ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ നല്ലൊരു സ്കൂളിൽ ചേർക്കണമെന്ന്…

എഴുത്ത്: അനില്‍ മാത്യു

================

ഏഴ് വർഷത്തെ ജയിൽ വാസം കഴിഞ്ഞ് രാഘവൻ ഇന്ന് ഇറങ്ങുകയാണ്.  ചെയ്ത കുറ്റത്തിന്റെ സ്വഭാവവും ജയിലിലെ നല്ല നടപ്പും കണക്കിലെടുത്ത് ശിക്ഷ ഏഴു വർഷമായി കുറച്ചു കിട്ടി.

സെൻട്രൽ ജയിലിന്റെ വാതിൽ ഒരു ചെറിയ ശബ്ദത്തോടെ തുറന്നു. ആ വാതിലിലൂടെ രാഘവൻ പുറത്തിറങ്ങി ചുറ്റുമൊന്നു നോക്കി.

രാഘവാ…

ശബ്ദം കേട്ട ഭാഗത്തേക്ക്‌ രാഘവൻ നോക്കി. ശ്രീധരനാണ്. തന്റെ അയൽവാസിയും ആത്മാർത്ഥ സുഹൃത്തും. കൂടെ അയാളുടെ മകൻ ഗോപനും ഉണ്ട്. ജന്മനാ ഒരു കാലിന് സ്വാധീനം ഇല്ല ഗോപന്.

അയാൾ ഓടിവന്ന് രാഘവന്റെ കയ്യിൽ പിടിച്ചു.

എന്റെ മോളെന്തിയെ ശ്രീധരാ?

അവള് വരുന്നില്ല എന്ന് പറഞ്ഞു. അച്ഛനെ വീട്ടിൽ വന്നിട്ട് കണ്ടോളാം എന്ന്. ശ്രീധരൻ ചിരിച്ചു.

അവർ ഒരു ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയി. ശ്രീധരന്റെ വീടിന് മുമ്പിൽ ഓട്ടോ നിന്നു.

മൂന്നുപേരും ഓട്ടോയിൽ നിന്നിറങ്ങി ശ്രീധരനെ വരവും കാത്ത് ആളുകൾ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവരുടെ മനസ്സിൽ ഇപ്പോഴും അയാൾ ഒരു കൊലയാളി ആയിരുന്നു. എന്നാൽ അയാൾ അവരെ ആരെയും ശ്രദ്ധിച്ചില്ല. അവർ വീട്ടിലേക്ക് നടന്നു. ശ്രീധരന്റെ  വീട്ടിലേക്കാണ് അവർ പോയത്.

മോളേ ലക്ഷ്മി, ദേ  നിന്റെ അച്ഛൻ വന്നു. ശ്രീധരൻ അകത്തേക്ക് നോക്കി വിളിച്ചു.

പെട്ടെന്ന് മുറിയിൽ നിന്ന് ഓടിയിറങ്ങി ലക്ഷ്മി വന്നു. അച്ഛനെ കണ്ട് അവൾ ഒരു നിമിഷം നിന്നു. ഓടിവന്ന് അയാളുടെ നെഞ്ചിൽ മുഖം ചേർത്ത്  അവൾ കരഞ്ഞു.

എന്റെ മോൾ എന്തിനാ വിഷമിക്കുന്നത്? ഇനി അച്ഛൻ ഉണ്ട് കൂടെ. അയാൾ അവളെ ആശ്വസിപ്പിച്ചു.

ആഹാ അച്ഛനും മോളും കൂടെ വെളിയിൽ നിൽക്കുകയാണോ? വല്ലതും കഴിച്ചിട്ട് മതി ഇനി സംസാരം. ശ്രീധരൻറെ ഭാര്യ ഗിരിജയാണ്.

