വീണ്ടും സമയം കടന്ന് പോയപ്പോൾ ഞാൻ നാല് ഡയറി മിൽക്കിൽ നിന്ന് ഒരെണ്ണം എടുത്ത് കവർ കളഞ്ഞിട്ട്…

എഴുത്ത്: അനില്‍ മാത്യു

==============

ജോലി കഴിഞ്ഞ് വന്നാലുടൻ കുളിയും കഴിഞ്ഞ് ഫോണുമായി ഇരുന്നാൽ പിന്നെ വല്ലോം കഴിക്കാൻ സമയമാകുമ്പോൾ മാത്രമേ അതൊന്ന് താഴെ വെക്കൂ..

മാസങ്ങളായി ഈ പരിപാടി തന്നെ തുടർന്നപ്പോൾ ശരിക്കും മടുപ്പ് തോന്നി.

മടുപ്പ് തോന്നാൻ കാരണം മറ്റൊന്നുമല്ല..ഫേ സ്ബുക് ഉപയോഗിക്കുന്ന ഒരു സിംഗിൾ പസംഗയ്ക്ക് തോന്നാവുന്ന ചെറിയ ചെറിയ ആഗ്രഹങ്ങൾ.

പെൺകുട്ടികളുടെ ഇൻബോക്സിലേക്ക് നിരന്തരമായുള്ള  ‘ഹായ്’ യുടെ തള്ളിക്കയറ്റം അവസാനം ബ്ലോ ക്കുകളിൽ അവസാനിച്ചപ്പോൾ മുപ്പത് വയസിനോടടുക്കുന്ന അവിവാഹിതനായ ഒരു യുവാവിന് തോന്നിയ ഒരു വിരസത എന്ന് വേണമെങ്കിലും പറയാം.

അങ്ങനെ അവസാന ബ്ലോക്കും കിട്ടിയ ദിവസം ഞാനെന്റെ ഫേ സ്ബുക് അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു.

ഇനിയെന്ത് ചെയ്യും? വൈകുന്നേരങ്ങളും ഒഴിവ് സമയങ്ങളും ബോറടിപ്പിക്കുന്നു. കൂടെ ഉള്ളവരൊക്കെ ഏതോ ഭാഗ്യം ചെയ്തവരാ..വിഡിയോ കാളും ചാറ്റിങ്ങും ഒക്കെയായി ഓരോരുത്തരും തിരക്കിലാണ്. എനിക്കത് കണ്ടിട്ട് അസൂയയാണോ ദേഷ്യമാണോ സങ്കടമാണോ എന്നറിയില്ല, ഏതാണ്ടൊക്കെ ഭാവങ്ങൾ മനസ്സിലും മുഖത്തുമൊക്കെ വന്നു പോകുന്നു.

ഈ വിരസതയിൽ നിന്നൊരു മോചനം വേണം..ഫേസ്ബുക് ഇനി വേണ്ട. ശരിയാവില്ല. വേറെന്തെങ്കിലും പ്ലാൻ ചെയ്യണം….

അങ്ങനെ ആലോചിച്ചു ബാൽക്കണിയിൽ നിൽക്കുമ്പോഴാണ്  താഴെ റോഡിലൂടെ സായാഹ്ന സവാരിക്കിറങ്ങുന്ന ആളുകളെ കണ്ടത്. പതിനഞ്ചു പതിനാറു വയസ്സുള്ളവർ മുതൽ പ്രായമായവർ വരെയുണ്ട്.  ചിലർ ഓടുന്നു..ചിലർ പട്ടാളത്തിലെ പരേഡ് പോലെ കൈകൾ നീട്ടി എറിഞ്ഞു നടക്കുന്നു..കാണാൻ കൊള്ളാവുന്ന കിളികളുമുണ്ട് ഇടയ്ക്ക്. പോകുന്നവർ അവിടുന്ന് കുറച്ചു അപ്പുറത്തായി ഒരു പാർക്കുണ്ട്. ബാക്കി സമയം അവിടെ ചിലവഴിച്ച ശേഷം വീട്ടിലേക്ക് മടങ്ങും.

