ശല്യപ്പെടുത്താതിരിക്കുമോ ഒന്ന്. എന്തിനാ എപ്പോഴും ഇങ്ങനെ വിളിക്കുന്നത്. നിങ്ങൾക്കിതെന്തിൻ്റെ കേടാണ്..ഭാഷകൾ മാറിമാറി വന്നു.

“ടാറ്റു”

Story written by Mini George

===========

വലിയൊരു ശൂന്യത തലക്ക് മുകളിൽ കറങ്ങിയിട്ടും ആവർത്തന വിരസമായ കുറെ പണികൾ ചെയ്തു തീർത്തു.

നേരം പോകും തോറും ആ ശൂന്യതക്ക് കനം വെച്ചപ്പോൾ മുന്നിലിരുന്ന ബോക്‌സിൽ നിന്നും ഒരു ആൻ്റി ഡിപ്രസെൻ്റ് ടാബ് എടുത്തു കഴിച്ചു.

ഓഫീസ് അറ്റെൻഡൻ്റ് വിളിച്ചപ്പോഴാണ് തലയുയർത്തിയത്. അറിയാതെ ഉറങ്ങി പോയി. ഇപ്പോൾ ഒരു തൂവൽ പോലെ കനം കുറഞ്ഞിരിക്കുന്നു.

“സാർ, ഈ ഫയലുകൾ ഒന്നു നോക്കണം. ഇന്ന് അയക്കാനുള്ളതാണ്.” ഫയലുകൾ വാങ്ങി നോക്കി..എല്ലാത്തിലും ഒപ്പിട്ടു..അവർ അത്ഭുതത്തോടെ നോക്കുന്നത് കണ്ടപ്പോൾ പറഞ്ഞു..

സീതേച്ചി, എടുത്തു കൊണ്ടോയിക്കൊളൂ..

“അല്ല സാർ..ഇത് നോക്കിയില്ലല്ലോ…”

സാരമില്ല, കൊണ്ടോയ്കൊളൂ..

അവർ പോയി കഴിഞ്ഞപ്പോൾ വീണ്ടും മേശയിൽ തല വച്ച് കിടന്നു.

എന്തോ ബഹളം കേട്ടുകൊണ്ടാണ് എണീറ്റത്..സൂപ്രണ്ടാണ്…

“ഇതെന്തു തെമ്മാടിത്തരം ആണ്. ഡോകുമെൻസ് ഒന്നും ഇല്ലാതെ ചുമ്മാ ഒപ്പിട്ടു വച്ചിരിക്കുന്നു..ഇനി ഇത് പാസാക്കുന്നത് എങ്ങനെ. ഇതിപ്പോ ഒരു പതിവായല്ലോ.”

പെട്ടെന്ന് വാതിൽ തുറന്നു അവർ മുൻപിൽ എത്തി.

“നോക്കൂ, ശ്രീലക്ക് വയ്യെങ്കിൽ വീട്ടിൽ പോകാം. അല്ലാതെ ഇവിടെ വന്ന് നേരെ ചൊവ്വേ പണിയെടുക്കാതെ..ശരിയാവില്ല.”

അവർ പറയുന്നതൊക്കെ കേട്ട് നിന്നു..പ്രത്യേകിച്ചൊന്നും തോന്നിയില്ല. അല്ലെങ്കിൽ തന്നെ എന്ത് തോന്നാനാണ്. തോന്നിയത് ചെയ്യുന്നു. ഒന്നും വെളിവിൽ വരുന്നില്ല.

അവർ പിന്നെയും ചീത്ത പറയുകയും ഫയൽ മേശപ്പുറത്തു വലിച്ചെറിയുകയും ചെയ്തു.

അതു ശ്രദ്ധിക്കാതെ എഴുന്നേറ്റു ബാഗും കുടയും എടുത്തു. ഹാഫ് ഡെ ലീവും എഴുതി വച്ച്, മെല്ലെ കോണിപ്പടികൾ ഇറങ്ങി.