അവർ എല്ലാവരും കൂടിയാണ് ഭക്ഷണം കഴിച്ചത്. ഭക്ഷണത്തിനുശേഷം ശ്രീധരൻ പറഞ്ഞു, രാഘവാ വീട് എല്ലാം ഞാൻ വൃത്തിയാക്കിയിട്ടുണ്ട്. വൈകിട്ട് നീയും മോളും കൂടെ അങ്ങോട്ട് പൊയ്ക്കൊള്ളൂ.

ഉം…രാഘവൻ മൂളി.

വൈകിട്ട് ലക്ഷ്മിയുടെ തുണിയും മറ്റ് സാധനങ്ങളും എടുത്തുകൊണ്ട് അവർ അങ്ങോട്ട് പോയി. രാത്രി വളരെ വൈകിയാണ് ശ്രീധരനും ഭാര്യയും മകനും കൂടി അവിടെ നിന്ന് പോകുന്നത്.

രാഘവ ഇനി ഒന്നും ആലോചിച്ച് വിഷമിക്കേണ്ട. കിടന്നോളൂ..നാളെ നമുക്ക് ജോലിയുടെ കാര്യം അന്വേഷിക്കാം. പറഞ്ഞിട്ട് ശ്രീധരൻ നടന്നു.

അവർ പോയപ്പോൾ അയാൾ ലക്ഷ്മിയോട് ചോദിച്ചു. മോളെ നിനക്ക് അച്ഛനോട് ദേഷ്യം ഉണ്ടോ?

ഇല്ല അച്ഛാ, അവളുടെ കണ്ണുകൾ നിറഞ്ഞു. അച്ഛനെ ഞാൻ ഒരുപാട് വിഷമിപ്പിച്ചിട്ടുണ്ട്. എല്ലാത്തിനും മാപ്പ്.

അതൊന്നും കുഴപ്പമില്ല. നീ പോയി കിടന്നോളൂ. അയാൾ പറഞ്ഞു.

ലക്ഷ്മി കിടക്കാൻ വേണ്ടി പോയി. രാഘവനും കിടന്നു പക്ഷേ അയാൾക്ക് ഉറക്കം വന്നില്ല.

തന്റെ മകൾ വളർന്നിരിക്കുന്നു. ഇനി അവളെ ആരുടെയെങ്കിലും കയ്യിൽ ഏൽപ്പിക്കണം. പക്ഷേ…

എല്ലാം അറിഞ്ഞുകൊണ്ട് ഒരാൾ അവളെ സ്വീകരിക്കാൻ തയ്യാറാവുമോ? അയാളുടെ മനസ്സിൽ വേവലാതിയായി.

അവിടെ കിടന്നു കൊണ്ട് അയാൾ ഏഴുവർഷം മുമ്പുള്ള ആ നശിച്ച ദിവസത്തെ ഓർത്തു.

***************

ഇനി അച്ഛൻ എന്റെ സ്കൂളിൽ വരരുത്. വൈകീട്ട് സ്കൂളിൽ നിന്ന് വന്ന ലക്ഷ്മി ബാഗ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞിട്ട് പറഞ്ഞു.

എന്താ മോളെ എന്തുപറ്റി? അയാൾ ചോദിച്ചു.

എന്റെ ഫ്രണ്ട്സിന്റെ  പേരൻസ് എല്ലാം കാറിൽ ആണ് അവിടെ വരുന്നത്. നല്ല വൃത്തിയായിട്ട് ഒക്കെയാണ് വരുന്നത്. അവരുടെ ഇടയിലേക്ക് അച്ഛൻ സൈക്കിളിൽ വരുമ്പോൾ എനിക്ക് നാണക്കേടാണ്. ഒന്ന് വൃത്തിയായിട്ട് വരാൻ പോലും അച്ഛന്  അറിയില്ല.

