെയാണ് ചുണ്ടിലെ കറുപ്പ് മാറ്റാനൊരു ടിപ്സ് കണ്ടേ..രാത്രി കിടക്കാൻ നേരം ശുദ്ധമായ തേനിൽ ചെറുനാരങ്ങാ നീരും പുരട്ടി ചുണ്ടിൽ മസാജ് ചെയ്ത് വെച്ചാ മതി പോലും..സംഗതി കൊള്ളാലോ..എന്ത് പണ്ടാരാണേലും സാരോല്ല ഇതൊന്ന് പോയ്ക്കിട്ടിയാൽ മതീന്നെ ഉണ്ടാരുന്നുള്ളൂ.

കല്യാണം കഴിഞ്ഞ ഒട്ടുമിക്ക കെട്യോൻമാരുടെയും പരീക്ഷണ നിരീക്ഷണങ്ങളോക്കെ സംഭവിക്കുന്നത് കെട്യോൾ ഇല്ലാത്ത സമയങ്ങളിലായിരിക്കും..അങ്ങനൊരു ദിവസം ഒത്തുവന്നപ്പോ പരീക്ഷിക്കാമെന്ന് കരുതി കാത്ത് നിന്ന്.

വേറൊന്നും കൊണ്ടല്ല അടുത്തുള്ളപ്പോ ഇതും പുരട്ടി കിടന്നാലും കൂടുതൽ നേരം നിക്കത്തില്ലല്ലോ..മാത്രല്ല പരീക്ഷണം വിജയിച്ചില്ലെങ്കിൽ പിന്നേം കുത്ത് വാക്കുകൾ പറഞ്ഞോണ്ട് ചുണ്ടിന്റെ അഭിമാനത്തെ വൃണപ്പെടുത്തുകേം ചെയ്യും. അതോണ്ടന്നെ ഒന്ന് രണ്ടീസം പരീക്ഷിച്ചു വിജയിക്കുവാണേൽ പറയാമെന്ന് കരുതി.

സാധാരണയായി അവള് സ്വന്തം വീട്ടിലേക്ക് പോവാന്ന് പറയുന്നത് വല്യ ഇഷ്ട്ടമുള്ള കാര്യമല്ലെങ്കിലും ഇത്തവണ അവളൊന്ന് പോയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു വീർപ്പ് മുട്ടാൻ തുടങ്ങി.

വീർപ്പ് മുട്ടൽ സഹിക്കാൻ വയ്യാതെ പുറത്ത് വന്നപ്പോ ഞാനവളോട് ചോദിക്കേം ചെയ്തു..

“അല്ലാടി നിനക്കിപ്പോ വീട്ടിലേക്കൊന്നും പോവാൻ തോന്നുന്നില്ലേ..അല്ലെങ്കിൽ നാഴികക്ക് നാല്പത് വട്ടം സ്വന്തം വീടെന്നും പറഞ്ഞോണ്ട് നിലവിളിക്കാറുണ്ടല്ലോ..” മറുപടിയൊന്നും പറയാതെ ഈ ചോദിച്ചതിലെന്തോ ദുരുദ്ദേശമുണ്ടല്ലോ എന്ന മട്ടിലവളെന്നെ നോക്കിയപ്പോ ചോദിക്കണ്ടാന്ന് തോന്നിപ്പോയി..എന്ത് കരുതിക്കാണുമോ ആവൊ.

എനിക്കെന്റെ ഭർത്താവിനെ വിശ്വാസവാ എന്നൊക്കെ വല്യ കാര്യത്തിൽ മറ്റുള്ളോരോട് പറയുമെങ്കിലും ഇങ്ങളെ കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റില്ലാന്ന് അവള് പലപ്പോഴും പറയാറുണ്ട്..എന്താണോ എന്തോ.

