ആ, ഞാൻ ഏതായാലും അടുത്ത മാസം വരുമല്ലോ അമ്മേ, വന്നിട്ട് എവിടെയെങ്കിലും നോക്കാം. അവൻ ഫോൺ വക്കാൻ തുടങ്ങുമ്പോൾ…

പെങ്ങൾ….

എഴുത്ത്: അനില്‍ മാത്യു

============

മോനേ, ആ ആലോചനയും നടക്കുന്ന ലക്ഷണമില്ല. പതിവ് പോലെ ആരോ അതും മുടക്കി. ഫോണിലൂടെ അമ്മ പറയുന്നത് കേട്ട് ഒന്നും മിണ്ടാതെ നീക്കുകയാണ് അഭിലാഷ്.

ആ, ഞാൻ ഏതായാലും അടുത്ത മാസം വരുമല്ലോ അമ്മേ, വന്നിട്ട് എവിടെയെങ്കിലും നോക്കാം. അവൻ ഫോൺ വക്കാൻ തുടങ്ങുമ്പോൾ അമ്മ വീണ്ടും പറഞ്ഞു, ടാ അമ്പിളിയ്ക്ക് എന്തോ നിന്നോട് പറയണമെന്ന്.

ങ്ങാ കൊടുക്ക്,

എടാ, അഭി..നീ വരുമ്പോൾ ഒരു ഫോൺ കൊണ്ട് വരണേ, സുരേഷേട്ടന്റെ ഫോൺ മൊത്തം പൊട്ടിയിരിക്കുവാ, അതിനി ശരിയാക്കാനൊന്നും നിക്കുന്നില്ല.

ആ, കൊണ്ട് വരാം..ബൈ..

ടാ വക്കല്ലേ, കുട്യോൾ നിന്നെ നോക്കിയിരിക്കുവാ, മാമൻ വരുമ്പോൾ പുതിയ ഉടുപ്പ് കൊണ്ട് വരും ന്ന് പറഞ്ഞ്.

കൊണ്ട് വരാം ചേച്ചി, എന്താ വേണ്ടതെന്നു ആലോചിച്ച് ഒന്നിച്ചു പറഞ്ഞാ മതി. ഞാൻ പിന്നെ വിളിക്കാം. അവൻ ഫോൺ വച്ചു.

പ്രവാസിയാണ് അഭിലാഷ്. മുപ്പത് വയസ്സായി, ആറ് വർഷമായി ഗൾഫിൽ എത്തിയിട്ട്. വീട്ടിൽ അച്ഛനും അമ്മയും സഹോദരിയും. സഹോദരിയുടെ വിവാഹം കഴിഞ്ഞതാണ്. അവിടെ അമ്മായിയമ്മയുമായി ചേരാഞ്ഞിട്ട് ഇവിടെ സ്വന്തം വീട്ടിൽ ആണ് അവളും ഭർത്താവ് സുരേഷും.

ഇതിനിടയിൽ കല്യാണാലോചന പലതും വന്നു. ചിലത് നാട്ടിൽ വന്ന സമയത്ത് പോയിക്കണ്ടു. പക്ഷെ എല്ലാം തീരുമാനിച്ചു മണിക്കൂറുകൾക്കകം പെണ്ണിന്റ വീട്ടിൽ നിന്ന് വിളി വരും, ഞങ്ങൾക്ക് താല്പര്യമില്ല എന്ന് പറഞ്ഞ്.

ആരാ എന്റെ ജീവിതം തകർക്കാൻ ശ്രമിക്കുന്നത്? ആർക്കും ഒരു തെറ്റ് ഇതുവരെ ചെയ്തിട്ടില്ല, നാട്ടിൽ നല്ല പയ്യൻ എന്നേ ഇതുവരെ കേൾപ്പിച്ചിട്ടുള്ളൂ..എന്നിട്ടും എന്നോടിത് ചെയ്യാൻ മാത്രം ആരാ? അവൻ ഓരോന്ന് ചിന്തിച്ചു കിടന്നു.

ഒരു മാസം കഴിഞ്ഞു, വിവാഹം ഉള്ളത് കൊണ്ട് നാലു മാസത്തെ ലീവ് വാങ്ങി നാട്ടിലെത്തി. ചെന്ന് ഒരു മണിക്കൂർ  ആയില്ല അതിന് മുമ്പ് തന്നെ കൊണ്ട് ചെന്ന പെട്ടി കാലിയായി. പെങ്ങളും അളിയനും പിള്ളേരും കൂടി അവർക്ക് വേണ്ടതെല്ലാം എടുത്തോണ്ട് പോയി. അവൻ നിസ്സഹായതയോടെ അമ്മയെ നോക്കി.