അയാളുടെ മനസ്സൊന്നു നീറി..കേബിളിന് കുഴിയെടുക്കുന്ന ജോലി ചില സമയത്ത് അവളുടെ സ്കൂളിനടുത്ത് ആയിരിക്കും. ശരിയാണ് ചിലപ്പോൾ മോളെ കാണണമെന്ന് അതിയായ ആഗ്രഹം തോന്നുമ്പോൾ സൈക്കിൾ എടുത്ത് അവിടെ വരെ പോകാറുണ്ട്. തലയിലും ദേഹത്തും മണ്ണും ചെളിയും ആയിരിക്കും. താൻ അതൊന്നും ശ്രദ്ധിച്ചിട്ടില്ല. ഒരുപക്ഷേ അത് അവൾക്ക് നാണക്കേട് ഉണ്ടായിരിക്കാം.

ഇല്ല മോളെ അച്ഛൻ  ഇനിയൊരിക്കലും അങ്ങോട്ട് വരില്ല.

ഇങ്ങനെ പറയും നാളെ ഉച്ചകഴിയുമ്പോൾ അച്ഛൻ വീണ്ടും വരും. ഇനി അച്ഛൻ വന്നാൽ ഞാൻ സ്കൂളിൽ പോകില്ല നോക്കിക്കോ. അതും പറഞ്ഞു  അവൾ ബാഗ്  എടുത്തു കൊണ്ട് ട്യൂഷന് പോയി.

അവൾ പോയതിനു ശേഷം അയാൾ  ചിന്തിച്ചു..ഭാര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകളെ നല്ലൊരു സ്കൂളിൽ ചേർക്കണമെന്ന്. അവൾക്ക് മൂന്ന് വയസ്സുള്ളപ്പോഴാണ് ഭാര്യ മരിച്ചത്. അന്നുമുതൽ ഇന്നുവരെ അവൾക്ക് ഒരു കുറവും വരുത്തിയിട്ടില്ല. അവളുടെ എല്ലാ ആഗ്രഹവും സാധിച്ചു കൊടുത്തിട്ടുണ്ട്. ഇപ്പോൾ അവൾ പ്ലസ്ടുവിന് ആണ് പഠിക്കുന്നത്. അവർക്ക് തെറ്റും ശരിയും തിരിച്ചറിയാൻ ഉള്ള പ്രായം ആയി. അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

അയാൾ ഭിത്തിയിൽ മാലയിട്ട് തൂക്കിയിരിക്കുന്ന ഭാര്യയുടെ ഫോട്ടോയിലേക്ക് നോക്കി..എന്തിനാ നീ ഞങ്ങളെ വിട്ടു പോയത്? നമ്മുടെ മോൾ വളർന്നു..അവൾ വലിയ ആളായി..അയാളുടെ കണ്ണുകൾ നിറഞ്ഞു. ഓരോന്നോർത്ത് അവിടെയിരുന്ന് അയാളുടെ കണ്ണുകൾ ചെറുതായി ഒന്ന് അടഞ്ഞു.

എപ്പോഴോ അയാൾ ഉണർന്നു. പുറത്തെങ്ങും ഇരുട്ടായിരിക്കുന്നു.

മോളെ ലക്ഷ്മി, അയാൾ വിളിച്ചു. അകത്തുനിന്ന് ശബ്ദം ഒന്നും കേൾക്കുന്നില്ല.

അയാൾ എഴുന്നേറ്റ് അകത്തേക്ക് ചെന്നു. അകത്തെ മുറിയിലും  അവൾ ഉണ്ടായിരുന്നില്ല. അയാളുടെ മനസ്സിൽ ഒരു ആന്തലുണ്ടായി. സമയം എട്ടു മണി ആയിരിക്കുന്നു. അവൾ വരേണ്ട സമയം കഴിഞ്ഞല്ലോ?

അയാൾ ഇറങ്ങി ശ്രീധരന്റെ വീട്ടിലേക്ക് നടന്നു.

രാഘവൻ അങ്ങോട്ട് ധൃതിയിൽ വരുന്നത് കണ്ടു ശ്രീധരൻ ചോദിച്ചു..എന്താ രാഘവാ എന്തുപറ്റി?

എടാ മോൾ ഇങ്ങോട്ട് വന്നോ?

ഇല്ലല്ലോ അവൾ എവിടെ  പോയി?

