എന്റെ കൂടെ അമ്മയല്ലേ ആദ്യം വരണ്ടതെന്ന് ആത്മാർഥമായി പറയാൻ മടി കാണിച്ചതെന്തേ…

ഒപ്പം…

Story written by Arun Karthik

=============

അതിരാവിലെ ബ്രഹ്മമുഹൂർത്തത്തിൽ നിദ്ര വിട്ടുണരുമ്പോൾ എന്റെ  മനസ്സിൽ നിറയെ സന്തോഷമായിരുന്നു. നാലു വർഷമായി സ്വപ്നം കണ്ട സർക്കാർ ജോലിയ്ക്കു ജോയിൻ ചെയ്യേണ്ട ദിവസമാണ് ഇന്ന്..

ഉള്ളിലെ സന്തോഷം അലതല്ലുന്നതു കൊണ്ടാവാം കുളിക്കാനായി തലയിലേക്ക് വെള്ളം കോരിയൊഴിക്കുമ്പോഴും ആ വൃശ്ചികത്തിലെ തണുപ്പ് എനിക്ക് അനുഭവപ്പെടാതെ പോയത്..

കുളി കഴിഞ്ഞു വന്നു ഈശ്വരനെ സ്മരിച്ചപ്പോഴേക്കും അമ്മ ചായയുമായി അരികിൽ വന്നു നില്പുണ്ടായിരുന്നു.

അമ്മയുടെ കാൽതൊട്ട് അനുഗ്രഹം വാങ്ങിയപ്പോൾ ഞാൻ കൂടെ വരണോ നിന്റെയൊപ്പം എന്ന് അമ്മ ചോദിക്കുന്നുണ്ടായിരുന്നു.

കൂടെ സുഹൃത്ത് വരുമെന്ന് പറഞ്ഞപ്പോൾ പാടത്തെ പണി കളയണ്ടല്ലോ എന്നോർത്താണ് വരാത്തത് എന്ന് അമ്മ പരിഭവം പറയുന്നുണ്ടായിരുന്നു.

എന്റെ ഷർട്ടിലെ ചുളിവ് മാറ്റി നേരെയിട്ട് അമ്മ കുറച്ചു പണം എന്റെ പോക്കറ്റിൽ വച്ചു തരുമ്പോൾ എന്റെ സുഹൃത്ത് ബൈക്കുമായി ആ വീടിനു മുൻപിൽ വന്നു നില്പുണ്ടായിരുന്നു..

അമ്മയോട് യാത്ര പറഞ്ഞു ഓഫീസിലേക്ക് പോകുമ്പോൾ സീനിയർ ഫോൺ വിളിച്ചു പറയുന്നുണ്ടായിരുന്നു മെഡിക്കൽ സർട്ടിഫിക്കറ്റ് കൂടി മേടിച്ചു കൊണ്ടുവരണമെന്നു.

മെഡിക്കൽ സിർട്ടിഫിക്കറ്റ് മേടിക്കാനായി ഗവണ്മെന്റ് ഹോസ്പിറ്റലിൽ ഡോക്ടറെ കാണാൻ ക്യു നിൽക്കുമ്പോഴും മനസ്സ് നിറയെ ജോലിക്കാരൻ ആവാൻ പോകുന്നതിന്റെ ആശ്ചര്യം വിട്ടുമാറിയിരുന്നില്ല.

പേപ്പറിൽ ഒപ്പിടുന്നതിനു തൊട്ടുമുൻപ് വനിതാഡോക്ടർ എനിക്ക് ജോലി ലഭിക്കുന്നതിന് കോൺഗ്രാജുലഷൻസ് പറയുമ്പോൾ എനിക്ക് കിട്ടിയ ആദ്യഅംഗീകാരം ആയിരുന്നു അത്.

മരുന്ന് മേടിക്കാൻ വന്ന ഒരു കൊച്ചുകുട്ടിയെ നോക്കി ഞാൻ കണ്ണിറുക്കിയപ്പോഴാണ് ഡോക്ടർ എന്നോട് ചോദിച്ചത് ജോലിക്ക്  ജോയിൻ ചെയ്യാൻ കൂടെ വന്നിരിക്കുന്നതാരാണെന്ന്.

