ഞാൻ പലവട്ടം മുന്നെ പറഞ്ഞതല്ലേ ഏട്ടനോട് അവിടെ ഒഫീസിനടുത്ത് ഒരു ചെറിയ വീടു നോക്കാൻ…

തിരിച്ചുവരവ്

Story written by Raju Pk

=============

“രാധികേ…”

“ദാ വരുന്നു ഗോപേട്ടാ..ഈ പാത്രങ്ങൾ ഒന്ന് കഴുകി വച്ചോട്ടെ”

“താൻ മാറ്, ഞാൻ കഴുകി വയ്ക്കാം”

“അത് വേണ്ട ഇതിപ്പോൾ കഴിയും മോനിവിടെ ഇരിക്ക്.”

“ഈ യാത്രാ ക്ഷീണം ശരീരത്തെ വല്ലാതെ അലട്ടുന്നു.”

“ഞാൻ പലവട്ടം മുന്നെ പറഞ്ഞതല്ലേ ഏട്ടനോട് അവിടെ ഒഫീസിനടുത്ത് ഒരു ചെറിയ വീടു നോക്കാൻ.”

“അത് എനിക്ക് തനിച്ച് ശരിയാവില്ലെന്ന് അറിഞ്ഞുകൂടെ നിനക്ക് എന്ന് പറഞ്ഞതും പിന്നിൽ നിന്നു കൊണ്ട് അവളെ എന്നോട് ചേർത്ത് പിടിച്ചു.”

“വിട് ആകെ വിയർത്ത് കുളിച്ച് നിൽക്കുവാ ഞാൻ ഇപ്പോൾ ഓടി വരാം” എന്ന് പറഞ്ഞ് തോർത്തുമായി അവൾ കുളിമുറിയിലേക്ക് കയറുമ്പോൾ ഭിത്തിയിലെ ക്ലോക്കിൽ മണി പതിനൊന്നടിച്ചു.

ഇരുപത്തിഏഴുവർഷങ്ങൾ എത്ര പെട്ടന്നാണ് കടന്ന് പോയത്. വിവാഹ ശേഷം പഠിപ്പിക്കണം എന്ന് മാത്രം ആവശ്യപ്പെട്ടവളെ ആഗ്രഹം പോലെ പഠിപ്പിച്ചു, കുറെക്കാലം ജോലിയും ചെയ്തു പല നല്ല കമ്പനികളിലും അവസരങ്ങൾ ലഭിച്ചിട്ടും മകൻ്റെ നല്ല ഭാവിയെക്കരുതി ഒരു പാട് നിർബന്ധിച്ചിട്ടും പല നല്ല ജോലികളും വേണ്ടന്ന് വച്ചു. എന്നിട്ടോ വിവാഹം കഴിഞ്ഞപ്പോൾ അമ്മയിപ്പോൾ അവരുടെ സ്റ്റാറ്റസിന് ചേരത്തില്ലെന്ന്…വീട്ടിലിരുന്ന് മൂന്ന് നേരവും വെച്ച് വിളമ്പാനല്ലാതെ അമ്മക്ക് എന്തറിയാമെന്ന് മരുമകൾ മുഖത്ത് നോക്കി ചോദിച്ചപ്പോൾ ഒരക്ഷരം പോലും മിണ്ടാതെ മകൻ അകത്തേക്ക് നടന്ന് പോയതാണ് അവളെ ഏറെ വേദനിപ്പിച്ചത്. അവർ ചിന്തിക്കുന്നില്ലല്ലോ അമ്മ ആഗ്രഹങ്ങൾ പലതും വേണ്ടെന്ന് വച്ചത് അവരുടെ നല്ല ഭാവിക്ക് വേണ്ടിയാണെന്ന്. നെറ്റിയിൽ അമർന്ന രാധികയുടെ തണുത്ത കരങ്ങളാണ് ഓർമ്മകളിൽ നിന്നും മനസ്സിനെ തൊട്ടുണർത്തിയത്.

“ഇന്ന് വലിയ ആലോചനയിലാണല്ലോ എൻ്റെ ഏട്ടൻ..”

“നാളെ ഇവിടെ നിന്നും മാറുന്നു. നമ്മൾ വാങ്ങിയ പുതിയ വീട്ടിലേക്ക്.”

“മക്കളോടുള്ള ദേക്ഷ്യത്തിനാണോ..ഇതും നമ്മൾ വാങ്ങിയ വീടല്ലേ..എന്ന് ഞാൻ ചോദിക്കുന്നില്ല അവരും തനിയെ ജീവിച്ച് ജീവിതംപഠിക്കട്ടെ. അല്ലെങ്കിലും ഒരു വീട്ടിൽ അന്യരേപ്പോലെ എത്ര നാളെന്നു കരുതിയാ..വന്ന് വന്ന് ഒരു വേലക്കാരിയുടെ സ്ഥാനമായിരിക്കുന്നു എനിക്ക് മരുമകളുടെ മുന്നിൽ.”

“താൻ വിഷമിക്കാതെ നാളെ മുതൽ നമ്മൾ ഒരു പുതിയ ജീവിതം തുടങ്ങുകയല്ലേ..”