അവൾ ട്യൂഷന് പോയതാ ഇതുവരെ വന്നില്ല..സാധാരണ 7 മണിക്ക് മുമ്പ് വരേണ്ടതാണ്..ഇത്രയും നേരമായിട്ടും കണ്ടില്ല. അയാളുടെ ശബ്ദം ചെറുതായി.

നീ വിഷമിക്കേണ്ട നമുക്ക് അന്വേഷിക്കാം ശ്രീധരൻ  പറഞ്ഞു.

ഗിരിജേ,  ടോർച്ച് ഇങ് എടുത്തോ..ശ്രീധരൻ അകത്തേക്ക് നോക്കി പറഞ്ഞു. ഗിരിജ ടോർച്ചെടുത്ത് കൊണ്ട് കൊടുത്തു.

ഞാനൂടെ വരാം അവർ ഇറങ്ങിയപ്പോൾ ഗോപൻ പറഞ്ഞു. അവർ മൂന്നു പേരും കൂടി ട്യൂഷൻ ക്ലാസിലേക്ക് പോയി. ഇതിനിടയിൽ സംഭവമറിഞ്ഞ് നാട്ടുകാരിൽ ചിലർ അവരുടെ കൂടെ കൂടി.

അവർ ബാലൻമാഷിന്റെ  വീട്ടിലെത്തി.

മാഷേ..മാഷേ ശ്രീധരൻ ഉറക്കെ വിളിച്ചു.

ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ വാതിൽ തുറന്നു ബാലൻമാഷ് പുറത്തേക്ക് വന്നു. ഒരു നാല്പത് നാല്പത്തഞ്ച് വയസ്സ് വരും ബാലൻമാഷിന്. ടൗണിൽ ഒരു പാരലൽ കോളേജ് നടത്തുകയാണ് അയാൾ. വടക്ക് എവിടെയോ ആണ് വീട്. ഇവിടെ വന്ന് ഒരു വീട് വാടകയ്ക്കെടുത്തു താമസിക്കുകയാണ് അയാൾ. ഭാര്യ മരിച്ചുപോയെന്ന് അയാൾ പറഞ്ഞിരുന്നത്. ലക്ഷ്മി ഉൾപ്പെടെ നാലഞ്ചു കുട്ടികൾക്ക് ട്യൂഷൻ എടുക്കുന്നുണ്ട് അയാൾ.

ആഹാ എല്ലാരും കൂടി എന്താ ഇങ്ങോട്ട്? പുറത്തിറങ്ങിയ ബാലൻ മാഷ് ചോദിച്ചു.

മാഷേ ലക്ഷ്മി ഇതുവരെ വന്നില്ല. രാഘവൻ പറഞ്ഞു.

അയ്യോ അവളെ ഞാൻ നേരത്തെ വിട്ടല്ലോ. ഇന്ന് അവൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ട് സന്ധ്യയാകുന്നതിനു മുമ്പ് പൊക്കോളാൻ  ഞാൻ പറഞ്ഞായിരുന്നു. അയാൾ പറഞ്ഞു.

ഇല്ല മാഷേ അവൾ വീട്ടിൽ എത്തിയിട്ടില്ല എവിടെപ്പോയെന്ന്  ഒരു വിവരവുമില്ല. ശരി മാഷേ എങ്കിൽ  ഞങ്ങൾ ഒന്ന് തപ്പട്ടെ. അവർ തിരിഞ്ഞു നടന്നു.

അച്ഛാ ഒന്ന് നിന്നെ, ഗോപനാണ്.

എന്താടാ?  ശ്രീധരൻ ചോദിച്ചു.

അച്ഛാ അകത്ത് ടേബിളിൽ ലക്ഷ്മിയുടെ ബാഗ് ഇരിക്കുന്നു.

അത് കേട്ടതും രാഘവനും ശ്രീധരനും ഒറ്റ പാച്ചിലിന്  മുറിക്കുള്ളിലേക്ക് കയറി.