പോട്ടെ മോനെ, അവള് നിന്റെ പെങ്ങളല്ലേ? നീയല്ലേ ഉള്ളൂ അവൾക്ക് കൊടുക്കാൻ? അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവൻ ദീർഘ നിശ്വാസത്തോടെ എഴുന്നേറ്റു.

അന്ന് വന്ന ആ പെൺ വീട്ടുകാരുടെ അഡ്രെസ്സ് ഉണ്ടോ അമ്മേ ഇവിടെ?

ഉണ്ടെന്ന് തോന്നണു, നോക്കട്ടെ..അമ്മ അകത്തേക്ക് പോയി. കുറച്ചു കഴിഞ്ഞ് ഒരു പേപ്പർ എടുത്തു കൊടുത്തു. ഇതാണെന്ന് തോന്നുന്നു നോക്യേ..

അതെ ഇതാണ്..അവൻ ആ പേപ്പർ വാങ്ങി പോക്കറ്റിൽ ഇട്ടുകൊണ്ട് അകത്തേക്ക് പോയി.

പിറ്റേന്ന് രാവിലെ അവൻ റെഡി ആയി പുറത്തേക്കിറങ്ങി. സുരേഷ് വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു.

എങ്ങോട്ടാ അളിയാ? ഞാനൂടെ വരാം…

വേണ്ട അളിയാ, ഞാൻ എന്റെ ഒരു ഫ്രണ്ടിന്റെ വീട്ടിൽ വരെ പോകുവാ, ഉടനെ വരും. അഭിലാഷ് അതും പറഞ്ഞ് വണ്ടിയെടുത്തു പോയി.

വൈകുന്നേരം അമ്മയും അമ്പിളിയും കൂടി വരാന്തയിൽ ഇരിയ്ക്കുമ്പോഴാണ് അഭിലാഷ് തിരിച്ചു വരുന്നത്. അവന്റെ മുഖം ആകെ ചുവന്നിരിക്കുന്നു.

എന്ത് പറ്റി മോനെ?

ഓഹ്, ഒന്നുമില്ലമ്മേ..

അവൻ അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴാണ് അമ്പിളി പറഞ്ഞത്, ആര്യ മോള് നിന്നെ നോക്കിയിരുന്ന് ഇപ്പോഴാ ഉറങ്ങിയത്.

ങ്ങും, അവനൊന്നു മൂളി.

അവൾക്ക് ഒരു നെക്ലേസ് വേണമെന്ന് പറഞ്ഞ് കിടന്നു കരഞ്ഞു. ഞാൻ പറഞ്ഞു മാമൻ വരുമ്പോൾ പറഞ്ഞു വാങ്ങി തരാമെന്ന്.

അവൾ പറഞ്ഞു തീർന്നതും കരണം തീർത്തൊരു അടി കിട്ടിയതും ഒരുമിച്ചായിരുന്നു. അടഞ്ഞു പോയ കണ്ണുകൾ തുറന്നു നോക്കിയപ്പോൾ അടുത്ത അടി അടിയ്ക്കാനായി അവൻ കൈ പോകുകയായിരുന്നു.

എന്താടാ, നിനക്ക് പ്രാന്ത് പിടിച്ചോ? നീയെന്തിനാ അവളെ തല്ലിയത്? അമ്മ തടസ്സം പിടിച്ചു.

ഇപ്പൊ ഇറങ്ങിക്കോണം നിന്റെ കെട്ടിയോനെയും വിളിച്ച് ഈ വീട്ടിൽ നിന്ന്. എന്റെ ജീവിതം തകർക്കാൻ മാത്രം നിന്നോട് ഞാൻ എന്ത് തെറ്റാ ചെയ്തത്? അവൻ കരച്ചിലിന്റെ വക്കത്തെത്തി.

എന്താ മോനെ? എന്താടാ? അമ്മ ചോദിച്ചു.

