മേശമേൽ കുന്നു പോലെ കൂട്ടിയിട്ട തുണി പോരാഞ്ഞു അവർ റാക്കിലെ മൊത്തം തുണികളും വലിച്ചു താഴെ ഇടിക്കും…

എഴുത്ത്: ഹക്കീം മൊറയൂർ

=============

തുണിക്കടകളിൽ ജോലി ചെയ്യുന്ന ഒരു പാട് കൂട്ടുകാർ എനിക്കുണ്ട്. അവരിൽ പലർക്കും പെരുന്നാൾ സീസണിൽ ആ ജോലി ചെയ്യാൻ മടുപ്പാണ്. കട്ടിയുള്ള ജോലി ചെയ്യാൻ ആരോഗ്യം അനുവദിക്കാത്തത് കൊണ്ട് മാത്രമാണ് പലരും ആ ജോലി തിരഞ്ഞെടുക്കുന്നത്.

ഇനി കാര്യത്തിലേക്ക് വരാം….

അവരുടെ പ്രയാസം വസ്ത്രം എടുക്കാൻ വരുന്ന ആൾക്കാരുടെ ഓരോ സ്വഭാവങ്ങളാണ്. ആണുങ്ങൾ പൊതുവെ എളുപ്പം ഡ്രസ്സ്‌ എടുത്തു തിരിച്ചു പോരും. എന്നാൽ ചില പെണ്ണുങ്ങളോ…?

ചിലർ കടകളിലേക്ക് ചെല്ലുന്നത് തന്നെ വലിയ അഹങ്കാരത്തോടെയാണ്. ആ തുണി കടയും അതിലെ പണിക്കാരുമെല്ലാം അവരുടെ തറവാട്ടു വകയാണെന്നു തോന്നി പോവും.

മേശമേൽ കുന്നു പോലെ കൂട്ടിയിട്ട തുണി പോരാഞ്ഞു അവർ റാക്കിലെ മൊത്തം തുണികളും വലിച്ചു താഴെ ഇടിക്കും.

പിന്നെ ഒരു എട്ട് പത്തെണ്ണം എടുത്തു മാറ്റി വെക്കും. കാണുന്നവർ വിചാരിക്കും. ഇതെല്ലാം അവർ എടുക്കുന്നതാണെന്ന്.

എന്നിട്ട് ഓരോന്നായി എടുത്തു ഓരോ ചോദ്യങ്ങളാണ്.

ഇതിന്റെ വേറെ മോഡൽ ഉണ്ടോ?

ഈ മോഡലിൽ വേറെ കളറുണ്ടോ?

ഈ കളറിൽ ചെറിയ സൈസ് കിട്ടുമോ?

ഒരു കച്ചവടം നടക്കുമല്ലോ എന്ന പ്രതീക്ഷയിൽ ആ പയ്യൻ ഗോഡൗണിൽ പോയി ഉള്ള ഐറ്റംസ് എല്ലാം വാരി വരും.

അത് മുഴുവൻ നോക്കി അതിൽ ഇല്ലാത്ത കളർ ചോദിക്കാൻ ചിലർക്ക് ഭയങ്കര മിടുക്കാണ്.

ഇത്തരം ആൾക്കാർ ഒരിക്കലും അവിടുന്ന് സാധനം എടുക്കില്ല. അതിന് അവർക്ക് പറയാൻ അവരുടേതായ ന്യായങ്ങളുണ്ട്.

ഇവിടെ സെലെക്ഷൻ ഇല്ല.

സെയിൽസ്മാൻമാർക്ക് ഭയങ്കര ഗമയാണ്. കാണിച്ചു തരാൻ ഭയങ്കര മടിയാണ്.

ഇങ്ങനെ ഓരോ മുടന്തൻ ന്യായവും പറഞ്ഞു യാതൊരു ദയയും ഇല്ലാതെ അവർ അടുത്ത കടയിലേക്ക് പോവും.

അവർ പോവുമ്പോഴേക്കും അടുത്ത ആൾക്കാർ വരും. കടയിൽ നിക്കുന്നവർക്ക് രാത്രി പത്തു മണിക്ക് കട അടച്ചാലും നാലു മണിക്കൂർ വേണ്ടി വരും അവരുടെ സെക്ഷനിലെ തുണികൾ മടക്കി എടുത്തു വെക്കാൻ.

ഞാൻ നേരിട്ട് കണ്ട ചില കാര്യങ്ങൾ പറയാം.

ഒരിക്കൽ ഞാൻ തുണി എടുക്കാൻ പോയി. അപ്പോഴുണ്ട് ഒരു സ്ത്രീ അവിടെ കിടന്നു ബഹളം വെക്കുന്നു. മേശപ്പുറത്തു കാണുന്ന തുണിത്തരങ്ങൾ പോരാഞ്ഞു റാക്കിലെ മുഴുവൻ തുണിയും വലിച്ചിടാത്തതിന്റെ ദേഷ്യം കാണിക്കുകയാണ്. കൂടെയുള്ള ഭർത്താവ് അവളെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ട്.