ശരിയാണ് ലക്ഷ്മിയുടെ ബാഗ് തന്നെയാണ്.

രാഘവൻ അടഞ്ഞു കിടന്ന മുറി ചവിട്ടി തുറന്നു. അവിടെ കണ്ട കാഴ്ച അയാളെ ഞെട്ടിച്ചു. മുറിയുടെ ഒരു മൂലയ്ക്ക് കീറിയ വസ്ത്രങ്ങൾ ചുറ്റിപ്പിടിച്ച് മുഖം പൊത്തി കുനിഞ്ഞിരിക്കുന്ന തന്റെ മകൾ. അയാൾ ചുറ്റും ഒന്ന് നോക്കി. ബെഡിൽ കണ്ട ചോരപ്പാടുകൾ അയാളെ ഭ്രാ ന്തനാക്കി.

മോളേ…അലറിക്കൊണ്ട് അയാൾ ഓടിച്ചെന്ന് അവളെ കോരിയെടുത്തു.

ശബ്ദംകേട്ട് ശ്രീധരനും ബാക്കിയുള്ളവരും അങ്ങോട്ട് ഓടിയെത്തി.

ശ്രീധരാ ആ നാ യിന്റെ മോനെ വിടരുത്. രാഘവൻ അലറി. നിയന്ത്രണം നഷ്ടപ്പെട്ട അയാൾ ചാടിയെണീറ്റു. നേരെ അടുക്കളയിലേക്കു ഓടി. കയ്യിൽ കിട്ടിയ വെട്ടരിവാൾ എടുത്തുകൊണ്ട് അയാൾ പുറത്തേക്ക് വന്നു. ആ സമയം ബാലൻ മാഷിനെ എല്ലാവരുംകൂടി പിടിച്ചുനിർത്തിരിക്കുകയായിരുന്നു.

ആർക്കെങ്കിലും തടയാൻ കഴിയുന്നതിനുമുമ്പ് രാഘവൻ വെട്ടരിവാ ൾ ആഞ്ഞുവീശി. കഴുത്തിന് വെ ട്ടുകൊണ്ട് അയാൾ പിടഞ്ഞ് താഴെ വീണു. പക അടങ്ങാതെ രാഘവൻ വീണ്ടും വീണ്ടും അയാളെ വെട്ടി. ഇത് കണ്ട് ആളുകൾ പുറകോട്ട് മാറി. അപ്പോഴേക്കും ശ്രീധരൻ അകത്തുനിന്ന് ലക്ഷ്മിയെ താങ്ങി പിടിച്ചു കൊണ്ട് അങ്ങോട്ട് വന്നു. എന്താ രാഘവാ നീ കാണിച്ചത്? നീ ജയിലിൽ പോയി കഴിഞ്ഞാൽ പിന്നെ ഇവൾക്ക് ആരാ ഉള്ളത്? ശ്രീധരൻ വെട്ടുക ത്തി വാങ്ങി ദൂരെ എറിഞ്ഞു.

എനിക്കറിയില്ല..കരഞ്ഞുകൊണ്ട് രാഘവൻ താഴെ കുത്തിയിരുന്നു. ആരോ വിളിച്ച് അറിയിച്ചതനുസരിച്ചു പൊലീസെത്തി.

രാഘവനെ പോലീസ് അറസ്റ്റ് ചെയ്തു. ജീപ്പിലേക്ക് കയറുമ്പോൾ രാഘവൻ ശ്രീധരനോട് പറഞ്ഞു, എടാ എന്റെ മോളെ നോക്കിക്കോണേ.

നീ പോയിട്ട് വാ, ഞങ്ങൾ ഉണ്ടല്ലോ അവൾക്ക്.

രാഘവനെയും കൊണ്ട് ജീപ്പ് പോയി. വേഗംതന്നെ ശ്രീധരൻ ഒരു ഓട്ടോ വിളിച്ച് ലക്ഷ്മിയെ  ഹോസ്പിറ്റലിൽ എത്തിച്ചു. അന്നുമുതൽ ഇന്നുവരെ ലക്ഷ്മിയെ  നോക്കിയത് ശ്രീധരനും ഗിരിജയും ആണ്. ഒരു മോളെ പോലെ.

