കുടുംബ ജീവിതവിജയത്തിന് ഭാര്യാഭർത്താക്കൻമാർക്കിടയിൽ വേണ്ട അത്യാവശ്യ ഘടകമെന്തൊക്കെയാണെന്ന്…

Story written by Shincy Steny Varanath

==============

ഇടവകയിൽ കുടുംബ നവീകരണ ധ്യാനം നടക്കുകയാണ്. ധ്യാനത്തിൽ പങ്കെടുക്കാത്തവരുടെയെല്ലാം പേര് നോട്ടീസ് ബോർഡിലിടുമെന്ന വികാരിയച്ചന്റെ മുന്നറിയിപ്പ് ഒരു മാസം മുൻപേ തുടങ്ങിയതാണ്. അതു കൊണ്ട് വരുന്നവർ പേരെഴുതി ഒപ്പിട്ടിട്ടെ പള്ളിയിൽ കേറാവു…

ഒപ്പിട്ടേച്ച് മുങ്ങാമെന്ന് വെച്ചാൽ വികാരിയച്ചന്റെ കണ്ണിന്  CCTVയെക്കാളും പവറാണ്. പോകുന്നവരുടെ പേരും വീട്ടു പേരും നാളുമുൾപ്പെടെ മൈക്കിൽ കൂടി വിളിച്ച് പറയാൻ ഒരു മടിയുമില്ല.

സ്കൂളിൽ നിന്ന് ലിസി ടീച്ചർ ഓടിക്കിതച്ച് വന്നപ്പോഴെയ്ക്കും ധ്യാനഗുരു പ്രഭാഷണം തുടങ്ങി.

പേരെഴുതി ഒപ്പിട്ട ടീച്ചർ, പള്ളിയുടെ ഒത്ത നടുക്ക് ഒരു കസേര ഒഴിവുണ്ടോന്ന് എത്തിവലിഞ്ഞ് നോക്കി…രാവിലെ നാല് മണിക്ക് എഴുന്നേറ്റു തുടങ്ങിയ ഓട്ടമാണ്, ഉറങ്ങാൻ സാധ്യതയുണ്ട്. പെട്ടെന്ന് ആരുടെയും ശ്രദ്ധപതിയാത്തിടത്തൊരു കസേരയാണ് ലക്ഷ്യം…നോക്കി നോക്കി ടീച്ചറുടെ ആഗ്രഹം പോലൊരു കസേര കിട്ടി…

അപ്പുറത്തും ഇപ്പുറത്തുമിരുന്നവരെ ഒന്നു നോക്കി ചിരിച്ചു…അവരുടെ മുക്കിനൊരു ചളുക്കം. വിയർപ്പു നാറിയോ ആവോ…പിന്നെ മുന്നോട്ടൊന്ന് നോക്കി…

മുന്നിൽ തന്നെ കെട്ടിയോനിരുപ്പുണ്ട്, ജോസഫ് മാഷെ…അച്ചന്റെ വായിൽ നിന്ന് വീഴുന്നത് ആദ്യം ചാടിപ്പിടിക്കണം എന്ന വാശി ആ മുഖത്ത് കാണാനുണ്ട്…അത് മാത്രമല്ല, അച്ചന്റെ സൈഡിൽ വച്ചിരിക്കുന്ന ടേബിൾ ഫാനിന്റെ കാറ്റുംകൂടി കിട്ടും…

അച്ചൻ ഗംഭീര ക്ലാസിലാണ്.കുടുംബ ജീവിതം തേങ്ങയാണ്…മാങ്ങയാണ്… എന്തറിഞ്ഞിട്ടാണാവോ…അനുഭവിക്കുന്നവർക്കത് മാങ്ങാ തൊലിയാണ്…അല്ല പിന്നെ…

നല്ലൊരു കുടുംബ ജീവിതത്തിന് അത്യാവശ്യമായ ഘടകങ്ങളെക്കുറിച്ചാണ് അച്ചൻ കത്തിക്കേറുന്നത്. എല്ലായിടത്തും പറയുന്നത് തന്നെ, പരസ്പര വിശ്വാസം, സ്നേഹം, സഹകരണം, വിധേയത്വം,…ഇത് ഇന്ത്യൻ റെയിൽവേ പോലെ നീണ്ട് നീണ്ട് പോവാണ്.

