ഏറെനേരത്തിനു ശേഷം അവന്റെ ചോദ്യം കേട്ട് അവൾ മിഴികളുയർത്തി നോക്കി. ആ കണ്ണുകൾ അപ്പോഴും…

മയൂഖം…

Story written by Dwani Sidharth

============

ഏറെ നേരെത്തെ യാത്രക്കൊടുവിൽ തങ്ങളുടെ കാർ ഒരു വലിയ വീടിന്റെ മുറ്റത്ത് വന്നു നിന്നു…നിൽപ്പിലും എടുപ്പിലും പ്രൗഢി  വിളിച്ചോതുന്ന ഒരു വലിയ വീട്…കാറിലിരുന്ന് കൊണ്ടുതന്നെ അവൾ വീടിന് ചുറ്റുമൊന്ന് കണ്ണോടിച്ചു….

അല്പനേരത്തിനു ശേഷം കാറിന്റെ ഡോർ വലിച്ചുതുറന്ന് ഒരു നോട്ടം കൊണ്ട് പോലും തന്നെ ഗൗനിക്കാതെ ഇറങ്ങിപോവുന്നവനെ അവൾ നോക്കിയിരുന്നു…

കുറച്ച് നടന്ന് എന്തോ ഓർത്തതുപോലെ അവൻ തിരിഞ്ഞുനിന്നു…

“ഇവിടെ വിളക്കെടുപ്പും താലപൊലിയും വലതുകാലൊന്നും ഇല്ല…ഒന്ന് നിർത്തി അവനവളെ നോക്കി, പിന്നെ ചൊവ്വാദോഷവും… “

അത് പറയുമ്പോൾ അവന്റെ മുഖത്ത് പരിഹാസമോ കുസൃതിയോ എന്ന് വേർതിരിച്ചെടുക്കാനാകാത്ത ഒരു തരം ഭവമായിരുന്നു…

പിന്നീടൊന്നും പറയാതെ അവൻ വീടിനകത്തേക്ക് കയറിപ്പോയി…

അവൾ കുറച്ച് നേരം കൂടെ കാറിൽ തന്നെ കഴിച്ചുകൂട്ടി…

ആരും നിന്നെ  വിളിക്കാനില്ല…ആരും നിന്റെ  താങ്ങാവാനില്ല…പിന്നെയും പിന്നെയും നീയെന്തിനാണ് വിദ്യ എന്തിനൊക്കെയോ ആഗ്രഹിക്കുന്നത്…നിന്റെ ജീവിതം ഇന്നാ കതിർമണ്ഡപത്തിൽ അവസാനിച്ചു…അവളവളോട് തന്നെ തർക്കിച്ചുകൊണ്ടിരുന്നു…

കണ്ണിൽ നിന്നൊഴുകിയ ഒരു തുള്ളി തുടച്ചുമാറ്റി അവൾ ഡോർ തുറന്നു…ചുറ്റുമൊന്ന് ഒരിക്കൽകൂടി കണ്ണോടിച്ച് അവളാ വീട്ടുപടിക്കലെത്തി…

ദീർഘമായൊന്ന്  നിശ്വസിച്ച് വലതുകാൽ വച്ചുതന്നെ അകത്തേക്ക് കയറി…

പുറത്ത് നിന്ന് കാണുന്നത് പോലെത്തന്നെ ഒരു വലിയ വീട്…നല്ല സൗകര്യമുള്ള…എന്നാൽ അത്രയും ഭംഗിയുമുള്ള ഒരു വീട്…

അകത്തുകയറി എങ്ങോട്ടാണ് പോവേണ്ടതെന്നറിയാതെ അവളൊരു നിമിഷം അവിടെത്തന്നെ നിന്നു…

കയ്യിൽ നിലവിളക്കില്ല…കഴുത്തിൽ പൂമാലയും ഇല്ല…എന്തിന് നെറ്റിയിൽ സിന്ദൂരം പോലുമില്ല…ആകെയുള്ളത് നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന ഒരു തരി പൊന്നാണ്…അതവളെ ഒരിക്കൽ കൂടി താനൊരു ഭാര്യയാണെന്ന് ഓർമിപ്പിച്ചു…അവളൊന്ന് കണ്ണുകൾ അമർത്തിയടച്ചു…