ഞാൻ ഇന്ന് പോയത് അവസാനം കല്യാണം ആലോചിച്ചു വന്ന അവരുടെ വീട്ടിൽ ആയിരുന്നു. അവർ പറയുന്നത് അന്ന് അവരിവിടെ വന്നിട്ട് പോയ ദിവസം ആരോ വിളിച്ചു. ചെക്കൻ ശരിയല്ല, എല്ലാ ദുസ്വഭാവവും ഉണ്ട്. പലരും വന്നിട്ട് എല്ലാം അറിഞ്ഞിട്ട് വേണ്ടെന്ന് വച്ചു പോയതാ..വേറൊരു പെണ്ണിനെ ചതിച്ചവനാ, അത് നാട്ടുകാർക്ക് മുഴുവൻ അറിയാം എന്നൊക്ക പറഞ്ഞു. ഏതോ പെണ്ണാണ് വിളിച്ചതെന്നും പറഞ്ഞു. ഞാൻ ആ നമ്പർ ചോദിച്ചപ്പോൾ അവർ തന്ന നമ്പർ കണ്ട് ഞാൻ ഞെട്ടി. അത്‌ ഇവളുടെ ആയിരുന്നു. ഇവളെ ഞാൻ..വീണ്ടും അവൻ കൈ പൊക്കി.

ഇത്തവണ അമ്മയാണ് അമ്പിളിയുടെ നേരെ തിരിഞ്ഞത്, എന്തിനാ നീ ഈ പാപം ചെയ്തത്? അങ്ങനെ ആണോ അവൻ നിന്നെ സ്നേഹിച്ചത്? അവൻ ഇത്രയും നാൾ കഷ്ടപ്പെട്ടതെല്ലാം നീയും നിന്റെ ഭർത്താവും കൂടെയല്ലേ തിന്നത്? എന്നിട്ടും നീ…അമ്മ തലയിൽ തല്ലി കരയാൻ തുടങ്ങി.

അഭി…മോനേ, ഈ ചേച്ചി പൊറുക്കാൻ പറ്റാത്ത തെറ്റാണ് നിന്നോട് ചെയ്തത്. ക്ഷമിക്കണം..നിനക്കൊരു നല്ല ജീവിതം ഉണ്ടായിക്കാണന് ഞാൻ ആഗ്രഹിച്ചതാ, ഇതിനിടയിൽ സുരേഷേട്ടൻ ആണ് എന്റെ മനസിൽ വി ഷം കുത്തി വച്ചത്. നീ കല്യാണം കഴിച്ചാൽ ഇപ്പൊ കിട്ടിക്കൊണ്ടിരിക്കുന്നതൊന്നും ഇനി കിട്ടില്ലെന്നും ഇവിടെ നിന്ന് ഇറങ്ങേണ്ടി വരുമെന്നൊക്കെ പറഞ്ഞു. ആ വാക്കുകൾ എന്നിലും സ്വാർത്ഥത ഉളവാക്കി. അത്‌ കൊണ്ടാണ് ഇതൊക്കെ സംഭവിച്ചത്..ഈ ചേച്ചിയോട് ഷമിക്ക് മോനേ..അവൾ അവന്റെ മുന്നിൽ കൈ കൂപ്പി.

എനിക്കാരോടും പരിഭവമില്ല. അവൻ പറഞ്ഞു കൊണ്ട് അകത്തേക്ക് കയറിപ്പോയി.

പിറ്റേന്ന് രാവിലെ അഭിലാഷ് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴായിരുന്നു ഒരാൾ കേറി വരുന്നത്. അബിക്ക് ആളെ മനസ്സിലായില്ല.

അമ്മേ, അവൻ അകത്തോട്ടു നോക്കി വിളിച്ചു.

ആഹാ, ബ്രോക്കറോ? എന്തായി വല്ലതും ശരിയായോ? അമ്മ ചോദിച്ചു.

കഴിഞ്ഞ മാസം വന്നവർക്ക് ഈ ബന്ധം നടത്തിയാൽ കൊള്ളാമെന്നുണ്ട്. അവർ പറഞ്ഞിട്ടാണ് വന്നത്.

അവർ എന്ത്  പറഞ്ഞു?

അന്ന് കല്യാണം മുടക്കാൻ വിളിച്ച ആൾ തന്നെ ഇന്നലെ വിളിച്ചിരുന്നു. പറഞ്ഞതെല്ലാം നുണയായിരുന്നു എന്നൊക്കെ പറഞ്ഞു മാപ്പ് ചോദിച്ചത്രേ. പിന്നെ മോനും ഇന്നലെ അവിടെ ചെന്നിട്ടുണ്ടായിരുന്നല്ലോ..അവർക്ക് സമ്മതമാണെന്ന് പറയാൻ പറഞ്ഞു.

അഭിയും അമ്മയും ഒരുപോലെ അമ്പിളിയുടെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം കുറ്റബോധത്താൽ താണിരുന്നു…

(ഇങ്ങനെയൊക്കെ ഒരു പെങ്ങൾ ചെയ്യുമോ എന്ന് സംശയിക്കേണ്ട, ഇതൊരു സംഭവ കഥയാണ് )

~Anil Mathew Kadumbisseril