അയാളോട് അവൾ പുച്ഛത്തോടെ പറഞ്ഞ ഒരു കാര്യം അത് അവരുടെ ജോലിയല്ലേ എന്നാണ്.

അതായത് തുണിക്കടയിലെ മുഴുവൻ തുണിത്തരങ്ങളും വലിച്ചു വാരിയിട്ട് നോക്കുന്നതും എടുക്കാതെ തിരിച്ചു പോവുന്നതും കസ്റ്റമർ എന്ന നിലയിൽ അവളുടെ അവകാശവും ഒരു പരിഭവവും പറയാതെ ഉറക്കമൊഴിച്ചു അതെല്ലാം മടക്കി വെക്കേണ്ടത് കടയിലെ പാവം ജോലിക്കാരന്റെ ജോലിയുമാണ്.

ആലോചിച്ചാൽ അത് ശരിയാണല്ലോ എന്ന് തോന്നും. പക്ഷെ ആവശ്യമില്ലാതെ ഒരാളെ ബുദ്ധി മുട്ടിക്കുന്നത് ശരിയാണോ എന്ന് ചോദിച്ചാൽ  ഓർക്ക് വേറെന്താ പണി എന്നാവും അവരുടെ ചോദ്യം.

അതിന്റെ ഇടയിൽ യാതൊരു ബഹളവും കൂട്ടാതെ തങ്ങൾക്കും മക്കൾക്കും വേണ്ട തുണികൾ എടുത്തു പോവുന്ന സ്ത്രീകളും ഉണ്ട്. അവർക്ക് ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ഡിസ്പ്ലേയിൽ കണ്ടാൽ അത് പോലെ ഉള്ളത് ചോദിച്ചു വാങ്ങി പോകുന്നവർ.

അധികം ബുദ്ധിമുട്ടിക്കാതെ എല്ലാം വാരി വലിച്ചിടണ്ട എന്ന് സ്നേഹത്തോടെ പറയുന്നവർ. അവർക്ക് അവർ കാരണം മറ്റുള്ളവർ ബുദ്ധിമുട്ടണ്ട എന്ന ചിന്ത ഉള്ളത് കൊണ്ടാണ്.

സെയിൽസ്മാൻമാരുടെ കാര്യം വലിയ കഷ്ടമാണ്.

രാവിലെ കട തുറക്കുന്നത് മുതൽ പാതിരക്കു അടച്ചു പോവുന്നത് വരെ ഒരേ നിൽപ്പാണ്.

എസിയിൽ ജോലി ചെയ്യാം എന്നൊരു മെച്ചം പലരും അവരെ നോക്കി പറയാറുണ്ട്.

പക്ഷെ, നിന്നു നിന്നു നീര് വന്നു വീർത്ത കാലുകൾ ആരും കാണാറില്ല.

കാലിലെ തടിച്ചു കുറുകി ചുരുണ്ട ഞരമ്പുകൾ സൃഷ്ടിക്കുന്ന വേദനയും അവർ ആരോടും പറയാറില്ല.

എല്ലാം വലിച്ചു വാരി ഇട്ട് നമ്മൾ പോവുമ്പോൾ എന്താ അവരൊന്നും എടുക്കാതെ പോയത് എന്ന രീതിയിൽ മാനേജറും മുതലാളിയും നോക്കുന്ന ദഹിപ്പിക്കുന്ന നോട്ടം ഉണ്ടാക്കുന്ന വേദനയും അവർ ആരോടും പങ്ക് വെക്കാറില്ല.

തെരുവ് പ ട്ടിയോടെന്ന പോലെ നമ്മളിൽ ചിലർ പറയുന്ന കുത്തു വാക്കുകൾ കേൾക്കുമ്പോൾ തിരിച്ചൊന്നും പറയാതെ അവർ തല കുനിച്ചു നിൽക്കാറേ ഉള്ളൂ.

അവർക്ക് നമ്മളെ പോലെ സ്വരം ഉയർത്തി സംസാരിക്കാനോ ദേഷ്യപ്പെടാനോ അറിയാഞ്ഞിട്ടല്ല.

വീട്ടിലെ അടുപ്പ് പുകയാൻ ഇതല്ലാതെ വേറെ മാർഗമില്ലെന്നു ശരിക്കും അറിയാവുന്നത് കൊണ്ട് മാത്രമാണ്.

അവരും മനുഷ്യരല്ലേ. ആരെയും അടിമകളെ പോലെ കാണാതിരിക്കുക.

നമ്മളായിട്ട് ആരെയും ബുദ്ധിമുട്ടിക്കാതിരിക്കുക.

സ്നേഹത്തോടെ, ഹക്കീം മൊറയൂർ.