കണ്ണുതുറന്നപ്പോൾ മുമ്പിലായി ഒരമ്മയുണ്ടായിരുന്നു…അയാളുടെ അമ്മയാവും…അവളോർത്തു…

ഒരു ലൈറ്റ് കളർ കോട്ടൺ സാരിയായിരുന്നു വേഷം…അധികം ആഭരങ്ങളൊന്നുമില്ല…കയ്യിൽ നൂൽ വണ്ണത്തിനുള്ള രണ്ട് വളകൾ…കാതിൽ കുഞ്ഞികമ്മലുകൾ…കഴുത്തിൽ തീരെ നേർത്ത ഒരു ചെയിൻ..ഒപ്പം ഒരു കൊന്തയും…

അവർ അവളെ നോക്കി സൗമ്യമായി ഒന്ന് പുഞ്ചിരിച്ചു…അവൾ തിരിച്ചും…

മോളേതാ…എന്താ ഈ വേഷത്തിൽ…?

ആ അമ്മ അവളെ ആകമാനം ഒന്ന് നോക്കി.

കല്യാണവേഷമാണ്…കുറച്ചാഭരണങ്ങളൊക്കെ കയ്യിലും കഴുത്തിലുമായൊക്കെ ഉണ്ട്…എന്നാലൊരു കല്യാണപെണ്ണിന്റെതായുള്ള ഒരു ഭാവവും അവളുടെ കണ്ണുകളിൽ ആ അമ്മക്ക് കാണാനായില്ല…കരഞ്ഞു കരഞ്ഞു തളർന്നിരിക്കുന്നു ആ മിഴികളെന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്…

അവർ ഒന്നുകൂടെ അവളെ നോക്കിചിരിച്ചു കൊണ്ട് അടുത്തേക്ക് ചെന്നു…

മോളേതാ…എന്താ ഇവിടെ..? ഈ വേഷത്തിൽ…?

അവളൊന്നും  മിണ്ടിയില്ല…എന്തുപറയാനാണ് താൻ…അവളുടെ കണ്ണുകൾ ആരെയോ തേടി. മുകളിലത്തെ നിലയിൽ നിന്നും പടികളിറങ്ങിവരുന്നവനിൽ അവളുടെ കണ്ണുടക്കി…എന്തിനോ അവളിലൊരു ആശ്വാസം നിഴലിച്ചു…

പുറകിലൂടെ വന്നവൻ അമ്മയെ കെട്ടിപിടിച്ചു..

എന്റെ പൊന്നമ്മച്ചി..ആ കൊച്ചിനെ കൂടുതലൊന്നും ചോദിച് ബുദ്ധിമുട്ടിക്കല്ലേ…എനിക്ക് വരുന്ന വഴിക്ക് റോഡിന്ന് കളഞ്ഞുകിട്ടിയതാ…എന്തായാലും കിട്ടിയതല്ലേന്ന് വച്ച് ഞാനെടുത്തങ്ങ് പോക്കറ്റിലിട്ടു…

ആ അമ്മ അവനെയൊന്ന് കൂർപ്പിച്ചു നോക്കി…

ഇടുപ്പിൽ രണ്ടു കയ്യും കുത്തി അവനും തിരിച്ചുനോക്കി…അവന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു…അമ്മയുടെയും…

വിദ്യ അവരെ രണ്ടുപേരെയും നോക്കി നിന്നു…ആ പെണ്ണിലപ്പോൾ ഭയമായിരുന്നു…

ആ അമ്മക്ക് തന്നെ ഉൾകൊള്ളാനാവുമോ…ഒരു അന്യമതക്കാരി…മകൻ അബദ്ധത്തിൽ കല്യാണം കഴിക്കേണ്ടി വന്നവൾ…ഇനിമുതൽ ആരുമില്ലാത്തവൾ…എല്ലാത്തിലുമുപരി  ഒരു ചൊവ്വാദോഷകാരി…

എങ്ങനെ ഉൾകൊള്ളാനാണ് തന്നെ…ഇറക്കിവിടുമോ ഇവിടുന്ന്….ഇറക്കിവിട്ടാൽ എങ്ങോട്ട് പോവും ഇനി…