തല ഭാരമില്ലാതായതുപോലെ. കൈവരിയിൽ പിടിച്ചില്ലെങ്കിൽ പറന്നു പോകുമോ..എന്നു പോലും തോന്നി..

ഒരു ഓട്ടോ പിടിച്ചു നേരെ കടപ്പുറത്തേക്ക് പോയി. ഇപ്പൊൾ വീട്ടിൽ ചെന്നാൽ നൂറു നൂറു കാരണം ചേട്ടത്തിയമ്മയോട് പറയേണ്ടി വരും. പ്രാക്ക് വേറെയും..

നല്ല വെയിൽ..മണൽ ചുട്ടു പഴുത്തിരിക്കുന്നു.. കുറെ മുന്നോട്ട് നടന്നാൽ ഒരു കടയുണ്ട്. ഷീറ്റ് വച്ചു കെട്ടിയത്. അങ്ങോട്ട് നടന്നു. ഉച്ച നേരം ആയതിനാൽ കടയിൽ ആരുമില്ല. ഒരു സ്ത്രീയുടെ കടയാണ്.

“ചേച്ചി ഞാൻ ഇവിടെ ഇരുന്നോട്ടെ.”

ആ, അതിനെന്താ..തമിഴ് കലർന്ന ഭാഷയിൽ അവർ സമ്മതിച്ചു.

ഒന്നുറങ്ങണം, വീഴാൻ പോകും പോലെ. രണ്ടു പട്ടകീറുകൾ കുത്തി വച്ച തണലിൽ അരികത്തു താഴെ ഇരുന്നു.

നല്ലതു പോലെ ഉറക്കം വരുന്നുണ്ട് എങ്കിലും ചിന്തകൾ ബോധ മണ്ഡലത്തെ കുത്തി കീറാൻ തുടങ്ങിയിരിക്കുന്നു. ഗുളികയുടെ ഇഫക്ട് വിട്ടുവോ..?

ഇതുപോലെ ഒരിക്കൽ ഈ കടൽതീരത്ത് വച്ചാണ് മടിയിൽ തല വച്ച് അവൻ ചോദിച്ചത്.

“അമ്മേ ഞാൻ ടാറ്റൂ ചെയ്തോട്ടെ.?ചെറുത്….കുഞ്ഞ്….എൻറമ്മയല്ലെ സമ്മതിക്കുമോ എല്ലാരും ചെയ്യുന്നുണ്ടല്ലോ..”

അവൻ്റെ ചോദ്യവും..ന്യായങ്ങളും..ബോധ്യപ്പെടുത്തലുകളും ഒക്കെ കൂടിയായപ്പോൾ..വേണ്ട എന്ന് പറയാൻ തോന്നിയില്ല…

ആ ചെയ്തോളൂ. വൃത്തികേട് ആക്കരുത് കേട്ടോ..

“ഇല്ല മൂന്നക്ഷരം മാത്രം ചെറുതായി.”

“ആഹാ, എന്താ അത്..? 

“Mom…..”

യ്യോ..അതോ

“ഉം അതെ ഏറ്റവും ഇഷ്ടമുള്ളതല്ലേ ചെയ്യുക.”

അന്നേരം നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു..

ഏയ്..വേണ്ടെടാ, നീ വലിയ ചെക്കനായി..അമ്മയോട് ദേഷ്യം തോന്നിയാൽ..ആ നേരത്ത് കയ്യിൽ ഇത് കണ്ടാൽ..നിൻ്റെ കയ്യിനെ വേദനിപ്പിക്കാൻ തോന്നിയാലോ…!!

“അമ്മേ….അവൻ എഴുന്നേറ്റു..ഇതെൻ്റെ കയ്യിൽ നിന്നും പോകില്ല.”

കുറച്ചു ദിവസങ്ങൾക്ക് ശേഷം ഒരു വൈകുന്നേരം അവൻ പതുങ്ങിവന്നു കയ്യ് കാണിച്ചു…വെളുത്ത കയ്യിൽ കറുത്തു മെലിഞ്ഞ അക്ഷരങ്ങൾ..mom അരുകിൽ രണ്ടു കുഞ്ഞു പൂമ്പാറ്റകളും..