ഇല്ല…എനിക്ക് അത്യാവശ്യമായി തോന്നിയത് ഈ അച്ചനും പറയുന്നില്ല. ഓരോ ഘടകവും അച്ചൻ വിശദീകരിച്ച് പറഞ്ഞു തുടങ്ങി. ഇതൊക്കെ എത്ര കേട്ടതാ…ഉറങ്ങാൻ പറ്റിയ സമയം…

അപ്പുറവും ഇപ്പുറവും ഒന്നു കൂടി നോക്കി…എല്ലാം വലിയ കാര്യം കേൾക്കുന്ന ഭാവത്തിൽ അച്ചനെ ശ്രദ്ധിച്ചിരിപ്പുണ്ട്. കസേരയിൽ നിന്ന് ചെറുതായി താഴേക്ക് നിരങ്ങി, ഉറങ്ങാൻ പാകത്തിന് ചാരിയിരുന്നു. കണ്ണുകൾക്ക് കമാൻഡ് കൊടുത്തപാടെ അത് മത്സരിച്ചടഞ്ഞു…തടസ്സങ്ങളില്ലാതെ മുന്നോട്ടു പോകുന്ന ഉറക്കത്തിനിടയിൽ എവിടുന്നോ ഒരു വിളി…

ചേച്ചി…ചേച്ചിയെ…

ആരോ വിളിക്കുന്നുണ്ട്. കണ്ണ് തുറന്നു നോക്കി…സ്വപ്നമൊന്നുമല്ല. അച്ചനാണ്..ഞാനുറങ്ങുന്നത് കണ്ടുപിടിച്ചെന്ന് തോന്നുന്നു.

കുടുംബ ജീവിതവിജയത്തിന് ഭാര്യാഭർത്താക്കൻമാർക്കിടയിൽ വേണ്ട അത്യാവശ്യ ഘടകമെന്തൊക്കെയാണെന്ന് കേട്ടില്ലായിരുന്നൊ, ഞാൻ പറഞ്ഞത് ഒക്കെ ശരിയാണൊ ചേച്ചി…അച്ചന്റെ ചോദ്യം എന്നോട്…

രാവിലെ ക്ലാസിലിരുന്നുറങ്ങിയ ശിൽപയ്ക്കിട്ട് എറിഞ്ഞ ചോക്ക് കഷ്ണം തിരിച്ചെനിക്കിട്ട് കൊണ്ടപോലൊരു തോന്നൽ…ജോസഫ് മാഷ് തിരിഞ്ഞ് നോക്കി ദഹിപ്പിക്കുന്നുണ്ട്, ഞാനൊന്ന് നൈസായിട്ടുറങ്ങിയതാണെന്ന് അങ്ങേർക്കും മനസ്സിലായെന്ന് നോട്ടം കണ്ടാലറിയാം. അച്ചനെന്തെങ്കിലും ഉത്തരം കൊടുത്തേ പറ്റു. ആദ്യം പറഞ്ഞത് കേട്ടത് ഭാഗ്യം, വിശദീകരണത്തിലാണല്ലൊ ഉറക്കത്തിലേക്ക് വീണ് പോയത്.

അച്ചോ…അച്ചൻ ഇവിടെ പറഞ്ഞ ഘടകങ്ങളൊക്കെ കുടുംബ ജീവിതത്തിൽ വേണ്ടത് തന്നെയാണ്. ഇതൊക്കെ മാര്യേജ് കോഴ്സിന് മുൻപേ തൊട്ട് കേൾക്കാൻ തുടങ്ങിയതാണ്. പക്ഷെ ആരും പറയാത്തൊരു ഘടകം കൂടി അത്യാവശ്യമാണ്.

അതേത് ഘടകം…അച്ചൻ

ഒത്തിരിയൊന്നും വേണ്ടച്ചോ, ഇച്ചിരി സ്വാതന്ത്ര്യം വേണം…ഭാര്യയ്ക്കും ഭർത്താവിനും…താലികെട്ടാനെടുക്കുന്ന ഏഴുപിടി നൂലിന്റെ വട്ടത്തിൽ കെട്ടിയിടരുത്…

അച്ചന്റെ മുഖം ഏതാണ്ട് ച പ്പിയ പോലുണ്ട്…കെട്ടിയോനെ ഒന്നു നോക്കി…ഇപ്പോൾ അൾത്താരയിലേക്ക് മാത്രമാണ് നോട്ടം. സീലിങ്ങ് ഫാനും ടേബിൾ ഫാനുമുണ്ടായിട്ടും അച്ചൻ വിൽക്കാൻ വെച്ചിരിക്കുന്ന, രോഗശാന്തിയുടെ വിവരണമുള്ള പുസ്തകവുമെടുത്ത് അങ്ങേര് വീശുന്നു. തുവാല കൊണ്ട് ഇടയ്ക്കിടെ മുഖം ഒപ്പിക്കൊണ്ടിരുന്ന ആളാണ് അമർത്തി തുടയ്ക്കുന്നുണ്ട്.