ഉത്തരമില്ലാത്ത ചോദ്യങ്ങൾ അവളിൽ നുര പോലെ പതഞ്ഞുപൊങ്ങി…

അമ്മയുടെയും മകന്റെയും കളിചിരികൾ അവളെ വീണ്ടും അവരിലേക്കെത്തിച്ചു…

പിന്നേണ്ടല്ലോ അമ്മച്ചി…അപ്പൊ അവിടെന്ന് രണ്ട് മൂന്ന് ആൾകാർ വന്നെന്നോട്  എന്നോട് ചോദിക്ക്യ…ഇത് നിന്റതല്ലലോ പിന്നെ എന്ത് അധികാരത്തില നീയങ്ങു കൊണ്ടുപോവാന്ന്…

പിന്നൊന്നും പറയണ്ടാലോ എനിക്കങ്ങ് ദേഷ്യം വന്ന്…അവന്റെ മോന്തക്കിട്ടൊന്നങ് കൊടുത്ത്…ഒരു താലിയെടുത്ത് അങ്ങ് കെട്ടി…ന്നിട്ട് ഞാൻ ചോദിച്ചു…ഇനി കൊണ്ടുവാലൊന്ന്…അവരൊക്കെ ചമ്മിപ്പോയി…

വാ പൊത്തിപിടിച് കൊഞ്ചുന്നവനെ അവൾ കണ്ണെടുക്കാതെ നോക്കിനിന്നു…താൻ കുറച്ച് മുൻപ് കണ്ടതിൽ നിന്നും തീർത്തും വ്യത്യസ്തൻ…തീർത്തും ശാന്തമാണ് ആ മിഴികൾ…ആ കണ്ണിലിപ്പോൾ കുസൃതി മാത്രമാണ്…

എന്നിട്ട് ഞാൻ ഇതിനെ ചേർത്തുപിടിച് ചോദിച്ചു…ഇപ്പൊ എന്റെ സ്വന്തായല്ലോന്ന്…അവളെ ചൂണ്ടികാണിച്ച് അത് പറയുമ്പോൾ അവനവളെ ഒരു മാത്രനോക്കിനിന്നു…അമ്മയും…

അത്രനേരം കാർമേഘം മൂടികിടന്ന പെണ്ണിന്റെ മുഖത്തും ഒരു നേർത്ത ചിരിവിടർന്നു…അവൾ കരഞ്ഞുകൊണ്ട് ആ അമ്മയെയും മകനെയും നോക്കിയൊന്ന് ചിരിച്ചു…

ആ അമ്മ വന്നവളെ ചേർത്തുപിടിച്ചു…

ഇവൻ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചിട്ടൊന്നുല്ല…പക്ഷെ ഇതെന്റെ മോന്റെ പെണ്ണാണെന്ന് അമ്മച്ചിക്ക് മനസിലായി…അമ്മച്ചിക്ക് ഈ സുന്ദരികുട്ടിയെ ഒരു പാട് ഇഷ്ടവുമായി…മോളുവാ…നമുക്ക് ഈ വേഷക്കെ ഒന്ന് മാറാം…

വിദ്യ അനുവാദത്തിന്നപ്പോൽ അവനെ ഒന്ന് നോക്കി…അവനൊന്നു ചിരിച്ചു…

അവരവളെയും കൊണ്ട് മുകളിലേക്ക് നടന്നു…അവന്റെ റൂം കാണിച്ചുകൊടുത്ത് ഫ്രഷാവാൻ വേണ്ടി പറഞ്ഞു…റൂം ആകമാനം ഒന്നവൾ കണ്ണോടിച്ചു….വലിരയൊരു മുറി…എല്ലാം അടുക്കിയൊതുക്കി വച്ചിട്ടുണ്ട്…ഒരു ഷെൽഫ് നിറയെ പുസ്തകങ്ങൾ… അത് കണ്ടപ്പോൾ അവളുടെ കണ്ണൊന്നു വിടർന്നു…അവൾക്കും അത്രമേലിഷ്ടമായിരുന്നു വായിക്കാൻ…