“ഇവിടന്ന് നമ്മൾ താമസം മാറുന്ന കാര്യം പറഞ്ഞിട്ടു പോലും ഒരു വാക്കു പോലും മിണ്ടിയില്ല നമ്മുടെ മോൻ അതോർക്കുമ്പോഴാണ്…ഏട്ടൻ പറയാറുള്ളത് ശരിയാണ് ഒരു പ്രായമാകുമ്പോൾ തള്ളക്കോഴി മക്കളെ വേദനയോടെ കൊത്തി അകറ്റുന്നത് അവർ തനിയെ ജീവിക്കാൻ പ്രാപ്തരാവാൻ വേണ്ടിയാണ്.”

“താൻ ഓർക്കുന്നില്ലേ ആദ്യമായി എൻ്റെ വിരൽത്തുമ്പിൽ തൂങ്ങിയല്ലേ നമ്മുടെ മോൻ നടക്കാൻ പഠിക്കുന്നത് പല വട്ടം വീണെങ്കിലും പതിയെ അവൻ തനിയെ നടക്കാൻ തുടങ്ങി അവൻ്റെ ചെറിയ പ്രായത്തിൽ നമ്മൾ അവനെ തോളിലേറ്റി നടന്നിരുന്നു  ഇപ്പോൾ അത് കഴിയില്ലല്ലോ അവരുടെ പ്രായം മാറുന്നതിനനുസരിച്ച് നമ്മളും അല്പം മാറുന്നു എന്നു കരുതിയാൽ മതി അവനെ നമ്മൾ ശ്രദ്ധിക്കുന്നില്ല എന്നല്ല അത്ഥം.”

ഓരോന്ന് പറഞ്ഞ് എപ്പോഴോ ഉറങ്ങി രാവിലെ എഴുന്നേൽക്കുമ്പോൾ വല്ലാതെ തലവേദനിക്കുന്നതു പോലെ അത്യാവശ്യം വസ്ത്രങ്ങളും മറ്റും എടുത്ത് കവറുകളിലാക്കി വാതിൽ പൂട്ടി താക്കോൾ തുളസിത്തറയിൽ വച്ച് ഒന്നുകൂടി തിരിഞ്ഞൊന്നു നോക്കി പതിയെ കാറിലേക്ക് കയറി

കാവിന് മുന്നിലെത്തിയപ്പോൾ കാർ ഓരമായി നിർത്തി തൊഴുത് പുറത്തിറങ്ങി ആലിലകൾ തമ്മിൽ നേരിയ കാറ്റിൽ കൂട്ടിമുട്ടുമ്പോൾ ഉള്ള ശബ്ദവും കർപ്പൂരത്തിൻ്റെയും ചന്ദനത്തിരിയുടേയും സുഗന്ധവും സിരകളിൽ ഒരു പുതിയ ഉണർവ്വ് സൃഷ്ടിച്ചു. മകൻ്റെ പേരിൽ കഴിച്ച പുഷ്പാഞ്ജലിയിൽ നിന്നും ഒരു നുള്ളുചന്ദനമെടുത്ത് പരസ്പരം തൊട്ടു. സന്തോഷത്തോടെ പുതിയ വീടിൻ്റെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോൾ സങ്കടവും സന്തോഷവും ഇടകലർന്ന ഒരവസ്ഥ മനസ്സിൽ ഒരു കുളിർമഴ പെയ്യുന്നതുപോലെ.

സാധനങ്ങൾ എല്ലാം അടക്കി ഒതുക്കി വച്ചിരിക്കുന്നു എല്ലാം ഏട്ടൻ വാങ്ങി കരുതിയല്ലേ..എന്ന ചോദ്യത്തിന് പുഞ്ചിരിയോടെ ചേർത്ത് പിടിച്ചു.

വൈകിട്ട് ജോലി കഴിഞ്ഞെത്തിയ ഏട്ടൻ പതിവിലും സന്തോഷത്തിലായിരുന്നു ഏട്ടൻ്റെ കൈയ്യിലിരുന്ന കവർ എന്നെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു.

“എല്ലാം കൊണ്ടും ഒരു പുതിയ തുടക്കമാവട്ടെ നമ്മുടെ ജീവിതം മക്കളുടെ നല്ല ഭാവിക്കു വേണ്ടി കൈയ്യിൽ കിട്ടിയ എത്രയോ നല്ല ജോലികൾ താൻ വേണ്ടെന്ന് വച്ചു. നഷ്ടപ്പെട്ടു പോയതിനെ ഓർത്ത് സങ്കടപ്പെട്ടിട്ട് എന്ത് കാര്യം നാളെ മുതൽ നമുക്ക് ഒരുമിച്ചിറങ്ങണം.”

എൻ്റെ ഓഫീസിനോട് തൊട്ടടുത്ത കമ്പനിയാണ് സന്തോഷത്തോടെ നിറഞ്ഞ കണ്ണുകൾ തുടച്ച് ആ നെഞ്ചിലേക്കമരുമ്പോൾ മനസ്സുകൊണ്ടൊരു കൊച്ചു കുട്ടി ആയതു പോലെ തോന്നി.

പിറ്റേന്ന് മകൻ്റെ ഭാര്യയുടെ മേലുദ്യോഗസ്ഥയായി പുതിയ കമ്പനിയിൽ എച്ച് ആർ വിഭാഗത്തിൽ  ചാർജ്ജ് എടുക്കുമ്പോൾ തള്ളിപ്പറഞ്ഞവളും പലവട്ടം കുത്തിനോവിച്ചവളും ആദ്യമായി കാണുന്നതുപോലെ നോക്കുന്നുണ്ടായിരുന്നു.!

~രാജു പി കെ കോടനാട്