കൂടെ ഫ്രണ്ട് ഉണ്ടെന്നു പറഞ്ഞപ്പോൾ ഡോക്ടർ അല്പം ദേഷ്യത്തോടെ എന്റെ മുഖത്തേക്ക് നോക്കിയിട്ട് വീട്ടിൽ ആരെല്ലാമുണ്ടെന്ന് എന്നോട് ചോദിച്ചു.

കൂടപ്പിറപ്പുകളില്ലാത്ത എനിക്ക് അമ്മ മാത്രമേയുള്ളൂവെന്ന് പറഞ്ഞത് കേട്ടു ഓഫീസിൽ പോയി ഇരുന്നോളു ഞാൻ എത്താമെന്ന് പറഞ്ഞത് എന്തിനാണെന്ന് അപ്പോൾ എനിക്ക് മനസിലായിരുന്നില്ല. 

കുറച്ചു സമയത്തിന് ശേഷം പുറത്തേക്കു വന്ന് സുഹൃത്തിനോട് ബൈക്ക് സ്റ്റാർട്ട്‌ ആക്കാൻ ഞാൻ  പറയുമ്പോൾ എന്റെ മനസ്സ് വിങ്ങിപൊട്ടുകയായിരുന്നു.

സർട്ടിഫിക്കറ്റ് കിട്ടിയോ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് എല്ലാം വഴിയേ പറയാം വീട്ടിലേക്കു വണ്ടിതിരിക്കെന്നു പറഞ്ഞു യാത്രയ്ക്കു ആക്കം കൂട്ടുമ്പോഴും എന്റെ മനസ്സിലെ നീറ്റൽ അടങ്ങിയിരുന്നില്ല.

ബൈക്കിലിരിക്കുമ്പോൾ ഡോക്ടർ ചോദിച്ച ചോദ്യങ്ങൾ എന്റെ കാതിൽ അലയടിച്ചുകൊണ്ടിരുന്നു.

“മകന് ജോലി കിട്ടിയപ്പോൾ കൂടെ വരണമെന്ന് ആ അമ്മയ്ക്ക് ആഗ്രെഹമില്ലായിരുന്നോ “

“എന്റെ കൂടെ അമ്മയല്ലേ ആദ്യം വരണ്ടതെന്ന് ആത്മാർഥമായി പറയാൻ മടി കാണിച്ചതെന്തേ “

“ഓരോ പരീക്ഷ എഴുതാൻ പോവുമ്പോഴും ആ അമ്മ എത്ര പണം കടം മേടിച്ചു തന്നിട്ടുണ്ടാവും “

“ഓരോ പരീക്ഷയും കഴിയുമ്പോൾ എന്റെ കുഞ്ഞിന് ജോലി കിട്ടണേ ന്ന് ആ അമ്മ എത്ര തവണ ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ടാവും “

“ഇന്നൊരു ദിവസമെങ്കിലും പണിക്കു പോകണ്ടമ്മേ എന്നു പറയാൻ മറന്നതെന്തേ “

“ജോലിസ്ഥലത്തേക്ക് ഈ മകൻ വിളിച്ചു കൊണ്ടു പോകുമെന്ന് ആ അമ്മയും സ്വപ്നം കണ്ടു കാണില്ലേ “

അകലെ പാടത്തു പണിയെടുക്കുന്ന അമ്മയെ കണ്ടപ്പോൾ ബൈക്ക് ഒതുക്കാൻ സുഹൃത്തിനോട് പറഞ്ഞു.

പാടത്തു പണിയെടുക്കുന്ന അമ്മയുടെ അടുത്തേക്ക് ബൈക്കിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ കാലുകൾക്ക് വേഗത പോരെന്നു തോന്നുന്നുണ്ടായിരുന്നു.

എന്റെ തിരക്കിട്ട വരവ് കണ്ടു കണ്ടത്തിലെ ചെളിയുതിർന്ന കാലുമായി വരുന്ന അമ്മയുടെ മുഖത്തു എനിക്കെന്തു സംഭവിച്ചെന്നുള്ള ആകാംഷ ആയിരുന്നു.