അച്ചൻ ഇങ്ങനൊരു മറുപടി പ്രതീക്ഷിച്ചില്ലെങ്കിലും, ബോധമണ്ഡലത്തിലേക്ക് വേഗം തിരികേ പ്രവേശിച്ചു. സ്വാതന്ത്ര്യം എന്നതുകൊണ്ട് കുടുംബ ജീവിതത്തിൽ ചേച്ചിയെന്താണ് ഉദ്ദേശിക്കുന്നത്…അച്ചന് വിടാൻ പ്ലാനില്ല.

നല്ല കാര്യമാണെങ്കിൽ മറ്റ് ധ്യാനഗുരുക്കൻമാരിൽ നിന്ന് വ്യത്യസ്തമായ കാര്യം അടുത്ത സ്ഥലത്ത് അവതരിപ്പിക്കാല്ലോ…ഈ ഫീൽഡിൽ ഇപ്പോൾ ടൈറ്റ് കോമ്പറ്റീഷനാണ്…ചേച്ചി പറ…

ഏതായാലും നനഞ്ഞു, ഉറക്കവും പോയി..ഇനി കുളിച്ച് കേറാം…അച്ചാ…ഞാനീപ്പറയുന്നത് എന്റെ കാര്യമായി കൂട്ടെണ്ട, ചുറ്റുപാടും കാണുന്നതിൽ നിന്നാണെന്ന് കൂട്ടിയാൽ മതി… (ഇത് ടീച്ചറുടെ രക്ഷയ്ക്ക് മാത്രമായി പറഞ്ഞതാണെന്ന് സാറിനെ അറിയുന്നവർക്കെല്ലാം അറിയാം.) ആയിക്കോട്ടെ…അച്ചൻ.

ഇഷ്ടമുള്ള ഡ്രസ്സിടാൻ, ആഭരണങ്ങളിടാൻ, സ്വന്തം വീട്ടിൽ പോയി രണ്ട് ദിവസം മാതാപിതാക്കളുടെ കൂടെ നിൽക്കാൻ, അപ്പനുമമ്മയ്ക്കും ഒരു പായ്ക്കറ്റ് കടലമിഠായിയെങ്കിലും കണക്ക് നോക്കാതെ വാങ്ങിക്കൊടുക്കാൻ, സ്വന്തം നാവിനിഷ്ടപ്പെടുന്ന ഭക്ഷണം ഇടയ്ക്കൊക്കെ ഉണ്ടാക്കി കഴിക്കാൻ, സമയത്തിന്റെ പരിധിയില്ലാതെ വല്ലപ്പോഴുമെങ്കിലും കൂട്ടുകാരോടൊന്ന് മിണ്ടാൻ, തിരക്കുള്ള ആദ്യ ബസ്സ് ഒഴിവാക്കി അടുത്ത ബസ്സിൽ കേറാൻ, എണ്ണയുടെയും ഉപ്പിന്റെയും മുളകിന്റെയും അളവൊന്ന് കൂട്ടാനും കുറയ്ക്കാനും…ഇങ്ങനെ ഇങ്ങനെ നീണ്ടുപോകുന്നച്ചോ മറ്റുള്ളവരുടെ കണ്ണിൽ നിസ്സാരമായതും ഒരുപാട് ഭാര്യാമാർക്ക് അത്യാവശ്യവുമായതുമായ സ്വാതന്ത്ര്യം…

‘ചന്ദ്രേട്ടൻ എവിടെയാന്ന് ‘ ചോദിച്ചോണ്ടിരുന്നിട്ടും ചന്ദ്രേട്ടൻ മതിലു ചാടിയൊരു സിനിമ ഭാര്യമാരും കാണുന്നത് നല്ലതാ…സ്വാതന്ത്ര്യം നിഷേധിക്കുന്ന ഭാര്യമാരും കുറവല്ല.

ചേച്ചി…ജോലി ചെയ്യുന്നുണ്ടോ…അച്ചൻ

ഞാൻ അധ്യാപികയാണ്…

ടീച്ചറുടെ ഭർത്താവിവിടെയുണ്ടല്ലേ…പറയാതെ തന്നെ ഞാൻ തൊട്ടു കാണിക്കട്ടെ…

അയ്യോ…മാഷ് പാവമാണ്. ഞാൻ ആദ്യമെ പറഞ്ഞല്ലോ എന്റെ കാര്യമല്ലെന്ന്.