ഓർത്തപ്പോൾ കണ്ണുനീർ ധാരയായി ഒഴുകി..അങ്ങിനെ ഉറങ്ങി പോയി.

കണ്ണ് തുറക്കുമ്പോൾ കടപ്പുറം മുഴുവനും ജനങ്ങളാണ്. ഒറ്റക്കും കൂട്ടമായും..സൂര്യൻ കടലിൽ മുങ്ങിയെങ്കിലും പരപ്പിൽ സ്വർണ തരികൾ വിതറീകിടക്കുന്നുണ്ട്.

കടയിൽ നിന്നും ഒരു സർവ്വത്ത് വാങ്ങി കുടിച്ച് ആ സ്ത്രീയോട് നന്ദിയും പറഞ്ഞു ഇറങ്ങി…

വീട്ടിൽ എത്തുമ്പോൾ ഇരുട്ടിയിരുന്നു.

“ഈ തോന്നിയ പോലുള്ള നടത്തം ഇവിടെ പറ്റില്ല. കണ്ണിൽ കണ്ട ഗുളികയും കഴിച്ചു, കിറുങ്ങി നടക്കൽ. ഒരു പേടിയോക്കെ വേണ്ടേ” ചേടത്തിയമ്മ കയറു പൊട്ടിക്കാൻ തുടങ്ങി.

ഒന്നും മിണ്ടാതെ അകത്തു കേറാൻ തുടങ്ങിയപ്പോൾ ഏട്ടൻ ചോദിച്ചു. “ശ്രീലേ നീ എവിടെ ആയിരുന്നു ഇത് വരെ….”

“ഞാൻ ഞാൻ……”

“മ്മ്മം…” ഏട്ടൻ ഒന്നിരുത്തി മൂളി

“നിങ്ങളാണിവളെ നാശാക്കുന്നത്”.

ചേടത്തിയമ്മ വിടുന്നില്ല. “മക്കളൊക്കെ എല്ലാർക്കും ഉണ്ട്. ഇതു പോലെ കുരുത്തംകെട്ട ഒന്നിനെ കണ്ടിട്ടില്ല..അതും പറഞ്ഞു തള്ളയിതാ വേറെ ഒരു വഴിയെ”

“നീയൊന്നു മിണ്ടാതിരിക്കുന്നുണ്ടോ” ചേട്ടൻ ശബ്ദമുയർത്തി.

തലയിണയിൽ മുഖമമർത്തി കിടന്നു. ഏത് ജന്മപാപം ആണാവോ, ഇത്രയൊക്കെ അനുഭവിക്കാൻ….

ബംഗളൂരുവിൽ പഠിക്കാൻ പോയതിൽ പിന്നെയാണ് അവൻ മാറി തുടങ്ങിയത്. തൻ്റെ സാരിത്തുമ്പിൽ നിന്നും വിട്ടു നടക്കാത്ത കുട്ടി. അച്ഛനില്ലാത്ത കുറവ് വരുത്താതെ കൊണ്ട് നടന്നതാ. ആദ്യമൊക്കെ അവന്റെ കൂട്ടുകാർ വന്നു പറഞ്ഞപ്പോൾ വിശ്വസിച്ചില്ല. അവൻ നശിച്ചു തുടങ്ങി എന്ന്…

ഫോൺ വിളികൾ താരതമ്യേന കുറഞ്ഞ് വന്നപ്പോൾ പഠിക്കാൻ ഉണ്ടായിരിക്കും  എന്നോർത്തു. അങ്ങോട്ട് വിളിച്ചാൽ കൂടി എടുക്കൽ കുറഞ്ഞപ്പോഴാണ് പേടി ആയത്..

“ശല്യപ്പെടുത്താതിരിക്കുമോ ഒന്ന്. എന്തിനാ എപ്പോഴും ഇങ്ങനെ വിളിക്കുന്നത്. നിങ്ങൾക്കിതെന്തിൻ്റെ കേടാണ്..” ഭാഷകൾ മാറിമാറി വന്നു.