എനിയ്ക്കെന്തുകൊണ്ട് പൊയ്ക്കൂടാ? എന്റെ ചിന്ത അതായി. എന്തായാലും നാളെ മുതൽ ഓടാൻ പോണം. ഞാൻ ചിന്തിച്ചു കൊണ്ട് വയറിൽ തൊട്ടു. അല്പം കൂടുന്നുണ്ടോന്ന് നേരത്തെ സംശയം ഉണ്ടായിരുന്നു. നാളെ മുതൽ ഓടിത്തുടങ്ങിയാൽ അത് കുറയും. ഞാൻ ആശ്വസിച്ചു.

പിറ്റേന്ന് വൈകുന്നേരം ജോലി കഴിഞ്ഞെത്തി. വന്നിട്ട് കുളിക്കാം. ഷോർട്സ് വലിച്ചു കേറ്റിയിട്ട് കൊണ്ട് ഞാൻ ഇറങ്ങി.

ആളുകൾ അപ്പോഴേക്കും നടന്ന് തുടങ്ങിയിരുന്നു. ഞാൻ റോഡിന്റെ  ഇടതു വശത്തേക്ക് ഏകദേശം ഒരു കിലോമീറ്റർ ഓടി. അവിടുന്ന് തിരിച്ചു റൂമിന് മുന്നിലൂടെ ഓടി പാർക്കിൽ എത്തി. അവിടെ ബഞ്ചിൽ കുറേ സമയം ഇരുന്ന് ആളുകളെയൊക്കെ കണ്ട് സമയം കളഞ്ഞു.

കൊള്ളാം സമയം പോക്കുണ്ട്. ഈ ബുദ്ധിയെന്താ എനിക്ക് നേരത്തെ തോന്നാഞ്ഞതെന്ന് മനസ്സിൽ ചിന്തിച്ചു കൊണ്ട് റൂമിലേക്ക് നടന്നു.

അങ്ങനെ കുറെ ദിവസങ്ങൾ കടന്ന് പോയി.

ഒരു ദിവസം ഓട്ടം കഴിഞ്ഞ് പാർക്കിലെ ബഞ്ചിലിരുന്ന് അണപ്പ് തീർക്കുമ്പോഴാണ് അവളെ കാണുന്നത്.

ദൂരെ നിന്നും ഓടിവരുന്ന അവളെ ഞാൻ കണ്ടത് സിനിമകളിലെ പാട്ടിനിടയ്ക്ക് നായകന്റെ അടുത്തേക്ക് ദൂരെ നിന്ന് ഓടി വരുന്ന നായികയായാണ്. വിത്ത്‌ ബിജിഎം…? ?

ഞാൻ മിഴിച്ചു നോക്കി നിൽക്കെ അവളെന്നെ കടന്ന് പോയി.

പിറ്റേദിവസം അതെ സമയത്ത് വീണ്ടും അവളെ കണ്ടു. ഓട്ടത്തിനിടയ്ക്ക് അവളെന്നെ ഒന്ന് നോക്കി. മനസ്സിൽ ലഡ്ഡു പൊട്ടി. ഞാനൊന്ന് പുഞ്ചിരിച്ചെങ്കിലും അവളത് മൈൻഡ് ചെയ്യാതെ കടന്ന് പോയി.

എനിക്ക് ഉറക്കം നഷ്ടപ്പെട്ടു. കണ്ണടച്ചാൽ അവളോടി വരുന്നു.

ഇപ്പൊ ഞാൻ ഓട്ടം നിർത്തി. ആ സമയമാകുമ്പോൾ പയ്യെ നടന്ന് ആ ബഞ്ചിൽ പോയിരിക്കും. നേരത്തെ പോയിരിക്കുന്നത് കൊണ്ട് കൊറിയ്ക്കാൻ വല്ല കപ്പലണ്ടിയോ ചോളമോ വാങ്ങിക്കൊണ്ട് പോയി അവിടിരുന്നു തിന്നും. അവൾ വരും പോകും. ഞാൻ ചിരിക്കുമെങ്കിലും അവളൊന്ന് കണ്ണുരുട്ടി കാണിച്ചിട്ട് പോകും. എങ്കിലും ലാലേട്ടന്റെ “സ്റ്റിൽ ഐ ലവ് യൂ ” എന്ന ഡയലോഗ് മനസ്സിൽ പറഞ്ഞാശ്വസിക്കും.

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി….

അവൾ തന്നെയാണ് എന്റെ ലൈഫ് പാർട്ണർ എന്ന് മനസ്സിൽ ഉറപ്പിച്ചു. ഇന്നെങ്കിലും അവളോട് ഇഷ്ടമാണെന്ന് പറയണം. ഞാൻ ധൈര്യം സംഭരിച്ചു.