ഉം…ഉം…

അങ്ങേരുടെ വിയർപ്പു കണ്ടിട്ട് അച്ചന് കാര്യം മനസ്സിലായെന്ന് തോന്നുന്നു. പോരാത്തതിന് ചുറ്റുമിരിക്കുന്ന ചേട്ടൻമാരുടെ നോട്ടം കൂടിയായപ്പോൾ പൂർത്തിയായി.

എല്ലാവർക്കും എല്ലാം മനസ്സിലായില്ലെ?ടീച്ചറ് പറഞ്ഞത് വളരെ വലിയൊരു കാര്യമാണ്. സ്വാതന്ത്ര്യം വളരെ അത്യാവശ്യമുള്ള കാര്യമാണ്. സ്വാതാന്ത്ര്യം പവർഫുള്ളാണ്…പവർഫുള്ളാണ് സ്വാതന്ത്ര്യം….കൂടുതലൊന്നും അച്ചന് പറയാൻ കിട്ടുന്നില്ല. പറഞ്ഞു പഠിച്ച ടോപ്പിക്കിലില്ലാത്തത്, ‘കള്ളക്കളി’ എന്ന ഫോർമാറ്റിലെ എത്തു…

കൈപ്പിടിയിലൊതുങ്ങാത്തതുകൊണ്ട്, വേഗം ആരാധനയും സോസ്ത്രവും സ്തുതിയുമായി ധ്യാനം കഴിഞ്ഞു.

ധ്യാനം ഇന്ന് കഴിയെണ്ടായിരുന്നെന്ന് തോന്നിയ ഏക വ്യക്തി ടീച്ചറുമാത്രമാണ്. ക്ലാസിന്റെ മാഹാത്മ്യം കൊണ്ടൊന്നുമല്ല…മാഷ് കാറിനടുത്ത് ആവാഹിക്കാൻ നിൽപ്പുണ്ട്…പരമാവധി രക്ഷിക്കാൻ തന്നെകൊണ്ടാവുന്നതെല്ലാം ചെയ്താലും, ഇതെല്ലാം തന്നെ മാത്രം ഉദ്ദേശിച്ചാണെന്ന് മനസ്സിലാകാതിരിക്കാൻ എന്റെ കെട്ടിയോനൊരു പൊട്ടനല്ലെന്ന് ടീച്ചർക്ക് നന്നായറിയാം…

പള്ളിയിൽ ഏറ്റു നിന്ന് പറഞ്ഞ ധൈര്യമൊന്നും കാലുകൾക്ക് കാറിനടുത്തേയ്ക്ക് നീങ്ങാൻ കാണിക്കുന്നില്ല…എങ്ങനെയൊക്കെയൊ കാറിനടുത്തെത്തി…പതിവുപോലെ കാറ് സ്റ്റാർട്ട് ചെയ്ത് ഇരപ്പിച്ച് വെച്ചിട്ടില്ല. ഡ്രൈവിങ്ങ് സീറ്റിൽ കേറിയിരിപ്പുണ്ട്. മറ്റുള്ളവരുടെ നോട്ടം കാണാനാകാത്തതു കൊണ്ടാവും കേറിയിരുന്നത്. ഞാൻ കേറിയിരുന്ന പാടെ വണ്ടി വിട്ടു.

സംസാരമൊന്നുമുണ്ടായില്ല. വീട്ടിലെത്തിയിട്ടാകും ഇടിവെട്ടിപ്പെയ്ത്ത്…എന്തും പ്രതീക്ഷിക്കാം…വിയർപ്പിന്റെ കൂടെ ഇങ്ങേരുടെ നാക്കും ഒഴുകിപ്പോയൊ…മിണ്ടുന്നില്ല… ഭക്ഷണം കഴിക്കാൻ വിളിച്ചു…വന്നിരുന്നു കഴിച്ചു…മക്കൾക്കും അത്ഭുതം. നൂറ് കുറ്റം പറയുന്നതാണ്…

സാധാരണ അടുക്കളയടച്ച് വരുമ്പോഴെയ്ക്കും മാഷ് ഒരുറക്കം കഴിയുന്നതാണ്. ഇന്ന് ഉറങ്ങിട്ടില്ല. കണ്ണിന് മുകളിൽ കൈ മറച്ച് വെച്ചിട്ടുണ്ട്…അപ്പോൾ ഇവിടെയാകും എനിക്കിട്ടുള്ള മറുപടിയുടെ വേദിയൊരുക്കിയിരിക്കുന്നത്…വന്നുകിടന്നിട്ടും മിണ്ടുന്നില്ല.