അതെന്തേലും ആവട്ടെ..അങ്ങനെ ആഗ്രഹിച്ച ദിവസം സമാഗതമായി..ഞാനില്ലാന്ന് കരുതി വല്ലതും ഒപ്പിക്കാനൊന്നും നിക്കണ്ട ട്ടോ ന്നും പറഞ്ഞപ്പൊ ഇല്ലാടി നിനക്കെന്നെ അറിയാലോ ന്നൊക്കെ പറഞ് ആശ്വസിപ്പിച്ചതായിരുന്നു…അപ്പോഴവള് എടുത്ത വായ്ക്ക് പറയുവാ അറിയാവുന്നോണ്ടാ പറഞ്ഞെന്ന്..എന്താ ചെയ്യാ.

ഒര് കണക്കിന് രാത്രിയായി..സാധാരണ കിടക്കാൻ പന്ത്രാണ്ടൊക്കെ ആവുന്നതാ..അത്രേം ലേറ്റ് ആയാൽ ഫലം കുറഞ്ഞേക്കണ്ടാന്ന് കരുതി നേരത്തെ കിടക്കാൻ തീരുമാനിച്ചു.

ഉറക്കത്തിനിടയിൽ ആരും വിളിച് ശല്യപ്പെടുത്തണ്ടാന്ന് കരുതി മൊബൈൽ ഓഫ് ചെയ്തു വെക്കാമെന്ന് കരുതി..അവളോടക്കാര്യം പറഞ്ഞേക്കാം…അല്ലെങ്കി പേടിച്ചാലോന്ന് കരുതി വിളിച് പറഞ്ഞതും ദേ പിന്നേം ഓൾക്ക് സംശയം..ഇതിലെന്തോ കുനുഷ്ട്ടുണ്ടല്ലോന്ന്..ഒര് കണക്കിനവളെ സമാധാനിപ്പിച്ചു കാൾ കട്ട് ചെയ്തു.

പുരട്ടിക്കൊണ്ടിരുന്നപ്പോ കുറച്ചു തേൻ അകത്തോട്ടും പോയി..സ്വാഭാവികം..തേൻ അകത്താക്കിയതോണ്ടാണോ എന്തോ പെട്ടെന്നുറക്കോം വന്നു.

ചുണ്ടിലെന്തോ ഇഴയുന്ന പോലെ തോന്നിയപോഴാണ് ഉറക്കം വിട്ടെഴുന്നേറ്റെ..അല്ലേലും പണ്ടേ ഉറങ്ങിക്കഴിഞ്ഞാ പിന്നെ ആന ചവുട്ടിയാലും ഉണരാത്ത പ്രകൃതമാ..പറഞ്ഞിട്ടു കാര്യമില്ലാലൊ..ഒര് കണക്കിന് മുണ്ടും വാരിച്ചുറ്റി ലൈറ്റുമിട്ടോണ്ട് നേരെ കണ്ണാടിക്ക് മുമ്പിലോട്ട് ചെന്ന് നിന്നപ്പോ കണ്ട കാഴ്ച..ഏതോ സിനിമേല് കൊച്ചിൻ ഹനീഫന്റെ ചുണ്ട് കുതിര കടിച്ച പോലെ ഉറുമ്പ് കേറി മേഞ്ഞിരിക്കുവാ..ഒരൊന്നൊന്നര ചോക്കലായിപ്പോയി..ഇത്രൊന്നും ചെയ്തതും പോരാഞ്ഞ് അവിടെ തന്നെ കടിച്ചു തൂങ്ങിയ ഉറുമ്പുകളെ തുടച്ചെറിഞ്ഞു കണ്ണാടി നോക്കുമ്പഴും മനസ്സ് മുഴുവൻ അവളോടെന്ത് സമാധാനം പറയുമെന്നുള്ള ചിന്തയാരുന്നു.

ഇനീപ്പോ ഉണ്ടായതൊക്കെ പറയാമെന്ന് വെച്ചാലും അതൊട്ട് വിശ്വസിക്കേമില്ല..വിധി അല്ലാതെന്ത് പറയാനാ.