ഫ്രഷായി വരുമ്പോഴേക്കും അവിടെ ബെഡിൽ ഒരു ജോഡി ഡ്രസ്സ്‌ കൊണ്ടുവച്ചിട്ടുണ്ടായിരുന്നു…അമ്മയായിരിക്കും അവൾ മനസ്സിൽ പറഞ്ഞു…അമ്മയുടേത് തന്നെ ഒരു സാരീ…ഇതുവരെ ഉടുത്തിട്ടില്ല…പുതുപുത്തൻ…

അവൾ താഴെക്കിറങ്ങി വരുമ്പോൾ അമ്മയും മോനും എന്തൊക്കെയോ കാര്യമായുള്ള സംസാരത്തിലാണ് ഒറ്റനോട്ടത്തിൽ അത് തന്നെ കുറിച്ചുതന്നെയാണെന്ന് അവളുറപ്പിച്ചു…

അവന്റെ മുഖത്തപ്പോൾ നേരെത്തെ കണ്ട കുസൃതിയില്ല…വാക്കുകളിൽ കൊഞ്ചലില്ല…ആ കണ്ണിലപ്പോൾ തന്റെ കഴുത്തിൽ താലി അണിയിക്കുമ്പോൾ കണ്ട ആ തീഷ്ണതയാണ്…

ആ പകൽ അവരങ്ങനെയങ്ങ് കഴിച്ചുകൂട്ടി…ആരും തമ്മിൽ തമ്മിൽ  ഒന്നും ചികഞ്ഞുചോദിയ്ക്കാൻ നിന്നില്ല…അമ്മച്ചി അവളെ സ്വന്തമായി ഏറ്റെടുത്തിരുന്നു ആ ഒരു ദിവസം കൊണ്ടുതന്നെ…

രാത്രിയായപ്പോൾ അമ്മയോടൊപ്പം തന്നെ ചുറ്റിപറ്റി അവൾ നിന്നു…അത് മനസിലാക്കിയെന്നോണം, അവർ തന്നെയാണവളെ അവന്റെ റൂമിൽ കൊണ്ടുപോയി ആക്കികൊടുത്തു…

ആളവിടെ തന്നെയുണ്ട്…ഏതോ ഒരു പുസ്തകത്തിൽ മുഴുകിയിരിപ്പാണ്…എന്താ ചെയ്യേണ്ടതെന്നോ…എവിടെ ഇരിക്കണമെന്നോ നിശ്ചയമില്ലാതെ അവൾ വാതിലനുടുത്തു തന്നെ നിന്നു…ഒരു ധൈര്യത്തിനെന്നോണം വിദ്യ സാരിയുടെ മുന്താണിയിൽ പിടിത്തമിട്ടു…

കിടക്കുന്നില്ലെടോ താൻ…?

ഏറെനേരത്തിനു ശേഷം അവന്റെ ചോദ്യം കേട്ട് അവൾ മിഴികളുയർത്തി നോക്കി..ആ കണ്ണുകൾ അപ്പോഴും പുസ്തകത്തിലാണ്…അവളൊന്നും മിണ്ടിയില്ല….

ഒന്നും ആലോചിക്കണ്ട….ഒന്നും…ചെലപ്പോ ഇതാവും വിധി…ഒന്നിനും നിർബന്ധിക്കില്ല…തനിക്ക് വേണ്ടത്ര സമയമെടുക്കാം…പിന്നെ അമ്മച്ചി….അമ്മച്ചിയോടു ഞാനെല്ലാം പറഞ്ഞിട്ടുണ്ട്…നിനക്ക് സ്വന്തം പോലെ കാണാം ഇവിടെ…ഇവിടെ ഈ അലക്സിന്റെ ഭാര്യയാവാനാവും നിന്റെ വിധി…അത് നീ അനുഭവിച്ചേ ഒക്കൂ…പറയുമ്പോൾ അവന്റെ ചുണ്ടിൽ പുഞ്ചിരിയായിരുന്നു…കണ്ണിൽ കുസൃതിയും…

അലക്സ്‌…അവളൊന്നാ പേര് മനസ്സിൽ പറഞ്ഞു…ഇപ്പഴാണ് അറിയുന്നത് ആളുടെ പേര്…അവളൊന്നു ചിരിച്ചു…

വലിയ ആ കട്ടിലിന്റെ ഓരം ചേർന്ന് കിടക്കുമ്പോൾ മനസ്സിൽ അന്നത്തെ സംഭവങ്ങളെല്ലാം ഒരു തിരശീലയിലെന്ന പോലെ തെളിഞ്ഞവന്നു…