നാളെ നമ്മുക്ക് നിന്റെ വീട്ടിലൊന്ന് പോയാലൊ…ക്ലാസില്ലല്ലോ…

അശരീരി ???

അല്ല…മാഷാണ്…

എന്താ???

നാളെയൊരുങ്ങിക്കോ, വീട്ടിലൊന്ന് പോയി വരാം…

കഴിഞ്ഞയാഴ്ച വീട്ടിലൊന്ന് പോയ്ക്കോട്ടെന്ന് ചോദിച്ചപ്പോൾ, വീട്ടിൽ പോയിട്ട് രണ്ട് മാസമായില്ലല്ലോ? എപ്പോഴും എപ്പോഴും എന്തിനാ പോകുന്നത്, ഇരുന്നൂറ് രൂപ വേണം അവിടെയൊന്ന് പോയി വരാൻ. ഒരു മാസം കഴിയട്ടെ ആലോചിക്കാൻ എന്ന് പറഞ്ഞ ആൾക്കിതിപ്പോൾ എന്തുപറ്റി? മനസ്സിലെവിടെയൊക്കെയൊ ഒരു പിടിവലി നടക്കുന്നുണ്ടോ…ആരാധനയ്ക്കിടയിൽ അടികിട്ടല്ലേന്നല്ലെ ഞാൻ പ്രാർത്ഥിച്ചുള്ളു കർത്താവെ…

നാളെ പോകുന്നവഴി, രണ്ട് സാരിയെടുത്ത് തരുവോ വാ…എല്ലാവരും മാറി മാറി സാരിയുടുക്കുമ്പോൾ കൊതിയാവും. പറ്റുമെങ്കിൽ ഈ ചളുങ്ങിയ വളയൊന്ന് മാറ്റി മേടിക്കണം. കല്യാണത്തിന് കാതിലിട്ട കമ്മലാണ്. പുതിയതൊന്ന് ചോദിച്ച് നോക്കണം. ശമ്പളത്തിന് ഒപ്പിട്ടു കൊടുക്കുന്ന ബന്ധമല്ലാതെ ഞാനുമായി അതിനൊരു ബന്ധവുമില്ല. ഇനി കുറച്ച് ചോദിച്ച് വാങ്ങണം. ഓസിന് ടീച്ചർമാരുടെ കൂടെപ്പോയി ഐസ് ക്രീ കഴിച്ച് മടുത്തു. ഇനി അവർക്ക് വാങ്ങിക്കൊടുക്കണം. നാളെ വരുന്ന വഴി ബിരിയാണിയുണ്ടാക്കാനുള്ള സാധനം വാങ്ങണം. ലിജി ടീച്ചറ് കഴിഞ്ഞ ദിവസം ഉണ്ടാക്കി കൊണ്ടുവന്നപ്പോൾ മുതലുള്ള ആഗ്രഹമാണ്. അന്ന് അതൊന്ന് പറഞ്ഞതിന്, അതിന്റെ സാധനങ്ങളുടെ വിലയെല്ലാം കൂട്ടീട്ട്, പുറത്തെന്ന് വാങ്ങിക്കഴിക്കുന്നതാ നല്ലതെന്ന് പറഞ്ഞു. എന്നാൽ വാങ്ങിത്തരാൻ പിള്ളേര് പറഞ്ഞപ്പോൾ, ഉണ്ടാക്കുന്നവർക്ക് വൃത്തിയില്ല, തിന്നാൽ കുടലിന് മോശം…അടുത്ത ദിവസം തൊട്ട് സ്കൂളിൽ കാറിന് കൊണ്ടുപോയി വിടുമായിരിക്കും. ബസ്സിലെന്ത് തിരക്കാണ്…തൂങ്ങി നിന്ന് മടുത്തു.

സാലി ടീച്ചറെ…രാവിലെ സ്വഭാവം മാറാതെ, അപ്പനേം അമ്മേനേം കാണാൻ പോകാൻ പറ്റണേന്ന് പ്രാർത്ഥിച്ചിട്ട് കിടന്നുറങ്ങാൻ നോക്ക്…സൂചികേറ്റാൻ ഇടം കൊടുക്കുമ്പോൾ തൂമ്പാ കേറ്റുന്നോ…മനുഷ്യനെ നന്നാകാൻ സമ്മതിക്കില്ല…

ആരാ…???

മാഷാണൊ…

ചെരിഞ്ഞ് നോക്കി…ഏയ്…അല്ല…കൂർക്കം വലിക്കുന്നുണ്ട്.

ഇത് ശരിക്കും അശരീരിയാണെന്ന് തോന്നുന്നു…