ആ കാലുകൾ പുഴവക്കിലെ വെള്ളത്തിൽ കഴുകി വീട്ടിൽ വന്നു കുളി കഴിഞ്ഞു സാരി മാറി എന്റെ ബൈക്കിന്റെ പിന്നിലേക്ക് ഇരിക്കുമ്പോഴും ആ മുഖത്തെ അത്ഭുതം വിട്ടുമാറിയിരുന്നില്ല.

പോകുന്ന വഴി അമ്മയുടെ കാലിലെ തേഞ്ഞു തീർന്ന ചെരുപ്പിനു പകരം പുതിയൊരെണ്ണം വാങ്ങി ആ കാലിൽ ഇട്ടുകൊടുക്കുമ്പോൾ കാശു വെറുതെ കളയണ്ടെന്ന് അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.

ഗവണ്മെന്റ് ഹോസ്പിറ്റലിൽ വനിതാ ഡോക്ടറുടെ മുന്നിലേക്ക് അഭിമാനത്തോടെ ഇതാണ് എനിക്ക് കൂട്ടുവന്ന എന്റെ അമ്മയെന്ന് പറയുമ്പോൾ ആ ഡോക്ടറുടെ മുഖത്തു ഒരു മന്ദഹാസം വിടരുന്നുണ്ടായിരുന്നു.

അവിടെ നിന്നും സൈൻ ചെയ്ത സർട്ടിഫിക്കറ്റ് മേടിച്ചു തിരിച്ചു ഇറങ്ങുമ്പോൾ ആ ഡോക്ടറുടെ കാൽതൊട്ട് അനുഗ്രഹം മേടിക്കാനും ഞാൻ മറന്നിരുന്നില്ല. അതു പക്ഷെ എന്റെ മാറാല പിടിച്ചു കിടന്ന മനസ്സിലെ അമ്മ ദൈവമാണെന്ന് കാണിച്ചുതന്ന ഡോക്ടറോടുള്ള ആദരവ് കൂടിയായിരുന്നു.

ജോലിസ്ഥലത്തേക്ക്  ജോയിൻ ചെയ്യാൻ ചെന്നപ്പോൾ എല്ലാവർക്കും   ഞാൻ ആദ്യം അമ്മയെ പരിചയപ്പെടുത്തിയപ്പോൾ സാരിത്തലപ്പ് കൊണ്ടു അമ്മയാ കണ്ണു തുടയ്ക്കുന്നത് കണ്ടു അറിയാതെ എന്റെ കണ്ണും നിറഞ്ഞു വന്നു.

കൂടെയുള്ളവർ എനിക്ക് ഇരുന്നു ജോലി ചെയ്യാനുള്ള സീറ്റ് കാണിച്ചു തരുമ്പോൾ കൂട്ടത്തിലാരോ കൊണ്ടുകൊടുത്ത ചായകുടിച്ച എന്നെ നോക്കിയിരുന്ന  അമ്മയുടെ കൈ കിടന്നു  വിറയ്ക്കുന്നുണ്ടായിരുന്നു.

ചുറ്റുമുള്ളവർ ആ സീറ്റിൽ ഇരുന്നോളാൻ എന്നോട് പറയുമ്പോൾ ഞാനെന്റെ അമ്മയെ നിർബന്ധിച്ചു കൊണ്ടുവന്നു ആദ്യം ആ സീറ്റിൽ കൊണ്ടിരുത്തി.

ഈ അമ്മയുടെ വിയർപ്പാണ് എന്റെ ഈ ജോലിയെന്ന് ഞാൻ പറയുമ്പോൾ പാടത്തും പറമ്പിലും മാത്രം ഇരുന്നു ശീലമുള്ള എന്റെ അമ്മ പതിയെ എഴുന്നേറ്റു നിറഞ്ഞു വന്ന കണ്ണീർ തുടച്ചു കൊണ്ടു പറഞ്ഞു.

“എന്റെ മോൻ ഒരു സാധുവാ സാറുമ്മാരെ…ഈ സീറ്റിൽ  ഇരുന്നതിന് എന്നോട് നിങ്ങൾ ക്ഷമിക്കണം””

അതുകേട്ടു ഞാൻ എന്റെ കണ്ണീരൊപ്പൊൻ ശ്രമിക്കുമ്പോൾ ചുറ്റുമുള്ളവരുടെ കണ്ണും നിറഞ്ഞു വരുന്നത് കാണാമായിരുന്നു.

(കാർത്തിക് )