മകളുടെ ചൊവ്വദോഷം മറച്ചുവച്ച് കല്യാണം നടത്താൻ നോക്കിയ ഒരച്ഛന്റെ മുഖം അവളിൽ വേദനയുണർത്തി…കല്യാണചെക്കൻ കയ്യൊഴിഞ് കല്യാണമണ്ഡപത്തിൽ നിൽകുമ്പോൾ അവൾ അയാളെയല്ലാതെ മറ്റാരെയും  കണ്ടിരുന്നില്ല…അപമാനഭാരത്താൽ തലകുനിഞ്ഞുപോയ ഒരു വൃദ്ധനെയല്ലാതെ മറ്റാരെയും…

കല്യാണവീട്ടിൽ കൂടിയവരെല്ലാം ആ അച്ഛനെയും മോളെയും കുറ്റക്കാരാക്കിയപ്പോൾ…തളർന്നുപോയിരുന്നു രണ്ടാളും…വികാരങ്ങളേതുമില്ലാതെ മണ്ഡപത്തിൽ നിന്നിറങ്ങുമ്പോൾ കയ്യിലൊരു പിടിവീണിരുന്നു…

ജ്വലിക്കുന്ന കണ്ണുകളും വലിഞ്ഞുമുറുകിയ മുഖവുവുമായി ഒരുവൻ…ഒരു നോക്കെ കണ്ടുള്ളു…പിന്നെയറിഞ്ഞത് കഴുത്തിലെന്തോ വലിഞ്ഞുമുറുകുന്നതാണ്….ഒന്നുടെ മിഴികയുർത്തി അവനെ നോക്കി…പിന്നെ അച്ഛനെയും…ആ കണ്ണിലപ്പോൾ ദയനീയമായ ഒരു ഭാവം മാത്രം…

താലികെട്ടി കയ്യിൽ പിടിമുറുക്കി മണ്ഡപത്തിന്ന് വിളിച്ചിറക്കി  പോയിനിന്നത് അച്ഛന്റെ മുന്നിലാണ്…കൈരണ്ടും കൂപ്പി തലകുനിച്ചു നിൽക്കുന്ന ആ വൃദ്ധന്റെ കൈകളിലേക്കാവൻ കൈകൾ ചേർത്തു…

തെറ്റായിപോയെങ്കിൽ അച്ഛൻ ക്ഷമിക്കണം…ഇവളെ ഞാൻ കൊണ്ടുപോയിക്കോട്ടെ…ഞാൻ നോക്കിക്കൊള്ളാം…അച്ഛന്റെ സമ്മതം മാത്രം മതി…ഒരു നസ്രാണിചെക്കനാണ്,  അതച്ഛന് പൊറുക്കാൻ പറ്റുമെങ്കിൽ ഇനിയീ അച്ഛന്റെ മോളെന്റേതായിരിക്കും…

അപ്പോൾ ആ അച്ഛന്റെ മുഖത്ത് സംതൃപ്തിയായിരുന്നു…മകളെത്തിച്ചേർന്നത് ശരിയായ കരങ്ങളിൽ തന്നെയാണെന്ന് ആ അച്ഛന് ബോധ്യമായിരുന്നു…

അവന്റെ കൈപിടിച്ചിറങ്ങുമ്പോൾ…ഒരു നസ്രാണി ചെക്കന്റെ കൂടെ ഇറങ്ങിപോയവൾ ഇനിയൊരിക്കലും ഈ പടി കടക്കരുതെന്ന് ബന്ധുകളിൽ നിന്നും മുറുമുറുപ്പുയരുന്നുണ്ടായിരുന്നു…

ഒന്നും കേട്ടില്ല…ആരെയും നോക്കിയുമില്ല…ആകെയൊരു മരവിപ്പ്…കയ്യിലെ പിടിയുടെ മുറുക്കം മാത്രം അറിഞ്ഞു…

ഇന്ന് നടന്നതൊക്കെ ഒരു സ്വപ്നം പോലെ വിചിത്രമാണ്…എത്ര പെട്ടന്നാണ് തന്റെ ജീവിതം മാറിമറിഞ്ഞത്…എത്ര പെട്ടന്നാണ് താനാരുമില്ലാത്തവളായി മാറിയത്…