വാടക പങ്കിടാൻ റൂമിൽ ഒപ്പം ഒരു പെൺകുട്ടി ആണെന്നറിഞ്ഞപ്പോൾ… “നിങ്ങൾക്ക് വേറെ പണിയൊന്നും ഇല്ലെ.? ഇവിടെ ഇങ്ങനൊക്കെ ആണ്..അങ്ങിനെ പറഞ്ഞ് ഫോൺ കട്ട് ചെയ്തു.

കൈവിട്ടു പോകുന്നു എന്നറിഞ്ഞപ്പോൾ വല്ലാത്ത വേവലാതി. നിശാ പ ബ്ബുകളും ഡാൻസും സ്റ്റാറ്റസുകളായി കൂട്ടുകാർക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ചേട്ടനെ കൂട്ടി അവിടം വരെ പോയതാണ്. പക്ഷേ ആളെ കണ്ട്  കിട്ടിയില്ല…എവിടേക്കോ അകന്നു മാറി..

കുറെ നാളുകൾക്കു ശേഷം അവൻ വിളിച്ചപ്പോൾ എല്ലാം മാറി എന്നോർത്തതാണ്. പക്ഷേ അവനു വേണ്ടത് പണമാണ്..

“എനിക്ക് കുറച്ചു പണം വേണം. ഒരു അൻപതിനായിരം..”

“അൻപതിനായിരമോ എന്തിന്..എൻ്റെ കയ്യിൽ അത്രക്ക് ഇല്ലല്ലോ മോനെ..”

അതൊന്നും പറഞ്ഞാൽ പറ്റില്ല. നിങ്ങൾടെ ആങ്ങളയോട് ആ സ്വത്ത് ഭാഗം വെക്കാൻ പറ…

“ശ്രീജിത്ത്…” അലറുകയായിരുന്നു. ഇതിനെ കുറിച്ചൊക്കെ ചോദിക്കാറായോ നീ.”

“പിന്നെ അതാർക്കാണ് സൂക്ഷിച്ചു വച്ചിരിക്കുന്നു..? എനിക്ക് പണം വേണം.”

കേട്ടു നിന്ന ചേട്ടൻ കയ്യിൽനിന്നും ഫോൺ വാങ്ങി..

“അങ്ങനെ നിനക്ക് അടിച്ചുപൊളിക്കാൻ ഇത് ഭാഗിക്കാൻ എനിക്ക് സൗകര്യമില്ല..” ഏട്ടൻ ഫോൺ ബെഡിലേക്ക് വലിച്ചെറിഞ്ഞു.

കഴിഞ്ഞു, അവിടം കൊണ്ട്..മഹത്തായ ഒരു ബന്ധം..അവനായിട്ടു തന്നെ  മുറിച്ചു മാറ്റി. കുഞ്ഞിലെ അച്ഛൻ മരിച്ചുപോയ അവനെ, അച്ഛന്റെ സ്ഥാനത്തു നിന്നു വളർത്തിയ ചേട്ടൻ ഇപ്പോൾ അവനു ആരുമല്ലാതായി..

എല്ലാവരെയും ബ്ളോക്ക് ചെയ്തു  കാണും. അങ്ങോട്ടും ഇങ്ങോട്ടും യാതൊരു കമ്മ്യൂണിക്കേഷനും ഇല്ലാതെ…

പിടിച്ചു നിൽകാൻ കഴിയുന്നില്ല. ഉറക്ക ഗുളികകളെ കൂട്ടു പിടിച്ചത് അന്ന് മുതലാണ്. എല്ലായിടത്തും അവനെക്കുറിച്ച് പറയുന്നത് കേൾക്കാൻ കഴിയാതായി. ജോലി സ്ഥലത്തും, വീട്ടിലും, ചുറ്റുവട്ടത്തും

അതിനിടയിൽ കൂടെയുള്ള പെൺകുട്ടിയുമായി തല്ലിപിരിഞ്ഞെന്നും വേറെ ഏതോ പെണ്ണിനെ കൊണ്ട് നടക്കുന്നു എന്നും കേട്ടു.