*************

ആഹാ എന്തൊരു ഉറക്കമാ ഇത്? ശബ്ദം കേട്ടാണ് രാഘവൻ കണ്ണ് തുറന്നത്. ശ്രീധരനാണ്.

മോളെ ലക്ഷ്മി ഇച്ചിരി കാപ്പി എടുത്തോ..രാഘവൻ അകത്തേക്ക് നോക്കി പറഞ്ഞു.

എന്താ രാഘവാ അടുത്ത പരിപാടി?

എന്തെങ്കിലും ജോലി നോക്കണം. ആ പഴയ പരിപാടി തന്നെ കിട്ടിയിരുന്നെങ്കിൽ നല്ലതായിരുന്നു.

നമുക്ക് ശ്രമിക്കാം അത് തന്നെ കിട്ടും.

എനിക്ക് ഇപ്പോ അവളുടെ ഭാവി ഓർത്തിട്ടാണ് വിഷമം ശ്രീധരാ..അവളെ  എവിടേലും കെട്ടിച്ചു വിടണം..പക്ഷേ..

എന്തു പക്ഷേ? ശ്രീധരൻ ചോദിച്ചു.

ഇനി ആരാ അവളെ കെട്ടാൻ വരുന്നത്? അവളുടെ ജീവിതം നശിച്ചില്ലേ?

ശ്രീധരൻ കുറച്ചു നേരം മിണ്ടാതിരുന്നു..എന്നിട്ട് ചോദിച്ചു. അവളെ ഞങ്ങൾക്ക് തന്നൂടെ?

രാഘവൻ ഒന്നും മനസ്സിലാവാതെ അയാളെ തുറിച്ചു നോക്കി.

എന്റെ ഗോപൻ അവളെ കെട്ടിക്കോളും..അവന് ഇഷ്ടമാ അവളെ.

രാഘവൻ വിശ്വാസം വരാതെ അയാളെ നോക്കി.

നീ വരട്ടെ എന്ന് കരുതി കാത്തിരിക്കുകയായിരുന്നു ഇതു പറയാൻ. ഇനി അവളുടെ സമ്മതം കൂടെ അറിഞ്ഞാൽ മതി.

ലക്ഷ്മി, ഇങ്ങോട്ടൊന്നു വന്നേ…ശ്രീധരൻ വിളിച്ചു.

എല്ലാം കേട്ടുകൊണ്ട് അവൾ അവിടെ നിൽപ്പുണ്ടായിരുന്നു.

അവൾ രാഘവന്റെ മുഖത്തേക്കൊന്നു നോക്കി.

നിനക്ക് സമ്മതമാണോ മോളെ?

ഉം..നാണത്തിൽ പൊതിഞ്ഞ ഒരു പുഞ്ചിരി അവളുടെ മുഖത്ത് ഉണ്ടായി.

രാഘവൻ ശ്രീധരനെ കെട്ടിപ്പിടിച്ചു. ഏതാപത്തിലും കൂടെയുള്ളവനാണ് യഥാർത്ഥ സുഹൃത്ത്. എങ്ങനെ നന്ദി പറയണം എന്ന് എനിക്ക് അറിയില്ല. കുറച്ചുനേരം കൂടി അവർ കളിതമാശകൾ പറഞ്ഞ് അവിടെ ഇരുന്നു.

നാളെ ഗോപന്റെയും ലക്ഷ്മിയും കല്യാണമാണ്..അതിന്റെ തിരക്കിലാണ് ശ്രീധരനും രാഘവനും.

വിധി തളർത്തിയ ജീവിതത്തെ ഒന്നാക്കി സന്തോഷത്തോടെ ഗോപനും ലക്ഷ്മിയും പുതുജീവിതത്തിലേക്ക് കടന്നു.

~Anil Mathew Kadumbisseril