അങ്ങനല്ല…ചെറുതിലെ അമ്മ നഷ്ടപ്പെട്ട  തനിക്കിപ്പോ ഒരമ്മയുണ്ട്…അകലെയാണെങ്കിലും അച്ഛന്റെ സ്നേഹം എന്നും തന്നോടൊപ്പം ഉണ്ടാവും…പിന്നെ അലക്സ്‌….അയാളെന്റെയാണോ…?എനിക്കങ്ങനെ കാണാമോ…?അങ്ങനൊക്കെ മോഹിക്കാമോ…?അറിയില്ല….അതുമാത്രം എനിക്കറിയില്ല…

എന്റെ പേരറിയാമായിരിക്കോ അയാൾക്…എവിടുന്ന്….അറിയില്ലേൽ ഒന്ന് ചോദിച്ചൂടെ…അവളുടെ ചൊടികളിൽ പരിഭവം നിറഞ്ഞു…പിന്നെയും എന്തൊക്കെയോ ഓർത്തും കരഞ്ഞും എപ്പോഴോ  അവളുറങ്ങിയിരുന്നു…

രാവിലെ ഉണർന്നപ്പോൾ കട്ടിലിന്റെ മറ്റൊരു സൈഡിൽ അലക്സ്മുണ്ട്…

ദിവസങ്ങൾ കടന്നുപോയി…അവളവിടുത്തമ്മക്ക് നല്ലൊരു മകളായി…അലക്സിനു നല്ലൊരു സുഹൃത്തായി…

കളിയും ചിരിയും അമ്മയുടെ സ്നേഹലാളണകലും അവളുടെ പുതിയ ജീവിതത്തിന് നിറങ്ങൾ പകർന്നു…

അതിനിടയിൽ അവളുടെ പേരും അവൻ മനസിലാക്കിയെടുത്തു…സ്വന്തം ഭാര്യയുടെ പേര് അമ്മയുടെ വായിൽ നിന്നും മനസിലാക്കിയ ലോകത്തിലെ ആദ്യത്തെ ഭർത്താവെന്നുള്ള പട്ടവും അവൻ വാങ്ങിച്ചെടുത്തു…

എടൊ..താൻ…വിളികലൾകപ്പുറം ഒരിക്കൽ പോലും അവനവളെ പേരെടുത്തു വിളിച്ചിട്ടും ഉണ്ടായിരുന്നില്ല…

എപ്പോഴൊക്കെയോ തമ്മിൽ കോർക്കുന്ന മിഴികളിൽ സൗഹൃദത്തിനപ്പുറം പ്രണയം കലർന്നിരുന്നു…

രണ്ടുപേരുടെയുള്ളിലും മൊട്ടിട്ട പ്രണയം ആരാദ്യം തുറന്നുപറയുമെന്ന ചോദ്യത്തിൽ പിന്നെയും കുറേകാലം കിടന്നുഴറി…എന്നാലും അവർ അപ്പോഴും തീവ്രമായി പ്രണയിച്ചുകൊണ്ടിരുന്നു…അത്രമേൽ ആഴത്തിൽ…

ഒരു മഴയുള്ള രാത്രിയിൽ അമ്മച്ചിയുടെ മടിയിൽ തല ചായ്ച്ചുകിടക്കുകയായിരുന്നു അലക്സ്‌…അവന്റെ മിഴികൾ വിദ്യയിലും…

അവന്റെ നോട്ടം താങ്ങാനാവാതെ…അവൾ മഴയിലേക്ക് ദൃഷ്ടി പതിപ്പിച്ചു…അപ്പോഴും അവളുടെ ചുണ്ടിൽ പ്രണയത്തിൽ ചാലിച്ച ഒരു പുഞ്ചിരി സ്ഥാനം പിടിച്ചിരുന്നു…

“അല്ല അലെക്സി…നമ്മൾ മൂന്നാളും മാത്രം മതിയോ…ഇവിടൊരു കുഞ്ഞുവാവേടെ കൊഞ്ചലും കളിചിരികളും നിറയണ്ടേ…? “