വൈകുന്നേരമായി. റൂമിൽ നിന്ന് ഇറങ്ങി അടുത്തുള്ള കടയിൽ നിന്ന് നാല് ഡയറി മിൽക്കും വാങ്ങി ഞാൻ പാർക്കിലേക്ക് നടന്നു.

സാധാരണ അവൾ വരുന്ന സമയം കഴിഞ്ഞു. വരുമായിരിക്കും ഞാൻ ചിന്തിച്ചു.

വീണ്ടും സമയം കടന്ന് പോയപ്പോൾ ഞാൻ നാല് ഡയറി മിൽക്കിൽ നിന്ന് ഒരെണ്ണം എടുത്ത് കവർ കളഞ്ഞിട്ട് തിന്നാൻ തുടങ്ങി. ഓ രണ്ടെണ്ണം കൊടുത്താൽ മതി എന്ന് ചിന്തിച്ച് ഞാൻ ഒന്നൂടെ എടുത്തു വായിലാക്കി.

അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ഞാൻ കണ്ടു…എന്റെ കരിഷ്മ കപൂർ അതാ സ്ലോമോഷനിൽ ഓടി വരുന്നു. ഷാരൂഖാനെപ്പോലെ രണ്ട് കൈകളും വിരിച്ചു ഞാൻ കണ്ണടച്ചു നിന്നു.

ടപ്പേ…ഒരു അടി ശബ്ദം.

കണ്ണിൽ നിന്ന് പൊന്നീച്ച പറക്കുന്നു..എന്താ സംഭവിച്ചതെന്ന് ഒന്നും മനസ്സിലായില്ല. തല ഒന്ന് കുലുക്കി ഞാൻ കണ്ണ് തുറന്നു നോക്കിയപ്പോൾ കണ്ട കാഴ്ച..

ഞാൻ തിന്ന ഡയറി മിൽക്കിന്റെ കവറുകൾ താഴെ നിന്ന് പെറുക്കി അവൾ വെയിസ്റ്റ് ബിന്നിൽ കൊണ്ട് പോയി ഇടുന്നു.

തിരിച്ചു വന്ന് എന്റെ നേരെ നിന്നു. എന്നിട്ട് പറഞ്ഞു…ഞാൻ കുറേ ദിവസങ്ങളായി കാണുന്നു നിന്നെ…എപ്പോ വന്നാലും ഇവിടെയിരുന്ന് എന്തെങ്കിലും തിന്നുന്നു, എന്നിട്ട് അതിന്റെ കവറും തൊലിയും എല്ലാം ഇവിടെ ഇട്ടിട്ട് പോകുന്നു. അടുത്ത് വെയിസ്റ്റ് ബിൻ ഇരിപ്പുണ്ട്. നിനക്ക് അതിലിട്ടാൽ എന്താ? മേലാൽ ഈ പണി കാണിച്ചാൽ ഞാൻ പോലീസിനെ വിളിക്കും. പറഞ്ഞേക്കാം. ആദ്യം പരിസ്ഥിതിയെ സ്നേഹിക്കാൻ പഠിക്കടോ എന്ന് പുച്ഛ ഭാവത്തിൽ പറഞ്ഞിട്ട് അവൾ വീണ്ടും ഓടാൻ തുടങ്ങി.

എന്താ മോളുസെ പ്രശ്നം എന്നൊക്കെ ചോദിച്ചു കൊണ്ട് സദാചാര ആങ്ങളമാർ അടുത്തപ്പോഴേക്കും ഞാൻ മെല്ലെ അവിടെ നിന്ന് വലിഞ്ഞു.

തിരിച്ചു നടക്കുമ്പോൾ ഞാൻ പോക്കെറ്റിൽ നിന്ന് ഫോണെടുത്തു. ബ്ലോക്കല്ലേ ചെയ്യൂ..തല്ല് കിട്ടില്ലല്ലോ..ചിന്തിച്ചു കൊണ്ട് വീണ്ടും ഫേസ്ബുക് ആക്ടിവേറ്റ് ചെയ്തു. !!

~Anil Mathew Kadumbisseril

NB : കഥയിലെ ‘ഞാൻ’ ശരിക്കും ഞാനല്ല..സാങ്കല്പികം മാത്രം…