ഇതെല്ലാം കേട്ട് ഒരമ്മക്ക് എങ്ങനെ നോർമലാവൻ പറ്റും. ആർക്കു വേണ്ടിയാണ് എല്ലാം സഹികുന്നത്. കൂടെ ഉള്ളവർക്ക് പോലും സമാധാനം കൊടുക്കാതെ…ദൈവമേ…എന്തൊരു വിധിയാണ്..

ഒരു ഗുളിക കൂടി കഴിച്ചു, ബെഡ്ഡിൽ ചുരുണ്ട് കൂടി.

പിറ്റേന്ന് ജോലിക്ക് പോയില്ല. ചേടത്തിയമ്മയുടെ പ്രാക്കു കേട്ട് അകത്തിരിക്കാനും വയ്യ. കടൽ തീരത്ത് പോയിരിക്കാം..കുറെ നേരം…ഉച്ച കഴിഞ്ഞപ്പോൾ മെല്ലെ എഴുന്നേറ്റു കടപ്പുറത്തേക്ക് ചെന്നു.

ആളുകൾ വരാൻ തുടങ്ങിയ നേരമാണ്….ഒഴിഞ്ഞ ഒരു ഭാഗത്ത് ചെന്നിരുന്നു വെറുതെ ഫോണെടുത്തു നോക്കി ഒരുപാട് കോളുകൾ, മെസ്സേജുകൾ..ചുമ്മാ നീക്കി നോക്കുന്നതിനിടെ കണ്ടു, ഒരു കല്യാണ ഫോട്ടോ…ആരോ ഇട്ടുതന്നതാണ്. ശ്രീജിത്തിൻ്റെ….താനറിയതെ തൻ്റെ മകൻ്റെ കല്യാണം…

വെറുതെ നോക്കി കുറെ കരഞ്ഞു.

പരസ്പരം കൈപിടിച്ച് നിൽക്കുന്ന ദമ്പതികൾ…പക്ഷേ എവിടെ ആ ടാറ്റൂ….അത് കാണുന്നില്ലല്ലോ. സൂം ചെയ്തു നോക്കി. ഇല്ല…കാണുന്നില്ല…പൊള്ളി വീർത്തപോലെ ഒരു ചുവന്ന നിറം. അതു മായ്ച്ചിരിയ്ക്കുന്നു. ഏതോ കെമിക്കൽ കൊണ്ടാകാം…അപ്പോൾ അവനു നൊന്തു കാണും..പൊള്ളിക്കാണും.

അതോർത്തപ്പോൾ ശ്രീലക്കു സങ്കടം സഹിക്കാനായില്ല….തൻ്റെ മകൻ തന്നെ തുടച്ചു നീക്കിയിരുന്നു. താനും അവനും രണ്ടു പൂമ്പാറ്റകളായി സംരക്ഷിച്ചിരുന്ന ആ ഒരു സ്നേഹമുദ്ര പോയ്പോയി എന്നന്നേക്കുമായി. അതു തുടച്ചു നീക്കിയ ദ്രാവകത്തിന്റെ പൊള്ളൽ അവളുടെ ദേഹത്ത് ആളി പടർന്നു. ഉച്ചിമുതൽ കാലു വരെ ആർത്തിരമ്പുന്ന പൊള്ളൽ. പ്രജ്ഞ നശിക്കും പോലെ തോന്നി. അവളെഴുന്നെറ്റു ചെന്ന് കാലടികൾ തിരകൾ കൊണ്ട് നനച്ചു..നനയുംതോറും മുകളിലേക്ക് കത്തിപടരുന്ന ചൂട്. മുട്ടോളം എത്തിയപ്പോൾ അതിനു മുകളിൽ, അരക്കൊപ്പമായപ്പോൾ അതിനു മുകളിൽ, കഴുത്തൊപ്പമായപ്പോൾ നെറുകയിൽ…ഒടുവിൽ ഉള്ളിലെ തീ കെടുത്താൻ അവൾ  കൂടുതൽ ആഴങ്ങളിലേക്ക് ഇറങ്ങി പോയി…