അമ്മച്ചിയുടെ ചോദ്യത്തിൽ രണ്ടുപേരും ഒരുപോലെ ഞെട്ടിയിരുന്നു…രണ്ടുപേരും പരസ്പരം നോക്കിയില്ല…അലക്സ്‌ അവളിൽ നിന്ന് മിഴികൾ പിൻവലിച്ച് ആർത്തലച്ചു പെയ്യുന്ന മഴയിലേക്ക് നോക്കി…

അമ്മ എഴുനേറ്റ് പോയപ്പോൾ പുറകെ വിദ്യയും പോയി…അലക്സ്‌ എന്തോക്കെയോ ആലോചിച് കുറച്ചുസമയം കൂടെ അവിടിരുന്നു…

പതിവിലും വിപരീതമായി അന്ന് അവരുടെ മുറിയും നിശബ്ദയിരുന്നു…തമ്മിൽ നോക്കാനോ ഒരുവാക്ക് മിണ്ടാനോ അവർക്കായില്ല…ഉറങ്ങാനും…

രാത്രയിലെപ്പോഴോ അവളെയൊരു കൈ ചുറ്റിവരിഞ്ഞു…ആദ്യം ഒന്ന് ഞെട്ടിയെങ്കിലും പിന്നീട് അവളാ കൈകളിലേക്ക് കൈകൾ ചേർത്തു…അവനഭിമുഖമായി കിടന്നു…കണ്ണിൽ പ്രണയം നിറച്ച് ഇരുവരും പരസ്പരം നോക്കി… ഇനിയും തടുത്തുനിർത്താനാവില്ലെന്ന പോലെ അവന്റെ പ്രണയം അവളിലേക്കൊഴുകി…തിരിച്ചും…

അതിരാവിലെ കുളിച്ചിറങ്ങി കണ്ണാടിക്ക് മുമ്പിൽ നിൽകുമ്പോൾ എന്നത്തേതിലും തിളക്കമായിരുന്നു അവളുടെ മുഖത്ത്…കബോർഡിൽ ആരും കാണാതെ സൂക്ഷിച്ച ഒരു സിന്ദൂരചെപ്പ് അവൾ കയ്യിലെടുത്തു…

മോതിരവിരലിൽ ഒരു നുള്ള് സിന്ദൂരമെടുത് അവളാദ്യമായി നെറുകയിൽ ചേർത്തു…അത്രമേൽ പ്രണയത്തോടെ ഒരിക്കൽ കൂടെ അവന്റെ മുഖത്തേക്ക് മിഴികൾ പായിച്ചു…ശേഷം മുറിവിട്ടിറങ്ങി…

എന്നത്തേതിലും ഉത്സാഹത്തിൽ ഓരോന്നും ചെയ്യുന്ന അവളെ അമ്മച്ചിയും നോക്കിനിന്നു…

രാത്രി ഏറെ വൈകിയിട്ടും അലക്സ്‌ തിരിച്ചെത്തിയിരുന്നില്ല…കാരണമില്ലാത്ത ഒരു ഭീതി അവളെ അലട്ടിക്കൊണ്ടിരുന്നു…അമ്മ ചെന്ന് കിടക്കാൻ പറഞ്ഞെങ്കിലും അവൾക് ഉറക്കം വരുന്നുണ്ടായിരുന്നില്ല…

തന്റെ ദോഷങ്ങളൊന്നും മറ്റാരെയും ബാധിക്കരുതേ എന്നുമാത്രമായിരുന്നു അവൾക്കുള്ളിൽ…തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്കൊന്ന് കണ്ണടക്കാൻ പോലും സാധിച്ചില്ല…

ചീറിപ്പാഞ്ഞുവരുന്ന ഒരു ലോറിക്ക് മുമ്പിൽ നിയന്ത്രണം വിട്ട് ഒരു കാർ ചെന്നിടിച്ചു…അടുത്തുണ്ടായിരുന്ന ഒരു കടയും തകർത്ത് ആ കാർ വലിയയൊരു ബിൽഡിംഗ്‌ൽ ഇടിച്ചുനിന്നു…ആരൊക്കെയോ ചേർന്ന് കാറിൽ നിന്നൊരാളെ വലിച്ചു പുറത്തേക്കിട്ടു…ചോരയിൽ കുളിച്ചുകിടന്ന ആൾക്ക് അലെക്സിന്റെ മുഖമായിരുന്നു…

അലക്സ്‌…….!!!

ഉച്ചത്തിൽ നിലവിളിച്ചുകൊണ്ട് വിദ്യ പിടഞ്ഞെഴുനേറ്റു…തൊണ്ടകുഴിയിൽ ശ്വാസം വിലങ്ങി…കണ്ണുകൾ നിറഞ്ഞു പക്ഷെ കരയാൻ പറ്റുന്നില്ല…മനോനില വീണ്ടെടുത്ത് ചുറ്റും നോക്കി…ഇരുട്ടാണ്…

സ്വപ്നമാണ്…സ്വപ്നം മാത്രം…അവളവളോട് തന്നെ പറഞ്ഞൂ…കുറെ സമയമെടുത്താണ് ശ്വാസം നേരെവീണത്…ഒരുപാട് നേരം അങ്ങനെയിരുന്നു…

താഴെ കാളിങ് ബെല്ലിന്റെ ശബ്ദം കേട്ടപ്പോൾ വിദ്യ അങ്ങോട്ട് ഇറങ്ങിയോടി…മനസ്സിൽ എന്തെല്ലാമോ ഒരു വെപ്രാളം നിറഞ്ഞു….കയ്യിലൊരു ബാഗും കുറെ ഫയൽസുമായി നില്കുന്നവനെ കണ്ട് നെഞ്ചിൽ കയ്യും വച്ച് വാതിലിനോരം ചാരിനിന്നു…

വിദ്യക്ക് വിറക്കുന്നുണ്ടായിരുന്നു…അവളിലെ വെപ്രാളവും ഭയവും കണ്ട് അലക്സ്‌ അവളെ ചേർത്തുപിടിച്ചു…അവൾ അവന്റെ മുഖം കൈകുമ്പിളിലാക്കി മതിവരുവോളം ചുംബിച്ചു…

അലക്സ്‌ അവളുടെ പ്രവർത്തികളുടെ പൊരുളറിയാതെ ഒന്ന് നടുങ്ങിയെങ്കിലും…അവനും അവളെ പൊതിഞ്ഞു പിടിച്ചു…

രാത്രി ജനലിലൂടെ അരിച്ചിറങ്ങുന്ന നിലാവിന്റെ വെളിച്ചത്തിൽ അവന്റെ മാറിൽ തലചായ്ച്ചുകിടന്ന് , അവളുടെ സ്വപ്നത്തെ പറ്റിയും അവൾ കാട്ടികൂട്ടിയതിന്റെയും ഒക്കെ കാരണങ്ങൾ പറയുമ്പോൾ…അവനിൽ നിന്നൊരു  പൊട്ടിച്ചിരി ആയിരുന്നു മറുപടി…

ചുണ്ട് കൂർപ്പിച്ചു പരിഭവം നിറച്ച കണ്ണുകളിലൂടെ നോക്കുന്നവളുടെ കഴുത്തിലേക്ക് അവൻ മുഖം പൂഴ്ത്തി…

“അങ്ങനൊന്നും ഈ ഇച്ചായൻ എന്റെ പെണ്ണിനെ വിട്ട് പോവില്ല പെണ്ണെ…”

എന്നവളുടെ കാതോരം പറയുമ്പോൾ…പെണ്ണിന്റെ മുഖവും ചെമ്പരത്തി കണക്കെ ചുവന്നിരുന്നു…നിലാവിന്റെ വെളിച്ചത്തിൽ അവനവളെ ഒന്നൂടെ ചേർത്തുപിടിച്ചു…

ഈ ജന്മമല്ല…ഇനിയുള്ള ഏഴ് ജന്മങ്ങളിലും “നീയെന്റേത് മാത്രമായിരിക്കുമെന്ന്” അവൻ വീണ്ടും വീണ്ടും പറയാതെ പറഞ്ഞുകൊണ്ടിരുന്നു…

അവസാനിച്ചു…❤

ചുമ്മാ ഒരു രസത്തിന് എഴുതിയതാ…ഇഷ്ടമായാൽ വല്ല്യ കമെന്റ് ഇടണേ 🥰
ഇഷ്ടയില്ലേലും വല്യ കമെന്റ് ഇട്ടോ 🙈